മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

  • MR Points: 0
  • Status: Ready to Claim

 

(ThulasiDas. S)

ആശുപത്രിയുടെ മണം കുറച്ചുയരത്തില്‍ വന്നു നില്‍ക്കുന്ന മരണത്തിന്റെ മണംപോലെ രാമേട്ടനു തോന്നിതുടങ്ങിയിട്ട് കുറച്ചു നാളായി. അടുത്ത മുറിയില്‍ ഓപ്പറേഷനു വന്ന് രണ്ട് ദിവസം മുന്‍പ് ഇടനാഴിയില്‍വെച്ച് പരിചയപ്പെട്ട കുഞ്ഞിരാമനിപ്പോള്‍ എങ്ങനെ ഉണ്ടെന്ന ചോദ്യം പല ആവര്‍ത്തിയായി. മകന്‍ ഗോപിയും സഹായി മണിയപ്പനും പരസ്പരം മുഖം നോക്കി.

അച്ഛന്റെ ഭാഷയില്‍ തന്നെ പറഞ്ഞാലോ? എന്ന് ഗോപി മനസ്സില്‍ ചിന്തിച്ചു. കുഞ്ഞിരാമെന്ന പഞ്ചഭൂതത്തില്‍ നിര്‍മ്മിച്ച കുപ്പായം ദൈവം തിരിച്ചെടുത്തു. അതുകേള്‍ക്കുമ്പോള്‍ അച്ഛന്‍ മരണമെന്ന അത്ഭുതത്തില്‍ കൂടുതല്‍ സൂക്ഷ്മചിത്തനാവും.

ഒഡോണില്‍ രണ്ടെണ്ണം മുറിയില്‍ യുദ്ധത്തിലാണ്. ചെറിയ കോളാമ്പിയിലേക്ക് വീഴുന്ന തുപ്പലിന്റെ ഗന്ധം മണിയപ്പന് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്. അച്ഛന്റെ മുന്‍പില്‍ അറിയാതെ ഓക്കാനിച്ച് പോയാല്‍ പിന്നെ... അതിലും ഭേദം രാമേട്ടനെ ഒറ്റ കുത്തിനു കൊല്ലുന്നതാണ് എന്ന് ചിന്തിക്കുകയാവും. ഗോപി മണിയപ്പനെ അത്ഭുതജീവിയെപ്പോലെ നോക്കിയിരുന്നു. ഓങ്കോളജിയുട മുഖ്യന്‍ ഗോപിയെ തന്റെ മുറിയിലേക്ക് വിളിച്ചിട്ട് രണ്ട് ദിവസമായ കാര്യം ഗോപി ഓര്‍ത്തു.

അദ്ദേഹം മുറിയില്‍ ഭിത്തിയില്‍ കാറ്റിലാടിക്കളിക്കുന്ന ചിന്മയാനന്ദന്റെ ഫോട്ടോയുടെ താഴത്തെ കലണ്ടറിലേക്ക് നോക്കിയിരിപ്പാണ്. മേശപ്പുറത്ത് എടുക്കാന്‍ കൈകാലിട്ടടിക്കുന്ന ഒരു കുട്ടിയെപ്പോലെ മൊബൈല്‍ഫോണ്‍ താളം ചവിട്ടി. വൈബ്രേഷന്‍ മോഡില്‍ മറുതലയ്ക്കലെ വ്യക്തി അത്ര പ്രിയപ്പെട്ടവനല്ലാത്തതിനാല്‍ അത് വീണ്ടും ചവിട്ടി തുള്ളി. മുറിയില്‍നിന്ന് മൗനത്തെ പുറത്താക്കിക്കൊണ്ട് ഡോക്ടര്‍ പവിത്രന്‍ ഗോപിയോടായി പറഞ്ഞു:

''മൃതമായത് എന്നാല്‍ മരണപ്പെട്ടത്. കുടലുകളില്‍ ഭൂരിഭാഗവും മരണപ്പെട്ടുകഴിഞ്ഞു. കരളില്‍നിന്നും വെള്ളം അവയ്ക്ക് ധാര കോരിത്തുടങ്ങിയിരിക്കുന്നു.'' ഇന്നലെയും വിഷുവിനു വീട്ടില്‍ പോകണം എന്നൊരാവശ്യമേ ഉന്നയിച്ചുള്ളൂ. വേദനസംഹാരികള്‍ കൊടുത്ത് ദിനം കഴിക്കുകയാവും നല്ലത്. വിഷുവിന് ഉത്സവം നടക്കുന്ന ക്ഷേത്രത്തിന്റെ ഭാരവാഹിയായിരുന്നു രാമന്‍നായര്‍. അല്ലേ...."

അതെ ഡോക്ടര്‍... വീടിന്റെ മുകളിലത്തെ നിലയിലെ അച്ഛന്റെ മുറിയില്‍നിന്നു നോക്കിയാല്‍ ക്ഷേത്രം കാണാം. ഭഗവതിക്കാവ്. ഞാനും മണിയപ്പനും പറഞ്ഞു മടുത്തു. ഡോക്ടര്‍ വലിയൊരു മെഡിക്കല്‍ റിപ്പോര്‍ട്ട് വലിച്ചെടുത്ത് അതിന്റെ പുറത്ത് ചെറിയൊരു പേപ്പറില്‍ ആവശ്യത്തിനുള്ള മരുന്ന് കുറിച്ച് ഗോപിയുടെ നേരെ നീട്ടി. "വീട്ടില്‍തന്നെ മുന്നോട്ട് കാര്യങ്ങള്‍ നോക്ക്. കഷ്ടിച്ച് ഒരാഴ്ച കടന്ന് കിട്ടിയാല്‍ ഭാഗ്യം. കാല്‍വെള്ളയിലും കൈവെള്ളയിലും കറുത്ത ഭൂപടങ്ങള്‍ മാതിരി കറുത്ത പാടുകള്‍ തെളിഞ്ഞാല്‍ പിന്നെ ഇരുപത്തിനാലു മണിക്കൂറില്‍ താഴെ. സൂക്ഷിച്ചുനോക്കിയാല്‍ കാണാം. നല്ല വെളുത്ത ദേഹമായതിനാല്‍ കൂടുതല്‍ വ്യക്തമാകും."

