ഓർമ്മകൾക്ക് എന്നും കുളിർമ പകരുന്ന നഷ്ടസ്മൃതികളിലെ ഏറ്റവും മനോഹരമായ ബാല്യകാലം. എഴുതിയാലും, പറഞ്ഞാലും മതിവരാത്ത ഒരുപിടി ഹൃദയപൊട്ടുകൾ ചേർത്തു വെച്ച് ബാല്യത്തെക്കുറിച്ചുള്ള ഓർമ്മകൾ നിലവിളക്കിന്റെ ജ്വാലപോൽ തെളിയുന്നു. അതിൽ അറിവില്ലാതെ ചെയ്തു പോയ നോവാർന്ന തെറ്റുകൾ!
തെറ്റുകളെ അതിജീവിച്ച് ജീവിതവിജയം നേടിയവരും, ശിക്ഷണം കൊണ്ട് നന്നായവരും ഒന്നുപോലെ മറക്കാൻ ആഗ്രഹിക്കാത്ത ഒന്നാവും ഇന്നലെകളിലെ ബാല്യം.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ നടത്തിയ മോഷണവും എനിക്കു പ്രേരണ നൽകിയ അനിയത്തിയുടെ മോഷണ പരമ്പരയും അതോടനുബന്ധിച്ച് നടന്ന സംഭവങ്ങളുമാണ് താഴെ കുറിക്കുന്നത്.
"ഞാൻ പറയുന്ന കാര്യം ആരോടും പറയില്ലെന്ന് നീ സത്യം ചെയ്യ്." അനിയത്തി എന്നോട് പറഞ്ഞു.
"ഞാൻ ആരോടും പറയില്ല സത്യം."
"സത്യം എന്ന് പറഞ്ഞാൽ പോരാ, നീ എൻ്റെ കയ്യിൽ പിടിച്ച് സത്യം ചെയ്യ്."
ഞാൻ അവളുടെ കയ്യിൽ പിടിച്ച് സത്യം ചെയ്തു.
" സത്യം."
"ഇനി നീ ഇത് ആരോടെങ്കിലും പറഞ്ഞാൽ നിൻ്റെ തല പൊട്ടിത്തെറിച്ചു നീ മരിച്ചു പോകും."
"ഞാൻ ആരോടും പറയില്ലെടീ, നീ പറയ്."
അവൾ ഒരിക്കലും പറയുമെന്ന് കരുതിയതല്ല ഞാൻ. പക്ഷേ അന്ന് എന്തോ ഞങ്ങൾ വല്യ കൂട്ടായിരുന്നു. അങ്ങനെ ആ രഹസ്യം അവൾ എന്നോട് പറഞ്ഞു.
"ഞാനിപ്പോൾ പണ്ടത്തെപ്പോലെ പത്ത് പൈസയല്ല എടുക്കുന്നത്."
"പിന്നെ?"
"രണ്ടു രൂപ."
"രണ്ടു രൂപയോ?"
വിശ്വസിക്കാനാവാതെ ഞാൻ ചോദിച്ചു.
"അതെ, രണ്ടു രൂപ. ചിലപ്പോൾ മൂന്നു രൂപയും."
"എൻ്റെ കർത്താവേ! മൂന്നു രൂപയുണ്ടെങ്കിൽ നമുക്ക് ഒരു സ്ക്കാർഫ് വാങ്ങാമായിരുന്നല്ലോ?"
ഒരു സ്കാർഫ് വാങ്ങാനുള്ള രൂപ! അവൾ പറഞ്ഞതു കേട്ടപ്പോൾ എനിക്കു സഹിക്കാനായില്ല.
കുറേ നാളുകളായുള്ള എൻ്റെയും അനുജത്തിമാരുടേയും സ്വപ്നമാണ് ഒരു സ്ക്കാർഫ്. (പള്ളിയിൽ പോകുമ്പോൾ തലയിൽ ഇടാനുള്ള ത്രികോണാകൃതിയിലുള്ള തുണി. അതിൻ്റെ വില മൂന്നു രൂപയാണ്.)
