(Satheesh Kumar)
മഴക്കാലം തുടങ്ങിയിട്ടുണ്ട്. കനത്ത മഴയില്‍ കിഴക്കെപ്പുറത്തെ അക്വേഷ്യ മരം കടപുഴകി വീണു. അടുത്തുനിന്ന പഞ്ചപ്പാവമായ പപ്പായ മരത്തിനെയും കൂട്ടുപിടിച്ചാണ് അക്വേഷ്യ വീണത്. പപ്പായ മരം വീണതിൽ ഏറ്റവും കൂടുതൽ വിഷമം അമ്മക്കാണ്. കറി വെക്കാൻ ഒന്നുമില്ലാത്ത അവസ്ഥയിൽ മുന്നും പിന്നും നോക്കാതെ തോട്ടിയുമായി പോയി പപ്പായയുടെ കുണ്ടിക്കിട്ട് ഒറ്റ കുത്താണ്.അറഞ്ഞു തല്ലി വീഴുന്ന പപ്പായകുഞ്ഞുങ്ങളെ മുറിച്ചു തോരനാക്കും.
പപ്പായയും പയറും കൂട്ടി ഉണ്ടാക്കുന്ന തോരൻ മാത്രം മതി ഒരു പ്ലേറ്റ് ചോറ് ഉണ്ണുവാൻ. അങ്ങനെയുള്ള പപ്പായയാണ് "വീണിതല്ലോ കിടക്കുന്നു ധരണിയിൽ " എന്ന രീതിയിൽ കിടക്കുന്നത്. സങ്കടം ചില്ലറയൊന്നുമല്ല അമ്മക്ക്. പപ്പായത്തണ്ട് അടർത്തി ഈർക്കിലിൽ നൂലുകെട്ടി തണ്ടിനുള്ളിലൂടെ കടത്തി നൂൽ തണ്ടോടു ചേർത്ത് വലിച്ച് പിളർത്തി ഉണ്ടാക്കുന്ന പീ പ്പി കൾ ഇനി എങ്ങനെ ഉണ്ടാക്കും എന്നോർത്തപ്പോൾ എനിക്കും സങ്കടം. അതു തന്നെയോ അമ്പും വില്ലും കളിക്കുമ്പോൾ അമ്പ് കൊണ്ട് ചോര ഒലിപ്പിക്കുന്ന ഒരേയൊരു ശത്രു അത് പപ്പായ മാത്രം ആണ്. അങ്ങനെയുള്ള പപ്പായയുടെ ഗതി ഓർത്താൽ പിന്നെ സങ്കടം വരാതെ ഇരിക്കുമോ.
കാലു പോയി കമ്പി വളഞ്ഞ സെന്റ് ജോർജ് കുട പുറത്ത് ഭിത്തിയിൽ ചാരി വെച്ചു. മഴയിൽ നനഞ്ഞ പുസ്തകം അടുപ്പിന്റെ അടുത്ത് ഉണങ്ങാനായി വെച്ചിട്ടുണ്ട്.പുസ്‌തകത്തിന്റെ ഇഴകിയ പേജുകള്‍ ചിലപ്പോള്‍ നനഞ്ഞ് കുതിര്‍ന്നിട്ടുണ്ടാകും.
നിറഞ്ഞൊഴുകുന്ന ഇടത്തോടുകളും, ചാലുകളും. ജനലിനുള്ളിലൂടെ കാറ്റ് കൊണ്ടുവരുന്ന മഴയുടെ സംഗീതം, ഓരോ ഇടി ശബ്ദം കേള്‍ക്കുമ്പോഴും വീണ്ടും വീണ്ടും വലിച്ചിടുന്ന പുതപ്പ്, മഴയെ എങ്ങിനെയാണ് വിവരിക്കുക. കുറച്ചൊന്നു ശമിച്ചു എങ്കിലും ചന്നം പിന്നം മഴ പെയ്യുന്നുണ്ട്.
"മരമായിരുന്നു ഞാൻ പണ്ടൊരു മഹാനാദിക്കരയിൽ നദിയുടെ പേരു ഞാൻ മറന്നുപോയ് "
അടുത്ത ദിവസം സ്കൂളിൽ കാണാതെ ചൊല്ലി കേൾപ്പിക്കാനുള്ള മലയാളം പദ്യം വായിച്ചും എഴുതിയും പഠിച്ചു നാളത്തെ അടിയിൽ നിന്നും എസ്‌കെപ് ആകാനുള്ള തത്രപ്പാടിൽ ആണ് ഞാൻ.
