(Usha P)
ഇരുപത്തഞ്ചു കൊല്ലം മുൻപ്, പ്രൗഢിയോടെ തലയുയർത്തി നിന്നിരുന്ന കുഞ്ഞിക്കാവമ്മയുടെ വീട്, ചില അവശിഷ്ടങ്ങൾ മാത്രമായി അവശേഷിച്ചിടത്ത് മീര അൽപ്പനേരം ഇരുന്നു.
അവളെ സംബന്ധിച്ചിടത്തോളം ആ വീട് സ്വന്തം വീടോളം തന്നെ പ്രാധാന്യം അർഹിക്കുന്നുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് അമ്മ മരിക്കുമ്പോൾ അവൾക്ക് എട്ടു വയസേ ഉണ്ടായിരുന്നുള്ളൂ. അന്നു മുതൽ അവളുടെ ജീവിതം മുന്നോട്ടു നയിച്ചത് കുഞ്ഞിക്കാവമ്മ ആയിരുന്നു.
ആ ചെറിയ പ്രായത്തിൽ തന്നെ ഉത്തരവാദിത്ത ബോധമുള്ള ഒരു കുടുംബനാഥ ആയിത്തീർന്നു അവൾ.
'ആ മീരക്കുഞ്ഞിനെ കണ്ടു പഠിക്കണ' മെന്ന് പല അമ്മമാരും അവരുടെ പെണ്മക്കളെ ഉപദേശിക്കുന്നത് അവൾ എത്രയോ തവണ കേട്ടിട്ടുള്ളതാണ്. അന്ന് അത് കേൾക്കുമ്പോൾ വലിയ അഭിമാനം തോന്നിയിരുന്നു. അത്തരം സന്തോഷങ്ങൾ അച്ഛനെ അറിയിക്കാൻ, വൈകുന്നേരം അച്ഛൻ വരുന്നതും കാത്ത് അവൾ അക്ഷമയോടെ വഴിക്കണ്ണുമായി ഇരുന്നിരുന്നു. അവളുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളിൽ ആ അച്ഛന്റെ കണ്ണുകളും മനസും നിറഞ്ഞൊഴുകി ഒരു കുഞ്ഞുമുത്തമായി അവളുടെ നെറ്റിയിൽ വീണുടഞ്ഞിരുന്നു...
ഓർമകളങ്ങനെ ഒന്നിന് പുറകെ മറ്റൊന്ന് എന്ന രീതിയിൽ വന്നു കൊണ്ടേയിരിക്കും. കഴിഞ്ഞു പോയ കാലത്തെ കുറിച്ച് ഓർത്തുകൊണ്ട് വെറുതെ ഇങ്ങനിരിക്കാൻ നല്ല രസം.
കുഞ്ഞിക്കാവമ്മയുടെ വീടിന്റെ, പച്ചപുല്ലുപിടിച്ച മുറ്റത്ത് ചമ്രം പടഞ്ഞിരുന്ന് മീര ഇരുപത്തഞ്ച് വർഷം പിന്നിലേക്കു ഒരു യാത്ര പോയി. രണ്ട് വശത്തേക്ക് മുടി പിന്നിക്കെട്ടിയ ഒരു കൊച്ചു പാവാടക്കാരി കൊലുസ് കിലുക്കിക്കൊണ്ട് തുള്ളിച്ചാടി വരുന്നത് ഓർത്ത് അവൾ ചിരിച്ചു. 'ശ്ശേ.... അതു ഞാൻ തന്നെയല്ലേ!' എന്ന് സ്വയം പിറുപിറുത്തു.
"ആടയാരാന്ന്?"
പരുക്കൻ ചോദ്യം കേട്ട് മീര എഴുന്നേറ്റു. സ്പ്രിങ് പോലുള്ള തലമുടി ഒരു തുണിക്കീറു കൊണ്ട് ഉച്ചിയിൽ കെട്ടിവെച്ച്, ഒരു കയ്യിൽ ഒരു തുണിക്കെട്ടും മറ്റേ കയ്യിൽ ഒരു ഊന്നുവടിയുമായി നിൽക്കുന്ന ചോദ്യകർത്താവിനെ നോക്കി മീര പരിചിത ഭാവത്തിൽ പുഞ്ചിരിച്ചു. പ്രായാധിക്യത്താൽ അവർ കുനിഞ്ഞു പോയിരുന്നു. അവരുടെ കയ്യിലെ ഊന്നുവടി കയ്യുമായുള്ള നിരന്തര സമ്പർക്കം മൂലം മിനുങ്ങി തിളങ്ങുന്നുണ്ടായിരുന്നു.
"ജാനമ്മാ; ന്നെ മനസിലായീലേ?"
അവൾ ചോദിച്ചു.
അപ്പോഴും നെറ്റി ചുളിച്ച്, അവളെത്തന്നെ നോക്കി, എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് അവർ അനങ്ങാതെ നിന്നു.
"ജാനമ്മാ; ഞാൻ മീരയാണ്."
