(Balakrishnan Eruvessi)
''ഇരിക്കൂ.. അല്പനേരം ക്ഷമിക്കണേ.''
ഫയലുകൾ പരിശോധിച്ചുകൊണ്ടിരിക്കേ അതിൽനിന്ന് കണ്ണെടുക്കാതെതന്നെ മുറിയിലേക്ക് കയറിയവന്ന ആ മനുഷ്യനോട് നന്ദിനി പറഞ്ഞു. പുലർച്ചയ്ക്ക് മംഗലാപുരം എക്സ്പ്രസ്സിനാണ് തിരിച്ചെത്തിയത്.
ജനറൽ കംപാർട്ട്മെൻറിലെ യാത്രാക്ഷീണം കാരണം വന്നപാടെ ബെഡ്ഡിലേക്ക് വീഴുകയായിരുന്നു. അല്പനേരത്തെ മയക്കം. പിന്നെയെല്ലാം പതിവുപോലെ. കുളികഴിഞ്ഞ് നേരെ 'പുനർജ്ജനി'യിലേക്ക്.
എല്ലായ്പ്പോഴുമെന്നപോലെ തന്റെ പ്രിയപ്പെട്ട അമ്മമാരെക്കണ്ട് അവരുടെ പരാതികളും പരിഭവങ്ങളും കേൾക്കുകയാണാദ്യം ചെയ്തത്.
ഭാര്യയുടെ ഏഷണിമൂലം എകമകൻ ഇറക്കിവിട്ട മീനാക്ഷിയേടത്തിക്ക് അറിയേണ്ടത് അവനെ വഴിയിലെങ്ങാനും കണ്ടുവോ എന്നായിരുന്നു. വിദേശത്തുപോയ മക്കൾ നടതള്ളിയ അന്നാമ്മച്ചേടത്തി നിറചിരിയോടെ മൂത്തമകൾ റോസിലിന്റെ കത്ത് വന്നതിലുള്ള സന്തോഷം പങ്കിട്ടു. ഇവരെക്കൂടാതെ ഒറ്റപ്പെട്ടുപോയ പാഴ്ജന്മങ്ങളനവധിയുണ്ട് പുനർജ്ജനിയുടെ അകത്തളങ്ങളിൽ.
ചുളിവുവീണ മുഖങ്ങളിൽ നിറയുന്ന പുഞ്ചിരികാണാതെയും വെളിച്ചംകെട്ടുപോയ വൃദ്ധനയനങ്ങളിലെ നിലാവൊളിമിന്നുന്ന വാത്സല്യമേല്ക്കാതെയും നന്ദിനി ഓഫീസുമുറിയിൽ ചെല്ലാറില്ല; തന്റെ അഭാവത്തിൽ എല്ലാകാര്യങ്ങളും കണാരേട്ടൻ നിർവ്വഹിക്കാറുണ്ടെങ്കിലും.
തിരികെക്കൊണ്ടുവന്ന പ്രോജക്ടിന്റെ ഫയലിൽ മുഴുകിയിരിക്കുമ്പോഴാണ് കണാരേട്ടന്റെ വരവ്. അഗതിമന്ദിരത്തിന്റെ കാവല്ക്കാരൻ.
എഴുപത്തിയൊന്നിലെ ഇന്തോ- പാക്ക് യുദ്ധത്തിൽ യാഹ്യാഖാന്റെ സൈന്യത്തോട് പൊരുതിജയിച്ചുവെങ്കിലും ഭാര്യയുടെ യുദ്ധമുറകളിൽ തോറ്റുപോയ പട്ടാളക്കാരൻ. അന്ന് പെട്ടിയുമെടുത്തിറങ്ങിയനാൾതൊട്ടേ പുനർജ്ജനിയുടെ കയ്യാളായി സന്തോഷവും ദു:ഖവും പങ്കിട്ടുകൊണ്ട് തന്നോടൊപ്പമുണ്ട്.
