മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

  • MR Points: 0
  • Status: Ready to Claim

(Divya Reenesh)

'ആകാശത്തൊരു കൂട്ടിനുള്ളിൽ മുപ്പത്തി രണ്ടു വെള്ളാനകൾ...'

ഇത്തവണ അമ്മിണിയുടെ കടങ്കഥഭ്രാന്തിന് ഉത്തരം പറയാൻ അയാൾക്ക് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. കുറച്ചു ദിവസങ്ങളായി "പല്ല്" തന്നെയായിരുന്നു അയാളുടെ ചിന്താധാരയിൽ.


രണ്ടാഴ്ചയായിരിക്കുന്നു ഈ പല്ലുവേദന അയാളെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കാൻ തുടങ്ങിയിട്ട്. അയാളൊരു കൊച്ചു കുട്ടിയേപ്പോലെ വേദനയുള്ള പല്ലിലേക്ക് "ല്ശ്, ല്ശ്, ല്ശ്..." എന്ന് വലിച്ചു കേറ്റി ക്കൊണ്ട് ഭാര്യയുടെ അടുത്ത് ചെന്ന് പരിഭവം പറഞ്ഞു.

"നിങ്ങൾക്കതൊന്നു കാണിച്ചൂടേ, ഏതു നേരോം ചെറീയ കുട്ടികളേപ്പോലെ വലിച്ചു കേറ്റാതെ." അവളയാളെ ശാസിക്കയാണ്.

"തൽക്കാലം നേരം പുലർത്താൻ നീ എന്തെങ്കിലും ഒരു പോംവഴി കണ്ടെത്തിത്തന്നേ പറ്റൂ." അതും പറഞ്ഞ് അയാൾ പ്രതീക്ഷയോടെ അവളെ നോക്കി.

"ഞാനോക്കീട്ട് ഒരു വഴിയേ ഉള്ളൂ നന്നായിട്ടൊന്ന് ബ്രഷ് ചെയ്യ്. കുറച്ച് സമയത്തേക്ക് ഒരാശ്വാസം തോന്നും അന്നേരം വേഗം ഉറങ്ങിയാൽ മതി. രാത്രീലാ എല്ലാം അസുഖോം കൂടു. ആ പകലിത്തിരി സമാധാനുണ്ടാകും."

അയാൾ അനുസരണയുള്ള ഒരു കുഞ്ഞിനേപ്പോലെ അവൾ പറഞ്ഞതു ചെയ്തു. രാവിലെ എഴുന്നേറ്റപ്പോൾ കുഴപ്പമൊന്നുമില്ല.

"ഇന്നിനി കാണിക്കണോ?"അയാൾ തന്നത്താൻ ചോദിച്ചു.

"വേണം" മറുപടി ഉറച്ചതായിരുന്നു.

"നീ കേട്ടോ, എനിക്കിപ്പോ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല."

"വേണ്ട, വേണ്ട പകലു നിങ്ങളിങ്ങനൊക്കെപ്പറയും രാത്രിയാമ്പം കാണാം. അതോണ്ട് ആലോയ്ക്കാനൊന്നും നേരല്ല്യ വേഗം നല്ലൊരു ദന്തഡോക്ടറെ കണ്ടോളൂ."

തലേ ദിവസത്തെ വേദന ഓർത്തപ്പോൾ അയാളൊന്നു പുളഞ്ഞു. കാണിച്ചു കളയാം. എവിടെ കാണിക്കും അയാൾ വീണ്ടും ചിന്താമഗ്നനായി. ഫിലിപ്പിനെ വിളിക്കാം. ഫോണിൽ കോൺടാക്ട് ലിസ്റ്റിൻ നിന്നും ഫിലിപ്പിനെ തെരഞ്ഞു പിടിച്ചു. മറുതലയ്ക്കൽ "നിത്യ വിശുദ്ധയാം കന്യാമറിയമേ..." പാടിത്തീരുന്നതിനും മുമ്പേ ഫിലിപ്പ് പറന്നെത്തി. കുശലാന്വേഷണമില്ല. നേരെ മാറ്ററിലേക്ക്. മെഡിക്കൽ കോളേജിലേക്ക് വെച്ചു പിടിച്ചോളാനാണ് അവൻ പറയുന്നത്.

"ടാ, ഒരു പ്രശ്നോണ്ട് അവിടേക്ക് ആരെങ്കിലും റഫർ ചെയ്യേണ്ടിവരും. അവിടെ കാണിച്ചാലൊള്ള ഗൊണം എന്താന്ന് വെച്ചാല് അവര് തറോ ചെക്കപ്പ് നടത്തീട്ടേ പല്ലേ കൈവയ്ക്കാറുള്ളൂ. ൻ്റെ കെട്യോൾടെ അനുഭവം വച്ച് പറയുവാ. നീ എന്താച്ചാ ചെയ്യ്."

മറുതലയ്ക്കൽ ഫോൺ കട്ടായി. ഇനീപ്പോ റഫറൻസിനെവിടെപ്പോകാനാ. ഭാര്യ തന്നെ ശരണം.

"എടിയേ," അയാൾ നീട്ടി വിളിച്ചു.

"ൻ്റെ മനുഷ്യാ പി എച്ച് സിയിൽ പോയി ഒരു റഫറൻസ് വാങ്ങിക്കൂടെ നിങ്ങൾക്ക്."

