(Sathish Thottassery)
രാത്രി വളരെ വൈകിയിരുന്നു. ഞാൻ ആളനക്കങ്ങളില്ലാത്ത പള്ളിയുടെ കൂറ്റൻ മിനാരങ്ങളെ താങ്ങി നിർത്തിയിരുന്ന ചിത്രത്തൂണിൽ പുറം ചായ്ച്ചിരുന്നു. രാത്രി നിശ്ശബ്ദതക്ക് പോറലേല്പിച്ചു കൊണ്ടുള്ള ചീവീടുകളുടെ രീകാരം എനിക്ക് ചുറ്റും കൊടുമ്പിരികൊണ്ടു. അകലെ നിന്നും ഒരു ഒറ്റപ്പെട്ട ശ്വാനന്റെ നീണ്ട ഓരി ശബ്ദവും കേട്ടു. ഒരു തെമ്മാടി കാറ്റ് കാരണമൊന്നുമില്ലാതെ എന്റെ കരണത്തടിച്ച ശേഷം ഒന്നും മിണ്ടാതെ കടന്നു പോയി.
പള്ളിയുടെ ചുറ്റുമതിലിന് മീതെ സ്കാർലെറ്റ് നിറം പാതി കരിഞ്ഞ വീട്ടെടുപ്പുകളുടെ മേൽക്കൂരകൾ കാണാനുണ്ടായിരുന്നു. നീലാകാശത്ത് പൂത്തു നിന്ന നിലാവിന്റെ നീലിച്ച രജത വെളിച്ചത്തിൽ ബൂട്ടുകൾ ഇല്ലാത്ത, വിണ്ടുകീറി രക്തം കട്ട പിടിച്ച എന്റെ വിളറിയ കാൽപാദങ്ങളിലേക്ക് നോക്കി ഞാൻ ഇരുന്നു.
എത്ര നേരം ആ ഇരിപ്പ് ഞാനറിയാതെ തുടർന്നു എന്ന് ഞാൻ അതിശയപ്പെട്ടു. പള്ളി വളപ്പിലെ കുറ്റി ചെടികൾക്കിടയിൽ നിന്നും അനക്കം കേട്ടപ്പോൾ എന്റെ വലം കൈ യാന്ത്രികമായി നിലത്തു വെച്ചിരുന്ന കലാഷ്നിക്കോവിനെ തൊട്ടു. മാതൃവാത്സല്യത്തിൽ തുളുമ്പിയ അമ്മ കുഞ്ഞിനെയെന്നോണം ഞാൻ അതെടുത്ത് മുഖത്തോട് അടുപ്പിച്ചു. ഏതു നിമിഷവും വെടിയുണ്ടകളുടെ പേമാരി സൃഷ്ടിക്കുവാൻ സജ്ജമായിരുന്ന തോക്കിന്റെ നോക്കുകുഴലിൽ എന്റെ കണ്ണ് ശത്രുവിനെ തേടി. ഏറ്റവും ചെറിയ ഒരു വിരലനക്കത്തിന് കാത്തുനിന്ന തോക്കിന്റെ പിച്ചളയിൽ തീർത്ത കാഞ്ചി നിലാവെളിച്ചത്തിൽ തിളങ്ങി. കുറ്റിക്കാട്ടിൽ അനക്കം തീർത്തത് എപ്പോഴോ പൊട്ടിച്ചിതറിയ ഷെല്ലിന്റെ ചീളുകൾ രക്തമൊഴുക്കിയ, മരണാസന്നനോ ആസന്നയോ എന്ന് നിലാവിൽ തിരിച്ചറിയാനാവാത്ത സാമാന്യം വലിപ്പമുള്ള പൂച്ചയാണെന്നറിഞ്ഞ രാക്കാറ്റ് എന്നെ പരിഹസിക്കുമ്പോലെ ഒരു ചൂളമിട്ടു കൊണ്ട് ചുറ്റിപറ്റി നിന്നു.
