(Radhakrishnan V)
ലോഹിതദാസിന്റെ തിരക്കഥയിൽ ജനിച്ച മേലേടത്ത് രാഘവൻനായർ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വിയർപ്പും, കണ്ണീരും ഇന്നും ഈ വീടിന്റെ അകത്തളങ്ങളിലും, പൂമുഖത്തും, മുറ്റത്തുമൊക്കെ നമുക്ക് കാണാനാകും. ഒറ്റപ്പാലത്തെ അനങ്ങൻമലയുടെ താഴ് വരയിലെ ഈ വീട് ഇന്നും വാത്സല്യം വീടായി അറിയപ്പെടുന്നു.
ലോഹിതദാസിന്റെ തൂലികയിൽ സ്വന്ത - ബന്ധങ്ങളുടെ കഥ പറഞ്ഞ വാത്സല്യം സിനിമ ചിത്രീകരിക്കപ്പെട്ട വീടാണിത്. മേലേടത്തു രാഘവൻ നായരായി മമ്മൂട്ടി മലയാളികളുടെ കണ്ണും, മനസും നിറച്ച സിനിമ - ആ സിനിമയ്ക്ക് ഈ വീടിനോട് ആത്മബന്ധമുണ്ട്. മേലേടത്ത് തറവാടായി ചിത്രീകരിച്ചത് ഈ മൂന്ന് നില ഓടിട്ട തറവാട് ആയിരുന്നു. ഇവിടെ വന്നാൽ വാത്സല്യവും, രാഘവൻ നായരും, മറ്റ് കഥാപാത്രങ്ങളും നമ്മുടെ മനസിൽ നിറയും. മനുഷ്യബന്ധങ്ങളുടെ കഥകൾ സിനിമയിൽ അന്യമായ പുതിയ കാലത്ത് ഈ സിനിമയും, ഈ തറവാടുമൊക്കെ ചില സത്യങ്ങളും, സങ്കടങ്ങളും നമ്മോട് പറയുന്നുണ്ട്. മമ്മൂട്ടി- എം.ടി. ടീമിന്റെ സുകൃതം സിനിമയും ചിത്രീകരിച്ചത് ഈ തറവാട് പശ്ചാത്തലമാക്കിയാണ്. അടുത്ത കാലത്ത് എന്ന് നിന്റെ മൊയ്തീനിൽ ഈ വീട് പ്രധാന പശ്ചാത്തലമായിരുന്നു.
നാട്ടുരാജ്യങ്ങളുടെ സംയോജന പ്രക്രിയയിൽ സർദാർ വല്ലഭായ് പട്ടേലിന്റെ വലം കൈയ്യായി പ്രവർത്തിച്ച വാപ്പാലമേനോൻ എന്ന വി.പി.മേനോന്റെ തറവാടായിരുന്നു ഇത്.
ജലീൽ പുന്നടിയിൽ ആണ് വീടിന്റെ ഇപ്പോഴത്തെ ഉടമ - വാത്സല്യത്തിനോടുള്ള ആരാധനയിൽ ജലീൽ ഈ തറവാട് സ്വന്തമാക്കുകയായിരുന്നു. വാപ്പാല കളം തറവാട് 12 ഏക്കർ വരുന്നതാണ്. "വാത്സല്യം" നിറഞ്ഞ് നിൽക്കുന്ന ഈ തറവാട് കാണാൻ ഇന്നും നിരവധി പേരെത്തുന്നു. മേലേടത്ത് രാഘവൻ നായരെ നമുക്കിന്നും ഇവിടെ കാണാം. അയാളുടെ സങ്കടങ്ങളെ, മാനസിക സംഘർഷങ്ങളെ, കുടുംബത്തോടും, കുടപ്പിറപ്പുകളോടുമുള്ള കരുതലിനെ, കണക്ക് വെക്കാത്ത സ്നേഹ മനസിനെ അങ്ങിനെ ആ സിനിമയുടെ ഓരോ വൈകാരിക ദൃശ്യ മുഹൂർത്തങ്ങളും നമ്മുടെ മനസിൽ അഭ്രപാളിയിലെന്ന പോല തെളിയും. അവസാന രംഗത്തിൽ തറവാട് വിട്ടിറങ്ങി പോകുന്ന മേലേടത്ത് രാഘവൻ നായരുടെ കഥാപാത്രത്തിന്റെ വേദന നെഞ്ചേറ്റി ഒരിറ്റ് കണ്ണീർ വാർക്കുന്നവർ ഇന്നും അനവധി. "ഇവിടെ എന്താ വെളിച്ചെണ്ണ കുടിക്കുകയാണോ" എന്ന കവിയൂർ പൊന്നമ്മയുടെ അടുക്കള ചോദ്യം, ഇന്നും കേരളീയ കുടുംബങ്ങളിലെ അടുക്കള കഥകളിൽ പ്രസക്തമാണ്.
വാത്സല്യത്തോടുള്ള വാതസല്യം 28 വർഷമായി കുറയാതെ നിലനിൽക്കുന്നതും അത് കൊണ്ടാവാം. ലോഹിതദാസിന്റെ രചനയിൽ - കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇരുവരും ഇന്നില്ല എന്നുള്ളതും വാത്സല്യം നമുക്കിന്ന് സമ്മാനിക്കുന്ന കണ്ണീർ നനവാകുന്നു.
വല്യേട്ടൻ, വല്യമ്മാവൻ, അനുജൻ, അമ്മ, തറവാട് അങ്ങിനെ മലയാളി മറന്ന് പോയി കൊണ്ടിരിക്കുന്ന സ്നേഹ ബന്ധങ്ങളെ ഓർമ്മപ്പെടുത്താൻ ഇന്നും വാത്സല്യം സിനിമ കാരണമാകുന്നു. ഈ തറവാട്ടിൽ കയറി ചെല്ലുമ്പോൾ മേലേടത്ത് രാഘവൻ നായർ വീടിന്റെ പൂമുഖത്തെ ചാരുകസേരയിൽ ചാരി കിടക്കുന്നത് കാണാം. പൂമുഖത്ത് അസ്വസ്ഥനായി നടക്കുന്നത് കാണാം. മഴ നനഞ്ഞും മണ്ണിലേക്ക് ഇറങ്ങുന്നത് കാണാം. "എന്റെ കയ്യിൽ ഒന്നിനും ഒരു കണക്കൂല്യ, സ്നേഹിച്ചതിന്റെ, തറവാട് നോക്കിയതിന്റെ, ലാഭത്തിന്റെ, നഷ്ടത്തിന്റെ അങ്ങിനെ ഒന്നും. ആ കണക്കൊന്നും സൂക്ഷിക്കാൻ മാത്രം പഠിപ്പില്ലാതെ പോയി മേലേടത്ത് രാഘവൻ നായർക്ക്." വാത്സല്യം തറവാട് കാണാനെത്തുന്ന ഓരോരുത്തർക്കും മേലേടത്ത് രാഘവൻ നായർ നെഞ്ച് തകർന്ന് പറയുന്ന ഈ വാക്കുകളെ കേൾക്കാനാവും.