നേരാ, കുളിയും ജപവും കഴിഞ്ഞ് ഹരികൃഷ്ണൻ നേരെ ഹെൽത്ത് സെന്ററിലേക്ക് വച്ച് പിടിച്ചു. ഒരു രൂപ കൊടുത്ത് കരസ്ഥമാക്കിയത് അഞ്ചാമത്തെ ടോക്കനാണ്. ഡോക്ടർ വരാൻ ഒൻപതരയാകും.
വെറുതെ ഫോണിൽ കുത്തി. വാട്സ് ആപ്പും, ഫെയ്സ്ബുക്കും, ഇൻസ്റ്റയും മാറിമാറി പരീക്ഷിച്ചിട്ടും നേരം പോകുന്നില്ല. ഫോൺ കീശയിലേക്ക് വച്ച് നിവർന്നിരുന്നു. വാച്ചിലേക്ക് വെറുതെ നോക്കി, സമയം ഒൻപതെ രണ്ട്. ഈ വാച്ചെന്താ നടക്കണില്ലേ? അയാൾ ആശുപത്രിച്ചുമരിലാകെ പരതി, കിട്ടിപ്പോയ് കൺസൾട്ടിംഗ് റൂമിന് മുന്നിലായി ഉയരത്തിൽ തൂക്കിയിട്ടിരിക്കുന്നു ഒരസ്സല് ക്ലോക്ക്. ദൗർഭാഗ്യം എന്നുപറയട്ടേ അത് പ്രവർത്തനരഹിതമായ നിലയിലായിരുന്നെന്നു മാത്രമല്ല, അതിലെ മണിക്കൂർ സൂചി മിസ്സിംഗുമായിരുന്നു.
സമയം കൊല്ലാൻ അയാൾ അടുത്തിരിക്കുന്ന വയസ്സനെ ഒന്നൊളിഞ്ഞു നോക്കി. എന്നാൽ അയാളാകട്ടെ ഒളിക്കാനും മറയ്ക്കാനുമൊന്നും മെനക്കെടാതെ വളരെ നേരമായി ഹരികൃഷ്ണനെത്തന്നെ നോക്കിയിരിപ്പാണ്.

ഊര വേദനിക്കാൻ തുടങ്ങിയപ്പോൾ അയാൾ ബെഞ്ചിൽ നിന്നും എഴുന്നേറ്റു. മുന്നോട്ടേക്ക് നടന്നു. ഫാർമസിയുടെ മുന്നിലായി സിസ്റ്റർ വിന്ധ്യ നിൽപ്പുണ്ടായീരുന്നു. അയാളെക്കണ്ടപ്പോൾ അവരുടെ മുഖം തുടുത്തു.

"ന്തു പറ്റീ ഹരീഷ്ണാ" അവർ പതുക്കെ ചോദിച്ചു.

"വല്ലാത്തൊരു പല്ലു വേദന. പൊരിക്കേണ്ടി വരുംന്നാ തോന്നണത്. മെഡിക്കൽ കോളേജിലേക്ക് ഒരു റഫറൻസ് വേണം."

"ഡോക്ടർ ഇപ്പോ വരും ത്രാ ടോക്കൺ?"

"അഞ്ച്"

"ശരി, ഞാംബിടിയിണ്ട്ട്ടാ എന്തേലും ആവശ്യോണ്ടേല് വിളിച്ചാമതി."

അതും പറഞ്ഞവർ ഫാർമസീലോട്ട് കയറിപ്പോയി. വിന്ധ്യ അയാളുടെ കൂടെ പഠിച്ചതാണ്. ചെറുപ്പത്തിൽ അവർ ഒരുമിച്ചായിരുന്നു സ്കൂളിൽ പോയിരുന്നത്. അവളില്ലാത്ത ദിവസങ്ങൾ അയാൾക്കരോചകങ്ങളായിരുന്നു. മുതിർന്നപ്പോൾ രണ്ടു പേരും ഇരു വഴികളിലായി. എങ്കിലും നല്ലൊരു ജോലിയൊക്കെ വാങ്ങി വീട്ടുകാരോട് സംസാരിച്ചു അവളെത്തന്നെ കെട്ടണം എന്നത് അയാളുടെ ഒരു സ്വകാര്യ സ്വപ്നമായിരുന്നു. ക്ഷേ അതിനൊന്നും നിൽക്കാതെ അവളാദ്യം കെട്ടിപ്പോയി. തൻ്റെ ഉള്ളിലെ ആ കുഞ്ഞിഷ്ടം അവൾക്കറിമോ എന്നത് ഇന്നും അയാൾക്കപരിചിതമായിരുന്നു. മനസ്സിലെവിടെയോ ഇരുന്ന് അയാളുടെ ഉള്ളിലെ ആ കൗമാരക്കാരൻ അവളെ ഇപ്പഴും സ്നേഹിക്കുന്നുണ്ടാവണം. വിന്ധ്യ വല്ലാതെ തടിച്ചു പോയി. പഴയ നിറം ഇല്ല. അല്ലെങ്കിലും ഞാനെന്തിനവളെക്കുറിച്ചാലോചിക്കണം. മനസ്സിൻ്റെ കടിഞ്ഞാൺ കൈപ്പിടിയിലൊതുക്കിക്കൊണ്ട് അയാൾ ആ ബെഞ്ചിൽ വീണ്ടും ആസനസ്ഥനായി. വെറുതെയിരിക്കെ മനസ്സും അയാളും രണ്ട് ചേരിയായിത്തിരിഞ്ഞു. മനസ്സാണാദ്യം തൊടങ്ങീത്.

"അതേ എടോ സത്യവാൻ ഹരീഷ്ണാ അപ്പോ ബ്രാഞ്ചോഫീസിലെ മോളിയോ?."

