(Molly George)
കോടമഞ്ഞിൽ മുങ്ങി കിടക്കുന്ന മലനിരകൾക്കിടയിയിലൂടെ, വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്. കുന്നിറങ്ങി വരുന്ന കുളിർ കാറ്റിന്റെ തലോടലേൽക്കാൻ, ഈ മഞ്ഞും കുളിരും ആസ്വദിക്കാൻ പച്ചപ്പിന്റെ വശ്യതയിൽ മനം മയങ്ങാൻ, കൊതി തോന്നുന്നു.
ചുരം കയറാൻ തുടങ്ങിയപ്പോൾ മുതൽ റോഡു കാണാനാവാതെ പടർന്നു കിടക്കുന്ന കോടമഞ്ഞ്.
ഉദയസൂര്യൻ്റെ കിരണങ്ങൾ ഇലച്ചാർത്തുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു തുള്ളികളിൽ പതിച്ചപ്പോൾ രത്നം പോലെ അത് മിന്നിത്തിളങ്ങി.
പുലർച്ചെ ഏഴു മണിയോടെ ടാക്സി ഉദയഗിരിയിലെത്തി. ടാറിടാത്ത ഗട്ടർ നിറഞ്ഞ റോഡിലൂടെ തെല്ലൊരു വൈമനസ്യത്തോടെയാണ് ഡ്രൈവർ വാഹനമോടിച്ചത്. ടാക്സി ഡ്രൈവർക്ക് വഴിയും ലോക്കേഷനും രാജീവ് അയച്ചുകൊടുത്തിരുന്നു. വീടിൻ്റെ അൻപതു മീറ്റർ അകലെയായി കാർ നിർത്തി. ലഗേജുകൾ ഇറക്കി വെയ്ക്കാൻ ഡ്രൈവറും സഹായിച്ചു. പലവക സാധനങ്ങൾ നിറച്ച രണ്ട് വലിയ കവറുകൾ കൂടി എടുത്ത് അയാളുടെ കൈയ്യിൽ കൊടുത്തുകൊണ്ട് ഡ്രൈവർ പറഞ്ഞു.
"രാജീവ് സാർ ഓർഡർ ചെയ്ത സാധനങ്ങളാണ്."
റോഡിനു സമാന്തരമായി ഒഴുകുന്ന ചെറിയ ഒരു തോട് കടന്നു വേണം വീട്ടിലെത്താൻ. മുറ്റം നിറയെ പുല്ലും കാട്ടുചെടികളും വളർന്നു നിൽക്കുന്നു. തടികൊണ്ടുള്ള ജനലഴികൾ ഉള്ള ഓടുമേഞ്ഞ ഒരു കൊച്ചു വീട്. കുമ്മായം അടർന്നു പോയി മൺഭിത്തി പലയിടത്തും തെളിഞ്ഞു കാണാം. റെഡ് ഓക്സൈഡ് ഇട്ട വരാന്തയിൽ തുരുമ്പെടുത്ത ഒരു പഴയ ഇരുമ്പ് കസേരയുണ്ട്. അയാൾ ലഗേജുകൾ അര പ്ലേസിൽ വച്ചു.
ചാരിയിട്ടിരുന്ന വാതിൽ തുറന്നു അകത്തു കയറി. ആൾ താമസം ഇല്ലാതായിട്ട് ഏറെ നാളായി എന്നതിൻ്റെ തെളിവായി മുറിയ്ക്കകത്ത് മാറാലയൊക്കെ പിടിച്ചു ആകെ അലങ്കോലമായി കാണാം. ചെറിയ രണ്ടു മുറികളും ഒരു അടുക്കളയും. ഒരു മുറിയിൽ പഴയൊരു തടിക്കട്ടിലുണ്ട്. അടുക്കളയിലേയ്ക്ക് ഒന്ന് എത്തി നോക്കി. ഉപയോഗം ഇല്ലാത്ത അടുക്കള എന്ന് ആരും പറയില്ല. കുറേ പഴയ പാത്രങ്ങളും തവികളുമൊക്കെ നിറഞ്ഞ സ്റ്റാൻഡ്. വീടിന്റെ ജനലുകൾ എല്ലാം തുറന്നിട്ടു. അടുക്കള വാതിൽ തുറന്ന് പിൻമുറ്റത്തേക്ക് ഇറങ്ങി.
വീടിൻ്റെ പിന്നാമ്പുറത്തായി തെളിനീർ നിറഞ്ഞ ഒരു കിണർ. ആഴം വളരെ കുറവ്. തൊട്ടിയും കയറും ഉപയോഗിച്ച് കുറച്ച് വെള്ളം കോരി കുടിച്ചു. നല്ല സ്വാദുള്ള, കുളിർമയുള്ള വെള്ളം. പണ്ട് കിണർ വെള്ളം കോരിക്കുടിച്ച കുട്ടിക്കാലം ഓർമ്മയിൽ തെളിഞ്ഞു.
