
'മക്കളെ തനിച്ചാക്കി വീട്ടമ്മ ആത്മഹത്യ ചെയ്തു..'
അച്ഛന്മാർ ഉപേക്ഷിച്ച് പോകുന്നതായ സംഭവങ്ങൾക്ക് കുറവുണ്ടായിട്ടല്ല ഞാൻ ഇത് മാത്രം പറയുന്നത്.. ഞാൻ അറിഞ്ഞിട്ടുള്ള ജീവിതത്തിൽ നിന്നും പറയുന്നു എന്നത് കൊണ്ട് അമ്മയാണ് എന്റെ ചോയ്സ്..
മാതൃകാപരം ആയ കുടുംബം കുട്ടികൾക്ക് കണ്ടു വളരാൻ സൃഷ്ടിച്ചു കൊടുക്കണം.. അതിനു കഴിയുന്നില്ലെങ്കിൽ അച്ഛനും അമ്മയും മനോഹരമായ രണ്ടു വ്യത്യസ്ത ലോകങ്ങൾ കുഞ്ഞുങ്ങൾക്ക് കാണിച്ചു കൊടുക്കണം എന്ന അഭിപ്രായക്കാരി അല്ല ഞാൻ...
ഒരിക്കലും ഒത്തുപോകാൻ കഴിയില്ല എങ്കിലും മക്കളെ ഓർത്തു ഭർത്താവിനോട് ഒത്തുപോകണം എന്ന് പറയുന്നത് സ്വാർത്ഥത ആണ് എന്നുമറിയാം.. ആ അമ്മയ്ക്കും ഉണ്ടാകും നഷ്ട സ്വപ്‌നങ്ങൾ.. ആഗ്രഹങ്ങൾ..
എന്നിരുന്നാലും ആ കുഞ്ഞുമക്കളുടെ മനസ്സാണ് എനിക്ക് പറയാൻ ഉള്ളത്..
എന്റെ പതിനൊന്നാം വയസ്സിൽ മറ്റൊരു ബന്ധം തിഞ്ഞെടുത്തതാണ് അമ്മ.. അച്ഛൻ ഈ ലോകത്തിലേക് വച്ചു ഏറ്റവും നന്മയുള്ള ഏറ്റവും നല്ല The best father ആണ്.. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ വളർത്തി എന്ന് എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്.
അതെ സത്യം ആണ്, ആദ്യമൊക്കെ അമ്മയില്ലാത്ത കുറവ് അറിയിക്കാതെ അച്ഛൻ വളർത്തി. പിന്നീട് ആ കുറവുകൾ ഞങ്ങൾക്ക് തോന്നിയിട്ടില്ല എന്ന രീതിയിലേ അച്ഛനെ കാണിച്ചിട്ടുള്ളു.
എല്ലാ കുട്ടികളും കളിച്ചു നടക്കുന്ന പ്രായം, ഒരു പണിയും ചെയ്യാത്ത മടിച്ചി എന്ന് ഞാൻ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിച്ചിട്ടുണ്ട്.. കാരണം എനിക്ക് വീട്ടിൽ എല്ലാം ചെയ്യാൻ അമ്മ ഇല്ലല്ലോ.. അച്ഛമ്മ ഉണ്ടായിരുന്നു അവർ എല്ലാം ചെയ്യുമ്പോൾ മറ്റുവരുടെ കണ്ണിൽ ഞാൻ വെറും മടിച്ചിയാണ്.. എന്റെ പ്രായം ഉള്ള കസിൻസ് ഒക്കെയും ഇങ്ങനെ ആണ്, വീട്ടുപണികൾ ചെയ്യാറില്ല, കളിച്ചു നടക്കുന്നുണ്ടാവും പക്ഷേ അവർ ആരും മടിച്ചികൾ ആയിരുന്നില്ല.. അവർക്കു അമ്മയുണ്ടല്ലോ..
പതിയെ എല്ലാ പണികളും പഠിച്ചു.. അച്ഛമ്മ മരിച്ചതോടെ എല്ലാം ഒറ്റയ്ക്ക് ശീലിച്ചു.. രാവിലെ കുറെയേറെ പണികൾ ചെയ്തിട്ട് സ്കൂളിലേക്കും കോളേജിലേക്കും പോകേണ്ടി വന്നത് കൊണ്ട് ഇന്ന് ഞാൻ വളരെ വേഗം പണികൾ തീർക്കാൻ പഠിച്ചു..
അമ്മ തീരുമാനിക്കണം എന്റെ മക്കൾക്ക് മറ്റുള്ളവരുടേതിനേക്കാൾ മികച്ച ഒരു അന്തരീക്ഷവും സംരക്ഷണവും കൊടുക്കണം എന്ന്.. തന്റെ സന്തോഷത്തിന്റെ വില ആയി അവരുടെ നല്ല ബാല്യം നഷ്ടം ആക്കരുത് എന്ന്..
