(RK Ponnani Karappurath)
(Winner of +100 Bonus Points) പകൽ മുഴുവൻ ഉറക്കം ആയിരുന്നു. ഉച്ചയ്ക്ക് കഴിക്കാൻ കൊണ്ടുവച്ച ഭക്ഷണം കട്ടിലിനെ തലക്കലാം ഭാഗത്ത് വെച്ചപടി ഇരിപ്പുണ്ട്. വർഷങ്ങളോളമായി തനിയെ താമസിച്ചതു
കൊണ്ട് ഉറങ്ങാനും ഭക്ഷണം കഴിക്കാനും ഒന്നും ഒരു കൃത്യസമയം പതിവില്ല. ചിന്നൂവിനെയും കൂട്ടി കമല പടിയിറങ്ങിപോയതിൽപ്പിന്നെ ഏകാന്തത തന്നെയായിരുന്നു കൂട്ട്. അവർ ഉള്ളപ്പോൾ ശാസിച്ചും വഴക്കടിച്ചും നേരം പോകുമായിരുന്നു. പലതവണ തിരിച്ചു വിളിച്ചിട്ടും വരാതായപ്പോൾ പിന്നീട് തനിച്ച് താമസിക്കാനുള്ള തീരുമാനമെടുത്തതാണ്.
തൻറെ തൊഴിലിനോട് ആയിരുന്നു എതിർപ്പ്. മറ്റുള്ളവരെപ്പോലെ മാന്യമായ തൊഴിലല്ല തൻറെതെങ്കിലും അവർക്ക് ഒരു ബുദ്ധിമുട്ട് ജീവിതത്തിൽ വരുത്തിയിട്ടില്ല എന്നുള്ളതിൽ അയാൾക്ക് ആശ്വാസം തോന്നി. പലതവണ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും തൻറെ കുലത്തൊഴിൽ നിർത്താൻ തോന്നിയില്ല. വലിയ കായികാധ്വാനം കൂടാതെ തന്നെ തനിക്കും ഭാര്യക്കും മക്കൾക്കും ജീവിക്കാനുള്ള വക ഓരോ രാത്രിയും പുറത്തുപോയി വരുമ്പോൾ കയ്യിൽ ഉണ്ടാകുമായിരുന്നു. അയൽക്കാരുടെ പരിഹാസം കേട്ടു കേട്ടാണ് കമല പരാതി പറയാൻ തുടങ്ങിയത്. ചിന്നു മോളും സ്കൂളിൽ നിന്ന് വന്നാൽ മറ്റു കുട്ടികൾ കളിയാക്കിയ കാര്യങ്ങൾ പറയുമായിരുന്നു. അവർക്കുവേണ്ടി മറ്റ് ഏതെങ്കിലും തൊഴിൽ ചെയ്യാൻ ഒരുക്കമായിരുന്നു. ശ്രമിക്കുകയും ചെയ്തിരുന്നു. മോഷ്ടാവ് എന്ന് മുദ്രകുത്തപ്പെട്ട ഒരാൾക്ക് മാന്യമായ ഒരു തൊഴിൽ ആര് നൽകാനാണ്.
പടിഞ്ഞാറെ ചായ്പ്പിലൂടെ അസ്തമയ സൂര്യൻ മുറിയിലേക്ക് ഒളിഞ്ഞു നോക്കാൻ തുടങ്ങിയപ്പോൾ എഴുന്നേറ്റ് ഭക്ഷണം കഴിച്ചു. തണുത്ത ഭക്ഷണം ഇപ്പോൾ ശീലമായിരിക്കുന്നു. പണ്ടൊക്കെ ആവിപാറുന്ന കഞ്ഞിയാണ് കമല കൊണ്ടു വയ്ക്കാറ്. ഇപ്പോൾ മിക്കവാറും വർഗ്ഗീസ് മാപ്പിളയുടെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി കൊണ്ടു വരികയാണ് പതിവ്. അവിടെയിരുന്ന് കഴിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, ദാമുവിന്റെയും ജോസഫിന്റെയും കുത്തുവാക്കുകൾ ഒഴിവാക്കാമല്ലോ എന്ന് കരുതിയാണ്.
ഓല കുത്തി മറച്ച കുളിമുറിയിൽ കോരി വെച്ച തണുത്തവെള്ളം തലയിൽ ഒഴിച്ചു കുളിച്ചപ്പോൾ ഉറക്കച്ചടവോക്കെ പോയി കിട്ടി. അയയിൽ ഉണക്കാനിട്ട കൈലി ഉടുത്ത് പുറത്തേക്കിറങ്ങാൻ തയ്യാറെടുപ്പുകൾ തുടങ്ങി. കൂടുതൽ സാധനങ്ങൾ ഒന്നും കരുതാറില്ല. അച്ഛൻ ഉപയോഗിച്ചിരുന്ന ചെറിയ പിച്ചാത്തി, നിറം മങ്ങിത്തുടങ്ങിയ നാലുകട്ട ടോർച്ച്, പിന്നെ അത്യാവശ്യത്തിന് ഉപയോഗിക്കാൻ കുറച്ചു മുളകുപൊടി. എല്ലാം ഭദ്രമായി പൊതിഞ്ഞ് കൈയിലെടുത്തു പുറത്തേക്കിറങ്ങിയപ്പോൾ ആദ്യം തന്നെ കണ്ടത് സന്ധ്യയ്ക്ക് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വരുന്ന കല്യാണിയെയാണ്. അവളെ കണ്ടു പോയാൽ മോശമാകാറില്ല.
