(Krishnakumar Mapranam)
അന്നൊക്കെ സ്വന്തക്കാരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഭവനങ്ങളിലേയ്ക്കു കടന്നു ചെല്ലുന്നതിനു കടമ്പകളൊന്നുമുണ്ടായിരുന്നില്ല. പടുകൂറ്റന്‍ കോട്ടമതിലുകളോടുകൂടിയ ഗൃഹങ്ങള്‍ക്ക് ഏഴരപൂട്ടിട്ട പൊന്‍വാതിലുകളോ ഉയര്‍ന്നു നില്‍ക്കുന്നപടിവാതിലുകളോ ഉണ്ടായിരുന്നില്ല.
സ്വീകരണമുറിയില്‍ കലപില കൂട്ടുന്ന ദീര്‍ഘ ചതുരപ്പെട്ടിയും ഉണ്ടായിരുന്നില്ല. കടന്നു ചെല്ലുമ്പോള്‍ തുറന്നിട്ട വാതിലുകള്‍ക്ക് മുന്നില്‍ പുഞ്ചിരി കൊണ്ടു സഹര്‍ഷം സ്വാഗതമോതുവാനെത്തുന്ന ആതിഥേയരുണ്ടായിരുന്നു. അഴിയെറിയാത്ത പുറം വരാന്തയില്‍ സുഖദ തെന്നലേറ്റ് കുശലാന്വേഷങ്ങളും വിശേഷങ്ങളും പറഞ്ഞും പൊട്ടിചിരിച്ചും നല്ലവാക്കോതുന്ന അക്കാലം അകകാമ്പിലിപ്പോഴും മധുരോന്മാദമായി നിലകൊള്ളുന്നു.
സല്‍ക്കാരം പച്ചവെള്ളമോ കട്ടന്‍കാപ്പിയോ ആണെങ്കില്‍ പോലും അവയ്ക്ക് മധുരമുണ്ടായിരുന്നു. കലര്‍പ്പില്ലാത്ത മോരില്‍ കറിവേപ്പിലയോ, നാരങ്ങയുടെയിലയോ പച്ചമുളകും ചതച്ചിട്ട് പാകത്തിന് ഉപ്പും ചേര്‍ത്ത് നല്‍കുന്ന സംഭാരത്തിനു അമൃതിനേക്കാള്‍ സ്വാദുണ്ടായിരുന്നു. കുശലാന്വേഷങ്ങളും വിശേഷങ്ങളും പറഞ്ഞുതീര്‍ക്കാനാവാത്ത അത്രയ്ക്കും ഉണ്ടായിരുന്നു.
ചെല്ലുന്ന ദിവസം തന്നെ തിരിച്ചു പോരണമെന്നു കരുതി പോകുന്ന ഗൃഹങ്ങളില്‍ ആതിഥേയരുടെ സ്നേഹ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി അന്ന് അവിടെ താമസിക്കേണ്ടതായും വന്നിരുന്നു. അതിഥിയുടെ അഭിരുചിക്കനുസരിച്ച് ആതിഥേയരൊരുക്കുന്ന സല്‍ക്കാരങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു.
തിരിച്ചുപോകുമ്പോള്‍ പടിവരെ കൂടെ വരികയും ഇനിയും ഈ വഴി മറക്കാതെ വീണ്ടും വരണമെന്ന സുചിന്തയാലുള്ള അഭ്യര്‍ത്ഥനയും പരസ്പരം വിട്ടുപോകേണ്ടിവരുമ്പോഴുണ്ടാകുന്ന അജ്ഞാതമായ ഉള്‍വേദനയും ഇനിയും കാണാമെന്ന സ്നേഹവാക്കുകളും എവിടെയാണ് കളഞ്ഞുപോയതെന്ന് വിചാരിക്കുകയാണ്.
ഇന്നൊരു ഭവനത്തിലേയ്ക്കു കടന്നുചെല്ലാന്‍ കടമ്പകളേറെയാണ്. കൊട്ടാരക്കെട്ടുകള്‍ക്കു സമാനമായ കൂറ്റന്‍മതിലുകളും ബാരിക്കേഡുകള്‍ വച്ചു മറച്ചതുപോലെ വലിയൊരു പടിവാതിലും എപ്പോള്‍ വേണമെങ്കിലും കൂടുതുറന്നു വെളിയില്‍ ചാടാനായൊരുങ്ങുന്ന കാവല്‍ നായയും. ഇവയൊക്കെ തരണം ചെയ്ത് ഭവനത്തിനു മുന്നിലെത്തിയാല്‍ അടഞ്ഞുകിടക്കുന്ന വാതിലിനു മുന്നില്‍ മണിയും അടിച്ച് എത്രയോ നേരം കാത്തു നില്‍ക്കേണ്ടിവരുന്നു വാതിലൊന്നു തുറക്കുവാന്‍!
അതിഥിയെ കണ്ടാല്‍ ഉടന്‍ തന്നെ ആതിഥേയന്‍റെ മനമിടിയും. മുഖത്തു ചിലപ്പോള്‍ കടന്നലുകള്‍ വന്നിരിക്കും. "ഇവനൊക്കെ വരാന്‍ കണ്ട നേരം" എന്നൊക്കെ മനസ്സിലൊരു അമറലും. എങ്കിലും വായ നിറച്ചു ചിരിയോടെ സ്വീകരണമുറിയിലേയ്ക്കു ആനയിക്കപ്പെട്ടേക്കാം.