അടുത്തെങ്ങും ആൾ താമസമില്ലെന്ന് തോന്നുന്നു. ഏകാന്തത ഇഷ്ടപ്പെടുന്നവർക്ക് ഈ സ്ഥലം ഇഷ്ടമാകും. ഇനി ഈ ഏകാന്തതയിൽ പതിനാലു ദിവസം. ആരുടേയും ശല്യമില്ലാതെ, ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഒന്നുമില്ലാതെ കിട്ടുന്ന ദിനരാത്രങ്ങൾ. പ്രകൃതിയോടലിഞ്ഞ് ചേർന്ന് ജീവിക്കുവാൻ വല്ലാത്ത മോഹം. ഏതായാലും മകൻ തനിക്കു വേണ്ടി ഈ വീട് എടുത്തത് നന്നായി. അയാളുടെ മനസിൽ സന്തോഷം നിറഞ്ഞു.
ഏറെ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ടൗണിൽ നിന്നും പതിനഞ്ചു കിലോമീറ്റർ ദൂരെ ആൾ താമസമില്ലാത്ത ഒരു പഴയ വീട് ഒഴിഞ്ഞുകിടപ്പുണ്ട് എന്ന് രാജീവിന് അറിവ് കിട്ടിയത്. താമസിക്കുവാൻ സൗകര്യമുണ്ടോ, വെള്ളവും, വെളിച്ചവും ഉണ്ടോ, എന്നു പോലും അന്വേഷിക്കാതെയാണ് അയാൾ ആ വീട് വാടകയ്ക്ക് എടുത്തത്. ഏതു സാഹചര്യത്തിലും ജീവിക്കാൻ എനിക്കു കഴിയും എന്ന് ഇടയ്ക്കിടെ പറയാറുള്ള അച്ഛൻ്റെ വാക്കുകൾ ഓർത്തിട്ടാവുമോ ഈ വീടു തന്നെ അയാൾ തിരഞ്ഞെടുത്തത്.
സത്യത്തിൽ അയാൾക്ക് ഇത്തരം ഒരു വീട് എടുക്കേണ്ട ആവശ്യമൊന്നും ഇല്ല. ടൗണിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഇരുനില വീടിൻ്റെ ഉടമയാണ് രാജീവിൻ്റെ അച്ഛൻ രവീന്ദ്രൻ. രവീന്ദ്രൻ്റെ മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം കൊണ്ട് സമ്പാദിച്ച സ്വപ്ന സൗധം. ആ വീടിൻ്റെ മുകൾനിലയിൽ താമസിച്ചു കൊണ്ട് ഹോം ക്വാറൈൻൈറൻ
പൂർത്തിയാക്കാനേ ഉള്ളൂ. പക്ഷേ രാജീവിൻ്റെ ഭാര്യ രമ്യയുടെ നിർബന്ധം ഒന്നുകൊണ്ട് മാത്രമാണ് അയാൾ അച്ഛനുവേണ്ടി ആ വീട് ഏർപ്പാടാക്കിയത്.
മുറ്റത്തു നിൽക്കുമ്പോൾ എവിടെനിന്നോ ഒരു കാറ്റ് വന്നു തലോടിപ്പോയതു പോലെ തോന്നി. ഒപ്പം വാരി വിതറിയ പോലെ അഞ്ചാറു മഴത്തുള്ളികളും. ഒരു മഴ കണ്ടിട്ടു കാലമെത്രയായി. മുറ്റത്തരികിലായ് നിറയെ ഫലങ്ങളുമായി ഒരു പേരമരം.
മുറ്റത്തിനു താഴെയായി പടർന്നു പന്തലിച്ച മാവിൽ നിറയെ കൊച്ചു കൊച്ചു മാമ്പഴങ്ങൾ. മാവിന്റെ ചുവട്ടിലേയ്ക്കയാൾ നടന്നു. മാഞ്ചുവട്ടിൽ നിറയെ വീണു കിടക്കുന്ന നാട്ടുമാമ്പഴങ്ങൾ.
