പണ്ട് നാണ്വാര് ഒരു അനുഭവകഥ പങ്കുവെച്ചതോർക്കുന്നു. ഒരു ദിവസം അർദ്ധ രാത്രിയിൽ എവിടെയോ പോയി വീട്ടിലേക്കു മടങ്ങുന്ന നേരം. ഒറ്റക്കാണ് യാത്ര. അന്ന് കുളത്തുംപള്ള വരമ്പിൽ വൈദ്യുതി വിളക്കുകൾ ഒന്നും ഇല്ലാത്ത കാലമാണ്.
കയ്യിൽ ടോർച്ചും പന്തവും ഒന്നും ഉണ്ടായിരുന്നില്ല. കൂരിരുട്ടിൽ അടുത്തുള്ളതൊന്നും കാണാൻ വയ്യ. മന്നം കഴിഞ്ഞപ്പോൾ ഒരു കറുത്ത നായ പിന്നാലെ കൂടിയത്രെ. മൂന്നാലടി പുറകെ അവൻ പിൻതുടർന്നു. മൂപ്പർ ഒന്ന് നിന്നാൽ അവനും നിൽക്കും.വീണ്ടും നടന്നു തുടങ്ങുമ്പോൾ നിശ്ചിത അകലം പാലിച്ചുകൊണ്ട് പിന്നാലെ നടത്തം തുടരും.
രാത്രിനിശ്ശബ്ദതയിൽ ഭീതിപ്പെടുത്തുന്ന തീ കണ്ണുകൾ പുറകെ വന്നുകൊണ്ടിരുന്നു. വയറ്റിൽ ഒരു ആന്തലും വെപ്രാളവും ഒക്കെകൊണ്ട് കാലുകൾ മുമ്പോട്ടു നീങ്ങാൻ പ്രയാസപ്പെട്ടു. പിന്നെ എല്ലാ ദൈവങ്ങളെയും മനസ്സിൽ വിളിച്ചുകൊണ്ടു തിരിഞ്ഞു നോക്കാതെ നടന്നു. എങ്ങിനെയൊക്കെയോ വീടെത്തി. പടിതുറന്ന് അകത്തുകയറി ഗേറ്റ് കുറ്റി യിടാൻ തിരിഞ്ഞപ്പോഴും അവൻ അവിടെത്തന്നെയുണ്ടായിരുന്നത്രെ. ആ നായ ഒരു ഒടിയനായിരുന്നെന്നും, തന്റെ അസാമാന്യ ധൈര്യം കണ്ട് പരീക്ഷിക്കാൻ കൂടെ വന്നതാണെന്നും മൂപ്പർ സ്ഥാപിച്ചെടുത്തു. പിന്നെ രണ്ടു ദിവസം പനി പിടിച്ചു വിറച്ചു പിച്ചും പേയും പറഞ്ഞ കാര്യം മുത്തശ്ശി അനുബന്ധമായി പറയുകയുണ്ടായി എന്നത് വേറെ കാര്യം.