പലപ്പോഴും വീട്ടുകാരൊക്കെ ജോലിത്തിരക്കിലും അവരവരുടെ കാര്യങ്ങളിലും മുഴുകിയിരിക്കുകയായിരിക്കും. മിക്കപ്പോഴും ഒന്നുകില്‍ ദീര്‍ഘചതുരപ്പെട്ടി തുറന്നു അതിലെ കാഴ്ചകളില്‍ മനം മയങ്ങിയിരിക്കുകയായിരിക്കും. ഒന്നു മിണ്ടും മുന്‍പേ മൊബൈല്‍ ചിലച്ചുകൊണ്ടിരിക്കും. ഫോണുമെടുത്ത് ഏറെ നേരം സംസാരിക്കുമ്പോൾ അവിടെ നാമൊരു അധികപറ്റായത് പോലെ തോന്നും. പലരും ഓൺലൈനിലാവും.വീട്ടിലുള്ളവർ തന്നെ പരസ്പരം സംസാരിച്ചിട്ട് കാലമേറെയായെന്ന് അവരുടെ മുഖഭാവത്തിൽ നിന്നും വായിച്ചെടുക്കാനാവും.
അപ്പോൾ പിന്നെ എങ്ങിനെ ആതിഥേയര്‍ക്ക് അതിഥിയോടു മിണ്ടാനുള്ള നേരമുണ്ടാകും. മുഖത്ത് ചിരിയോ സംസാരമോ കുറവ്. വന്നുകയറിയ അതിഥിയെ വേഗം പറഞ്ഞുവിടാനുള്ള ഒരുക്കങ്ങളാണ് പിന്നെ....സ്വന്ത ബന്ധങ്ങള്‍ക്കൊന്നും ഒരു വിലയുമില്ല.
കുറച്ചുകാലം മുന്‍പ് അടുത്തൊരു ബന്ധുവീട്ടില്‍ സന്ധ്യയായി എത്തിചേര്‍ന്നപ്പോള്‍. തിരക്കുകള്‍ മാറ്റി വച്ചുകൊണ്ടുള്ള ഒരു യാത്ര. സ്വീകരണമുറിയില്‍ ദീര്‍ഘചതുരപ്പെട്ടിയില്‍ തകര്‍ത്താടുകയാണ് പരമ്പര. പാതി ചാരിയിട്ട കതകു തുറന്ന് ഞാനകത്തു പ്രവേശിച്ചെങ്കിലും അവരൊക്കെ എന്നെ കണ്ട് ഒന്നു ചിരിച്ചെന്നു വരുത്തി സോഫയിലിരിക്കാന്‍ ആംഗ്യം കാട്ടി. അവിടെയുള്ള ചിലർ മുഖം താഴ്ത്തി മൊബൈലിലുമായിരുന്നു. ചിലർ അവരൂടെ സ്വകാര്യയിടങ്ങളിലേയ്ക്ക് നീങ്ങി.മറ്റുചിലർ ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോൾ പരമ്പര അവസാനിച്ചപ്പോൾ അതിനിടയിലെ പരസ്യനേരത്ത് രണ്ടുവാക്ക് മിണ്ടി ‘’എപ്പോ എത്തി ‘’ അപ്പോഴേയ്ക്കും പരസ്യം കഴിഞ്ഞ് അടുത്ത രംഗങ്ങള്‍ വന്നപ്പോള്‍ വീണ്ടും ശ്രദ്ധ അതിലായി. അങ്ങിനെ പരമ്പരയ്ക്കിടയിലെ ഒരു ശല്യക്കാരനായിട്ടും അവരുടെ സ്വകാര്യത്തിനു ഭംഗം വരുത്തുന്ന ഒരു വില്ലനുമായാണ് എന്നെ അവര്‍ കണ്ടത്.
സന്ധ്യാസമയത്ത് പണ്ടൊക്കെ സന്ധ്യാദീപം കൊളുത്തി വച്ച് അതിനു മുമ്പിലിരുന്ന്‍ ദേവി, ദേവ സ്തുതികളും, നാമങ്ങളും ജപിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകളും കീര്‍ത്തനങ്ങളുടെ ശബ്ദവുമാണ് കേട്ടിരുന്നത്. ഇപ്പോള്‍ ഉച്ചത്തിലുള്ള ശകാരവും വാക്കുതര്‍ക്കങ്ങളും കൊലവിളികളുമാണ് കേട്ടുകൊണ്ടിരിക്കുന്നത്. സന്ധ്യാസമയങ്ങളില്‍ എങ്ങാനും ഓര്‍ക്കാപുറത്ത് കേറിചെല്ലേണ്ടി വന്നാല്‍ ഉടനെ കേള്‍ക്കാം. അലര്‍ച്ച ‘’ ആരാണ് നിന്നോട് ഇങ്ങോട്ടുവരാന്‍ പറഞ്ഞത്. ഇനിമേലില്‍ ഈ പടി ചവിട്ടരുത്. ഇവിടെ ഇനി കണ്ടുപോയാല്‍ നിന്നെ ഞാന്‍ .....’’
ഇത്തരം വാക്കുകള്‍ കേട്ടാല്‍ ഒരുപക്ഷെ നമ്മള്‍ ആ പടി ചവിട്ടാന്‍ മടിക്കും. ഈ വാക്കുകളൊക്കെ ആതിഥേയരില്‍ നിന്നാകില്ല ആ ദീര്‍ഘചതുരപെട്ടിയില്‍ നിന്നോ മറ്റോ ആണ് കേള്‍ക്കുന്നത് എന്നോര്‍ത്ത് നമുക്ക് സമാധാനിക്കാം.