നിശ്ശബ്ദ വിജനമായ ഭൂമിയിൽ എന്റെ മരണത്തിനു കടന്നുവരാൻ ഈ യുദ്ധം സ്വാഗതമരുളുകയാണോ എന്ന ഭ്രാന്തൻ ചിന്ത എന്റെ സിരകളെ ഉന്മിഷത്താക്കി. തോക്കിന്റെ തണുപ്പാർന്ന ചുണ്ട് എന്റെ നെറ്റിയിൽ സ്പർശിച്ചു. ശ്വാസവേഗത വർദ്ധിക്കുന്നതും ഹൃദയമിടിപ്പ് കാതുകളിൽ അലയ്ക്കുന്നതും വ്യക്തമായി അറിയുന്നുണ്ട്. കൈപ്പടങ്ങൾ തണുത്തിരിക്കുന്നു. ഒരു പക്ഷെ എണ്ണമില്ലാത്ത ബലിമൃഗങ്ങൾ വധിക്കപ്പെടുന്നതിനു മുൻപ് അനുഭവിച്ചിരിക്കാൻ സാധ്യതകളുള്ള അതേ തണുപ്പ്. എന്റെ മസ്തിഷ്‌കം ഉത്തരങ്ങളില്ലാത്ത ചില ചോദ്യങ്ങൾ ചോദിക്കുവാനും ഞാൻ അതിന് ഉത്തരങ്ങൾ തേടാനും തുടങ്ങി.
ലോക ചരിത്രം യുദ്ധങ്ങളുടെ ചരിത്രമാണോ? യുദ്ധങ്ങൾ ചോരയുടെ ചരിത്രമാണോ?
യുദ്ധവെറി ഈ ലോകത്തിനും, വരും തലമുറക്കും ഏൽപിച്ച ആഘാതങ്ങൾ ചരിത്രത്തിന്റെ ഭാഗമല്ലാതെ മറ്റെന്താണ്.? ചരിത്രം പലപ്പോഴും ഓർമ്മപ്പെടുത്തലുകൾ മാത്രമല്ല. മുന്നറിയിപ്പുകൾ കൂടിയാണ്. കോടിക്കണക്കിന് പട്ടാളക്കാരുടെ മരണം. അതിന്റെ ഇരട്ടിയിലേറെ പരിക്കുകളേറ്റ പട്ടാളക്കാർ, സാധാരണ ജനങ്ങൾ. പട്ടിണി, പകർച്ച വ്യാധികൾ.. അതുമൂലമുണ്ടാകുന്ന മരണങ്ങൾ.. ശവപ്പറമ്പുകളായി മാറിയ വൻ നഗരങ്ങൾ.. കത്തിയമർന്ന ഫാക്ടറികൾ.. വ്യവസായശാലകൾ.. പാലങ്ങൾ റോഡുകൾ. ഒരു യുദ്ധം അവസാനിച്ചാലും മറ്റൊരു യുദ്ധത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ അപ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് ചരിത്രം നൽകുന്ന പാഠം. എന്തിനാണ് രാജ്യങ്ങളും വംശങ്ങളും ഇങ്ങിനെ യുദ്ധം ചെയ്യുന്നത്? യുദ്ധങ്ങളിൽ ജയിക്കുന്നതാരാണ്? ചില നേതാക്കളും ആയുദ്ധകച്ചവടക്കാരും മാത്രം. തോൽക്കുന്നതോ മുഴുവൻ ജനങ്ങളും.
അതിർത്തിയിലേക്ക് ഇനിയും എത്ര ദൂരമുണ്ടാകും. നൂറിൽ കൂടുതൽ ആകാനാണ് സാധ്യത. യൂണിഫോം അഴിച്ചുമാറ്റി നടന്നാലും ശത്രുസൈന്യത്തിന്റെയോ നാട്ടുകാരുടെയോ കണ്ണിൽ പെട്ടേക്കാം. ചോദ്യം ചെയ്യലുകളും, അന്വേഷണങ്ങളും തുടർന്നുള്ള തടവറയും പീഡനങ്ങളും സുനിശ്ചയം. ഒരു യുദ്ധ തടവുകാരന് ജനീവ ഉടമ്പടി പ്രകാരം കിട്ടേണ്ട ന്യായമായ പെരുമാറ്റങ്ങൾ ശത്രുപക്ഷത്തു നിന്നും ഒരിക്കലും കിട്ടുമെന്ന് പ്രതീക്ഷയില്ല. അകപ്പെട്ടുപോയാൽ പിന്നീട് ചിത്രവധം തന്നെയായിരിക്കുമെന്ന് ഓർത്തപ്പോൾ തമ്മിൽ ഭേദം ആത്മഹത്യ തന്നെ എന്ന് മനസ്സ് മന്ത്രിച്ചു. അതേ സമയം മൃത്യുവിനോടുള്ള പ്രണയം ജീവിതത്തിനോടുള്ള ഉത്തേജകവും കൂടി ആകുന്നത് ഞാനറിഞ്ഞു. ലോലമായ ആത്മാവിന്റെ ഊഞ്ഞാലാട്ടത്തിൽ എപ്പോഴോ കണ്ണുകൾ അടഞ്ഞു. കുറ്റിക്കാടിനു മുകളിൽ വീണ്ടും നിലാവ് പെയ്യവേ എന്നെ ഈ പള്ളിക്കകത്ത് എത്തിച്ച പകലിന്റെ ഓർമ്മകൾ ഒരു തിരശ്ശീലയിലെന്ന പോലെ മനോമുകുരത്തിൽ വിരിഞ്ഞു.