വീട്ടില്‍ എത്തിയാലുള്ള പ്രശ്‌നങ്ങളെക്കുറിച്ചോര്‍ത്ത് ഗോപി ആശങ്കയിലായി. നഴ്‌സുമാര്‍ എത്തി കുശലങ്ങള്‍ ചോദിക്കുകയും അച്ഛാ എന്ന് പെണ്‍കുട്ടികള്‍ വിളിക്കുകയും ചെയ്യുമ്പോള്‍ ആ മുഖത്ത് ഒരു സ്വര്‍ണ്ണനിറം നിറയും. പെണ്‍കുട്ടികളെ വലിയ ഇഷ്ടമാണ്. കൈപിടിച്ച് കൊടുക്കാന്‍ അവള്‍ ഒന്നിനെ തന്നില്ലല്ലോ എന്ന് പല കല്യാണം കഴിഞ്ഞ് വരുമ്പോഴും പറയും. 

നാട്ടിലെ ക്ഷേത്രവും ബാങ്കും സ്‌കൂളും എല്ലാം അടുത്തകാലംവരെ അച്ഛന്റെ മേല്‍നോട്ടത്തിലായിരുന്നു. അമ്മ മരിക്കുമ്പോള്‍ എനിക്ക് പതിനാറ് വയസ്സാണ്. മറ്റൊരു കല്യാണം കൂടി കഴിപ്പിക്കാതെ ഗ്രാമത്തില്‍ തളച്ചിട്ടത് നാട്ടുകാരാണ്. രാത്രി പതിനൊന്നുമണിക്ക് എത്തും. വേവലാതികള്‍ പറഞ്ഞ്  നന്ദിയില്ലാത്ത ആവലാതികള്‍. പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കാനും, തെരഞ്ഞെടുപ്പുകളില്‍ രാമേട്ടന്‍ പറഞ്ഞാല്‍ മാത്രം മറിയുന്ന വോട്ടുകള്‍ തേടി രാത്രിതോറും പല വീടുകളിലും, കുടുംബവഴക്കുകള്‍ക്ക് തടസ്സം പിടിക്കാനും, ഉത്സവക്കമ്മിറ്റിയുടെ ആവശ്യത്തിനും, ആന ഇടഞ്ഞ് ഓടിയാല്‍വരെ രാമേട്ടന്‍ ഓടേണ്ട ഒരു കാലം.
ആ ഓര്‍മ്മകാലത്താണ് അച്ഛന്‍ ഇപ്പോഴും ജീവിക്കുന്നത്. വിഷുവിന് അന്‍പൊലി ഇടാതിരിക്കില്ല. കട്ടിലില്‍നിന്ന് പരസഹായത്താല്‍ എഴുന്നേറ്റ് നില്‍ക്കുന്ന ആള്‍ എങ്ങനെ പറ നിറയ്ക്കും, രാത്രിയിലെ ഭഗവതിയുടെ ഏറ്റവും വലിയ വഴിപാടായ പുലര്‍ച്ച എടുക്കുന്ന ആള്‍ പിണ്ടി ആട്ടം സ്ട്രച്ചറില്‍ കിടത്തി കാണിക്കാനോ?

പതിവില്ലാതെ മകനെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു:
''വിഷു എന്നാണ്?''
''മറ്റന്നാള്‍.''
''എനിക്ക് പോകണം. അവസാനമായി എന്റെ കാവിലമ്മയെ ഒന്ന് തൊഴണം....''
''പിന്നെ വല്ല ആഗ്രഹവുമുണ്ടോ...?'' ഗോപി തമാശക്കു ചോദിച്ചു.  ആ കണ്ണുകള്‍ നിറഞ്ഞു.

''മുറി പെയിന്റടിച്ചപ്പോള്‍ എടുത്ത് തടിപ്പെട്ടിയില്‍ വച്ച അമ്മയുടെയും അച്ഛന്റേയും ഫോട്ടോ ഒന്ന് കാണണം. മോരുകൂട്ടാനും മുളകൂഷ്യവും കൂടി ഇച്ചിരി ചോറുണ്ണണം. പിന്നെ ഒരു കപ്പ് പാല്‍പ്പായസവും.''
ഗോപി തലയ്ക്ക് കൈവച്ച് ഇരുന്നു. അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ഈ മരണം മണക്കുന്ന നാലുചുമരുകളില്‍നിന്ന് രക്ഷപ്പെടാനുള്ള അച്ഛന്റെ തന്ത്രമാവാം. അച്ഛന്റെ ആത്മാവ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടാവാം. സ്വന്തം ഗ്രാമത്തില്‍ തന്റെ പഞ്ചഭൂതങ്ങളുടെ കുപ്പായം ഊരി എറിയാനുള്ള ആവേശംപോലെ ഒരു വികാരം മൂടുന്ന മുഖം.

ഗോപി ഓഫീസിലേക്ക് പോയി ഡിസ്ചാര്‍ജ്ജ് വാങ്ങിപ്പോകാനുള്ള തീരുമാനം അറിയിച്ചു. പണം അടച്ച് മൂക്കില്‍ ശ്വസനസഹായിയും കൈയ്യില്‍ യൂറിന്‍ ബാഗുമായി ആംബുലന്‍സിലേക്ക് കയറിയപ്പോള്‍ ആ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം.
''പോകാം മണിയപ്പാ...''
''രാമേട്ടാ, സാധനങ്ങള്‍ എല്ലാം ഒന്ന് എടുത്തുവച്ചോട്ടെ....''
അപ്പോഴും തിരക്കിട്ട് ഗോപിയോടായി:
''ഉത്സവത്തിന്റെ നോട്ടീസില്‍ എന്റെ പേര് എവിടെയാണെന്ന് നോക്കിയോ?''
''എല്ലാം ഉണ്ട്. അച്ഛന്‍ വിഷമിക്കാതെ....''
ആംബുലന്‍സ് യാത്രയാവുമ്പോള്‍ നേഴ്‌സുമാര്‍ പുഞ്ചിരിച്ചുകൊണ്ട് യാത്രയാക്കി. അവര്‍ മരണം കാണുന്ന പുഞ്ചിരിക്കുന്ന മാലാഖമാരെപ്പോലെ കൈകള്‍ക്കു പകരം ചിറകുകള്‍ വീശുന്നതായി ഗോപിക്കു തോന്നി.

