എന്റെ ജീവിത യാത്രയിലെ ആദ്യ സമ്പാദ്യം എന്റെ നാട്ടിലെ ആ കൊപ്പ്ര കളത്തിൽ നിന്നായിരുന്നു...
ഒരു വെള്ളിയാഴ്ച ദിവസം 10 രൂപയുമായി ഇറച്ചി വാങ്ങിക്കാൻ ചെന്നപ്പോഴാണ് വടക്കൻ അലവിക്കാക്കയുടെ പീടിക തിണ്ണയിലെ ബെഞ്ചിലിരുന്ന് എന്റെ സഹോദരൻ ഉബൈദ് ഉണ്ടമ്പൊരിയും, ചായയും കഴിക്കുന്നത് കാണാൻ ഇടയായത്. കൊതിയോടെ ഞാൻ ഓടിചെന്ന് ഒരു കഷ്ണം ചോതിച്ചെങ്കിലും അവൻ തന്നില്ല, എന്നുമാത്രമല്ല കേട്ട ഭാവംപോലും നടിച്ചില്ല. ഇടക്കിടെ വല്യുപ്പയുടെ കൂടെ വെള്ള ചായയും, അൻപത് പൈസാ വലുപ്പത്തിലുള്ള ഇംഗീഷ് അക്ഷരമാല കൊത്തി വെച്ച ബിസ്ക്കറ്റോ, അവിലു കുഴച്ചതോ കഴിക്കാൻ വേണ്ടി ഇവിടെ വരുമ്പോൾ ചില്ലിട്ട അലമാരയിൽ എന്നെ നോക്കി പുഞ്ചിരിക്കുന്ന മുഴുത്തുരുണ്ട ഉണ്ടമ്പൊരിയും, വീർത്ത് തുടുത്ത പഴംപൊരിയും, എന്നും കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. വെള്ള ബനിയനും അതിനു മുകളിൽ കള്ളിത്തുണിയും കയറ്റി കുത്തി, തലയിൽ തൂവാലയും കെട്ടി, ചട്ടക്കാലിൽ ഏന്തി നിവർന്നു നിന്ന് ശ്രദ്ധയോടെ പൊരികൾ ചുട്ടെടുക്കുന്ന വടക്കൻ അലവികാക്കയും, അതിൽ നിന്നും ഉയരുന്ന നാസേന്ദ്രിയങ്ങളെ മത്ത് പിടിപ്പിക്കുന്ന കൊതിയൂറുന്ന മണവും, പിഡിപി കാക്കാന്റെ കാക്കെണിയെ..!! എന്ന വിളിയും ഇന്നും എന്നിലെ ഗൃഹാതുരത്വം തുളമ്പുന്ന ഓർമ്മകളിൽ ചിലതാണ്.
അങ്ങനെ നിരാശയോടെ നടന്നു നീങ്ങുമ്പോൾ മൂക്കളയും ചീറ്റി, കുടുക്കില്ലാത്ത കുപ്പായത്തിന്റെ തലപ്പിൽ തുടച്ച് പാതി കീറിയ പോളീസ്റ്റർ തുണി മടക്കി കുത്തി എന്റെ പ്രിയ സഹോദരൻ ഉബൈദ് പിന്നാലെ ഓടി വന്നു എന്നോട് പറഞ്ഞു..
അട്ത്ത ബെള്ളിയാഴ്ച ഇജ്ജും പോര് തേങ്ങ ചിക്കാൻ..!! അന്‌ക്കും കിട്ടും ഉണ്ടപ്പോരിം, ചായിം പിന്നെ അഞ്ച് ഉർപ്പിം...!!
അതെന്നെ തെല്ലൊന്നുമല്ല സന്തോഷത്തിലാഴ്ത്തിയത്.
പിന്നീടങ്ങോട്ട് അടുത്ത വെള്ളിയാഴ്ചയിലേക്കുള്ള നീണ്ട കാത്തിരിപ്പായിരുന്നു...
