മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

  • MR Points: 0
  • Status: Ready to Claim

(Dileepkumar R)

ശിപ്പായി ധരംസിങ് മേശവലിപ്പിൽ വച്ചു പോയ കത്ത്. വടിവൊത്ത ആ കൈപ്പട, അത് കണ്ടപ്പോൾ തന്നെ മനസിലായി അമ്മയെഴുതിയതാണത്. ഓഫീസിലെ തിരക്കൊഴിഞ്ഞ് അതെടുത്തു

വായിച്ചപ്പോഴാണ് രവിയെപ്പറ്റി ഓർത്തുപോയത്. നാട്ടിലെ പല വിശേഷങ്ങൾ എഴുതിയ കൂട്ടത്തിൽ എന്റെ സുഹൃത്ത് രവി വീട്ടിൽ വന്നിരുന്നതായി അമ്മ എഴുതിയിരിക്കുന്നു. എന്റെ വിവരങ്ങളെല്ലാം തിരക്കി ഒരു പാട് തേൻമാമ്പഴം വീട്ടിൽ ഏൽപ്പിച്ചിട്ടാണ് പോയതത്രേ. അതാ മാന്തോപ്പിലെ മാമ്പഴം തന്നെ. അത്തരം മാമ്പഴം അവന്റെ വീടിനു പിറകിലെ മാമ്പഴഗന്ധം തിരതല്ലുന്ന മാന്തോപ്പിൽ ധാരാളമായുണ്ട്.ചെറുപ്പത്തിൽ ഞാനും രവിയുമടക്കമുള്ള കൂട്ടുകാരുടെ പ്രധാന മേച്ചിൻ പുറമായിരുന്നു ആ മാന്തോപ്പ്. മരങ്ങളും ചെടികളും പടർന്നു പച്ച തഴച്ചു കിടക്കുന്ന മാന്തോപ്പ്. ഇളം കാറ്റിൽ ചില്ലയൊന്നുലഞ്ഞാൽ പൂമരപൂക്കൾ പൊഴിയുമാറ് പഴുത്ത മാമ്പഴങ്ങൾ വീഴുമായിരുന്നു. കിളികൾക്കും അണ്ണാനും എല്ലാർക്കും ഇഷ്ടം പോലെ മാമ്പഴം അവിടെയുണ്ടാകും. വേരുകൾ മുരടിച്ച നാട്ടുമാവാകട്ടെ, പ്രസന്ന ചിത്തനായ തറവാട്ടു കാരണവരെപ്പോലെ ദീർഘകായനായി, ചില്ലകളിലൂടെ തണലു പടർത്തി ആ മാന്തോപ്പിൽ എഴുന്നു നിന്നു.ഞാൻ എന്നാണ് അവധിക്ക് നാട്ടിൽ വരുന്നതെന്ന് അവൻ കൂടെക്കൂടെ അന്വേഷിച്ചിരുന്നു. അവൻ്റെ അന്വേഷണവും മറ്റു വിശേഷങ്ങളുമെല്ലാം വിശദമായി ചോദിച്ചു കൊണ്ടായിരുന്ന അമ്മയുടെ കത്ത്. ജോലി സംബന്ധമായ തിരക്കുകൾ മൂലം നാട്ടിലേക്ക് പോയിട്ട് ഒരു കൊല്ലം ആകാറാകുന്നു . ഇക്കുറി ഏതെങ്കിലും മാർഗ്ഗത്തിലൂടെ അവധി തരപ്പെടുത്തി നാട്ടിൽ പോകണം. ഞാൻ തീർച്ചപ്പെടുത്തി.