രണ്ടു കൈയ്യിലും പെറുക്കാവുന്നത്ര മാമ്പഴങ്ങൾ എടുത്ത് വരാന്തയിൽ കൊണ്ടുവന്ന് വെച്ചു. ഒരു കുഞ്ഞൻ മാമ്പഴം എടുത്ത് കടിച്ചു തിന്നു. എന്താ സ്വാദ്! ഓടിയെത്തുന്ന എത്രയെത്ര ഓർമകൾ! മധുരമാമ്പഴം പെറുക്കാൻ കൂട്ടുകാരോടൊത്ത് ചിലവഴിച്ച ബാല്യകാലം. അവധി ദിവസങ്ങളിൽ ചെനച്ച മാങ്ങ തിന്നാൻ ഉപ്പും മുളകും കൊണ്ടുത്തന്നിരുന്ന ഗോവിന്ദൻ കുട്ടിയെ ഓർത്തു. അവനും തന്നെപ്പോലെ മാമ്പഴവും ചക്കപ്പഴവും വലിയ ഇഷ്ടം ആയിരുന്നു. കുട്ടിക്കാലത്തെ ഓർമ്മകളാൽ കണ്ണ് നിറഞ്ഞു. ഹൃദയം പിടഞ്ഞു.
മാമ്പഴം തിന്നുകൊണ്ട് വീടിന്റെ ഉമ്മറത്തിണ്ണയിൽ ഇരുന്ന് ചുറ്റും നോക്കി. ഉയരത്തിലുള്ള തെങ്ങും, പ്ലാവും, മാവും അഞ്ഞിലിയും. വെയിൽ എത്തി നോക്കാൻ മടിക്കുന്ന പറമ്പ്. കിളികളുടേയും അണ്ണാറക്കണ്ണൻ്റേയും ശബ്ദങ്ങൾ. വയർ നിറയുവോളം അയാൾ മാമ്പഴങ്ങൾ തിന്നു. അവിടെ കണ്ട ഈർക്കിലി ചൂലെടുത്ത് വീട്ടിനകം തൂത്തു വൃത്തിയാക്കിയ ശേഷം കിണറ്റിൽ കരയിൽ ചെന്ന് വെള്ളം കോരി കുളിച്ചു. കുളി കഴിഞ്ഞപ്പോൾ നല്ല നവോൻമേഷം. ഇനി ഒന്നുറങ്ങണം. അയാൾ കൊണ്ടു വന്ന ബ്ലാങ്കറ്റ് എടുത്ത് കട്ടിലിൽ വിരിച്ചു. എയർ പില്ലോയും തയ്യാറാക്കി. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
ഓർമ്മകൾ അയാളെ ഒരു പാട് പിന്നിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
തൻ്റെ നാലാം വയസിൽ അച്ഛൻ മരിച്ചു. അമ്മ കൂലിപ്പണിയെടുത്ത് ചേച്ചിമാരേയും തന്നെയും വളർത്തി. ഇരുപതാം വയസിൽ മണലാരണ്യത്തിലേയ്ക്ക് യാത്രയായി. പ്രവാസം തുടങ്ങിയ കാലം തൊട്ട് എണ്ണിയാലൊടുങ്ങാത്ത ദുരനുഭവങ്ങളുടെ തീച്ചൂളകള്‍ തന്നെ പൊള്ളിച്ചിട്ടുണ്ട്. വീട്ടിലെ പട്ടിണിയും, ബുദ്ധിമുട്ടുകളുമാണ് പക്വത കൈവരിക്കും മുമ്പേ പ്രവാസത്തിലേയ്ക്ക് പറിച്ചുനട്ടത്. പ്രിയപ്പെട്ടവരെയും, നാടും, വീടുമൊക്കെ വിട്ട് വൈവിധ്യങ്ങളുടെ മറ്റൊരു നാട്ടിലേക്ക്.
അവിടെ പോയവരിൽ മുത്തും പവിഴവും വാരിയവരുണ്ട്. ഒരായുസ്സ് മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ജീവിതം പച്ച പിടിക്കാത്തവരുമുണ്ട്. പലരുടേയും അനുഭവങ്ങൾ കണ്ടും കേട്ടും പ്രതീക്ഷയോടെ അവിടെത്തിയിട്ടോ, പല വിധ ബുദ്ധിമുട്ടുകള്‍! പറഞ്ഞ ശമ്പളമില്ല, പറഞ്ഞ ജോലിയല്ല. നേരത്തിന് ഭക്ഷണം കഴിക്കാനോ, അലക്കാനോ, കുളിക്കാനോ ഒന്നിനും സമയം അനുവദിക്കാത്ത ജോലി. ആദ്യത്തെ മൂന്നാലു മാസം പിടിച്ചു നിൽക്കാനാവാതെ വല്ലാതെ ബുദ്ധിമുട്ടി. അതിനിടയിലെല്ലാം നാട്ടിലേക്ക് തിരികെ വരാനായ് ശ്രമിച്ചു. നിരാശയായിരുന്നു ഫലം. മണിക്കൂറുകളോളം നിന്നു കൊണ്ട് ജോലി ചെയ്യുന്നതിനാല്‍ കാലിനും നട്ടെല്ലിനും വേദന വന്നു തുടങ്ങിയിരുന്നു. കാലക്രമേണെ എല്ലാം ശീലമായി.
