mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sathish Thottassery)

ജീവിതം ഒന്നേ ഉള്ളൂ. അതിന്റെ അർഥം, സത്യം, ഭാവുകത്വം, ആസ്വാദനം എന്നതിനെ പറ്റിയൊക്കെ ചിലപ്പോഴെങ്കിലും ചിന്തിക്കാറുണ്ട്. ജീവിതം വായനാ സമ്പന്നമാകുമ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ ഒരു ധൂർത്താകാം. പല അപര  ജീവിതങ്ങളിലൂടെയുള്ള യാത്രകളാണല്ലോ വായനകൾ പലതും.

എത്രയോ കഥാപാത്രങ്ങൾ, ജീവിത ഭൂമികകൾ, സംസ്കൃതികൾ വികാരങ്ങൾ.. കഥാപാത്രങ്ങളുടെ വിചാര വികാരങ്ങൾ വായനക്കാരന്റെ വികാരങ്ങളായി പരകായപ്രവേശം നടത്തുമ്പോഴുള്ള അവാച്യമായ അനുഭൂതി വായനക്കാർക്ക് മാത്രം അവകാശപ്പെട്ടതാണ്. അതുകൊണ്ടാകാം നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരാൾക്ക് വായന അറിയാത്ത നിരക്ഷരനെക്കാൾ വലിയ മേന്മയൊന്നും അവകാശപ്പെടാനില്ലെന്നു ഏതോ ഒരു മഹാൻ എഴുതി വെച്ച് മരിച്ചു പോയതു്. ആത്യന്തികമായി ശരീരം, മനസ്സ്, സാമ്പത്തികം, സാമൂഹികം എന്നീ അവസ്ഥകളുടെ അവിഘ്നമായ ഒഴുക്കുള്ള ജീവിതത്തെയാണല്ലോ ഉപരിപ്ലവമായിട്ടോ അല്ലെങ്കിൽ ബാഹ്യതലസ്പർശിയായിട്ടോ നമ്മൾ സുഖജീവിതം എന്ന പ്രഹേളികാ പദം കൊണ്ട് പലപ്പോഴും വിവക്ഷിക്കാറുള്ളത്. ചുരുക്കി പറയുകയാണെങ്കിൽ മേല്പറഞ്ഞ കാര്യങ്ങളൊക്കെ പ്രതീക്ഷക്കൊത്തു പോകുക എന്നത് ആകാശത്തിനു വേരുമുളക്കുന്നത് പോലെയോ, അമ്മിക്കു കൂമ്പു വരുന്നപോലെയോ അസംഭവ്യമാകാനാണ് സാധ്യത. അപ്പോൾ ആരുടെയെങ്കിലും സുഖം തന്നെയല്ലേ എന്ന ചോദ്യത്തിന് അതെ എന്ന് മറുപടികൊടുക്കുമ്പോൾ എല്ലാവരും നെഞ്ചത്തൊന്നു കൈ വെച്ചു നോക്കണം എന്ന് പറഞ്ഞു വെക്കുകയായിരുന്നു. ചിന്തയുടെ മെമ്മറി കാർഡിന്റെ ഒരു ശതമാനം പോലും ക്രിയാത്മകമായി  വിനിയോഗിക്കാതെ ജീവിതത്തെ അതിന്റെ അർത്ഥവ്യാപ്തിയിൽ തിരിച്ചറിയാൻ കൂടി സാധിക്കാതെ നമ്മുടെയെല്ലാം ജീവിതങ്ങൾ ഒടുങ്ങിപ്പോകുന്നു എന്നുള്ള അറിവിന് വളരെ പ്രാധാന്യമുണ്ട്. 

