അടിവയറ്റിൽ മഞ്ഞുപെയ്യുന്ന അനുഭൂതിയാണ് പ്രണയത്തിനെന്ന് പൊതുവേ അടക്കംപറച്ചിലുകളുണ്ട്, യഥാർത്ഥത്തിൽ അതടക്കം പറച്ചിലല്ല. പ്രണയിച്ച എല്ലാവർക്കും അറിയാവുന്ന നഗ്നമായ സത്യമാണ്. സ്വാഭാവികമായും പെയ്ത മഞ്ഞെല്ലാം ഉരുകും. അപ്പോൾ വേദനയുടെ പടുതിയിൽപ്പെട്ട് പ്രണയിതാക്കൾ ഉഴലുന്നത് പ്രണയബന്ധത്തിന്റെ തുടക്കത്തിൽ ഉണ്ടാകുന്ന ആനന്ദത്തോളം സ്വാഭാവികമാണ്.
പ്രണയബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോയതിന്റെ പേരിൽ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ തങ്ങളുടെ പൂർവ്വ സ്നേഹിതയെ അല്ലെങ്കിൽ സ്നേഹിതനെ ആസിഡൊഴിച്ച് മുഖം വികൃതമാക്കാനും കഴുത്ത് കണ്ടിച്ച് മൃതപ്രായരാക്കാനും മനുഷ്യർ ഞൊടിയിടകൊണ്ട് തീരുമാനമെടുക്കുകയും അതു നടപ്പിൽ വരുത്തുകയും ചെയ്യുന്ന ഭീതിതമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്.
ഒരാൾ മറ്റൊരാളെ അയാളുടെ അനുമതിയില്ലാതെ സ്നേഹിക്കുന്നത് ഒരു കാലത്തും പ്രണയമാകുന്നില്ല. ഒരു നോട്ടം കൊണ്ട് ജനിക്കുന്ന ആകർഷണതയെ പ്രണയമായി കണക്കാക്കുന്നത് ബുദ്ധിമുട്ടാണ്.
വിഖ്യാതനായ കൊളംബിയൻ എഴുത്തുകാരനും സാഹിത്യ നോബൽ ജേതാവുമായ ഗബ്രിയേൽ ഗാർഷ്യ മാർക്കേസ് തന്റെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്ന്, കോളറക്കാലത്തെ പ്രണയത്തിൽ അനശ്വരവും ദീപ്തസാന്ദ്രവുമായ ഒരു പ്രണയത്തെയും അതിനു വേണ്ടിയുള്ള ഫ്ലോറന്റിനോ അരിസ എന്ന കഥാപാത്രത്തിന്റെ കാത്തിരിപ്പിനെയും അമൂർത്തമായ വാക്കുകളാൽ അവതരിപ്പിക്കുന്നുണ്ട്. പ്രണയബന്ധത്തിൽ നിന്ന് പ്രത്യക്ഷത്തിൽ യാതൊരു കാരണവുമില്ലാതെ പിൻവാങ്ങിയ ഫെർമിന ഡാസയെ അയാൾ ഒരു മൊട്ടുസൂചി കൊണ്ടുപോലും വേദനിപ്പിക്കുന്നില്ല. പകരം യോഗ്യതകളെല്ലാം നേടിയെടുത്ത് അമ്പതിമൂന്ന് വർഷങ്ങളും ഏഴു മാസങ്ങളും പതിനൊന്ന് ദിനരാത്രങ്ങളും അയാൾ അവൾക്കായി കാത്തിരുന്നു. യഥാർത്ഥ പ്രണയബന്ധത്തിൽ ഏർപ്പെട്ട ഒരാൾക്ക് ഒന്നിന്റെ പേരിലും തന്റെ പങ്കാളിയെ മുറിവേല്പ്പിക്കാനാകില്ല എന്ന് മാർക്കേസ് ഓർമപ്പെടുത്തുന്നു.