"അതുപിന്നെ, അന്യമതസ്ഥ, പിന്നെ പിന്നെല്ലാരും നോക്കിയപ്പോൾ ഞാനും ഒന്ന് നോക്കി അത്രേള്ളൂ." അയാളും വിട്ടുകൊടുത്തില്ല. മനസ്സ് വീണ്ടും കയർത്തു

"നീ ന്നോടൊളിക്കണ്ടെൻ്റെ ഹരീഷ്ണാ അപ്പോ എപ്പഴും "നിവേദ്യം" ബസ്സിലെ നീ നോക്കിച്ചിരികാറുള്ള ആ കോലൻ മുടിക്കാരിയോ?"

"അതോ, അത്... അത് വെറുതെ നേരമ്പോക്ക് പുരുഷ സഹജം."

"ടോക്കൺ നമ്പർ ഒന്ന്"

ഓ ഡോക്ടറെത്തി. അയാൾ മുന്നോട്ടേക്ക് ആഞ്ഞിരുന്നു. മനസ്സ് പതിയെ ഉൾവലിഞ്ഞു. അയാളോർത്തു,
ടോക്കൺ വിളിക്കുന്ന ശബ്ദം മുന്നേ റെക്കാർഡ് ചെയ്തതാണ്. അത് പറഞ്ഞ സ്ത്രീക്ക് മുച്ചിറി ഉണ്ടെന്നുള്ളതുറപ്പാ. എന്തോ ഒരു വ്യക്തതയില്ലായ്മ. അതയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
റഫറൻസ് വാങ്ങി മടങ്ങുമ്പോൾ സമയം പത്തര കഴിഞ്ഞിരുന്നു. വല്ലാത്ത വിശപ്പ് ഓഫീസിൽ ചായയ്ക്ക് പതിനൊന്ന് മണിയെങ്കിലുമാകും, എന്നാലും ചില നേരം പത്തരയ്ക്ക് ഫിലിപ്പിന്റെ ഒരു സൽക്കാരമുണ്ടാകാറുണ്ട്. അല്ലെങ്കിലും പല്ല് പിണങ്ങുമെന്ന് കരുതി ഈടെയായി കുറച്ചെ കഴിക്കാറുള്ളൂ.

കുമാരേട്ടൻ്റെ ചായപ്പീട്യേല് കേറി ഒരു ചായയ്ക്ക് പറഞ്ഞു, കൂട്ടത്തിലൊരു ബോണ്ടയും. പണ്ടേ അയാൾക്ക് ബോണ്ടയോട് വല്ല്യ ഇഷ്ടമായിരുന്നു. അതിനുള്ളിലെ ഉരുളൻ കിഴങ്ങും പച്ചമുളകും കറിവേപ്പിലയും... ഓഹ് ! ചൂട് ചായയോടൊപ്പം എത്ര ബോണ്ട കഴിച്ചാലും അയാൾക്ക് മടുക്കില്ലായിരുന്നു. ബോണ്ട വായുടെ ഇടതു ഭാഗം ചേർത്ത് കഴിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ സമയം കുമാരേട്ടന് നല്ല തിരക്കാണ്.

"ന്താ ഹരീഷ്ണാ ന്ന് ഓഫീസീലൊന്നും പൂവണ്ടേ?"

ഗംഗാധരൻ മാഷാണ്.

"ഇന്ന് ലീവെടുത്തു. ചെറീയൊരാവശ്യം." ബെഞ്ചിൽ നിരങ്ങിയിരുന്നു കൊണ്ട് അയാൾ പറഞ്ഞു.

ഹരികൃഷ്ണൻ ഒഴിച്ചിട്ട സീറ്റിലേക്കിരുന്നു കൊണ്ട് മാഷ് പറഞ്ഞു. "ഒരു ദെവസം പൊലർന്നാ നാലു നേരം മൊടങ്ങാണ്ട് ഈ ബെഞ്ചില് ചന്തിയിട്ടൊരച്ചില്ലേല് അന്നൊരു സുഖോല്ല്യെൻ്റെ ഹരീഷ്ണാ."

മാഷ് കുലുങ്ങിച്ചിരിച്ചു, അയാളും ചിരിച്ചു. കൂട്ടത്തിൽ കുമാരേട്ടൻ്റെ ചായക്കട ചിരിച്ചു. ചില്ലു ഗ്ലാസ്സുകൾ ചിരിച്ചു. ചില്ലലമാരയിലെ അടയും, വടയും, പഴം പൊരിയും, ബോണ്ടയും ചിരിച്ചു. കാലൊടിയാറായ ആ ബെഞ്ചും കുമാരേട്ടൻ്റെ ചായക്കട മുഴുവനും ആ തമാശയോർത്ത് ചിരിച്ചു.

മാഷ് ചിരി നിർത്തി ചായയും പഴം പൊരിയും കഴിക്കാൻ തുടങ്ങി. എല്ലാരും മാഷക്കൊപ്പം ചിരി നിർത്തി. വാതിലിൻ്റെ മറവിൽ നിന്ന് പാചകക്കാരി സുധർമ്മ മാത്രം തേഞ്ഞ ബെഞ്ചിനെ ഓർത്ത് ചിരിച്ചു. ഊറിയൂറിച്ചിരിച്ചു.

"മാഷിന്റെ ഇന്നത്തെ ചായ എൻ്റെ വക."

അതും പറഞ്ഞ് ഹരികൃഷ്ണൻ എഴുന്നേറ്റു. മാഷ് തലകുലുക്കി, കണ്ണടച്ച് പഴം പൊരി ആസ്വദിച്ചങ്ങനെ കഴിക്കയാണ്. കൈകഴുകി കുമാരേട്ടൻ കണക്ക് കൂട്ടി.

"രണ്ട് ചായ ഒരു ബോണ്ട, ഒരു പഴം പൊരി. നാൽപത് ഉറപ്പിക."

