മൂന്നാറിൻറെ മലമടക്കുകളിൽ നിന്നും ഒരു സർക്കാർ ഉദ്യോഗം നേടിയെടുത്ത് എൻറെ പിതാവ് നോക്കെത്താദൂരത്തോളം വിളഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങളുള്ള ആ ഗ്രാമത്തിലേക്ക് ചേക്കേറുമ്പോൾ, ഞാൻ തമിഴ് മാത്രം സംസാരിക്കുന്ന ഒരു കുട്ടിയാണ്.
സ്വർഗ്ഗ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന കന്യാസ്ത്രീകൾ നടത്തുന്ന ഒരു നഴ്സറിയിലാണ് ഞാൻ അക്ഷരം പഠിച്ചു തുടങ്ങുന്നത്. ഏത് അക്ഷരം എഴുതാൻ ആവശ്യപ്പെട്ടാലും ഞാൻ 'റ' മാത്രമേ എഴുതുമായിരുന്നുള്ളു.
വെളുത്ത കുട്ടികളുടെ കൂടെ ഉണ്ട കണ്ണുള്ള കറുത്ത കുട്ടിയായി ഞാൻ പേടിച്ചു നിൽക്കുമ്പോൾ, പേര് ഓർമ്മയില്ലാത്ത ആ മാലാഖ ടീച്ചർ എന്നെ 'റ' യിൽ നിന്നു തന്നെ 'ക' എഴുതുവാനും 'റ' യിൽ നിന്ന് ആരംഭിച്ച് 'പ' എഴുതുവാനും, പിന്നെ ഓരോരോ അക്ഷരങ്ങളും പഠിപ്പിച്ചു.
ലോകം എന്താണെന്നറിയാത്ത ആ പ്രായത്തിൽ ആർദ്രതയോടെ എന്നെ കൈപിടിച്ച് എഴുതിച്ച് ഇന്ന് അക്ഷരങ്ങളുടെ ലോകത്തിലേക്ക് കൺതുറപ്പിച്ച ആ മഹതിക്ക് ആദ്യ ഗുരുവന്ദനം!
ഒന്നാം ക്ലാസിലെ ഓണ പരീക്ഷയ്ക്ക് സ്ലേറ്റിൽ 'മുട്ട' കിട്ടിയപ്പോൾ അടക്കാനാവാത്ത സങ്കടം കൊണ്ട് ഞാൻ നിന്ന് കരഞ്ഞു. ഓടിവന്ന് കണ്ണുനീർ തുടച്ച് എൻറെ സ്ലേറ്റ് വാങ്ങി മുട്ടയ്ക്ക് കണ്ണും മൂക്കും വരച്ച് 'റ' ആകൃതിയിൽ വായ വരച്ച എൻറെ കയ്യിൽ തന്നപ്പോൾ എനിക്കുണ്ടായ കൗതുകം തീരുംമുമ്പേ 'റ' മായ്ച്ച് ചന്ദ്രക്കല വരച്ചപ്പോൾ, മുൻപത്തെ 'കരയുന്ന മുഖം ചിരിക്കുന്ന' അത്ഭുതം കാട്ടിത്തന്ന തങ്കമ്മ ടീച്ചർക്ക് വന്ദനം! കണക്കിന്റെ മാത്രമല്ല ചിത്രകലയുടെയും മാസ്മരിക ലോകം എനിക്കു മുമ്പിൽ തുറന്നിട്ടതിന്.
ലോകത്തിലെ മുഴുവൻ വിശേഷങ്ങളും സാമൂഹികപാഠം ക്ലാസ്സുകളിൽ ഞങ്ങൾക്ക് മുൻപിൽ വിളമ്പിയ, സാഹിത്യം തുളുമ്പുന്ന കഥാപ്രസംഗങ്ങളുടെ ആശാൻ ദിവാകരൻ സാറിന് വന്ദനം. സമൂഹത്തെ എങ്ങനെ നോക്കി കാണണം എന്ന് പഠിപ്പിച്ച മഹാനുഭാവൻ!
ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് ഹൈസ്കൂൾ വിദ്യാർത്ഥിയായി മറ്റൊരു സ്കൂളിലേക്ക് മാറ്റേണ്ടിവന്നു. അവിടെ ഒരു ദിവസം, കലോത്സവവേദിയിൽ കവിതാരചന മത്സരത്തിനു കടന്നുചെന്ന എന്നെ കണ്ട് ചുരുണ്ട മുടിയുള്ള ഒരു മെലിഞ്ഞ അധ്യാപകൻ തടഞ്ഞു: " എവിടെ പോകുന്നു...?
"..... കവിതാരചനാ മത്സരത്തിന്.! "
"..... അതിന് നീ കവിത എഴുതുമോ ..?
"ങും.. എന്നാൽ ചെല്ല് ..."മത്സരത്തിന് ഒന്നാം സ്ഥാനം കിട്ടിയപ്പോൾ പിന്നീടങ്ങോട്ട് അദ്ദേഹത്തിൻറെ നോട്ടപ്പുള്ളിയായി ഞാൻ മാറുകയായിരുന്നു. ഹൈസ്കൂൾ മലയാളം വിഭാഗത്തിന്റെ ചുമതലയുള്ള, അത്ര ആഴത്തിൽ ഞങ്ങളെ ഭാഷ പഠിപ്പിച്ച, കവിതകൾ ചൊല്ലി മലയാളം ക്ലാസുകളെ കുളിരണിയിച്ച, മലയാളം സാറിന് വന്ദനം !
പത്താം ക്ലാസിൽ ആദ്യത്തെ പത്ത് മിനിറ്റ് തലേന്നത്തെ പാഠത്തിൽ നിന്നുള്ള ചോദ്യമാണ്. ബേബി സാർ ബെഞ്ചിന്റെ ഒരറ്റത്തു നിന്നും ചോദ്യം തുടങ്ങും. അറിയില്ലെങ്കിൽ എണീറ്റ് നിന്നാൽ മതി. ഉത്തരം പറയുന്നവർക്ക് ഇരിക്കാം. ഇരുന്നവരോട് അടുത്ത റൗണ്ടിലും ചോദ്യം വരും. അല്പസമയത്തിനുള്ളിൽ ക്ലാസിലെ മുഴുവൻ പേരും എഴുന്നേറ്റിട്ടുണ്ടാവും. ഒന്നോ രണ്ടോ പേർ ഇരിക്കുന്നുണ്ടെങ്കിൽ തന്നെ അവർ ആലില പോലെ വിറയ്ക്കുന്നുണ്ടാവും.
പിന്നെ എഴുന്നേറ്റു നിൽക്കുന്നവർ നിരനിരയായി ബ്ലാക്ക് ബോർഡിലേക്ക് തിരിഞ്ഞു നിൽക്കണം. ചൂരൽവടി സാറിന് ഉയർത്താവുന്നത്റ ഉയരത്തിൽ നിന്നും ചന്തിയിലേക്ക് പതിക്കും. രണ്ടുതവണ! ബെഞ്ചിൽ പോയിരുന്നാൽ എങ്ങനെ ഇരിപ്പു റയ്ക്കാനാണ്.
പെൺകുട്ടികൾക്ക് കൈവെള്ളയിൽ ആണ് അടി. അടിക്ക് മുമ്പ് തന്നെ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിട്ടുണ്ടായിരിക്കും.
അങ്ങനത്തെ ഒരു 'അടിദിവസം' അടിക്കാൻ ചൂരൽ ഓങ്ങുന്നതിന് മുമ്പ് അദ്ദേഹം എന്നോട് ചോദിച്ചു: "എന്താണ് നിൻറെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ...?..…പനിയാണോ?
എനിക്ക് ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല. "...പോയിരിക്ക് .."