ഏറെ നാളായി ആഗ്രഹിക്കുന്ന ഉണ്ടംപൊരിയും പിന്നെ അക്കാലത്ത് എനിക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത സ്വന്തമായി ലഭിക്കാൻ പോകുന്ന അഞ്ചു രൂപയും, എന്നിലെ പിന്നീടുള്ള ദിവസങ്ങൾക്ക് പോലും ആഴ്ചകളുടെ ദൈർഘ്യം തോന്നി. അന്നത്തെ രാത്രിയിലെ ഉറക്കത്തിന് പോലും വല്ലാത്തൊരു സുഖമായിരുന്നു.
അങ്ങനെ ആ വെള്ളിയാഴ്ച നേരത്തെ തന്നെ ഉമ്മയുടെ കയ്യിൽ നിന്നും ഇറച്ചി വാങ്ങാനുള്ള 10 രൂപയും വാങ്ങി പണ്ടാറപെട്ടി ബീരാൻ ഹാജിയുടെ കളപ്പുരയിലെത്തി.
അന്നവിടെ പതിവിന് വിപരീതമായി അധികമാരെയും കണ്ടില്ല. ഒരുപക്ഷേ ഞാൻ നേരത്തെ എത്തിയത് കൊണ്ടാവാം. തന്ത കാക്കയും, അലവി കാക്കയും, തമ്പി കാക്കയും തേങ്ങ വെട്ടി തുടങ്ങിയിരിക്കുന്നു. ഹാജിയാർ ഒരു ഭാഗത്ത് തേങ്ങ ഉണക്കാനിടുന്നുണ്ട്..
ഞാൻ ചെറു ഭയത്തോടെ അടുത്ത് ചെന്ന് ഹാജിയോട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..
ഞാനും ചിക്കിക്കോട്ടേ എന്ന്...!!?
അപ്പോ ഹാജി ചോതിച്ചു. ഇജ്ജ് ഏതാ...!!?
റാത്തീബിന് ബാപ്പാന്റെ കൂടെ പോയപ്പോൾ കണ്ട പരിജയമാകും തന്തക്കാക്ക പറഞ്ഞു.
അത് ഞമ്മളെ കെണി കുട്ടിയാണെന്ന്..!!!!
ഹാജിയാർ എന്നെ അടിമുടി നോക്കിയിട്ട് കൂടെ കൂടിക്കോളാൻ പറഞ്ഞു.
കുറച്ച് കഴിഞ്ഞ് പതിവുകാർ എല്ലാവരും എത്തി പെട്ടന്ന് തന്നെ ജോലിയും തീർത്ത് വടക്കന്റെ കടയിലേക്ക് എല്ലാവരുടെയും കൂടെ ഞാനും പോയി. പീടികയുടെ അകത്തുള്ള ഒരു ബെഞ്ചിൽ സഹോദരൻ ഉബൈദിന്റേ കൂടെ മാറിയിരുന്ന് ആദ്യമായി മൊരിഞ്ഞ, തവിട്ട് നിറത്തിലുള്ള, പഴവും, ജീരകവും ചേർത്ത ഉണ്ടംപ്പൊരി കൊതിയോടെ ആസ്വദിച്ച് കഴിച്ചു. ഇറച്ചിയും വാങ്ങി നടക്കുമ്പോൾ ഹാജിയാർ മിഠായി വാങ്ങി നാഷമാക്കെരുത് എന്നും പറഞ്ഞ് ഒരു അഞ്ചുരൂപയുടെ മുഷിഞ്ഞ നോട്ട് മടക്കി കയ്യിൽ തന്നു. അതും വാങ്ങി നടക്കുമ്പോൾ ഒരു രാജ്യം പിടിച്ചടക്കിയ ആവേശമായിരുന്നു എനിക്ക്.
ആ അഞ്ച് രൂപയാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ സമ്പാദ്യം.