മഴയുടെ ഏറ്റവും പഴക്കമുള്ള ഓർമ്മ മഴയുടെ താളത്തിൽ മൂടിപ്പുതച്ചുറങ്ങിയതിന്റേതല്ല, ഓല മേഞ്ഞ വീടിന്റെ ദ്രവിച്ചു തുടങ്ങിയ മേൽക്കൂരയിൽ കൂടി അകത്ത് നിരത്തി മെച്ച പാത്രങ്ങളിലേക്ക് മഴത്തുള്ളി ഇറ്റിറ്റു വീഴുന്ന ശബ്ദത്തിന്റേതാണ്.
ശരീരത്തിൽ വെള്ളമുറ്റി വീഴുമ്പോൾ ഉറക്കമുണർന്ന പാതിരാവുകളിൽ ഉറക്കച്ചടവുമായി, കിടന്ന കൈതോലപ്പായും ചുരുട്ടി വെള്ള മുറ്റാത്തൊരിടം തേടിയുള്ള അന്വേഷണത്തിന്റേതാണ്. മഴയെത്തും മുമ്പെ വീട് കെട്ടി മേയാൻ ശേഷിയുണ്ടായിരുന്നത് നാട്ടിലെ വളരെ ചുരുക്കം കുടുംബങ്ങൾക്ക് മാത്രമായിരുന്നു. ഞങ്ങൾ ആ ഗണത്തിൽ പെടാത്തത് കൊണ്ട് എല്ലാ വർഷവും മഴ ഞങ്ങളുടെ ഉറക്കപ്പായയിലും പെയ്തിരുന്നു.
വർഷാവർഷങ്ങളിൽ മഴയെത്തും മുമ്പെ മേൽക്കൂര കെട്ടി മേയാനുള്ള ഓല സംഘടിപ്പിക്കുകയെന്നത് ഓരോ കുടുംബത്തിന്റെയും വേവലാതിയായിരുന്നു. ഇതിന് സഹായം ചെയ്യുകയെന്നതും, അപ്രതീക്ഷിതമായി മഴ വരുന്ന സമയത്ത്, മാറ്റി മേയാൻ മേൽക്കൂര പൊളിച്ചിട്ട വീടുകൾ മൂടാൻ സഹായിക്കുന്നതും നാട്ടിലെ ഏറ്റവും പ്രധാന സാമൂഹ്യ പ്രവർത്തനങ്ങളിലൊന്നായിരുന്നു. പച്ചയോലകൾ വാങ്ങി മെടഞ്ഞും, ഉണക്ക യോലകൾ വെള്ളത്തിൽ കുതിർത്ത് നിവർത്തി മടഞ്ഞെടുത്തുമാണ് തയ്യാറാക്കിയിരുന്നത്. കുളിക്കാൻ ഉപയോഗിക്കുന്ന തോടിന്റെ ഒരു ഭാഗത്ത് തന്നെ ഓലയും കുതിർക്കാൻ കെട്ടുകളാക്കി കൊണ്ടിടുമായിരുന്നു. തിമിർത്തു കളിച്ച് കുളിച്ചിരുന്ന കുട്ടിക്കാലത്ത്, കുതിർക്കാനിട്ട ഓലക്കെട്ടുകളിൽ കയറി മറിയുമ്പോൾ കെട്ടഴിഞ്ഞ് ഒലിച്ചു പോയ ഓലകളുടെ പേരിൽ തോട്ടു വക്കിലെ വഴക്കുകൾ പതിവായിരുന്നു. കുതിർത്ത ഓലകൾ കെട്ടുകളാക്കി തലയിൽ വെച്ച് കൊണ്ടു വരുമ്പോഴുള്ള ചെളിയുടെയും ചീഞ്ഞ ഓലയുടെയും ചേർന്നുള്ള മണമിന്നും അനുഭവപ്പെടുന്നുണ്ട്. രാത്രിയിൽ വീട്ടിലെല്ലാവരും കൂടി, പ്രത്യേകിച്ച് സ്ത്രീകൾ ആയിരുന്നു ഈ ഓലകൾ മെടഞ്ഞു തീർത്തിരുന്നത്. സീസണാവുമ്പോൾ ഓലക്കച്ചവടം നടത്തുന്നവരും നിരവധിയായിരുന്നു. മലയോര മേഖലകളിൽ നിന്ന് ഉണക്ക മോലകൾ മൊത്തമായി ശേഖരിച്ച് നാട്ടിൽ കൊണ്ടുവന്ന് കുതിർത്ത് തോട്ടു വക്കിൽ വെച്ചു തന്നെ മെടഞ്ഞടുത്ത് ഉണക്കി വിൽക്കുകയാണിവർ ചെയ്യുന്നത്. ഒരു മെടൽ ഓലക്ക് കൂലി നിശ്ചയിച്ച് നിരവധി സ്ത്രീകളെ ജോലിക്ക് വെച്ചാണ് ഇത് പൂർത്തീയാക്കിയിരുന്നത്. ഓലമെടയൽ ഇക്കാലയളവിൽ സ്ത്രീകൾക്ക് ഒരു വരുമാന മാർഗവുമായിരുന്നു.