മുറ്റത്തേക്കിറങ്ങുമ്പോൾ നല്ല വെയിൽ. ഓട്ടോസ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് അൻപതുറുപ്പിക മുടക്കി. അവിടെയും ക്യൂ നിന്ന് ടോക്കനെടുത്തു. ഡോക്ടർ സുമുഖനായ ഒരു ചെറുപ്പക്കാരനാണ്. ചില ടെസ്റ്റുകൾക്ക് എഴുതി. ഇന്നിനി പല്ലു പൊരിക്കുമെന്ന് തോന്നുന്നില്ല. ഇതിനു വേണ്ടി മറ്റൊരു ദിവസം കൂടി മുടക്കാൻ അയാൾക്ക് താല്പര്യമില്ലായിരുന്നു. റിസൽട്ട് നേരത്തെ കിട്ടിയാൽ നോക്കാം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. എന്നാലുമുണ്ട് കുഴപ്പം ഒരാളു കൂടി ഒരുമിച്ചില്ലാതെ പല്ലു പൊരിക്കാൻ പറ്റില്ലെന്ന്. നടക്കുമെങ്കിൽ ഫിലിപ്പിനെത്തന്നെ വിളിക്കാം. നേരെ ലാബിലേക്ക്. ആശുപത്രിയിൽ നല്ല തിരക്കാണ്, അയാളോർത്തു പണ്ടത്തെപ്പോലൊന്നുമല്ല ഇപ്പോ ആളുകളെല്ലാത്തിനും മെഡിക്കൽ കോളേജിലേക്കെന്യാ വരണ്. എല്ലാം ഫ്രീയാ നല്ല ചികിത്സേം. ആകെ ഉള്ള മൊടക്ക് മൊതല് 25 രൂപയാണ്, അതും ഹോസ്പിറ്റൽ ഡെവലപ്മെന്റ് കമ്മിറ്റി യിലേക്ക്.

ഫിലിപ്പ് പറഞ്ഞതു പോലെ ടെസ്റ്റുകൾ കുറേ തരമുണ്ടായിരുന്നു. പന്ത്രണ്ടരയോടെ റിസൽട്ട് കിട്ടി. ഈ നേരം പല്ല് പൊരിക്കാൻ കഴിയില്ലെന്ന് ഡോക്ടർ തീർത്തും പറഞ്ഞു. മൂന്ന് ദിവസത്തേക്ക് വേദനയ്ക്കുള്ള മരുന്നു വാങ്ങി മടങ്ങുമ്പോൾ അയാൾക്ക് മടുപ്പു തോന്നി. നാട്ടിലേക്കുള്ള ബസ്സിൽക്കയറി കണ്ണടച്ചിരുന്നു. ബസ്സ് പുറപ്പെടാൻ ഇനിയും സമയമെടുക്കും. അയാൾ വെറുതെ അലസമായി ഇരുന്നു. പലരും ബസ്സിൽ കയറുന്നതിൻ്റെം ഇറങ്ങുന്നതിൻ്റെം ശബ്ദം. കടല വറുക്കുന്ന ശബ്ദം. ചൂടുകൊണ്ട് കരയുന്ന കുഞ്ഞിന്റെ ശബ്ദം, അവനെ സമാധാനിപ്പിക്കാൻ പാടുപെടുന്ന അമ്മയുടെ ഇടറിയ ശബ്ദം... ആരോ പതുക്കെ ചൂളം വിളിക്കുന്നുണ്ട് അത് കേട്ട് ഏതെങ്കിലും ഒരു പെൺ കുട്ടി നാണിച്ചിട്ടുണ്ടാകണം. പുറത്തെവിടെയോ മീൻ പൊരിക്കുന്ന മണം. വരുന്ന വഴിയിൽ ഹോട്ടൽ 'ഷൺമുഖം' ഊൺ തയ്യാർ എന്ന ബോർഡ് കണ്ടെതയാളോർത്തു. അയാളുറപ്പിച്ചു ഇത് അവിടുന്നു തന്നെയാണ്, ഏതോ ഒരു വെപ്പുകാരൻ തലയിൽ തോർത്തും കെട്ടി അടുക്കളയിലെ ചൂടേറ്റ് വിയർത്തു കൊണ്ട് മീൻ വറുക്കുന്ന ചിത്രം അയാളുടെ മനസ്സിലേക്ക് കടന്നു വന്നു. മൂക്കിലേക്ക് അടിച്ചു കയറിയ ആ മണത്തിന് പിന്നാലെ മനസ്സ് അലഞ്ഞു. അയലയാണോ അതോ മത്തിയാണോ? ചെലപ്പോ ഇത് രണ്ടുമായിരിക്കില്ല പുയ്യാപ്ലയാവാനും മതി. അയാൾ പെട്ടെന്ന് അത്തരം ചിന്തകളവസാനിപ്പിച്ചു. വയറ് വിശന്ന് കുറച്ചുറക്കെത്തന്നെ കരയാൻ തുടങ്ങിയിരുന്നു. ബസ്സ് പുറപ്പെടാറായി ആരോ അയാളുടെ തൊട്ടടുത്ത സീറ്റിൽ വന്നിരുന്നു വിയർപ്പിന്റെ അസഹ്യമായ ദുർഗന്ധം. അയാൾ മൂക്ക് ചുളിച്ചു കണ്ണ് തുറന്നു നോക്കി. മെലിഞ്ഞ ഒരു മനുഷ്യൻ താടിയും മുടിയും വെട്ടിയിട്ട് മാസങ്ങളായെന്ന് തോന്നുന്നു. എണ്ണമയമില്ലാത്ത മുടി അനുസരണയില്ലാത്ത കുഞ്ഞിനെപ്പോലെ പറക്കാൻ തുടങ്ങി. അയാൾ ഹരികൃഷ്ണനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. തിരിച്ചയാൾ ഒന്നു തല കുലുക്കുക മാത്രം ചെയ്തു. നല്ല പരിചയമുള്ള മുഖം ഹരികൃഷ്ണൻ ഓർക്കാൻ ശ്രമിച്ചു. ഓർമ്മ കിട്ടി ലാബിൽ വച്ച്, റിസപ്ഷനിൽ വച്ച്, മെഡിക്കൽ സ്റ്റോറിൽ വച്ച്. ഇന്നു തന്നെ മൂന്നാല് തവണ കണ്ടിരിക്കുന്നു അല്ലാതെ വേറെ പരിചയമൊന്നുമില്ല.