ആദ്യമൊക്കെ രണ്ടു വർഷത്തിലൊരിക്കൽ മാത്രമായിരുന്നു ലീവ്. പിന്നീട് അത് വർഷത്തിലൊന്നായി മാറി. സഹോദരിമാരുടെ വിവാഹം ആഡംബരമായി തന്നെ നടത്തി. ഇരുപത്തഞ്ചാം വയസിൽ തൻ്റെ വിവാഹവും കഴിഞ്ഞു. ആശിച്ച പോലെ മുറപ്പെണ്ണ് ശാലിനിയെ സ്വന്തമാക്കി. അവളോടൊപ്പമുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു. അവൾക്ക് ഒന്നിനും പരാതിയോ, പരിഭവമോ ഇല്ലായിരുന്നു.
ദാമ്പത്യവല്ലരിയിൽ വിരിഞ്ഞ രണ്ടു പൂക്കൾ. രജനിയും, രാജീവനും. മക്കൾ ജനിച്ചപ്പോൾ അവർക്കു വേണ്ടി സമ്പാദിക്കുവാൻ, അതിനായി കഷ്ടപ്പെടുവാനുമൊക്കെ വല്ലാത്തൊരാവേശമായിരുന്നു. വീശിയടിക്കുന്ന മരുക്കാറ്റിലൂടെ, അത്യുഷ്ണങ്ങളിലൂടെ ഉരുകിയൊലിച്ചു പോയ യൗവന കാലം.
കുറേയേറെ സമ്പാദിച്ചു. ശാലിനി എന്നും പറയുമായിരുന്നു.'ഇനി പോവേണ്ട ഏട്ടാ, ഈ സമ്പാദ്യമൊക്കെ മതി. ഇനിയെന്നാണ് നമുക്കായി ജീവിക്കാൻ കഴിയുക?' ഒരു പ്രാവശ്യം കൂടി പോയി വരാം, എന്നു കരുതി യാത്രയാവും. സ്വപ്നവും, അധ്വാനവും, ആകെയുള്ള സമ്പാദ്യവും ചെലവിട്ടു പണി തീരാറായ വീട്. അതില്‍ താമസിക്കാനുളള മോഹം, ജീവിതത്തിന്റെ എല്ലാമായ മക്കള്‍. അവരുടെ വിദ്യാഭ്യാസം. അവർക്കായുള്ള സമ്പാദ്യം. ഓരോ പ്രാവശ്യവും ഇനി ഗൾഫിലേയ്ക്കില്ല എന്നു കരുതി പോവും. പക്ഷേ..
ഒരോ തവണയും ആവശ്യങ്ങളുടെ, സ്വപ്നങ്ങളുടെ ചുമടുകൾ കൂടി കൂടി വരുമ്പോൾ ഉള്ളു വിങ്ങി തിരികെ പ്പോവാതിരിക്കാനാവില്ല ഒരു പ്രവാസിക്കും. വീണ്ടും സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും ഭാരക്കെട്ടുകളുമേന്തി പറന്ന് ഉയരുന്ന വിമാനം.
മക്കളുടെ വിവാഹം കഴിഞ്ഞതോടെ ഇനി എങ്ങും പോവേണ്ട, എത്ര നാളായിട്ടുള്ള കഷ്ടപ്പാടാണ്. ഇനി വിശ്രമിക്കാം എന്നു പറഞ്ഞ ശാലിനി ഒടുക്കം തന്നെ കൂട്ടാതെ
നിത്യവിശ്രമത്തിനായ് പോയി.
താൻ സമ്പാദിച്ച അറബിപൊന്നിനൊന്നും ശാലിനിയെ പിടിമുറുക്കിയ ക്യാൻസറിനെ തോൽപ്പിക്കാനായില്ല. അവൾ വിട്ടു പിരിഞ്ഞിട്ട് നാലു വർഷങ്ങൾ കടന്നു പോയിരിക്കുന്നു.
അവളുണ്ടായിരുന്നെങ്കിൽ വീടിനുള്ളിൽ തന്നെ തനിക്കായി ഒരു മുറിയൊരുക്കിയേനെ. ബാൽക്കണിയിൽ മുറികൾ ഒഴിഞ്ഞുകിടന്നിട്ടും താനവിടെയിരുന്നാൽ കൊറോണ പിടിക്കുമെന്ന ഭയമാണ് മോനും മരുമോൾക്കും.
