"ജീവിതം: മൂന്നക്ഷരം മാത്രമുള്ള ഈ വാക്കിന്റെ വ്യാഖ്യാനമാകുന്നു നൂറുകണക്കിന് ഭാഷകളിൽ ആയിരകണക്കിന് എഴുത്തുകാർ ഭൂമിയിൽ എഴുതിക്കൊണ്ടേയിരിക്കുന്നതു്."
സുഭാഷ് ചന്ദ്രൻ സമുദ്രശിലയിൽ.
ഏഴാം ക്ലാസ്സുവരെയാണ് അയിലൂരിലെ ബാല്യകാലം. സ്കൂൾ ജീവിതത്തിനപ്പുറത്തുള്ള ലോകം വളരെ ചെറുതായിരുന്നു. തോട്ടശ്ശേരിയിലെ കളിക്കൂട്ടുകാർ മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. എന്നിരുന്നാൽ തന്നെയും സമൃദ്ധമായ ഒരു ബാല്യം ആഘോഷിക്കുവാൻ കഴിഞ്ഞ ആത്‌മസംതൃപ്തി വലിയ ഒരു ജീവിതനേട്ടം തന്നെയാണ്. ലോകം ഇട്ടാവട്ടത്തിൽ മാത്രം കയറില്ലാതെ കെട്ടിയിട്ട കാലം. അയിലൂർ വേനൽ അവധികൾ എന്നും സജീവമായിരുന്നു. പരീക്ഷയെല്ലാം കഴിഞ്ഞു മനസ്സിന് വല്ലാത്ത ഒരു ലാഘവത്വം വരും. പഠന സംബന്ധിയായ ഭാരമെല്ലാം ഇറക്കിവച്ചു കളികളുടെ ലോകത്തേക്കിറങ്ങിത്തുടങ്ങും. പാടങ്ങളെല്ലാം കൊയ്‌ത്തുകഴിഞ്ഞു തുറസ്സായ മൈതാനം പോലെ ആകും. മീനച്ചൂടിൽ പാടത്തെ കറ്റ കൊയ്ത ശേഷമുള്ള താളുക്കുറ്റിയെല്ലാം ഉണങ്ങി വൈക്കോൽ നിറമായി മാറും. പനമ്പട്ട വെട്ടുന്ന കാലം ആയതിനാൽ പ്രദേശത്തു മുഴുവൻ പട്ട ഉണങ്ങുമ്പോളുണ്ടാകുന്ന ഒരു സുഗന്ധം പരക്കും. പന ഇളനീര് യഥേഷ്ടം ലഭിക്കും. അന്നൊക്കെ നാലണ കൊടുത്താൽ പനയിൽ കയറി ഇളനീര് വെട്ടിത്തരാന് ആളെക്കിട്ടും. ചിലപ്പോൾ പട്ട വെട്ടുമ്പോൾ ഒന്നോ രണ്ടോ കുല എടുത്തോളാൻ പറയും. പകൽ സമയത്തു ഇളനീരിനു വെയിലുകൊണ്ട ചൂടായിരിക്കും. അതുകൊണ്ടു ചെത്തലും കുടിക്കലും വൈകീട്ടായിരിക്കും. ചിലതു കുറച്ചു മൂത്തു പണ്ടങ്ങ ആയിട്ടുണ്ടാകും. ഇളനീരെല്ലാം കഴിഞ്ഞാൽ പിന്നെ പണ്ടങ്ങ വെട്ടി തിന്നും. തീറ്റ അതിരു കടന്നാൽ വയറുവേദന വരും. അപ്പോഴുള്ള ഒറ്റമൂലി വെല്ലം തിന്നലാണ്. പിന്നെ മഴ തുടങ്ങുന്ന സമയത്തു് പനമ്പഴം വീണു തുടങ്ങും. കൂട്ടിയിട്ട മണ്ണിന്റെ പിരമിഡിൽ പഴം പൊളിച്ചു പൊത്തിവെക്കും. അതിന്റെ കൂമ്പിറങ്ങുമ്പോൾ ഉപ്പിട്ട് പുഴുങ്ങിയത് വളരെ സ്വാദിഷ്ട്മായ മഴക്കാല നാലുമണി വിഭവമായിരുന്നു.