ഞാനും ബോംബിങ് സ്ക്വാഡ്രനിലെ പതിനഞ്ചു പേരുമായിരുന്നു അപ്പോൾ ബങ്കറിൽ. മൊബൈലിൽ ഭാര്യയുടെയും നാളെ ഒരു വയസ്സ് തികയുന്ന മകളുടെയും ഫോട്ടോകൾ നോക്കി കൊണ്ട് കിടക്കുകയായൊരുന്നു. റിസ്റ്റ് വാച്ചിൽ സമയം അർധരാത്രിയുടെ കടമ്പ ചാടിയിട്ടുണ്ട്.
"ഭായ് സാബ് .. ബഹുത് ദേർ ഹോ ഗയ ഹൈ. സോ ജാവോ നാ?സുബഹ് ഡ്യൂട്ടി ഹെ ന.."?
അടുത്ത ബെഡ്‌ഡിൽ നിന്നും ഉറക്കം മുറിഞ്ഞ ഫ്ലൈറ്റ് ലെഫ്നന്റ് മെഹ്‌റോത്രയാണ്.
"ആജ് മേരാ ബേട്ടി കീ ബർത് ഡേ ഹെ.
വിഷ് കർനാ യാ നഹീ സോച് രഹാ ഹൂ മേം."
വിഷാദത്തിന്റെ പാരമ്യതയിൽ ദുഃഖം ഘനീഭവിച്ച സ്വരത്തിൽ ഞാൻ മറുപടി പറഞ്ഞു. ഒരു ദീർഘനിശ്വാസത്തോടെ മെഹ്‌റോത്ര രാജായിക്കുള്ളിലേക്ക് വലിഞ്ഞു.
മെഹ്‌റോത്രയുടെ കല്ല്യാണം കഴിഞ്ഞിട്ടില്ല. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത അനുഭവിച്ചറിയാനുള്ള സൗഭാഗ്യം മനസ്സിൽ നേർന്നുകൊണ്ട് ഞാൻ മൊബൈലിലെ ഫോട്ടോ ഹൃദയത്തോടാണച്ചു പിടിച്ചു. മോളെ ഇന്നേവരേക്കും മൊബൈലിലെ ഫോട്ടോകളിലും വീഡിയോകളിലുമല്ലാതെ നേരിൽ കണ്ടിട്ടില്ല. ഇനി കാണുമോ എന്നും തീർച്ചയില്ല.