ലോകത്തെ പറ്റി, പ്രപഞ്ചത്തെപ്പറ്റി, മറ്റു ചരാചരങ്ങളെ പറ്റി, പ്രകൃതിയെപ്പറ്റി, സംഗീതത്തെ പറ്റി എന്തിനധികം  പറയുന്നു നമ്മളെ നേരിട്ട് ബാധിക്കാത്ത എണ്ണിയാലൊടുങ്ങാത്ത എത്രയോ കാര്യങ്ങളിലേക്ക് ചിന്തയെ വ്യാപരിപ്പിക്കാൻ നമ്മൾ തയ്യാറാകുന്നില്ലല്ലോ. ഒരുപക്ഷെ എല്ലാം വെട്ടിപ്പിടിക്കാനുള്ള അശ്വമേധത്തിന്റെ അവസാനം ഒരുനിമിഷമെങ്കിലും ഒരു തോന്നൽ മനസ്സിൽ ചുര മാന്തിയേക്കാം.അത്‌ മറ്റൊന്നുമല്ല. ഇങ്ങിനെയൊന്നുമല്ലാ യിരുന്നു ജീവിക്കേണ്ടിയിരുന്നത് എന്നാകാം. പക്ഷെ അപ്പഴേക്കും യാഗാശ്വം ഇനി കുതിക്കാൻ വയ്യാതെ അവശതയിലേക്കുള്ള അഗാധ ഗർത്തത്തിലേക്ക് വീണിരിക്കാം. ഫിലോസഫി വിട്ട് കാര്യത്തിലേക്കു വരാം.

സ്നേഹത്തിന്റെ മഴവില്ല്‌ വിരിയുന്ന, കുളിർ മഴ പോലെ,  ജീവിതത്തിന്റെ സ്വപ്‌നങ്ങൾ പെയ്തിറങ്ങുന്ന സ്വച്ഛമായ നീലത്തടാകം  പോലെ ശാന്തമായ ഒരു ദിവസം അവസാനിച്ചു. അന്ന് ഗണേശ ചതുർത്ഥിയായിരുന്നു. അത്താഴത്തിനു മുമ്പ് അയൽവീടുകളിൽ നിന്നും വറുത്തതും, പൊരിച്ചതും, പുഴുങ്ങിയതുമായ പലഹാരങ്ങളുടെ ഘോഷയാത്ര തുടർന്നുകൊണ്ടിരുന്നു. ഫ്ലാറ്റ് ജീവിതത്തിലെ സഹജീവികളുടെ  സ്നേഹപ്രകടനങ്ങളുടെ ഒരു നേർകാഴ്ച. ഉരുളക്കിഴങ്ങു്, പരിപ്പ്, തുടങ്ങിയ ഇൻഗ്രേഡിയൻസിന്റെ അതിപ്രസരമുള്ള പ്രാദേശിക പലഹാരവിഭവങ്ങൾ തീന്മേശയിൽ സമ്മേളിച്ചു. അണു കുടുംബം തുടങ്ങിയത് മുതൽ ഇന്ന് വരെ കുറ്റം പറയാനില്ലാത്ത ആരോഗ്യവാൻ എന്ന നിലക്ക് വിളമ്പു പാത്രത്തിലെ വിഭവങ്ങളെല്ലാം ബാക്കിയാവുമ്പോൾ പെരുവയറന്റെ കിണ്ണത്തിലേക്കു തട്ടുക എന്ന ഒരു പ്രമാണം പണ്ട് ചേറൂർ വാസം തൊട്ടേയുണ്ട്. അത് ഇപ്പോഴും തുടരുന്നതിനാൽ  അത്താഴത്തിനു മുമ്പേ കുറെ പലഹാരങ്ങൾ അകത്തായി. രാത്രി ഭക്ഷണ ശേഷം തലത് മഹ്മൂദിന്റെ കഭി ചാന്ദ് രാഹോ മേ  ഖോ ഗയി..ചാന്ദ്‌നി ഭീ ഭടക് ഗയീ.. എന്ന് തുടങ്ങുന്ന ഹൃദയഹാരിയായ  ഗസലും കേട്ടാണ് നിദ്രയിലേക്ക് വഴുതിവീണത്. പ്രിയതമ പണികളെല്ലാം കഴിഞ്ഞു വന്ന്‌ കിടന്നതൊന്നും അറിഞ്ഞതേയില്ല. 