പുരുഷന്റെ സ്വേച്ഛാദിപത്യപരമായ പെരുമാറ്റം മൂലം പ്രണയബന്ധങ്ങളിൽ നിന്ന് ധാരാളം സ്ത്രീകൾ മുക്തി നേടാൻ ആഗ്രഹിക്കാറുണ്ട്. എന്നാൽ കൂടെക്കൂടെയുള്ള ആസിഡു വാർത്തകളിലും പ്രണയപ്പകയുടെ പത്രവാർത്തകളിലും തങ്ങളുടെ പേര് വരാൻ ആഗ്രഹിക്കാത്ത ഇക്കൂട്ടർ നിശബ്ദത തുടരുകയാണ് പതിവ്
നമ്മൾ തമ്മിലുള്ള ബന്ധം എല്ലാകാലത്തേക്കുമാണ് അതല്ലെങ്കിൽ മരണം വരെയും നമ്മൾ ഒന്നാണ് എന്ന കരാറിന്റെ അടിസ്ഥാനത്തിൽ ഒരിടത്തും പ്രണയം സാധ്യമാവുകയില്ല. ഒന്നാകുന്ന അതേ സ്വാഭാവികതയാണ് പിരിയലിന്റെ ധ്യാനാത്മകതയിലും ആഗ്രഹിക്കേണ്ടത്.
കഴിഞ്ഞ ജൂൺ മാസത്തിലെ ഒരു ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന കെ രഘുനാഥന്റെ ഒരു കഥയുണ്ട്, വിക്ടർ ഹ്യൂഗോവിന്റെ ഭാര്യ ഏദൽ എന്റെ കാമുകി എന്നാണ് ആ കഥയുടെ തലക്കെട്ട്. മഹാനായ ഫ്രഞ്ച് സാഹിത്യകാരൻ വിക്ടർ ഹ്യൂഗോയുടെയും അദ്ദേഹത്തിന്റെ ഭാര്യ ഏദലിന്റെയും ഏദലിന്റെ കാമുകനായ നിരൂപകൻ ചാൾസ് സാങ്ബോയുടെയും ബന്ധവും അവരുടെ ജീവിതവുമാണ് ഈ കഥയിലൂടെ എഴുത്തുകാരൻ വരച്ചിടുന്നത്.
ഈ കഥയുടെ അന്ത്യത്തിൽ വിക്ടർ ഹ്യൂഗോ ചാൾസ് സാങ്ബോയോട് ഒരു കാര്യം പറയുന്നുണ്ട്, അതിപ്രകാരമാണ്. “നിരൂപകാ, ചാൾസ് സാങ്ബോ. നിന്റെ ചുട്ടെരിച്ചിൽ ഞാനറിയുന്നു. നീ കാമുകനാണെങ്കിൽ ഞാൻ ഭർത്താവാണ് അത്രയേയുള്ളൂ വ്യത്യാസം. എന്തുവേണമെന്ന് ഏദൽ തീരുമാനിക്കട്ടെ നമ്മളിൽ ഒരാൾക്കേ അവളുടെ സ്നേഹത്തിന് അർഹതയുള്ളൂ. അവളത് പ്രഖ്യാപിക്കുന്ന നിമിഷം മറ്റേയാൾ രംഗം വിടണം.”
പ്രണയമെന്ന പോലെത്തന്നെയാണ് വിവാഹമെന്നും ബന്ധങ്ങളൊന്നും ബന്ധനങ്ങളാവരുതെന്നും ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു.സ്നേഹിക്കുക എന്നതു പോലെ സ്നേഹിക്കാതിരിക്കുക എന്നതും ഒരു മനുഷ്യന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. പ്രണയം നിരസിച്ചതിന്, പ്രണയത്തിൽ നിന്ന് ഇറങ്ങിപ്പോയതിന് കഴുത്ത് മുറിക്കുന്നവർ പ്രണയം എന്നപേരിൽ സ്വന്തം കാമനകളെ പൂർത്തീകരിക്കാൻ വേണ്ടി കാഴ്ചവച്ച അഭിനയം എത്ര നീചമായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ടോക്സിക് പ്രണയം എന്നൊന്ന് ഇല്ലേയില്ല. വിഷലിപ്തമായതൊന്നും പ്രണയമല്ല. ജനാധിപത്യവും ആദരവും ഇല്ലാത്ത ബന്ധവും പ്രണയമല്ല.
