


ക്യാഷ്യറുടെ ശബ്ദം കേട്ടപ്പോൾ വേണുമാഷ് കൈവെള്ളയിൽ ചുരുട്ടി പിടിച്ചിരുന്ന ടോക്കനിലേക്ക് നോക്കി.
"ടോക്കൺ എഴുപത്.... ആളില്ലേ?"
ട്രഷറിയിൽ നല്ല തിരക്കായിരുന്നു.
മാഷ് സാധാരണ ആദ്യ ദിവസങ്ങളിൽ പെൻഷൻ വാങ്ങാൻ വരാറില്ല. വളരെ നേരം കാത്തു നിൽക്കാൻ വയ്യ. കോഴിക്കോട് സർക്കാർ ഹൈ സ്കൂളിൽ നിന്ന് പ്രധാനധ്യാപകനായി വിരമിച്ചതിന് ശേഷമാണ് നാട്ടിലേക്ക് വന്നത്. ഭാര്യ രുഗ്മിണിയും അതേ സ്കൂളിൽ പ്രൈമറി സ്കൂൾ അധ്യാപികയായിരുന്നു.
മക്കളില്ലാത്ത അവർ പരസ്പരം അത്ര മേൽ സ്നേഹം പങ്കിട്ടാണ് കഴിഞ്ഞത്.അതിനാൽ ആകസ്മികമായുള്ള രുഗ്മിണിയുടെ വേർപാട് മാഷിനെ വല്ലാതെ തളർത്തിക്കളഞ്ഞിരുന്നു.അന്ന് മാഷിന് മുപ്പത്തിയഞ്ചു വയസ്സ്. ഇന്ന് എഴുപത് വയസ്സ്. പിന്നീട് ഇന്നുവരെ ഒറ്റക്കാണ്. അധികം ബന്ധുക്കളും മാഷിന്നില്ല. അന്യ നാട്ടിലായിരുന്നത് കൊണ്ട് കൂട്ടുകാരും, പരിചയക്കാരും കുറവ്.
കൂടിനിന്ന ആളുകൾക്കിടയിൽ നിന്നു ഒരുവിധത്തിൽ കൗണ്ടറിൽ എത്തി പണം വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ പെട്ടെന്ന് മാഷിന്റെ പുറകിൽ നിന്ന സ്ത്രീ തല കറങ്ങി താഴെ വീണു. ആരൊക്കെയോ ചേർന്ന് അവരെ താങ്ങിയെടുത്തു അടുത്തു കിടന്ന ബെഞ്ചിൽ കിടത്തി
വേഗം ഒരു ടാക്സി വിളിക്ക്. ആരോ നിർദ്ദേശിച്ചു.പണം ബാഗിൽ ഭദ്രമായി വെച്ച്, ടാക്സി വിളിച്ചുകൊണ്ടു വന്നത് വേണു മാഷാണ്. ഗേൾസ് സ്കൂളിലെ ഹെഡ്മിസ്ട്രെസ് ആയിരുന്നു. ആരോ പറഞ്ഞു.
ടാക്സിയിൽ പുറകിലത്തെ സീറ്റിൽ അവരെ കിടത്തി. ഇരുവശത്തും അവരെ പരിചയമുള്ള രണ്ട് സ്ത്രീകളും കയറി. പെൻഷൻ വാങ്ങിയ ആരെങ്കിലും രണ്ട് ആണുങ്ങൾ കൂടി പോകണ്ടേ.?.."
ആരും തന്നെ തയ്യാറായില്ല.
ഒടുവിൽ വേണു മാഷ് മുൻപിലും കയറി.അടുത്തുള്ള ആശുപത്രിയിൽ വേഗം എത്തി. പരിശോധനക്കു ശേഷം ഡോക്ടർ പറഞ്ഞു, "ലോ പ്രഷറാണ്, ഡ്രിപ്പിടണം...., അഡ്മിറ്റ് ചെയ്യാം."
അവർക്ക് ടീച്ചറെ അറിയാം.
അവർ പറഞ്ഞാണ് വേണു മാഷറിഞ്ഞത്..., അവരെപ്പറ്റി..!
അവിടത്തെ ഒരു വലിയ തറവാട്ടിലെയാണ് അവർ. ഭാഗം വെച്ചപ്പോൾ വലിയ തറവാട് അവർക്ക് കിട്ടി. അമ്മയും, അച്ചനും മരിച്ചപ്പോൾ തനിച്ചായിപ്പോയ, അവിവാഹിതയായ അവർ തനിയെ ഫ്ലാറ്റിലാണ് താമസം. സഹോദരൻ വിളിച്ചെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാൻ അവർക്ക് ഇഷ്ടമുണ്ടായിരുന്നില്ല.വേണു മാഷ് അവരെ ശ്രദ്ധിച്ചു. പ്രായത്തിലും കൂടുതൽ ക്ഷീണിതയാണവരെന്നു തോന്നി. എവിടെയോ വെച്ച് ഇവരെ അറിയുമല്ലോ എന്നും തോന്നി. അതോടൊപ്പം ഒരു സഹതാപവും...?