"വീടെവിടാ?"

"പടന്നകളം" അയാളുടെ ശബ്ദം ചിലമ്പിച്ചതായിരുന്നു.

"ഞാൻ ഹരികൃഷ്ണൻ പേരെങ്ങനാ?"

"ദാസൻ."

"എന്തു പറ്റീതാ"

ഹരികൃഷ്ണൻ വീണ്ടും ചോദിച്ചു. അയാളൊന്നിളകിയിരുന്നു.

"ഭാര്യ ആശൂത്രീല് അഡ്മിറ്റാ, പ്രസവത്തിന്"

അയാൾ ഭയപ്പാടോടെ പറഞ്ഞു.

"പ്രസവോന്നും ഇപ്പത്ര പേടിക്കാനില്ല." അയാളുടെ മുഖഭാവം കണ്ടപ്പോൾ അങ്ങനെ പറയാനാ തോന്നിയത്.

"ഇത്ര നാളും അങ്ങനാ ഞാനും വിചാരിച്ചെ ക്ഷേ ഡോക്ടർ പറയാ കൊറച്ച് റിസ്ക്കാന്ന്."

അതും പറഞ്ഞ് അയാളുടെ പൂച്ചക്കണ്ണുകൾ തുളുമ്പാൻ തുടങ്ങി.

"അവിടിപ്പാരാ ഉള്ളേ?"

"അളിയനും ഭാര്യേം. മൂന്ന് ദെവസം കൂടി നോക്കീട്ട് ന്തേലും ചെയ്യാന്നാ ഡോക്ടർ പറഞ്ഞെ."

"ഒക്കെ ശരിയാകും"

ഹരികൃഷ്ണൻ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവരുടെയിടയിലെ നിശ്ശബ്ദത യിലേക്ക് ഒരു ചൂളം വിളിയോടെ വടക്കു നിന്നൊരു കാറ്റ് കടന്നു വന്നു. അടുത്ത സ്റ്റോപ്പിൽ അയാളിറങ്ങി.
പിന്നെയും നാല് സ്റ്റോപ് കഴിഞ്ഞാണ് ബസ്സ് അത്താണിമുക്കിലെത്തിയത്. സമയം രണ്ടേപത്ത്. അയാൾ വേഗം നടന്നു. ഇടവഴി കടന്ന് തോട്ടു വക്കത്തൂടെ വീട് പിടിച്ചു. അതാണെളുപ്പം. റോഡിലൂടെ വന്നാൽ പരിചയക്കാരെ പലരേയും കാണും മിണ്ടാതെ പോരാൻ കഴിയില്ല അതുവരെ വയർ ക്ഷമിച്ചെന്നു വരില്ല. ഉച്ചവെയിൽ കൊണ്ടിട്ടാണോ എന്നറിയില്ല പല്ല് വേദനിക്കാൻ തുടങ്ങിയിട്ടുണ്ട്. കുളിച്ച് ഊണിനിരിക്കുമ്പോഴേക്കും സമയം മൂന്ന് മണി കഴിഞ്ഞിരുന്നു. പ്ലേറ്റിൽ എന്തൊക്കെയാ കൊണ്ടുവച്ചതെന്നുകൂടിയോർമ്മയില്ല. വേഗത്തിൽ കഴിക്കുമ്പോൾ വലതുഭാഗത്തെ പിണങ്ങി നിൽക്കുന്ന പല്ലിലൊന്ന് മുട്ടിയത് മാത്രമേ ഓർമ്മയുണ്ടായിരുന്നുള്ളൂ.

"സ്വർഗ്ഗം കാണുകാന്നൊക്കെ പറയുന്നതിതാണല്ലേ?" അസഹ്യമായ വേദനയോടെ അയാൾ പിറുപിറുത്തു. വേദനയുടെ ഗുളിക എന്നെഴുതിയ പാക്കറ്റിൽ നിന്നും മുടങ്ങാതെ ഓരോന്നു വീതം കുടിച്ചുറങ്ങിയ മൂന്നു രാത്രികൾ.

