(Krishnakumar Mapranam)
ചില ഓര്‍മ്മകളങ്ങിനെയാണ് നമ്മെ വിടാതെ പിന്‍ തുടര്‍ന്നുകൊണ്ടിരിക്കും. ഇപ്പോള്‍ ഈ അടയ്ക്കാമരത്തെ പറ്റിയോര്‍ത്തപ്പോളാണ് മനസ്സില്‍ പാള ഒരു ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയായി തെളിഞ്ഞുവന്നത്.
ഇറയത്തേയ്ക്ക് ചാറ്റല്‍ മഴയും പടിഞ്ഞാറന്‍ വെയിലും കൊള്ളാതിരിക്കാനായിട്ടായിരുന്നു മനോഹരമായ കമ്പികാലുകളുറപ്പിച്ച് നാകഷീറ്റു വിരിച്ചത്. എന്നാല്‍ പുതിയതായി വാങ്ങിയ വീടിന്‍റെ മുറ്റത്തു നിന്നിരുന്ന കവുങ്ങില്‍ നിന്ന് ഒരുപാളമടല്‍ വീണു വലിയ ശബ്ദമുണ്ടാക്കിയതും ആ അടയ്ക്കാമരം വെട്ടികളയുകതന്നെയെന്നു നിശ്ചയിച്ചപ്പോഴോ?
അതെ അതങ്ങുവെട്ടികളയാന്‍ തീരുമാനിച്ചപ്പോള്‍ മനസ്സിനകത്തു എവിടെയോ ഓര്‍മ്മയിലൊരു പാളമടല്‍ മുന്നില്‍ നിന്നെന്നെ മന്ദമായ് മാടിവിളിക്കുകയാണ്. തറവാട്ടില്‍ അടയ്ക്കാമരം ഒന്നും ഉണ്ടായിരുന്നില്ല. അയല്‍പക്കത്തെ അടയ്ക്കാമരത്തിലെ പാളമടല്‍ വീഴുന്നതും നോക്കി അങ്ങനെയിരിക്കുകയാണ്. ഒരെണ്ണം വീണുകിട്ടിയാല്‍ വേഗം ഓടും അതെടുക്കാന്‍.
പാളവണ്ടിയായി കളിക്കാന്‍ വേണ്ടിയാണ് ഇതെടുക്കാനോടുന്നത്. ആരെയെങ്കിലും പാളയിലിരുത്തും എന്നിട്ട് മടലും വലിച്ചുകൊണ്ട് ഓട്ടമാണ്. അന്നങ്ങിനെയൊക്കെയുള്ള കളികളുണ്ടായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് ഇതൊക്കെ കേൾക്കുമ്പോൾ അത്ഭുതമാണ്.
പാളചീന്തിയെടുത്ത് നാണം മറയ്ക്കാനായി കോണകവും ഉണ്ടാക്കിയിരുന്നു. പണ്ട് ഇല്ലങ്ങളില്‍ വിശേഷങ്ങള്‍ക്ക് അമ്മയോടൊപ്പം പോകാറുണ്ട്. ഒരിക്കല്‍ ഇല്ലത്ത് പിറന്നാളിനോ മറ്റോ പോയിരുന്നപ്പോള്‍ കണ്ടു, അവിടുത്തെ ഉണ്ണികള്‍ പാളകോണകവുമുടുത്ത് മുറ്റത്ത് മണ്ണില്‍ കളിക്കുന്നു.
വേനല്‍ക്കാലത്ത് ഉഷ്ണം സഹിക്കവയ്യാതെ വരുമ്പോള്‍ മുത്തശ്ശി പറയും.
"ആ വീശാന്‍പാളയിങ്ങെടുക്ക്" എന്ന്.
പാള ഭംഗിയായി വെട്ടിയെടുത്താണ് വിശറിയുണ്ടാക്കുക. പണ്ടൊന്നും സാധാരണ ഗൃഹങ്ങളില്‍ യന്ത്രത്തില്‍ കറങ്ങുന്ന പങ്കകളില്ല. കറന്‍റുള്ള വീടുകള്‍ തന്നെ അപൂര്‍വ്വം. പാളവിശറിയോ പനയോല വിശറിയോ ആയിരുന്നു ആശ്രയം.