പ്രണയത്തിലെന്നല്ല ഈ ലോകത്ത് ഒരു ബന്ധത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്ന് ബഹുമാനമാണ്. ബന്ധങ്ങളിൽ സ്നേഹത്തേക്കാൾ പ്രാധാന്യം ബഹുമാനത്തിനാണ്. നമ്മൾ ഒരു ബന്ധത്തിനകത്തു നിന്നുകൊണ്ട് നമ്മുടെ പങ്കാളിയേയും അയാളുടെ തീരുമാനങ്ങളേയും ഇഷ്ടങ്ങളേയും താല്പര്യങ്ങളേയും സ്വപ്നങ്ങളേയും ബഹുമാനിക്കുന്നുണ്ടെങ്കിൽ നമുക്ക് അയാളെ ഒരു കാലത്തും വേദനിപ്പിക്കാനാകില്ല, എന്നുമാത്രമല്ല ദുഃഖത്തോടെയാണെങ്കിലും നമുക്ക് പ്രതികൂലമാണെന്ന് സ്വയം തോന്നുന്ന അയാളുടെ തീരുമാനങ്ങളെയും പ്രവൃത്തികളെയും നമുക്ക് അംഗീകരിക്കാനും കഴിയും.
ബന്ധങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നതിനെ സംബന്ധിച്ച് നാം ചിന്തിക്കാറുണ്ടോ? യഥാർത്ഥത്തിൽ നമ്മുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ ശരീരപ്രകൃതിയിലോ ഉള്ള എന്തെങ്കിലും സവിശേഷതയുടെ സ്പർശമേറ്റാണ് മറ്റൊരാൾ നമ്മുടെ ജീവിതത്തിലേക്കും തിരിച്ച് നമ്മൾ അയാളുടെ ജീവിതത്തിലേക്കും കടന്നുചെല്ലുന്നത്. ഇതുപോലൊരു കുറവിന്റെ സ്പർശമേറ്റാണ് മനുഷ്യൻ അവന്റെ പങ്കാളിയുടെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നതെന്ന് നാം തിരിച്ചറിയണം. സ്വാതന്ത്ര്യം ബന്ധങ്ങൾക്കിടയിലും അനിവാര്യമാണ്. കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ഇറങ്ങിപ്പോകാനും വേണം. അത്തരം സ്വാതന്ത്ര്യബോധമുള്ള മനുഷ്യനിലേക്കും അവരുടെ പ്രണയങ്ങളിലേക്കും കടന്നുച്ചെല്ലുക എന്നതു മാത്രമാണ് ആസിഡിൽ നിന്നും കത്തി ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാനുള്ള മാർഗ്ഗം.
വിക്ടർ ഹ്യൂഗോ ഏദലിനു നല്കിയ സ്വാതന്ത്ര്യമുണ്ട്. അവൾക്ക് രണ്ടിൽ ഒരാളെ തിരഞ്ഞെടുക്കാം. ഏദൽ നിരൂപകനായ ചാൾസ് സാങ്ബോയെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അവളിൽ നിന്നും യാതൊന്നും പറയാതെ ഇറങ്ങിനടക്കാൻ തനിക്കു കഴിയുമെന്നുള്ള ആത്മവിശ്വാസമാണ് ഓരോ മനുഷ്യനും ആർജ്ജിക്കേണ്ടത്.
