mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

'മാനിഷാദ': രാമായണ കാവ്യത്തിന്‍റെ ചുരുക്കെഴുത്ത്

മാനവികതയുടെ കവിഞ്ഞൊഴുക്കാണു രാമായണം. പ്രണയ ലീലകളിൽ ഏർപ്പെട്ടിരുന്ന ഇണപ്പക്ഷികളുടെ വേർപാടിൽ മനം വെന്തുപോയ ഒരു മനുഷ്യൻ്റെ കണ്ണീരിൽ കുതിർന്ന വിലാപമാണ്‌ യഥാർത്ഥത്തിൽ രാമായണത്തിൽ നിറഞ്ഞു നില്ക്കുന്നത്.  മനുഷ്യരുടെതുപോലുമല്ല, വെറും പക്ഷികളുടെ, 'വേർപാട്‌ ഉണ്ടാക്കിയ വേദന'യാണതെന്ന് പ്രത്യേകം ഓർക്കണം. ആ സംഭവം ഋഷി കവിയെ ആകെ ഉലയ്ക്കുകയും, നമുക്കറിയുന്ന പോലെ, അദ്ദേഹം കട്ടാളനീതിയെ ശക്തിയുക്തം ചോദ്യം ചെയ്യുകയും ചെയ്യുന്നു. ധാർമികതയിൽ ഊന്നിയുള്ള ആ ചോദ്യം ചെയ്യല്‍, ശാപ വചസ്സായാണ് ദിഗന്തങ്ങളിൽ മുഴങ്ങിയത്. അതാണ്, 'മാ നിഷാദ'. 
 
യഥാർത്ഥത്തിൽ ആ ശാപ വാക്കുകളുടെ വിപുലീകരണം കൂടിയാണ് രാമായണം. രാമായണം രചിക്കാനിടയയതിനെ കുറിച്ചുള്ള പ്രഖ്യാതമായ ഇതിഹ്യവും ഇതിനെ സാധൂകരിക്കുന്നു. ആ അർത്ഥത്തിൽ രാമായണം വിരഹതാപത്തില്‍ വിറങ്ങലിച്ചുപോയ ക്രൗഞ്ച മിഥുനങ്ങൾക്കുള്ള കവിയുടെ ചിരന്തന സ്മാരകവുമാണ്.
 
മാ നിഷാദ പ്രതിഷ്ടാം ത്വ / മഗമത് ശാശ്വതീ സമാ / യത് ക്രൗഞ്ച മിഥുനാത് ഏക / മവധീം കാമമോഹിതം' എന്നിങ്ങനെയുള്ള കവിയുടെ വേദനനിറഞ്ഞ വാക്കുകളിൽ, സൂക്ഷിച്ചു നോക്കിയാൽ നമുക്ക് രാമായണത്തിന്റെ പൂർണ്ണത ദർശിക്കാം. 
 
കാവ്യ രചനക്ക് നിമിത്തങ്ങളായി തീർന്ന 'ക്രൗഞ്ച മിഥുനങ്ങൾ' ഇതിഹാസ കാവ്യത്തിൽ 'രാമനും സീത'യുമായി പുനർജനിക്കുന്നു. തമസ്സാ നദീതടത്തില്‍ വേടന്റെ അമ്പേറ്റു വീഴുന്ന ആണ്‍ പക്ഷി, രാമായണകാവ്യത്തില്‍ 'രാമൻ' തന്നെയായിത്തീരുന്നു. രമിക്കുന്നവനും രമിപ്പിക്കുന്നവനുമാണ് രാമന്‍. ഇണയെ വേർപെട്ടു വിലപിക്കുന്ന പെണ്‍ കിളിയാണ് കവിയുടെ 'സീത'. സീതയുടെ വിശുദ്ധിയെ കുറിച്ചുള്ള 'ജനാപവാദമാണു' ഇതിഹാസ കാവ്യത്തിലെ ആണ്‍ പക്ഷിയെ വീഴ്ത്തുന്ന 'അമ്പ്‌'. അത് രാമനിൽ പതിക്കുകയും, സീതയിൽ നിന്നും വേർപിരിയുന്നതിനു കാരണമാകുകയും ചെയ്യുന്നു. വിവേകശൂന്യമായി ചരിത്രത്തിൽ ഇടപെടുന്ന ആൾക്കൂട്ടത്തെ 'കാട്ടാള'നായി കരുതാം. കാണുന്നതിനെ കുറിച്ചോ, കേള്‍ക്കുന്നതിനെ കുറിച്ചോ അത്തരം ആൾക്കൂട്ടങ്ങൾക്കു കാര്യമായ ചിന്തയില്ല. ഒളപ്പമണ്ണ ഒരു കവിതയിൽ ആവേശഭരിതരായ അത്തരം ആൾക്കൂട്ടത്തെ 'മുഴുഭ്രാന്താൻ' എന്നാണ് വിളിക്കുന്നതെന്നോർക്കുക. 'കണ്ണ് കാണാത്തോർ കാതു കേൾക്കാത്തോർ / അവനോനെ തന്നെയും കാണുന്നീല കേൾക്കുന്നീലവനയ്യോ' എന്നിങ്ങനെയാണ് ഇത്തരക്കാരെ ഒളപ്പമണ്ണ പരിചയപ്പെടുത്തുന്നത്. സീതയെക്കുറിച്ച് അപസർപ്പകകഥ മെനയുന്ന സംശയരോഗിയെ കാട്ടാളൻ ആയി ഐതിഹ്യം ചരിത്ര വല്ക്കരിക്കുന്നു.
 