അവർ തലയാട്ടി.
"എന്താ ഈട, ങേ?"
"വെറുതെ. ഓരോന്നോർത്ത് ഇവിടിരുന്നുപോയി."
മീരയുടെ ശബ്ദം നേർത്തുപോയി. എന്തോ ഒരു നഷ്ടബോധം അവളെ ഉന്മേഷരഹിതയാക്കി.
ജാനമ്മ കയ്യിലെ കെട്ട് താഴെവച്ച്, വടിയൂന്നി തറയിൽ കുത്തിയിരിക്കുന്നതിനിടെ അന്വേഷിച്ചു;
"നിനിക്ക് ആട സുഖം അല്ലെ...."
"ഉം."
"തന്നേന്യാ വന്നത്?"
"ഉം."
"പുരുവനോ? ഓനയെന്തേ കൂട്ടാഞ്ഞിന്? നമ്മയൊന്നും ഓന ശരിക്കൊന്ന് കണ്ടിറ്റ്ല്ല."
മീര ചിരിച്ചു.
"കാവിൽ വിളക്ക് വയ്ക്കാം എന്നൊരു നേർച്ചയുണ്ടായിരുന്നു. അതിന് വേണ്ടി വന്നതാ ജാനമ്മേ."
"ആടയിപ്പം ആരും പോലില്ല മോളെ. നീയും പോണ്ട."
ആ ശബ്ദത്തിൽ ഭയവും നിരാശയും നിഴലിച്ചു നിൽക്കുന്നുണ്ടായിരുന്നു.
"കുഞ്ഞൂട്ടൻ പോയേപ്പിന്ന ആരും കാവില് പോക്കില്ല; മോളേ."
ചുക്കിച്ചുളിഞ്ഞ് തൂങ്ങിയ തൊലിക്കിടയിൽ നിന്നും പ്രകാശം മങ്ങിയ കുഞ്ഞു കണ്ണുകൾ പുറത്തേക്ക് എത്തിനോക്കി.
"കുഞ്ഞൂട്ടേട്ടന് എന്താ പറ്റിയേ?"
അവൾ പെട്ടെന്ന് ചോദിച്ചു.
നല്ല ഉയരവും തടിച്ച ശരീരവുമുള്ള ഒത്തൊരു മനുഷ്യനെങ്കിലും കുട്ടികളുടെ മനസ്സായിരുന്നു കുഞ്ഞൂട്ടേട്ടന്.
നാട്ടിലെ കുട്ടിക്കൂട്ടങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപെടാനായി പലപ്പോഴും ഓടിയെത്തിയിരുന്നത് അച്ഛന്റെ മുൻപിൽ ആയിരുന്നു. അപ്പോഴെല്ലാം അച്ഛൻ അവളോടു പറഞ്ഞിരുന്നു; 'മോളെ, ഇവൻ ദൈവത്തിന്റെ മകനാണ്. ഇവനെ ഒരിക്കലും കളിയാക്കരുത്. കളിപ്പിക്കരുത്. കൂട്ടുകാർക്കും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. കേട്ടോ.പിന്നെ, ഭക്ഷണമോ വെള്ളമോ എന്താ വേണ്ടതെന്നുവച്ചാൽ കൊടുക്കണം; കേട്ടോ.'
അച്ഛന്റെ ശബ്ദം ഇപ്പോഴും കാതിലുണ്ട്. നാട്ടുകാരിൽ ചിലരെങ്കിലും അത് അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽപോലും കുഞ്ഞൂട്ടേട്ടനെ പഴയതുപോലെ "പൊട്ടാ...." എന്ന് വിളിക്കാൻ ഉളള ധൈര്യം അവർക്ക് നഷ്ടപ്പെട്ടിരുന്നു. ഭൂരിഭാഗം ആൾക്കാരും കുഞ്ഞൂട്ടേട്ടൻ ദൈവത്തിന്റെ മകൻ തന്നെ എന്നു കരുതാൻ ഇഷ്ടപ്പെട്ടു. അതിനവർ സ്വയം ഉദാഹരണങ്ങൾ കണ്ടെത്തി ന്യായീകരിച്ചു.
"അക്കേട്ടത് നേരെന്ന്യാവും. അഞ്ചോ ആറോ വയസ്സില്ലേരം മൊതല്, രാവിലീം വൈന്നേരൂം മൊടങ്ങാണ്ടേ കാവില് വെളക്ക് വെക്ക്ന്നില്ലേ ഓൻ. ആരും പറഞ്ഞ് കൊട്ത്തിറ്റല്ലല്ലാ."
പരീക്ഷാ കാലത്ത് രാജലക്ഷ്മി എന്ന കൂട്ടുകാരിയും താനും കുഞ്ഞൂട്ടന്റെ മുൻപിൽ വന്നു നിന്ന് തൊഴുതു പ്രാർത്ഥിക്കാറുള്ളതോർത്തപ്പോൾ അവൾക്ക് ഉള്ളാലെ ചിരിവന്നു.