ടൗണിലുള്ള ജൗളിക്കടയിൽ പല വർണ്ണത്തിലുള്ള പൂക്കളുമായി അതങ്ങനെ ഞങ്ങളെ കൊതിപ്പിച്ചു കൊണ്ട് തൂങ്ങിക്കിടക്കും, എത്താത്ത പൂമരക്കൊമ്പിലെ പൂങ്കുല പോലെ. പല പ്രാവശ്യം അമ്മയോട് ഇക്കാര്യം പറഞ്ഞിട്ടും വാങ്ങിത്തന്നില്ലെന്ന് മാത്രമല്ല, ഒരിക്കൽ പോലും അനുകൂലമായ ഒരു മറുപടി പോലും കിട്ടിയിട്ടില്ല.
പക്ഷേ..സ്ക്കാർഫ് വാങ്ങാനുള്ള പണം, എല്ലാ ദിവസവും അവൾ മോഷ്ടിക്കുന്നു. ഇതങ്ങനെ വിട്ടാൽ പറ്റില്ല. എന്നിലുള്ള ധാർമ്മികത സടകുടഞ്ഞെണീറ്റു.
"നീ കാണിക്കുന്നത് എന്തൊരു കഷ്ടമാണ്. നീ എന്നും ഇങ്ങനെ കട്ടോണ്ടു പോയാൽ നമ്മുടെ പണമെല്ലാം തീരില്ലേ? നീ ഒരു പെരുംകള്ളിയായി പോയല്ലോടീ?" രോഷത്തോടെ ഞാൻ ചോദിച്ചു .
"അതിന് ഞാൻ മാത്രമല്ലല്ലോ മോഷ്ടിക്കുന്നത്. പോസ്റ്റ് മാസ്റ്ററുടെ മോളും മോഷ്ടിക്കും.''
അവളുടെ വാക്കുകൾ കേട്ട ഞാൻ ഞെട്ടിപ്പോയി. എൻ്റെ അനുജത്തിയുടെ അടുത്ത സുഹൃത്താണ് പോസ്റ്റ് മാസ്റ്ററുടെ മകൾ. രണ്ട് കൂട്ടുകാരികളും കൂടിയാണ് മോഷണം. എന്നിലൊരു സി ഐ ഡി ഉണർന്നു.
"അവൾക്ക് കടയില്ലല്ലോ, പിന്നെങ്ങനെ എന്നും പണം കിട്ടും?"
"അവൾ പോസ്റ്റോഫീസിൽ നിന്നും പണം എടുക്കും."
"അവൾ എത്ര നാളായി രൂപ എടുക്കാൻ തുടങ്ങീട്ട്?"
"നീ പൈസ എടുത്ത അന്നു തന്നെ അവളും എടുത്തു തുടങ്ങി. പക്ഷേ അവൾ നിന്നെപ്പോലെ ഒറ്റ ദിവസം കൊണ്ട് നിർത്തിയില്ല."
അവൾ പറഞ്ഞത് ശരിയാണ്. അവളുടെ ശിക്ഷണത്തിൽ ഞാനും ഒരിക്കലൊരു മോഷണം നടത്തി നോക്കിയിരുന്നു. തുടക്കവും ഒടുക്കവും ഒറ്റ ദിവസം തന്നെ.
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി മോഷ്ടിച്ചത്. അനിയത്തി അന്ന് രണ്ടാം ക്ലാസിൽ. ഞങ്ങൾ തമ്മിൽ ഒരു വയസിൻ്റെ വിത്യാസം മാത്രം. പക്ഷേ പ്രവൃത്തിയിലെല്ലാം അവൾ ചേച്ചിയും ഞാൻ അനിയത്തിയുമാണ്. അവൾ എല്ലാ ദിവസവും സ്ക്കൂളിൽ പോകുമ്പോൾ മിഠായി വാങ്ങി തിന്നുമായിരുന്നു. ചിലപ്പോഴൊക്കെ ഒരെണ്ണം എനിക്കും തരുമായിരുന്നു. 'നിനക്ക് ആരാ എന്നും മിഠായി
വാങ്ങുവാൻ പണം തരുന്നത് ?' എന്ന എൻ്റെ ചോദ്യത്തിന് മറുപടിയായി അവൾ പറഞ്ഞു തന്ന സൂത്രമാണ് മോഷണം.