ഒടുവിൽ ആ ദിവസം വന്നെത്തി. രാവിലെ ഒൻപത് മണിക്ക് തന്നെ വന്ന് പിക്ക് ചെയ്തോളാംന്ന് ഫിലിപ്പ് വാക്ക് പറഞ്ഞതാണ്. എട്ടേ മുക്കാലിനേ ഹരികൃഷ്ണൻ റോഡിന് മുന്നിൽ നിൽപ്പ് തുടങ്ങിയിരുന്നു. അതൊരുമൂന്നും കൂടിയ മുക്കായിരുന്നു. നേരേ പോയാൽ ടൗണിലേക്ക്. ഇടത്തോട്ടുള്ളത് ഭഗവതി റോഡാണ് വലത്തോട്ടുള്ളത് ഒരു കട്ട് റോഡാണ്. അത് ചെന്നെത്തുന്നത് വയൽക്കരയിലാണ്. ടൗൺ റോഡിൽ നിന്നും തടിച്ചു കൊഴുത്ത ഒരു നായ ഓടി വന്നു. കുറേ നേരം ആ മുക്കിൽ സംശയിച്ചു നിന്നു. എന്തോ ആലോചിച്ച് വലത്തോട്ടേക്കോടി, വീണ്ടും ശങ്കിച്ച് ഇടത്തോട്ട്. ഇടയ്ക്കൊരു പ്രാവശ്യം അതയാളെത്തന്നെ നോക്കി. അയാൾ കൈമലർത്തി. തൻ്റെ പ്രണയിനി യാതൊരു കാമസന്ദേശവും അയക്കാതെ പോയതിൽ ആ നായ വ്രണിത ഹൃദയത്തോടെ അവിടെത്തന്നെ തറച്ചു നിൽക്കേ നീണ്ട ഹോണടിയോടെ ഫിലിപ്പ് കുതിച്ചു വന്നു.
ബൈക്കിൽ വലിഞ്ഞ് കയറുമ്പോഴും ആ നായ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു.
ചെറിയൊരു ബ്ലോക്കിൽ കുടുങ്ങി ഹോസ്പിറ്റലിൽ എത്താൻ പത്തരയായി. ടെസ്റ്റുകളൊക്കെ നേരത്തെ ചെയ്തതിനാലും കൂടെ എന്തിനും പോന്നൊരാളെ കണ്ടതുകൊണ്ടും ഡോക്ടർ തരിപ്പിക്കാനുള്ള സൂചി വയ്ക്കാൻ അയാളെ അകത്തേക്ക് വിളിച്ചു. നൊണ്ണിലൂടെ സൂചി ആഴ്ന്നിറങ്ങി.ചെറിയൊരു വേദന തോന്നി. പുറത്ത് ഫിലിപ്പിനടുത്ത് വന്നിരുന്നു.

"ടാ വേഗം തീരില്ലേ വൈഫ് കച്ചറയുണ്ടാക്കും. അവളുടെ അനിയത്തീടെ കൊച്ചിൻ്റെ മാമോദീസാ മുക്കുന്ന ചടങ്ങാ."

"ദാ ഇതിപ്പത്തീരും, ആരേലും കൂടെയില്ലേൽ ഡോക്ടർ പല്ല് പൊരിക്കത്തില്ല അതാ. ഇത് കഴിഞ്ഞപാടെ നീ സ്ഥലം വിട്ടോ. ഞാംപതുക്കെ പൊക്കോളാം."

ശരിയെന്ന് ഫിലിപ്പ് തലകുലുക്കി. ചുണ്ടിലൂടെ തരിപ്പ് തലയോട്ടിയോളം അരിച്ചു കയറാൻ തുടങ്ങി. വലതു ഭാഗത്തെ ചുണ്ടും കവിളും തടിച്ചു വരും പോലെ, അല്ലമറ്റെന്തോ പോലെയാണ് തോന്നുന്നത്. വലതു കവിളിലൂടെ ചുണ്ടിലേക്ക് കെടുവെള്ളവും ചോരയും ഒലിച്ചിറങ്ങിയത് അയാളറിഞ്ഞില്ല. കീശയിൽ നിന്നും കർച്ചിഫെടുത്ത് ഫിലിപ്പ് അത് തുടച്ചു കൊടുത്തു. നൊണ്ണു കീറി ഡോക്ടർ കെട്ടുപോയ പല്ലിന്റെ അസ്ഥിവാരം തോണ്ടിയെടുക്കെ അയാൾ അമ്മയെ ഓർത്തു. സ്നേഹത്തോടെ അമ്മ പല്ലു തേച്ചു തന്ന സമൃദ്ധമായ പുലരികളെയോർത്തു. ആദ്യമായി വേദനയുണ്ടാകില്ലെന്ന് കള്ളം പറഞ്ഞ് പാൽപ്പല്ലടർത്തിയെടുത്ത അച്ഛനെയോർത്തു. പൊരിഞ്ഞപല്ലുകൾ തുമ്പച്ചടിയുടെ മണ്ടയിലിടണം എന്നുപറഞ്ഞ മുത്തച്ചനെ ഓർത്തു, അങ്ങനെയല്ല പൊരിഞ്ഞ പല്ലിനെ ചാണകത്തിലുരുട്ടി ഓട്ടിൻ പുറത്തേക്ക് വലിച്ചെറിയണമെന്ന് വാശി പിടിച്ച മുത്തശ്ശിയമ്മയെ ഓർത്തു. പല്ലു പൊരിക്കാൻ വിടാതെ വീടിനു ചുറ്റും കരഞ്ഞുകൊണ്ടോടുന്നത് പതിവാക്കിയ അയാളുടെ മകൾ അമ്മിണിക്കുട്ടിയെ ഓർത്തു. യുഗാന്തരങ്ങളായി കൊച്ചരിപ്പല്ലു കാട്ടി ചിരിച്ചുകൊണ്ടിരിക്കുന്ന മറ്റനേകം കൊച്ചുമക്കളെ ഓർത്തു.

അനന്തരം ഡോക്ടർ വായിൽ വച്ചു കൊടുത്ത പഞ്ഞിയും കടിച്ച് പിടിച്ച് മരുന്നെഴുതിയ ശീട്ടുമായി അയാൾ പുറത്തിറങ്ങി. മെഡിക്കൽ സ്റ്റോറിനു മുൻപിൽ ഹരികൃഷ്ണനെ ഒറ്റയ്ക്കാക്കി ഫിലിപ്പ് മടങ്ങി. നീണ്ട ക്യൂവിൽ നിന്ന് മരുന്ന് വാങ്ങിയപ്പോഴേക്കും അയാൾ തളർന്നിരുന്നു. ചോരകുടിച്ച് വീർത്ത വായിലെ പഞ്ഞി തുപ്പിക്കളയുമ്പോൾ അയാൾക്ക് ഛർദ്ദിക്കാൻ തോന്നി. തപ്പിപ്പിടിച്ച് അടുത്തുള്ള സിമന്റ് ബെഞ്ചിലിരുന്നു. എത്ര നേരം അങ്ങനെയിരുന്നെന്നറിയില്ല.