ജാനമ്മ ഒരു കല്ലെടുത്തുവച്ച് മുറുക്കാൻ ഇടിക്കാൻ തുടങ്ങി. പണ്ടും അവരങ്ങനെയാണ്. എന്തെങ്കിലും ഗൗരവമുള്ള കാര്യം പറയുന്നതിനു മുന്നോടിയായി മുറുക്കാൻ ഇടിക്കും.
"അപ്പോ നീ ഒന്നും അറഞ്ഞിറ്റില്ല, അല്ലേ?"
"ഇല്ല. "
"കറക്കിടം, ചിങ്ങം, കന്നി, തിലാവം..."
മുറുക്കാൻ ഇടിക്കുന്നതു നിർത്തി വിരലുകൾ മടക്കി ജാനമ്മ കണക്ക് കൂട്ടുകയാണ്. മീര അവരെ ശ്രദ്ധിച്ചുകൊണ്ട് അനങ്ങാതിരുന്നു.
"അ. തിലാവത്തിലെ കറത്ത വാവ്. അയിന് നാല് ദെവസം മുന്നേ, വെളക്ക് കത്തിക്കാൻ കേറ്യതാന്ന് കാവിലേക്ക്.പയങ്കര മയീം ഇടീം. ഇവനി കാവ്ന്ന് പൊറത്തേക്ക് വെരാമ്പറ്റണ്ടേ. ഭഗോതി വിട്ടിറ്റ് വേണ്ടേ ഓനി വെരാൻ...."
മുറുക്കാൻ ഇടിക്കുന്നത് നിർത്തി, അടുത്തു വച്ചിരിക്കുന്ന തുണിക്കെട്ടിൽ വെറുതെ എന്തോതിരഞ്ഞുകൊണ്ടിരിക്കുന്ന ജാനമ്മയുടെ മനസ് പ്രക്ഷുബ്ധമായ ഒരു കടലു പോലെ ഇളകിമറിയുന്നുണ്ടാവാം. അതിനെ അല്പമൊന്നു ശാന്തമാക്കാൻ വേണ്ടിയാവാം അവർ ആ ഭാണ്ഡക്കെട്ടിൽ അർത്ഥശൂന്യമായ തിരച്ചിൽ നടത്തുന്നത്.
"എന്നിട്ട്...?"
മീരയുടെ ചോദ്യം കേട്ടപ്പോൾ അവരൊന്ന് ഞെട്ടി. ഏതാനും നിമിഷങ്ങൾ ഒരു പ്രതിമപോലെ ഇരുന്നു. പിന്നെ യാന്ത്രികമായി പറഞ്ഞു;
"എന്നിറ്റെന്നില്ലത്; കറത്ത വാവിന്റെ പിറ്റേന്ന് നമ്മ എല്ലാരും കൂടി കാവിന്റുള്ളിലേക്ക് കേറി. കേറുമ്പളക്കല്ലേ വിശ്യം. പറഞ്ഞാ പോതിക്കൂലാ. സർപ്പത്തിന്റെ തറയില്ലേ? അയിന്റെ തായ ഓൻ കെടക്ക്ന്ന്; ന്റെ മോൻ...."
അവർ ചിരിച്ചു. ചിരി വളർന്നു വളർന്ന് ചിരിയോ കരച്ചിലോ എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ആയിത്തീർന്നു. ആ ചിരിക്കിടയിലൂടെ അവർ പറഞ്ഞു:
"നാറീറ്റ് അങ്ങോട്ട് അടുത്തൂടെന്റമോളെ. ചത്തിറ്റ് അഞ്ച് ദെവസൂം കയിഞ്ഞില്ലേ...."
ജാനമ്മ പന്നെയും ചിരിക്കുകയാണ്. ചിരി നിർത്താൻ കഴിയാതെ അവർ സ്വയം തലയ്ക്കടിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. മൂക്കിൽ നിന്നും വായിൽനിന്നും വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടിയപ്പോൾ അതൊരു കിതപ്പായി, മൂളലായി, തിടുക്കം കൂടിയ ദൈർഘ്യം കുറഞ്ഞ ശ്വാസോച്ഛ്വാസമായി അതു പരിണമിച്ചപ്പോൾ പുറംകൈകൊണ്ടു മൂക്കു തുടച്ചു. മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണും മുഖവുംതുടച്ചു..
"ദൈവം തന്നു; ദൈവം തന്നെ തിരിച്ചെട്ത്തു...."
ആയാസപ്പെട്ട്, വടിയിലൂന്നി എഴുന്നേൽക്കുമ്പോൾ ആരോടെന്നില്ലാതെ ജാനമ്മ പിറുപിറുത്തു.