സിറ്റിയിൽ ഒരു ചായക്കടയുണ്ട് ഞങ്ങൾക്ക്. രാവിലെ കടയിൽ നല്ല തിരക്കായിരിക്കും .
കുടിയേറ്റ ഗ്രാമമായതിനാൽ കച്ചവടത്തിനായ് മാപ്പിള (മുസ്ലീം)മാരും, തീയ്യൻമാരും ധാരാളം വരും.
കടയിൽ നല്ല തിരക്കു വരുന്ന സമയത്ത് കാഷ്യറായി ഞങ്ങൾ ഇരിക്കാറുണ്ട്. 'അപ്പോൾ ആരും കാണാതെ ഒരു പത്തു പൈസ എടുത്താൽ മതി.'
അങ്ങനെ അവൾ പറഞ്ഞതനുസരിച്ച് ഒരു തിങ്കളാഴ്ച രാവിലെ ഞാൻ കടയിൽ നിന്നു ആദ്യമായി 10 പൈസ മോഷ്ടിച്ചു. ആരും കാണാതെ പൈസ പാവാടയുടെ പോക്കറ്റിലിട്ടു. അത് എടുത്തപ്പോൾ മുതൽ ഒരു വല്ലാത്ത പേടി എന്നെ പിടികൂടി. ദേഹമാകെ വിറയ്ക്കുന്നതു പോലെ. ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
സ്കൂളിനടുത്ത് ഉള്ള പെട്ടിക്കടയിൽ നിന്ന് ആ പത്തു പൈസ കൊടുത്ത് അനിയത്തി തന്നെ എനിക്ക് മിഠായി വാങ്ങിത്തന്നു. നെല്ലിക്കയുടെ വലുപ്പമുള്ള പല കളറിലുള്ള പത്തു മിഠായികൾ. കവർ ഇല്ലാത്ത മിഠായി കടക്കാരൻ എണ്ണികൈയ്യിൽ തരും. പേപ്പറിൽ പോലും പൊതിയാതെ. എൻ്റെ കൈയ്യിലേയ്ക്ക് അവൾ
മിഠായി വച്ചു തന്നപ്പോൾ രണ്ടെണ്ണം നിലത്തു വീണു. അവൾ അതും എടുത്ത് എൻ്റെ കൈയ്യിൽ തന്നു. അവളും പത്തു പൈസ എടുത്തതിനാൽ അവൾക്ക് എൻ്റെ മിഠായി വേണ്ട.
എൻ്റെ കൈയ്യിൽ കൊള്ളാത്തത്ര മിഠായികൾ ! ഒരെണ്ണം ഞാൻ വായിലിട്ടു. അത് തിന്നു കഴിഞ്ഞപ്പോൾ ഒരെണ്ണം കൂടി വായിലിട്ടു. വേഗം തീർക്കാനായി അത് ചവച്ച് തിന്നു. വീണ്ടും ഒരെണ്ണം കൂടി വായിലിട്ടു.
ഇപ്രാവശ്യം ഞാനാകെ വിഷമിച്ചു. മിഠായി ഇറക്കാനാവുന്നില്ല. എൻ്റെ ഹൃദയം പടപാടാന്ന് ഇടിക്കുന്നതു പോലെ. കൈയ്യൊക്കെ ആകെ വിയർത്തു. മിഠായിയാകെ നനഞ്ഞ തു പോലായി. കൈയ്യും കാലുമൊക്കെ വിറയ്ക്കുന്നുണ്ട്.