കണ്ണൂരിലെ മിലിട്ടറികാൻറീനിൽ പോയിവന്ന ദിവസമോ അതുമല്ലെങ്കിൽ ഓർമ്മകൾ മുള്ളുകളായി കുത്തിനോവിക്കുമ്പോഴോ പതിവുക്വാട്ടയിൽ ഇത്തിരിക്കൂടുതൽവീശി കണ്ണുകളിൽ കടലൊളിച്ചുവച്ച് "തോറ്റതല്ലാ.. തോറ്റുകൊടുത്തതാണെന്ന് '' സങ്കടപ്പെടുന്ന കണാരേട്ടൻ.
''കുഞ്ഞിനെക്കാണാൻ ഒരാൾ വന്നിട്ടുണ്ട്. ഇന്നലെയും അയാൾവന്നിരുന്നു മോളേ.. ഇങ്ങോട്ടയക്കട്ടേ?"
കുശലങ്ങളും യാത്രാവിശേഷങ്ങളും ചോദിച്ചറിഞ്ഞകൂട്ടത്തിലാണ് കണാരേട്ടൻ ചോദിച്ചത്.
തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലും മറ്റുമായി ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു കഴിഞ്ഞ രണ്ടുദിവസവും. സുമനസ്സുകളുടെ കാരുണ്യത്താൽ പുനർജ്ജനിയിലെ നിത്യനിദാനച്ചെലവുകൾ വലിയമുട്ടില്ലാതെ പോകുന്നുണ്ടെങ്കിലും സ്ഥലപരിമിതി വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ട്.
അവിടെ ജോലിചെയ്യുന്ന ചന്ദ്രേട്ടനുമായുള്ള പരിചയം വകുപ്പുമേധാവിയെ കാണാനും പുതിയകെട്ടിടത്തിന് വൺടൈം ഗ്രാന്റ് അനുവദിക്കാമെന്നുള്ള ഉറപ്പുലഭിക്കാനും കഴിഞ്ഞു. പ്രോജക്ടിലെ പോരായ്മകളും ചെക്ക് ലിസ്റ്റ് പ്രകാരം അറ്റാച്ച്ചേയ്യേണ്ട രേഖകൾ ഏതൊക്കെയെന്നും നോട്ടെഴുതി തയ്യാറാക്കുകയായിരുന്നു.
പൊടുന്നനെയായിരുന്നു മുന്നിലിരിക്കുന്ന മനുഷ്യനെക്കുറിച്ച് നന്ദിനിക്ക് ഓർമ്മവന്നത്. വന്നിരുന്ന നേരംതൊട്ട് ഈനിമിഷംവരെ അയാളെ മുഖമുയർത്തി നോക്കുകപോലും ചെയ്തില്ലല്ലോ എന്നോർത്ത് അവൾക്ക് കുറ്റബോധംതോന്നി. അതോടൊപ്പം ഒരു മുരടനക്കംപോലുമില്ലാതെ നിശ്ശബ്ദനായി കാത്തിരിക്കുന്ന ആ മനുഷ്യനോട് ആദരവും.
അങ്ങിങ്ങായി വെള്ളികയറിയ താടിയും എണ്ണപുരളാത്ത അലസമായ മുടിയും. കാഷായജുബ്ബ നരച്ച് നിറംമങ്ങിയിരിക്കുന്നു. തോളിലൂടെ ഞാത്തിയിട്ടിരിക്കുന്ന തുണിസഞ്ചി മടിയിൽവച്ചിരിക്കുന്നു. തന്റെ മുഖത്തേക്കു ദൃഷ്ടിയൂന്നിയാണിരിപ്പെങ്കിലും ഗഹനമായ ചിന്തയിലാണ്ട ഭാവം. പക്ഷേ.. ഈ കണ്ണുകൾ..എവിടെയോ കണ്ടുമറന്നപോലെ!