കുഞ്ഞൂട്ടനെപ്പറ്റി ഓർത്തുകൊണ്ട് മീര അവിടെത്തന്നെ ഇരുന്നു. കുഞ്ഞൂട്ടേട്ടൻ മരിച്ചിട്ട് എത്ര കൊല്ലമായിട്ടുണ്ടാവും? എന്തായാലും അച്ഛൻ മരിച്ചതില്പിന്നെ ആകും. ഇല്ലെങ്കിൽ അച്ഛൻ തന്നോട് പറയുമായിരുന്നല്ലോ. പക്ഷെ, തനിക്കെന്താ ഒട്ടും ദുഃഖം തോന്നാത്തതെന്ന് അവൾ അത്ഭുതപ്പെട്ടു. പണ്ട്, കുഞ്ഞിക്കാവമ്മ പറയുന്ന കഥകളിലെ കഥാപാത്രങ്ങൾ മരിക്കുമ്പോൾ പോലും ഇതിനേക്കാൾ സങ്കടം തോന്നിയിരുന്നു! ഇപ്പോൾ തനിക്ക് എന്താണിങ്ങനെ...
കുഞ്ഞൂട്ടേട്ടന്റെ മുഖം പോലും മനസിൽ തെളിയുന്നതേയില്ല. അവ്യക്തമായ ഒരു രൂപം മനസിലെവിടെയോ അലയുന്ന പോലെ...
മീര പതുക്കെ എഴുന്നേറ്റു.
"മോളേ; അവിടെ നിൽക്ക്."
കിതപ്പിൽ മുങ്ങിയ ആ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.
"ചെറിയമ്മ!"
അവൾ പെട്ടെന്നു പറഞ്ഞു. അവർ ചിരിച്ചു. അവളെ കണ്ടതിലും അവൾ തിരിച്ചറിഞ്ഞതിലുമുളള സന്തോഷം ആ ചിരിയിൽ നിറഞ്ഞു നിന്നിരുന്നു.
ആരുടെ ചെറിയമ്മയാണവരെന്ന് മീരയ്ക്ക് ഇപ്പോഴും അറിയില്ല. അവളുടെ കൂടെ കളിച്ചു നടന്നിരുന്ന എല്ലാ കുട്ടികളും അവരെ 'ചെറിയമ്മ' എന്നു വിളിച്ചു. കുട്ടികൾ വിളിക്കുന്നതു കേട്ട് മുതിർന്നവരും അവരെ ചെറിയമ്മ എന്നോ അമ്മിണി ചെറിയമ്മ എന്നോ വിളിച്ചു. ഒന്നിലും ഒരു പരാതിയുമില്ലാത്ത അവർ എല്ലാ വിളികൾക്കും കാതുകൊടുത്തു. ചെറിയമ്മയുടെ മുഖത്തെ നിഷ്കളങ്ക ഭാവം പണ്ടേ മീരയ്ക്ക് ഇഷ്ടമായിരുന്നു. ആ ചുണ്ടുകളിലെ ചിരി കവിളിലേക്കും കണ്ണുകളിലേക്കും പകർന്ന് ആ മുഖമാകെ പ്രകാശമാനമാകുന്നത് കാണാൻ എന്തൊരു ചന്തമാണെന്ന് അവൾ എപ്പോഴും ഓർക്കുന്നു.
"ജാനമ്മ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. മോൾക്ക് നേരെ വീട്ടിലേക്ക് വന്നൂടായിരുന്നോ? എന്തിനാ ഇവിടേയ്ക്കു വന്നത്? വാ, കുറച്ചു ദിവസം എന്റെ കൂടെ നിന്നിട്ട് തിരിച്ച് പോയാൽ മതി; കേട്ടോ."
അവൾ ഒന്നും പറയാതെ അവരെ പിൻതുടർന്നു. പണ്ട് ഉണ്ടായിടത്തു നിന്നും അല്പം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടുണ്ട് എന്നല്ലാതെ പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലാത്ത ഊടുവഴികൾ. ഒരാൾക്ക് പിന്നാലെ മറ്റൊരാൾ എന്നരീതിയിൽ നടക്കാൻ മാത്രം വീതിയുള്ള ഈ വഴികളിലൂടെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങൾ കടന്ന് പോയതെന്ന് മീര സ്വയം ഓർത്തെടുക്കുകയായിരുന്നു...
ആളുകൾ ഉപേക്ഷിച്ചു പോയ വീടുകൾ... നിലംപൊത്തിയെങ്കിലും, ഉപേക്ഷിക്കപ്പെട്ടവരുടെ മനസിലെ ഉണങ്ങാത്ത മുറിവുകൾ പോലെ, ചുവന്ന മൺചുവരുകൾ, അത് മഴയിൽ അലിഞ്ഞ് ഒലിച്ചിറങ്ങി ഉണങ്ങിപ്പിടിച്ചു നിൽക്കുന്നതു നോക്കി അവൾ നെടുവീർപ്പിട്ടു.
"അപ്പോ, ഞാൻ പറയുന്നതൊന്നും നീ കേൾക്കുന്നുണ്ടായിരുന്നില്ല, അല്ലേ?"
