കർക്കിടകമാസം രാമായണ മാസം ആയി ആചരിക്കാൻ തുടങ്ങിയിട്ട് അധികകാലം ഒന്നും ആയിട്ടില്ല. എന്നാൽ രാമായണവും വാത്മീകിയും അതിലെ കഥാപാത്രങ്ങളും ബാല്യം മുതലേ പരിചിതരായിരുന്നു. അതിനു കാരണങ്ങൾ പലതാണ്. അതിലൊന്ന് ഇവിടെ പറയാം.
പ്രധാനമായും രാമായണം പരിചയപ്പെട്ടത് അമ്മയുടെ കർക്കിടമാസത്തിലുള്ള രാമായണപാരായണം കൊണ്ടായിരുന്നു. മാസം തുടങ്ങിയാൽ ഒന്നാം തീയതി മുതൽ അമ്മ രാമായണവായന ആരംഭിക്കാറുണ്ട്. മാസം അവസാനിക്കുമ്പോഴേക്കും ഒരുവട്ടം വായന തീർന്നിരിക്കും. എന്നാൽ പലതവണ രാമായണം ആ ഒരു മാസത്തിൽ പാരായണം ചെയ്യുന്നവരും ഉണ്ടായിരുന്നു.
രാവിലെ അടുക്കള പണികളെല്ലാം കഴിഞ്ഞ് മറ്റുള്ളവർക്കെല്ലാം ഊണു വിളമ്പിക്കൊടുത്തു വീട്ടിലെ മറ്റ് സ്ത്രീജനങ്ങളോടൊപ്പം ഊണുകഴിഞ്ഞ് ഉച്ചക്ക് ശേഷമാണ് അമ്മ രാമായണം വായിക്കാൻ ഇരിക്കുക.
നിലവിളക്ക് കത്തിച്ച് വെച്ച് പുല്പായയിലിരുന്ന് അമ്മ ഈണത്തിൽ രാമായണം ചൊല്ലുമ്പോൾ കുട്ടികളായ ഞങ്ങൾ എല്ലാവരും ചുറ്റും ചെന്നിരിക്കും. കുറച്ചുനേരം അടങ്ങിയിരിക്കുമെങ്കിലും പിന്നീട് വിളക്കിൻ തിരികളിൽ നിന്നും ഈർക്കിൽ കത്തിക്കുകയോ അതുപോലുള്ള മറ്റ് കുസൃതികൾ ഒപ്പിക്കുകയോ ചെയും. അപ്പോൾ രാമായണം വായിക്കുന്ന സ്ഥലങ്ങളിൽ രാമായണം കേൾക്കാൻ രാമഭക്തനായ ഹനുമാൻ വന്നിരിക്കാറുള്ള കാര്യം അമ്മ വീണ്ടും വീണ്ടും ഓർമിപ്പിക്കും. രാമായണ വായന തടസ്സപ്പെടുത്തുന്നവരെ ഹനുമാൻ ചെകിട്ടത്ത് അടിക്കുമെന്ന ഭയപ്പെടുത്തലും കൂടെയുണ്ടാകും. എന്തായാലും ഇത് കേട്ടാൽ ഞങ്ങൾ എല്ലാവരും കുറച്ച് നേരത്തേക്ക് ഒന്ന് അടങ്ങും.
ഇടക്കിടെ വിളക്കിലെ തിരിനീട്ടി കയ്യിൽ പറ്റിയ എണ്ണ തലമുടിയിൽ തുടച്ചു ഭക്തിയോടെ മണിക്കൂറുകളോളം അമ്മ രാമായണം വായിക്കാറുണ്ടായിരുന്നു. 'വയലിൽതകര' അങ്ങനെയാണ് കേട്ടിട്ടുള്ളത്. ആ വാക്കിൽ ഉള്ള ഏതെങ്കിലും ഒരക്ഷരം വരുന്നിടത്തു മാത്രമേ രാമായണപാരായണം അവസാനിപ്പിക്കാൻ പാടുള്ളൂവെന്നും അമ്മ പറഞ്ഞാണ് അറിഞ്ഞിട്ടുള്ളത്.