അറിയാതെ ഉള്ളിലൊരു നടുക്കമുയർന്നു. ഈശ്വരാ.. ദേവേട്ടൻ! മനസ്സിന്റെയാഴങ്ങളിൽ പൊടിയേറ്റുമങ്ങിയ രേഖാചിത്രത്തിൽനിന്ന് നീണ്ടനാസികയും ഇടതുപുരികത്തിനു് കീഴേയുള്ള മറുകും ഉയിർത്തുവരുന്നതും ശോഷിച്ചശരീരവും എല്ലുന്തിയ കവിളുകളും വരച്ചുചേർക്കപ്പെടുന്നതും നന്ദിനിയറിഞ്ഞു.
കാല്പാദത്തിൽനിന്നൊരു വിറയൽ മുകളിലോട്ടുകയറി ശരീരമാകെ പ്രകമ്പനം കൊള്ളുന്നതെന്തെന്ന് അവളമ്പരന്നു. അസ്വസ്ഥത മറയ്ക്കാൻ ഒരുനിമിഷം കണ്ണടച്ചിരുന്നു. ഇരുപത്തിനാലാംവയസ്സിൽ മെയ്യും മനവും തീറെഴുതിനല്കി ഒമ്പതുവർഷവും രണ്ടുമാസവും പിന്നിട്ടപ്പോൾ മുളപൊട്ടാത്ത തരിശുഭൂമിയെന്നു് പഴിചൊല്ലി വളക്കൂറുള്ള മണ്ണും വിണ്ണും തേടിപ്പോയയാൾ. നീണ്ട ഇരുപതുവർഷങ്ങൾക്കുശേഷം ഇതാ.. ഒരു അവധൂതനെപ്പോലെ മുന്നിൽ!
അതിനുംമുമ്പേ മൗനത്തിന്റെനൂലിഴകളാൽ തുന്നിയെടുത്ത തിരശ്ശീലയുടെ മറവിൽ ഒടുങ്ങിത്തീർന്ന പകലുകളും നിസ്സംഗതയിൽ തണുത്തുമരവിച്ച രാവുകളും ദാമ്പത്യത്തിന്റെ ആയുസ്സുകുറിച്ചുവച്ചിരുന്നു. മച്ചിയെന്ന വിളിപ്പേര് ചാർത്തിനല്കി ദേവേട്ടന്റെയമ്മ കുത്തുവാക്കുകളാൽ വേദനിപ്പിക്കുമ്പോൾ ദേവേട്ടൻ ഗൂഢമായി ആനന്ദിച്ചിരുന്നുവെന്ന് തിരിച്ചറിഞ്ഞമാത്രയിൽ പടിയിറങ്ങേണ്ടുന്ന നാളുകൾക്ക് അകലമേറെയില്ലെന്ന് മനസ്സിനെ പാകപ്പെടുത്തിയുമിരുന്നു.
പിന്നീട്.. കോടതിവരാന്തയുടെ പടികളിറങ്ങവേ റോഡരികിൽ പാർക്ക്ചെയ്ത കാറിനടുത്തേക്ക് ആറോ എഴോ വയസ്സുതോന്നിക്കുന്ന കുഞ്ഞിന്റെ കൈപിടിച്ച് നടന്നകലുന്ന ദമ്പതികളിൽ കണ്ണുടക്കിനിന്നപ്പോഴായിരുന്നു ദേവേട്ടനെ അവസാനമായിക്കണ്ടത്. തിരിഞ്ഞു നോക്കണമെന്ന് ഒട്ടുംതന്നെ കരുതിയതല്ല. കോടതിമുറിയിൽവച്ചും മുഖത്തോടുമുഖം കാണാതിരിക്കാൻ ശ്രദ്ധകാണിച്ചിരുന്നുവല്ലോ ഇരുവരും. ഒരുപക്ഷേ ഇനിയൊരിക്കലും കാണാനിടയല്ലെന്നചിന്ത ഉടലെടുക്കുമ്പോഴും എന്തിനെന്ന മറുചോദ്യവുമുയർന്നു.