വായിച്ചു വായിച്ചു ബോറടിച്ചപ്പോൾ എഴുതി തീർന്ന ഒരു റീഫിൽ വിളക്കിന്റെ തീയിലേക്ക് സൈഡ് ചേർത്ത് വെച്ചു ചെറുതായി ചൂടാക്കി. എന്നിട്ട് റീഫില്ലിന്റെ പുറകിലൂടെ ഊതി. സോപ്പ് കുമിള പോലെ ഉരുകിയ റീഫില്ലിന്റെ സൈഡ് വീർത്തു വന്നു. വായിൽ വെച്ച് ഊതി വായു അകത്തേക്കും പുറത്തേക്കും എടുക്കുമ്പോൾ കുമിള വലുതാവുകയും ചുരുങ്ങുകയും ചെയ്യുന്ന പ്രക്രിയയിൽ മുഴുകി ഇരുന്നപ്പോൾ പുറത്ത് ആകെയൊരു ബഹളം.
കട്ടിളപ്പടിയിൽ പോയി നിന്ന് നോക്കി. പ്രേതക്കഥകളുടെ ഹോൾസെയിൽ ഡീലറായ കിണറ്റുംകര ജോർജ് അച്ഛനും കേശവൻ കൊച്ചാട്ടനും അച്ഛനും കരുണാകരൻ മാമനും ഉണ്ട്.
എന്തോ വമ്പൻ പദ്ധതിയാണ് എല്ലാവരും കൂടി പ്ലാനിടുന്നത് എന്ന് സംസാരം കേട്ടപ്പോൾ മനസ്സിലായി.
" അമ്മേ ഇതെന്താ എല്ലാരും കൂടി"
കട്ടിളപ്പടിയിൽ നിന്ന അമ്മയോട് ഞാൻ ചോദിച്ചു.
"അത് പിന്നെ അവരെല്ലാം കൂടി ഊത്ത പിടിക്കാൻ പോവാ "
എനിക്കാകെ ത്രില്ലായി. മഴക്കാലമായാൽ മീനുകൾ കൂട്ടമായി മുട്ടയിടനായി ഒഴുക്ക് വെള്ളത്തിലേക്ക് കയറി വരുമ്പോൾ അവയെ വളഞ്ഞിട്ട് ആക്രമിച്ചു കൂടെ കൊണ്ടുപോരുന്ന, ഒരു പ്രക്രിയയാണ് ഈ ഊത്ത പിടുത്തം. മീനുകൾക്ക് നമ്മുടെ ഈ പ്രവർത്തി ഒട്ടും തന്നെ ഇഷ്ടമല്ലാത്തതാണെങ്കിലും നമുക്ക് വളരെ ആനന്ദം നൽകുന്ന ഒരു സംഭവമാണ് ഈ ഊത്തപിടുത്തം.
കേശവൻ ചേട്ടന്റെ കൈയിൽ പെട്രോൾ മാക്സുണ്ട്. രാത്രി മീൻപിടിക്കാൻ വെട്ടം വേണമെങ്കിൽ പെട്രോൾമാക്സ് വേണം. ഇതുകൂടാതെ എവറെഡിയുടെ മൂന്നു ബാറ്ററി ഇടുന്ന നീളൻ ഒരു ടോർച്ച് കരുണാകരൻ മാമന്റെ കയ്യിലുണ്ട്. ജോർജ് അച്ഛന്റെ കയ്യിൽ ഉഗ്രൻ ഒരു വെട്ടുകത്തിയുണ്ട്. കൂടാതെ ഒരു ഒറ്റാലും മുളങ്കമ്പ് വളച്ചുണ്ടാക്കിയ തേയില സഞ്ചി പോലൊരു ചെറിയ വലയും.
ചൂണ്ട ഇടാനെന്നും പറഞ്ഞു കണ്ടത്തിൽ ചാടാൻ പോയതല്ലാതെ ഒന്ന് കറി വെക്കാനുള്ള ഒരു കൈപ്പിനെപ്പോലും പിടിക്കാത്ത പാരമ്പര്യമുള്ള എനിക്കും ഊത്ത പിടിക്കാൻ പോകാനൊരു ആഗ്രഹം.
കേശവൻ ചേട്ടനെ ചുറ്റിപ്പറ്റി നിന്നു കാര്യം അവതരിപ്പിച്ചു.