ഹരികൃഷ്ണാ, പതുക്കെ ആരോ വിളിക്കുന്നു. കണ്ണു തുറന്നു നോക്കി. കണ്ടു മറന്ന മുഖം പെട്ടെന്ന് ഓർത്തെടുക്കാൻ കഴീന്നില്ല.

"ഓർമ്മീണ്ടോ ഹരീഷ്ണാ ഞാൻ ദാസൻ നമ്മളന്ന് ബസ്സീന്ന്..."

ഓർമ്മയുണ്ടെന്നയാൾ കൈകാണിച്ചു. പിന്നോന്നു ചിരിച്ചു. വികൃതമായ ചുണ്ടുകളാൽ കോടിപ്പോയ ഒരപരിഷ്കൃത ചിരി.

"വൈഫ്?"

"ഇന്നായിരുന്നു ഓപ്പറേഷൻ. ക്ഷേ ഞാൻ തോറ്റു പോയി... അവര് പോയി."

അതും പറഞ്ഞയാൾ പൊട്ടിക്കരഞ്ഞു. ഒന്നും പറയാനാകാതെ ഹരികൃഷ്ണൻ തരിച്ചിരുന്നു. ഏതോ ഒരാൾ അയാളുടെ കൈപിടിച്ച് കരയുകയാണ്. ഇന്നലെവരെ അപരിചിതനായിരുന്ന ഒരാളിപ്പോൾ അയാളുടെ ആരെല്ലാമോ ആയിരിക്കുകയാണ്.

"എനിക്ക് കരയാനവകാശമില്ല. ഞാനാണവരെ കൊന്നത്, ഒരിക്കലും ഞാനവളെ ശ്രദ്ധിച്ചിരുന്നില്ല. അവളുടെ ഇഷ്ടങ്ങളെ കണ്ടില്ല. കല്ല്യാണത്തിന് ശേഷം ഒരിക്കലും ഞാനവളോട് നന്നായൊന്നു സംസാരിച്ചിട്ടില്ല, അവളുടെ ചെറിയ ആഗ്രഹങ്ങൾ പോലും നിറവേറ്റാൻ കഴിഞ്ഞിട്ടില്ല. എവിടെയും കൂടെക്കൂട്ടിയിട്ടില്ല..."

അയാൾ വീണ്ടും എന്തൊക്കെയെല്ലാമോ പിറുപിറുത്തു കരയുകയായിരുന്നു.

"യമുനയ്ക്ക് കടല് കാണാൻ വലിയ ആഗ്രഹമായിരുന്നു അതുപോലും എനിക്ക് സാധിച്ചുകൊടുക്കാൻ കഴിഞ്ഞില്ല..."

ഹരികൃഷ്ണൻ അയാളെ എന്തു പറഞ്ഞാശ്വസിപ്പിക്കുമെന്നറിയാതെ ഉഴറി. അപ്പോഴേക്കും ആരെല്ലാമോ അയാളുടെ അടുത്തേക്ക് നടന്നടുത്തു. ദാസാ ന്നു വിളിച്ചു കൊണ്ട് ചേർത്തു പിടിച്ചു നടന്നകന്നു. അവർ പോയിക്കഴിഞ്ഞിട്ടും ഒരു പാടു നേരം അയാളങ്ങനെത്തന്നെ തറഞ്ഞിരുന്നു.

ഹരികൃഷ്ണൻ ഓർത്തെടുക്കാൻ ശ്രമിച്ചു, അയാൾ ഇതുവരെ കണ്ടിട്ടില്ലാത്ത യമുനയുടെ മുഖം. അവൾ സുന്ദരിയായിരിക്കുമോ, നീണ്ട മുടിയായിരിക്കുമോ അവൾക്ക് അതോ വിനീതയെപ്പോലെ ചുരുണ്ട മുടിയായിരിക്കുമോ. അറിയില്ല. യമുനയുടെ മുഖം മനസ്സിൽ പതിപ്പിക്കാൻ കഴിയാതെ അയാളുഴറി.
യമുന ഇതുവരെ കടലു കണ്ടിട്ടില്ല പോലും. ഹരികൃഷ്ണൻ അവസാനമായി കടല് കണ്ടത് കഴിഞ്ഞയാഴ്ചയാണ്. ബാങ്കിൽ നിന്നും ടൂറുപോയപ്പോൾ. ആദ്യമായി കടലുകണ്ടതെപ്പോഴാണെന്നോർത്തെടുക്കാൻ കഴിയുന്നില്ല. ഓർമ്മകളുണ്ടാകുന്നതിനും ഒത്തിരി മുമ്പായിരുന്നിരിക്കണം അത്. പൊടുന്നനേ അയാൾ വിനീതയെ ഓർത്തു. അവളെപ്പോഴായിരിക്കും ആദ്യമായി കടൽ കണ്ടിട്ടുണ്ടാവുക? ഇരുപത്തിയഞ്ചാം വയസ്സിൽ അയാളോടൊപ്പം വരുന്നതിനും മുൻപായിരിക്കണം അവളാദ്യമായും അവസാനമായും കടൽ കണ്ടിട്ടുണ്ടാവുക. അല്ലെങ്കിൽ അവളും യമുനയെപ്പോലെ... ഏയ് അങ്ങനെയാവില്ല. അത്തരം ചിന്തകൾ അയാളെ അസ്വസ്ഥനാക്കി.