അപ്പോഴേക്കും ടീച്ചർ കണ്ണു തുറന്നു.
"ടീച്ചറിനെന്തു പറ്റി..?" ഒന്നും ഓർമ്മ ഇല്ലേ ട്രഷറിയിൽ വെച്ച് തലകറങ്ങി വീണതല്ലേ ".. സരളമ്മ, ടീച്ചറെ ഓർമ്മിപ്പിച്ചു. "എന്നെ അറിയില്ലേ?"സരളമ്മ ചോദിച്ചു.
"പിന്നെ, സരളമ്മയെ ഞാൻ അറിയില്ലേ.,!"
"എനിക്ക് ഓർമ്മക്കുറവൊന്നും ഇല്ലെടോ"
"രാവിലെ ഒന്നും കഴിച്ചില്ല."
"പൂർണ്ണത്രയിശനെ തൊഴുത് നേരെ ഇങ്ങോട്ട് പോന്നു."അവർ പറഞ്ഞു.
അപ്പോഴാണ് കുറച്ച് മാറി നിന്നിരുന്ന വേണു മാഷിനെ അവർ കണ്ടത്.
"അയ്യോ.. അത് വേണു ഏട്ടൻ..., അല്ല വേണുഗോപാൽ..?"
അവർ മാഷിന് നേരെ വിരൽ ചൂണ്ടി.
"അതേ.., വേണുവാണ്." എനിക്കും പരിചയമുണ്ട്...! "
"പക്ഷെ.. ആരാണെന്ന്...?" മാഷ് അവരുടെ അടുത്തേക്കു ചെന്നു.
"ഞാൻ വല്ലഭത്തെ നന്ദഗോപന്റെ അനിയത്തി..!"
തന്റെ ആത്മമിത്രമായിരുന്നു നന്ദഗോപൻ. പൂർണ്ണത്രയിശന്റെ അമ്പലത്തിലെ വൃശ്ചികോത്സവത്തിന്, നന്ദന്റെ കയ്യിൽ തൂങ്ങി, ഓരോ കടകളും കയറിയിറങ്ങി വളയും, കമ്മലും, വാങ്ങിക്കൂട്ടിയിരുന്ന പട്ടുപാവാടക്കാരി.
"അവൾക്ക് ഇത്ര മാറ്റമോ?"മാഷ് ചിന്തിച്ചു.
"എത്രവയസ്സുണ്ടാവും അന്നവൾക്ക്?
ഏറിയാൽ പത്ത്."
"തങ്ങളെക്കാൾ പത്തുവയസ്സിന് ഇളപ്പം ഉണ്ടാകണം."
"എത്ര നാളായി തമ്മിൽ കണ്ടിട്ട്.?"മാഷ് പറഞ്ഞു.
"നന്ദൻ ഇപ്പോൾ എവിടെയാണ്?"മാഷ് ചോദിച്ചു.."ഏട്ടനും, ഏട്ടത്തിയമ്മയും ദുബായിൽ മക്കളോടൊപ്പമാണ്.
"അവരുടെ രണ്ട് ആൺമക്കളും ദുബായിൽ എഞ്ചിനീയർമാരാണ്." നന്ദിനി പറഞ്ഞു.
"ഇടക്ക് എന്നെ വിളിക്കാറുണ്ട്." ടീച്ചർ പറഞ്ഞു.
"ആഹാ.. നിങ്ങൾ പരിചയക്കാരും, ബന്ധുക്കളുമൊക്ക ആയല്ലോ. എന്നാൽ ഞങ്ങളിറങ്ങട്ടെ?"സരളമ്മ പറഞ്ഞു.
"ഞങ്ങൾ ടീച്ചറിന്റെ ഫ്ലാറ്റിൽ വിവരം അറിയിച്ചിട്ടുണ്ട്."
"ആരെങ്കിലുമൊക്കെ വരും. "
"വൈകുന്നേരം വരെ കുഴപ്പമൊന്നുമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞത്." സൂസിയാണ് പറഞ്ഞത്. അപ്പോഴേക്കും ടീച്ചറുടെ തൊട്ടടുത്തുള്ള ഫ്ലാറ്റിലെ ഒരു യുവതിയും, അവരുടെ ഭർത്താവും കൂടി ഓടിക്കിച്ചെത്തി.
