mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sathish Thottassery)

വേനലവധിക്ക് സ്കൂൾ പൂട്ടിയാൽ പിന്നെ വിഷുവിനും പിറ്റേന്നുള്ള  ദേശത്തെ പ്രധാന ഉത്സവമായ വേലക്കും ഉള്ള കാത്തിരിപ്പാണ്. അവധിക്കാലത്തെ വെയിലെരിയുന്ന പകലുകൾ പലതരം കളികളുടെ കൂത്തരങ്ങായി മാറും. വാട്ടർവർക്സ് ശബ്ദ മുഖരിതമാകും. സെവൻ സ്റ്റോൺസ്, പാറ്റകളി, കിളിമാസ്സ്‌  അങ്ങിനെ എത്രയോ കളികൾ. 

മിക്കവാറും ദിവസങ്ങളിൽ ഉച്ചക്ക് ശേഷമാകും കളികൾ. സമാന്തരമായി പാട്ടാളിസ്വാമിയുടെ നേതൃത്വത്തിൽ അമ്പത്താറ് എന്നറിയപ്പെടുന്ന ശീട്ടുകളി  നടക്കുന്നുണ്ടാകും. ലീവിനെത്തിയ ഇളയച്ഛന്മാർ, മുരളിയേട്ട, വിജയേട്ട, മോഹനേട്ട തുടങ്ങിയവരൊക്കെ ഉണ്ടാകും. ആരെങ്കിലും കളി തെറ്റിച്ചാൽ പാട്ടാളിസ്വാമിയുടെ കണ്ട്രോൾ പോകും. വലിയ ഇടി വെട്ട് ശബ്ദത്തിൽ മൂപ്പർ അലറും. മുറുക്കാൻ നിറഞ്ഞ വായിലുള്ളത് ഉപേക്ഷിക്കാനും  കളിയെ ക്രിട്ടിസൈസ് ചെയ്യാതിരിക്കാനും വയ്യാത്ത അവസ്ഥയിൽ വായ തുറന്നു മാനത്തേക്ക് നോക്കിയാകും ഡയലോഗ്. "ഉപ്പേട്‌ രാജാവ് വെച്ചിട്ട്  വെട്ടണ്ട കളിക്ക് കൂലി ഇട്ടു കളി തോപ്പിച്ചു." എന്ന്

കൂട്ടത്തിൽ ശരീരത്തിലെ സൈബാൾ പുരട്ടി വെള്ളി നിറമുള്ള വട്ടച്ചൊറികളിൽ മാന്തി സായൂജ്യമടയുകയും ചെയ്യും. ചൂട് കാരണം മുണ്ടും, ലുങ്കിയും, ബനിയനും തോളത്തൊരു തോർത്തുമുണ്ട് പുതച്ചതും ഒക്കെ ആയിരിക്കും കളിക്കാരുടെ വേഷം. നാലഞ്ചു മണിവരെ കളി നീളും. അപ്പുറത്തു മുൻപിലെ വരാന്തയിൽ പാറുകുട്ടിമുത്തിയും പെണ്ണുങ്ങളും ഭാര കളിക്കുന്നുണ്ടാകും.

വേല കഴിഞ്ഞാൽ ഉത്സവാഘോഷത്തിന്റെ ഹാങ്ങ് ഓവർ മാറാൻ കുറച്ചു ദിവസം പിടിക്കും. അപ്പോഴത്തെ കലാപരിപാടി പടക്കം പെറുക്കലാണ്. വേലവെടിക്കെട്ടിൽ പൊട്ടാതെ കിടക്കുന്ന ഓലപ്പടക്കം വരമ്പുകൾ തോറും നടന്ന്‌ പെറുക്കികൂട്ടും. തിരി ഉള്ളതെല്ലാം പൊട്ടിക്കും. ബാക്കി ഉള്ളതിന്റെ മരുന്നെല്ലാം എടുത്തു മുളംകുറ്റിയിൽ ഗുണ്ട് ഉണ്ടാക്കി പൊട്ടിക്കുമായിരുന്നു. ഞാനും കേശവനും കൂടി ഒരു വേല കഴിഞ്ഞ സമയത്തു് പച്ചമുളംതണ്ടിൽ ഗുണ്ടുകുറ്റിയുണ്ടാക്കി മരുന്നു നിറച്ചു നല്ല അമരത്തിൽ പൊട്ടുന്ന ആറ്റം ബോംബിട്ടു സാധനം റെഡിയാക്കി. പടിക്കലെ വീട്ടിലെ ചേച്ചിമാർ വെള്ളം കോരാൻ വീട്ടിലേക്കു വരുമ്പോൾ പൊട്ടിക്കാൻ തയ്യാറായി ഇരുന്നു.

 ഗുണ്ട്  ചരിഞ്ഞു പോകാതിരിക്കാൻ സാധാരണ ഒരു കുറ്റി തറച്ചതിൽ ഗുണ്ട് കുറ്റി കെട്ടി വെക്കും. അന്ന് കുറ്റി വെച്ച് കെട്ടാതെ ഓവർ കോൺഫിഡെൻസിൽ  മണ്ണ്കൂട്ടി വെക്കുകയായിരുന്നു. അവർ വന്നപ്പോൾ നിർബന്ധിച്ചു കാണികൾ ആക്കി നിർത്തി. കേശവൻ തിരിക്കു തീകൊളുത്തി. മുകളിൽ പോയി പൊട്ടുന്ന സാധനമായതിനാൽ തീ കൊളുത്തി ഓടേണ്ടല്ലോ. അവൻ ഗുണ്ടിന്റെ തിരിക്കു തീ കൊളുത്തി  അവിടെ തന്നെ സാധനം മുകളിലേക്കു പൊങ്ങുന്നതും നോക്കി ഇരുന്നു. പിന്നെ കേട്ടത് "ഡോം" എന്ന ഒരു ഭയങ്കര ശബ്ദമാണ്. സാധനം പൊങ്ങാതെ കുറ്റി സഹിതം പൊട്ടി തെറിച്ചു.  അസ്ഥാനത്തെ അപ്രതീക്ഷിത സ്ഫോടനത്തിൽ കേശവൻ പുറകോട്ടു മലച്ചു. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോഴാണ് കേശവന്റെ കണ്ണിലെ മഞ്ഞപ്പും ഇരുട്ടുമെല്ലാം മാറിയത്. വായിലും മൂക്കിലും കണ്ണിലുമെല്ലാം പോയ മണ്ണും പൊടിയും കഴുകി കളയാൻ കേശവൻ ചേച്ചിമാരുടെ കൂടെ കിണറ്റിൻപള്ളയിലേക്കു വിട്ടു. പിറകെ മിഷൻ ഫെയിലൂർ ആയ ഐ. എസ്.ആർ.ഓ ശാസ്ത്രജ്ഞനെ പോലെ ഞാനും. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