ഓട്ടോയിൽ വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ അയാൾക്ക് തല പെരുക്കുന്നുണ്ടായിരുന്നു. വണ്ടി പാഞ്ഞു കൊണ്ടിരുന്നു. വഴിയിലൊരു വലിയവീടിനു മുൻപിലായി വണ്ടി നിറുത്തി

"സാറേ ഒരു മിനുട്ട് ഇപ്പോ വരാം,"

അതും പറഞ്ഞ് ഓട്ടോഡ്രൈവർ പെട്ടെന്നിറങ്ങി നടന്നു. അര മണിക്കൂറിനുള്ളിൽ തിരിച്ചെത്തി.

"ഇവിടെ ടൗണിലെ ബാങ്കിൽ റീജണൽ ഓഫീസറാ ദാസൻ സാറ്. സാറിൻ്റെ ഭാര്യ മരിച്ചു പോയി. സാറെപ്പഴും എൻ്റെ വണ്ടീലാ ഓഫീസിൽ പോകാറ്."

അതാ അവിടൊന്ന് കേറാന്ന് വച്ചത്

"ഉംം"

ഹരികൃഷ്ണൻ പതുക്കെയൊന്നു മൂളി. വീടെത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു. അയാളെക്കാത്ത് വിനീത അക്ഷമയോടെ നിൽപ്പുണ്ടായിരുന്നു. കുളിച്ച് ചായ കുടിച്ച് ഇറയത്തിരിക്കുമ്പോൾ വിനീതയും അമ്മിണിയും വിളക്കു വയ്ക്കുകയായിരുന്നു. രാത്രി അയാൾക്ക് ഒത്തിരിയൊന്നും കഴിക്കാൻ കഴിഞ്ഞില്ല മുറിവുണങ്ങാനുള്ള ഗുളിക കഴിച്ച് കണ്ണടച്ചു കിടന്നു.

അയാളുടെ വിവാഹം കഴിഞ്ഞിട്ട് ആറു വർഷമായിരിക്കുന്നു. കല്ല്യാണം കഴിഞ്ഞ് നാണത്തോടെയും വെപ്രാളത്തോടെയും അവൾ ഈ മുറിയിലേക്ക് കയറിയ നാൾ അകലെയായിരിക്കുന്നു.
പെട്ടെന്നു തന്നെ അവളാവീടിനോടിണങ്ങി. അമ്മയില്ലാത്ത ദു:ഖം അയളറിഞ്ഞതേയില്ല. ചിലപ്പോളവൾ ഗാന്ധാരിയും മറ്റു ചിലപ്പോൾ ഊർമ്മിള യുമായി. അവൾ വന്നതിനുശേഷം അയാളൊരിക്കലും അതിരാവിലെ ഉണർന്നില്ല. കുളികഴിഞ്ഞെത്തുമ്പഴേക്കും പ്രാതൽ മുന്നിലുണ്ടാകും. ഉച്ചയ്ക് ഊണ് തന്നയയ്ക്കും. വൈകുന്നേരം കാപ്പി, ചായ, പലഹാരങ്ങൾ. അത്താഴത്തിന് പലതരം വിഭവങ്ങൾ... അവളെല്ലാ പണിയും ഒറ്റയ്കെടുത്തു, രാവും പകലും അറിയാതെ...

വൈകുന്നേരങ്ങളിൽ അയാൾ കൂട്ടുകാർക്കൊപ്പം കറങ്ങി. അവധി ദിവസങ്ങളിൽ ഉല്ലാസയാത്ര പോയി... അങ്ങനെയങ്ങെനെ... പല്ലു പൊരിച്ചിടത്തു നിന്നും അസഹ്യമായ വേദന വരാൻ തുടങ്ങിയിരുന്നു. അയാളൊരു കൊച്ചു കുട്ടിയെപ്പോലെ ഞരങ്ങി. വിനീതയുടെ മടിയിൽ തലവച്ചു കിടന്നു. രാവിലെ ഉണരുമ്പോൾ നേരം വൈകിയിരുന്നു. എപ്പോഴാണ് ഉറങ്ങിയതെന്നറിഞ്ഞില്ല. ഉറക്കച്ചടവോടെ അടുക്കളയിലേക്ക് നടന്നു.

അവൾ ദോശ ചുടുകയാണ്. അമ്മിണി വീണ്ടും കടങ്കഥപയറ്റിലാണ്.

'ആയിരം ഞൊറിയിട്ടിട്ടും ഉടുകാനാവാത്ത സാരി'

അയാളാലോചിച്ചു.

"കടലല്ലേ?"

ഉത്തരം പറഞ്ഞത് വിനീത യായിരുന്നു.

"ഇത്തവണ അമ്മ ജയിച്ചേ"

കുഞ്ഞമ്മിണി ആർത്തു വിളിച്ചു.

"എങ്കീ നമുക്കിന്ന് വൈകുന്നേരം കടല് കാണാൻ പോയാലോ"

ഹരികൃഷ്ണൻ ചിരിച്ചു കൊണ്ട് ചോദിച്ചു. വിശ്വാസമാകാത്ത മട്ടിൽ വിനീത അയാളെ നോക്കി.
കണ്ണിറുക്കി കാണിച്ചു കൊണ്ടയാൾ പുറത്തേക്ക് നടന്നു. അമ്മിണി പിന്നീന്ന് ആർത്തു വിളിച്ചു

"അയ്യേ അച്ഛാ, ഈ അമ്മ ഇതുവരെ കടല് കണ്ടിട്ടില്ലപോലും."

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