അമ്മയുടെ അസുഖം തുടങ്ങി തൻ്റെ സാമീപ്യം ആവശ്യപ്പെടുന്ന വിഷയങ്ങളെല്ലാം മേലുദ്യോഗസ്ഥനെ കണ്ട് വിശദമായി അറിയിച്ചു. അദ്ദേഹമാകട്ടെ ഇക്കുറി മറുത്തൊന്നും പറയാതെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവധിക്കുള്ള അപേക്ഷ പരിഗണിച്ച് അനുവദിച്ചു തന്നു. അതിനു ശേഷം എല്ലാ കാര്യങ്ങളും തീരുമാനിച്ച് അമ്മക്ക് വിശദമായി കത്തു തയ്യാറാക്കി  6 - 1 - 1973 എന്നു തീയതി രേഖപ്പെടുത്തി ശിപ്പായി ധരംസിങ്ങിനെ ഏൽപ്പിച്ചു. ഒരു മൂന്ന് ദിവസം. അതിനുള്ളിൽ കത്ത് വീട്ടിലെത്തും. ഏറെ നാളുകൾക്കു ശേഷം നാട്ടിൽപോകാൻ ഒരുങ്ങുകയാണ്. അതിന്റെ സന്തോഷം കൊണ്ട് ഇരിപ്പുറക്കുന്നില്ല. കാന്റീനിൽ പോയി പൂരി സബ്ജിക്കൊപ്പം എരുമപ്പാലൊഴിപ്പിച്ചു കൊഴുപ്പിച്ച ചായ ഊതിക്കുടിക്കുമ്പോഴും പിന്നെ ട്രെയിൻ ടിക്കറ്റ് ബുക്കു ചെയ്യാൻ പോകുമ്പോഴും നാട്ടിലെ ഓരോ ഓർമ്മകൾ ഇളങ്കാറ്റ് തിരതല്ലും പോലെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു. ഗൃഹാതുരത്വത്തിൻ്റെ ചേറ്റുമണമുള്ള ഇളങ്കാറ്റ്. പത്താം തീയതിക്ക് മാത്രമേ നാട്ടിലേക്കു ട്രെയിൻ ഉണ്ടായിരുന്നുള്ളു എന്നത് സന്തോഷം തെല്ലു കെടുത്തിയെങ്കിലും തന്നെ കൂട്ടാനായി രവി റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കും എന്ന വിശ്വാസം സന്തോഷം ഇരട്ടിയാക്കി. അവനായി എന്തെങ്കിലും വാങ്ങണം. നല്ലൊരു കമ്പിളിപ്പുതപ്പ് ആവട്ടെ,നാട്ടിലിപ്പോൾ തണുപ്പാണ്. സ്ഥിരം വസ്ത്രങ്ങൾ വാങ്ങുന്ന പീതാബർ സിംഗിനെ സമീപിച്ചു. ഭാംഗിന്റെ കറപിടിച്ച പല്ല് വെളിയിൽ കാട്ടി വെളുക്കെചിരിച്ചു കൊണ്ട് പീതാബർ അടുക്കി വച്ചിരിക്കുന്ന കമ്പിളിക്കെട്ടിൽ നിന്നും മേൽത്തരം കമ്പിളി പുതപ്പുതന്നെ എടുത്തു തന്നു. നാട്ടിലേക്കുള്ള യാത്ര മുൻകൂട്ടിക്കണ്ട് ഒരു അമ്മയ്ക്കും ഏടത്തിക്കുമുള്ള വസ്ത്രങ്ങളും മറ്റും അയാളിൽ നിന്നും മുന്നേ വാങ്ങി വച്ചിരുന്നു..

യാത്ര... അപരിചിതത്വത്തിന്റെ ഗന്ധമൂറുന്ന പൊടിമണ്ണിനെ പറത്തിക്കൊണ്ട് മിലിട്ടറി ജീപ്പിൽ റെയിൽവേ സ്റ്റേഷനിലേക്ക്. അവിടുന്നങ്ങോട്ട് സർവ്വത്തിനേയും പുറകോട്ടു തള്ളിപ്പായുന്ന യാത്രാവണ്ടിയിൽ.

