(Balakrishnan Eruvessi)
ഒന്നും രണ്ടുമല്ല, ഇന്നത്തേതുൾപ്പെടെ കുറഞ്ഞത് നാലഞ്ചുതവണയെങ്കിലും അവൾ അയാളെത്തേടിവന്നിട്ടുണ്ടാവും. യാദൃശ്ചികമോ അതോ ബോധപൂർവ്വമോ എന്നറിയില്ല അടഞ്ഞവാതിലുകളാണ് എന്നും
അവളെ സ്വീകരിക്കാൻ നിയോഗിക്കപ്പെട്ടത്. ഒരുഒളിഞ്ഞുനോട്ടക്കാരൻ്റെ കൗശലത്തോടെ കണ്ണും കാതും ഞാൻ ജനൽപ്പാളിയിലെ ഗ്രില്ലിൻ്റെ വിടവിൽ കൊളുത്തിയിട്ടു.
ഏകദേശം ഇരുപത്തിയഞ്ചുവയസ്സിനടുത്ത് പ്രായം കാണും. തോളിൽ തൂക്കിയിട്ട ബാഗ്. ആകാശനീലിമയുടെ അഴകാർന്ന സാരിയും ബ്ലൗസും. തുമ്പുകെട്ടി, വിടർത്തിയിട്ട കാറ്റിൽ ഇളകിയാടുന്ന നീണ്ടമുടി. വേണ്ടതിലേറെ സമയമെടുത്ത് അണിഞ്ഞൊരുങ്ങിയതെന്ന് തോന്നുംവിധം, മുഖം ചന്ദ്രോദയംപോലെ തിളങ്ങുന്നുണ്ടായിരുന്നു.
എന്നത്തേയുംപോലെ കോളിംഗ്ബെല്ലടിച്ചും വാതിലിൽതട്ടിയും താമസക്കാരനെ ആകർഷിക്കാൻ എറെശ്രമിച്ച് ഒടുവിൽ കാക്കയെപ്പോലെ നാലുപാടും ചെരിഞ്ഞും മറഞ്ഞും നോക്കി ആളനക്കമില്ലെന്നുകണ്ട് വൈമനസ്യത്തോടെ അവൾ പിന്തിരിഞ്ഞു. ഇനി ഇങ്ങോട്ടുതന്നെയാവും, ഞാൻ കരുതി. അതായിരുന്നു പതിവ്. പക്ഷേ ഇത്തവണ കണക്കുട്ടലുകൾ പാടേതെറ്റിച്ച് അതിവേഗം വന്നവഴിയേ തിരിച്ചുപോവുകയായിരുന്നു.
മറ്റുക്വാർട്ടേഴ്സുകളിൽ ആൾപ്പെരുമാറ്റം കാണാത്തതും വന്നപ്പോഴെല്ലാം ചുരുക്കം വാക്കുകളിൽ ഗിരിയെ അന്വേഷിച്ചതുമാണ് ഇത്തരം നിഗമനത്തിൽ ഞാനെത്തിയത്. അപ്പോഴും എവിടെനിന്നു് വരുന്നുവെന്നോ അയാളുമായി അവരുടെ അടുപ്പമെന്തെന്നോ പറയാതിരിക്കാൻ സൂക്ഷ്മതപാലിച്ചിരുന്നു. ആകപ്പാടെലഭിച്ച ബയോഡാറ്റ 'ഗിരിജ' എന്ന പേരിലൊതുങ്ങി.
പക്ഷേ ഇക്കാര്യത്തെക്കുറിച്ചുള്ള ഗിരിയുടെ തണുപ്പൻപ്രതികരണം എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. എഴുത്തിൻ്റെ വഴികളിൽ മുഷിയുമ്പോൾ, നഗരത്തിലേക്കും തിരിച്ചും ഓട്ടോറിക്ഷകളും ബൈക്കുകളും കിതച്ചും മുരണ്ടും പായുന്ന ടാർറോഡിലൂടെ, ചില സായന്തനങ്ങളിൽ പുറംകാഴ്ചകൾതേടി ഊരുചുറ്റാറുണ്ട് ഞാൻ. ഞങ്ങളന്യോന്യം കണ്ടുമുട്ടുന്നത് അത്തരം വേളകളിലാണ്.