തലേന്നുരാത്രിയില്‍ ശ്വാസം കിട്ടാതെ വിഷമിച്ചപ്പോള്‍ രണ്ട് മാലാഖമാര്‍ വന്ന് വായ്ക്കുള്ളില്‍നിന്നും രണ്ട് രക്തക്കട്ടകള്‍ എടുത്ത് ഗ്ലാസ് ചേമ്പറിലേക്ക് ഇട്ടപ്പോഴാണ് അച്ഛന് ആശ്വാസമായത്. ആ രണ്ട് മാലാഖമാരും ആ കൂട്ടത്തിന്റെ മുന്‍പില്‍തന്നെ നില്‍പ്പുണ്ട്. ശരിക്കും എല്ലാം അറച്ചുപോകുന്നവര്‍ക്കായ് ഇവര്‍ ശരിക്കും പ്രകാശം പരത്തുന്ന മാലാഖമാര്‍. ആംബുലന്‍സ് വഴിയിലേക്ക് ഇറങ്ങി ദ്രുതതാളം മുഴക്കി. വഴിയില്‍ തീക്ഷ്ണമായ ഹോണ്‍ശബ്ദത്തില്‍ വാഹനങ്ങള്‍ ഇരുവശത്തേക്കും തെന്നിമാറുന്നതുപോലെ. ഗോപിക്ക് ദേഷ്യം വന്നു. എന്തിനാണ് ഈ മരണപ്പാച്ചില്‍. അച്ഛനെ വിശ്രമജീവിതത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനും വേണം ഈ ധൃതിനാടകം. ഉച്ചനേരത്ത് സൈറണ്‍ മുഴക്കി പോകുന്ന ആംബുലന്‍സുകളെ നോക്കി തമാശ പറയും:''അതു ചോറുണ്ണാന്‍ പോകുന്ന പോക്കാ...''
ഗോപി അച്ഛന്റെ ദേഹത്ത് കൈവച്ചിരുന്നു. ഒരു കൊടുവളവില്‍ സ്ട്രച്ചറില്‍നിന്നും തെന്നിമാറാന്‍ തുടങ്ങിയ അച്ഛന്റെ ശരീരത്തെ ഇരുവരും ചുറ്റിപ്പിടിച്ചുകൊണ്ട് ഗോപി അറിയാതെ പറഞ്ഞു:
''ഇത് രോഗികളെ മാനസികമായി കൊല ചെയ്യുകയാണ്.''
ശരീരം അധികം അനങ്ങാതെ നോക്കേണ്ട ഡ്രൈവര്‍ താന്‍ നിരത്തിലെ അത്ഭുതമാവണം എന്ന മട്ടില്‍ വെട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ ഡ്രൈവറുടെ പിന്നിലെ തകിടില്‍ ഒന്ന് ഇടിച്ചിട്ട് ഗോപി ദേഷ്യപ്പെട്ടു.
''ആകെ പതിനഞ്ചു കിലോമീറ്റര്‍ പോകേണ്ടതിനാണോ ഈ അഭ്യാസം?''
അയാള്‍ ഒന്ന് അടങ്ങി. ആംബുലന്‍സ് പതിയെ ഓടിത്തുടങ്ങി.
അഴിഞ്ഞുപോയ മടിക്കുത്ത് ശരിയാക്കി മണിയപ്പന്‍ രാമേട്ടനോടായി പറഞ്ഞു:
''ലോകത്ത് ചിലര്‍ മാത്രമേ അവര്‍ ഇരിക്കേണ്ട കസേരകളില്‍ എത്തുന്നുള്ളൂ. ഇത് ഞാന്‍ പറഞ്ഞതല്ല, രാമേട്ടന്‍ തന്നെ പലപ്പോഴായി എന്നോട് പറഞ്ഞതാണ്.''
ആ മുഖത്ത് സന്തോഷം പരന്നു. ഗോപിയെ അടുത്തു വിളിച്ച്,

''അമ്പലത്തിന്റെ മുന്നില്‍ ഒന്നു നിര്‍ത്തണം. പിന്നെ കുമാരേട്ടന്റെ വീടിന്റെ വഴിയിലും.''
പാടത്ത് കൊയ്ത്തുകഴിഞ്ഞ് നിലം ഉഴുതുന്നത് തലവെട്ടിച്ച് നോക്കിക്കൊണ്ട്,
''ചാലു കീറുകയാണ്. ചാലിടീല്‍....''
അവ്യക്തമായ ശബ്ദം.
''അച്ഛന്‍ അധികം സംസാരിക്കാതെ... കുഴലുകള്‍ പറിഞ്ഞുപോയാല്‍ പിന്നെ അല്പം ബുദ്ധിമുട്ടാണ്.''
ആംബുലന്‍സ് കുമാരേട്ടന്റെ വീടിനുമുന്‍പില്‍ നിന്നപ്പോള്‍ രാമേട്ടന്‍ ചോദിച്ചു:
''എവിടെ എത്തി?''
ഗോപി ആംബുലന്‍സില്‍ നിന്നുമിറങ്ങി മുറ്റത്തേക്ക് കയറി.
''കുമാരേട്ടനില്ലേ...''
കമലമ്മടീച്ചര്‍ പുറത്തേക്കു വന്നു. വഴിയില്‍ ആംബുലന്‍സ് കിടക്കുന്നത് കണ്ട് അല്പം അതൃപ്തിയോടെ,
''രാമേട്ടന്‍ വന്നു എന്ന് പറഞ്ഞേക്കാം. അമ്പലക്കമ്മറ്റി ആഫീസിലേക്കെന്ന് പറഞ്ഞ് ഇവിടെനിന്ന് ഇറങ്ങിയിരുന്നു.''
ആംബുലന്‍സില്‍ കയറി ഗോപി അച്ഛനെ ആശ്വസിപ്പിച്ചു.
''ആള്‍ അവിടെ ഇല്ല. വരുമ്പോള്‍ പറയാമെന്ന്.''
അമ്പലത്തിന്റെ മുന്‍പില്‍ ഉച്ചനേരമായതിനാല്‍ ആരും ഇല്ലായിരുന്നു.