പൊതുവെ എനിക്ക് യാത്ര ഇഷ്ടമല്ല. ഓരോ യാത്രയും വേപഥു പൂണ്ടൊരു പറിച്ചു നടലാണെനിക്ക് .പച്ച മണ്ണിലേക്കു പടർന്ന വേരുകളുടെ പിഴുതുമാറ്റം.ജീവിതത്തിലെ ഏറ്റവും സന്തോഷമേകുന്ന യാത്ര ഏതെന്ന് ചോദിച്ചാൽ ഞാൻ പറയും വീട്ടിലേക്കുള്ള യാത്രയെന്ന്.നാട്ടിലെ ഏതെങ്കിലും സർക്കാരാഫീസിലെ ഉദ്യോഗമായിരുന്നു ലക്ഷ്യം. പക്ഷേ വിധി ദൂരയാത്ര ആവശ്യമായി വരുന്ന ജോലിയിൽ എന്നെക്കൊണ്ടെത്തിച്ചു.

അകലങ്ങളിലെ വെയിലെത്തി നോക്കുന്ന ജനലഴിയിലൂടെ വിസ്തൃതമായ ഗോതമ്പുപാടങ്ങൾ, പിന്നെ പച്ചപിടിച്ച പാടങ്ങൾ . കറുത്ത് ഭീമാകാരനായ രാക്ഷസനെപ്പോലെ എഴുന്നു നിൽക്കുന്ന പാറക്കൂട്ടങ്ങൾ , നിറം മങ്ങി പതഞ്ഞൊഴുകുന്ന നദിയിലെ ജലസാന്ദ്രത, ജാലകത്തിലൂടെത്തുന്ന തിളച്ച വെയിലിൽ കണ്ണുമഞ്ഞളിക്കുന്നു. തെല്ലിട നേരം ഇമ തല്ലി മിഴിച്ചു. അപ്പോൾ ഒരു കറ്റക്കളം മിഴിവാർന്ന് തെളിഞ്ഞു വന്നു. അവിടെ ഓടിക്കളിക്കുന്ന കുട്ടികൾ .ഗോപി, രവി എല്ലാവരുമുണ്ട്. വേഗതയിൽ ഓടുന്ന ഗോപിയെ തൊടാൻ പിറകെ രവിയാണ് ഓടുന്നത് ഒപ്പം താനുമുണ്ട്. ആ ഓട്ടത്തിനിടക്ക് ഞൊടി നേരം രവിയുടെ കണ്ണൊന്നു പതറി. കാലിൽ എരടിയ ഒരു മരകുറ്റി. കറ്റ മെതിക്കുന്ന പാറക്കല്ലിൽ മുഖമടച്ചാണ് രവി വീണത്.. കറ്റക്കല്ലിൽ ഒഴുകിപ്പരക്കുന്നന ചോര... രവി ഞരങ്ങിക്കൊണ്ട് മുഖം തിരിച്ചു. മുഖത്ത് നിന്നും ചീറ്റിയൊഴുകുന്ന ചുവന്ന നീരൊഴുക്കുകൾ. ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു .കഴിയുന്നില്ല. ശബ്ദം തൊണ്ടക്കുള്ളിൽ കുരുങ്ങിക്കിടന്നു.

