ഞാൻ ഇടുക്കിക്കാരി ആണ്..
എന്താ പറയുക.. നമ്മളൊക്കെ ഒന്നാം ക്ലാസ്സിൽ വച്ച് വരയ്ക്കുന്ന ഒരു പടം ഇല്ലേ.. ഇംഗ്ലീഷ് അക്ഷരം എം പോലെ മലകൾ.. അതിനിടയിലൂടെ പുഴ, ഇടയ്ക്കിടയ്ക്ക് ചെറിയ വീടുകൾ.. സത്യം പറഞ്ഞാൽ ആ ഒരു രീതിയാണ് എന്റെ ചുറ്റുപാടും..
വീടിന്റെ മുറ്റത്ത് നിന്നു നോക്കിയാൽ കാണുന്നത് ഓപ്പോസിറ്റ് ഒരു മല ആണ്.. കുറച്ച് വീടുകളും.. ആ രണ്ട് മലകൾക്കിടയിലൂടെ ഒരു പുഴ.. ഛേ.. പുഴ അല്ലാട്ടോ ആറ്...
ഞാൻ പഠിക്കാൻ വേണ്ടിട്ട് എറണാകുളത്തു വന്നു കഴിഞ്ഞപ്പോൾ ആണ് നമ്മളെപ്പറ്റി ബാക്കി ജില്ലാക്കാരുടെ മനസ്സിലെ ചിത്രം മനസ്സിലായത്..
രാവിലെ എണീറ്റ് വള്ളിയിൽ തൂങ്ങി ( ഐ മീൻ മറ്റേ മൗഗ്ലി വരുന്ന പോലെ ) വരുന്ന ആൾക്കാർ എന്നൊക്കെ ആണ് ആദ്യമൊക്കെ ആളുകൾടെ വിചാരം.. കിഴങ്ങും ഇലയും പഴങ്ങളും ( പക്കാ ലോക്കൽ പഴംസ്.. ) ഒക്കെ മാത്രം കഴിക്കുന്ന ആളുകൾ ന്നൊക്കെ ഒരു വിചാരം..
പിന്നൊന്നു മൊത്തം ഗഞ്ചൻ ആണെന്നൊരു റൂമർ... നമ്മൾടെയൊക്കെ അടുക്കളതോട്ടത്തിൽ കഞ്ചാവാണ് നടുന്നേ ന്നൊക്കെ കരുതി വച്ചേക്കുന്നു...
പിന്നേ അതൊക്കെ മാറി.. പിന്നെയെന്താ പറയ്ക നമ്മളും നമ്മുടെ നാടൻ സെറ്റപ്പുകളെക്കുറിച് പറയുവല്ലേ ???
ആയിടക്കാണ് മഹേഷിന്റെ പ്രതികാരം സിനിമ ഇറങ്ങിയത്..
പിന്നെയങ്ങോട്ട് രസായിട്ടോ.. ഇടുക്കിക്കാര് ന്ന് വച്ചാൽ നിഷ്കളങ്കതയുടെ പര്യായം ന്നായി...
അല്ലേലും നമുക്കങ്ങനെ വല്യ വല്യ കാര്യങ്ങൾ ഒന്നും തന്നെ ഇല്ലാലോ...
ചെറുപ്പകാലത്തെ കുറിച്ച് കൂട്ടുകാർക്കൊക്കെ വല്യ വല്യ സ്റ്റാറ്റാൻഡേർഡ് കഥകൾ പറയാൻ ഉള്ളപ്പോ എന്റെ നല്ല ഒന്നാന്തരം കാട്ടുകഥ..
രണ്ടുമൂന്നു കിലോമീറ്റർ ചുമ്മാ നാട്ടുവഴീലൂടെ ഒള്ള പോക്കും, വഴിയിലെ പുളി, മാങ്ങ, ചാമ്പങ്ങ, ബംബ്ലി നാരങ്ങ,തുടങ്ങിയ പഴങ്ങളും പുല്ലേൽ ചവിട്ട്, ഇട്ടൂലി, തൊട്ടാൽ പ്രതിമ അങ്ങനെ കുറേ കളികളും...
ഇതൊന്നും പോരാഞ്ഞു റോഡിന്റെ കട്ടിങ്ങിൽ എല്ലാർക്കും സ്വന്തമായിട്ട് ഓരോ പൊത്തുണ്ട്.. ഓരോന്നിലും അങ്ങേയറ്റം വിലപിടിപ്പുള്ള പലതും സൂക്ഷിച്ചു വച്ചിരുന്ന ഓർമ്മകൾ.. എന്റെ വിലപ്പെട്ട സമ്പാദ്യത്തിൽ കുറച്ച് കല്ലുകളും തൂവലുകളും വളപ്പൊട്ടുകളും, ഉണങ്ങിയ ഇലകളും പൂവിതളുകളും ഉണ്ടായിരുന്നു..
ഇപ്പൊ ഇവിടേക്ക് കല്യാണം കഴിച്ചു വരാൻപോലും സമ്മതാണ് നമ്മടെ കൂട്ടുകാർക്ക്.
എന്തൊക്കെ ആയാലും നമ്മൾ ഹൈറേഞ്ച്കാര് പൊളിയാണ്.. മാസാണ്... കിടുവാണ്...