(Sathish Thottassery)
തോട്ടശ്ശേരിക്കാർ ഫെമിനിസം എന്ന വാക്ക് കേൾക്കുന്നതിനും എത്രയോ മുമ്പുതന്നെ കറകളഞ്ഞ കുറെ ഫെമിനിസ്റ്റുകൾ തറവാട്ടിൽ അരങ്ങുവാണിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ശാക്തീകരണത്തിന്റെയും വക്താക്കളായിരുന്നു അവർ.
തറവാട്ടിലെ ഉരുക്കു വനിതകൾ എന്ന് അഭിസംബോധന ചെയ്താലും അത് അതിശയോക്തിയാവില്ല. സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യമോ സ്വന്തം കാലിൽ നിൽക്കാനുള്ള ത്രാണിയൊ ഇല്ലാതിരുന്ന ഒരു കാലത്താണ് ഇത് എന്നത് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. അമ്മു ചേച്ചി, ലീലച്ചേച്ചി, സുഭദ്രച്ചേച്ചി, ഗോമതി അമ്മ എന്നിവരെ ഈ പട്ടികയിൽ പെടുത്താം. പുരുഷ മേധാവിത്വത്തെയും മാടമ്പി മനോഭാവത്തെയും സധൈര്യം ചെറുത്തു നിന്നവരും സ്വന്തം നിലപാടുകൾ ആരോടും എവിടെയും വെട്ടിത്തുറന്നു പറയാൻ ധൈര്യപ്പെട്ടവരുമാണിവർ. അവർക്ക് ആദ്യമായി ഒരു അഭിവാദ്യമർപ്പിക്കാം. ലാൽ സലാം..
പലപ്പോഴും ഇവരുടെ നിലപാടുതറകളിൽ വീണു പരിക്ക് പറ്റാറുള്ളത് ആണുങ്ങൾക്കാണ്. എന്നിരിക്കിലും അടി തെറ്റിയാൽ ആനയും വീഴും എന്ന് പറയുന്ന പോലെ സംഗതി ഉരുക്കു വനിതകളാണെങ്കിലും ചില സന്ദർഭങ്ങളിൽ ഇവരും വീണുപോയിട്ടുണ്ട്. പക്ഷെ പുരുഷ മേധാവിത്തത്തിനു മുന്നിലല്ലെന്നു മാത്രം.അമ്മുച്ചേച്ചിയും കുടുംബവും അയിലൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് പറിച്ചു നടപ്പെട്ടു എന്നാലും വർഷത്തിലൊരിക്കൽ ഒന്നോ രണ്ടോ ആഴ്ചത്തെ വെക്കേഷന് തറവാട്ടിലെത്താറുണ്ട്. അങ്ങിനെ ഒരിക്കൽ ഒരു ഞാറ്റുവേല കാലത്തു അയിലൂർ പുഴ നിറഞ്ഞൊഴുകുന്ന സമയത്തു അമ്മു ചേച്ചി അംബികച്ചേച്ചീ സമേതം വീട്ടിലെത്തി. ഒരു കർക്കിടക മധ്യാഹ്നത്തിലെ സൂര്യവെളിച്ചം തോട്ടശേരിയെ തൊട്ടുണർത്തിയ നേരം. ഉച്ചയൂണിനു ശേഷം പടിഞ്ഞാറേ അകത്തു ഒരു പെൺ സഭ കൂടലുണ്ട്.
വാച്ചി അച്ഛേമയുടെ അധ്യക്ഷതയിൽ കൂടുന്ന ഈ സഭയിൽ വീര നാരികൾ നിന്നും ഇരുന്നും കിടന്നും ചർച്ചകളിൽ പങ്കു ചേരാറുണ്ട് കഴിഞ്ഞ സന്ദർശനം തൊട്ടുള്ള കത്തുകളിൽ എഴുതിയ വിശേഷങ്ങളുടെ വിശദാംശങ്ങൾ ഈ സഭയിലാണ് വിശാലമായ വിശദീകരണങ്ങൾക്കു വിധേയമാവുക. അമ്മു ചേച്ചിക്കും മകൾ അംബിക ചേച്ചിക്കും ഒരു ഉച്ചഭാഷിണിയുടെ അഭാവത്തിലും സാമാന്യം വലിയ ഒരു സഭയെ അഡ്രസ് ചെയ്യാനുള്ള ശബ്ദഗാംഭീര്യം ഉണ്ട്. അതുകൊണ്ടു തന്നെ സഭയുടെ ശ്രദ്ധ ഇവർ പെട്ടെന്ന് പിടിച്ചുപറ്റാറുണ്ടായിരുന്നു. അമ്മുചേച്ചി അന്ന് സംഭാഷണ വിഷയത്തിൽ ആവേശം കൂടി കിടന്നേടത്തു നിന്നും എഴുന്നേറ്റിരുന്നു ഡയലോഗ് ഫിറ്റുചെയ്യുന്ന നേരത്താണ് തൊടിയിൽ നിന്നും കോഴികൾ "അയ്യരുതലേ" എന്ന് നിലവിളിക്കാൻ തുടങ്ങിയത്. കാക്ക, പരുന്ത്, പാമ്പ് തുടങ്ങിയ മൈനർ അറ്റാക്കിനെയൊക്കെ ചെറുക്കാൻ അക്കാലത്തു കൃഷ്ണൻ ചാത്തൻ ഒരാൾ ധാരാളമായിരുന്നു. പക്ഷെ അന്ന് മൂപ്പരും ഓടിവരണേ, രക്ഷിക്കണേന്നു പറഞ്ഞു വലിയവായിൽ നിലവിവിളിക്കുന്നുണ്ടായിരുന്നു.