ഏറെ പണിപ്പെട്ട് തീവണ്ടി ഒന്നു കുലുങ്ങി നിന്നു. അല്പം കഴിഞ്ഞ് അരിച്ചരിച്ച് നീങ്ങാൻ തുടങ്ങി. വല്ലാതെ വിയർത്തു കുളിച്ചിരിക്കുന്നു. ഏറെ പണിപ്പെട്ടാണ് സ്ഥലകാലബോധം വീണ്ടെടുത്തത്. പാതി തുറന്ന ടെയിനിലെ ഇരുമ്പു ജനൽപ്പാളി പ്രയാസപ്പെട്ട് മുഴുവനായി തുറന്നു. എവിടെയോ പെയ്ത മഴയുടെ തണവുൾക്കൊണ്ട കാറ്റേറ്റപ്പോൾ വല്ലാത്ത ആശ്വാസം തോന്നി. ഏതായാലും ഒരു അനുഭവമായിപ്പോയി. കൺമുൻപിൽ നടന്ന പോലെ ഒരു സംഭവം! പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. പുറത്തെ ഭ്രമിപ്പിക്കുന്ന ഇരുട്ടിലേക്ക് നോക്കിക്കൊണ്ട് ഇരുന്നു. നിയതമായ ആകൃതിയില്ലാത്ത നിഴൽ രൂപങ്ങൾ പുറകിലേക്ക് പാഞ്ഞുമറിഞ്ഞു. ഏതോ സ്റ്റേഷനിൽ തെല്ലിട നേരം വണ്ടി നിർത്തിയപ്പോൾ പുറത്തിറങ്ങി. ഒരു ചായ വാങ്ങിക്കുടിച്ച് തിരിച്ച് വീണ്ടും ഇരിപ്പിടത്തിലേക്ക്. വെളിയിൽ കനത്ത ഇരുട്ട്. ഇടക്കെപ്പോഴോ വിദൂരത്തുള്ള വീടുകളിൽ നിന്നുള്ള വെളിച്ചത്തിൻ്റെ തരികൾ. ആകൃതിയില്ലാത്ത നിഴലുകൾ. ഒടുവിൽ ദീർഘദൂര ഓട്ടക്കാരനെ പോലെ ട്രെയിൻ തന്റെ ഗ്രാമത്തിലെ സ്റ്റേഷനിൽ മെല്ലെ വന്നു നിന്നു. ഇവിടെ യാത്രയുടെ അവസാനം. അടുത്ത ദിവസം ഈ ട്രെയിൻ തിരിച്ച് യാത്ര തുടരും. ജൻമജൻമാന്തരങ്ങളിലേക്കുള്ള പടുയാത്രകൾ എത്ര പൂർത്തിയായാലും ഇവിടെ കാലം മാത്രം ചലനമറ്റ് കിടക്കും.

എൻ്റെ ഗ്രാമത്തിൽ ഇറങ്ങാൻ രണ്ടോ മൂന്നോ ആളുകളേ കണ്ടുള്ളൂ. അവരെ കാത്തിരിക്കാനോ കൂട്ടാനോ ആരും തന്നെ വന്നതായി കണ്ടില്ല. വണ്ടിയിറങ്ങിയവർ സ്റ്റേഷനു പുറത്തേക്കുള്ള ഊടുവഴിയിലൂടെ പൊടുന്നനെ അപ്രത്യക്ഷരായി. ആ വഴിയുടെ ഇടതുവശത്തെ കരിങ്കൽ ഇരിപ്പിടത്തിൽ ഇരുന്ന ആളെ അപ്പോഴാണ് ശ്രദ്ധിച്ചത്... രവി! രവി എന്നെക്കണ്ടതും ഓടി അടുത്തേക്കു വന്നു. ഏറെ നാളുകൾക്കു ശേഷം എന്നെ കണ്ടതിട്ടുള്ള സന്തോഷം ആ മുഖത്ത് ദൃശ്യമായിരുന്നു. ഒപ്പം വിളറിയ ക്ഷീണ ഭാവവും. അതെപ്പറ്റി ചോദിച്ചപ്പോൾ കറ്റക്കളത്തിലെ നിരന്തരമായ പണിയെക്കുറിച്ച് പറഞ്ഞു. സമയം പന്ത്രണ്ടോടടുക്കുന്നു. ഒരുപാടു സമയം കാത്തിരിക്കേണ്ടി വന്നതിന്റെ പരിഭവം പറഞ്ഞ് രവി എന്റെ പെട്ടികൾ എടുത്ത് നടന്നു. നിറനിലാവിൽ കുറ്റിമുല്ലയുടെ വാസന പുരണ്ട നാട്ടുവഴിയിലൂടെ നടക്കുന്നതിനിടയിൽ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഈയിടെ വിവാഹം കഴിപ്പിച്ചയച്ച പെങ്ങളെക്കുറിച്ച് പറഞ്ഞു. അവർക്ക് സ്കൂൾ ടീച്ചറായി ഉദ്യോഗം ലഭിച്ചതിൽ രവി ആശ്വാസം കൊണ്ടു. അവന്റെ അമ്മക്ക് വലിവിന്റെ അസുഖം കൂടുതലാണെന്നും നാട്ടിലെ വൈദ്യരുടെ ചികിത്സകൊണ്ട് വലിയ സൗഖ്യമൊന്നും ഇല്ലെന്ന് അവൻ അറിയിച്ചു. അവന്റെ അമ്മയെ ഒന്നു പോയി കാണണമെന്ന് ഞാൻ തീർച്ചപ്പെടുത്തി. അക്കാര്യം പറഞ്ഞപ്പോൾ അവനത് വലിയ സന്തോഷമായി. മാമ്പഴ ഗന്ധം പടർന്ന ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ മാങ്ങ എന്റെ വീട്ടിൽ ഏൽപ്പിച്ച കാര്യം അവൻ സൂചിപ്പിച്ചു. അവന്റെ കണക്കനുസരിച്ച് ഇന്നേക്ക് അവ പഴുത്തിരിക്കണം!