ഈ കഥ കേട്ടാണ് മുത്തശ്ശൻ അസ്സൽ കഥയുടെ ചുരുളഴിച്ചത്. ഒന്നോ രണ്ടോ തലമുറ മുൻപേ സംഭവിച്ച കഥ. ആന്തൂര് വീട്ടിലെ അപ്പുവാരുടെ മുത്തച്ഛൻ ആളൊരു അഭിനവ കാമദേവനായിരുന്നത്രെ. കാണാൻ പുരാണങ്ങളിലെ ഇതിഹാസപുരുഷ കഥാപാത്രത്തെ പോലെ കരുത്തനായ ഒരാൾ. കുടുമയും കടുക്കനും കപ്പടാ മീശയും ഉള്ള ഉഗ്രൻ. ആഭിജാതൻ. പണ്ടത്തെ അയിലൂർ ദേശത്തെ അധികാരത്തിന്റെ ആൾരൂപം. കരം പിരിവായിരുന്നു തൊഴിൽ. നമുക്കദ്ദേഹത്തെ തല്ക്കാലം പങ്കുണ്ണ്യാരെന്നു വിളിക്കാം. കൊല്ലിനും കൊലക്കും ലൈസൻസുണ്ടായിരുന്നയാൾ. ഏതു വീട്ടിലും ഏതു നേരത്തും കടന്നുചെല്ലാൻ അധികാരമുണ്ടായിരുന്നു. ചായ, ചാരായം, ഊണ് ഒന്നിനും മുട്ടില്ല. പാട്ടഭൂമി എവിടെയൊക്കെ ഉണ്ടെന്നു അദ്ദേഹത്തിന് തന്നെ പിടിയില്ല. എല്ലാ ജന്മി പ്രമാണിമാരെയും പോലെ ചില നേരമ്പോക്കുകൾ ഉഗ്രനും ഉണ്ടായിരുന്നു. രാത്രി സഞ്ചാരം, ഒളിസേവ ഇത്യാദികൾ വിനോദങ്ങളിൽ മുന്നിട്ടു നിന്നു. അക്കാലത്തു ദേശത്തു പിറക്കുന്ന കുറെയധികം മോൺസ്ടഴ്സിന് കഥാനായകന്റെ മുഖച്ഛായ ഉണ്ടായിരുന്നത്രെ.
വീട്ടിൽ മുറവും പനമ്പായയുമൊക്കെ സപ്ലൈ ചെയ്തിരുന്ന പാണൻ ചുപ്രന്റെ മുത്തശ്ശൻ ആളൊരു റെബൽ ആയിരുന്നു. അന്നേ അധികാരത്തെ ചോദ്യം ചെയ്തിരുന്ന ശിങ്കം. അങ്ങിനെ പങ്കുണ്ണി മൂത്താര് മദയാനയെ പോലെ നടക്കുന്ന സമയത്തു് ഒരു രാത്രി ശിങ്കത്തിന്റെ കുടിയിലെ ഒരു ശിങ്കാരിയെ മൂത്താര് റേപ്പ് ചെയ്തു നേരമ്പോക്ക് നടത്തി. റെബൽ അന്ന് തൊട്ട് പങ്കുണ്ണ്യാരെ നോട്ടമിട്ടതാണ്. നേരെ ചൊവ്വേ തട്ടിയാൽ ജയിലിൽ പോയി ശേഷ ജീവിതം നരകമാക്കണം. അതിനു വയ്യ.
ഒരു നിലാ രാത്രിയിൽ റെബെൽ അയിലിമുടിച്ചി മലയുടെ താഴ്‌വരയിലെ പാറക്കെട്ടുകൾക്കിടയിലുള്ള ഒരു കരിമ്പനയിൽ കള്ളു കക്കാൻ കേറി. പാനിയിൽ ചിരട്ട മുക്കി അരപ്പാനി കാലിയാക്കി ഒരു പൂനൈ എലി മാർക്ക് ബീഡിക്കു തീയിട്ടു. അപ്പോൾ താഴെ പാറക്കെട്ടിനരികെ കരിയിലയനക്കം. ഒന്നും കൂടി കണ്ണു ചെത്തി കൂർപ്പിച്ചു കണ്ടു. കണ്ണനാണ്. കണ്ണൻ ദേശത്തെ പേരെടുത്ത ഒടിയനാണ്. സ്വന്തം ആവശ്യത്തിന് മാത്രമേ വിദ്യ എടുക്കുകയുള്ളൂ എന്ന് ശപഥമുണ്ടത്രെ. താഴേക്ക് നോക്കിയപ്പോൾ കണ്ണൻ പാറയിടുക്കിൽ നിന്നും ഒരു ഡപ്പി തപ്പിയെടുത്ത് അതിൽ നിന്നും എന്തോ എടുത്തു ചെവിക്കു പുറകിൽ തേച്ചു. അത്ഭുതം !! കണ്ണനതാ ഒരു പോത്തായി മാറി തെക്കേ തറ ലക്ഷ്യമിട്ടു നടന്നു മറയുന്നു.