കൃത്യം അതേസമയത്തുതന്നെയായിരുന്നു ഇരുവരുടെയും കണ്ണുകൾ തമ്മിലിടഞ്ഞതും നിമിഷാർദ്ധംകൊണ്ട് മുഖംതിരിച്ചതും. അവിചാരിതമായി എവിടെയെങ്കിലുംവച്ച് കണ്ടുമുട്ടിയാൽ അപരിചിതത്വത്തിന്റെ നിസ്സംഗത പരുവപ്പെടുത്തിയെടുക്കാനുള്ള ശ്രമമായിട്ടാണ് നന്ദിനിക്ക് തോന്നിയത്.
''നന്ദിനീ.. " കനത്ത മൗനംഭേദിച്ച് ക്ഷീണിച്ച ശബ്ദം പുറത്തേക്കുവന്നു.
'' മറന്നില്ല അല്ലേ?"
''ആദ്യമറിഞ്ഞ പെണ്ണിനെ ലോകത്തൊരു പുരുഷനും മറക്കില്ല. എന്നാൽ സ്ത്രീകൾ അങ്ങനെയാണോയെന്ന് എനിക്കറിയില്ല."
മുമ്പും മുനവച്ചവാക്കുകൾക്ക് പഞ്ഞമുണ്ടായിരുന്നില്ലല്ലോ ദേവേട്ടന്.
'' അതേ..ദേവേട്ടനറിയില്ല...!അറിയാൻ ശ്രമിച്ചിട്ടുമില്ല. പക്ഷേ എന്നും അമ്മയുടെ മനസ്സറിയാൻ കഴിയുമായിരുന്നുവല്ലോ? അമ്മയെന്താ സ്ത്രീയല്ലെന്നുണ്ടോ?"
നന്ദിനി പുച്ഛത്തോടെ ചിരിച്ചു.
''ഞാനൊരു തർക്കത്തിന് വന്നതല്ല. എനിക്ക് ചിലതൊക്കെ സംസാരിക്കാനുണ്ടു്. സമയമുണ്ടാവുമോ ഇയാൾക്ക്? ഉണ്ടെങ്കിൽ.. ഇവിടെവച്ച് വേണ്ടാ. വൈകീട്ട് ബീച്ചിൽ വരാമോ?''
എന്തു പറയണമെന്നറിയാതെ കുഴങ്ങവേ അദ്ദേഹം എഴുന്നേല്ക്കുന്നതും പുറത്തേ കത്തുന്നവെയിലിലേക്ക് നടന്നുമറയുന്നതും ഒരു വിഡ്ഢിയെപ്പോലെ നോക്കിയിരുന്നു.
കാത്തിരുന്ന കളിപ്പാട്ടം കൈയിൽകിട്ടിയ കുഞ്ഞിന്റെഭാവമായിരുന്നു മുറിയിലേക്കു വന്നപ്പോൾ അന്നാമ്മച്ചേടത്തിക്ക്. റോസിലിന്റെകത്ത് നീട്ടിക്കാണിച്ച് അവർ ചിരിച്ചു. കാനഡയിലേക്കു കൊണ്ടുപോകാൻ മകൾ വരുന്നു. അതായിരുന്നു എഴുത്തിൽ.
" അമ്മയുടെ ആഗ്രഹം സഫലമായില്ലേ? പോകാൻ തയ്യാറായിക്കോളൂ.. "
അവരോടൊപ്പം സന്തോഷം പങ്കിട്ടു. പക്ഷേ ആഹ്ലാദം തിരതല്ലുന്നതിനുപകരം മുഖത്ത് മ്ലാനതപരക്കുന്നതാണ് കണ്ടത്.