11 വയസ്സുവരെ എല്ലാ പരിപാടികളുടെയും മുന്നിൽ ഉണ്ടായിരുന്ന ഞാൻ പിന്നീട് മറ്റൊരാളെ ഫേസ് ചെയ്യേണ്ടി വരുമ്പോൾ വിറക്കാൻ തുടങ്ങി.. അമ്മയെക്കുറിച്ച് ചോദിക്കുമോ എന്ന അപകർഷതാ ബോധം.. ഇന്നും അപരിചിതൻ ആയ ഒരാളോട് സംസാരിച്ചാൽ ഞാൻ വിറക്കും.. ഒരു സ്റ്റേജിൽ നിന്നാൽ വിറക്കും.. അത്രയേറെ അടുപ്പം ഉള്ളവരോട് മാത്രമേ എനിക്ക് നന്നായി സംസാരിക്കാൻ കഴിയൂ.. ഒരുപക്ഷെ ഈ ജന്മം മുഴുവനും എന്റെ ഉള്ളിൽ ഉണ്ടായേക്കാവുന്ന ഒരു അപകർഷതാ ബോധം...
എനിക്ക് അമ്മയില്ല എന്ന് മറ്റൊരാളോട് പറയാൻ ഉള്ള ധൈര്യം എനിക്ക് കിട്ടിയത് ഡിഗ്രി ക്ലാസ്സുകളിൽ എത്തിയപ്പോൾ ആണ്.. അമ്മയില്ല എന്ന് പറയുമ്പോൾ എന്ത് പറ്റിയെന്നു പറയേണ്ടി വരും... വേറൊരാൾക്കൊപ്പം പോയി എന്ന് പറയാൻ ഒരിക്കലും നാവു പൊങ്ങിയില്ല..
അമ്മ എന്ന ആ വ്യക്തി മരിച്ച ശേഷം ആണ് തുറന്നു പറയാൻ ഒരു ധൈര്യം ഉണ്ടായതു.. ഇപ്പോൾ ഞാൻ ആരോടും പറയും പേരെന്റ്സ് സെപ്പറേറ്റഡ് ആരുന്നു, ഇപ്പൊ അമ്മ മരിച്ചു എന്ന്..
ഏറ്റവും ബുദ്ധിമുട്ടിയത് ഫസ്റ്റ് പീരിയഡ് സമയത്തു ആണ്.. എന്നോട് ആരും ഒന്നും പറഞ്ഞു തന്നില്ല, മാറ്റി നിർത്തി കുറച്ചു തുണി കയ്യിൽ തന്നിട്ട് അച്ഛമ്മ പോയി.. ഇതായിരുന്നു എന്റെ ഫസ്റ്റ് പീരിയഡ്.. അമ്മയുണ്ടെങ്കിൽ ഇങ്ങനെ ആയിരിക്കുമോ..
ഓരോ അമ്മയും തീരുമാനിക്കണം എന്റെ മകളുടെ കാര്യങ്ങൾ ഞാൻ ഉണ്ടെങ്കിലേ അതിന്റെ മുറക്ക് നടക്കൂ എന്ന്..ഒരു ഡോക്ടറെ കാണാൻ പോകാൻ മകൾക്ക് അമ്മയുടെ ആവശ്യം ഉള്ള സമയങ്ങൾ ഉണ്ട്..
ഇന്നും ആരോടെങ്കിലും പങ്കുവക്കണം എന്ന് ആഗ്രഹിക്കുന്ന എന്നാൽ ഇനിയും കഴിഞ്ഞിട്ടില്ലാത്ത പല രഹസ്യങ്ങളും മനസ്സിൽ കിടക്കുന്നു.. അമ്മയുണ്ടായെങ്കിൽ മാത്രം പറയാൻ കഴിയുമായിരുന്ന പലതും..
സ്വന്തം അമ്മയ്ക്ക് മാത്രം ഇണങ്ങുന്ന ഒരുപാടു റോളുകൾ ഉണ്ട് ജീവിതത്തിൽ...
എപ്പോളെങ്കിലും സ്വന്തം താല്പര്യങ്ങൾ, സ്വന്തം നഷ്ട്ടങ്ങൾ, സ്വന്തം ജീവിതം, സ്വന്തം സുഖദുഃഖങ്ങൾ തുടങ്ങിയവ മാത്രം ചിന്തിക്കുന്ന ഒരു മാനസികാവസ്ഥയിലേക് നമ്മൾ എത്തിപ്പെട്ടാൽ ഓരോ അമ്മയും ചിന്തിക്കണം..
നമ്മിലൂടെ ലോകം കണ്ടാൽ ഒരു കുരുന്ന്, ഇന്നുവരെ താൻ ചിറകിനടിയിൽ സൂക്ഷിച്ച കുഞ്ഞ്... പെട്ടെന്നൊരു ദിവസം എന്നെന്നേക്കുമായി ഇരുളിൽ നിർത്തിയിട്ടു പോകരുത്..
അങ്ങനെ പോയാൽ അന്നുമുതൽ മരണം വരെ ആ കുഞ്ഞിന് കുറവുകൾ ഉണ്ടാകും.. അവർക്കു അമ്മയെ ആവശ്യം ഉള്ള സാഹചര്യങ്ങളിൽ അമ്മയ്ക്ക് പകരം ആരും ഉണ്ടാവില്ല.. അമ്മക്ക് മാത്രമേ അമ്മയാകാൻ കഴിയൂ.. അമ്മയ്ക്ക് പകരം അമ്മ മാത്രം...
അച്ഛനും അങ്ങനെ തന്നെ....❤❤❤❤