മണിയപ്പന്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് ഇരുത്തി. നടയ്ക്കുനേരെ ഇരുന്ന് തൊഴുതു.
''കാവിലമ്മേ... തീരെ വയ്യ... കാത്തോണേ....''
വീടിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ അവിടേയും ശൂന്യമായിരുന്നു. മുകളിലത്തെ മുറിയില്‍ കയറ്റാന്‍ ഡ്രൈവറും സഹായിച്ചു. അതിനുള്ള പ്രതിഫലവും കൂടി വാങ്ങി അയാള്‍ യാത്ര പറഞ്ഞു.
സ്വന്തം കിടക്കയില്‍ നീണ്ടുനിവര്‍ന്ന് കിടന്നപ്പോള്‍ രാമേട്ടന് എന്തെന്നില്ലാത്ത സന്തോഷം. 
നാളെ കഴിഞ്ഞ് വിഷു.
''നാളെ നീ ആ കിട്ടാമനോട് ഒന്ന് വരാന്‍ പറയണം. വിഷുപുരാണം കേള്‍ക്കണം.''
''അച്ഛാ, കിട്ടാമനൊന്നും പഴയ ആള്‍ക്കാരല്ല. നല്ല ദക്ഷിണ തരാമെന്ന് പറഞ്ഞാലേ വരൂ. മക്കളൊക്കെ സെക്രട്ടേറിയറ്റിലും വിദ്യാഭ്യാസവകുപ്പിലുമൊക്കെ അല്ലേ. മുറ്റത്ത് കാറുകള്‍ ഒക്കെ ആയിട്ട് വര്‍ഷങ്ങളായി...''
''അതൊന്നും കിട്ടാമനെ മാറ്റില്ല. ഞങ്ങള്‍ എത്ര വര്‍ഷങ്ങള്‍ ഈ വീടിന്റെ തിണ്ണയില്‍ ഇലയിട്ട് വിഷു ഉണ്ടിരിക്കുന്നു. കിട്ടാമന്റെ അച്ഛന്‍ കുട്ടന്‍ മരത്തില്‍നിന്ന് വീണ് എടുത്തുകൊണ്ടുവന്ന് ഇലയില്‍ കിടത്തി തിരുമ്മുകാരന്‍ രാമന്‍ കണിയാന്‍ ഒരുമാസം കൊണ്ടാണ് എണീറ്റു നടത്തിയത്. വീടിന്റെ പിന്നിലത്തെ ചാര്‍ത്തില്‍ കുഴമ്പിന്റെയും കഷായത്തിന്റെയും ഗന്ധം ഇപ്പോഴും മനസ്സിലെവിടെയോ കിഴി തുറക്കുന്നതുപോലെ.''
ഏതായാലും രാത്രിതന്നെ കിട്ടാമനെ കാണാം. ഗോപി രഹസ്യമായി മണിയപ്പോനോട് പറഞ്ഞു:
''നോട്ടീസില്‍ പേരൊന്നും ഇല്ല എന്ന് എങ്ങനെ പറയും? ഇപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടിക്കാരുടെ ഭരണമല്ലേ. രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കുന്ന രാമേട്ടനെകൊണ്ട് അവര്‍ക്കെന്തു നേടാന്‍... നോട്ടീസ് പഴയതു വല്ലതും എടുത്ത് പേര് കാണിക്കാം.''
വീട്ടില്‍ ചെല്ലുമ്പോള്‍ പുതിയ എല്‍സിഡി ടീവിയില്‍ വാര്‍ത്ത കണ്ടിരിക്കയാണ് കിട്ടാമന്‍. ബെല്ലടിച്ചപ്പോള്‍ പുറത്തുവന്നു.
''ഇതാരാ ഗോപിക്കുഞ്ഞോ...?''
''നാളെ രാവിലെ വീടുവരെ ഒന്ന് വരണം. അച്ഛനൊന്നു കാണാനാ. ദക്ഷിണ തന്ന് അനുഗ്രഹം വാങ്ങണമെന്ന് ഒറ്റ വാശി.''
അതുകേട്ടതും കിട്ടാമന്റെ കണ്ണുനിറഞ്ഞു.
''ഗോപിക്കുഞ്ഞ് പൊക്കോ... ഇപ്പോള്‍ മകന്‍ വരാന്‍ നേരമായി. ഞാന്‍ അവിടെ എത്തിക്കോളാം. ആശുപത്രിയിലാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു.''
''വലിയ സന്തോഷം...''
യാത്രപറഞ്ഞ് ഇറങ്ങുമ്പോള്‍ ഗോപിക്ക് മനസ്സിലൊരാശ്വാസം തോന്നി. വഴിയില്‍ ആരേയും കാണാന്‍ താല്പര്യം തോന്നിയില്ല. ഗള്‍ഫിലെ ജോലിപോലും വേണ്ടെന്നുവച്ച് വിമാനം കയറുമ്പോള്‍ അച്ഛന്റെ മുഖം മാത്രമായിരുന്നു മനസ്സില്‍. അവധിയാണെന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലെങ്കില്‍ പിന്നെ തിരിച്ചുപോകാന്‍ പറ്റുമോ എന്നുള്ള ആവലാതികൂടി അധികമായി ചുമന്നു തുടങ്ങും.
ഇപ്പോള്‍ താന്‍ നാട്ടിലില്ലായിരുന്നെങ്കില്‍ അച്ഛന്‍ എന്തു ചെയ്യും. മണിക്കൂറിന് എത്രതവണയാണ് ഗോപിയേ എന്ന് വിളിക്കുന്നത്. ശരിക്കും പ്രവാസികളുടെ മാതാപിതാക്കളുടെ മരണം അതും ഒന്നും രണ്ടും മക്കളുള്ളവരുടെ അതീവ ദുരന്തപൂര്‍ണ്ണം.