ഇന്ന് കിട്ടിയ അവസാന സന്ദേശം അനുസരിച്ച് ഹിൻഡോൺ എയർ ബെയ്സിലെ റൺവെയിൽ നിന്നും പറന്നുയർന്ന ഇരുപതു പോർ വിമാനങ്ങളിൽ പന്ത്രണ്ടെണ്ണം ശത്രുസൈന്യത്തിന്റെ വിമാനവേധ തോക്കുകൾക്കിരയായി. ഈയലുകൾ തീ പറ്റി വീഴുന്ന പോലെ അഗ്നിഗോളങ്ങളായി നിലം പതിക്കുന്ന കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. മറ്റുള്ള എയർ ബേസുകളിൽ നിന്നും ആവേശത്തോടെ അതിർത്തിക്കപ്പുറത്തെ ലക്ഷ്യങ്ങളിലേക്കു പറന്ന ഫൈറ്റർ ജെറ്റുകൾക്കും സമാനമായ അനുഭവങ്ങളായിരുന്നു നേരിടേണ്ടി വന്നത്. കരസേനക്കും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായപ്പോൾ നാവികസേനക്ക് മാത്രമാണ് കടലിൽ നിന്നും മിസൈലുകൾ തൊടുക്കാനും ശത്രുവിന്റെ മർമ്മപ്രധാനമായ കേന്ദ്രങ്ങൾ തകർക്കാനും കഴിഞ്ഞത്. യുദ്ധം നാൽപത്തിരണ്ട്‍ ദിവസം പിന്നിട്ടപ്പോൾ രാജ്യത്തെ അറുപതിനായിരത്തോളം പട്ടാളക്കാർ മരിച്ചതായോ, മിസ്സിംഗ് ഇൻ ആക്ഷനായോ, അതുമല്ലെങ്കിൽ യുദ്ധത്തടവുകാരായിട്ടോ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
കമ്മാണ്ടിങ് ഓഫീസറുടെ സന്ദേശപ്രകാരം കറാച്ചിയിലെയും ഇസ്‌ലാമാബാദിലെയും റെയിൽ വ്യോമ ഗതാഗതം താറുമാറാക്കുക എന്നതായിരുന്നു എയർ ഫോർസിന്റെ പരമപ്രധാനമായ ലക്‌ഷ്യം. അവരുടെ ആയുധപ്പുരകൾ, വ്യോമ താവളങ്ങൾ, റിഫൈനറികൾ, എണ്ണസംഭരണ ശാലകൾ എന്നിവ എത്രയും പെട്ടെന്നു തന്നെ തകർക്കുക എന്നതും പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു. എന്നാൽ ആ ദൗത്യം പ്രാവർത്തികമാക്കുക എന്നത് ദുഷ്കരവും ആയിരുന്നു. റിഫൈനറികൾക്കും, ആയുധപ്പുരകൾക്കും അമേരിക്ക നൽകിയ അവൻജെർ എയർ ഡിഫെൻസ് മിസൈലുകൾ തീർത്ത പ്രതിരോധം ഭേദിക്കുന്നതിൽ
ഞങ്ങളുട ഫൈറ്റർ ജെറ്റുകൾ വിജയിച്ചില്ല. അതുകൊണ്ട് പ്രതിരോധം താരതമ്യേന കുറവുള്ള ടാർഗെറ്റുകൾ തേടി പിടിച്ച് ബോംബർ ജെറ്റുകളും മിഗ്ഗുകളും വിശ്രമമില്ലാതെ രാവും പകലും ബോംബുകൾ വർഷിച്ചു.
ശരീരത്തിന്റെ ഓരോ കോശങ്ങളിലും കമ്മീഷൻഡ് ഓഫീസർ നൽകുന്ന ആജ്ഞകളോടും വ്യവസ്ഥകളോടും പരിപൂർണ്ണ വിധേയത്വം സൂക്ഷിക്കുന്ന ഞങ്ങൾ പതിനാറുപേരും
കൃത്യം അഞ്ചു മണിക്ക് തന്നെ കോൺഫറൻസ് റൂമിലെത്തി. കമ്മാൻഡിങ് ഓഫീസർ എയർ കമ്മഡോർ ചരൺജിത് സിംഗ് ഉന്മേഷത്തോടെ റൂമിലേക്ക് കടന്നുവന്നു. അര മണിക്കൂർ നേരത്തെ ബ്രീഫിങ്ങിന് ശേഷം ഞങ്ങൾക്കുള്ള ഇന്നത്തെ ടാർഗറ്റ് മാപ്പിനു മുന്നിലെ തിരശ്ശീല അകന്നു മാറി. മാപ് അനാവൃതമായി. ഞങ്ങൾ സ്തബ്ധരായെങ്കിലും പ്രതീക്ഷിച്ചിരുന്നപോലെ കറാച്ചിയിലെ റിഫൈനറികളുടെ ചിത്രങ്ങൾ തന്നെ ആയിരുന്നു അത്. ഓപ്പറേഷൻ കഴിഞ്ഞ ശേഷം തിരിച്ചുവരുന്നത് ജോധ്പുർ ബോർഡർ വഴി ആയിരിക്കണമെന്ന് ഓർമ്മപ്പെടുത്തി . ആ ഭാഗത്ത് സൈന്യം ശത്രുവിന്റെ പ്രതിരോധങ്ങൾ തകർത്ത് ഉള്ളിലേക്ക് മുന്നേറികൊണ്ടിരിക്കുകയാണ്.