"പൊക്കോണം അവിടുന്ന്. മഴവെള്ളപ്പാച്ചിലാണ് മൊത്തം. അവന്റെ ഒരു മീൻ പിടുത്തം. ഇതൊക്കെ ഞങ്ങൾ മുതിർന്നവരുടെ പണിയാണ് മൊട്ടേന്നു വിരിയാത്ത നിന്റെയൊന്നുമല്ല" അച്ഛൻ എന്നെ തള്ളിയില്ലന്നെ ഒള്ളൂ.
"അവനും പോരട്ടെ ഇവനെ നമുക്ക് തകിടിയിൽ നിർത്താം ഇപ്പോൾ മഴയും ഇല്ലല്ലോ. ഇവന്റെയടുത്തു കലം വെച്ചാൽ മതി" ദൈവദൂതനെപ്പോലെയുള്ള ജോർജ് അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ രോമാഞ്ചം വന്നു.
ഒറ്റ ഓട്ടത്തിന് മുറിയിൽ എത്തി കാലൊടിഞ്ഞ കുട കയ്യിലാക്കി.
"അല്ല മൊതലാളി ഇതെങ്ങോട്ടാ?" എന്ന് ചോദിക്കുന്നത് പോലെ ഭൈരവൻ പൂച്ച കട്ടിളപ്പടിയിൽ വന്നിരിന്നു എന്നെ നോക്കുന്നുണ്ട്. പഠിക്കാനായി ഇരിക്കുമ്പോൾ താഴെ കാലുകൾക്ക് ഇടയിൽ വന്നിരുന്ന് മുട്ടി ഉരുമ്മി കളിയും ചിലപ്പോൾ രണ്ടു കൈ കൊണ്ട് കാലിൽ ആള്ളിപിടിച്ചു കിടന്നുകൊണ്ട് മലർന്നു വീഴാനും പിടിക്കാൻ ചെല്ലുമ്പോൾ വാലും ഉയർത്തി ഓടാനും ഇന്ന് ഇല്ലാന്ന് തോന്നിയത് കൊണ്ടാവും ഈ രൂക്ഷമായ നോട്ടം.
"ഇന്ന് തന്നെയങ്ങു അറുമാദിച്ചാൽ മതി. നിനക്കൊക്കെ വെട്ടി വിഴുങ്ങണ്ടേ മീൻ. പിടിച്ചിട്ടു വരാം" എന്നൊരു ഡയലോഗ് ഭൈരവനോട് കാച്ചിയിട്ട് ഞാൻ പുറത്തു ചാടി. ചാങ്ങപ്പാടത്തേക്ക് എല്ലാവരും കൂടി ജാഥയായി നടന്നു.
"പണ്ട് തള്ള കൊല്ലായിൽ ഞാനും നമ്മുടെ കുറുക്കൻ മോടിയിൽ രാഘവനും കൂടി ഒന്ന് മീൻ പിടിക്കാൻ പോയി, സമയം ഒരു പതിനൊന്നു പതിനൊന്നര ആയിക്കാണും...", ജോർജ് അച്ഛൻ തന്റെ പുതിയ ഒരു പ്രേതക്കഥക്ക് തിരി കൊളുത്തി.
"തള്ളക്കൊല്ലാ എന്ന് പറയുന്നത് പണ്ട് നമ്മുടെ ചേമ്പില ചെല്ലപ്പൻ മുങ്ങിചത്ത കൊല്ലാ അല്ലേ?", കേശവൻ ചേട്ടൻ ഒരു സംശയം ചോദിച്ചു.
ഭയന്നുപോയ ഞാൻ പുറകോട്ട് ഒന്ന് നോക്കി. ഇനി ചെല്ലപ്പൻ എങ്ങാനും.
"അത് തന്നെ. ഞങ്ങൾ എത്തി ഒരു നാലഞ്ച് കുറുവായേയും പിടിച്ചു ഇങ്ങനെ വരുമ്പോൾ ദാ ഇങ്ങനെ കണ്ടതിന്റെ നടുവിൽ ഒരാൾ അങ്ങ് നിൽക്കുവാ അനങ്ങാതെ... ജോർജ് അച്ഛൻ ഒന്ന് നിർത്തി.
"ആരാ " കേശവൻ ചേട്ടന് വീണ്ടും ആകാംക്ഷ.
