(Sathish Thottassery)
തോട്ടശ്ശേരി തറവാട്ടിൽ കണ്ണന്മാരുടെ അഞ്ചുകളിയാണ്. മനസ്സിലായില്ല എന്നുണ്ടെങ്കിൽ ഒന്നു കൂടി സൂക്ഷ്മമായി പറയാം. തോട്ടശ്ശേരി ബാല്യങ്ങൾ കണ്ണസമൃദ്ധമായിരുന്നു എന്ന്.
കണ്ണൻ എന്നുള്ള വിളിപ്പേര് അത്രമാത്രം ആർദ്രമാണ്. അരുമയാണ്. സ്നേഹോദ്ദീപകമാണ്. സർവ്വോപരി വിളിക്കാൻ എളുപ്പമാണ്. ഞങ്ങളൂടെ തലമുറയിലെ കണ്ണന്മാരെക്കാൾ കൂടുതൽ കണ്ണമാർ അടുത്ത പേർപരമ്പരയിലാണ് റിലീസ് ആയിട്ടുള്ളത്. മുലകുടി മാറുന്നത് വരെയോ കിടക്കയിൽ ചൂച്ചൂത്തുന്നതു മാറുന്നത് വരെയോ ഒക്കെ ആണ് ഈ അരുമ പേര് സാധാരണ ഗതിയിൽ നിലനിൽക്കുക. എന്നാൽ ഞങ്ങളുടെ കാര്യം അങ്ങിനെയല്ല. പെണ്ണ് കെട്ടി അവർക്കു വേറെ കണ്ണന്മാരുണ്ടായാലും അവർ കണ്ണന്മാരായി തുടരാറുണ്ട്.
ഒട്ടുമിക്ക കണ്ണന്മാരും തറവാട്ടുവീടിന്റെ പങ്കു മാമയെ വെച്ചതിനു സമീപത്തെ പടിഞ്ഞാറകത്താണ് പിറന്നുവീണിട്ടുള്ളത്. ഈ ഞാനും അങ്ങിനെതന്നെ. പേറ്റു മണം വിട്ടുപോകത്ത ആ മുറി ഒട്ടേറെ ജന്മങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വെളുത്തുള്ളി ലേഹ്യത്തിന്റെയും, ധന്വന്തരം കുഴമ്പിന്റെയും, മുലപ്പാലിന്റെയും, ഉണ്ണി മൂത്രത്തിന്റെയും സമ്മിശ്ര ഗന്ധം ആ മുറി പരിസരങ്ങൾക്ക്എപ്പോഴും ഉണ്ടാകും. ഒരു കാലഘട്ടം വരെ, അതായതു് പേറുകൾ ആശുപത്രികളിലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടുന്നത് വരെ ഇത് തുടർന്നു. ഈ കണ്ട പിള്ളേരെയൊക്കെ കുളിപ്പിച്ചും, രാസ്നാദി പൊടി തേച്ചും, കടുക്ക കഷായം കൊടുത്തും, അപ്പി കോരിയും, കോറ കൊടുത്തും നോക്കിയിരുന്ന സുന്ദരി മുത്തിമാരായ ഭാഗീരഥി അമ്മയ്ക്കും ഗോമതി അമ്മയ്ക്കും ശിശു പരിപാലനത്തിൽ പി. എച്. ഡി കൊടുക്കേണ്ടതാണ്. തൽക്കാലം അവർക്കു ഒരു ബിഗ് സല്യൂട്ട് കൊടുക്കാം. അവരുടെ "മൊണ്ടീ മൊണ്ടീ കൈവീശ്, വാവാ ഉറങ്കുറങ്കപ്പാ പാരം പണിയുണ്ടെനിക്ക്, വാ പൊന്നുങ്കിളി പോ പൊന്നുങ്കിളി തത്തമ്മേ കൊത്തിക്കൊണ്ടോടി വാ" തുടങ്ങിയ പാട്ടുകൾ കേട്ടാണത്രെ പലരും തറവാട്ടിലെ ആസ്ഥാന ഗായകന്മാരും ഗായികമാരും ആയത്. ആളുകളുടെ പേര് തല്കാലം പരാമർശിക്കുന്നില്ല.
സ്ഥലത്തെ പ്രധാന വയറ്റാട്ടിയായിരുന്ന വെളക്കത്ര ലക്ഷ്മി അമ്മയായിരുന്നു പേറുകൾക്കെല്ലാം മേൽനോട്ടം. ആയമ്മയുടെ കൈപ്പിടിയിൽ ഒതുങ്ങാത്ത പേറുകളൊന്നും തറവാട്ടിൽ നടന്നിട്ടില്ല എന്ന് ചരിത്രം എന്നെയും നിങ്ങളെയും പഠിപ്പിക്കുന്നു. "ലക്ഷ്മി അമ്മെ കീച് കീച്" എന്ന് ഇവിടെ വിശദീകരിക്കുവാൻ നിർവാഹമില്ലാത്ത കോഡ് ഭാഷയിൽ ദേശത്തെ മുതിർന്ന ആൺ പിള്ളേരും പെൺ പിള്ളേരും അവരെ കളിയാക്കാറുണ്ട്. അപ്പോൾ വളരെ സർകാസ്റ്റിക്കായിട്ട് ലക്ഷ്മി അമ്മ തിരിച്ചടിക്കും. "എടാ ചെള്ക്കെ, ന്റെ ഉമ്പായി കുടിച്ചിട്ടല്ലെടാ നീ നിന്റമ്മടെ മൊല കുടിച്ചത്" എന്ന്. ഇതിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന് ആരും അന്വേഷിച്ചതായി അറിവില്ല.