ബ്രീഫിങ്ങിന് ശേഷം ഫ്ലൈറ്റ് സൂട്ട്, പാരച്യൂട്ട്, അസാൾട് റൈഫിൾ, മെഡലുകൾ, പേഴ്സ് തുടങ്ങിയവ എടുക്കാനായി ബങ്കറിലേക്കു മടങ്ങി. മൊബൈൽ പുറത്തെടുത്ത് എന്റെ ചുണ്ടോടടുപ്പിച്ചു. രണ്ടു ചുംബനങ്ങൾ. ഒന്ന് ജന്മദിനമാശംസിച്ചുകൊണ്ട് മകൾക്ക്. മറ്റൊന്ന് ഇഷ്ട പ്രാണേശ്വരിക്ക്. ജനനവും മരണവും മനുഷ്യൻ ചുംബനങ്ങളാലാണല്ലോ അടയാളപ്പെടുത്തുന്നത് . ആ ചുമ്പനങ്ങൾ ക്കിടയിലുള്ള അവസ്ഥയാണ് ജീവിതം എന്നും ഇപ്പോൾ ബോധ്യപ്പെടുന്നു.
റെഡിയായപ്പോൾ സാർജന്റ്കർതാർ സിംഗ് ഒരു ഫോർഡ് ട്രക്കുമായി വന്ന് ഞങ്ങളെ വിമാനങ്ങൾ നിർത്തിയിട്ടിരുന്ന ടാർമാക്കിലേക്ക് കൊണ്ടുപോയി. ഞങ്ങൾ ബോംബർ ജെറ്റുകളിലേക്ക് കയറി. ഓരോരുത്തരും അവരവരുടെ ജോലികൾതുടങ്ങി. എന്റെ "കറുത്ത സുന്ദരിയിൽ" നിന്നും സ്റ്റേഷനിലേക്കുള്ള റേഡിയോ ആശയവിനിമയം ചെക്ക്ചെയ്തു. ഗണ്ണർ പളനിവേൽ സുന്ദരിയുടെ വയറ്റിലെ 50 കാലിബർ മെഷീൻ ഗണ്ണുകളും മിസൈലുകളും ഹോൾഡറിൽ തയ്യാറാക്കി വെച്ചു.
ടാർമാക്കിൽ വേഗം കൊണ്ട "കറുത്ത സുന്ദരി" പറന്നുയർന്നു. പുറകെ ഒന്നൊന്നായി മറ്റ് അഞ്ചു പോർ വിമാനങ്ങളും. നാല് ദിവസങ്ങൾക്ക് മുൻപ് മൗരിപ്പൂരിലെയും, മുൾട്ടാനിലെയും പെഷവാറിലെയും എയർ ബേസുകൾ തകർത്ത വീരപുത്രന്മാരായിരുന്നു ഞങ്ങൾ. ആ സാഹസികത നല്കിയ ആത്മവിശ്വാസം അപാരമായിരുന്നു. ഓപ്പറേഷനിൽ മറ്റുള്ള എയർ ഫീൽഡുകളിൽ നിന്നും പതിനാറു പോർ വിമാനങ്ങൾ കൂടി ഞങ്ങളോടൊപ്പം ചേരുമെന്നയിരുന്നു അറിയിപ്പ്. ഞങ്ങളുടെ ഫോർമേഷൻ മുപ്പതിനായിരം അടി ഉയരത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് പറന്നുകൊണ്ടിരുന്നു. ഗണ്ണർമാരുടെ ഇരിപ്പിടങ്ങൾക്കടിയിലെ ഗൺ ഗാപ്പിലൂടെ ഇരച്ചെത്തുന്ന അതിശൈത്യം, ചൂടു പകർന്നിരുന്ന വൈദ്യുതി ജാക്കറ്റുകൾ തുളച്ച് ഞങ്ങളുടെ ശരീരം ഘനീഭവിപ്പിക്കുവാൻ വിഫല ശ്രമങ്ങൾ നടത്തി. ഒൻപതു മണിക്ക് ആകാശം സ്കാൻ ചെയ്തപ്പോൾ എട്ടു വിമാനങ്ങൾ ഞങ്ങൾക്കൊപ്പം ചേരുവാനായി പറന്നടുക്കുന്നുണ്ടായിരുന്നു. പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ വേറെ എട്ടു വിമാനങ്ങൾ കൂടി വന്നെത്തി. ഞങ്ങൾ അതിർത്തി കടന്നതായി സ്റ്റേഷനിൽ വിളിച്ചറിയിച്ചു. നിമിഷങ്ങൾക്കകം ശത്രു വിമാനങ്ങൾ ഞങ്ങൾക്കു പിന്നിൽ വരുന്നതായി റേഡിയോ സന്ദേശം കിട്ടി.