"മ്മടെ ചെല്ലപ്പൻ. അല്ലാതെ ആര്"
"യ്യോ" എന്റെ ഉള്ളിൽ ഒരു കാളൽ
"കൊച്ചാട്ടൻ ഒന്ന് മിണ്ടാതെ ഇരുന്നേ രാത്രി മീൻ പിടിക്കാൻ പോകുമ്പോഴാണോ പ്രേതത്തിന്റെ കാര്യം പറയുന്നത്" കരുണാകരൻ മാമൻ ജോർജ് അച്ഛന്റെ കഥ ബാൻ ചെയ്തു.
ഞാൻ ദീർഘ നിശ്വാസം വിട്ടു, ചങ്ങാപ്പാടത്തു ചെല്ലുമ്പോൾ ഒരു ഉത്സവത്തിനുള്ള ആൾക്കാർ ഉണ്ട് പാടം നിറയെ. പന്തം, ചൂട്ടുകറ്റ തുടങ്ങിയ പ്രകാശസ്രോതസ്സുകൾ കൂടാതെ കാശുള്ള വീട്ടിലെ ഊത്തപിടുത്തക്കാർ എമർജൻസി എന്നൊരു പുതിയ സാധനവും കൊണ്ടുവന്നിട്ടുണ്ട്. എമർജൻസി ഞാൻ അതിശയത്തോടെ നോക്കി. വരമ്പുകൾ മറച്ചുകൊണ്ട് വെള്ളം ഒഴുകുന്നുണ്ട്. "കൊച്ചാട്ടാ വല കൊണ്ടുവാ ദേ പരൽ ആണെന്ന് തോന്നുന്നു കേറുന്നുണ്ട്" വെള്ളത്തിലേക്ക് ഇറങ്ങിയ കരുണാകരൻ മാമൻ അലറി. തകിടിയിൽ നിൽക്കാനേ എനിക്ക് അനുവാദം ഒള്ളൂ. അടുത്ത് വലിയൊരു അലുമിനിയം കലം വച്ചിട്ടുണ്ട്. പിടിക്കുന്ന മീനുകളെ ഇടാനാണ്.
കേശവൻ ചേട്ടന്റെയും ജോർജ് അച്ഛന്റെയും സംഘടിതമായ ഇടപെടലിൽ വല വെച്ച് കുറച്ചു പരൽ മീനിനെ വളഞ്ഞിട്ട് പിടിച്ചു. മട വീണ തോടിനോട് ചേർന്നു കിടക്കുന്ന പാടത്തിന്റെ അടുത്തു വെച്ചാണ് "കൊച്ചാട്ടാ ദേ ഒരു വാള" എന്ന് കേശവൻ കൊച്ചാട്ടൻ വിളിച്ചു കൂവിയത്. വെട്ടിരിമ്പുമായി കണ്ടത്തിൽ ചാടിയ ജോർജ് അച്ഛൻ മുട്ടിനു താഴെ മാത്രം വെള്ളമുള്ള വെള്ളത്തിൽ ഇട്ട് വാളയെ വെട്ടി. വെട്ടുകൊണ്ട വാള മുന്നോട്ട് കുതിച്ചു നേരെ ചെന്നത് കേശവൻ ചേട്ടന്റെ കാലിന് കീഴിലേക്കാണ് ഭയന്നുപോയ കേശവൻ ചേട്ടൻ "യ്യോ "എന്ന് പറഞ്ഞു കൊണ്ട് ഒരു ഹൈജമ്പ് ചാടി മുന്നിലേക്ക് കുതിച്ചു നിന്നു. ഹൈജമ്പ് ചാട്ടത്തിൽ വെള്ളം തെറിച്ചു കരുണാകരൻ മാമന്റെ ദേഹത്ത് വീണു. ഏകദേശം നാലു കിലോയോളം വരുന്ന പറപ്പൻ ഒരു വാളയാണ്. ഒറ്റ കുതിക്കൽ മാത്രമെ വാളയ്ക്ക് ബാക്കി ഉണ്ടായിരുന്നുള്ളൂ വെള്ളത്തിന്റെ നിറം ചുമന്നു. കരുണാകരൻ മാമൻ വാളയെ രണ്ടു കൈകൊണ്ടും പിടിച്ചു പൊക്കി.
മീൻ പിടുത്തം പിന്നെയും തുടർന്നു. "കരുണാകരാ ഇതുവഴി എന്തോ ഇഴഞ്ഞു പോകുന്നത് പോലെ, ഇനി പാമ്പ് വല്ലതും ആണോ നോക്കിക്കെ. ഇത്രയും നേരം ലൈറ്റ് അറേഞ്ച്മെന്റ് ചെയ്തുകൊണ്ടിരുന്ന അച്ഛൻ വിളിച്ചു പറഞ്ഞു.