ഞാനൻ്റെ കൈ തുറന്ന് മിഠായിയെ നോക്കി. കളറുകൾ എല്ലാം ഒലിച്ചിറങ്ങിയിട്ടുണ്ട്. അത് എൻ്റെ കൈയ്യിൽ ഒട്ടിപ്പിടിക്കുന്നതുപോലെ. വായിലുള്ളത് ഇറക്കാനാവാത്ത അവസ്ഥ! അവസാനം ഞാൻ വായിലുള്ള മിഠായി തുപ്പിക്കളഞ്ഞു. ബാക്കിയുള്ള മിഠായികൾ ആർക്കെങ്കിലും കൊടുക്കാം എന്നു കരുതി ചുറ്റും നോക്കി പക്ഷേ, പരിചയമുള്ളആരേയും കണ്ടില്ല.
നീ ചെയ്തത് ശരിയല്ലെന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ, എൻ്റെ ശരീരം തളരുന്നതുപോലെയും, നടക്കാനാവാത്തതു പോലെയും എനിക്കു തോന്നി.
കൈയ്യിലുള്ള മിഠായികൾ കൈപ്പത്തിയിലൂടെ പല വർണ്ണത്തിൽ ഒലിച്ചിറങ്ങാൻ തുടങ്ങി. ഹൃദയത്തിൽ വിങ്ങുന്ന നൊമ്പരം പോലെ, അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പെട്ടന്നൊരു ഉൾപ്രേരണയാൽ ഞാനാ മിഠായികൾ വലിച്ചെറിഞ്ഞു. പക്ഷേ എൻ്റെ കൈകളിൽ പാപത്തിൻ്റെ കറ പോലെ ആ മിഠായിയുടെ പല നിറങ്ങൾ പറ്റിപ്പിടിച്ചിരുന്നു. നിലത്തു കിടന്ന പേപ്പർ എടുത്തു ഞാനാ നിറങ്ങൾ തുടച്ചു മാറ്റി. പക്ഷേ പല നിറങ്ങൾ എൻ്റെ കൈകളിൽ അവശേഷിച്ചു.
അടുത്ത ദിവസം രാവിലെ അനിയത്തി എന്നോട് പറഞ്ഞു. "ഇന്ന് നീ വേണേൽ ഇരുപത് പൈസ എടുത്തോ "
"അയ്യോ! എനിക്കു വേണ്ട. ഇനി ഒരിക്കലും മോഷ്ടിക്കാൻ ഞാനില്ല. നീയും മോഷ്ടിക്കരുത്." ഞാനവളോട് പറഞ്ഞു.
"നിനക്കു വേണ്ടേൽ നീ എടുക്കണ്ടാ. എൻ്റെ കാര്യം ഞാൻ നോക്കിക്കോളാം"
എന്നു പറഞ്ഞവൾ പോയി. അവൾ പിന്നീട് പണം എടുത്തിട്ടുണ്ടാവില്ല എന്നു ഞാൻ കരുതി.
വർഷങ്ങൾ രണ്ടു കഴിഞ്ഞു. ഇണക്കവും പിണക്കവും അടിയും ഇടിയും, കരച്ചിലും, ചിരിയും ഞങ്ങളുടെ ജീവിതത്തിലെ നിത്യസംഭവങ്ങളാണ്.
അന്നെന്തോ ഏറെ സന്തോഷമുള്ള ദിവസമായിരുന്നു. അപ്പോഴാണ് അവളുടെ തുറന്നു പറച്ചിൽ.
പത്ത് പൈസയിൽ തുടങ്ങിയ മോഷണം ഇന്ന് മൂന്നു രൂപയിൽ എത്തി നിൽക്കുന്നു.
സത്യം പറഞ്ഞാൽ എനിക്കീ കാര്യം അമ്മയോടു പറയാൻ ധൃതിയായി. സത്യം ചെയ്തു എന്നതു ശരിതന്നെ.
പക്ഷേ..
ഈ ചതി!