നിമിഷങ്ങൾക്കകം ശത്രു വിമാനങ്ങളിൽ നിന്നും, കരയിൽ നിന്നുമുള്ള പീരങ്കികൾ ഞങ്ങളുടെ വിമാനങ്ങൾക്ക് നേരെ ഇടതടവില് ലാതെ വെടിയുതിർക്കാൻ തുടങ്ങി. ഞങ്ങളും വീറോടെ തിരിച്ചടിച്ചു. ആകാശ പോർക്കളത്തിൽ അഗ്നിഗോളങ്ങൾ തീർത്ത് കൊണ്ട് രണ്ടു ഭാഗങ്ങളിലെയും പോർ വിമാനങ്ങൾ ആകാശത്തു തന്നെ പൊട്ടി തെറിച്ചു. ചെറുതായി തീ പിടിച്ച വിമാനങ്ങൾ നിലം പതിച്ച് തീ കുണ്ഡങ്ങൾ തീർത്തു. ഫോർമേഷനിൽ ഉണ്ടായിരുന്ന ഞങ്ങൾ നാലുപാടും ചിതറി. എന്നാൽ ഒരു വിമാനം പോലും തിരിച്ചു പറന്നില്ല. ശത്രു വിമാനങ്ങൾ ഒന്നൊന്നായി തകർന്നു വീണപ്പോൾ തിരിച്ചുകിട്ടിയ ജീവന് ഞാൻ തറവാട്ടു ദേവി കുറുമ്പ ഭഗവതിക്കും എനിക്ക് വേണ്ടി മുടങ്ങാതെ പ്രാർത്ഥിക്കുന്ന വേണ്ടപ്പെട്ടവർക്കും നന്ദി പറഞ്ഞു. പത്തു മിനിട്ടിനകം ലക്‌ഷ്യം കണ്ടു. ഗണ്ണർ പളനിവേലുവിനോട് ഞാൻ അലറി.
പളനീ.. മിച്ചമിര്ക്ക എല്ലാ എക്സ്പ്ലോസീവ്‌സും ഇങ്കെയേ ഫയർ പണ്ണുങ്കോ."
പളനി ഉന്മാദം പിടിപെട്ടവനെ പോലെ വായിൽ വന്ന തമിഴിലുള്ള തെറിവാക്കുകൾ പുലമ്പിക്കൊണ്ട് ആ റിഫൈനറിക്കു മുകളിൽ ഞങ്ങളുടെ വെടിക്കോപ്പുകൾ തുരു തുരാ വർഷിച്ചു. താഴെ അണു ബോംബു പൊട്ടിയപോലെ തീകൊണ്ടുള്ള ഭീമാകാരമായ പർവ്വതം ഉയർന്നു. കറാച്ചിയുടെ വിരിമാറിൽ തല ഉയർത്തി നിന്ന റിഫൈനറി കത്തി പടരുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ വിമാനത്തിൽ നിന്നും സ്റ്റേഷനിലേക്ക് അയച്ചു. പോർ വിമാനങ്ങളുടെയും വിമാനവേധ തോക്കുകൾ വെടിയുണ്ടകൾ ഉതിർക്കുന്നതിന്റെയും കാതടപ്പിക്കുന്ന ശബ്ദങ്ങളും, അഗ്നിശമന വാഹനങ്ങളും ആംബുലൻസുകളും ഉയർത്തുന്ന നിലവിളി ശബ്ദങ്ങളും ഉയർന്നു പൊങ്ങുന്നതിനിടയിൽ ഞങ്ങൾ ദൗത്യം പൂർത്തിയാക്കി മടങ്ങി. പതിനഞ്ചു നിമിഷത്തേക്ക് പ്രതിരോധങ്ങളൊന്നും കണ്ടില്ല. ജോധ്പുർ അതിർത്തിയിലേക്ക് ഇനിയും മുന്നൂറു കിലോമീറ്റർ താണ്ടണം.