വീട്ടു പടിക്കൽ നിന്ന് നോക്കിയാൽ പാടങ്ങൾക്കപ്പുറത്തു ഭീമൻആലിന്റെ ചുവട്ടിൽ ചങ്ങലയിൽ ബന്ധിതനായ തെണ്ട മുത്തന്റെ കരിങ്കൽ വിഗ്രഹം അവ്യക്തമായി കാണാം. ദേശത്തിന്റെ കാവൽക്കാരനായിട്ടാണ് തെണ്ടമുത്തന്റെ സങ്കല്പം. രാത്രിയും പകലും, വെയിലും മഴയുംകൊണ്ട്, എല്ലാ അത്യാഹിതങ്ങളിൽ നിന്നും ദേശത്തെ സംരക്ഷിക്കുന്നത് അദ്ദേഹമെന്നാണ് ദേശവിശ്വാസം. രാത്രികാലങ്ങളിൽ തെണ്ടമുത്തൻ നാടാകെ റോന്തു ചുറ്റുമെന്നും നടക്കുമ്പോൾ ഉണ്ടാകുന്ന ചങ്ങല കിലുക്കം പല കാരണവന്മാരും കേട്ടിട്ടുണ്ടെന്നുമാണ് കേട്ടുകേൾവി. ഇനി കിളിച്ചുണ്ടൻ മാമ്പഴത്തിലെ വെള്ളാട്ട് പോക്കരെ പോലെ വല്ല ചുറ്റിക്കളിയാണോ എന്ന് ഇതുവരെ ആരും ഗവേഷണമൊന്നും നടത്തിയതായി കേട്ടട്ടില്ല.
തെണ്ടമുത്തനും അപ്പുറത്ത് പച്ചപ്പിന്റെ കുടകൾക്കു മേലെ നീണ്ടു നിവർന്നു കിടക്കുന്ന അയിലിമുടിച്ചി മല. വീട്ടിനു മുന്പിലിരുന്നു അമ്മായി മല വർണ്ണന നടത്തുന്ന ഓർമ്മയുണ്ട്. താടക എന്ന രാക്ഷസി ചത്തുമലച്ചു കിടക്കുകയാണെന്ന് പറയും. സൂക്ഷ്മ നോട്ടത്തിൽ ഭീമാകാരമുള്ള ഒരു പെണ്ണിന്റെ നീണ്ടു നിവർന്ന കാർകൂന്തൽ കെട്ടഴിച്ചിട്ടതും, ഉടൽ വടിവിന്റെ നിമ്നോന്നതങ്ങളും മലയിൽ കാണാനാവും. ഗ്രാമത്തിലെ കന്നുകാലിക്കൂട്ടങ്ങളെ നൂറു എന്ന ചെറുപ്പക്കാരൻ പുല്ലു തീറ്റിക്കുവാൻ ഈ മലയടിവാരത്തിലേക്കാണ് കൊണ്ടുപോകാറ്. നാട്ടിലെ പ്രധാന കള്ളന്മാരായിരുന്ന ചേകണ്ണനും വീരണ്ണനും ഈ മലയിലെ ഗുഹയിൽ താസിച്ചിരുന്നതായി പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.
ഇടക്കാലത്തെന്നോ ഒരു മഴപെയ്യുന്ന രാത്രിയിൽ ഭയങ്കരമായ ഒരു സ്ഫോടന ശബ്ദത്തിൽ അയിലൂർ ഗ്രാമം ഞെട്ടുകയുണ്ടായി. പിറ്റേന്ന് മലയുടെ നടുവിലൂടെ ഒരു ചാലു പോലെ മുകളിൽ നിന്ന് താഴേക്ക് രൂപപ്പെട്ട വഴിത്താരയാണ് കണ്ടത്. വിവരമുള്ളവർക്കു് അത് ഉരുൾ പൊട്ടിയതും അല്ലാത്തവർക്ക് ചെമ്രവട്ടയ്യപ്പൻ ചരക്കിറക്കിയതും ആയി. കുറച്ചു ഇടതുമാറി നെല്ലിയാമ്പതി മലനിരകളുടെ ദൂരക്കാഴ്‌ച്ച കാണാം. മേഘാവൃതമായ ആകാശത്തിനു കീഴെ മഞ്ഞണിഞ്ഞ ഒരു മലനിര കാഴ്ചയാണത്. പെയ്തൊഴിഞ്ഞ മഴക്കാല പകലുകളിൽ മാവിലകളിൽ നിന്നിറ്റു വീഴുന്ന മഴത്തുള്ളികൾ വക വെയ്ക്കാതെ മുത്തശ്ശന്റെ കണ്ണ് വെട്ടിച്ചു ഞങ്ങൾ വീടിനു വെളിയിലേക്കിറങ്ങും. മണ്ണിന്റെ നനഞ്ഞ മണവും കുളി കഴിഞ്ഞ, ഈറനുടുത്തപ്രകൃതിയുടെ മുഗ്ധ ലാവണ്യവും ഹൃദയത്തിലേക്കാവാഹിക്കാൻ ഏറ്റവും അനുയോജ്യമായ ഭാസുര മുഹൂർത്തങ്ങളിൽ ഒന്നാണത്. അപ്പോൾ നെല്ലിയാമ്പതിയിലെ നീർച്ചോലകൾ മലയുടെ അരക്കെട്ടിൽ നിന്നൂർന്നുവീഴുന്ന വെള്ളിയരഞ്ഞാണങ്ങളായി കാണാനാകും.