"എവിടേക്കാണ് ചേട്ടായി ഇന്നത്തെപരിപാടി?"
കണ്ടാൽ പതിവുള്ള ചോദ്യം. അവൾക്കറിയാം താൻ എന്തിനാണ് പോകുന്നതെന്ന്. എങ്കിലും ഒരു ലോഗ്യം ചോദിക്കലാണ്.
"നല്ലതെന്തെങ്കിലും കെട്ടിയാൽ പട്ടണത്തിൽ പോകാതെ നേരെ എൻറെ കുടീലിക് വരണം."
ഒന്നും പറയാതെ തലകുനിച്ചു മുന്നോട്ടു നടന്നു. പ്രകാശമാനമായ പലചരക്ക് കടകളും പച്ചക്കറി കടകളും കണ്ണോടിച്ചപ്പോൾ തിരക്കിലാണ്. പകൽ മുഴുവൻ ചോരനീരാക്കി ഉണ്ടാക്കിയ പണം അത്യാവശ്യ വസ്തുക്കൾ വാങ്ങാനായി കടകളിൽ കൊണ്ട് കൊടുക്കുന്നവരുടെ തിരക്കാണ്. വീണ്ടും കമലയും മാളുവിനെയും ഓർമ്മ വന്നു. അവർ ഉള്ളപ്പോൾ അവരെ ഇതുപോലെ കടയിൽ പറഞ്ഞയച്ചു ഇരുട്ടിൽ എവിടെയെങ്കിലും മാറി നിൽക്കുമായിരുന്നു. ഈപ്പന്റെ കടയിലെ ബോണ്ടയും ഉള്ളിവടയുമൊക്കെ മാളു വിൻറെ ഇഷ്ടപ്പെട്ട പലഹാരങ്ങൾ ആയിരുന്നു.
അങ്ങാടിയിലെ തിരക്കിൽ നിന്നും കുറച്ചു മുന്നിലായി കിഴക്കേ കുന്നും ചെരിവിലേക്ക് പോകുന്ന ചരൽ പാകിയ നിരത്തിലേക്ക് കയറി. കൂരിരുട്ട് നിറഞ്ഞ കുറ്റിക്കാടുകൾക്കിടയിലൂടെയാണ് നടപ്പാതയുടെ നിർമ്മാണം. വഴി അവസാനിക്കുന്നിടത്ത് തമിഴന്മാർ കുടുംബത്തോടൊപ്പം താമസിക്കുന്ന വാടകവീടുകൾ ആണ്. വൈകുന്നേരമായാൽ അടിപിടിയും ബഹളവുമാണ് അവിടെ എന്നും. രാത്രി 12 മണി വരെ കുട്ടികളുടെ കരച്ചിലും വെപ്പും തീനും മറ്റുമാണ് പിനെയുള്ള കാഴ്ചകൾ. പിന്നെ കള്ളുകുടിച്ച് ആണുങ്ങളും പെണ്ണുങ്ങളും ഒരു മറയുമില്ലാതെ ആകാശം നോക്കി കിടന്നുറങ്ങുന്ന രംഗവും.
കഴിയുന്നതും ടോർച്ച് പ്രകാശിപ്പി ക്കാതെ അവിടം കടന്നു. പകൽ കണ്ടുവെച്ച ആ പഴയ ഓടിട്ട വീടിനെ ലക്ഷ്യം വച്ച് നടന്നു. അകലേ നിന്ന് തന്നെ വരാന്തയുടെ തെക്കേ വശത്തുള്ള ചില്ജനാലയിലൂടെ മങ്ങിയ വെളിച്ചം കണ്ണിൽപ്പെട്ടു. പകൽ ആരും ശ്രദ്ധിക്കാതെ വേഗത്തിൽ നടന്നു പോകുമ്പോൾ നോക്കിയ ഒരു പരിചയം മാത്രമായിരുന്നു ആ വീടിനോട് ഉണ്ടായിരുന്നത്. അകത്തുനിന്ന് ശബ്ദമൊന്നും കേട്ടില്ല. എല്ലാവരും ചിലപ്പോൾ ഉറങ്ങി കാണും എന്ന് കരുതി മരങ്ങളുടെ നിഴൽ പറ്റി വീടിന് അടുത്തേക്ക് നീങ്ങി. അരമണിക്കൂറിനുള്ളിൽ സാധാരണ ജോലി പൂർത്തിയാക്കി മടങ്ങാറുണ്ട്. 'ജിന്ന്' കടയിൽ നിന്നും കട്ടൻകാപ്പിയും കപ്പ പുഴുങ്ങിയതും കഴിച്ചിട്ടാണ് വീട്ടിലേക്കുള്ള മടക്കം. നാട്ടിൻപുറം ആണെങ്കിലും രാത്രി മുഴുവൻ കട തുറന്ന് കച്ചവടം നടത്തുന്നതിനാലാണ് ആണ് ജിന്നിൻറെ കട എന്ന പേര് കിട്ടിയത്.
