മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

  • MR Points: 0
  • Status: Ready to Claim

(സജിത്ത് കുമാർ എൻ)

തീ പാറും വെയിലിനെ തണുപ്പിച്ച്,  കഴിഞ്ഞ രാത്രിയിൽ തിമർത്തു പെയ്ത  മഴയിൽ നനഞ്ഞ മണ്ണിന്റെ നറു മണത്തിൽ,  അവിചാരിതമായി പ്രണയിതാവിനെ കണ്ടുമുട്ടിയപ്പോളു ള്ള സന്തോഷ സൗഗന്ധമാണോ എന്ന് ചിന്തിച്ച്   പറമ്പിലൂടെ നടക്കുമ്പോഴാണ്  പോക്കറ്റിൽ വെച്ചിരിക്കുന്ന ഫോൺ മുഴങ്ങിയത്.

ചിന്തയെ പാതിയിൽ മുറിക്കാൻ ആഗ്രഹിച്ചില്ലെങ്കിലും  സ്ക്രീനിൽ തെളിഞ്ഞു വന്ന  പേര് ആഗ്രഹത്തെ ഭേദിച്ചു.

"ഹലോ ആവണി, ഇതെന്താ രാവിലെ ?"

"ഞാനൊരു കാര്യം ചോദിക്കട്ടെ . "

"ഓ,  ചോദിച്ചോളൂ "

"നീ എന്റെ കൂടെ ഒരു യാത്രയ്ക്ക് വരുമോ ?"

"എവിടേക്ക് യാത്ര പോകുന്ന കാര്യമാ  നീ പറയുന്നത് ?"

"അഭിയേട്ടൻ എന്നോട് പറഞ്ഞു. നിനക്കിഷ്ടമുള്ളവരുടെ കൂടെ ഒരു യാത്ര പോയ് വാ.  ടെൻഷൻ പിടിച്ച ജീവിത യാത്രയിൽ നിനക്ക് ഒരു ബ്രേക്ക് വേണം അല്ലേൽ നീ ഭ്രാന്തിയായ് പോകും. ശരിക്കും എനിക്കും അങ്ങിനെ തോന്നി തുടങ്ങിയിരുന്നു?"

ശങ്കയിലാണ്ട് നിൽക്കുമ്പോൾ  വീണ്ടും ചോദിച്ചു.

"തയ്യാറെണെങ്കിൽ ഒരു  മെസേജ് ചെയ്യണേ. എല്ലാം അറൈഞ്ച്മെന്റും ഞാൻ ചെയ്തോളാം."

ഫോൺ വെച്ചപ്പോൾ, അവളുടെ  വാക്കുകളിൽ പൂത്തു വിടർന്ന മോഹങ്ങളും പുതുമഴയുടെ ഗന്ധവും  ശ്വാസം മുട്ടിച്ചപ്പോൾ   തിരിച്ചു നടന്നു, വർത്തമാന കാലത്തിലും  നിറം മങ്ങാത്ത കാലപ്പഴക്കമേറിയ ഓർമ്മകളെയും കൂട്ടുപിടിച്ച് .

ആരെയും പഴി പറയാനാവാതെ, സ്വയം സ്വരൂപിച്ചു കൂട്ടിയ ചില വേദനകൾ ഇന്നും  ഹൃദയത്തിലുണ്ട്. ഒരിക്കലും ഉണങ്ങാത്ത മുറിവുകളിൽ നിന്നെന്ന പോലെ.

ഒരു അൺ എയ്ഡഡ് സ്കൂളുകളിലെ സ്റ്റാഫ് റൂമിലെ  സൗഹൃദ മരചില്ലയിൽ  മൊട്ടിട്ടത് പ്രണയ പൂക്കളാണെന്ന്  അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന നാട്യവുമായി ആവണിയോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ മനസ്സിലൂടെ കടന്നുപോയി. 

നീലകാശത്ത്  ചൊരാതുകൾ കത്തിച്ചു വെച്ച് , പൗർണ്ണമി ചന്ദ്രിക പ്രണയ കഥകൾ പറയുന്ന  ഏകാന്ത രാവുകളിൽ അവളറിയാതെ അവളോടൊപ്പം നീല മേഘവാനിൽ ചുറ്റി പറന്നതും   പൂക്കൾ  നിറഞ്ഞ  അരളി മരച്ചോട്ടിലിരുന്നതും,  നിലാമഴയിൽ കടൽ തീരങ്ങളിലൂടെ ഹൃദയം കോർത്തു നടന്നതും വീണ്ടും മനസ്സിന്റെ അഭ്രപാളികളിൽ തെളിഞ്ഞു.