സ്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പിന്റെ കാലമാണ്. വിഷുവിനും വേലക്കും ഉള്ള അക്ഷമയോടെയുള്ള കാത്തിരിപ്പ്. ഇളയച്ഛന്മാർ ലീവിൽ എത്തിത്തുടങ്ങും. അവർ വരുന്ന ദിവസം എണ്ണി കാത്തിരിക്കും. പടിയുമ്മറത്തു കാത്തിരിക്കുമ്പോൾ ആദ്യം പെട്ടികൾ തലയിൽ വച്ച് പഴയാറ് വരമ്പു കയറിവരുന്ന പോർട്ടർ നാരായണനെയാണ് കാണുക. പുറകിൽ കഥാപുരുഷന്മാരുണ്ടാകും. അവരുടെ കല്യാണങ്ങൾ കഴിയാത്ത കാലമായിരുന്നതിനാൽ ഞങ്ങൾ എപ്പൊഴും അവരുടെ പിന്നാലെ ഉണ്ടാകും.മന്നത്തേക്കും തലവെട്ടാമ്പാറ വായനശാലയിലേക്കും എല്ലാം കൂടെ പോകും. വർഷത്തിൽ ഒരിക്കൽ മാത്രം നാട്ടിലെത്തുന്ന അവർക്കു ഭക്ഷണത്തിലും മറ്റും പ്രത്യേക പരിഗണന ഉണ്ടാകും. സാധാരണ ഉണ്ടാകാറുള്ള പ്രാതൽ വിഭവമായ കഞ്ഞിയും, വെള്ളച്ചോറും, പപ്പടം, കൊണ്ടാട്ടം, കണ്ണിമാങ്ങാ അച്ചാർ ഇത്യാദികൾക്കു അതിഥികൾ പോകുന്നതുവരെ ഭ്രഷ്ട് കല്പിക്കും. പകരക്കാരായി പാലക്കാട്ടുകാരുടെ ഇഷ്ട ഭക്ഷണമായ ഇട്ട്ളി സ്ഥാനം പിടിക്കും. മുളകരച്ചതും പപ്പടം കാച്ചിയ എണ്ണയും കൂട്ടി ഒരു പിടുത്തം പിടിച്ചാൽ അന്ന് ഒരു ഡസൻ ഇഡലി പുഷ്പം പോലെ അകത്താകുമായിരുന്നു. ബെറ്റ് വെച്ചുള്ള തീറ്റയൊക്കെ ഉണ്ടാകും. പാലക്കാട് രാമശേരി ഇഡലി ലോകപ്രശസ്തമാണ്. അതുകൊണ്ടാകാം പാലക്കാട്ടുകാർക്ക് ഇഡലിയോടുള്ള അഭിനിവേശം കാണുമ്പോൾ മറുജില്ലക്കാർ പറയാറുള്ളത് അവർക്കു ഇഡ്ഡലിയിൽ ആരോ കൈവിഷം നൽകിയിട്ടുണ്ടാകാമെന്നാണ്.
ആ ദിവസങ്ങളിൽ ഞങ്ങളുടെ ജീവിതശൈലിയിലും കുറെ മാറ്റങ്ങൾ വരും. കാലത്തെ പല്ലുതേപ്പിനു ഉമിക്കരിക്കും ഈർക്കിളിനും പകരം ബ്രുഷും പേസ്റ്റും ടൺഗ് ക്ലീനറും ആയി പുരോഗമിക്കും. അവർ ലീവ് കഴിഞ്ഞു പോകുമ്പോൾ ബാക്കിയായ ടൂത് പേസ്റ്റും, ടാൽക്കം പൗഡറുമൊക്കെ ഞങ്ങൾക്ക് തന്നിട്ട് പോകും. അതെല്ലാം തീരുമ്പോൾ വീണ്ടും പഴയ പടി ദിവസങ്ങൾ നീങ്ങും.