അന്ന്.. ക്ലീൻഷേവുചെയ്ത് സുമുഖനായി ഭാരമേറിയ ക്യാരീബാഗും തൂക്കിപ്പിടിച്ച് ഗിരി വരുന്നുണ്ടായിരുന്നു. നഗരത്തിലെ സാമാന്യം മോശമല്ലാത്ത ഫർണ്ണിച്ചർകടയിലാണ് അയാൾ ജോലി ചെയ്യുന്നത്. തിരക്കേറിയ ദിവസങ്ങളിൽ അവിടെത്തന്നെ തങ്ങുമത്രേ. വയനാട്ടിലെ ഏതോ കുഗ്രാമത്തിൽനിന്ന് രണ്ടുവർഷംമുമ്പ് ജോലിതേടി ഇവിടേക്ക് എത്തിയതും ബന്ധുക്കളെന്നുപറയാനായിട്ട് അമ്മയും അവിവാഹിതയായ സഹോദരിയും മാത്രമാണുള്ളതെന്നതും ഗിരി പലപ്പോഴായി പറഞ്ഞുകേട്ട ഫ്ലാഷ്ബാക്ക്.
തന്നെ, നിരന്തരം തേടിവരുന്ന സുന്ദരിയായ യുവതിയെക്കുറിച്ച്, വളരെനിഷ്ക്കളങ്കമായി 'അങ്ങനെയോ?' 'ആരാണവൾ?' തുടങ്ങിയ മറുചോദ്യത്തിലൂടെ എന്നെ സ്തബ്ധനാക്കി. ഗിരി എന്തൊക്കെയോ മറയ്ക്കുന്നുണ്ടെന്നും യുവതിയുമായി യാതൊരുവിധത്തിലുള്ള ബന്ധവും തനിക്കില്ലെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കുന്നതായിരുന്നു ആ മറുപടി.
രാമലിംഗം ഏർപ്പാടാക്കിയ ഈ വീട്ടിൽ വന്നിട്ടിപ്പോൾ രണ്ടു മാസമായിരിക്കുന്നു.
"ഒരുട്രാൻസ്ജൻഡറുടെ മനോവ്യാപാരങ്ങളെ അടിസ്ഥാനപ്പെടുത്തിയാവണം അടുത്ത പ്രോജക്ട്.!" പ്രൊഡ്യൂസർ രാമലിംഗം തൻ്റെ നിലപാട് പ്രഖ്യാപിച്ചു. അടുത്തിടെയിറങ്ങിയ, സമാനകഥപറയുന്ന മറ്റുചിത്രങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തിയപ്പോൾ 'അതൊക്കെ തനിക്ക് അറിയാമെടേ' എന്നധ്വനിയിൽ അദ്ദേഹം തോൾകുലുക്കി ചിരിച്ചുതള്ളി.
"വിഷയമേതുമാവട്ടേ..വെറൈറ്റിയാവണം, തനിക്കതുകഴിയും" എന്ന് തോളിൽത്തട്ടി, മൂന്നുമാസമെന്ന് കാലപരിധിയും നിശ്ചയിച്ചു. കാറ്റിനനുസരിച്ച് തൂറ്റുന്ന കുറുക്കൻബുദ്ധി. ഞങ്ങളൊരുമിച്ച, അടുത്തിടെയിറങ്ങിയ ചിത്രം ബോക്സോഫീസിൽ ഹിറ്റായതാവാം 'ഒരിക്കൽക്കൂടി നമുക്ക് ഒന്നിക്കാമെടോ' എന്ന് താൽപ്പര്യപ്പെട്ടത്. പക്ഷേ എഴുത്ത് ഇപ്പോഴും പാതിവഴിയിലാണ്. എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നുകരുതി എഴുതാൻ തുടങ്ങുമ്പോഴായിരുന്നു ഫോൺ ശബ്ദിച്ചത്.
അമ്മയാണ്. നാട്ടിൽ പോകാത്തതിൻ്റെ പരിഭവമാവും. കഴിഞ്ഞമാസം വിളിച്ചപ്പോൾ വാക്കുകൊടുത്തിരുന്നു. അവിടെ, തനിക്കു വധുവിനെ കണ്ടെത്തിയിട്ടുണ്ടത്രേ. 'ഇയാള് കണ്ട് ഇഷ്ടാച്ചാൽ അതങ്ങുറപ്പിക്കാമെന്ന്' അച്ഛനും..!