ഇകഴിഞ്ഞ ദിവസങ്ങളിലൊന്നിൽ തിരുവനന്തപുരം വർക്കലയിൽ കൊല്ലപ്പെട്ട പെൺകുട്ടിയെ ഈ നിമിഷം ദുഃഖത്തോടെ സ്മരിക്കുകയാണ്. ആണധീശത്വത്തിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് ആ പെൺകുട്ടി.
നാം മറ്റേതൊരു പരാജയത്തെയും പോലെ പ്രണയ പരാജയത്തെയും നേരിടാൻ പഠിക്കേണ്ടിയിരിക്കുന്നു. ബ്രേക്കപ്പിനെ ഇന്ന് തേപ്പ് എന്നാണ് പൊതുവേ വിളിക്കാറുള്ളത്. തീർത്തും അർത്ഥശൂന്യവും തികഞ്ഞ വിവരക്കേടുമാണ് ഈ പ്രവൃത്തി. പ്രണയവും പ്രണയത്തകർച്ചയും ആരോടുമുള്ള ഒരു മത്സരമല്ലെന്നും സ്വയം ശുദ്ധീകരിക്കാനും ദീർഘമായ ഈ ജീവിതയാത്രയിൽ മറ്റൊരാൾക്ക് തുണയാകാനും ഇണയാകാനുമുള്ള അപൂർവ്വ ഭാഗ്യമാണ് പ്രണയമെന്നും ഇനിയെന്നാണ് നാം തിരിച്ചറിയുക.
ഏതൊരു ബന്ധത്തിലും സ്വന്തമായി ചിന്തിക്കാനും തീരുമാനം എടുക്കാനുമുള്ള സ്വാതന്ത്ര്യവും ഉണ്ടായിയിരിക്കണം. പങ്കാളിയുടെ സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും ബന്ധനം നല്കാതെ പരസ്പരം ബഹുമാനിക്കുന്നിടത്തേ യഥാർത്ഥ പ്രണയം പൂത്തുലയുകയുള്ളൂ. ഒരിക്കൽ പരാജയപ്പെട്ടെന്നു കരുതി പ്രണയത്തെ ഭയക്കാതെ കുറവുകൾ ഓരോന്നും മനസ്സിലാക്കി പുതിയ ബന്ധങ്ങളിലേക്ക് നീങ്ങാനും ചുവടുറപ്പിക്കാനുമാണ് മനുഷ്യൻ എന്ന നിലയിൽ നാം ശ്രമിക്കേണ്ടത്.
ശരീരേച്ഛകൾക്ക് മാത്രം ചെവി കൊടുക്കുമ്പോഴാണ് തന്റെ മുൻ പങ്കാളിയെ നിഷ്കരുണം വധിക്കാൻ മനുഷ്യൻ തയ്യാറാകുന്നത്. യഥാർത്ഥത്തിൽ പുരുഷന്റെ അധീശത്വമോഹം താങ്ങാനാകാതെയാകും ഇത്തരം ബന്ധങ്ങളിൽ നിന്ന് സ്ത്രീ പുറത്തുകടന്നിരിക്കുക.
സർവ്വതാ സ്വതന്ത്രനായ മനുഷ്യന് സ്വാതന്ത്ര്യം വകവെച്ചു നല്കേണ്ടതോ അനുവദിച്ചു കൊടുക്കേണ്ടതോ ആയ ഒന്നല്ല. അതവനിൽ തന്നെയുള്ള ഒന്നാണെന്നും അവൻ ഏതൊക്കെ ബന്ധത്തിൽ അകപ്പെട്ടാലും അതവന്റെ ഇഷ്ടമാണെന്നും തീരുമാനമാണെന്നും ഉൾകൊള്ളാനുള്ള പക്വത നാം കൈവരിക്കുക. ശേഷം മലയാളത്തിന്റെ മാധവിക്കുട്ടിയുടെ വാക്കുകൾക്ക് കാതോർക്കുക, “ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക, തിരിച്ച് വന്നാൽ അത് നിങ്ങളുടെയാണ്, അല്ലെങ്കിൽ അത് മറ്റാരുടെയോ ആണ്.”