(Sathish Thottassery)
ചേറൂക്കാരുടെ ചങ്കാണ് കുമാരേട്ടൻ. കറുത്തുകുള്ളനായ കുട്ടിച്ചാത്തൻ. നക്ഷത്രാങ്കിതമായ നീലാകാശം. ചന്ദ്രേട്ടൻ വൃദ്ധിയിലേക്കു നീങ്ങിത്തുടങ്ങിയ ഒരു ധനുമാസ രാവ്. തൃശൂർ രാഗത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സെക്കന്റ് ഷോയും കണ്ട് കണ്ടക്ടർ ശോഭനും ഭൂത ഗണങ്ങളും മടങ്ങുന്നു.
തൃശൂരിൽ നിന്നും ചെമ്പൂക്കാവ് ജംഗ്ഷൻ ഇറങ്ങിയാൽ ചേരൂരിലെത്താൻ രണ്ടു വഴികളുണ്ട്. ഒന്നുകിൽ റോഡ് മാർഗം. അല്ലെങ്കിൽ പാടത്തുകൂടി അരിവാൾ തോട് പാലം വഴി. റോഡിൽ നിന്നും പാടത്തിറങ്ങി അല്പം നടന്നാൽ ഒരു ലക്ഷം വീട് കോളണിയുണ്ട്. അതിലൂടെ വേണം യാത്ര തുടരാൻ.
മിക്കവാറും സൈക്കിളിൽ ഡബിളും ത്രിബിളും ഒക്കെയായിട്ടാകും സംഘം സിനിമക്കുപോക്കും വരവും. അന്ന് ചെമ്പൂക്കാവ് ഇറക്കം കഴിഞ്ഞപ്പോൾ സംഘം ഒരു ബീഡി ബ്രേക്കിന് സൈക്കിൾ സ്‌റ്റാൻഡിലിട്ടു റോഡരുകിൽ പാർക്ക് ചെയ്തു. ഒരു കാജാബീഡിക്കു തീ കൊളുത്തി രണ്ടാംപുക വിട്ടുകൊണ്ടിരിക്കെ ശോഭന്റെ മസ്തിഷ്കത്തിൽ മൈക്കിൾ ജാക്സൺ സ്റ്റെപ്പിട്ടു. അടുത്ത ചോദ്യം കുമാരേട്ടനോട്.
"കുമാരേട്ടാ ഒറ്റക്ക് അടിവസ്ത്രം മാത്രമിട്ട് പാടത്തുകൂടി ചേറൂര് എത്താമോ" എന്ന്. സംഗതി സക്സ്സസ് ആയാൽ പത്തു രൂപ പാരിതോഷികവും പ്രഖ്യാപിക്കപ്പെട്ടു.
"വള്ളൂ വാവാ എന്ന് വിളിച്ചാൽ തൊള്ള തുറന്നു പറന്നുവരും" എന്നു കുഞ്ചൻ പാടിയപോലെ പാരിതോഷികം എന്ന് കേട്ടാൽ കുമാരേട്ടൻ ഉറക്കത്തിലും ചാടി എണീറ്റ് അരയും തലയും മുറുക്കും. ഇവിടെയും അത് സംഭവിച്ചു. മുന്നും പിന്നും നോക്കാതെ കള്ളിമുണ്ടും ഷർട്ടും ഊരി സംഘത്തെ ഏല്പിച്ചു കുമാരേട്ടൻ പാടത്തേക്കിറങ്ങി. ഭൂതഗണങ്ങൾ സൈക്കിളിൽ കയറി റോഡ് മാർഗ്ഗം
പെരിങ്ങാവ് വഴി നേരെ അറുപതു കി.മീ. പെർ അവറിൽ ചേറൂരിലെ കുറുപ്പിന്റെ വീട്ടിലെത്തി. ഫോൺ കറക്കി കോളനിയിലെ സംവരണ സീറ്റിൽ ജയിച്ച പഞ്ചായത്ത് അംഗം സുബ്രനെ വിളിച്ചു.
അനോണിമസ് കാളായി ഒരു കറുത്ത് തടിച്ച കള്ളൻ അടിവസ്ത്രധാരി സംശയാസ്പദമായ സാഹചര്യത്തിൽ അവിടെ കറങ്ങിനടക്കുന്നുണ്ടെന്നും സൂക്ഷിച്ചോളാനും പറഞ്ഞു.
പിന്നെ കുറെ കഴിഞ്ഞിട്ടും കുമാരേട്ടനെ കാണാതെ കോളനിയിലേക്ക് പോയ സംഘം കണ്ടത് തരക്കേടില്ലാതെ കൈകാര്യം ചെയ്യപ്പെട്ട ശേഷമുള്ള വിചാരണയിൽ കാര്യത്തിന്റെ സത്യാവസ്ഥ അറിയുന്നത് വരെ പൊതുജന സമക്ഷം സുബ്രന്റെ വീട്ടു മുറ്റത്തെ തെങ്ങിൽ കെട്ടിയിടപ്പെട്ട കുമാരേട്ടനെയാണ്.
സംഭവം കേട്ട ശേഷം ഡ്രൈവർ ശശി സ്നേഹപൂർവ്വം ഉപദേശിച്ചത് നമ്മള് എപ്പഴും ചെറിയ ചെറിയ പ്രലോഭനങ്ങളിൽ കുടുങ്ങി
"അളേലിരിക്കുന്ന പാമ്പിനെ എടുത്തു് എവിടെയോ വെക്കാൻ പാടില്ല്യ" ന്നാണ്.