'ശാലൂ.. നീ പോയതോടെ എൻ്റെ ചിറകൊടിഞ്ഞു. ഇന്നു ഞാൻ വെറുമൊരു യന്ത്രം. മക്കൾക്ക് പണം സമ്പാദിച്ചുകൊടുക്കാനുള്ള ഒരു യന്ത്രം. മതിയായി! എല്ലാം മതിയായി! എന്തിനെന്നറിയാതെ നെഞ്ചിനുള്ളില്‍ നിന്നും ഒരു തേങ്ങലുയര്‍ന്നു. കണ്‍കോണില്‍ ഒരിറ്റ് കണ്ണുനീരും.
രണ്ടു വർഷം കൂടിയാണ് താൻ നാട്ടിലേയ്ക്ക് വരുന്നത്. വരുന്ന വിവരമറിഞ്ഞപ്പോൾ മക്കൾ ചോദിച്ചത് അച്ഛനിപ്പോൾ എന്തിനാ ധൃതികൂട്ടി ഇങ്ങോട്ടു വരുന്നത്. ഇവിടെ കൊറോണയാണ്, വന്നാൽ തിരിച്ചു പോവാൻ പറ്റില്ല. ഉള്ള ജോലി കളയാതെ അവിടെത്തന്നെ നിന്നൂടെ എന്നാണ്.
ശാലൂ.. എല്ലാവർക്കും പണം മാത്രം മതി. നീ കൂടെയുണ്ടായിരുന്നപ്പോൾ ക്ഷീണമോ തളർച്ചയോ എന്തെന്ന് ഞാനറിഞ്ഞിരുന്നില്ല. ഇന്ന് ഞാനാകെ തളർന്നു പോകുന്നു. എന്തിനാണ് ഇങ്ങനൊരു ജീവിതം; എന്നാണിനിയൊരു മോചനം. നീ പറഞ്ഞതു പോലെ അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടുകൾ ആയപ്പോൾ ഞാൻ തിരിച്ചു വന്നിരുന്നെങ്കിൽ ഒരു പക്ഷേ നീ ഇന്നും എന്നോടൊപ്പം ഉണ്ടായേനേ. മക്കൾക്ക് സമ്പാദിക്കുവാൻ വേണ്ടി ഞാൻ കാട്ടിയ സ്വാർത്ഥതയാണോ, അതോ എത്ര വൈകിയാലും നീ എന്നും എന്നോടൊപ്പം ഉണ്ടാകുമെന്ന അമിതമായ ആത്മവിശ്വാസമോ എന്തോ! എല്ലാം നഷ്ടമായ ഏകാകിയാണ് ഞാൻ!
നീ പറഞ്ഞതെല്ലാം ശരിയാണ് ശാലൂ, നമ്മുടെ മക്കൾക്ക് പണം മാത്രം മതി. അവർ കാണിക്കുന്ന കപടസ്നേഹം, അവരുടെ സ്വാർത്ഥതാൽപ്പര്യങ്ങൾ നേടിയെടുക്കാനുള്ള തന്ത്രമെന്ന് നീ
പലപ്പോഴും പറഞ്ഞിരുന്നു.
ഒരു കുളിർ കാറ്റ് അയാളെ തഴുകിത്തലോടി പോയി. ശാലിനിയുടെ കരസ്പർശമേറ്റപോലെ, അവളുടെ മൃദു മന്ത്രണം പോലെ അയാൾക്ക് തോന്നി. 'ഇപ്പോഴെങ്കിലും ഏട്ടന് എല്ലാം മനസിലായല്ലോ?'
താൻ ഇത്രനേരം മയക്കത്തിലായിരുന്നോ? അതോ സ്വപ്നത്തിലോ? സമയം ഏറെ വൈകിയിരിക്കുന്നു. നന്നായി വിശക്കുന്നുണ്ട്. എന്തെങ്കിലും ഉണ്ടാക്കി കഴിക്കണം.
അയാളെഴുന്നേറ്റ് അടുക്കളയിലെത്തി. ഡ്രൈവർ തന്ന കവറുകളിൽ അരിയും, ഉപ്പും,പച്ചക്കറിയും, കാപ്പിപ്പൊടിയും, പഞ്ചസാരയും, പച്ചക്കപ്പയും, ഉണക്കമീനും. അത്യാവശ്യം എല്ലാ വീട്ടു സാധനങ്ങളുമുണ്ട്. രാജീവ് വേണ്ട ഭക്ഷണ സാധനങ്ങളുടെ ലിസ്റ്റ് അയക്കണമെന്ന് പറഞ്ഞിരുന്നു. താൻ ഒന്നും പറയാതെ തന്നെ അവൻ എല്ലാം അറിഞ്ഞു ചെയ്തിരിക്കുന്നു.