ഏതായാലും ഒരു തിരിച്ചുവരവില്ലാത്തവിധം അച്ഛന്റെ കാര്യത്തില്‍ വിധി നിലപാടെടുത്തു കഴിഞ്ഞു. ദിവസങ്ങളുടെ ഇളവുകള്‍ മാത്രം.
ഇല അനങ്ങിയാല്‍ അറിയുന്ന ഗ്രാമത്തില്‍ രാമേട്ടന്‍ വന്നതുമാത്രം ആരും അറിഞ്ഞില്ല. രാത്രിയില്‍അമ്പലം അടയ്ക്കുന്ന സമയമായപ്പോള്‍ മണിയപ്പനോടായി പറഞ്ഞു:
''ആരും അറിഞ്ഞില്ലെന്നു തോന്നുന്നു, ഞാന്‍ വീട്ടിലെത്തിയ കാര്യം.''
''അതുപിന്നെ നാളെയും മറ്റന്നാളും ഉത്സവത്തിന്റെ കാര്യങ്ങള്‍ക്കായുള്ള ഓട്ടമല്ലേ.... അതു കഴിയുമ്പോള്‍ എല്ലാവരും വരും.''
മണിയപ്പന്‍ ആശ്വസിപ്പിച്ചു.
രാവിലെതന്നെ കിട്ടാമന്‍ എത്തി. കിടക്കയില്‍ കിടക്കുന്ന രാമേട്ടന്റെ അവസ്ഥ കണ്ട് ആ കണ്ണുകള്‍ നിറയാതെ പിടിച്ചുകൊണ്ട് ശോഷിച്ച കാലുകളില്‍ തലോടി. മൂക്കില്‍ കിടന്ന ശ്വസനസഹായിയെ ഒരു വശത്തേക്ക് മാറ്റിയിട്ട് കിട്ടാമനൊരു കസേര കൊടുക്കാന്‍ പറഞ്ഞു. കസേരയില്‍ പിടിച്ചിരുത്തിയിട്ട്,
''വിഷുപുരാണമൊന്നു കേള്‍ക്കണം.''
കിട്ടാമന് നൂറുരൂപ ദക്ഷിണ നല്‍കാന്‍ ഗോപിയോട് ആവശ്യപ്പെട്ടു.
ദക്ഷിണ വാങ്ങി മകനെ അനുഗ്രഹിച്ചിട്ട് കിട്ടാമന്‍ ഗോപിയോടും മണിയപ്പനോടും താഴെ ഇരിക്കാന്‍ പറഞ്ഞു.
വിഷുപുരാണത്തില്‍ രണ്ട് കാര്യങ്ങളാണ്. ഒന്ന് ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷസുദിനം. രണ്ടാമത്തേത് സൂര്യന്‍ നേരെ ഉദിക്കുന്നതിന്റെ തുടക്കദിനം. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. അസുരശ്രേഷ്ഠന്മാരെയെല്ലാം നിഗ്രഹിച്ചുകഴിഞ്ഞപ്പോള്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് വന്നു. തുടര്‍ന്നു നടന്ന അത്യുഗ്രയുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ഈ വധം നടക്കുന്നത് വസന്തകാലാരംഭത്തോടെയാണ്. നാളെയാണ് ആ ദിനം. വിഷു. കിട്ടാമന്‍ വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട്,

''വിഷുപുരാണം പറഞ്ഞിട്ട് കൊല്ലമെത്രയായി. ആര്‍ക്കുവേണം അടിയാന്മാരുടെ പഴംപുരാണം. രാമേട്ടനെപ്പോലെ ആരാ ഞങ്ങളെ ഓര്‍ക്കാനിയിയും....''
രാക്ഷസരാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. രാവണന് ദേഷ്യം പിടിച്ചിരുന്ന ഒരു ദിവസം വെയില്‍ കൊട്ടാരത്തിനകത്ത് കടന്നുചെന്നു എന്നതാണ് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരെ ഉദിച്ചിട്ടുള്ളൂ. ഇതിലുള്ള ആഹ്ലാദമാണ് വിഷു ആഘോഷം.  രാവണവധം കഴിഞ്ഞ് ലങ്കാദഹനത്തിന്റെ പ്രതീകമായാണ് വിഷുവിന് ഗൃഹപരിസരങ്ങളിലെ ചപ്പുംചവറും അടിച്ചുവാരി കത്തിക്കുന്നത്.