അങ്ങിനെ പലതും പറഞ്ഞ് നടന്ന് എന്റെ വീടെത്തി. എന്റെ ഭാരിച്ച പെട്ടി പടിക്കെട്ടിനരികെ വച്ച് രവി തിരികെ പോകാനൊരുങ്ങി. ഞാൻ ആശ്ചര്യപ്പെട്ടു. ഇത്ര ദൂരം വന്ന് വീട്ടിൽ കയറാതെ രവി പോകാനൊരുങ്ങുന്നു! എന്റെ മനോഗതം അറിഞ്ഞിട്ടെന്ന പോലെ രവി പ്രതികരിച്ചു.

“വീട്ടിൽ അമ്മ തനിച്ചാണ്. നിന്നെ ഒന്നു കാണണം. കണ്ടിട്ട് ഒരു പാടായല്ലോ ആ ആഗ്രഹത്തിനു പുറത്താണ് ഈയസമയത്ത് വീട്ടിൽ നിന്നിറങ്ങിയത്”.

പിന്നെ ദു:ഖത്തോടെ പറഞ്ഞു, “അമ്മക്ക് വലിവ് കൂടുതലാണ്”

രാത്രി മഞ്ഞേറ്റു തണുത്ത കൈപ്പടം തോളിൽ വച്ച് ഞാൻ ആശ്വസിപ്പിച്ചു.

“ടൗണിൽ ഞാൻ അറിയുന്ന പ്രശസ്തനായ ഡോക്ടറുണ്ട്. അദ്ദേഹത്തെക്കാണാം. അമ്മയുടെ അസുഖം പൂർണ്ണമായും മാറും തീർച്ച'.

രവിക്കു സന്തോഷമായി. യാത്ര പറഞ്ഞ് അയാൾ പോയി.

കുളിർന്ന കിണറുവെള്ളത്തിന്റെ സാന്ദ്രമായ തഴുകലിൽ സ്നിഗ്ധമായ തൊലിയടരുകളിൽ പുതു ജീവൻ മുളപൊട്ടി.