ഒട്ടും പരിഭവമില്ലാതെ ഇങ്ങനെ സംസാരിക്കാൻ ചെറിയമ്മയ്ക്കേ പറ്റൂ.
"എത്ര ആളുകൾ ഉണ്ടായിരുന്നതാ ഇവിടെ. നിറയെ വീടുകളായിരുന്നു .ഇപ്പോൾ....."
"ശരിയാ. കൂടുതൽ സൗകര്യങ്ങൾ ഉള്ള ഇടം നോക്കി എല്ലാരും പോയി. പക്ഷെ...." ചെറിയമ്മ നെടുവീർപ്പിട്ടു.
ശരിയാണ്; എത്ര അസൗകര്യമായാലും ചെറിയമ്മയ്ക്ക് ഈ മണ്ണുവിട്ട് പോകാനാവില്ല. ആ സ്വപ്നങ്ങൾ പൊലിഞ്ഞു വീണത് ഈ മണ്ണിലാണല്ലോ. ചെറിയമ്മയെ ഇന്നാട്ടിലേക്ക് വിവാഹം ചെയ്തു കൊണ്ടു വന്നതാണെന്നും അദ്ദേഹം ഒരു പട്ടാളക്കാരനായിരുന്നെന്നും അച്ഛൻ പറഞ്ഞ് മീരയ്ക്ക് അറിയാമായിരുന്നു. ലീവിനു വന്നിട്ടുപോയ അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരമായിരുന്നുവത്രേ പിന്നീട് വന്നത്. നാടിനു വേണ്ടി വീരമൃത്യു വരിച്ച ആ ധീരജവാന്റെ പേരിൽ എല്ലാവരും അഭിമാനിച്ചിട്ടുണ്ടാവാം; നാടും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും.
"ആദ്യം ഒരു കാപ്പി ഉണ്ടാക്കി കുടിക്കാം നമ്മൾക്ക്. "
ചെറിയമ്മയുടെ കാപ്പിക്ക് പഴയ അതേ രുചി തന്നെയെന്ന് മീര പറഞ്ഞപ്പോൾ അവർ ചെറുതായി ഒന്നു ചിരിച്ചു. എന്നിട്ട് എന്തോ ഓർത്തുകൊണ്ട് നിശ്ശബ്ദയായി നിന്നു.
"ചെറ്യമ്മേ...."
മീരയുടെ പെട്ടെന്നുള്ള വിളിയിൽ ഒന്നു ഞെട്ടിയെങ്കിലും ചെറിയമ്മ പറഞ്ഞു;
" നീ ഇപ്പോഴാ പഴയ മീരയായത്."
'എനിക്കും സന്തോഷം തോന്നുന്നു ചെറിയമ്മേ.' അവൾ മനസിൽ പറഞ്ഞു.
"ഇനി പറ; അവിടെ എന്തൊക്കെയാ വിശേഷം?"
'അവിടെന്താ വിശേഷം? താനവിടെ ഇല്ലെന്ന് കണ്ണേട്ടൻ അറിഞ്ഞിട്ടുണ്ടാവുമോ? ഉണ്ടാവും. എവിടെ പോയെന്ന് തിരക്കിയിട്ടുണ്ടാവുമോ....
ബ്രേക്ഫാസ്റ്റും ഉച്ചഭക്ഷണവും ഒരുക്കിവച്ചതുകൊണ്ട് വൈകുന്നേരത്തെ ചായയുടെ സമയത്തേ അന്വേഷിക്കാൻ സാധ്യതയുള്ളൂ.'
"നിന്റെ കണ്ണേട്ടനും അമ്മയ്ക്കും സുഖമല്ലേ?"
"ഉം...."
അവൾ മൂളി.
"ഒരാഴ്ച എങ്കിലും എന്റെകൂടെ നിന്നിട്ട് പോയാൽ മതി, കേട്ടോ."
ചെറിയമ്മ ഉള്ളി അരിയുന്നതിന്റെ വേഗത നോക്കി അവൾ അനങ്ങാതിരുന്നു.
"നീ വന്നത് കാവിൽ വിളക്ക് വയ്ക്കാനാണെന്ന് ജാനമ്മ പറഞ്ഞു; നേരാണോ?"
"അതെ, ചെറ്യമ്മേ."
"അവിടിപ്പോ ആരും പോകാറില്ല. വിളക്ക് വയ്ക്കാറും ഇല്ല. നീയും അങ്ങോട്ടു പോകണ്ട."
"അതെന്താ ചെറ്യമ്മേ...."
"വേറൊന്നുമല്ല; കുഞ്ഞൂട്ടൻ പോയേപ്പിന്നെ കാവിൽ ആരും വിളക്ക് വച്ചിട്ടില്ല. അതിനുള്ളിലേക്ക് പോയവരാരും ജീവനോടെ തിരിച്ചു വരില്ലെന്നാ പണിക്കര് രാശിവച്ചുനോക്കി പറഞ്ഞത്."
