അമ്പാട്ട് കുഞ്ഞച്ചുതൻ നായർ മകൻ അച്യുതനുണ്ണി അഥവാ ഉണ്ണിയപ്പൻ, പത്തിരിപ്പാലക്കടുത്തെ ഗ്രാമക്ഷേത്രമായ ഉണ്ണി ഗണപതിയ്ക്ക് ഇഷ്ട്ടനേദ്യമായ ഉണ്ണിയപ്പം ഉണ്ടാക്കുന്ന കർമ്മത്തിലും, അതേ ഉണ്ണിയപ്പം
തന്നെ അച്യുതവിലാസം എന്ന പൈതൃകമായ തന്റെ ചായക്കടയിൽ ചായ കുടിക്കാൻ വരുന്നവർക്ക് കടിയായി നൽകിയും ഉപജീവനം പുലർത്തുന്നവനാണ്.
കുഞ്ഞച്യുതൻ ഇല്ലാതെ അമ്മയോടൊപ്പം ജീവിക്കുമ്പോൾ തന്നെ അച്ഛൻ തുടർന്ന് പോന്ന, ഉണ്ണി ഗണപതിയ്ക്കു നിവേദിക്കാനുള്ള ഉണ്ണിയപ്പം ഉണ്ടാക്കുന്ന ജോലി ഉണ്ണിയപ്പനും ചെയ്തു പോന്നു. ഉണ്ണിയപ്പന്റെ ഉണ്ണിയപ്പത്തിന്റെ സ്വാദ് ഗ്രാമത്തിനപ്പുറം ഖ്യാതി നേടിയ ഒന്നായിരുന്നു. അതുകൊണ്ടു തന്നെ അതിന്റെ ഉണ്ടാക്കൽ ചേരുവ ഉണ്ണിയപ്പൻ ആരോടും പറഞ്ഞു കൊടുത്തില്ല.
അച്യുതവിലാസത്തിൽ ചായ കുടിക്കാൻ വരുന്നവർക്ക് മാത്രം ലഭിക്കുന്ന ഒരു പ്രേത്യേക രുചിയനുഭവമായി ഉണ്ണിയപ്പന്റെ ഉണ്ണിയപ്പം നിലകൊണ്ടു.
-----------
ഒരു വെള്ളിയാഴ്ച പുലർക്കാലം. മധുബാല മേനോൻ, രേവതി നക്ഷത്രം, മഹാ ഗണപതി ഹോമം എന്ന വഴിപാട് ബോർഡിലെ വാക്കുകൾ ഉണ്ണിയപ്പൻ വായിച്ചിരുന്നു.
അടുത്ത വെള്ളിയാഴ്ച... മധുബാലയ്ക്ക് ഉണ്ണിഗണപതിയുടെ മുന്നിൽ ഉണ്ണിയപ്പം കൊണ്ടു തുലാഭാരം നടക്കുമ്പോൾ, അത്രയും ഉണ്ണിയപ്പം ഉണ്ടാക്കിയ ഉണ്ണിയപ്പൻ മെലിഞ്ഞു പോയ ആ സുന്ദരിയെ ആദ്യമായി ഉണ്ണിഗണപതിയോടൊപ്പം ദർശനം നടത്തി.
-------------
ദുബൈയിലെ 'ജിപ്സി ചൈന' എന്ന റെസ്റ്റോറന്റിൽ നിന്ന് വെറും കന്റോണിസ് ചിക്കൻ സൂപ്പ് കഴിച്ചു കൊണ്ടിരിക്കെ മധുബാല നാലുവട്ടം കഠിനമായി ഛർദിച്ചു. അവളുടെ ആമാശയ സ്രവ പരിശോധനയിൽ ഫുഡ് പോയ്സൻ അല്ല പ്രശ്നം എന്ന് ഡോക്ടർമാർ കണ്ടെത്തി.