വായന കഴിഞ്ഞാൽ ചില ഭാഗങ്ങൾ ഞങ്ങൾക്ക് മനസ്സിലാക്കാൻ പാകത്തിൽ പറഞ്ഞു തരുന്ന പതിവും അമ്മക്കുണ്ടായിരുന്നു. ഒരിക്കൽ കേട്ട കഥകൾ വീണ്ടും വീണ്ടും പറയിപ്പിക്കുമായിരുന്നൂ. കഥ കേൾക്കുന്നത് പലപ്പോഴും ഞങ്ങളിലോരാളെ മടിയിൽ കിടത്തി തലയിൽ പേൻ നോക്കികൊണ്ടായിരിക്കും. പലപ്പോഴും തലമുടിയിഴകളിൽ വിരലോടിച്ചു പറയുന്ന കഥകൾ പാതിമയക്കത്തിലേവിടെയെങ്കിലും വെച്ച് കേൾക്കാതാകുന്നതാണ് സംഭവിക്കാറുള്ളത്.
ഇന്നും അമ്മ വായിച്ചിരുന്ന രാമായണഗ്രന്ഥം വ്യക്തമായി ഓർക്കുന്നു. ശ്രീരാമപട്ടാഭിഷേകത്തിൻറെ ചിത്രവും മറ്റു ചില കഥാസന്ദർഭങ്ങളും പുസ്തക താളുകളിൽ അവിടവിടെയായി കൊടുത്തിട്ടുണ്ടായിരുന്നു. ചുവന്ന തുണിയിൽ പൊതിഞ്ഞ ചട്ടയിലെ കറുത്ത നിറത്തിൽ വരച്ച സീതാസമേതനായ ശ്രീരാമരൂപം ഇന്നും മനസ്സിൽ മങ്ങാതെ നിൽക്കുന്നുണ്ട്.
പ്രായമായിട്ടും കർക്കിടമാസത്തിൽ ഉള്ള ആ പതിവ് കഴിഞ്ഞ വർഷം വരെ അമ്മ തെററിച്ചിരുന്നില്ല. അത് പോലെ തന്നെ കർകിടകമാസത്തിലെ ശീബോതി( ശ്രീ ഭഗവതി) വെക്കാൻ വൈകീട്ട് തൊടിയിൽ നിന്നും ദശ പുഷ്പങ്ങൾ ശേഖരിക്കുന്നതും അമ്മ ഒരിക്കലും മുടക്കിയതായിട്ട് അറിവില്ല.
എന്നാൽ ഈ വർഷം അമ്മയും ജ്യേഷ്ഠനും ഇല്ലാത്ത ആദ്യത്തെ കർകിടകമാണ്. രാമായണപാരായണവും നാലമ്പല ദർശനവും ശീബോതി വെക്കലുമൊക്കെ വേദന തരുന്ന ഓർമ്മകളായി മാറിക്കഴിഞ്ഞു. ഭൂതകാലം തരുന്ന വിങ്ങലുകൾ തേങ്ങലുകളായി പരിണമിക്കാറുള്ള ദിനങ്ങളിലാണിപ്പോൾ ജീവിതം. ദുഃഖം തളം കെട്ടി നിൽക്കുന്ന ജീവിതത്തിൽ അവരോടൊത്ത് ആ കാലത്തിൽ ജീവിക്കുന്നതിപ്പോൾ ഉറക്കത്തിൽ വഴി തെറ്റി വരുന്ന ഒറ്റപ്പെട്ട സ്വപ്നങ്ങളിൽ മാത്രം. കാലം ചിലപ്പോൾ അതും കവർന്നെടുത്തേക്കാം സംസാര സാഗരത്തിൽ തീർത്തും തനിച്ചാക്കാൻ.