മീരയ്ക്ക്, താൻ പണ്ടത്തെപ്പോലെ ഒരു കുട്ടി ആയിതീർന്നപോലെ തോന്നി. കഥ കേൾക്കാൻ കാതു കൂർപ്പിച്ച് കുഞ്ഞിക്കാവമ്മയുടെ മുന്നിൽ ഇരിക്കുന്ന അതേ കുട്ടി! നാട്ടിൽ ഉണ്ടായ അനർത്ഥങ്ങളുടെ കെട്ടഴിച്ചു നിരത്തുന്ന ചെറിയമ്മയെ കേട്ടുകൊണ്ട് അവൾ ഇരുന്നു.
" അങ്ങനെ ഭൂരിഭാഗം ജനങ്ങളും ഈ പ്രദേശം വിട്ടുപോയി. എന്നെപ്പോലെ ചുരുക്കം ചിലരെ ഇനി ബാക്കിയുള്ളു. കാവിന്റെ ചുറ്റുവട്ടം ജാനമ്മയുടെ കുടുംബക്കാർ ബാക്കിയുണ്ട്. അവർക്ക് മാത്രം കുഴപ്പമില്ലത്രേ
ചെറിയമ്മ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു. ഏറെ നാളുകളായി ആരോടും സംസാരിക്കാൻ കഴിയാതെ വന്ന ഒരാൾക്ക് പെട്ടെന്ന് സംസാര ശേഷി കിട്ടിയ പോലെ....
എല്ലാ കഥകളും ചെന്നു നിന്നത് കുഞ്ഞൂട്ടേട്ടനിലായിരുന്നു. എന്തായാലും കാവിൽ വിളക്ക് വയ്ക്കുക എന്നത് അപ്രാപ്യമായൊരു കാര്യമായി തീർന്നിരിക്കുന്നു എന്ന് മാത്രം മനസിലുറപ്പിച്ച് അവൾ കിടന്നു.
നാളെ തന്നെ തിരിച്ചു ചെല്ലണമോ; അതോ...
ഒന്നും പറയാതെ ഇറങ്ങി പോന്നതാണ്. കണ്ണേട്ടനും അമ്മയും എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ ആകില്ല. ചെറിയമ്മയുടെ കൂടെ ഇവിടെ തന്നെ കൂടുന്നതാണ് കുറച്ചു കൂടി നല്ലത്.
അല്ലെങ്കിലും തനിക്കവിടെ വല്ലാതെ മടുത്തു കഴിഞ്ഞു. ആ തടവറയിലേക്ക് വീണ്ടും ഒരു തിരിച്ചു പോക്ക്... ഓർത്തപ്പോൾ തന്നെ തലകറങ്ങുന്ന പോലെ. പക്ഷെ, മറ്റെന്തു ചെയ്യാനാണ്? മീര കണ്ണുകൾ അടച്ച് കിടന്നു.
"നീ വീട്ടിൽ പറയാതെയാണ് വന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ ഞാൻ നിന്നെയും കൂട്ടി തിരിച്ചു പോകുമായിരുന്നു. സാരമില്ല; നാളെ രാവിലെ നമുക്ക് പോകാം. ഏതായാലും നീ തനിച്ചു പോകണ്ട. ഞാനും കൂടി വരാം. ഉറങ്ങിക്കോ."
ഉറങ്ങാൻ തന്നോട് പറഞ്ഞെങ്കിലും അവർ ഉറക്കമില്ലാതെ കിടക്കുകയായിരുന്നു ഇത്രയും നേരം എന്ന് മീരയ്ക്കറിയാമായിരുന്നു.
ചെറിയമ്മ തന്നെപ്രതി ഇത്രയധികം ആധിപ്പെടുന്നത് എന്തിനാണ്? കണ്ണേട്ടനോടും അമ്മയോടും പറയാതെയാണ് വന്നതെന്ന് ചെറിയമ്മയോട് പറയേണ്ടിയിരുന്നില്ല. അതു കൊണ്ടാണല്ലോ ചെറിയമ്മയ്ക്ക് വിഷമമായത്.
ഇവിടെത്തിയപ്പോൾ താനനുഭവിച്ച ശാന്തത എത്ര എന്ന് ചെറിയമ്മയ്ക്ക് എങ്ങനെ മനസിലാകാനാണ്...
അടഞ്ഞ കണ്ണിലെ ഇരുട്ടിൽ മിന്നാമിന്നികൾ പറക്കുന്നത് ശ്രദ്ധിച്ചു കൊണ്ട് അവളങ്ങനെ കിടന്നു. വയറിനു മീതെ ചുറ്റിക്കിടന്നിരുന്ന ചെറിയമ്മയുടെ കൈയുടെ ഭാരം വർദ്ധിക്കുന്നത് അവളറിഞ്ഞു. എല്ലാ ശബ്ദങ്ങളും നിലച്ചു. എങ്ങും നിശ്ശബ്ദത മാത്രം. പെട്ടെന്ന് ചിലമ്പിന്റെ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി. എങ്ങും മഞ്ഞൾക്കുറിയുടെ മണം പരന്നു. ഝിലും...ഝിലും... ഝിലാം...