" ഞാൻ പോകുന്നില്ല നന്ദിനിക്കുട്ടീ.. അവൾക്ക് ഇപ്പോഴെങ്കിലും തോന്നിയല്ലോ..? പക്ഷേ.. പിടിച്ചുവാങ്ങിയ സ്നേഹം.. അത് വേണ്ടാ. ഇവിടെ മോളുടെയടുത്തൂന്ന് നിക്ക് കിട്ടുന്ന സ്നേഹത്തോളം വരില്ല മറ്റൊന്നും. അതുമതിയെനിക്ക്. ഇനിയുള്ളകാലത്തോളം അതുമാത്രം മതി."
തന്നെ ചേർത്തുപിടിച്ച് നെറുകയിൽ തലോടി മുണ്ടിൻ്റെ കോന്തലകൊണ്ട് തുളുമ്പിവന്ന നീർത്തുള്ളികളൊപ്പുമ്പോൾ എന്തുപറയണമെന്നറിയാതെ നന്ദിനി അന്തിച്ചുനിന്നു.
ബീച്ചിലേക്കിറങ്ങുമ്പോൾ കണാരേട്ടനോട് പറയയണോയെന്ന് സംശയിച്ചുനിന്നു. ഒരുപക്ഷേ തിരിച്ചുണ്ടായേക്കാവുന്ന നിരവധി ചോദ്യങ്ങളോർത്തപ്പോൾ വേണ്ടെന്നുവച്ചു. അവധിദിവസമല്ലാത്തതിനാൽ തിരക്കു് കുറവായിരുന്നു. ഇലകൾ മുഴുവനായും കൊഴിഞ്ഞ് നഗ്നമായ ശാഖോപശാഖകൾ പന്തലിച്ച മരത്തിന്റെ ചുവട്ടിലെ കല്പടവിൽ ഇരുന്നു.പോക്കുവെയിലിൽ ഉപ്പുമണം കലർന്ന കാറ്റിന്റെ നനുത്തസ്പർശനമേറ്റ് കടൽക്കാഴ്ചകളിൽ കണ്ണയച്ചപ്പോൾ മനസ്സിന് ലാഘവത്വം കൈവന്നു. എന്തായിരിക്കും ദേവേട്ടന് പറയാനുള്ളതെന്ന സംഭ്രമമായിരുന്നു അല്പംമുമ്പുവരെ.
''ഇയാൾക്കിവിടെ സുഖമല്ലേ? ഇതുവരെയും മറ്റൊരുവിവാഹം കഴിക്കാത്തതെന്തേ?'' ആർദ്രമായി ചോദിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്.
''സുഖം! അതേ..സുഖമാണ്. അന്ന് കോടതിയിൽനിന്നു് വന്നതിന്റെ ഏഴാംനാൾ അച്ഛനും പോയപ്പോഴാണ് ഒറ്റപ്പെടലിന്റെ സുഖമെന്തെന്ന് ഞാനറിഞ്ഞത്. പിന്നെ.. വിവാഹം! കൊള്ളാം.. മച്ചിപ്പെണ്ണിന്റെ കല്ല്യാണം! കേൾക്കാനൊരു സുഖമുണ്ട്!"
''ഞാനറിഞ്ഞില്ല.. അച്ഛൻ പോയകാര്യം എന്നോടാരും പറഞ്ഞുമില്ല.!''
തന്റെ വാക്കുകളിലെ പരിഹാസം അവഗണിച്ചുകൊണ്ടുള്ള ദേവേട്ടന്റെ ക്ഷമാപണം.
'' ഏയ്.. അതൊന്നും കാര്യമാക്കേണ്ട ദേവേട്ടാ. ഇപ്പോഴത്തെ ജീവിതത്തിൽ ഞാൻ പൂർണ്ണതൃപ്തയാണ്. കുട്ടികളില്ലല്ലോയെന്ന സങ്കടവുമില്ല. ഇവിടെയെനിക്ക് കുഞ്ഞുങ്ങൾ എത്രയുണ്ടെന്നോ? കേട്ടിട്ടില്ലേ മുതിർന്നവരും കുഞ്ഞുങ്ങളും ഒന്നുപോലെയെന്ന്?