റെബൽ ക്ഷണ നേരം കൊണ്ട് താഴെയിറങ്ങി പാറക്കെട്ടിന്റെ വിള്ളലിൽ നിന്നും പോത്തിന്റെ കൊമ്പു കൊണ്ടുള്ള ഒടി മഷി നിറച്ച ഡപ്പി തപ്പിയെടുത്തു. ആദ്യമായി ഗർഭം ധരിക്കുന്ന സ്ത്രീകളെ വശീകരിച്ചു കൊണ്ടുപോയി ഗർഭസ്ഥ ശിശുവിനെ മുളംകത്തികൊണ്ടു കീറിയെടുത്താണത്രെ ഈ മഷിയുണ്ടാക്കുന്നതു്. പിന്നെ അവരെ കൊണ്ടുവന്ന സ്ഥലത്തുതന്നെ ഒന്നും സംഭവിക്കാത്തത്പോലെ തിരിച്ചു
കൊണ്ടാക്കുമത്രേ. മഷി ഒരു നുള്ളെടുത്തു ചെവിപ്പുറമെ തേച്ചു പോത്തിനെ വിചാരിച്ചു. മഹാത്ഭുതം!!!. തന്റെ രൂപം മാറി ഒരു ഒത്ത പോത്തായിരിക്കുന്നു.
ഉഗ്രൻ പാണത്തറയിൽ നിന്നും നേരമ്പോക്ക് കഴിഞ്ഞു പാടവരമ്പിലെത്തിയപ്പോൾ പോത്തു പിന്നാലെ കൂടി. മന്നത്തെ അയ്യപ്പൻ കോവിലിന്റെ പുറകിലുള്ള ആൽമര ചുവട്ടിലെത്തിയപ്പോൾ ഉഗ്രനെ കടന്നുപിടിച്ചു. ആലിന്റെ വേരിന്റെ ഇടയിലേക്ക് ഉഗ്രന്റെ കഴുത്തു തിരുകി കയറ്റി ഒടിച്ചു കൊന്നു കൊല വിളിച്ചു. ഇനി എങ്ങിനെ തിരിച്ചു റെബൽ ആകും എന്ന് നിശ്ചയമില്ല. ജന്മം മുഴുവൻ പോത്തായി ജീവിക്കേണ്ടി വരുമോ എന്നെല്ലാം ആലോചിച്ചു ബേജാറായി. ഇനി ഒരു വഴിയേയുള്ളൂ. കണ്ണനൊടിയനെ കണ്ട് മഷി കട്ടതിനു മാപ്പു ചോദിച്ചു റെബെലാകാനുള്ള വിദ്യ പറഞ്ഞു തരാൻ കെഞ്ചുക. പിന്നെ മടിച്ചു നിൽക്കാതെ കണ്ണന്റെ വീട്ടിലേക്കു കുതിച്ചു.
അപ്പോൾ കണ്ണൻ ആ രാത്രിയിലെ പണി കഴിഞ്ഞ് ആശാരിത്തറ വഴി വരുന്നുണ്ടായിരുന്നു. ഓടിവരുന്ന റെബൽ പോത്തിനെ കണ്ടു ഭയന്ന കണ്ണനൊടിയൻ പോത്ത് വീട്ടിലേക്കു വെച്ച് പിടിച്ചു. അവസാനം രണ്ടു പോത്തുകളും ഒരുമിച്ചാണ് ചൂടുവെള്ളവുമായി കാത്തിരുന്ന കണ്ണന്റെ ഭാര്യയുടെ മുമ്പിലെത്തിയത്. രണ്ടു പോത്തിനെ കണ്ടപ്പോൾ ഭാര്യക്കും സംശയം. ആരാണ് കണവൻ? രണ്ടാം പോത്ത് ആരാണ്? കൂടുതൽ ചിന്തിക്കാതെ അരിക്കിൻ ചട്ടിയിലെ ചൂടുവെള്ളം രണ്ടു പോത്തുകൾക്കും മേലെ പാറ്റി ഒഴിച്ചു. അപ്പോൾ ഒരു പോത്ത് കണ്ണനായി കുടിയിലേക്കു കയറുകയും മറ്റേ പോത്ത് റെബെലായി ഇരുട്ടിലേക്ക് ഓടി മറയുകയും ചെയ്തുവത്രേ.