രാവിലത്തെ കണ്ടുമുട്ടലുകൾക്കു ശേഷവും ഫോൺ കോളിലൂടെയും മെസേജുകളിലൂടെയും  അവളുടെ സാമീപ്യം തേടുന്ന മനസ്സിൽ പരിശുദ്ധ പ്രണയമാണെന്ന് അറിഞ്ഞിട്ടും അത്   ഇണയെ കൊതിക്കുന്ന ഭ്രാന്ത യൗവ്വനത്തിൻ്റെ  ചാപല്യമാണെന്ന്  മനസ്സിനെ പറഞ്ഞു പറ്റിക്കാൻ ഏറെ കഷ്ടപ്പെട്ടിരുന്നു.

കാലം കരുതി വെച്ച വിഭജന പ്രതിഭാസമായി ജോലിയും പഠനവും  ഞങ്ങൾക്കിടയിൽ കടന്നു വന്നു. സർക്കാർ ഉദ്യോഗം ലഭിച്ചു ഞാനും ഉന്നത വിദ്യാഭ്യാസം ചെയ്യനായി അവളും സ്കൂളിനോട് വിട പറഞ്ഞകന്നു.

അവളുടെ വേർപാട്,  എന്നെ ഒത്തിരി ദു:ഖത്തിലാഴ്ത്തിയെങ്കിലും, പ്രണയം തുറന്നു പറഞ്ഞു  അവളെ  വിഷമിപ്പിക്കില്ല  എന്ന  ഉറച്ച തീരുമാനത്തിൽ മുറുകെ പിടിച്ച്  സമാന്തര പാതകളിലൂടെ ഞങ്ങൾ യാത്ര ചെയ്തു.

സർക്കാർ ജോലി നേടിയതോടെ ഞാനും വിവാഹ കമ്പോളത്തിലെ മത്സരത്തിനു അർഹത നേടി.  കല്യാണ അലോചനകൾ ബന്ധുക്കൾ ഏറ്റെടുക്കുകയും ശ്രീരേഖ എന്റെ ജീവതത്തിലെ നല്ല പാതിയാവുകയും ചെയ്തു. 

അധികം വൈകാതെ തന്നെ, ഞങ്ങൾക്കിടയിൽ  നറുനിലാവായ് പെയ്തിറങ്ങിയ ആദവ് മോന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിനിടയിൽ ആയിരുന്നു ഒരു ഫോൺ വന്നത്

 

"ഹലോ, ഞാൻ ആവണിയാണേ "

മനസ്സിൽ പതഞ്ഞു പൊങ്ങിയ സന്തോഷം  മൂടിവെച്ച് .  ചോദിച്ചു

"ആവണി എന്തൊക്കെയുണ്ട് വിശേഷങ്ങൾ "

"സുഖം. അടുത്ത മാസം 15 ന് എന്റെ കല്യാണം ആണ്. എന്തായലും വരണം "

"വരൻ ?"

"അഭിലാഷ്, ഗവൺമെന്റ് സർവ്വീസിൽ ആണ്, ഞാനൊരു ഉപദേശം ചോദിക്കട്ടെ "

"ചോദിച്ചോളൂ "

"എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു, ഞാനത് അഭിലാഷിനോട് പറയെട്ടെ" അതു കേട്ടപ്പോൾ അറിയാതെ ചോദിച്ചു പോയി

"ആളാരായിരുന്നു"

"എന്റെ കൂട്ടുകാരിയുടെ ബ്രദറായിരുന്നു"

"പിന്നെന്താ ഉപേക്ഷിച്ചത്?"

"പ്രണയം അറിഞ്ഞിട്ടും അറിയാതെ നടിച്ചാൽ എന്താ ചെയ്യുക" മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി, സംസാരത്തെ വേഗം തിരിച്ചു വിട്ടു

"തുറന്നു പറയാനാവാത്ത  പല അപ്രിയ സത്യങ്ങൾ  ജീവിതത്തിലുണ്ടാവാം.  കേൾക്കുമ്പോൾ മറ്റേയാൾ അതിനെ എങ്ങനെ ഉൾക്കൊള്ളും എന്ന് പറയാൻ പറ്റില്ല. സാവധാനത്തിൽ എല്ലാം മനസ്സിലാക്കിയതിനു ശേഷം പറഞ്ഞാൽ മതി." 