ഒരേ താളത്തിൽ ശബ്ദിച്ചുകൊണ്ടിരുന്ന ചിലങ്കകൾ അടുത്തടുത്ത് വരികയാണ്. ചുവന്ന പട്ടും കുരുത്തോലയും ചാർത്തിയ ദൈവങ്ങൾ! പൊട്ടനും ഗുളികനും ഭഗവതിയും മൂർത്തികളും; ഏറ്റവും പിന്നിലായി കുഞ്ഞൂട്ടേട്ടനും!
പട്ടുടുത്ത്, തലയിൽ തിളങ്ങുന്ന കിരീടവും വച്ച് കൈകൾ ആയത്തിൽ വീശിക്കൊണ്ട് അതിഗംഭീരനായി നടന്നു വരുന്ന കുഞ്ഞൂട്ടേട്ടന് വഴികാട്ടികളായി നടക്കുന്ന ദൈവങ്ങൾ! അവരെല്ലാവരും ഒരു തിണ്ടിന്മേൽ നിരന്നിരുന്നു. അൽപ്പം ഉയർന്ന ഒരു പാറക്കല്ലിൻമേൽ കാലിൻമേൽ കാലും കയറ്റി വച്ച് കുഞ്ഞൂട്ടേട്ടനും ഇരുന്നു.
താഴെ പച്ചപ്പുല്ലിൽ മുട്ടുകുത്തിയിരിക്കുന്ന ഒരു സ്ത്രീയും ഒരു പുരുഷനും! അവരുടെ മുഖം അവ്യക്തമാണ്. അല്ല; അവർക്ക് മുഖമേ ഇല്ലാത്ത പോലെ....
പക്ഷെ, തനിക്കവരെ അറിയാം. കണ്ണേട്ടനും അമ്മയും അല്ലേ അത്? അതെ; അമ്മ കരഞ്ഞു പറയുകയാണ്;
"ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാ വീടുകളിലും സാധാരണയായി ഉണ്ടാകാവുന്ന കാര്യങ്ങൾ മാത്രമേ ആ വീട്ടിലും സംഭവിച്ചിട്ടുളളൂ."
കുഞ്ഞൂട്ടേട്ടൻ കയ്യുയർത്തി. അമ്മ നിശ്ശബ്ദയായി.
ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം മകൻ സംസാരിച്ചു തുടങ്ങി.
മീര ചെവിപൊത്തി....
നേരം വെളുക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. ഭൂമിയെ വിട്ടുപോകാൻ മടിച്ച് അവിടവിടെ പതുങ്ങി നിൽക്കുന്ന ഇരുട്ടിൻ ശകലങ്ങളെ നോക്കിക്കൊണ്ട് മീര നിന്നു. കാവിലേക്കുള്ള വഴി പൂർണമായും മാഞ്ഞുപോയിരിക്കുന്നു! ഗ്രാമവാസികൾ ആരും തന്നെ അതിനുള്ളിലേക്ക് കയറിയിട്ട് ഒരുപാട് കാലമായിരിക്കുന്നു. ഒരുകാലത്ത് ഇവിടുത്തെ മനുഷ്യരുടെ ജീവസ്‌പന്ദനമായിരുന്ന ഈ കാവ് ഇപ്പോൾ അവരുടെ ഉറക്കങ്ങളെ അലോസരപ്പെടുത്തുന്ന ഒരു ഭീകരസ്വപ്നമായി മാറിയിരിക്കുന്നു...
ഇനി, തന്നെ ഇവിടെ ആരും കാണാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഇവിടെ വന്നതിനു വഴക്കു കേൾക്കേണ്ടി വരും. മീര വേഗം വേഗം നടന്നു. ചെറിയമ്മ ഉണർന്നിട്ടുണ്ടാകുമോ? ചിലപ്പോൾ തന്നെ അന്വേഷിക്കുന്നുണ്ടാവും. സാരി ഒതുക്കി പിടിച്ചു കൊണ്ട് ഇടുങ്ങിയ വഴിയിലൂടെ നടക്കുമ്പോൾ , താനൊരു നൂൽപ്പാലത്തിലൂടെയാണ് നടക്കുന്നതെന്ന് അവൾക്ക് തോന്നി. ഇനി ഒരിക്കൽ കൂടി താൻ ഇവിടെ വരില്ലായിരിക്കും. പക്ഷേ, ഓർമകളിൽ എന്നും ഈ നാടും നാട്ടുകാരും ഉണ്ടാകും. അവളുടെ മുന്നിലൂടെ പറന്ന് പോയ ഒരു ചെമ്പോത്ത്, ഒരു തൈതെങ്ങിന്റെ ഓലയിൽ ഇരുന്ന് വൂ വൂ എന്ന് ശബ്ദം ഉണ്ടാക്കി. അവൾ അതിനെ നോക്കി സ്നേഹത്തോടെ പറഞ്ഞു "നിന്നെയും മറക്കില്ല; കേട്ടോ."