നിദ്രാദേവിയുടെ പ്രെവിലേജ് അനുഗ്രഹം ഉള്ളതിനാൽ എവിടെയെങ്കിലും കിടന്ന മാത്രയിൽ തന്നെ ഗാഢ നിദ്രയിലേക്ക് പ്രവേശിക്കാറാണുള്ളത്. "നിദ്രാ ശക്തസ്യ ലക്ഷണം" എന്നാണല്ലോ. പിന്നെ നമ്മടെ കൂർക്കം വലി സഹനത്തിന്റെ പരിധി കടക്കുമ്പോൾ  വാമഭാഗം ഒന്ന് ഉരുട്ടിയിളക്കിയാലേ നിദ്രാഭംഗം ഉണ്ടാവൂ. അന്ന് അതും സംഭവിച്ചില്ല. ഏകദേശം ഒരു മണി ആയപ്പോഴാണ് ഹൃദയഭാഗത്തിനും വയറിന്റെ മേൽ ഭാഗത്തിനും ഇടയിൽ എവിടെയാണന്ന് പറയാൻ പറ്റാത്ത ഒരു മാതിരി പിഴിയുന്ന വേദന അനുഭവപ്പെട്ടത്‌. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും രക്ഷയില്ല. വേദന കൂടി കൂടി വരുന്നു. ചെറിയ ശ്വാസ തടസ്സമുണ്ടോ എന്നും സംശയം. കൈ കാലുകൾ തളരുന്ന പോലെ. നെറ്റിയിൽ വിയർപ്പു പൊടിയുന്നു. തൊണ്ടയിൽ വെള്ളം വറ്റുന്നു .കുറച്ചു വെള്ളം കിട്ടിയാൽ കുടിക്കാമായിരുന്നു. പക്ഷെ എഴുന്നേൽക്കാൻ വയ്യ. വല്ലതും സംഭവിക്കാൻ പോകുകയാണോ? മരണഭയമില്ലാത്ത ഏതു ജീവിയാണ് ഭൂമുഖത്തുള്ളത്. സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും കൊതി തീരാതെ ഒരു തിരിച്ചുപോക്കാണോ? ഓർമ്മകളിൽ വയലാർ. "ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി" എന്ന് അദ്ദേഹം എഴുതിവെച്ചതു ഇത്തരത്തിലുള്ള ഏതെങ്കിലും നിസ്സഹായാവസ്ഥയിലായിരിക്കുമോ? വർത്തമാനകാലം അവസാനിക്കുകയാണോ? ഇനി ഉണ്ണിയമ്മയെയും ബ്രതേഴ്‌സിനെയും ഒന്നും വീണ്ടും കാണാൻ കഴിയാതെ വരുമോ? ജീവിതം, മരണം എന്നീ രണ്ടു സംഭവങ്ങളുടെ ഇടക്കുള്ള ഒരു സന്നിഗ്ധ ഘട്ടം. എത്രപേർ ഇതിൽ കൂടെ കടന്നു പോയിട്ടുണ്ട് ?  അരുതാത്ത ചിന്തകളിലേക്ക് മനസ്സ് ചേക്കേറി തുടങ്ങി.