കുശലാന്വേഷണങ്ങൾക്ക് ശേഷം അവൾ ഫോൺ വെച്ചു. പക്ഷേ കല്യാണത്തിന് ഞാൻ പങ്കെടുത്തില്ല. പ്രണയം  പറയാതെ അവളിൽ നിന്ന് ഞാൻ അകന്നു നിന്നെങ്കിലും   മറ്റൊരാൾ അവളെ സ്വന്താമാക്കുന്നത് കാണാനാവില്ല എന്നതായിരുന്നു സത്യം. 


കാർമേഘത്തിനിടയിലൂടെ ചാടി വന്ന വെയിൽ നാളം കണ്ണിലടിച്ചപ്പോഴാണ്   തിരികെ വീടിന്റെ മുമ്പിലുള്ള തൊടിയിൽ എത്തി എന്ന് മനസ്സിലായത്. കഴിഞ്ഞ ദിവസത്തെ മഴയിൽ അടർന്നു വീണ നീർമാതള പൂക്കളെ കണ്ടപ്പോൾ വല്യ വിഷമമായി. ഉമ്മറകോലായിലെ തൂണിൽ ചാരിയിരുന്നു. അടർന്നുവീണ നീർമാതള പൂക്കളെ  ഓർത്തിരിക്കേ മനസ്സ് വീണ്ടും ആവണിയിലേക്ക്  ചാഞ്ഞു കഴിഞ്ഞ വർഷമായിരുന്നു ആവണിയുടെ വാട്സ് ആപ്പ് മെസേജ് വന്നു തുടങ്ങിയത്. സുപ്രഭാതവും ശുഭ രാത്രിയും ഫോർവേർഡ് മെസേജുകളും പതുക്കെ കൊച്ചു ചാറ്റുകളിലേക്ക് വഴിമാറി.

മനസ്സിൽ ഒളിച്ചു വച്ച നിശ്ശബ്ദ പ്രണയം ഏതോ ഒരു നിമിഷത്തിൽ അവൾ വെളിപ്പെടുത്തിയപ്പോൾ, എന്റെ മനസ്സിനെയും പിടിച്ചു നിർത്താൻ ആയില്ല . 

"നമ്മളിൽ ആരെങ്കിലും ഒരാൾ മനസ്സ് ഒന്നു തുറന്നുവെങ്കിൽ " പറയാതെ അറിയാതെ നഷ്ടമായ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ചുള്ള  നിരാശ ഞങ്ങൾ ചാറ്റുകളിൽ പങ്കു വെച്ചു.  മുഖപുസ്തകത്താളുകളിൽ ഞാൻ എഴുതിക്കൂട്ടിയ കവിതകളിൽ അവളോടുള്ള പ്രണയം കടന്നു കൂടി. ഉറക്കം വരാത്ത രാത്രികളിൽ അവൾ  ഹൃദയതന്ത്രികളിൽ  താളമിട്ട്  കവിതകൾ ചൊല്ലി കേൾപ്പിച്ചു. കൂട്ടുകാർ എന്നിലെ നഷ്ട പ്രണയത്തിന്റെ വേരുകൾ അന്വേഷിച്ചു നടന്നു.  

ഞങ്ങളുടെ  മനസ്സ്,  പറയാതെ അറിയാതെ പോയ വർണ്ണശബളമായ പ്രണയത്തിന്റെ വസന്ത കാലത്തേക്ക് വീണ്ടും ചേക്കേറാൻ കൊതിക്കുകയാണെന്ന് മനസ്സിലായ നിമിഷം ഞങ്ങൾ യാഥാർത്ഥ്യത്തിലേക്ക് നടന്നു. ഞങ്ങളെ ഞങ്ങൾ തന്നെ പരസ്പരം നിയന്ത്രിച്ചു. 

ഓർമ്മത്തുമ്പുകൊണ്ട്  വീണ്ടും മനസ്സിൽ ചിന്തുമ്പോഴാണ്, പിന്നിൽ നിന്ന് ശബ്ദം കേട്ടത്.