അടിയിൽ നിന്നും ഞാൻ ഒഴിവാക്കപ്പെട്ടിരിക്കുന്നു!!! കൊല മരത്തിൽ നിന്നും ആരാച്ചാരുടെ ദയ ലഭിച്ച ഒരു മഹാത്ഭുതം പോലെ. പക്ഷേ ബേബി സാർ, താങ്കൾ പഠിപ്പിച്ച ഒരു കാര്യങ്ങളും ഞങ്ങൾ മറന്നിട്ടില്ല. ഇന്ന് സമപ്രായക്കാർ മനസ്സിലായിട്ടില്ല എന്ന് പറയുന്ന എത്രയോ ഭൗതികശാസ്ത്ര വിഷയങ്ങൾ താങ്കൾ മാന്ത്രിക വിദ്യയിൽ എന്ന പോലെ ഞങ്ങൾക്ക് സരളമായി മനസ്സിലാക്കി തന്നിരിക്കുന്നു.
കണ്ണുകളിൽനിന്നും ഭാവങ്ങൾ അളന്ന് അധ്യാപകൻറെ സ്ഥാനം പിതാവിൽ നിന്നും മാതാവിൽ നിന്നും ദൈവത്തോളം തന്നെയാണെന്ന് തെളിയിച്ച ബേബി സാറിനും വന്ദനം.
പ്രീഡിഗ്രിക്കാലം! പ്രഭാത സൂര്യകിരണങ്ങൾ മണ്ണിലേക്ക് വീഴും മുമ്പേ, ചുവന്ന വാക പൂക്കൾ വീണുകിടക്കുന്ന വഴിയിലൂടെ, കോളേജിലേക്കുള്ള കയറ്റം കയറുമ്പോൾ, എ ആർ റഹ്മാൻ എന്ന മാന്ത്രിക സംഗീതജ്ഞൻറെ ഗാനങ്ങളുടെ ശീലുകൾ മനസ്സിൽ നിറഞ്ഞ് പൊട്ടാറായിട്ടുണ്ടാവും; ഈ നിറഞ്ഞ മനസ്സിലേക്ക് പിന്നെ എങ്ങനെയാണ് പാഠം കയറുന്നത്?!
സിസ്റ്റർ വിൻസിയുടെ കെമിസ്ട്രി ക്ലാസ് ആയിരുന്നു ആദ്യ ദിവസം. മലയാളം മീഡിയത്തിൽ നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്ക് കയറിച്ചെല്ലുമ്പോൾ വാക്കുകൾ അമ്മാനമാടുന്ന വിൻസി സിസ്റ്ററിൻറെ ഇംഗ്ലീഷ് തീർത്തത് ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത ഒരു മായിക പ്രപഞ്ചം!
യുവത്വത്തിൻറെ തുടിപ്പും പ്രസരിപ്പും നിറഞ്ഞ ദിവസങ്ങൾ.
ടീച്ചർക്കും പിറ്റേന്ന് ചോദ്യം ചോദിക്കുക എന്ന അസുഖം ഉണ്ടായിരുന്നു. ചോദ്യത്തിന് 'കണ്ണും മിഴിച്ച് നിൽക്കുക 'എന്ന എൻറെ രോഗത്തിനും കുറവ് വന്നിട്ടുണ്ടായിരുന്നില്ല. ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം എന്നോട് ടീച്ചർ പതിവുപോലെ ചോദ്യം ചോദിച്ചപ്പോൾ ഞാൻ മിണ്ടാതെ നിന്നു.
"എന്താ പഠിക്കാത്തത്...? പെട്ടെന്ന് വായിൽ വന്നത് "ബുക്ക് മേടിച്ചില്ല..." എന്നായിരുന്നു. "എന്താ മേടിക്കാത്തത്...?
മറുപടി ഇല്ലാത്ത ചില നിമിഷങ്ങൾ
"... ഇരുന്നോളൂ..."
ആശ്വാസം ! ! ഇൻറർ വെല്ലിന് പൃൂൺ വന്നുപറഞ്ഞു: " കെമിസ്ട്രി ഡിപ്പാർട്ട്മെൻറ് ലേക്ക് വിളിക്കുന്നു."