"പുതിയപ്രോജക്ടിൻ്റെ വർക്ക് തീരാറായി അമ്മേ..എന്തായാലും അടുത്താഴ്ചവരും"
ഞാൻ അശ്വസിപ്പിച്ചു.
"വേണ്ടാ..അത്ര ധിറുതിപിടിച്ച് വരണംന്നില്ല"
ഇത്തവണ പക്ഷേ, അമ്മ അത്ഭുതപ്പെടുത്തി.
"ഇതെന്താ ഇപ്പൊഴൊരു മനംമാറ്റം?"
"അവളില്ലേ.. ആ ഗിരിജ? നിനക്ക് കണ്ടുവച്ച പെണ്ണ്.. അവള് ഏതോ ചെറുക്കൻ്റെകൂടെ..! ഇപ്പോഴത്തെ എന്തോ കുന്ത്രാണ്ടം..ണ്ടല്ലോ? എന്താദ്? ഫെയിസൂക്കോ? എന്തേലുമാവട്ട്.. ഒരുകണക്കിനത് നന്നായി.!"
അമ്മ ഒരേസമയം സ്വയംസങ്കടപ്പെടുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്യുകയാണ്. 'ഗിരിജ'..!ഒരുവേള അത് ഇവളായിരിക്കുമോ? 'ഛെ..ആണെങ്കിൽത്തന്നെ തനിക്കെന്ത്?' എന്ന ചിന്തയ്ക്കുപിന്നാലെ സതീശനും കൂട്ടരുമെത്തി. ഇന്നിനി എഴുത്തിനൊന്നും രക്ഷയില്ല..മനസ്സിൽ കരുതി.
"നമ്മുടെ കാഴ്ചപ്പാടുകൾക്കാണ് കുഴപ്പം. ഏതൊക്കെ തുറകളിൽ ഇന്ന് സ്ത്രീകൾ ജോലിനോക്കുന്നു? ദിനനിക്ഷേപപിരിവുകൾ, ഇൻഷൂറൻസ് തുടങ്ങിയവയെല്ലാം അവരുടെ ഇഷ്ടമേഖലകളാണ്. ഇവയിലേതെങ്കിലും കാര്യത്തിന് അന്വേഷിച്ചുവന്നതായിക്കൂടേ.?"
സ്കോച്ചിൻ്റെ കഴുത്തുഞെരിച്ച് ഗ്ലാസ്സിൽ പകരുന്നതിനിടെ സതീശൻ ഗിരിജയെപ്പറ്റി തൻ്റെ സംശയം ഉന്നയിച്ചു.
വല്ലപ്പോഴും ഞായറാഴ്ചകളിൽ ഞങ്ങൾ.. ഞങ്ങളെന്നുപറഞ്ഞാൽ സതീശൻ, വേണു, ജോൺ, പിന്നെ ഞാനും എൻ്റെ മുറിയിൽ ഒത്തുകൂടാറുണ്ട്. നാലുപേരും ബാച്ചിലേഴ്സ്. ഇൻഷൂറൻസ് ഏജൻറായ, വർഷംതോറും കോടിപതിബഹുമതിനേടുന്ന വേണു, ഉയർന്ന തുകയുടെ പോളിസി കരസ്ഥമാക്കിയാൽ സ്കോച്ചുമായാണെത്തുക.
"എൻ്ററിവില്.. അതൊരു പോക്കുകേസാ ..!"
വേണുവിൻ്റെ അസന്നിഗ്ദമായ പ്രഖ്യാപനം ചിന്തയിൽനിന്നുണർത്തി. ഉയർത്തിപ്പിടിച്ച ഗ്ലാസ്സുകൾ ചുണ്ടോടടുക്കാതെ ഒരുനിമിഷം നിശ്ചലങ്ങളായി. നഗരത്തിലും ഗ്രാമത്തിലും ഒരുപോലെ ചുറ്റിക്കറങ്ങുന്ന വേണുവിൻ്റെ വാർത്താശേഖരണസ്രോതസ്സ് വിപുലമാണ്.