"ഇതെന്താ,  ഇവിടെ ഇരിക്കുന്നത്?" ശ്രീരേഖ  ഈറൻ മുടി തുമ്പിലെ വെള്ളം കുടഞ്ഞു കൊണ്ട് അടുത്തു വന്നിരുന്നു.

"പ്രകൃതി ആസ്വാദനം നേരെത്തെ കഴിഞ്ഞോ?"  അടുത്തിരിക്കുന്ന ഒഴിഞ്ഞ തുണി സഞ്ചി ചൂണ്ടി അവൾ ചോദിച്ചു.

"ഇതെന്താ, മഴയിൽ മാങ്ങ ഒന്നും വീണില്ലേ? "

"പറമ്പിൽ ഒന്നും കറങ്ങിയില്ല. വേഗമിങ്ങ് തിരിച്ചു പോന്നു"

 "പ്രകൃതിയെ വിട്ട് വേഗമിങ്ങ് വരില്ലല്ലോ പ്രത്യേകിച്ച് വേനൽ മഴ തിമിർത്തു പെയ്ത അവസരത്തിൽ,  മുഖത്ത് എന്താ ഒരു മ്ലാനത."

"ഏയ്, ഒന്നുമില്ല. "

"മം അല്ല ചേട്ടനെ എനിക്കറിഞ്ഞൂടെ, എന്തോ  പ്രശ്നം. ഉണ്ട് . "

"ഒന്നുമില്ലടാ . നമുക്ക് ഒരു യാത്ര പോയാലോ? . ഓഫീസിലെ തിരക്ക് പിടിച്ച ജോലിയിൽ നിന്ന് മനസ്സ് ഒന്ന് ഫ്രീയാക്കണം."

"മം ഞാൻ ചേട്ടനോട് അങ്ങോട്ട് പറയാൻ നോക്കുകയായിരുന്നു. ഇപ്പോ കുറേയായി  കവിതയൊന്നും കാണാറില്ലാലോ.  ഒറ്റെയ്ക്ക് ഒരു യാത്ര  പോയ്,  നിറയെ അനുഭവങ്ങളുമായി തിരിച്ചു വാ"  അവളെ നല്ലോണം ഒന്നു നോക്കി

"ശരിക്കും പറഞ്ഞതാ. എനിക്കും വീട്ടിൽ പോയി നിൽക്കാം. അമ്മയെ ഡോക്ടറെ കാണിക്കാനും ഉണ്ട് "

അവൾ പറയുന്നത് സത്യമാണെന്ന് മനസ്സിലായതോടെ എന്റെ വാട്ട്സ് ആപ്പിലൂടെ ആവണിക്ക് ഒരു   സ്മൈലി പറന്നു പോയി.           


രാജശ്രീ ടൂർ കോർഡിനേറ്റർ  നന്ദുവിൽ നിന്നും ഐഡന്റിറ്റി കാർഡും വാങ്ങി ഇന്റിഡിഗോ ബോയിംഗ് വിമാനത്തിലെ സീറ്റ് നമ്പർ 38 ൽ  പോയിരുന്നു. സീറ്റ് നമ്പർ 37 ൽ നേരെത്തെ ആളുണ്ടായിരുന്നു അപരിചതത്വത്തിന്റെ  കപട മുഖം മൂടിയണിഞ്ഞു.

സീറ്റ് ബെൽറ്റ് മാറ്റി  നേരെ ഇരുന്നു. പഞ്ഞികെട്ടുകളിലൂടെ ഒഴുകി കൊണ്ടിരിക്കുന്ന വിമാനത്തോടൊപ്പം മനസ്സും ഒഴുകി. അടുത്തിരിക്കുന്ന ആവണിയെ നോക്കി. ഇളം റോസ് ചുരിദാറിൽ അവൾ ഏറെ സുന്ദരിയായിരുന്നു. ചുണ്ടിൽ നേർത്ത പുഞ്ചിരിയുമായി കണ്ണുകൾ അടച്ചിരിക്കുന്നു

"ആവണി ഇതെന്താ അലോചിക്കുന്നത് ? "

"സ്വപ്നം കണ്ടിരുന്ന ഈ യാത്ര യാഥാർത്ഥ്യമായെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാനായിട്ടില്ല."