പിന്നീടുള്ള ദിവസങ്ങളിലൊന്നും മധുബാല ചൈനീസ് റെസ്റ്റോറന്റുകളിൽ പോയില്ല. ഫ്ലാറ്റിൽ പോലും ന്യൂഡിൽസും, ഫ്രൈഡ് റൈസും, കുക്ക് ചെയ്തില്ല. സാദാ ചോറും മീൻ കറിയും പോലും അവൾക്ക് രുചിയോടെ കഴിക്കാൻ കഴിഞ്ഞില്ല. ഒരു തരം ഭക്ഷണ വിരക്തി മധുബാലയെ അകാരണമായി വേട്ടയാടിക്കൊണ്ടിരുന്നു. എന്ത് കഴിച്ചാലും ഛർദിക്കാൻ തോന്നുന്നു.
-------------
താനൊരു ഫുഡിയായ മെട്രോസെക്ഷ്വൽ തരുണീമണിയാണെന്ന് പറയുന്നതിൽ മധുബാല എന്ന അച്ചുവിന് ഒട്ടും അഭിമാനക്കുറവുണ്ടായിരുന്നില്ല. ദുബായ് നഗരത്തിലെ വില കൂടിയ ഫ്ലാറ്റിൽ വില കൂടിയ കാറുകളിൽ ദുബായിലെ കൺസ്ട്രക്ഷൻ ഇൻഡസ്ട്രിയിലെ അതികായനായ അച്ഛൻ രവി മേനോനോടൊപ്പവും, അമ്മ അഞ്ജലി വർമ്മയ്ക്കൊപ്പവും, പണച്ചാക്കുകളായുള്ള അച്ഛനമ്മമാരുള്ള കൂട്ടുകാരികൾക്കൊപ്പവുമാണ്. ലോകത്തിലെ കോടീശ്വരൻമാരിൽ പലരും ജീവിക്കുന്ന ദുബായ് നഗരത്തിൽ ഒരു ഫാഷൻ ഡിസൈനറായി ഇരുപത്തിയഞ്ചാം വയസിൽ മധുബാല വിലസുന്നത്.
-------------
ചൈനീസ് ഭക്ഷണ വിഭവങ്ങൾ ആണ് മധുബാലയുടെ പ്രിയപ്പെട്ട രുചി ദൗർബല്യങ്ങൾ... മരുഭൂമിയിൽ പണിതുയർത്തിയ മനുഷ്യ നിർമ്മിതമായ ആ സ്വർഗ്ഗരാജ്യത്തിൽ നിലകൊള്ളുന്ന എല്ലാ ചൈനീസ് റെസ്റ്റോറന്റുകളിൽ നിന്നും ദിനംപ്രതി നിരന്തരം മധുബാല തന്റെ ആമാശയത്തിലേയ്ക്ക് ചൈനീസ് രുചികൾ കലർന്ന വിഭവങ്ങൾ നിറച്ചു കൊണ്ടിരുന്നു. ചുവാനിൽ നിന്നും ബ്രെസ്ഡ് പോർക്ക് ബെല്ലിയും, ന്യൂ ഷാങ്‌ഗാ യ് റെസ്റ്റോറന്റിൽ നിന്നും പെക്കിങ് ഡക്കും, ബീഫ് സ്റ്റിർ ഫ്രൈയും, മാസിനായിൽ നിന്ന് സെഷ്വാൻ ചില്ലി ചിക്കനും, ഷിറ്റെക്ക് ഫ്രൈഡ് റൈസും, ജുൻസുയിൽ നിന്ന് പെറി പെറി ചിക്കൻ സ്റ്റാറ്റയും, സ്റ്റിക്കി റൈസും,
ഹുട്ടോങ്ങിൽ നിന്നും ചിക്കൻ വിത്ത് ചെസ്റ്റ് നട്ട്സും, ഹുനാനും ഫുജിയനും, ജിയോസിയും മറ്റു ചൈനീസ് തീൻ ശാലകളിൽ നിന്നും ഡിംസംസും, ഹണി ചില്ലി പൊട്ടറ്റോയും, ഗാർലിക് സോയാ ചിക്കനും, വെജ് ഹക്കാ ന്യൂഡിൽസും, മറ്റൊരിക്കൽ ചൈനയിലെ ബുദ്ധ സന്യാസിമാർ കഴിക്കുന്ന ബുദ്ധാസ് ഡിലൈറ്റ് എന്ന വെജിറ്റബിൾ വിഭവം വരെ അവൾ അകത്താക്കിക്കൊണ്ടിരുന്നു.