അകത്തളത്ത് ചെമ്പു കിണ്ണത്തിൽ കഞ്ഞിയുമായി അമ്മയുണ്ട്. കൂട്ടിരിക്കാൻ വരാറുള്ള ഏടത്തിയുണ്ട്. നല്ല പോലെ വെന്ത കഞ്ഞി പച്ചപ്പയറു മെഴുക്കു പുരട്ടിയും പപ്പടവും ചേർത്ത് കഴിക്കുവോൾ എന്റെ നിറം പൊയ് പോയതായി അമ്മ പരിഭവിച്ചു. തറവാട്ടിലെ കുട്ടികളിൽ ഏറ്റവും നിറം എനിക്കായിരുന്നെന്ന് ഏടത്തിയും ഓർമ്മിച്ചു. ശ്രോതാവായി പുതിയൊരാളെക്കിട്ടിയ അവർ കഥകളുടെ കെട്ടഴിച്ചു. അമ്മയും ഏടത്തിയും മാടായി കാവ് ക്ഷേത്രത്തിൽ പോയ ഒരു കഥ പറഞ്ഞു തുടങ്ങി. ശത്രുസംഹാര പൂജക്ക് പ്രസിദ്ധമാണാക്ഷേത്രം. ക്ഷേത്രത്തിൽ പേരുകേട്ട ഒരു സിനിമാ നടിയേയും കണ്ടുവത്രേ.ചൊവ്വാദോഷക്കാരി അമ്മു, അത്തർ, വാസനാ സോപ്പ് വിൽപ്പനക്കാരനായ കാദറോടൊപ്പം പോയ സംഭവം എടത്തി പറഞ്ഞു. അടുത്ത ആഴ്ച വാസനാ ദ്രവ്യങ്ങളുടെ പണം പിരിക്കാനെത്തിയ കാദറോടൊപ്പം മുഖപടമിട്ട അമ്മുവിനെ നാട്ടുകാർ കണ്ടു. വയറ്റാട്ടി ശാന്തയുടെ മകൾ ഒരു നാൾ ദേവി കൂടി തുള്ളലാരംഭിച്ചു. പാലും പഴവുമേ കഴിക്കൂ. ചില ദിവസങ്ങളിൽ ജലപാനമില്ല. കഷായ വസ്ത്രം ധരിച്ച് ഒരേ ഇരിപ്പാണ്. വീട്ടിൽ ഭജനയുണ്ട്. ഉച്ചക്ക് ഭക്തർക്ക് അന്നദാനവും. നാട്ടിലെ വലിയ പ്രമാണിമാർ അവിടേക്ക് ദർശനത്തിന് എത്തുന്നുണ്ട്. നാട്ടുകാരുടെ പ്രയാസങ്ങൾക്ക് അവിടെ പരിഹാരമുണ്ട്. അവരുടെ തേജസ് പ്രസരിച്ച മുഖം കണ്ടാൽ, കൈ തലോടലേറ്റാൽ വിഷമതകൾ അലിഞ്ഞില്ലാതാവുമെന്ന് വൃദ്ധ സ്ത്രീകൾ പറഞ്ഞു. ഏടത്തി പോയിരുന്നോ? എന്ന ചോദ്യത്തിന് നിറഞ്ഞ ചിരിയായിരുന്നു മറുപടി. പിന്നെ കഴിഞ്ഞാണ്ടിലെ ഉത്സവ നടത്തിപ്പ് അലങ്കോലമായ കഥ പറഞ്ഞ് ഏടത്തി തലയിൽ കൈവച്ചു! അമ്മയും ഏടത്തിയും പിന്നെയും കഥകൾ പറഞ്ഞു കൊണ്ടിരുന്നു. അതിരുകളില്ലാത്ത സ്ഥലകാലസീമയിൽ കഥാപാത്രങ്ങൾ തങ്ങളുടെ വേഷം ആടിത്തീർത്തു. കഥകൾ പിന്നെയും ആവർത്തിച്ചുകൊണ്ടിരുന്നു.

കഞ്ഞി കുടിച്ചു കഴിഞ്ഞു. സ്വല്പം മധുരം കഴിക്കാനാഗ്രഹം. രവിയുടെ തേൻമാമ്പഴത്തെപ്പറ്റി അപ്പോഴോർമ്മ വന്നു .രവി റയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കാനുണ്ടായതും മറ്റും അമ്മയോടു പറഞ്ഞു .പൊടുന്നനെ ഏടത്തിയുടേയും അമ്മയുടേയും മുഖം വിവർണ്ണമായി.

ചിലമ്പിച്ച ശബ്ദത്തോടെ അമ്മ പറഞ്ഞു.