കിടന്നു മരിക്കാതെ മരിച്ചുകിടക്കാനാണ് ഇഷ്ടം. ആരെയും ബുദ്ധിമുട്ടിക്കാതെയുള്ള സുഖമരണം എന്നൊക്കെ പറയുമ്പോലെ. ഫ്രാൻസിസ് നൊറോണയാണോ എഴുതിയത് എന്റെ അടിവസ്ത്രംഅവസാനശ്വാസം വരെ എനിക്കുതന്നെ മാറ്റാനാകണേ എന്ന്? ഒരു മുത്തശ്ശനാകാതെ   ഇവിടെ നിന്നും വിട പറയേണ്ടിവരുമോ?അകാലത്തിൽ ഒരു മടക്കയാത്രക്കുള്ള കേളികൊട്ടാണോ ഈ വേദന? നാളെ എന്നൊന്ന് ഇല്ലാതെ ഇതോടെ എല്ലാം ശുഭപര്യവസാനിയാകുമോ? കൊച്ചു കൃഷ്ണൻ എന്ന എന്റെ കഥാപാത്രം ഭാര്യക്ക് കൊടുത്ത പുഷ്പ ചക്ര കണക്ക്‌ ഞാനും കണക്കു കൂട്ടേണ്ട സമയമായോ? വീട്ടിൽ തടിച്ചു കൂടുന്ന ജനസമുദ്രം.. പൊതു ദർശനം. എല്ലാം മനസ്സിൽ മിന്നി മറഞ്ഞു. ഭാര്യ ഇതൊന്നുമറിയാതെ നേരിയ നിശ്വാസ ശബ്ദം കേൾപ്പിച്ചു കൊണ്ട് പരിപൂർണ്ണ നിദ്രയിലാണ്. ഉണർത്തേണ്ട .പൊതുവെ കൊതുകിന്റെ മൂളൽ കേട്ടാൽ പോലും ഉറക്കം പോകുന്ന പ്രകൃതമാണ്. എന്തെങ്കിലും സംഭവിച്ചാൽ നാളെ അറിഞ്ഞാൽ മതി. അല്ലെങ്കിൽ ബഹളമാകും. അർദ്ധരാത്രിയിൽ എല്ലാവരെയും വിളിച്ചുണർത്തി ബുദ്ധിമുട്ടിക്കണ്ട.
ഒരു നിമിഷം വിവേകം അല്ലെങ്കിൽ യുക്തി എല്ലാ വികാരങ്ങളെയും നിലംപരിശാക്കി. അങ്ങിനെ തോറ്റുകൊടുത്തുകൂടാ. വേണ്ടകാര്യങ്ങൾ വേണ്ടപ്പോൾ വേണ്ടതുപോലെ ചെയ്യാത്തതുകൊണ്ടാണല്ലോ പിന്നീട്  മനുഷ്യൻ പലപ്പോഴും നിസ്സഹായനും നിരാലംബനുമായി പോകുന്നത്. 

നെഞ്ചിൻകൂട് പൊത്തിപ്പിടിച്ചുകൊണ്ടു് സർവ്വ ശക്തിയുമെടുത്തു് എഴുന്നേറ്റിരുന്നു. കട്ടിൽകരച്ചിൽ കേട്ട് കണ്ണ് തുറന്ന സഹധർമിണി കാര്യം തിരക്കി. പടിപ്പെര വീട്ടിൽ കുഞ്ഞുലക്ഷ്മിയമ്മയുടെ ഒറ്റ മൂലി, ഡ്രൈവർ ശശി പറയാറുള്ള ജാനു മന്ത്രത്തെ വെല്ലുന്ന ഡാബറിന്റെ ഹിങ്കോളി ഗുളികൻസ്‌ രണ്ടെണ്ണം തരാൻ പറഞ്ഞു. രണ്ടിന് പകരം മൂന്നെണ്ണം ഉടൻ   ഹാജരാക്കി. അവനെ വായിലിട്ട് വിശദീകരണങ്ങൾക്കു നിൽക്കാതെ വീണ്ടും കിടന്നു. അല്പനേരത്തിനു ശേഷം ഒരു നോൺ സ്റ്റോപ്പ് കീഴ്ശ്വാസം. രണ്ടു  ഏമ്പക്കൻസ്. ശുഭം. സുഖ നിദ്ര. സുന്ദര സ്വപ്‌നങ്ങൾ.... 
 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