അയാളുടെ മനസ്സ് നിറഞ്ഞു.
അയാൾ കപ്പ എടുത്ത് പൊളിച്ചു. മുറിച്ച് കഴുകി അടുപ്പിൽ വെച്ചു. തീ കത്തിക്കാൻ നോക്കിയപ്പോൾ വിറകില്ല. അയാൾ മുറ്റത്തിറങ്ങി വീടിനു ചുറ്റം നടന്നു നോക്കി. തൊടിയിൽ കിടക്കുന്ന കമ്പുകളോ, തെങ്ങിൻ മടലോ എടുക്കാനാവില്ല. അവയാകെ നനഞ്ഞു കുതിർന്ന്! അയാൾ മൊബൈലെടുത്ത് രാജീവിനെ വിളിച്ചു. കിട്ടുന്നില്ല. ഇവിടെ റെയ്ഞ്ചുമില്ലേ?
അയാൾക്കാകെ ദേഷ്യം വന്നു. ആദ്യകാലത്ത് ഗൾഫിൽ എത്തിയ അതേ അവസ്ഥ പോലെ അയാൾക്ക് തോന്നി.ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ ഒരുവഴിയുമില്ല.
മൊബൈലിനാണേൽ റേഞ്ചും ഇല്ല. ഇവിടെ അടുത്തെങ്ങും ആൾതാമസവും ഇല്ലേ?
അയാൾ തൊടിയിലൂടെ നടന്നു അരുവിക്കരയിൽ എത്തി. കൊച്ചു കൊച്ച് ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ തുള്ളിയൊഴുകുന്ന കാട്ടരുവി. ഒരു കുടന്ന വെള്ളം കോരി അയാൾ മുഖം കഴുകി. ഐസു പോലെ നല്ല തണുത്ത വെള്ളം. കുട്ടിക്കാലത്ത് പരൽമീനുകൾ നീന്തിത്തുടിക്കുന്ന തെളിഞ്ഞ വെള്ളത്തിൽ ശാലിനിയോടൊപ്പം തോർത്തുമുണ്ടു കൊണ്ട് മീൻ പിടിച്ചത് അയാളുടെ ഓർമ്മയിലെത്തി. എന്ത് രസമുള്ള കുട്ടിക്കാലമായിരുന്നു.
തോടിൻ്റെ അക്കരെയുള്ള റബ്ബർ തോട്ടത്തിലൂടെ ഒരു കൊച്ചു പെൺകുട്ടി ആട്ടിൻകുട്ടിയോടൊപ്പം തുള്ളിക്കളിക്കുന്നത് അയാൾ കണ്ടു.
" ഹേയ് ..മോളേ.." അയാൾ ഉറക്കെ നീട്ടി വിളിച്ചു. അവൾ തിരിഞ്ഞുനോക്കി. അയാൾ അവളെ കൈകാട്ടി വിളിച്ചു.
അവൾ തുള്ളിത്തുള്ളി ഓടി അരുവിയുടെ അടുത്തെത്താറായപ്പോൾ അയാൾ കൈ നീട്ടി പറഞ്ഞു.
"അവിടെ നിന്നാ മതി കേട്ടോ മോളെ, ഞാൻ ഒരൂട്ടം ചോദിക്കാൻ വിളിച്ചതാ, എന്താ മോളുടെ പേര് ?"
"അമ്മുക്കുട്ടി " അവൾ പറഞ്ഞു. എട്ടോ,പത്തോ വയസു കാണും.
"എവിടെയാ മോളുടെ വീട്?" "ദേ.. അവിടെ. "
അവൾ തോട്ടത്തിലേയ്ക്ക് കൈ ചൂണ്ടി കാണിച്ചു.
തോടിന് അക്കരെ റബ്ബർതോട്ടത്തിനുള്ളിലായി ഒരു കൊച്ചു വീട് അയാൾ കണ്ടു.
"മോളെ എനിക്ക് ഒരു ഉപകാരം ചെയ്യുമോ?"
"എന്താ അങ്കിൾ?"
അവൾ ചോദിച്ചു.
"മോളെ എനിക്ക് കുറച്ചു വിറകു കൊണ്ട് തരുമോ?"
"വിറകോ?"
"അതെ വിറക്.
ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങൾ എല്ലാം ഉണ്ട്. പക്ഷേ വിറകു മാത്രമില്ല. കുറച്ചു വിറകു മതി. തോടിനക്കരെ കൊണ്ടുവന്നു വച്ചാൽ മതി. ഞാൻ എടുത്തോളാം.
ഞാൻ ഇവിടെ ക്വാറൈൻൈറൻ ഇരിക്കുന്ന ആളാണ്. അതുകൊണ്ടാണ് അവിടെ വച്ചാൽ മതി എന്ന് പറഞ്ഞത് കേട്ടോ."
"ഞാൻ വീട്ടിൽ പോയി അമ്മയോട് പറയാം." അവളും ആട്ടിൻകുട്ടിയും തുള്ളിക്കളിച്ചുകൊണ്ട് തിരിച്ചുപോയി. അയാൾ തിരികെ വീട്ടിലെത്തി.
കുറച്ചു കഴിഞ്ഞപ്പോൾ ദൂരെ നിന്നൊരു വിളി കേട്ടു.
"അങ്കിളേ.. "
തോടിനക്കരെ ആ പെൺകുട്ടിയും അവളുടെ അമ്മയെന്നു തോന്നുന്ന ഒരു യുവതിയും. അയാൾ വേഗം തോടിനടുത്തെത്തി.
അവൾ വിളിച്ചു പറഞ്ഞു. "അങ്കിളേ വിറക് ദേ ഇവിടെ ഉണ്ട് കേട്ടോ." തോടിന് അക്കരെ ഒരു കെട്ടു വിറക് കൊണ്ടുവന്ന് വെച്ചിട്ടുണ്ട്.
"അങ്കിളേ.. ഇത് ചോറുംപൊതിയാണേ." പെൺകുട്ടി ഒരു കവർ ഉയർത്തി കാട്ടി.
"വിറക് മാത്രം മതിയായിരുന്നല്ലോ മോളേ, ഭക്ഷണമൊക്കെ ഞാൻ ഉണ്ടാക്കി കഴിച്ചോളാം."
"സാരമില്ല അങ്കിൾ. ഇത് കഴിച്ചോ, കറിയൊന്നുമില്ല കേട്ടോ." അവളും അമ്മയും തിരിച്ചു പോയി. ജാള്യതയോടെ അയാളാ ചോറുംപൊതിയും വിറകു കെട്ടുമായി വീട്ടിലെത്തി.
വിശപ്പിൻ്റെ ആധിക്യത്താൽ വേഗം തന്നെ പൊതിയഴിച്ചു. പൊതിച്ചോറ് തുറക്കുമ്പോള്‍ പരക്കുന്ന പ്രത്യേക മണം. വാട്ടിയെടുത്ത വാഴയിലയിൽ പൊതിഞ്ഞ ചൂടു ചോറും ചുട്ടരച്ച തേങ്ങാ ചമ്മന്തിയും, പാവയ്ക്കാ വറുത്തതും മാങ്ങാ അച്ചാറും കൂട്ടിയുള്ള ആ ഊണ് അയാൾക്ക് ഏറെ സ്വാദിഷ്ടമായി തോന്നി. അടുത്ത കാലത്തെങ്ങും ഇത്ര രുചിയോടെ ഭക്ഷണം കഴിച്ചിട്ടില്ല. ശാലിനി ഉണ്ടാക്കാറുള്ള അതേ രുചി!
ദിവസവും എന്തേലും കറികളും നാടൻ വിഭവങ്ങളും അമ്മുക്കുട്ടി കൊണ്ടുവന്നു കൊടുക്കും. ദിവസങ്ങൾക്കുള്ളിൽ അയാളും അമ്മുക്കുട്ടിയും ചങ്ങാതിമാരായി. തൻ്റെ പേരക്കുട്ടിയുടെ അതേ പ്രായം. നല്ല പക്വമതിയും സ്നേഹവതിയുമായ കുട്ടി.
അവളുടെ കഥ കേട്ട് അയാൾക്ക് വല്ലാത്ത നൊമ്പരം തോന്നി. നാലു വർഷം മുൻപ് ഒരപകടത്തിൽ അവളുടെ അച്ഛനെ നഷ്ടമായി. അതോടെ അവളും അമ്മ സിന്ധുവും അച്ഛൻ്റെ വീട്ടിൽ നിന്നും പടികടത്തപ്പെട്ടു. പിന്നെയുണ്ടായിരുന്ന ഏക ആശ്രയം മുത്തശ്ശിയായിരുന്നു. രണ്ടു മാസം മുൻപ് കൊറോണ ബാധിച്ച് മുത്തശ്ശിയും യാത്രയായി. ഈ വർഷം നാലാം ക്ലാസിലേയ്ക്ക് യറി. പക്ഷേ ഓൺലൈൻ ക്ലാസായതിനാൽ പഠിക്കുവാൻ ഫോണും ഇല്ല. ഇവിടെ ഫോണിന് റേഞ്ചും ഇല്ല. പത്തു സെൻ്റു സ്ഥലത്ത് ഒരു ചെറിയ വീട്. ആടിനെ വളർത്തിയും അടുത്തുള്ള തോട്ടത്തിൽ ജോലിക്കു പോയുമാണ് സിന്ധുവും മകളും ജീവിക്കുന്നത്.