"എവിടെ" എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു.
വെള്ളത്തിൽ ഒരു മിന്നായം പോലെ എന്തോ... കരുണാകരൻ മാമൻ ഒറ്റാൽ കുത്തി. "കൊച്ചാട്ടാ ഓടി വാ, നോക്കിക്കേ എന്താണെന്നു. അകത്തു കുടുങ്ങിയിട്ടുണ്ട് എന്തോ,കരുണാകരൻ മാമൻ വിളിച്ചു പറഞ്ഞു.
"കോളടിച്ചെടാ ബ്ളാഞ്ഞിലാണ്" ഒറ്റാലിലേക്ക് ടോർച് അടിച്ചു നോക്കിയ ജോർജ് അച്ഛൻ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. ഒറ്റാലിനുള്ളിൽ കുടുങ്ങിയ ബളാഞ്ഞിലിനെ കുറേനേരത്തെ ശ്രമഫലമായി ഒരു തരത്തിൽ പിടിച്ചു. ഒറ്റനോട്ടത്തിൽ പാമ്പ് ആണെന്നെ തോന്നൂ. ബ്ളാഞ്ഞിലിനെ കണ്ടാൽ. ജോർജ് അച്ഛൻ ബ്ളാഞ്ഞിലിന്റെ നടുക്ക് വെച്ച് ഒടിച്ചു. നട്ടെല്ല് തകർന്ന ബ്ളാഞ്ഞിൽ തൂങ്ങിയാടി കിടന്നു.
ചെല്ലപ്പന്റെ പ്രേതം എങ്ങാനും വരുന്നുണ്ടോ എന്ന പേടിയിൽ ചുറ്റുപാടും നോക്കിക്കൊണ്ട് ഞാൻ അലുമിനിയം കലത്തിന്റെ അടപ്പിന്റ മുകളിൽ ഇരുന്നു. കലത്തിനുള്ളിൽ പരൽ മീനുകൾ സൈഡിൽ കുത്തി ശബ്ദം ഉണ്ടാക്കുന്നുണ്ട്.
"വെട്ടെടാ" "പിടിക്കെടാ" "ദാ പോകുന്നു" "വിടരുത്" "അല്ലെങ്കിലും നിന്നെയൊന്നും കൊണ്ട് വന്നാൽ ഒരു പള്ളത്തിയെ പോലും കിട്ടില്ല" "നിന്റെ കാലിന്റെ കീഴിലൂടെ അല്ലേ പോയത് " "പിന്നേ ഇവന്റെ അമ്മാച്ചനെ വരെ നമ്മൾ പിടിക്കും നമ്മളോടാ കളി" തുടങ്ങി രണ്ടെണ്ണം വിട്ടിട്ടു വന്നവരുടെ എരിവും പുളിയും ഉള്ള ഡയലോഗുകളും കൊണ്ട് നിറഞ്ഞ അന്തരീക്ഷം.
ചന്നം പിന്നം മഴ വീണ്ടും പെയ്യുവാൻ തുടങ്ങി. കാലൊടിഞ്ഞ സെന്റ് ജോർജ് കുട നിവർത്തി പ്പിടിച്ചുകൊണ്ട് ഞാൻ വീണ്ടും ഇരുന്നു. അങ്ങ് ദൂരെ നിന്നും മഴക്കൊപ്പം വരുന്നുണ്ട് ആൾക്കാരുടെ ബഹളവും ആർപ്പുവിളിയും. നക്ഷത്രങ്ങൾ വെള്ളത്തിൽ പൊലിഞ്ഞു വീണതുപോലെയുള്ള മനോഹരമായ കാഴ്ച. മഴക്കാലത്തിന്റെ മനോഹാരിത നിറയെ ഉള്ള കാഴ്ചകൾ.
ഇപ്പോൾ ഈ കോൺക്രീറ്റ് പാളികൾക്ക് അടിയിൽ ഇരുന്ന് ഇത് കുത്തിക്കുറിക്കുമ്പോഴും ചിരിച്ച മുഖത്തോടെ വല നിറച്ചും മീനുമായി ജോർജ് അച്ഛനും കേശവൻ ചേട്ടനും കരുണാകരൻ മാമനും അച്ഛനും ദേ എന്റെ മുന്നിൽ വന്നു നിൽക്കുന്നതായി എനിക്ക് തോന്നുന്നു.