മിഴികളിൽ പൊടിഞ്ഞുവരുന്ന ജലകണങ്ങൾ ഗോളങ്ങളായി പരിണമിച്ച് താഴേക്കുപതിക്കാൻ വെമ്പുന്നതും ഉള്ളിൽ വാർമേഘങ്ങൾ പെയ്യാനൊരുങ്ങുന്നതും നന്ദിനിയറിഞ്ഞു. കല്പടവുകൾക്കിടയിലെ നടപ്പാതയുടെയറ്റത്ത് വരണ്ട വിദൂരതയിലേക്ക് അവൾ മുഖംതിരിച്ചിരുന്നു.
''എനിക്കറിയാം. വ്യസനമൊളിപ്പിച്ച് ചിരിച്ച് കാണിക്കാനുള്ള ഇയാളുടെ മിടുക്ക്."
തന്റെ നോട്ടമെത്തുന്ന ദിക്കിലേക്കും തന്നെയും മാറിമാറി ശ്രദ്ധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
"അതുപോട്ടെ.. ദേവേട്ടനെന്താ ഈയൊരു വേഷത്തിൽ? ഭാര്യയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നോ? അമ്മയ്ക്ക് ഇപ്പോൾ സന്തോഷമായിക്കാണുമല്ലേ?''
അവൾ ദേവന്റെ വിശേഷങ്ങളാരാഞ്ഞു.
'' എന്നെ കളിയാക്കുകയാണല്ലേ? എല്ലാം അറിയുന്ന നന്ദിനിതന്നെ അതുപറയണം."
''അതെങ്ങനെയാ ദേവേട്ടാ കളിയാക്കലാവ്വാ. ഞാനെന്തറിഞ്ഞൂന്നാ പറയുന്നേ? തെളിച്ചു പറയൂ.. അമ്മയുടെ ആഗ്രഹമായിരുന്നില്ലേ തറവാട് അന്യാധീനപ്പെടാതിരിക്കാൻ ഒരു കുഞ്ഞിക്കാല് കാണണമെന്നും അതിനു് കഴിയാത്തവളെ വച്ചോണ്ടിരിക്കേണ്ടെന്നും? അമ്മയെ കുറ്റപ്പെടുത്താനൊക്കില്ല. ഒന്നോർത്താൽ അതുതന്നെയാണ് ശരി.''
''അമ്മ പോയിട്ട് നാലുവർഷം കഴിഞ്ഞു.'' നിർവ്വികാരതയോടെ അദ്ദേഹം പറഞ്ഞു.
എല്ലാവരെയുംപോലെയോ ചിലപ്പോൾ അതിൽക്കൂടുതലോ ദേവേട്ടൻ അമ്മയെ സ്നേഹിച്ചിരുന്നു. ഒരുപക്ഷേ അതിന് സ്നേഹമെന്നതിൽക്കവിഞ്ഞ് ഭയംകലർന്ന വിധേയത്വമെന്ന് പറയുന്നതാവും ശരി. നന്നേ ചെറുപ്പത്തിൽ വിധവയാവുകയും യാതൊരു പ്രലോഭനങ്ങളിലും വീഴാതെ മകനുവേണ്ടി ജീവിച്ച അമ്മയോടുള്ള വിധേയത്വം.
മൗനം തങ്ങൾക്കിടയിൽ വീണ്ടും കനത്ത മൂടൽമഞ്ഞ് തീർക്കുന്നതായി നന്ദിനിക്കു തോന്നി.
'' ആട്ടേ.. ദേവേട്ടനെന്താ പറയാനുള്ളത്?"