പെട്ടെന്ന് വീട്ടിനകത്തു നിന്നും ഒരു ഞരക്കം കേട്ട പോലെ തോന്നി. ഒന്നുകൂടെ ചെവിവട്ടം പിടിച്ചപ്പോൾ വീണ്ടും അതേ ശബ്ദം. വരാന്തയിൽ കയറാൻ തീരുമാനിച്ചു. അടുത്തെവിടെയോ ഒരു നായയുടെ കുര കേട്ടു. ഇനിയും അവിടെ നിൽക്കുന്നത് അപകടം ആണെന്ന് തോന്നി. തിണ്ണയിൽ കയറി ചായ്‌പ്പിലേക്ക് കണ്ണോടിക്കാൻ പാകത്തിൽ ഒരു ഓട് പൊന്തിച്ച് അകത്തേക്ക് നോക്കി. പ്രായമായ ഒരു സ്ത്രീയാണ് അകത്ത്. ഉറങ്ങിയിട്ടില്ല. തല അങ്ങോട്ടുമിങ്ങോട്ടും ഇളക്കി ഒരു മാതിരി കിടപ്പാണ് കണ്ടത്. എന്താണ് ചെയ്യേണ്ടത് എന്ന് ഒരു രൂപവും കിട്ടിയില്ല. അകത്ത് കയറണോ അതോ അവിടെ നിന്നും പെട്ടെന്ന് പോകണോ എന്ന് തീരുമാനിക്കാനും കഴിഞ്ഞില്ല. അഞ്ച് മിനിറ്റ് ആയിക്കാണും. ഓടു പൊക്കി അകത്തുകടന്നു. ഞരങ്ങുകയും മൂളുകയും ചെയ്തിരുന്ന ആ വൃദ്ധ എന്തോ അസ്പഷ്ടമായി പറയുന്നുണ്ടായിരുന്നു. ചെവി വായോട് ചേർത്തുവെച്ചപ്പോൾ വെള്ളം ചോദിക്കുകയാണ് എന്നു മനസ്സിലായി. അടുത്തു തന്നെ ഒരു കൂജയിൽ വെള്ളം സൂക്ഷിച്ചിരുന്നതായി കണ്ടു. തൊട്ടടുത്ത് വെച്ച ഗ്ലാസ് എടുത്തു കുറച്ച് വായിൽ ഒഴിച്ചു കൊടുത്തു.
"ആരാ സേതു ആണോ?"
"അതേ അമ്മേ" എന്നാണ് അപ്പോൾ പറയാൻ തോന്നിയത്.
"നീ അവിടെ തന്നെ കിടന്നോ."
"എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല."
അപ്പോഴാണ് ആ വീട്ടിൽ മറ്റൊരാൾകൂടി ഉണ്ടെന്നുള്ളത് ബോധ്യമായത്. അവരുടെ കഴുത്തിലെ തിളക്കം ശ്രദ്ധയിൽപ്പെട്ടു. കുറച്ചുനേരം നേരം അതിൽ തന്നെ നോക്കിയിരുന്നു. പിന്നെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു വന്നവഴി പുറത്തേക്ക് ഇറങ്ങി. വീട്ടിൽ നിന്നും ഇടവഴിയിലേക്ക് ഇറങ്ങിയപ്പോൾ തന്നെ തീരുമാനിച്ചു നേരെ വീട്ടിൽ പോകാൻ. തിരിച്ചുപോക്കിന് വന്നതിന്റെ പകുതി സമയമേ എടുത്തുള്ളൂ. വാതിൽ തുറന്ന് അകത്തുകയറി കട്ടിലിൽ കിടന്നു. അന്ന് ആദ്യമായി അയാൾ സുഖമായുറങ്ങി. ഉറക്കത്തിൽ മാലാഖമാർ തനിക്കു ചുറ്റും നൃത്തം ചെയ്യുന്നത് അയാൾ സ്വപ്നം കണ്ടു. അവരോടൊപ്പം മേഘങ്ങൾക്കിടയിലൂടെ പറന്ന് ദൂരെയെവിടെയോ ലക്ഷ്യമാക്കി അയാൾ പോയ്‌ക്കൊണ്ടിരുന്നു. ആദ്യം അങ്ങാടിക്ക് മുകളിലൂടെ, പിന്നെ ജിന്നി ന്റെ കടയ്ക്ക് മുകളിൽ, അവിടെനിന്നും തമിഴന്മാരുടെ കോളനിക്കു മുകളിലൂടെ ഓടിട്ട വീടിൻറെ മുകളിൽ. അപ്പൂപ്പൻതാടി പോലെ കുറച്ചു നേരം അവിടെ തന്നെ തങ്ങി നേരെ മുകളിലേക്ക്. ആ പോക്ക് പ്രകാശത്തെക്കാൾ വേഗത്തിൽ ആയിരുന്നു.