പഠിക്കുവാൻ മിടുക്കിയായ അമ്മുക്കുട്ടിയെ എങ്ങനെയും സഹായിക്കണം. അതിന് എന്താണൊരു വഴി? അയാളുടെ ചിന്തകൾ അതു മാത്രമായിരുന്നു. ഗൾഫിലെത്തയ കാലം മുതൽക്കേ അയാൾ സഹജീവികളോട് കരുണ കാണിക്കുകയും സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു.
പക്ഷേ മക്കളുടെ നിരവധിയായ ആവശ്യങ്ങൾ! മകൻ രാജീവിന് അടുത്തുള്ള സ്ക്കൂളിൽ ജോലിയ്ക്കായി 30 ലക്ഷം കൊടുക്കണം. മകൾ രജനിയ്ക്ക് വീടുവയ്ക്കാനായ് പത്തുലക്ഷം വേണം. പേരക്കുട്ടികളുടെ നിരവധി ആവശ്യങ്ങൾ. മക്കളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കണമെങ്കിൽ ഈ ജൻമം മതിയാവില്ല. വിശ്രമിക്കേണ്ട പ്രായത്തിലും പ്രവാസിയായി ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ഇതൊക്കെയാണ്. സഹോദരങ്ങൾക്കും മക്കൾക്കും വേണ്ടി സ്വപ്‌നങ്ങളുടെ ചിറകിലേറി മണലാരണ്യത്തില്‍ പ്രവാസ ജീവിതം തുടങ്ങിയിട്ട് 33 വർഷം പിന്നിട്ടു. തൻ്റെ ഇനിയുള്ള ലക്ഷ്യം അമ്മുക്കുട്ടിയ്ക്ക് ഒരു സഹായം ചെയ്യുക എന്നതാണ്.
ക്വാറൻ്റെെൻ കഴിഞ്ഞ് പോകുമ്പോൾ അയാൾ ഒരു ഫോണും കുറേ സ്വീറ്റ്സും പെർഫ്യൂമും അമ്മുക്കുട്ടിയ്ക്കു സമ്മാനമായി നൽകി. റെയ്ഞ്ചില്ലാത്തതിനാൽ ഫോണവൾ അയാൾക്ക് തിരിച്ചു കൊടുത്തു. "തൽക്കാലം അമ്മുക്കുട്ടി ഈ ഫോൺ വാങ്ങിക്കോളൂട്ടോ. അമ്മുക്കുട്ടിക്ക് പഠിക്കേണ്ടേ, റെയ്ഞ്ചൊക്കെ അങ്കിളു ശരിയാക്കിത്തരാം."
ഒരു മാസത്തിനുള്ളിൽ ടൗണിനടുത്തായി പതിനഞ്ചു സെൻ്റ് സ്ഥലവും ഒരു കൊച്ചു വീടും അയാൾ അമ്മുക്കുട്ടിയുടെ പേരിൽ വാങ്ങി നൽകി. അമ്മുക്കുട്ടിയുടെ കൈകളിൽ ആ വീടിൻ്റെ താക്കോലും ആധാരവും വെച്ചു കൊടുത്തപ്പോൾ അവൾ അയാളുടെ പാദങ്ങൾ തൊട്ട് നമസ്ക്കരിച്ചു. അവളെ പിടിച്ചെഴുന്നേൽപിച്ച് മാറോടണയ്ക്കുമ്പോൾ കവിളിലൂടെ ചാലിട്ടൊഴുകിയ കണ്ണുനീർ കൈകളാൽ തുടച്ചു കൊണ്ടയാൾ അവളുടെ അമ്മയെ നോക്കി പുഞ്ചിരിച്ചു. ആ മിഴികളിലും തെളിഞ്ഞിരുന്നു കണ്ണീരിൻ്റെ തിളക്കം. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുഞ്ചിരി അവരുടെ മുഖത്തുദിച്ചു. പുതിയ വീടിൻ്റെ ഉമ്മറത്തപ്പോൾ തെളിഞ്ഞു നിന്നിരുന്നു സ്നേഹത്തിൻ ദീപ നാളം.