"ഗിരിയുടെ ഉപേക്ഷിക്കപ്പെട്ട ഭാര്യയെന്ന കഥ നേരത്തേ ചവറ്റുകൊട്ടയിലെറിഞ്ഞു! എഴുത്തുകാരനായ നമ്മുടെ സ്നേഹിതൻ്റെ പ്രതിശ്രുതവധുവായി പരിഗണിക്കപ്പെട്ടവൾ എന്നതു ഒട്ടും പരിഗണനാർഹമല്ലെന്നോ..?''
പതിവിനുവിപരീതമായി ജോൺ, ഒറ്റവലിക്ക് ഗ്ലാസ്സ് കാലിയാക്കി വേണുവിനുനേരെ തിരിഞ്ഞു.
"ഉപേക്ഷിക്കപ്പെട്ട ഭാര്യയാണെന്നല്ലാ.. ആയിരിക്കാമെന്നല്ലേ പറഞ്ഞിരുന്നത്? അന്ന് ലഭിച്ച ഇൻഫർമേഷൻ അതായിരുന്നു. പിന്നെ സാഹിത്യശിരോമണിയുടെ കാര്യം അദ്ദേഹം പറയട്ടേ..! "
വേണു ഒഴിഞ്ഞുമാറി.
''എങ്കിൽ..ഒളിഞ്ഞുനോട്ടം തൊഴിലാക്കിയ എഴുത്തുകാരാ താങ്കളുടെ മുഖത്ത് നിരാശ നിഴലിക്കുന്നത് കാണുന്നുണ്ട്. ഇതേക്കുറിച്ച് എന്തുമൊഴിയുന്നു?''
ജോൺ എൻ്റെനേർക്ക് പന്തുതട്ടിയിട്ടു.
പൊതുവേ അന്തർമുഖനാണ് ജോൺ. എന്നാൽ രണ്ടെണ്ണം അകത്തുചെന്നാൽ ആളാകെമാറും. പിന്നെ ചിരിയും ബഹളവും. വളവളാന്ന് സംസാരിക്കുന്ന, ബാങ്ക്മാനേജർ സതീശൻ നേരെമറിച്ചും. മറ്റുള്ളവരുടെ എല്ലാ കോപ്രായങ്ങളും നിശ്ശബ്ദം ഒപ്പിയെടുക്കും.
''ഞാൻ വെറുമൊരു ഇൻഫോർമർ മാത്രം. എന്തായാലും ഇൻവെസ്റ്റിഗേഷൻ എൻ്റെ മേഖലയല്ല.! എനിക്കായിമാത്രം എവിടെയോ ഒരാൾ കാത്തിരിപ്പുണ്ടെന്നിരിക്കേ, ഞാൻ കാണാത്ത, എന്നെയറിയാത്ത വധു ഇനി അവളാണെങ്കിൽത്തന്നെ ഞാനെന്തിനു നിരാശപ്പെടണം..?''
ഞാൻ നയം പ്രഖ്യാപിച്ചു.
"നോക്കൂ സ്നേഹിതരേ.."
രണ്ടാമത്തെ പെഗ്ഗിൽ ഐസുകട്ടകൾനിറച്ച് ഗ്ലാസ്സിൻ്റെ മുകൾപ്പരപ്പിലേക്കു കുതിക്കുന്ന കുമിളത്തരികളിൽകണ്ണുടക്കി നാടകീയമായി വേണു തുടർന്നു.
"കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു വൻസ്രാവിനുപിന്നാലെയായിരുന്നു ഞാൻ. ആളൊരു ഇറ്റാലിയൻ പ്രവാസിയാണ്. നേരിട്ടു കാണാനാ..പാട്! കക്ഷി എപ്പോഴും ബിസിയാ..! ജംഗ്ഷനിൽനിന്ന്, പുതിയതായി പണികഴിപ്പിക്കുന്ന, ഓ..മറന്നു, അതുതന്നെ.. ബാലു അഡ്വാൻസ്കൊടുത്ത ഫ്ലാറ്റിൻ്റെ മുന്നിലൂടെയുള്ള റോഡിലൂടെയാണ് എനിക്ക് പോകേണ്ടിയിരുന്നത്. അതിനപ്പുറം ഒരുവശം വയലും മറുഭാഗത്ത് ഇടതൂർന്ന കാടുമാണ്. കഷ്ടകാലമെന്നേ പറയേണ്ടൂ.. ക്ലൈൻ്റിനെ അന്നും കാണാനൊത്തില്ല. നിരാശയോടെ തിരികേവരുമ്പോഴാണ് ആ കാഴ്ച കണ്ടത്."
