ഓർമയിലെ ഓണത്തിനെന്തൊരു മിഴിവാണ് ..! കർക്കിടകത്തിലെ കരിമേഘങ്ങൾ വട്ടം കൂടി നിന്ന് മതി വരുവോളം പെയ്തു തീർന്നു. പൊന്നിൻചിങ്ങത്തിൻ്റെ വരവറിയിച്ചു കൊണ്ട് തൊടിയിലെ മുക്കുറ്റിച്ചെടികൾ പൊന്നിൻ കുടക്കടുക്കനിട്ട് ഒരുങ്ങി നിന്നു.
തൂവെള്ള ച്ചേലയുടുത്ത് തുമ്പപ്പൂവും സമൃദ്ധിയോടെ നിരന്നു നിൽക്കുന്നതു കാണുമ്പോഴേ കൺകുളിരും.
അത്തം മുതൽ മുറ്റത്തു പൂവിടണം. ചെമ്പരത്തിയും മത്തൻ പൂവും കുമ്പളൻ പൂവുമൊക്കെത്തന്നെ ധാരാളം.
ഓണപ്പരീക്ഷ കഴിഞ്ഞ് സ്ക്കൂളടക്കുന്ന ദിവസം പൂക്കള മത്സരമുണ്ടാകുമ്പോഴാണ് ഞങ്ങൾ കുട്ടിപ്പട്ടാളം പൂക്കളിറുക്കാൻ കൂട്ടം കൂടി ഇറങ്ങുന്നത്. വീടിനു മുമ്പിലാണെങ്കിൽ വിശാലമായ പറമ്പിൽ നിറയെ തുമ്പപ്പൂക്കളങ്ങനെ പരിലസിക്കുന്നു. വയലറ്റ് നിറത്തിലുള്ള ഒടിച്ചുറ്റിയും കടും ചുവപ്പു നിറമുള്ള അരിപ്പൂക്കളും ധാരാളം.
തേക്കിലക്കുമ്പിളുകളിൽ വിവിധയിനം പൂക്കൾ നിറക്കാൻ എന്തൊരാവേശമായിരുന്നു അന്നൊക്കെ. തുമ്പപ്പൂക്കൾ കുമ്പിളിൽ പതിഞ്ഞു ഒതുങ്ങിക്കിടക്കുന്നതു കൊണ്ട് കുറെ പൂക്കളിറുത്താലേ കുമ്പിൾ നിറയൂ. പിറ്റേന്ന് അതിരാവിലെയുണർന്ന് മുക്കുറ്റിപ്പൂക്കളും ശേഖരിക്കും. എന്നിട്ട് വീടിന്അടുത്തുതന്നെയുള്ള കുളത്തിലേക്ക് ഒരോട്ടമാണ്. അവിടെയങ്ങു ചെല്ലുമ്പോഴേ കൂളിയാമകളെപ്പോലെ നീന്തിക്കളിക്കുന്നുണ്ടാവും കുട്ടികൾ. പിന്നെ ഒന്നും നോക്കാതെ തോർത്തുമുണ്ടും സോപ്പും കരയിലിട്ട് ഒറ്റച്ചാട്ടമാണ്. നീന്തലും കൂളിയിടലും തകൃതിയായങ്ങനെ നടക്കും. പെട്ടെന്ന് സ്ക്കൂളിലെ പൂക്കള മത്സരത്തിൻ്റെ കാര്യം ഓർമവരും. വേഗം കരക്കു കയറി തല തോർത്തിയെന്നു വരുത്തി ഒറ്റയോട്ടാണ് വീട്ടിലേക്ക്. അപ്പോഴേക്കും കുട്ടികൾ സ്ക്കൂളിലേക്ക് യാത്രയാവുന്നുണ്ടാവും. തുണിയെല്ലാം മാറ്റി പൂക്കളൊക്കെയെടുത്ത് അവരുടെ കൂടെ സ്ക്കൂളിലേക്കെത്താനുള്ള ധൃതിയിൽ കാപ്പി കുടിക്കാനുള്ള നേരം പോലും കിട്ടില്ല.