" ചോദിച്ചില്ലേ എന്നോട്.. ഭാര്യയെയും കുഞ്ഞുങ്ങളെയും കുറിച്ച്? അവളിപ്പോൾ ഭർത്താവും കുട്ടികളുമൊത്ത് സുഖമായി കഴിയുന്നു. നമ്മൾ ഒരേതൂവൽപ്പക്ഷികളാണ് നന്ദിനീ.."
" എന്നു വച്ചാൽ..?''
" പറയാം.. അതിനു മുമ്പ് മറ്റൊന്നുകൂടി ചോദിച്ചോട്ടേ? അമ്മയുടെ നിർബ്ബന്ധപ്രകാരം നന്ദിനി ഫെർട്ടിലിറ്റിടെസ്റ്റ് നടത്തിയത് ഓർമ്മയില്ലേ?''
''ഉവ്വ്. ഞാനൊരു പാഴ്ജന്മമാണെന്ന തിരിച്ചറിവുണ്ടായത് ആ പരിശോധനനയുടെ റിസൾട്ട് ലഭിച്ചപ്പോഴായിരുന്നുവല്ലോ?''
''അന്ന് പരിശോധനനടത്താൻ നാമൊരുമിച്ച് പോയിരുന്നുവെങ്കിൽ..! കണക്കുട്ടലുകൾ പിഴച്ചുപോയത് അവിടെയായിരുന്നു നന്ദിനീ.."
ദേവേട്ടൻ കിതച്ചു. കല്പടവുകൾക്കിടയിലെ പാത അവസാനിക്കുന്നിടത്ത് മൺതിട്ടകൾ കൂട്ടിവച്ച് ഏതോ ശില്പിനിർമ്മിച്ച മുലയൂട്ടുന്ന നഗ്നയായ സ്ത്രീരൂപത്തിലേക്ക് മിഴിനട്ട് നന്ദിനി നെടുവീർപ്പിട്ടു.
''എനിക്കുവേണ്ടി നീയും നിനക്കായ് ഞാനും മുറിനിറയേ കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും കൂട്ടിവച്ച് ഇണങ്ങിയും പിണങ്ങിയും കഴിയേണ്ടനാളുകൾ അന്യമാക്കപ്പെട്ടതോർത്ത് ഇപ്പോൾ നഷ്ടബോധം തോന്നുന്നു. തിരിച്ചുവരാത്തവണ്ണം പോയ്മറഞ്ഞ കാലവേഗവും ഞാനറിയുന്നു. അച്ഛനാവാനുള്ള കഴിവെനിക്കില്ലെന്ന് അന്ന് അറിഞ്ഞിരുന്നുവെങ്കിൽ മറ്റൊരുവിവാഹം കഴിക്കില്ലായിരുന്നു! ഷണ്ഡനെന്ന് അപമാനിച്ച് അവൾ മറ്റൊരാളുടെകൂടെ കൺമുന്നിലൂടെ പോകുന്നത് കാണേണ്ടിവരില്ലായിരുന്നു! അതിലുമുപരി നിന്നെയെനിക്ക് നഷ്ടപ്പെടില്ലായിരുന്നു! ഒരവസരംകൂടി നന്ദിനീ.. നീയെനിക്ക്..?''
വാക്കുകൾ തൊണ്ടയിൽ കുരുങ്ങി മുഴുമിക്കാനാവാതെ ഇരുകൈകളും കവർന്നെടുത്ത് നെഞ്ചിൽച്ചേർത്തുപിടിച്ച് യാചനാഭാവത്തിൽ അയാൾ നന്ദിനിയുടെ മുഖത്തേക്കുറ്റുനോക്കി.