രാത്രിയില്‍ പറമ്പിലെ കരിയില മുഴുവന്‍ അടിച്ചുവാരി കത്തിക്കണമെന്ന് രാമേട്ടന്‍ മണിയപ്പനെ ഓര്‍മ്മിപ്പിച്ചു. കിട്ടാമന്‍ അല്പം പുകയില എടുത്ത് ഞെരുടി പല്ലിന്റെയും മോണയുടെയും ഉള്ളിലേക്ക് തിരുകിയിട്ട്,
''വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളില്‍ ഉദിക്കുന്ന ദിനം. തുല്യാവസ്ഥയോടു കൂടിയ ദിനം. വിഷുമുതല്‍ പത്താം നാളായ പത്താമുദയം വരെ കൃഷിപണികള്‍ തുടങ്ങാന്‍ ഉത്തമം.''
വിഷുവിന്റെ കഥ പറയുമ്പോള്‍ ഗോപിയും മണിയപ്പനും രണ്ട് കുട്ടികളായി. രാമേട്ടന്റെ മുഖം പൂര്‍ണ്ണചന്ദ്രനെപ്പോലെ വികസിച്ചു.
''പ്രകൃതി പുഷ്പാഭരണം ചാര്‍ത്തുന്നതാണ് കണിക്കൊന്ന പൂവുകള്‍. വൃക്ഷം നിറയെ കായ്ഫലങ്ങള്‍. പ്രസന്നമായ പകല്‍. എവിടെയും സമൃദ്ധിയും സന്തോഷവും. ആവുന്നത്ര ഫലങ്ങളും ധനവും ധാന്യങ്ങളും, കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം. കണ്ണാടിയില്‍ ഈ കാഴ്ചകള്‍ വെട്ടിത്തിളങ്ങുമ്പോള്‍ ഈശ്വരസാമിപ്യം അനുഭവിക്കും. വിഷുക്കൈനീട്ടം ലഭിക്കുന്ന സന്തോഷം കുട്ടികള്‍ക്ക് എവിടെനിന്നു കിട്ടും ജീവിതത്തില്‍....''
രാമേട്ടന്‍ തന്റെ പഴയ പഴയകാലങ്ങള്‍ അവ്യക്തമായ ഭാഷയില്‍ ഓര്‍ത്തെടുത്തു.
ചക്കയാണ് വിഷുദിനത്തിലെ പ്രധാന താരം. എരിശ്ശേരിയും ചക്കവറുത്തതും പ്ലാവില കുത്തിയെടുക്കുന്ന തവിയുമടക്കം. ചക്കയുടെ എല്ലാ ഭാഗങ്ങളും മടലടക്കം കറിവെയ്ക്കുന്നു എന്നാണ്. പിന്നെ കണിയാന്മാരുടെ വിഷുഫലം. വരാന്‍പോകുന്ന വര്‍ഷത്തിലെ മഴയുടെ ഏറ്റക്കുറിച്ചില്‍വരെ പറയാന്‍ വിഷുസംക്രാന്തി നാളില്‍ പണിക്കര്‍ എത്തും.
''കിട്ടാമാ... ചാലിടല്‍ കണ്ടു. ആശുപത്രിയില്‍ നിന്നു മടങ്ങുന്നതിനിടയില്‍ കിഴക്കേച്ചിറയില്‍ പിന്നെ കൈക്കോട്ടു ചാല്‍. വിഷുസദ്യ കഴിഞ്ഞാല്‍ നടത്തുന്ന ആചാരം. ഗോപിക്കറിയുമോ എന്താണിതെന്ന്?'''
അറിയാന്‍ മേലാത്ത ആളുടെ മുഖഭാവം ജീവിതത്തില്‍ ഏറെ കണ്ടിട്ടുള്ള രാമേട്ടന്‍ വിഷമിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ കിട്ടാമന്‍ വിലക്കി:
''കൈക്കോട്ടുചാല്‍ എന്നാല്‍ പുതിയ കൈക്കോട്ട് വാങ്ങിക്കൊണ്ടുവന്ന് കഴുകി കുറി തൊടുവിച്ച് കൊന്നപൂക്കള്‍ കൊണ്ട് അലങ്കരിക്കും. അണിയിച്ചൊരുക്കിയ കൈക്കോട്ട് വീടിന്റെ കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് വച്ച് പൂജിക്കുകയും അതിനുശേഷം കുറച്ച് സ്ഥലത്ത് കൊത്തിക്കിളയ്ക്കുകയും ചെയ്യുന്നു. അവിടെ നവധാന്യങ്ങള്‍, പച്ചക്കറി വിത്തുകള്‍ എന്നിവ ഒരുമിച്ച് നടുന്നു.''
വിഷുപുരാണം കേട്ടുകഴിഞ്ഞപ്പോള്‍ രാമേട്ടന്‍ ഒന്ന് ഉഷാറായി.

''കിട്ടാമാ... ഈ കുട്ടികള്‍ ഇതൊക്കെ കേട്ട് അവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുമ്പോഴാണ് എന്റെ അഭിപ്രായത്തില്‍ വിഷു പൂര്‍ണ്ണമാകുന്നത്.''
''വിഷുകൈനീട്ടം സൂക്ഷിച്ചുവെച്ച് എണ്ണിനോക്കുമ്പോള്‍ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല.''
മണിയപ്പന്‍ ആ കാര്യം സമ്മതിച്ചു. വീടുകളില്‍ പോയി സന്തോഷത്തോടെ കൈനീട്ടാന്‍ സ്വാതന്ത്ര്യമുള്ള ഏകദിനം. കിട്ടാമന്‍ രാമേട്ടന്റെ കാലുകള്‍ തിരുമ്മിക്കൊണ്ടിരുന്നു.
വിഷുപാട്ടും പാടി കിട്ടാമന്‍ യാത്ര പറഞ്ഞപ്പോള്‍ രാമേട്ടന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. തന്റെ ജീവിതം ഇനി മുന്നോട്ടില്ല എന്ന തീരുമാനത്തില്‍ എത്തിക്കഴിഞ്ഞതുപോലെ ഒരു കിതപ്പ് അദ്ദേഹത്തില്‍ എഴുന്നുനിന്നു. 