ക്ലൈമാക്സിന് ബ്രേക്കിട്ട്, ഗ്ലാസ്സെടുത്ത് വേണു നുണഞ്ഞു.
''എന്താ..? എന്താ..കണ്ടത്..?"
ജോണും സതീശനും ആകാംക്ഷയുടെ മുൾമുനയിലായി.
"കണ്ടോ..? അന്യരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാൻ എന്തൊരുത്സാഹം..!"
ജോണിനേയും സതീശനെയും ഒളികണ്ണിട്ട് ഞാൻ കുത്തിനോവിച്ചു. കഥയുടെ രസച്ചരടു മുറിച്ചതിൽ കണ്ണിൽ കത്തിമുനകോർത്ത് അവരെന്നെ എതിരിട്ടു.
"പകൽവെട്ടം കടന്നുചെല്ലാത്ത കാട്ടിൽനിന്ന് സർവ്വാലങ്കാരഭൂഷിതയായി സുന്ദരിയായ ഒരു യുവതി ഇറങ്ങിവരുന്നു.! അന്നൊരിക്കൽ ഇവിടെവച്ച് കണ്ടതല്ലേ.?എനിക്കുറപ്പാണു്, അത് അവളായിരുന്നു.. ഗിരിജ.!"
വേണുവിൻ്റെ കഥാകഥനം കേട്ട് ഞങ്ങൾ വാപൊളിച്ചിരുന്നു.
"എന്നിട്ട്..?" ജോൺ മടിച്ചുമടിച്ച് ചോദിച്ചു.
"എന്നിട്ടെന്താ..? അവൾക്ക് അവളുടെവഴി, എനിക്ക് എൻ്റെവഴി.''
വേണു ഉപസംഹരിച്ചു.
ആൾപ്പെരുമാറ്റമില്ലാത്ത, കൊടുംകാട്ടിൽ തനിച്ച്..! എന്തിനായിയിരിക്കും അവളവിടെ പോയിട്ടുണ്ടാവുക.? മൂവരും പോയിക്കഴിഞ്ഞ ശേഷം ഞാൻ ആലോചിച്ചു. ഗിരിയേത്തേടി ഇടയ്ക്കിടെയുള്ള സന്ദർശനം, കാട്ടിലെയാത്ര, ഗിരിയുടെ ഒഴിഞ്ഞുമാറൽ. മാത്രമല്ല ഗിരിജ, ഗിരി എന്നീപേരുകളിലെ സാമ്യം..ആകപ്പാടെ ദുരൂഹത തോന്നിക്കുന്ന സംഭവങ്ങൾ..!
ഫോൺ ശബ്ദിച്ചപ്പോൾ കഥാപാത്രങ്ങൾ ഓടിമറഞ്ഞു. ഡിസ്പ്ലേയിൽ പൊഡ്യൂസറുടെ ചിത്രം. സുഖവിവരങ്ങൾ തിരക്കി, തിരക്കഥ പൂർത്തിയായോ? സീനുകൾ എത്രയായി? തുടങ്ങിയ സ്ഥിരം മുഖവുരകൾക്കുശേഷം, ഞെട്ടിക്കുന്ന വാർത്തയാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയായില്ലെങ്കിൽ പ്രോജക്ട് മാറ്റിവെക്കേണ്ടിവരുമത്രേ!
ഫ്ലാറ്റിനുവേണ്ടി ഇപ്പോൾത്തന്നെ വലിയ തുക ചെലവഴിച്ചിരുന്നു. പ്രോജക്ട് നടന്നില്ലെങ്കിൽ ആകപ്പാടെ ബുദ്ധിമുട്ടിലാവും.
''നമ്മൾ നിശ്ചയിച്ചപ്രകാരം തിരക്കഥ പൂർത്തീകരിച്ചിരിക്കും'' വാക്കുകൊടുത്ത് ഫോൺ കട്ടുചെയ്തു.