അച്ഛേമയ്‌ക്ക് അപകടം മണത്തു. ഇത്തരം കോഴിലഹള ഉണ്ടാകാറുള്ളത് കോഴിയെ പോക്കാൻ പിടിക്കുമ്പോഴാണ് എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ അച്ഛേമ ഗണിച്ചെടുത്തു. പിന്നെ താമസിച്ചില്ല. പോക്കാൻ- പോക്കാൻ എന്നു സഭയോടും പിടിച്ചോ -പിടിച്ചോ എന്ന് ഉച്ച മയക്കത്തിൽ ആയിരുന്ന ജിമ്മിയോടും അലറിക്കൊണ്ട് തൊടിയിലേക്കു പാഞ്ഞു.
പിന്നാലെ അമ്മുചേച്ചിയും പരിവാരങ്ങളും തൊടിയിലേക്കും അവിടന്ന് തോട്ടത്തിലേക്കും. ഏതാണ്ട് നിറഞ്ഞൊഴുകുന്ന പുഴയുടെ അടുത്തെത്തിയപ്പോൾ കടിച്ചു പിടിച്ച പെട്ടക്കോഴിയുമായി പോക്കാൻ ഒരു നിമിഷം എന്തോ ആലോചിച്ചുനിന്നു. ശരം വിട്ടപോലെ പാഞ്ഞുവരുന്ന ജിമ്മിയെയും അച്ഛേമയെയും സംഘത്തെയും നോക്കി "ബ്ലഡി ഫെല്ലോസ്" എന്ന് പറഞ്ഞു പെട്ടയെ അവിടെ ഉപേക്ഷിച്ചു പുഴയിലേക്ക് ഡൈവ് ചെയ്ത് അക്കരക്കു നീന്തി പോയി.
അച്ഛേമ പെട്ടയെ എടുത്തു പരിശോധിച്ചപ്പോൾ കാര്യമായ പരിക്കൊന്നും കണ്ടില്ല. കുറച്ചു തൂവലുകൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നതൊഴിച്ചാൽ വേറെ ഫസ്റ്റ് എയ്ഡ് പോലും വേണ്ടിവന്നില്ല. കോഴിക്ക് ദീർഘായുസ്സ് നേർന്ന് കോഴി കൂട്ടത്തിൽ വിട്ട് സംഘം വീണ്ടും സഭയിലേക്ക്. മുറിഞ്ഞ കഥ ഏച്ചുകൂട്ടാൻ നേരത്ത് അമ്മുചേച്ചി മിസ്സിംഗ് ആണെന്ന് കണ്ടു. കുറെ കഴിഞ്ഞിട്ടും ആളെ കാണാഞ്ഞപ്പോൾ സംഘം തിരച്ചിലാരംഭിച്ചു. പിന്നെ അമ്മുചേച്ചിയെ കിണറ്റിൻ കരയിലെ വെള്ളം നിറഞ്ഞു നിന്ന ഒരു വാഴക്കുഴിയിൽ നിന്നും മൂന്നാലു പേര് ചേർന്ന് പൊക്കിയെടുക്കേണ്ടി വന്നത്രെ. പോക്കാനെ ചേസ് ചെയ്യുന്ന സമയത്തു പിന്നാലെ ഓടിയ ഉരുക്കു വനിത കാൽ വഴുക്കി വാഴക്കുഴിയിൽ വീഴുകയും പേടി കൊണ്ടു മോഹാലസ്യപ്പെടുകയും ചെയ്തതായിരുന്നു. തണുത്തു വിറച്ചു പല്ലുകൾ പഞ്ച വാദ്യം കൊട്ടിത്തുടങ്ങിയ അമ്മുച്ചേച്ചിയെ ചൂടാക്കാൻ അന്ന് മൂന്നു മണിക്കേ അച്ഛേമ അടുപ്പിൽ തീ പൂട്ടിയത്രേ.