ഇത്ര വലിയ രഹസ്യം എൻ്റെ ഉള്ളിൽ ഇരുന്നിട്ട് എനിക്കത് വല്ലാത്ത വേദനയായി. പറയാതിരുന്നാൽ ശരിയാകില്ല. കുടുംബത്തിൻ്റെ അടിത്തറ ഇളക്കുന്ന കാര്യമാണ് അവൾ ചെയ്യുന്നത്. രസതന്ത്രം സിനിമയിലെ ഇന്നസൻ്റിൻ്റെ അവസ്ഥയിലായി ഞാൻ. കേട്ട രഹസ്യം പറയാതിരിക്കാനാവുന്നില്ല. അതെൻ്റെ ഉള്ളിൽ കിടന്ന് വീർപ്പുമുട്ടാൻ തുടങ്ങി. അവസാനം രണ്ടും കൽപ്പിച്ച് ഞാനമ്മയോട് പറഞ്ഞു.
"അമ്മേ. ഞാനൊരു രഹസ്യം പറയാം. ഒരാൾ പൈസ കട്ടെടുക്കുന്ന കാര്യമാണ്."
"നീ കാര്യം പറ."
ഞാനാണ് പറഞ്ഞതെന്ന് ആരോടും പറയരുത് എന്ന ആമുഖത്തോടെ ഞാനാ കാര്യം അവതരിപ്പിച്ചു. കേട്ടപാതി, കേൾക്കാത്ത പാതി അമ്മ അനുജത്തിയേം കൂട്ടി നേരെ പോസ്റ്റോഫീസിലേയ്ക്ക് വച്ചുപിടിച്ചു.
അതിനു മുൻപായി വീട്ടിൽ ചെറിയ ഒരു യുദ്ധം തന്നെ നടന്നു. ആറ്റുവഞ്ചിയുടെ കമ്പുകൾ കൊണ്ട് അവൾക്ക് കിട്ടി കുറേ അടികൾ. അവളുടെ തുടയിൽ ആ പാടുകൾ തിണർത്തു കിടന്നു.
പോസ്റ്റ് മാസ്റ്ററിൻ്റെ അടുത്തെത്തി കാര്യങ്ങൾ പറഞ്ഞു. പോസ്റ്റോഫീസും അവർ താമസിക്കുന്ന വീടും ഒന്നാണ്. അതിൻ്റെ ഫ്രണ്ടിലെ മുറിയാണ് ഓഫീസ് കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ആ മുറിയിലേയ്ക്ക് വീട്ടിനുള്ളിൽ നിന്നും കടക്കാം. അങ്ങനാണ് കൂട്ടുകാരി അവിടെ നിന്നും പണം കൈക്കലാക്കുന്നത്.
എല്ലാം കേട്ട അയാൾ പറഞ്ഞു.
"ഇപ്പോഴേലും അറിഞ്ഞതു നന്നായി. ഏറെ നാളുകളായി ഓഫീസിൽ എണ്ണി വയ്ക്കുന്ന പണത്തിൽ നിന്നും ഒന്നും രണ്ടും രൂപ വീതം കാണാതാവുന്നു. എനിക്ക് കണക്കു തെറ്റാറില്ല. എങ്ങനാണിതു സംഭവിക്കുന്നതെന്നോർത്ത് ഞാൻ വളരെ വിഷമിച്ചു. ഒന്നോ, രണ്ടോ രൂപയെടുക്കാനായ് മാത്രം ഇതിനുള്ളിൽ കള്ളൻ കയറില്ല. കള്ളൻ കപ്പലിൽ തന്നെ എന്ന ചിന്ത എൻ്റെയുള്ളിൽ വന്നതുമില്ല."
ഏതായാലും രണ്ടു കള്ളികളേയും പിടികൂടി. ഒറ്റിക്കൊടുത്തത് നീ തന്നെ എന്ന മട്ടിലുള്ള അനിയത്തിയുടെ നോട്ടം ഒരു കൂരമ്പു പോലെ ഇന്നും എൻ്റെ ഉള്ളിലുണ്ട്.