നെഞ്ചിടിപ്പോടെ സിസ്റ്റർ വിൻസിക്ക് മുമ്പിൽ നിന്നപ്പോൾ സിസ്റ്റർ വിൻസി അലമാര തുറന്ന് ഒരു പുതിയ കെമിസ്ട്രി പുസ്തകം എനിക്ക് നേരെ നീട്ടി. ഞാൻ പണമില്ലാത്ത വീട്ടിലേതായിരിക്കുമെന്നും കഷ്ടപ്പാടിന് ഒരു സഹായം ആയിക്കോട്ടെ എന്നും കരുതി അവർ എനിക്ക് ആ വിലകൂടിയ പുസ്തകം തന്നിരിക്കുകയാണ്.
എങ്ങനെയാണ് ഞാൻ നന്ദി പറയേണ്ടിയിരുന്നത്...? എന്ന് ഇപ്പോൾ ചിന്തിക്കുന്നു. എന്നാൽ അന്ന് അങ്ങനെ ആയിരുന്നില്ലതാനും.
പിന്നീടും പഠിക്കുന്നതിന്റെ യാതൊരു ലക്ഷണവും കാണാത്തതുകൊണ്ട് സിസ്റ്റർക്ക് മനസ്സിലായി: 'വെറുതെ ഒരു പുസ്തകം പോയി' എന്ന്. എന്നിട്ടും ടീച്ചർ വിട്ടില്ല, എല്ലാ ശനിയാഴ്ചയും കെമിസ്ട്രി പുസ്തകവുമായി കോളേജിനോട് ചേർന്നുള്ള കോൺവെൻറ് ലേക്ക് ചെല്ലണം.
ആ കഴിഞ്ഞ ആഴ്ചയിലെ പാഠങ്ങൾ എല്ലാം പഠിച്ചു തീർത്തിട്ടേ അവർ വിടുമായിരുന്നുള്ളൂ. കോൺവെൻറ്ലെ വരാന്തയിലെ നീണ്ട ബെഞ്ചിലിരുന്നു പഠിച്ച് ഉറക്കംതൂങ്ങി ഇരിക്കുമ്പോൾ, കോളേജിൽ പഠിക്കുന്ന ഹോസ്റ്റൽ വാസി പെൺകുട്ടികൾ എന്നെ നോക്കി അടക്കി ചിരിച്ചു കടന്നുപോകും. മറക്കാനാവാത്ത ദിവസങ്ങൾ! നന്ദി സിസ്റ്റർ വിൻസി.
ഗവൺമെൻറ് പോളിടെക്നിക് കോളജിൽ പഠിച്ച ഞങ്ങൾക്കാർക്കും മറക്കാനാകാത്ത ഒരു വ്യക്തിത്വമുണ്ട്- ഏലി ടീച്ചർ. കേരളത്തിലെ കുടുംബങ്ങളിൽ ദാരിദ്ര്യത്തിന്റെ കരിപുരണ്ടിരുന്ന ആ പഴയകാലത്ത്, കഷ്ടപ്പാടുകളോട് പടവെട്ടി എൻജിനീയറിങ് ബിരുദം സമ്പാദിച്ച്, ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറ് എച്ച് ഓ ഡി ആയി വിരമിച്ച ആ സാധു സ്ത്രീ! ഇന്നവരുടെ മകൾ എൻജിനീയറിങ് ടീച്ചിഗ് ഫീൽഡിൽ സജീവമാണ്.
ഇലക്ട്രിക്കൽ വർക്ക് ഷോപ്പിൽ ഇവിടെ ഞാൻ എൻറെ വിദ്യാർത്ഥികളോട് സംവദിക്കുമ്പോൾ അവർ പകർന്നുതന്ന ഊർജ്ജം വെളിച്ചമാകുന്നു! നന്ദി ടീച്ചർ ഏലി!