ചൈനീസ് ഭക്ഷണങ്ങൾ മാത്രം കഴിച്ചു മധുബാലയുടെ രൂപം ചൈനീസ് സൗന്ദര്യദേവതയായ ക്സിഷിയുടേത് പോലെ ആയി തീരുന്നുണ്ടോ എന്ന് പോലും രവി മേനോൻ സംശയിച്ചു.
----------------
ദുബായിലെ പണക്കാരായ ചെറുപ്പക്കാരിൽ നിന്നും ദുബായിലടക്കം പല രാജ്യങ്ങളിലും വ്യത്യസ്ത പ്രോപ്പർട്ടികളുള്ള രവി മേനോന്റെ മകൾക്ക് വിവാഹാലോചനകൾ നിരന്തരം വന്നുകൊണ്ടിരുന്നു. പക്ഷേ, കുറഞ്ഞത് ദുബായിലെ കോടീശ്വരനായ അബ്ദുള്ള ബിൻ അഹമദ് അൽഗുറൈറിന് ഒക്കുന്ന ഒരുത്തനു മാത്രമേ മധുബാലയെ മംഗലം ചെയ്തു കൊടുക്കൂ എന്ന ശപഥത്തിലായിരുന്നു രവി മേനോൻ.
മധുബാലയ്ക്കാണെങ്കിൽ വേണമെങ്കിൽ ഒന്ന് ആകാം എന്ന സമീപനം മാത്രമായിരുന്നു വൈവാഹിക ജീവിതത്തെക്കുറിച്ചുണ്ടായിരുന്നത്.
-------------
അച്ഛൻ ഈയിടെ പിറന്നാൾ സമ്മാനമായി നൽകിയ മെർസിഡസ് ബെൻസ് എസ് ക്ലാസ്സ് കാറിലാണ് ബുർജ് ഖലീഫയും, പാം ജുമൈറയും, ദുബായ് മാളും, ബസ്താക്കിയായും, ദുബായ് ക്രീക്കും, ഗ്ലോബൽ വില്ലേജും കടന്നുള്ള മധുബാലയുടെ ശലഭസഞ്ചാരങ്ങൾ. കൂടെ കൂട്ടുകാരികളായ വർണ്ണ ശലഭങ്ങളും. ആഡംബര ടൂറിസത്തിന്റെ അവസാന വാക്കായ ദുബായ് നഗരത്തിന്റെ ആനന്ദാകാശത്തിലൂടെ മധുബാലയും കൂട്ടുകാരി പക്ഷികളും അനായാസം പറന്നുകൊണ്ടേയിരുന്നു.
തുലാഭാരം കഴിഞ്ഞ് ഉണ്ണിഗണപതി ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി കൊടുത്ത ഉണ്ണിയപ്പം ആദ്യം മടിച്ചുവെങ്കിലും പിന്നെ ആർത്തിയോടെ തിന്നുന്ന മധുബാലയെ കണ്ട് അമ്പലക്കാരും, രവി മേനോനും, ഉണ്ണിയപ്പൻ തന്നെയും ആദ്യം അമ്പരന്നു.
അങ്ങനെയാണ് ഉണ്ണിയപ്പന്റെ ഉണ്ണിയപ്പത്തിന്റെ നിഗൂഡമായ പാചകവിധി തേടി അമ്പാട്ടെ വീട്ടിലേക്കും, ഉണ്ണിയപ്പന്റെ ഉണ്ണിയപ്പം ഇരിക്കുന്ന ഉണ്ണിഗണപതിയുടെ നിവേദ്യ പുരയിലേയ്ക്കും മധുബാല എത്തിത്തുടങ്ങിയത്.
--------------
രവി മേനോന്റെ അമ്മയും അച്ഛനുമായ കാഞ്ഞിരംപാടത്ത് സരസ്വതിയമ്മയും ശങ്കുണ്ണി മേനോനും,
"ഉണ്ണിയപ്പന്റെ ഉണ്ണിയപ്പം മാത്രം തിന്ന് ഈ കുട്ടിക്ക് വല്ല സൂക്കേടും വരൂലോ ഭഗവാനേ..." എന്ന് മധുബാലയെ ചൊല്ലി വിലപിക്കാൻ തുടങ്ങി.