സുവർണ്ണ പൂക്കള്‍ വിടർന്ന ആകാശച്ചെരുവിലൂടെ  ചിറകുകള്‍ വിരിച്ച് പറക്കുന്ന അവളോട് ചോദിച്ചു. "അഭിലാഷിന് എന്തു പറ്റി ഇങ്ങിനെ ഒരു യാത്രയ്ക്ക്  പ്രേരിപ്പിക്കാൻ ? "

"ഒരു ഭാഗത്ത് വീട്ടുപണി മറുഭാഗത്ത് ഓഫീസിലെ തിരക്ക്, കുട്ടികളുടെ സ്കൂൾ, പഠനം അവരുടെ അസുഖങ്ങൾ  ശരിക്കും ഇതിനിടയിൽ  ഞാൻ മരവിച്ചു നിൽക്കുകയായിരുന്നു. അപ്പോഴാണ്  അഭിയേട്ടൻ  ചോദിച്ചത്. നിനക്കെന്താ പറ്റിയത് ആവണി? ആകെ കോലം കെട്ടു പോയല്ലോ ? നിനക്കിവിടെ സുഖമല്ലേ?"

തൊണ്ട നനച്ചു കൊണ്ട്  അവൾ തുടർന്നു

"അഭിയേട്ടന്റെ വാക്കുകൾ ഞാനറിയാതെ എന്നെ വല്ലാതെ സങ്കടപ്പെടുത്തി അറിയാതെ മിഴികൾ നിറഞ്ഞു പോയി."

"എനിക്കും ഉണ്ടായിരുന്നു മധുരിതമായ ഇഷ്ടങ്ങളും,  ആഗ്രഹങ്ങളും  പക്ഷേ അവയൊക്കെ ഞാൻ മറന്നു പോയിരുന്നു. ഞാനെന്ന വ്യക്തി എപ്പഴോ മരിച്ചു പോയിരുന്നു."

അവളുടെ ഭാവമാറ്റം സാകൂതം നോക്കി.

"ശരിക്കും എന്റെ ഇഷ്ടമെന്ത് ആഗ്രഹമെന്ത് എന്ന് എന്നോട് ആരും ചോദിച്ചിരുന്നില്ല എന്നതിനപ്പുറം ഞാൻ ആരോടും പറഞ്ഞിരുന്നില്ല. ആർക്കൊക്കെയോ വേണ്ടി ജീവിക്കുകയായിരുന്നു. നമ്മൾക്കു വേണ്ടിയും നമ്മൾ കുറച്ച് ജീവിക്കേണ്ടേ ?"

അവളുടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു.

"എന്തു പറഞ്ഞാലും ആളെ മയക്കുന്ന ചിരിയാ ഉത്തരം. എന്നാലും എനിക്കീ ചിരി ഇഷ്ടമാണ് "

അവളും ചിരിച്ചു. ഒരുമിച്ചുള്ള ആകാശ യാത്ര യുടെ സുഖം അനുഭവിച്ചറിഞ്ഞു ഒരേ ഹൃദയതാളത്തോടെ ഞങ്ങൾ കണ്ണുകൾ അടച്ചു .


വെള്ളിവെളിച്ചം വീശുന്ന ഹൈദ്രബാദിലെ   പ്രണയ മേഘങ്ങളെ നോക്കി ഹോട്ടലിന്റെ മുൻ വശത്തുള്ള ഉദ്യാനത്തിലിരിക്കുമ്പോൾ ആവണി  വന്നു പറഞ്ഞു.

"ആദ്യം ചാർമിനാർ കാണാനാണ് പോകുന്നത് എന്ന് ടൂർ കോർഡിനേറ്റർ പറഞ്ഞു. ബസ്സിൽ നീ എന്റെ അരികിൽ ഇരിക്കണേ"

"പിന്നല്ലാതെയോ" ഞാനവളെ നോക്കി ചിരിച്ചു.

നാല് മിനാരങ്ങളുള്ള മാർബിളിലും ഗ്രാനൈറ്റിലും നിർമ്മിച്ച മനോഹരമായ ചാർമിനാറിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചു നടക്കുമ്പോൾ ആവണി  പറഞ്ഞു, 

"ചാർമിനാറിൽ നിന്ന് ഗോൽകൊണ്ട കോട്ടവരെ ഒരു രഹസ്യ തുരങ്കമുണ്ടെന്ന്  എവിടെയോ വായിച്ചിട്ടുണ്ട്.  ആരും കാണാതെ അതിലൂടെ ഒന്നു നടക്കാനാഗ്രഹമുണ്ട്.