ചുരുക്കത്തിൽ, ഇരുപത്തി നാലായിരം ശ്ലോകങ്ങളിലേക്ക് പിന്നീട് വിപുലീകരിക്കപ്പെടുന്ന രാമായണേതിഹാസത്തിന്റെ ഭാവസാന്ദ്രമാർന്ന ചുരുക്കെഴുത്താണ് മാനിഷാദ.
 

രാമായണം ഒരു രാഷ്ട്രീയ കാവ്യം

 
ഒരു പക്ഷെ, ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ കാവ്യവുമാണ് രാമായണം. അയോധ്യ, കിഷ്കിന്ധ, ലങ്ക എന്നിങ്ങനെ മൂന്നു പൗരാണിക രാജ്യങ്ങളുടെ ഉയർച്ചയും, വളർച്ചയും, പരിണാമ പതനങ്ങളും ഇതിൽ പരാമൃഷ്ടമാകുന്നു. ജനാധിപത്യം, ഏകാധിപത്യം, വംശാധിപത്യം എന്നിങ്ങനെ, ഇന്ന് ലോകത്തിൽ നിലനില്ക്കുന്ന മൂന്നുതരം രാജ്യ വ്യവസ്ഥിതികളും രാമായണത്തിൽ നാം പരിചയപ്പെടുന്നു.
 
രാമനെ യുവരാജാവായി അഭിഷേകം ചെയ്യാനുള്ള തീരുമാനം എടുക്കും മുൻപ്, ദശരഥൻ 'നാനാജനപുരവാസികളെ'യും വിളിച്ചു വരുത്തി അഭിപ്രായം ആരായുന്നു. അതിൽ സമൂഹത്തിലെ ഒരാളെയും, എന്തിന്‍റെയെങ്കിലും പേരില്‍  ഒഴിച്ചു നിര്‍ത്തുന്നില്ല എന്നത് പ്രത്യേകം ഓർക്കണം. യുക്തിയുടെ ബലത്തില്‍ അധികാരികളുടെ നേരേ ചോദ്യങ്ങളുയര്‍ത്തുന്ന ചാർവാകന്മാർ വരെ അവിടെ മാനിക്കപ്പെട്ടു. അനേക ലക്ഷം പ്രജകളുടെ അഭിപ്രായം മാനിക്കപ്പെട്ടതുപോലെ, അവിടെ, കേവലം ഒരാളിൻ്റെ അഭിപ്രായവും പരിഗണിക്കപ്പെടുന്നു. അലക്കുകാരനും അരമന വാസിയും അയോധ്യയുടെ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു. രാമായണം ജനാധിപത്യത്തിനു നല്കുന്ന ആദരം അതുകൊണ്ടുതന്നെ രാഷ്ട്രതന്ത്രത്തിൽ പഠനാർഹമാണ്.
 
വാനര രാജ്യമാണ് രാമായണത്തിലെ കിഷ്കിന്ധ. 'വാനരര്‍' എന്നതുകൊണ്ട് അവർ കുരങ്ങന്മാരാണെന്ന് അർത്ഥമില്ല. ആധുനിക ലോകത്തില്‍  ആസ്ത്രേലിയക്കാരെ 'കംഗാരുക്കൾ' എന്നും, അമേരിക്കക്കാരെ 'കഴുകന്മാർ' എന്നും ഇന്ന് വിളിക്കുമ്പോലെ തന്നെയാണ് ഇതിഹാസത്തിൽ വാനരർ എന്ന് കിഷ്കിന്ധക്കാരെ വിളിക്കുന്നതും. സംസ്കൃതം, വ്യാകരണം തെറ്റാതെ സംസാരിക്കുന്നവരാണവര്‍. അത്തരം ആളുകള്‍ ഒരിക്കലും കുരങ്ങന്മാരയിരിക്കില്ലെന്നു തീർച്ചയാണ്.
 
'ഞാനാണ്‌ രാജ്യം' എന്ന് പ്രഘോഷിച്ച ലൂയി പതിനലാമനെ നമുക്കറിയാം. ചരിത്രത്തിൽ അയാളുടെ മുൻഗാമികളായിരുന്നു ബാലിയും സുഗ്രീവനും. തികഞ്ഞ ഏകാധിപതികൾ. ഇപ്പോൾ ഈദി അമീനും ചെഷസ്ക്യുവും സദ്ദാം ഹുസ്സൈനുമൊക്കെ പ്രതിനിധീകരിക്കുന്ന 'ഏകാധിപത്യ വ്യവസ്ഥ' കിഷ്കിന്ധയിൽ കാണാം.
രാമായണത്തിലെ മറ്റൊരു രാജ്യമാണ് ലങ്ക. സമ്പന്നമെങ്കിലും ഒരു വംശത്തിൽപ്പെട്ടവർ മാത്രം എന്നും രാജ്യാധികാരം കൈവശം വെക്കുന്നു, ഇവിടെ. ഇന്നും ഇന്നലെയും നാളെയും ചരിത്രത്തിൽ ഉടനീളം കാണാൻ കഴിയുന്ന വംശാധിപത്യം ലങ്കയിലൂടെ ആവിഷ്കരിക്കപെടുന്നു.
 
 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