വിജയം കൊയ്തതിന്റെയും യുദ്ധമുഖത്തുനിന്നും ഒരു മിറക്കിൾ എന്നപോലെ ജീവൻ തിരിച്ചുകിട്ടിയതിലും ആഹ്ലാദം കൊണ്ട് അലറിവിളിച്ചു പറക്കുമ്പോഴാണ് വീണ്ടും റേഡിയോ സിഗ്നൽ കിട്ടിയത്. ശത്രുവിമാനങ്ങൾ പുറകെ ഉണ്ടെന്ന സന്ദേശവും. അധികം താമസിയാതെ ഞങ്ങൾക്കു നേരേ പുറകിൽ ഇരമ്പിവന്ന F16 വെടിയുതിർക്കാൻ തുടങ്ങി. ഞാൻ തിരിഞ്ഞും മറിഞ്ഞും ഉയർന്നും താഴ്ന്നും കറുത്ത സുന്ദരിയെ പറത്തി. അവശേഷിച്ച വെടിക്കോപ്പുകൾ കൊണ്ട് പളനിവേൽ തിരിച്ചടിച്ചു. പക്ഷെ അപ്പോഴേക്കും കറുത്ത സുന്ദരിയുടെ ചിറകിന് തീ പിടിച്ചിരുന്നു. പളനിവേൽ ചീറി.
"സാർ കമ്മ്യൂണിക്കേഷൻ സിസ്റ്റം ജാം ആയിര്‌ക്ക്. നോ ടൈം ലെഫ്റ്റ്. ഇജെക്ട് ആൻഡ് ജമ്പ് സാർ."
പിന്നെ കേട്ടത് ഒരു ഉഗ്ര സ്ഫോടനം. ഞാൻ ഇജെക്റ്റ് ബട്ടൺ അമർത്തി. പാരച്യൂട് വിടർന്നപ്പോഴേക്കും വിമാനം തീയും പുകച്ചുരുളുകളും ആയി താഴോട്ടു പതിക്കുന്നത് കാണാനായി. പളനിയുടെ പാരച്യൂട്ടിനും തീ പടർന്നിരിക്കുന്നു. ഇത്രയും മുകളിൽ നിന്നുള്ള പതനം മാരകമായിരിക്കും. പാവം.. ഒന്നും സംഭവിക്കാതിരിക്കട്ടെ. ഗുഡ് ലക്ക് സ്നേഹിതാ... ഓരോ വേര്‍പാടും വിലാപങ്ങളുടെ കൊടിയേറ്റങ്ങളാണ്, മുറിവുകളുടെ രണഭൂമികളാണ്. മരണം - അതുമാത്രമാണു നിത്യമായ സത്യം..
പാരച്യൂട് ലാൻഡ് ചെയ്തത് വൃക്ഷനിബിഢമായൊരു കുന്നിൻ പുറത്താണ്. ശത്രു സൈന്യം ക്റാഷ് സൈറ്റ് തിരഞ്ഞെത്തുന്നതിനു മുൻപ് കുന്നിറങ്ങി. പകൽ വെളിച്ചത്തിലുള്ള നടപ്പ് സുരക്ഷിതമല്ല. കത്തിപ്പടരുന്ന വെയിൽ നാളങ്ങളുടെ ചൂടേറ്റ് രോമകൂപങ്ങളിൽ നിന്നും വിയർപ്പുചാലുകൾ ഒഴുകി. കാട്ടുപൊന്തക്കിടക്ക് ഇരുട്ട് വീഴുന്ന വരെ ഒളിച്ചിരുന്നു. മൊബൈലിൽ സിഗ്നൽ വരകളൊന്നുമില്ല. വാർത്താവിനിമയ സംവിധാനങ്ങളൊക്കെ താറുമാറായിട്ടുണ്ടാകും.
വിശപ്പും ദാഹവും എന്നെ പിടികൂടി. വാട്ടർ ബോട്ടിലിൽ ഉണ്ടായിരുന്ന വെള്ളം കുടിക്കാതെ അനിശ്ചിതമായ മുൻവഴികളിലേക്കായി മിച്ചം വെച്ചു. കാൽപാദങ്ങൾ ബൂട്ടിൽ ഞെങ്ങി പൊട്ടി ഒരടി പോലും മുന്നോട്ടു വെക്കാൻ പറ്റാതായപ്പോൾ ബൂട്ടുകളുടെ ഭാരം ഒഴിവാക്കി. നഗ്നപാദങ്ങളിൽ നടത്തം തുടർന്നു. ആയാസപ്പെട്ടും കിതച്ചും നാല് മണിക്കൂറോളം നടന്നപ്പോൾ കത്തിക്കരിഞ്ഞ നഗരത്തിന്റെ ആളുകളും ജീവജാലങ്ങളും ഒഴിഞ്ഞുപോയ തെരുവോരത്തെ പള്ളി മിനാരം ദൃഷ്ടിയിൽ പെട്ടു. പൊതുവഴികൾ ഒഴിവാക്കി നടന്നു. ഏതു നിമിഷവും. ശത്രുവിന്റെ കയ്യിൽ അകപ്പെടാം. എന്നാൽ എന്നെ അതിശയപ്പെടുത്തിയത് കത്തിയൊടുങ്ങിയ നഗര വഴിയിലൊന്നും ഒരു മനുഷ്യജീവിയെ പോലും കാണാൻ കഴിഞ്ഞില്ല എന്ന വസ്തുതയാണ് .