മഴയോടൊപ്പം ഇടിയും മിന്നലുമുള്ള സമയങ്ങളിൽ വീട്ടിലെ അരിവാൾ, കത്തി തുടങ്ങിയ ഇരുമ്പായുധങ്ങൾ മുഴുവൻ ഉമ്മാമ മുറ്റത്തേക്കെറിയുന്നതാണ് മറ്റൊരു മഴയോർമ . മിന്നലേൽക്കാതിരിക്കാനാണെന്ന് പറഞ്ഞാണ് ചെയ്യുന്നതെങ്കിലും ഇതിന്റെ സയൻസ് ഇന്നും മനസിലായിട്ടില്ല.
യു.പി ക്ലാസ് പൂർത്തിയാവുന്നത് വരെയുള്ള കാലത്തെ മഴയെക്കുറിച്ചുള്ള ഓർമ്മകൾ ചികഞ്ഞെടുക്കാൻ കഴിയുന്നെങ്കിലും അതിലെവിടെയും ഒരു കുട പോലും നിവർത്തിയെടുക്കാനാവുന്നില്ല. വീടിനടുത്തു തന്നെയുള്ള വിദ്യാലയത്തിലായിരുന്നതിനാൽ മഴ ഒരു പ്രശ്നമായിട്ടുണ്ടാവില്ലെന്ന് ആശ്വസിക്കാനാണെനിക്കിഷ്ടം. ഹൈസ്കൂൾ കാലത്തേതാണ് കുടയോർമ്മ. ഡബിൾ ഫോൾഡ് കുടകൾ ഫാഷനായി കുട്ടികൾ കൊണ്ടുവന്നിരുന്ന ആ കാലത്ത് എന്റെ നീളൻ കുട എന്നിലുണ്ടാക്കിയ അപകർഷതാബോധം പലപ്പോഴും കുടയെടുക്കാതെ പോവാൻ കാരണമായി.
കയറ്റിറക്ക് തൊഴിലാളിയായിരുന്നതിനാൽ ഉപ്പ ജോലി കഴിഞ്ഞ് തിരിച്ചെത്തുന്ന സമയത്തിന് കൃത്യതയുണ്ടായിരുന്നില്ല. മരമോ, റബ്ബർ ഷീറ്റോ ലോഡ് ചെയ്യാനുള്ള ദിവസങ്ങളിൽ പ്രത്യേകിച്ചും. മഴയും കാറ്റുമുള്ള രാത്രികളിൽ പാതിരാ കഴിഞ്ഞിട്ടും എത്താത്ത ഉപ്പയെയും കാത്ത് മണ്ണെണ്ണ വിളക്കണക്കാതെ കാത്തിരുന്ന രാവുകൾ ഇപ്പോഴും ഉണർന്നിരിക്കുന്നുണ്ട്. ആശയ വിനിമയ സൗകര്യമോ , വൈദ്യുതി പോലുമോ ഇല്ലാതിരുന്ന ഞങ്ങളുടെ കുഗ്രാമത്തിൽ നിന്ന് , ഉപ്പ ജോലി ചെയ്തിരുന്ന ചെമ്പ്ര ഭാഗത്തേക്ക് ജോലിക്ക് പോയി തിരിച്ചെത്തിയവരുടെ പലരുടെയും വീടുകളിൽ പോയി , ഉപ്പ വരാൻ വൈകുന്ന രാത്രികളിൽ ഉപ്പയെ കണ്ടിരുന്നോയെന്ന് അന്വേഷിക്കുമായിരുന്നു. അവസാനം ഓരിയിടുന്ന പട്ടികളുടെ ശബ്ദം മാത്രം കേൾക്കുന്ന ആ പെരുമഴയുള്ള പാതി രാത്രികളിൽ കയ്യിൽ ഒരു ചിരട്ടയുടെ പോലും സംരക്ഷണമില്ലാതെ കത്തിച്ചു പിടിച്ച മെഴുകുതിരിയും ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ശരീരത്തോട് ചേർത്തുപിടിച്ച, രാവിലത്തെ ദോശക്കുള്ള മൈദയുടെ പൊതിയും, ഒരു കെട്ട് ദിനേശ് ബീഡിയുമായി വിറച്ച് കൊണ്ട് കയറിവന്നിരുന്ന ഉപ്പ. അതും ഒരു മഴയോർമ്മയാണ്.