എതിരേല്‍പ്പിനുള്ള വിളിച്ചുപറച്ചില്‍ കേട്ട് രാമേട്ടന്‍ ചെവി വട്ടംപിടിച്ചു. ആറാട്ടുകടവിലേക്ക് ആള്‍ക്കാര്‍ പോയിതുടങ്ങിക്കാണും. തിരുമുന്‍പില്‍ വേലയും സേവയുമെല്ലാം കാണാന്‍ കൊതിയാവുന്നു.
ഈ കുഴലുകളുടെ ബന്ധനത്തില്‍നിന്ന് ഇനി എങ്ങനെ രക്ഷപ്പെടാന്‍?
''അച്ഛനെന്തിനാണ് വിഷമിക്കുന്നത്. ആരും വന്നില്ലെങ്കിലും അച്ഛന്റെ മകന്‍ ഗള്‍ഫില്‍നിന്ന് വന്ന് അടുത്തില്ലേ....അതിഥികള്‍ വെറും വെളിയം ചേമ്പിലയിലെ വെള്ളം പോലെയാണെന്ന് അച്ഛന്‍തന്നെയല്ലേ പറഞ്ഞത്. ഒന്ന് ചെരിഞ്ഞാല്‍ അപ്പോള്‍ ഓടിപ്പോവുന്ന ഇനങ്ങള്‍ മനുഷ്യര്‍ വെറും പഞ്ചഭൂതങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച വര്‍ണ്ണകുപ്പായങ്ങള്‍. വര്‍ണ്ണം പോയിത്തുടങ്ങിയാല്‍ പിന്നെ പിന്നാമ്പുറങ്ങളിലേക്ക് തഴയപ്പെടുന്ന കൂട്ടങ്ങള്‍. അരസികമാകുന്ന കുപ്പായങ്ങള്‍ ഇരുട്ടിലേക്ക് വീണുപോകുന്നു.....''
രാമേട്ടന്‍ ഗോപിയുടെ വാക്കുകള്‍ കേട്ട് ചിരിച്ചു.
''നീ വേഗം ഒരു കല്യാണം കഴിക്കണം. അടുത്ത വേഷങ്ങളും ചമയങ്ങളും ഒരുക്കാന്‍ ദൈവത്തിനു കൊടുക്കുന്ന അവസരമാണത്. ഇനി ഞാന്‍ മരിച്ചാല്‍തന്നെ ഒരു ചെറിയ മറവിയും പിന്നെ ഒരിടവേളയും അത്രമാത്രം.''
ഗോപിക്കതു താങ്ങാന്‍ കഴിഞ്ഞില്ല. അച്ഛന്‍ അഭിനയിക്കുകയാണ്. വിധിയെ കാത്തിരിക്കുകയാണ്. ഉള്ളില്‍ ഒരു തീപ്പൊരി വീണപോലെ ഗോപി വിഷമം ഉള്ളിലൊതുക്കി.
''നാളെ കറികളെല്ലാം തയ്യാറാക്കണം. മോരുകൂട്ടാനും മൊളകൂഷ്യവും പാല്‍പ്പായസവും.''
രാമേട്ടന്റെ വാക്കുകള്‍ അവ്യക്തമായിരുന്നു. അച്ഛന് ഇത് വല്ലതും കഴിക്കാന്‍ പറ്റുമോ എന്ന് ചോദിക്കണമെന്നുണ്ടെങ്കിലും ഗോപി തലയാട്ടി. ആരും തന്നെ കാണാന്‍ വരാത്തതിലുള്ള ദുഃഖം നന്നായി അച്ഛനെ കീഴ്‌പ്പെടുത്തുന്നതും ഗോപിക്ക് മനസ്സിലാവുന്നുണ്ട്.

കുമാരേട്ടന്‍ ഇണപ്രാവിനെപ്പോലെ ആയിരുന്നു. ക്യാന്‍സര്‍ പകര്‍ച്ചവ്യാധിയാണെന്ന് ടീച്ചര്‍ ഏതെങ്കിലും പുസ്തകത്തില്‍ വായിച്ചിരിക്കും. സങ്കല്‍പ്പശുദ്ധിയുള്ള ഒരു കൂട്ടുകാരനില്‍നിന്ന് ഒന്നും മനസ്സിലാക്കാതെ പോയ ഒരാളാവുമോ കുമാരേട്ടന്‍...
ഗോപി അച്ഛനെ നോക്കി ഇരുന്നു. എങ്കില്‍ അദ്ദേഹം പറഞ്ഞേനെ, സ്‌നേഹവും കരുണയുമെല്ലാം കാപട്യമാണ്. സ്വയം ദഹിക്കാത്തത് മറ്റുള്ളവര്‍ക്ക് വിറ്റ് കാശാക്കുന്ന ഒരു സമൂഹമാണ് തനിക്ക് ചുറ്റുമുള്ളതെന്ന് അയാള്‍ വിഷമത്തോടെ ഓര്‍ത്തു. അവരില്‍ മണിയപ്പനൊക്കെ അന്യംനിന്നുപോകുന്നവരുടെ കണ്ണികള്‍. മയക്കത്തിലേക്കു വീണുപോയ അച്ഛനെ പുതപ്പിച്ചിട്ട് ഗോപി അടുക്കളയിലേക്കു പോയി.
കല്യാണിയമ്മ കാത്തുനില്‍ക്കുന്നു. നാളത്തേക്ക് അടുക്കളയിലേക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റുമായി.

''എന്തിനാ ഗോപിക്കുഞ്ഞേ ഇത്ര കറികള്‍? എരു നാവില്‍ തൊടാത്ത രാമേട്ടനോ...?''
ഗോപി അതു കേട്ടതായിപോലും ഭാവിച്ചില്ല. മനോഹരമായി ഒരുക്കിയ വിഷുക്കണി കണ്ട് രാമേട്ടന്‍ മകനും മണിയപ്പനും കല്യാണിയമ്മക്കും വിഷുകൈനീട്ടം നല്‍കി വീണ്ടും മയങ്ങാന്‍ കട്ടിലിലേക്ക്.
ഉച്ചയായപ്പോള്‍ എല്ലാം അടുക്കളയില്‍ എത്തിയിരുന്നു. 
കാവില്‍ ശീതങ്കന്‍ തുള്ളല്‍ തുടങ്ങിക്കഴിഞ്ഞു.
രാമേട്ടന്റെ ദേഹം തുടപ്പിച്ച് കുറി തൊടീച്ച് മണിയപ്പന്‍ കസേരയില്‍ ഇരുത്തി. ജനലിലൂടെ തുള്ളല്‍പാട്ട് കേട്ടുകൊണ്ട് രാമേട്ടനും.
എല്ലാം മേശയില്‍ വിളമ്പിയിട്ട് ഗോപി അച്ഛനോടായി പറഞ്ഞു,
''പറഞ്ഞാല്‍ നമുക്ക് വിഷുസദ്യ തുടങ്ങാം.''
രാമേട്ടന്‍ മകനെ അടുത്തേക്ക് വിളിച്ചു.
''മരപ്പെട്ടിയില്‍നിന്നും അച്ഛന്റെയും അമ്മയുടെയും ഫോട്ടോ എടുക്കുക.''
ഗോപി രാമേട്ടന്റെ മുറിയിലെ പെട്ടിയില്‍നിന്നും ആ ഫോട്ടോ എടുത്തു. ഊണുമേശയുടെ മുകളിലെ ഭിത്തിയിലെ കൊളുത്തില്‍ തൂക്കി.
രാമേട്ടനെ പിടിച്ച് ഊണുമേശയുടെ അടുത്ത കസേരയിലേക്ക് ചേര്‍ത്ത് ഇരുത്തി.
ഗോപിയും മണിയപ്പനും എന്താണ് വേണ്ടതെന്ന് ചോദിച്ചുകൊണ്ട് നിന്നു.
കുറച്ചു ചോറും അതില്‍ മോരുകൂട്ടാനും ഒഴിച്ച് കുറച്ചുനേരം വിരലുകള്‍ ചലിപ്പിച്ചുകൊണ്ടിരുന്നു. അമ്മയുടെ മുഖത്തേക്ക് നോക്കിയിട്ട്,
''അമ്മേ.... രാമന് ഒന്നുംകഴിക്കാന്‍ പറ്റുന്നില്ല....''
അതുവരെ പിടിച്ചുനിന്ന അച്ഛന്‍ മേശപ്പുറത്തെ വിഭവങ്ങളിലേക്കും അമ്മയേയും അച്ഛനേയും നോക്കി കരയുന്ന രംഗം ഗോപിയേയും മണിയപ്പനേയും തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.
ഒന്നും കഴിക്കാനാവുന്നില്ലാത്തതിനാല്‍ അല്പം പാല്‍പ്പായസം ഗോപി വിരലില്‍ എടുത്ത് നാവില്‍ തൊട്ടു.
''മനം മറിയുന്നു മോനേ.... എനിക്ക് കിടക്കണം....''
രാമേട്ടനെ മുറിയിലേക്ക് കൊണ്ടുപോയി.
അമ്മയുടെയും അച്ഛന്റെയും ആത്മാക്കള്‍ കണ്ടാനന്ദിക്കുവാന്‍ ഒരുക്കിയ ആഘോഷം പോലെ.