മധുബാലയാണെങ്കിൽ ആരും ഇതുവരെ അറിയാത്ത ആ ഉണ്ണിയപ്പത്തിന്റെ പാചകരഹസ്യമറിയാതെ താൻ ദുബായിലേക്ക് മടങ്ങില്ലെന്ന നിലപാടിൽ ആയിരുന്നു.
---------------
മകളെ മാതാപിതാക്കളെ ഏൽപ്പിച്ച്, അവൾക്ക് മാറ്റമുണ്ടാക്കാൻ തന്റെ ഗ്രാമത്തിനു കഴിയുന്നുണ്ടെന്ന ബോധ്യത്തിൽ രവി മേനോൻ ദുബായിലേയ്ക്ക് തന്നെ തിരിച്ചു പോയി.
----------------
മധുബാല ഉണ്ണിയപ്പനിൽ നിന്നും അവനുണ്ടാക്കുന്ന ഉണ്ണിയപ്പത്തിൽ നിന്നും മാറാതെ അവളുടെ ദിനങ്ങൾ ചെലവഴിച്ചു. ഒടുവിൽ ഉണ്ണിയപ്പൻ സഹികെട്ട് അവൾക്ക്, തന്റെ ഉണ്ണിയപ്പത്തിന്റെ പാചകവിധി പറഞ്ഞു കൊടുക്കുക തന്നെ ചെയ്തു. അപ്പോഴേക്കും മറ്റൊരു പ്രതിസന്ധിയിൽ മധുബാല നിശബ്ദയായി.
ഉണ്ണിയപ്പത്തിന്റെ പാചകവിധി മനസ്സിലാക്കിയതു കൊണ്ടു മാത്രം തനിക്ക് ഉണ്ണിയപ്പനിൽ നിന്ന് മാറാനാവില്ല എന്ന തിരിച്ചറിവായിരുന്നു അത്.
----------------
മാളിങ്ങുകളിലും ഡൈനൗട്ടുകളിലും ലോങ്ങ് ഡ്രൈവുകളിലും ആനന്ദിച്ചിരുന്ന മകളുടെ ആഹരിക്കലിൽ വന്ന വിരക്തി, രവി മേനോനെ വല്ലാതെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. അയാൾ അവളെ ഇങ്ങനെ ശാസിക്കുകയും ചെയ്തു.
"ബുദ്ധിസ്റ്റുകൾ ഭക്ഷിക്കുന്ന, ബുദ്ധന്റെ ഭക്ഷണ വിഭവമായ ബുദ്ധാസ് ഡിലൈറ്റ് കഴിക്കുമ്പോൾ തന്നെ ബുദ്ധചരിതവും, സുജാതയുടെ കഥയും അങ്കുലീമാലന്റെ കഥയുമെല്ലാം ആംഗലേയത്തിൽ വായിച്ചതാണ് ഇതിനൊക്കെ കാരണം " എന്ന്.
അത്യന്തം ആത്മീയ ഔന്നത്യപരതയിൽ ജീവിക്കുന്ന ബുദ്ധിസം എന്ന ജീവിതരീതി മകളിൽ സ്വാധീനം ചെലുത്തിയോ എന്ന ഭയം പോലും രവി മേനോനുണ്ടായി.
---------------------
മധുബാല വെറും ബിസ്ക്കറ്റുകളും ജ്യൂസുകളും മാത്രം കഴിച്ച് ജീവൻ നില നിർത്തി പോന്നു. ദുബായിലെ മലയാളി സമൂഹങ്ങളിൽ ആരാധകരുള്ള ' സമീരൻ ' എന്ന കൂട്ടുകാരനായ നോവലിസ്റ്റിനോട് രവി മേനോൻ, മധുബാലയുടെ കാര്യം ചർച്ച ചെയ്തപ്പോൾ,
"മധുബാലയുടെ നാക്കിലെ രുചി മുകുളങ്ങൾക്കല്ല.. മനസ്സിലെ രുചി മുകുളങ്ങൾക്കാണ് പ്രശ്നം സംഭവിച്ചിരിക്കാൻ സാധ്യത" എന്ന് സമീരൻ പറഞ്ഞു.