ഒന്നു രണ്ടു തവണ നീന്തി തിരിച്ചു വരണമെന്നു കരുതിയാവും എന്നും കുളത്തിലേക്കെത്തുന്നത്. അവിടെയെത്തി കുളം നിറഞ്ഞൊഴുകുന്നതു കാണുമ്പോൾ എൻ്റെ സാറേ... പിന്നെ ഒന്നും ഓർമണ്ടാവില്ല.
എന്തായാലും പൂക്കള മത്സരം തകൃതിയായി നടക്കും. എല്ലാ ക്ലാസ്സിലും കയറിയിറങ്ങി നല്ല ഡിസൈൻ കോപ്പിയടിക്കാൻ നടക്കുന്ന വിരുതന്മാരുമുണ്ടാവും. അവരെയൊക്കെ നിർദാക്ഷിണ്യം ആട്ടിയോടിക്കുന്നതും ചിലപ്പോഴൊക്കെ ചെറിയ തോതിൽ കശപിശയുണ്ടാവുന്നതും സാധാരണക്കാഴ്ചകൾ. സമാധാനപൂർവ്വം സഹകര മനോഭാവത്തോടെ പൂക്കൾ ആവശ്യത്തിനനുസരിച്ച് കൈമാറുന്ന മഹാമനസ്കരും മറ്റൊരു കാഴ്ചയാണ്. ബഹുജനം പലവിധം എന്നാണല്ലോ.
രസകരമായി അടിച്ചു പൊളിച്ച് അന്നത്തെ ദിവസം മതി മറന്നാഹ്ളാദിച്ച് വീട്ടിലെത്തുമ്പോഴും വർണാഞ്ചിതമായ പൂക്കളങ്ങളങ്ങനെ മനസ്സിൽ തെളിഞ്ഞു കാണുന്നുണ്ടാവും.
ഞങ്ങൾസ്ക്കൂളടച്ചു വരുന്നതും കാത്ത് അമ്മ എല്ലാം ഒരുങ്ങി നിൽക്കുന്നുണ്ടാവും. ഇനിയുള്ള ദിവസങ്ങൾ ഞങ്ങളിവിടെ നിന്നാൽ പണി കിട്ടുമെന്നതുകൊണ്ട് അമ്മയുടെ വീട്ടിലേക്ക് നാടുകടത്താനുള്ള സൂത്രമാണ്. വേഗം ഭക്ഷണം കഴിച്ച് ഞങ്ങൾ പുറപ്പെടും. അമ്മമ്മയും മുത്തശ്ശനും പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ സംരക്ഷണം നിർവാഹമില്ലാതെ ഏറ്റെടുക്കും. യാത്രാമധ്യേ അമ്മയുടെ വക ഉപദേശങ്ങളുണ്ടാവും. പറയുന്നതനുസരിക്കണം. മരത്തിനു മേൽ പാഞ്ഞുകയറരുത്. കുളത്തിൽ അധികനേരം നീന്തിക്കളിക്കരുത് എന്നിങ്ങനെ. അമ്മ പിറ്റേന്നു തന്നെ തിരിച്ചു പോകും. അതു കഴിഞ്ഞാൽ പിന്നെ ഞങ്ങൾ തനിക്കൊണം കാണിക്കാൻ തുടങ്ങുകയായി. മരത്തിൻ്റെ ഒത്ത നെറുകയിൽ കയറുക, വെള്ളം കോരുന്ന കയർ അഴിച്ച് ഊഞ്ഞാൽ കെട്ടിയാടുക, രാവിലെ പോയാൽ ഉച്ചവരെ നീന്തിക്കളിക്കുക എന്നുതുടങ്ങി ഞങ്ങളങ്ങ് മതിമറന്ന് അർമാദിക്കും. കൊല്ലത്തിൽ രണ്ടു തവണ അമ്മവീട്ടുകാർക്കിട്ട് ഇങ്ങനെയൊരു പണി കൊടുത്തിരുന്നു അമ്മ.
മുത്തശ്ശൻ്റെ വക ഓണക്കോടി ഞങ്ങൾക്കെല്ലാം വാങ്ങി വെച്ചിട്ടുണ്ടാവും.