രാമേട്ടന്‍ കിടക്കിയില്‍ നീണ്ടുനിവര്‍ന്നു കിടന്നു. വിഷുവല്ലേ. അനുഗ്രഹങ്ങളാല്‍ പവിത്രമായ പുണ്യദിനം. നിലവറയില്‍ പുനര്‍ജ്ജനിക്കാന്‍ കാത്തിരിക്കുന്ന ധാന്യങ്ങളുടെ അശാന്തത പോലെ മനസ്സ്.
രാമേട്ടന്‍ കിടക്കയില്‍ കിടന്ന് കാതോര്‍ത്തു. എതിരേല്‍പ്പ് വരികയാണ്. താന്‍ എത്രയോ പ്രതിബന്ധങ്ങള്‍ തകര്‍ത്ത് പൊടിപൂരമാക്കിയ ഉത്സവങ്ങള്‍. അതില്‍ എതിരേല്‍പ്പിനിടയില്‍ വാങ്ങിയ ഒരു കത്തിക്കുത്തിന്റെ തേഞ്ഞ പാട് ഇപ്പോഴും ചുമലില്‍ അവശേഷിക്കുന്നു.

മേളം കൊട്ടി കയറുമ്പോള്‍ നെഞ്ചില്‍ അശാന്തികളുടെ ചുടലനൃത്തം. എതിരേല്‍പ്പ് വീടിന്റെ മുന്‍പില്‍കൂടെ അമ്പലത്തിലേക്ക് നീങ്ങുമ്പോള്‍ രാമേട്ടന്‍ മകനോടായി പറഞ്ഞു:
''എനിക്കൊന്ന് കാണണം....''
ഇരുവരും രാമേട്ടനെ പിടിച്ച് ജനാലയുടെ വശത്ത് കട്ടിലില്‍ ഇരുത്തി. ശരീരം വിറയ്ക്കുന്നതുപോലെ. ക്ഷീണിതനാണെങ്കിലും രാമേട്ടന്‍ കൈകൂപ്പി തൊഴുതു. ഒരു ആയുസ്സുമുഴുവന്‍ വിയര്‍പ്പു വീണ ഗ്രാമത്തില്‍ തന്നെ ഓര്‍ക്കാന്‍ ആരുമില്ലെന്ന സത്യം അച്ഛന്‍ മനസ്സിലാക്കികഴിഞ്ഞിരിക്കുന്നു. അച്ഛന്റെ കുപ്പായം ഇന്ന് മുഷിഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതുമായിരിക്കുന്നു. അവര്‍ അത് ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി രാമേട്ടന്റെ പഞ്ചഭൂതങ്ങള്‍ തുന്നിയ കുപ്പായം ആര്‍ക്കും ആവശ്യമില്ല. അച്ഛനെന്ന അന്യരുടെ സുഖങ്ങള്‍ക്കായി സ്വയം ചുരുങ്ങിപ്പോയ കുപ്പായം.
കണ്ണുകള്‍ അടച്ചിരിക്കുന്ന അച്ഛനോട് മകന്‍ പറഞ്ഞു:
''അച്ഛാ, അത് എതിരേല്‍പ്പല്ല. പഞ്ചഭൂതങ്ങള്‍ തുന്നിയ കുപ്പായങ്ങളുടെ ഘോഷയാത്രയാണ്. പുതിയതും അധികം മുഷിയാത്തതുമായ കുപ്പായങ്ങളുടെ ഘോഷയാത്ര.

രാമേട്ടന്‍ കട്ടിലിലേക്ക് പതിയെ നിരങ്ങിക്കിടന്നു. അമ്പലത്തില്‍നിന്ന് വിഷുകാണിക്കയായി വന്ന ഫലങ്ങളുടെ ലേലം ആരംഭിക്കുന്നതിന്റെ അറിയിപ്പ്. താടി എടുത്തുള്ള അച്ഛന്റെ ഉയര്‍ന്നുവരുന്ന നെഞ്ചിന്‍കൂട്ടിലേക്ക് നോക്കി ഗോപി നിര്‍വികാരനായി നിന്നു. കൂടൊഴിഞ്ഞുപോയ തന്റെ അച്ഛന്റെയും അമ്മയുടെയും ആത്മാക്കള്‍ ഇപ്പോള്‍ എവിടെ ആയിരിക്കുമെന്നോര്‍ത്ത് രാമേട്ടന്റെ കണ്ണുകള്‍ അറിയാതെ അടഞ്ഞു. പുറത്ത് പഞ്ചഭൂതങ്ങള്‍ തുന്നിയ സഞ്ചരിക്കുന്ന കുപ്പായങ്ങള്‍ കലപില വച്ചുകൊണ്ട് വിഷു ആഘോഷത്തിനായി അമ്പലത്തിലേക്ക്  ഒഴുകിക്കൊണ്ടിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