"ഒരുപക്ഷേ, നിരന്തരമായ നഗരജീവിതം അവളിൽ ആന്തരികമായ വിരക്തിയുണ്ടാക്കിയിരിക്കാം എന്നും അബോധമനസ്സിലെങ്കിലും അവൾ പേറുന്ന ഒറ്റപ്പാലത്തെ പത്തിരിപ്പാലയിലെ തറവാട് വീടും, ഗ്രാമവും, ഗ്രാമീണതയും അവളുടെയുള്ളിൽ വേരിലേയ്ക്കു തിരികെ വിളിക്കുന്ന രാസപ്രവർത്തനം നടത്തിയിരിക്കാം." എന്നും സമീരൻ കൂട്ടി ചേർത്തു.
-----------------
ഉണ്ണിയപ്പന്റെ പ്രണയമായിരുന്നു ഉണ്ണിയപ്പത്തോടൊപ്പം തന്റെ ആനന്ദത്തിന്റെ രുചി മുകുളങ്ങളെ ഉണർത്തിയത് എന്ന് മധുബാല തിരിച്ചറിയുന്നു. ഉണ്ണിയപ്പനും മറിച്ചായിരുന്നില്ല. ആദ്യമായിട്ടായിരുന്നു ആ ഇരുപത്തിയാറുകാരൻ ഒരു പെൺകിടാവുമായി ഇത്രയും അടുത്ത് സഹവസിച്ചു പോന്നത്.
------------
ദുബായിലെ കോടീശ്വരനെ മരുമകനാക്കാനുള്ള തീരുമാനമെടുത്ത രവി മേനോൻ, മധുബാലയുടെ ഉണ്ണിയപ്പൻ എന്ന ഗ്രാമീണ യുവാവിലേക്കുള്ള മനംമാറ്റമറിഞ്ഞ് ആദ്യം ഞെട്ടുകയും, പിന്നെ ഞെട്ടലോടെ തിരിച്ചറിയുകയും ചെയ്തു. ഗ്രാമവും ഉണ്ണിയപ്പനേയും ഉണ്ണിഗണപതിയുടെ ക്ഷേത്രവും വിട്ട് മധുബാല മന:സുഖത്തോടെ ദുബായിലേക്ക് മടങ്ങാനൊരുക്കമല്ലെന്ന്.
ദുബായിൽ വെച്ച് സമീരൻ തന്നെയാണതു രവി മേനോനോട് പറഞ്ഞത്. "മധുബാലയുടെ ഇടം ദുബായ് നഗരമല്ല.. പത്തിരിപ്പാല എന്ന കേരളത്തിലെ അവളുടെ ജന്മ ഗ്രാമമാണ്. പ്രകൃതി അവൾക്കായി ഒരുക്കിയിരിക്കുന്ന മറുപാതി ഉണ്ണിയപ്പനാണ്. അതിലേക്ക് അവൾക്ക് എത്തി ചേരാതിരിക്കാനാവില്ല."
'നിയോഗം' എന്ന വാക്ക് തെറ്റിദ്ധരിക്കാവുന്നതും, പരിഹസിക്കപ്പെടാവുന്നതുമായ ഒന്നാണെങ്കിലും ആ വാക്കിന് പരന്ന അർത്ഥതലമുണ്ട്. മനസ്സിന്റെ അനിഷ്ടങ്ങൾ അത് വ്യക്തിയെ അറിയിക്കുക, ഇതുപോലെ ഭക്ഷണ വിരക്തി, പ്രദേശ വിരക്തി, മടുപ്പ് എന്നീ ശരീര സംബന്ധിയായ പ്രതിഫലനങ്ങളിലൂടെയാവും. അത് തിരിച്ചറിഞ്ഞ് ഇഷ്ട്ടമുള്ള കാര്യങ്ങളിലേയ്ക്ക് മടങ്ങുമ്പോൾ നമുക്ക് മന:സുഖമുണ്ടാവും...
മധുബാല, ഉണ്ണിയപ്പനോടൊപ്പം സുഖമായിരിക്കട്ടെ..