“എന്താ കുട്ടീ നി പറയണേ ദേവകീടെ മോൻ രവീന്ദ്രന്റെ കാര്യമാണോ ഈ പറേണത് ? ഈശ്വരാ! രവീന്ദ്രൻ മരണപ്പെട്ടു. ഇന്നലെ കറ്റക്കളത്തിൽ കറ്റ കൊണ്ടുപോകാൻ വന്ന ലോറി പുറകോട്ട് എടുത്തപ്പോൾ രവീന്ദ്രനെ തട്ടി. കറ്റ തല്ലുന്ന വലിയ കല്ലിലേക്കാ തലയിടിച്ച് വീണത്. പിന്നെ ചോരപ്രളയമായിരുന്നു”

അമ്മ ഒന്നു നിർത്തി.

“എന്താ അമ്മു ഈ അസമയത്ത് ഇത്രക്കങ്ങട് വിസ്തരിക്കാനുള്ളതാണോ ഇതൊക്കെ “

ഏടത്തി അമ്മയെ ശാസിച്ചു. പിന്നെ എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു.

'ഉണ്ണി ഒന്നൂല്യ അവൻ എടക്ക് വന്ന് നിന്നെ തിരക്വാർന്നു. നിന്റെ കത്തു വന്നപ്പോഴും അവനിവടെ ഉണ്ടാർന്നു. എന്താ ചെയ്യാ ഈശ്വരനിശ്ചയം ല്ലാണ്ടെന്താ പറയാ. എല്ലാരടടുത്തും നല്ല സ്നേഹം ള്ള കൊച്ചനായിരുന്നു. ആർക്കും അലോഹ്യായിട്ട് ഒന്നും പറയൂല്യ പ്രവർത്തിക്കൂല്യ. സുഖല്ലാത്ത ദേവ്യോടത്തി ഇതെങ്ങനെ സഹിക്യാ വോ? ശരി.ശരി. കുട്ടി പോയി ഉറങ്ങിക്കോ. വണ്ടീല് നേരെ ഒറങ്ങീ ണ്ടാവില്യ”

ഞാൻ തലയാട്ടി. പിന്നെ അവർ നാമം ജപിച്ചു കൊണ്ട് അമ്മയേയും കൂട്ടി മുറിക്കുള്ളിലേക്ക് പോയി.

ചൂടു കഞ്ഞി ദേഹത്തെ തപിപ്പിച്ചിരുന്നു. ഇറയത്തിരുന്നാൽ തണുത്ത കാറ്റു കിട്ടും. കിണ്ണം കഴുകി കമഴ്ത്തിവച്ചു.ഇറയത്തേക്ക് നടന്നു. ഉൾമുറിക്കകത്തെ നാമജപം നേർത്തു നേർത്തു ശമിച്ചു. ജൻമാന്തരങ്ങളിലെ മാമ്പഴ ഗന്ധം പൂണ്ട ഇളനിലാവിൽ രവിക്ക് താൻ വാക്കു കൊടുത്തതാണ്. അവന്റെ അമ്മയെ നല്ലൊരു ഡോക്ടറെ കാണിക്കണം. അസുഖം ഭേദമാക്കണം..നിലാവിൽ മുറ്റത്തെ വാഴത്തോട്ടത്തിലെ നിഴലുകൾ വികലമായ രൂപങ്ങളായി. ദൂരെ മാമ്പഴത്തിന്റെയും കുറ്റിമുല്ലയുടേയും വാസന പ്രസരിക്കുന്ന ഇടവഴിയിലൂടെ ചൂട്ട് വീശിക്കൊണ്ട് ഒരു യാത്രക്കാരൻ നടന്നു നീങ്ങുന്നതു കണ്ടു. ജൻമജന്മാന്തരങ്ങളിലെ കർമ്മബന്ധത്തിന്റെ ഗർഭ ഭാണ്ഡം പേറിയുള്ള അയാളുടെ യാത്ര ? ആ യാത്രക്കാരനോട് വല്ലാതെ അനുകമ്പ തോന്നുകയാണ്. അയാളുടെ ചൂട്ടിലെ തീത്തുമ്പ് അങ്ങകലെയുള്ള സൂക്ഷ്മ പ്രകാശത്തിലേക്ക് അലിഞ്ഞ് ചേരും വരെ ഞാൻ നോക്കി നിന്നു.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