പാഞ്ഞു വന്ന ഒരു ബസ് അവളെ കണ്ട് നിർത്തിയപ്പോൾ അവളും ഓടി വന്നു കയറി. അക്ഷമനായ കണ്ടക്ടർ ഒരു വായ്ത്താരി പോലെ 'വേഗം വേഗം വേഗം...' എന്ന് പറഞ്ഞു കൊണ്ടേയിരുന്നു.
ബസിൽ ആളുകൾ നന്നേ കുറവായിരുന്നു. ഒരു സൈഡ് സീറ്റിൽ ഇരുന്നുകൊണ്ട് അവൾ, താൻ നടന്നു വന്ന വഴിയിലേക്ക് വെറുതെ ഒന്നുകൂടി നോക്കി.
ആ വഴികൾ കാഴ്ചയിൽ നിന്നു മറഞ്ഞാലും തന്നിൽ നിന്ന് ഒരിക്കലും അതു മായുകയില്ലെന്ന് അകന്നു പോകുന്ന വഴികളെ നോക്കി അവൾ വിശ്വസിച്ചു.
ഈ യാത്രയിൽ ഈ ബസിനു എന്തെങ്കിലും സംഭവിച്ചാൽ.... അതു നന്നായേനെ. തിരികെ കണ്ണേട്ടന്റെ മുൻപിൽ ചെന്ന് കുറ്റവാളിയെ പോലെ നിൽക്കേണ്ടല്ലോ. തന്നെപ്പോലെ ചിന്തിക്കുന്ന ആരെങ്കിലുമൊക്കെ ഈ ബസിൽ ഉണ്ടാകുമോ?
അവൾ വെറുതെ ബസിൽ പരതി. താനെന്തൊരു പൊട്ടത്തരമാണ് ചിന്തിച്ചതെന്ന് അടുത്ത നിമിഷം തന്നെ അവൾ ഓർത്തു.
കാറ്റിനെ കീറിമുറിച്ചുകൊണ്ടുള്ള ബസ്സിന്റെ ചീറിപ്പായലിനെതിരെയുള്ള പ്രതിഷേധമെന്നോണം ബസ്സിനുള്ളിലേക്ക് അടിച്ചു കയറിയ കാറ്റ്, അവളെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു.
വെറുതെ ഓരോന്നു ചിന്തിച്ചിരിക്കുമ്പോൾ മനസ് ശാന്തമായൊരു കടൽ പോലെ ആയിത്തീരും. ആഴങ്ങളിൽ മുത്തും പവിഴവും പിന്നെ, നമുക്കറിയാത്ത പലതും ഒളിച്ചുവച്ച്, ശാന്തമായി കിടക്കുന്ന കടൽ.... ഓർമകളും സങ്കല്പങ്ങളും ഒരു താളബോധവും ഇല്ലാതെ നിറഞ്ഞാടും. ആ താളബോധമില്ലായ്മയിലെ താളത്തിനാണ് ഭംഗി.
'സ്വതന്ത്രമായൊരു ജീവിതം മീരയും ആഗ്രഹിക്കുന്നുണ്ട്.' അവൾ പിറുപിറുത്തു. പിന്നെ പതുക്കെ പേഴ്സ് തുറന്നുനോക്കി. പൂപ്പൽ മണമുള്ള കുറച്ചു നോട്ടുകൾ....
ഇതുപോരാ. കുറച്ചു കാശ് കയ്യിൽ വേണം.അതിന് എന്തെങ്കിലും വിൽക്കാം. അവളുടെ വിരലുകൾ, കഴുത്തിലെ താലി മാലയിൽ അലക്ഷ്യമായി തെരുപ്പിടിച്ചുകൊണ്ടിരുന്നു.... പിന്നെ, കുറഞ്ഞ ചിലവിൽ താമസിക്കാൻ ഒരിടം കണ്ടെത്തണം. അതിനു ശേഷം ഒരു ജോലി കണ്ടെത്തുക. ഈ പ്രായത്തിൽ എത്തിയ ഒരു സ്ത്രീക്ക് പുതിയതായി ഒരു ജോലി കണ്ടെത്തുക എന്നത് വളരെ ദുഷ്കരമായിരിക്കും. പക്ഷെ കണ്ടുപിടിച്ചേ പറ്റൂ. ഇനി കണ്ണേട്ടന്റെ മുൻപിൽ ചെന്ന് തല കുനിച്ചു നിൽക്കാൻ വയ്യ.
ബസ് അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തി നിന്നപ്പോൾ അവൾ സാവധാനം ഇറങ്ങി. ചുറ്റും തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾക്കിടയിൽ ഒരു ജുവലറി തിരഞ്ഞു കൊണ്ട് തണുത്ത മനസ്സോടെ അവൾ പതുക്കെ നടന്നു...