തറവാട് എന്നും പണിതീരാത്ത ഒരു വീടായിരുന്നു. ചെത്തിതേയ്ക്കാത്ത ചുമര്‍, പൊട്ടിപൊളിഞ്ഞ തറയെ വൃത്തിവയ്പിക്കാന്‍ ചാണകം മെഴുകിയ അകത്തെമുറികള്‍, മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഓടിട്ട ഓട്ടപുര. പറമ്പിലൊന്നും ഒരടയ്ക്കാമരം പോലും ഉണ്ടായിരുന്നില്ല. അയല്‍പക്കത്തെ പറമ്പില്‍ ഇവ ധാരാളം ഉണ്ടായിരുന്നു താനും.
ആകാശത്തേയ്ക്കു നീണ്ടുപോകുന്ന ഈ അടയ്ക്കാമരത്തിലേയ്ക്ക് തളപ്പിട്ടു കയറുകയും അടയ്ക്ക പറിച്ചശേഷം താഴെയിറങ്ങാതെ തന്നെ മരം ആട്ടിയുലച്ചുകൊണ്ട് ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് പ്രവേശിക്കുന്ന കാഴ്ചയും അത്ഭുതാവഹമായിരുന്നു. പഴുപഴുത്ത അടയ്ക്കാ കുലകളും കശുവണ്ടി, മാങ്ങ തുടങ്ങി പലതും ചന്തയില്‍ വിറ്റ് ഉപജീവനത്തിനു വഴിതേടുന്ന പാവപ്പെട്ടവരായിരുന്നു ഗ്രാമത്തിലുള്ളവര്‍.
വിശേഷ ദിവസങ്ങള്‍ വരുമ്പോഴാണ് അമ്മ പറയുക. "മോന്‍ പോയി അങ്ങേപറമ്പില്‍ പോയി ഒരു പാളമടലെടുത്തു കൊണ്ടുവാ" എന്ന്അ. "ടുക്കളയും ഇറയവുമൊക്കെ മെഴുകാറായിരിക്കണൂ ".
അകത്തളങ്ങള്‍ ചാണകം കൊണ്ട് വൃത്തിയായി മെഴുകുമ്പോള്‍ പാളകീറിയെടുത്ത് അതുകൊണ്ടാണ് വടിച്ചെടുക്കുക.
കിണറില്‍ നിന്നും വെള്ളം കോരാനായി പാള ഉപയോഗിച്ചിരുന്നു. പാള കുമ്പിള്‍ പോലെയാക്കി രണ്ടറ്റവും കയറുകൊണ്ട് ബന്ധിപ്പിച്ച് നടുവില്‍ ഒരു വടിയും ചെത്തി മിനുക്കി ഉറപ്പിക്കും. അതില്‍ കയര്‍ കെട്ടി താഴെയിറക്കി കോരിയാണ് വെള്ളമെടുത്തിരുന്നത്. ആ പാളയിലെ ജലത്തിന് പ്രത്യേക രുചിതന്നെയായിരുന്നു. ഇന്ന് ജലം കോരിയെടുക്കുന്ന ഏര്‍പ്പാടില്ല . യന്ത്രം പണിയെടുത്ത് പൈപ്പിന്‍ കുഴലിലൂടെ നമ്മുടെ വിരലഗ്രം വരെ എത്തിയ്ക്കും.
അടുക്കളയോട് ചേര്‍ന്നുള്ള അടുക്കള കിണറില്‍ താളം കേള്‍പ്പിക്കുന്ന മരത്തുടികളുണ്ടായിരുന്നു. പ്രത്യേക തരത്തില്‍ കയര്‍ കുരുക്കിട്ടു കോര്‍ത്താണ് തുടിയിലൂടെ വെള്ളം കോരുക. കയര്‍ വലിയ്ക്കും തോറും മരത്തുടിയില്‍ കയര്‍ ചുറ്റികൊണ്ടിരിക്കുകയും ചെയ്യും. തുടിയുടെ താളവും കേള്‍ക്കാം.
പാള വെട്ടിയെടുത്ത് തളിക പോലെയാക്കി അതില്‍ കുത്തരി കഞ്ഞി വിളമ്പി അതു കുടിക്കുമ്പോഴുള്ള ഒരു നിര്‍വൃതി പറഞ്ഞറിയിക്ക വയ്യ. ഈയടുത്ത കാലത്ത് ഒരു മഴയാത്രയില്‍ അങ്ങിനെയൊരു ഭാഗ്യമുണ്ടായി.
അങ്ങനെ അടയ്ക്കാമരം വെട്ടിയതിലൂടെ ഓര്‍മ്മകള്‍ പാളപുരാണത്തിലേയ്ക്കു പ്രവേശിക്കുകയും അതൊരു മയില്‍പ്പീലിയായി മനസ്സില്‍ നൃത്തമാടികൊണ്ടെയിരിക്കുകയുമാണ്.