ബി.എഡിന് പഠിക്കുന്ന കാലം. പിറവം റോഡ് റയിൽവേ സ്‌റ്റേഷനിൽ നിന്ന് രാത്രി 12 മണിക്ക് ശേഷമുള്ള ഒരു ട്രെയിനിൽ നാട്ടിലേക്ക് വരാൻ കൗണ്ടറിൽ നിന്ന് ടിക്കറ്റെടുക്കാനുള്ള ക്യൂവിലാണ്. നല്ല മഴയുണ്ട്. പോക്കറ്റിൽ കരുതിയിരുന്ന 50 രൂപ നോട്ട് കാണാനില്ല. പരിചയക്കാരാരുമില്ലാത്ത ഒരിടത്ത് പാതിരാത്രിയിൽ താമസസ്‌ഥലത്തേക്ക് തിരിച്ചു പോകാനുള്ള ധൈര്യവുമില്ല. അതിനിടെ, എന്റെ പരിഭ്രമം കണ്ടിട്ടാവണം തലയിൽ കൂടിയടക്കം എന്തോ പുതച്ചിരിക്കുന്ന മധ്യവയസ്കനായ ഒരാൾ ഇടയ്ക്കിടെ എന്നെ നോക്കി കൊണ്ടിരിക്കുന്നു. ഞാൻ കാര്യം പറഞ്ഞു. കോഴിക്കോടേക്കുള്ള ജനറൽ ടിക്കറ്റ് വാങ്ങി കയ്യിൽ തന്ന് ഒന്നും മിണ്ടാതെ, പെട്ടെന്നെത്തിയ അതേ ട്രെയിനിൽ ഏതോ കമ്പാർട്ട്മെന്റിൽ അയാളും കയറിപ്പോയി. ഇപ്പോഴും ട്രെയിൻ യാത്രകളിൽ എന്റെ കണ്ണുകൾ പരതാറുണ്ട് അയാളെ.. വെറുതെ.
ഞങ്ങളുടെ വീട്ടിലേക്ക് പുതിയൊരതിഥിയായ് , ജ്യേഷ്ഠന്റെ കുട്ടിയെ പ്രതീക്ഷിച്ചിരുന്ന സമയം. ജ്യേഷ്ഠന്റെ ഭാര്യയെ പ്രസവത്തിനായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന നാളുകൾ. ഏതു സമയവും ഒരു ശുഭ വാർത്ത പ്രതീക്ഷിച്ചിരുന്ന അന്ന് രാത്രി എത്രയും പെട്ടെന്ന് ആശുപത്രിയിലേക്കെത്തണമെന്ന് പറഞ്ഞ് വന്ന ജ്യേഷ്ഠന്റെ ഫോൺ കോൾ . നാട്ടിലെ സുഹൃത്തിന്റെ ഓട്ടോയിൽ പുലരുവാനടുത്ത സമയത്തെ കോരിച്ചെരിയുന്ന മഴയത്തെ യാത്ര. വഴിയിൽ ഓട്ടോ കേടായി പരിഭ്രമിച്ചു നിന്ന നേരം. ആരുടെയൊക്കെയോ സഹായത്തോടെ ആശുപത്രിയിലെത്തി, നേരം പുലർന്നപ്പോൾ വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞു പെൺകുട്ടിയുടെ മൃതദേഹവും മടിയിൽ വെച്ച് അൻപതോളം കിലോമീറ്റർ സഞ്ചരിച്ച് നാട്ടിലെ പള്ളി ശ്മശാനത്തിൽ ഞങ്ങളുടെ അത്രയും നാളത്തെ പ്രതീക്ഷകൾ മുഴുവൻ ഖബറടക്കി വീട്ടിൽ തിരിച്ചെത്തുമ്പോഴും പെയ്യുന്നുണ്ടായിരുന്നു ഒരു മഴ...
ആ മഴ ഇന്നേ വരെ തോർന്നുമില്ല.