ഈ കണ്ണന്മാരെയൊക്കെ ഡിസ്റ്റിംഗ്വിഷ് ചെയ്യാൻ ഞങ്ങൾ കണ്ണന് മുൻപ് ചില പ്രീ ഫിക്സുകൾ ചേർക്കും. പൂഴാങ്കണ്ണൻ, ഉണ്ടക്കണ്ണൻ, പോത്തുങ്കണ്ണൻ, കമ്മാണ്ടി കണ്ണൻ, ടൂണ്ട കണ്ണൻ, പപ്പടക്കണ്ണൻ തുടങ്ങി അങ്ങിനെ പോകും അത്. തല്ക്കാലം നമുക്ക് കഥയിലേക്ക് വരാം.. അങ്ങിനെയിരിക്കെ അയിലൂർ വേല ഉത്സവം വരുന്നു. ഞങ്ങൾ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം. ഇത്തവണ വേലക്ക് ആനപ്പുറത്തു കേറണമെന്ന ആഗ്രഹം പേടിച്ചാണെങ്കിലും ദേശ കാരണവരായ എളേച്ഛനെ അറിയിച്ചു. അന്ന് അദ്ദേഹം മാതംഗ ശാസ്ത്രത്തിൽ ബിരുദത്തിനു പഠിക്കുന്നു. ശിങ്കിടികളിമായി ഒരു അടിയന്തിര യോഗത്തിനു ശേഷം കുട്ടിച്ചെക്കന്റെ അപേക്ഷക്ക് അപ്പ്രൂവൽ കിട്ടി. ഉച്ചഎഴുന്നള്ളത്തിനു അങ്ങിനെ ആദ്യമായും അവസാനമായും ആനപ്പുറം കേറി ത്രില്ലടിച്ചു. വാർത്ത തോട്ടശ്ശേരിയിൽ പടർന്നു. അസൂയാലുക്കളായ തോട്ടശ്ശേരി പിള്ളേരൊക്കെ ഡിമാന്റുമായി എളേച്ഛനെ വളഞ്ഞു. ആരൊക്കെയോ കേറുകയും ചെയ്തു. അപ്പോഴാണ് കഥാപുരുഷനായ സമപ്രായക്കാരൻ കണ്ണൻ മാഷ്‌ക്കും മോഹം ഉദിച്ചത്. ദേശത്തെ ഉരുക്കു വനിതയായ മാഷ്ടെ അമ്മ ശിപാർശ ചെയ്തിട്ടും പകൽ കയറാൻ പറ്റിയില്ല. കാരണം പറഞ്ഞത് വെയിലുകൊണ്ടാൽ സ്വതവേ കറുത്ത കണ്ണംമാഷ് കൂടുതൽ കറുക്കുമെന്നു കരുതിയാണെന്നായിരുന്നു. പിന്നെ സെക്കന്റ് തോട്ടിൽ രാത്രി കേറ്റാമെന്ന് സമ്മതിച്ചത്രേ. അതിൽ തറയിലെ(ഞങ്ങളുട പാലക്കാടൻ ഗ്രാമങ്ങൾക്ക് ഇങ്ങിനെ പല തറകളുമുണ്ട്. എന്നറിയുക )പിള്ളേർക്ക് കടുത്ത വിരോധം. ഹൗ എവെർ, രാത്രി പതിനൊന്നോടെ കണ്ണൻമാഷെ ആനപ്പുറത്തു കയറ്റി. തല്പരകക്ഷികളായ തറ നീചന്മാർ പ്രതിഷേധിച്ചും, മുദ്രാവാക്യം വിളിച്ചും അവിടെ നിന്നും മുങ്ങി.
രണ്ടു മണി ആയപ്പോഴേക്കും കണ്ണംമാഷ്ക്കു എന്തിനൊക്കെയോ മുട്ടിത്തുടങ്ങി. അവിടെ നിന്നും ഇറങ്ങിയാൽ പകരം കേറാൻ ആളില്ല. അവസാനം കൺട്രോൾ പോകാൻ തുടങ്ങിയപ്പോൾ കരഞ്ഞു തുടങ്ങി. മറ്റുള്ളവർക്ക് തമാശ. പിന്നെ വേല പ്രേമികൾ കണ്ടത് കണ്ണംമാഷടെ അച്ഛൻ പട്ടാളം ബാലേട്ടന്റെ കാക്കി പാന്റ് വെട്ടി തുന്നിയ മാഷ്‌ടെ ട്രൗസറിൽ നിന്നുത്ഭവിച്ചു് ആനയുടെ വയറ്റിലൂടെ ഒഴുകിവരുന്ന കണ്ണ മൂത്രമായിരുന്നത്രെ. ഏകദേശം അഞ്ചു മിനുട്ടോളം പ്രവാഹം തുടർന്നെന്ന് ദൃക്‌സാക്ഷികൾ ഇപ്പോഴും പറയുന്നു.