അസ്തമയം കാണാൻ ആളുകൾ തീരത്ത് കൂട്ടംകൂട്ടമായി എത്തിത്തുടങ്ങി. ഐസ്ക്രീം വില്പനക്കാരും കപ്പലണ്ടിക്കച്ചവടക്കാരും ഉച്ചത്തിൽ കലപിലകൂട്ടിക്കൊണ്ടിരിക്കുന്നു. കരിമ്പാറക്കെട്ടുകളിൽ തട്ടിത്തെറിച്ച് പാൽനുരചിതറുന്ന തിരകളെ തലോടിയും കളിപറഞ്ഞും പ്രണയിനികൾ പരസ്പരം കൈകോർത്തുനടക്കുന്നു. അങ്ങ് ദൂരെ തിരകൾ പിറവിയെടുക്കുന്നിടത്ത് ആകാശം വഴിയടച്ചുനിന്നു. കത്തിനിന്ന പകലിന് വാർദ്ധക്യത്തിന്റെ അവശതകൾ കണ്ടുതുടങ്ങി.
പീളയടഞ്ഞ കണ്ണുകൾ ചിമ്മിത്തുറന്ന് മീനാക്ഷിയേടത്തിയും അന്നാമ്മച്ചേടത്തിയും ജരാനരകൾബാധിച്ച അസംഖ്യം അമ്മമാരും നന്ദിനിയുടെ കൺമുന്നിലേക്കിറങ്ങിവന്നു. കുഴമ്പുമണം തളംകെട്ടിയ പുനർജ്ജനിയുടെ അകത്തളങ്ങളിലുയരുന്ന നിശ്വാസങ്ങളേറ്റ് നന്ദിനിയുടെ അകംപൊള്ളി. ഇല്ല.. അനാഥത്വംപേറിയ ജന്മങ്ങളെ വീണ്ടും പടിയിറക്കിവിടാൻ തനിക്കാവില്ല. ദേവേട്ടന്റെ കൈകൾവിടുവിച്ച് നന്ദിനി സ്വതന്ത്രയായി. പിന്നെ സാവകാശം പറഞ്ഞുതുടങ്ങി.
''ദേവേട്ടാ.. ഞാൻ ഏറെ സന്തോഷിക്കുന്ന ദിവസമാണിന്ന്. എന്നെത്തേടി വന്നൂലോ? കൊഴിഞ്ഞുപോയ കാലമുൾപ്പെടെ നഷ്ടമായതൊന്നും ഇനി തിരിച്ചുവരില്ല. അതോർത്ത് സങ്കടപ്പെട്ടിട്ടും കാര്യമില്ല. മോഹങ്ങളൊക്കെ ഞാൻ എന്നേ ഉപേക്ഷിച്ചിരിക്കുന്നു! ഇപ്പോൾ എന്റെ അമ്മമാരെക്കുറിച്ച് മാത്രമാണു് ഞാൻ ചിന്തിക്കുന്നത്. എന്നോടു് പൊറുക്കണം. അവരെ അനാഥരാക്കുവാൻ എനിക്കുവയ്യ."
നന്ദിനി എഴുന്നേറ്റു. ഇരുൾ വീഴുംമുമ്പേ തിരിച്ചെത്തണം. അപ്പോഴും മുഖംകുനിച്ച് നിശ്ചലനായിരിക്കുകയാണ് അദ്ദേഹം. രണ്ടടി നടന്നപ്പോഴാണ് പിൻവിളി..
''നില്ക്കൂ.. പുനർജ്ജനിൽ എന്നെയുംകൂടി ഉൾപ്പെടുത്താൻവയ്യേ നിനക്ക്? ഇപ്പോൾ.. ഞാനും അനാഥനല്ലേ? കണാരേട്ടനെപ്പോലെ എന്നെയും ജീവിതം പടിയിറക്കിവിട്ടതല്ലേ?''
ചിരിക്കണോ കരയണോയെന്നറിയാതെ നന്ദിനി കുഴങ്ങി. പിന്നെ.. തിരിച്ചുനടന്ന് കരിയിലക്കൂട്ടങ്ങളിലെ പുതിയ അതിഥിയുടെ എണ്ണപുരളാത്തമുടിയിൽ വിരലോടിച്ചുനിന്നു.