എഴുതിത്തീർന്ന ഭാഗങ്ങൾ പരിശോധിച്ചു. കൂടുമാറുന്ന പക്ഷികളെപ്പോലെ ഒരു ജെൻഡറിൽനിന്ന് മറ്റൊന്നിലേക്ക് കൂടുമാറാൻ ഒരുക്കം നടത്തുന്ന നായകൻ. മനസ്സുകൊണ്ടും ശരീരംകൊണ്ടും കൂടൊരുക്കുമ്പോൾ നായകനിലുണ്ടാവുന്ന സംഘർഷങ്ങൾ.. കൊള്ളാം, മികച്ചരീതിയിൽ പ്രതിപാദിച്ചിട്ടുണ്ട്. ആത്മവിശ്വാസം കൈവന്നു. പോരായ്മകൾ തിരുത്തിയിട്ടു. ഇനി..ക്ലൈമാക്സ് സീനാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ അതും തീർക്കുമെന്ന് നിശ്ചയിച്ചു.
"തിരക്കില്ലെങ്കിൽ ഫ്ലാറ്റിൻ്റെ മുന്നിലുള്ള വഴിയിലൂടെ പെട്ടെന്നുവരാമോ?.!''
പതിവു സായാഹ്നസവാരിക്കിടയിലാണ് വേണുവിൻ്റെ കോൾ വന്നത്.
വളരെ അത്യാവശ്യമുണ്ടെങ്കിലേ വേണു വിളിക്കാറുള്ളൂന്നറിയാം. ജംഗ്ഷനും ഫ്ലാറ്റും കടന്ന് ബൈക്ക്കുതിച്ചു. മുമ്പൊരിക്കൽ പറഞ്ഞതുപോലെ മുകളിൽ ചോലമരങ്ങൾ തിങ്ങിനിറഞ്ഞ കൊടുംകാട്, താഴെ പച്ചനിറം പൂശിയ വയലുകളും. വഴിയരികിൽ ചിലർ കൂട്ടംകൂടി നില്പുണ്ട്. കയറിയും ഇറങ്ങിയും പുൽത്തലപ്പുകൾ വകഞ്ഞുമാറ്റി ജനക്കൂട്ടം ഒറ്റയടിപ്പാതയിലൂടെ ഒഴുകുന്നു.
ആൾക്കൂട്ടത്തിനിടയിൽ കൈയ്യുയർത്തി വേണു അടയാളപ്പെട്ടു. വൃത്താകൃതിയിൽ പുരുഷാരം.. നടുവിൽ ഒരുവശം ചെരിഞ്ഞ്, ഇളംനീലചൂരീദാറും കറുത്തടോപ്പുമണിഞ്ഞ യുവതിയുടെ ചേതനയറ്റ ദേഹം. മഹസ്സർ തയ്യാറാക്കിയശേഷം ഒരുപോലീസുകാരൻ മൃതദേഹം മലർത്തിയിട്ടു. ഞെട്ടിപ്പോയി..! ഗിരിജ..! വരണ്ടചുണ്ടുകളിൽ ഉണങ്ങിപ്പിടിച്ച ലിപ്സ്റ്റിക്കും വിളറിവെളുത്ത മുഖവും..
സൂക്ഷിച്ചുനോക്കി.. മേൽചുണ്ടുകളിലും താടിയിലും കിളിർത്തുവരുന്ന നനുത്ത രോമങ്ങൾ. കാണെക്കാണെ ഗിരിയായി രൂപപ്പെടുന്ന ഗിരിജ.! അല്ലാ..ഗിരിജയും ഗിരിയും ഒന്നാവുന്നു..! നിരവധി ചോദ്യങ്ങൾ ഉർന്നുവന്ന് എൻ്റെ തല പെരുത്തു. വേണുവിൻ്റെ വിരലുകൾ കൈക്കുള്ളിൽ ഞെരിഞ്ഞു. ഞാനെന്തോ പറയാനോങ്ങി. പക്ഷേ..വാക്കുകൾ തിക്കുമുട്ടി. അപ്പോൾ കൂട്ടംതെറ്റിയ ഒരു പക്ഷി താഴ്വാരത്തെ വയൽപ്പച്ചകൾ താണ്ടി, ദൂരെ മഞ്ഞപടർന്ന പടിഞ്ഞാറൻദിക്കിലേക്കു പറന്നകലുന്നതു കണ്ടു.
(ബാലകൃഷ്ണൻ ഏരുവേശ്ശി)