തിരുവോണ ദിവസം ഉച്ചതിരിയുമ്പോഴേക്കു മെത്തുന്ന അമ്മയെ കാണുമ്പോഴേ അമ്മമ്മ ശ്വാസമൊന്നുനേരെ വിടൂ. പിറ്റേന്ന് ഞങ്ങളെ തിരിച്ചു കൊണ്ടു പോകുമല്ലോ എന്ന് ദീർഘനിശ്വാസം കാണുമ്പോൾ അമ്മ പറയും. രണ്ടീസം കൂടി കുട്ട്യോള് ഇവിടെത്തന്നെ നിന്നോട്ടെ അമ്മേ എന്ന്. പാവം അമ്മമ്മ. ഇപ്പൊ കരയും എന്നു തോന്നുമപ്പോൾ ആ മുഖം കണ്ടാൽ. സന്തോഷമഭിനയിച്ച് "ആ ... മതി.. മതി... ഞാനാകെ സങ്കടപ്പെട്ടു. അവരിപ്പോൾ പോകുമല്ലോ എന്നോർത്ത്" എന്നു പറയുമ്പോൾ അമ്മമ്മടെ ഉള്ളു തേങ്ങുന്നത് "ഞാൻ കണ്ടു.. ഞാനേ കണ്ടുള്ളൂ" ന്ന് പണ്ട് ബാലാമണി പറഞ്ഞതുപോലെയായി.
എന്തായാലും രണ്ടു ദിവസം കൂടി അവിടെ നിന്ന് ഓണാവധി ശരിക്കും ആഘോഷിച്ച് ഞങ്ങൾ തിരിച്ചുപോരുമ്പോൾ അമ്മമ്മയുടെ കണ്ണുനിറയുമായിരുന്നു. രാമപുരത്തു വാര്യർ പറഞ്ഞതു പോലെ
സന്തോഷം കൊണ്ടോ സന്താപം കൊണ്ടോ ... ആർക്കറിയാം..?
വീട്ടിലെത്തിയാൽ അച്ഛൻ്റെ വക ഓണക്കോടി കിട്ടും. അച്ചമ്മടെ വകയുമുണ്ടാവും ചെറിയ തോതിൽ റിബ്ബണുകളും കൺമഷിയും പൊട്ടുമെല്ലാം.
ഞങ്ങളെത്തിയതിനാൽ പിറ്റേന്ന് നല്ല ഓണസ്സദ്യയുമുണ്ടാക്കും. നേന്ത്രപ്പഴം പുഴുങ്ങിയതും പായസവുമൊക്കെയുണ്ടാക്കി എല്ലാവരുമൊത്ത് ഓണമുണ്ണുന്നത് നല്ലൊരനുഭവം തന്നെയായിരുന്നു. മിക്കവാറും വീട്ടിൽ ഉണ്ടായ വസ്തുക്കൾ ഉപയോഗിച്ചുണ്ടാക്കിയ വിഭവങ്ങൾ തന്നെ. രാസവളങ്ങളോ കീടനാശിനികളോ ഇല്ലാത്ത നേന്ത്രപ്പഴം, പയറ്, മത്തങ്ങ, കുമ്പളങ്ങ, വട്വോപ്പുളി നാരങ്ങ എന്നിവയെല്ലാം സമൃദ്ധമായുണ്ടായിരുന്നു അക്കാലത്ത്.
ആയിടെ കൊയ്തെടുത്ത പുന്നെല്ലരിച്ചോറും കൂട്ടിയുള്ള ഊണ് സ്നേഹസുരഭിലമായ ആ ഭൂതകാല സ്മരണകൾ ഇവയൊക്കെ ഗൃഹാതുരത്വമേകിയങ്ങനെ മനസ്സിലിന്നും തെളിയുകയാണ്.
അല്ലെങ്കിൽത്തന്നെ പൊയ്പോയ നല്ല കാലത്തിൻ്റെ സ്മരണ പുതുക്കലും കൂടിയാണല്ലോ ഓണം എന്നത്. വരും നാളുകളിൽ ഓണാഘോഷങ്ങളും കൂടുതൽ സുരഭിലമാവട്ടെ എന്ന് ആഗ്രഹിക്കുന്നുണ്ട് മനസ്സ്. ഏവർക്കും നന്മകൾ നേരുന്നു.