അവരൊക്കെ എവിടെ പോയിട്ടുണ്ടാകും? എത്രയോ നാളുകളിലെ ദുരിതപൂർണ്ണമായ പലായനത്തിനൊടുവിൽ അയൽ രാജ്യങ്ങളിലെ ഏതെങ്കിലും അഭയാർത്ഥിക്യാമ്പുകളിലായിരിക്കും . പൊള്ളയായ, പനി പിടിച്ച കണ്ണുകളുള്ള വിളറി വെളുത്ത മനുഷ്യജീവികൾ ആയിട്ടുണ്ടാകും അവരിപ്പോൾ. ഒരു കുപ്പി വെള്ളത്തിന് യാചിക്കുന്ന അവരുടെ ദൈന്യമായ മുഖങ്ങൾ ആലോചിച്ചപ്പോൾ മനസ്സ് അലോസരപ്പെട്ടു.
പള്ളിമുറ്റത്തെ മരക്കൊമ്പിൽ ഒറ്റപ്പെടലിന്റെ ഉത്തുംഗപദത്തിലേറിയ ഒരു കാലൻകോഴി അതിന്റെ തീപാറുന്ന പളുങ്കു പോലുള്ള കണ്ണുകൾ കൊണ്ട് രൂക്ഷമായി എന്നെ നോക്കി. എന്നിട്ട് അമർത്തിയൊന്നു മൂളി. ആ നോട്ടത്തിലും മൂളലിലും ഹേ മനുഷ്യാ, അധികാരത്തിന്റെയും ആർത്തിയുടെയും മൂർത്തരൂപമാണ് നീ. അധിനിവേശങ്ങളും ആക്രമണങ്ങളും നടത്തി ഈ ഭൂമിയെ നീ ആവാസയോഗ്യമല്ലാതാക്കി. നിന്നെ കാത്തിരിക്കുന്നത് പാപത്തിന്റെ ശമ്പളമാണ്. ഓർത്തോ എന്ന വലിയൊരു തത്വശാസ്ത്രം ഒളിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി.
ക്ഷീണം കൊണ്ടും വിശപ്പ് കൊണ്ടും പരവശനായാണ് വിജനമായ, ഉപേക്ഷിക്കപ്പെട്ട പള്ളിക്കകത്ത് കയറിയത്. ഒരു നിമിഷത്തേക്കാണെങ്കിലും ജീവിതം മതിയാക്കാൻ ആഗ്രഹിച്ചതോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ വല്ലാത്ത അവമതി തോന്നി. പരാജയപ്പെട്ടവരുടെ അല്ല ഈലോകം. വിജയിക്കുന്നവരുടെയാണ്. ഇനിയും ജീവിതം കൊണ്ട് വീരേതിഹാസങ്ങൾ രചിക്കേണ്ടതുണ്ട്. അതും മാതൃഭൂമിക്ക് വേണ്ടി. കുടുംബത്തിനു വേണ്ടി.
പിന്നീടെപ്പോഴോ കണ്ണ് തുറന്നപ്പോൾ നേരം പരപരാ വെളുത്തിട്ടുണ്ട്. മഞ്ഞിന്റെ നേരിയ ആവരണം പരിസരത്തെ വലയം ചെയ്തിരുന്നു. തെരുവിൽ പട്ടാള വാഹനങ്ങളുടെ വലിയൊരു വ്യൂഹം പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. ഏറ്റവും മുൻപിലായി നീങ്ങിയിരുന്ന ടാങ്കിനു മുകളിൽ അശോകചക്രാങ്കിതമായ മൂവർണ്ണക്കൊടി പാറിയിരുന്നു.