പിന്നെ ടീച്ചർ അവരെ എല്ലാവരെയും പരസ്പ്പരം പരിചയപ്പെടുത്തി.
"ടീച്ചറമ്മേ...,ഞങ്ങൾ ധർമ്മസങ്കടത്തിലാണ്.
നാളെ എന്റെ അനിയത്തിയുടെ കല്ല്യാണനിശ്ചയമാണ്."
"ഞാൻ ഇന്നലെ എത്തേണ്ടതാണ്."
ഇന്നെങ്കിലും എത്തണ്ടേ?"
"അതിനെന്താ..?നിങ്ങൾ വേഗം പൊകൂ...!!"വൈകണ്ട. കാറിനാണോ ട്രെയിനിനാണോ യാത്ര?" ടീച്ചർ തിരക്കി.
ബാക്കിയൊക്കെ സെക്യൂരിറ്റിയോട് പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. ഫ്ലാറ്റിൽ എല്ലാവരും തിരിച്ചെത്തുമ്പോഴേക്കും രാത്രിയാകും. അതുകൊണ്ടാണ്."
"നിങ്ങൾ ധൈര്യമായി പൊയ്ക്കോളൂ "മാഷ് പറഞ്ഞു.
മാഷും, നന്ദിനി ടീച്ചറും തനിച്ചായപ്പോൾ അവർ പറഞ്ഞു,
"മാഷിനും തിരക്കുണ്ടാവും അല്ലേ?മാഷും പൊയ്ക്കോളൂ...!
ഡിസ്ചാർജ് ചയ്യുമ്പോൾ ഞാൻ പോയ്കൊള്ളാം.".അവർ പറഞ്ഞു.
"ഞാൻ തനിച്ചാണ്.പിന്നെ...,നന്ദിനി എന്തിനാണ് എന്നെ മാഷ് എന്നു വിളിച്ചു കഷ്ടപ്പെടുന്നത്?.പണ്ട് വിളിക്കാറുള്ളത് പോലെ എന്നെ വേണുവേട്ടാ എന്ന് വിളിച്ചുകൂടെ?". മാഷ് ചോദിച്ചു.
അവർ ഒന്നും മിണ്ടിയില്ല. എന്തിനോ നിറഞ്ഞ മിഴികൾ അവർ സാരിത്തുമ്പു കൊണ്ട് തുടച്ചു. പിന്നീട് കുറഞ്ഞ സമയം കൊണ്ട് അവർ പരസ്പരം അറിഞ്ഞു.
നന്ദനുമായി പത്താം ക്ലാസ്സ് കഴിഞ്ഞതിൽ പിന്നെ വലിയ കോൺടാക്ട്സ് ഒന്നും ഉണ്ടായിട്ടില്ലെന്നും...
അങ്ങനെ വർഷങ്ങൾ അവർക്കിടയിലൂടെ ഓർമ്മകളുടെ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ട് കടന്നുപോയി.
അങ്ങനെ എഴുപതു വയസ്സുള്ള വേണുഗോപാലിനും,, അറുപതു വയസുള്ള നന്ദിനിക്കുമിടയിൽ, പിരിഞ്ഞിരിക്കുമ്പോൾ കാണണമെന്നും, കാണാതിരിക്കുമ്പോൾ, ഫോൺ ചെയ്യണമെന്നും, എപ്പോഴും കൂടെയുണ്ടാകണമെന്നും ഉള്ള ഒരു തോന്നൽ വേരുറച്ചു.
"പ്രണയമെന്നോ,?"
"ചാപല്യമെന്നോ?
"സൗഹൃദമെന്നോ?"
നിങ്ങൾക്കിഷ്ടമുള്ള പേരിട്ടു വിളിച്ചോളൂ. എന്തായാലും ഒടുവിൽ വേണുഗോപാലൻ എന്ന വേണുമാഷ്, വർഷങ്ങൾക്കുശേഷം നന്ദഗോപൻ എന്ന പഴയ സുഹൃത്തിനെ വിളിച്ചത്, "അനിയത്തി നന്ദിനിയെ വിവാഹം ചെയ്തു തരുമോ??"എന്ന് ചോദിക്കാനായിരുന്നു.
അപ്പോൾ നന്ദിനി നിർവൃതിയോടെ ചിരിച്ചു. അവർക്ക് മുന്നിൽ കാലം പുറകോട്ടു മാറി. അവർ പ്രണയിച്ചുകൊണ്ടേയിരുന്നു.