"ഞാനും കൂടെ വരട്ടെ." 

മറുപടി കേട്ട് അവൾ ചിരിച്ചു,

 

"തുരങ്ക പാതയിൽ നിറയെ നീർമാതളം പൂത്തുവിടരട്ടെ. അപ്പോൾ നമുക്ക് ഒരുമിച്ച് വിയർത്തൊട്ടിയ ശരീരങ്ങൾ അടുപ്പിച്ച് അവയെ നനക്കാൻ പോകാം "

അതും പറഞ്ഞ് അവൾ മുന്നോട്ട് നടന്നു.  അവൾ പറഞ്ഞ വാക്കുകളിലെ അർത്ഥമാലോചിച്ച്   പിറകെ ഞാനും.

നിശബ്ദതയെ പുണർന്ന് തൊട്ടടുത്തുള്ള മെക്കാ മസ്ജിദിനു മുമ്പിലെത്തിയ ഞങ്ങളെ ഉണർത്തിയത്  ധാന്യമണികൾ കൊക്കിലൊതൊക്കി  കൂട്ടത്തോടെ  പറന്നുപോകുന്ന പ്രാവുകളുടെ ചിറകടി ശബ്ദമായിരുന്നു. പ്രാക്കൂട്ടത്തോടൊപ്പം പറക്കാതെ ഏകാകിയായി ധാന്യമണികൾ കൊത്തി പറക്കുന്ന ഒരു പ്രാവിനെ ചൂണ്ടി അവൾ പറഞ്ഞു, 

" പാവത്തിന്റെ ഇണ മൃതിയടഞ്ഞു കാണും ഇണകളിലൊരാൾ മൃതിയടഞ്ഞാൽ മറ്റേയാൾ മരണം വരെ ഏകാകിയായി ജീവിക്കും."

വീശിയടിച്ച തണുത്ത കാറ്റിൽ ഇളകിയാടുന്ന  ചുരിദാറിന്റെ നീല ഷാള്‍ ഒതുക്കി പിടിച്ചു  നിൽക്കുന്ന ആ വണിയേയും    പ്രണയാര്‍ദ്ര തേങ്ങലുകള്‍ പുറപ്പെടുവിക്കുന്ന പ്രാവിനെയും നോക്കി. 

"നീയില്ലെങ്കിൽ എനിക്ക് ജീവിക്കാൻ വയ്യ എന്ന  പ്രണയത്തിന്‍റെ കാതൽ അവൾ എന്നെ ഓർമ്മിപ്പിക്കുകയാണോ ! "

"എനിക്ക് കുറച്ച് കുപ്പിവളകൾ വാങ്ങണം. നമുക്ക് ലാഡ് ബസാറിലേക്ക്  പോയാലോ?"

അല്പസ്വപ്നങ്ങളുടെ നിറം ചാലിച്ച കുപ്പിവളകളുടെ  വർണക്കൊട്ടാരത്തിലൂടെ ഞങ്ങൾ  നടന്നു. കൈത്തണ്ടയിൽ കയറാൻ മടിച്ചു നിൽക്കുന്ന കുപ്പിവളകൾ എനിക്ക് നേരെ നീട്ടി കൊണ്ട് അവൾ ചോദിച്ചു

"ഈ വളകൾ ഒന്ന് കൈയ്യിൽ ഇട്ട് തരുമോ "

കൂമ്പിയ കൈവിരലുകളിലൂടെ, നനുത്ത രോമങ്ങളിൽ ചിത്രം വരച്ചു  ചുവന്ന കുപ്പിവളകള്‍ പിണക്കമില്ലാതെ അവളുടെ കൈത്തണ്ടയിൽ ഊർന്നിറങ്ങി. 

എന്നും എനിക്ക് പ്രിയപ്പെട്ട അവളുടെ കൈകളിൽ  ചുവന്ന വർണ്ണം വളയങ്ങൾ തീർത്തപ്പോൾ സന്തോഷം തോന്നി. കുപ്പിവള കിലുക്കവുമായി എന്നിൽ നിന്ന് കൈകൾ പിൻവലിക്കാതെ വളകളുടെ വർണ്ണ സാമ്രാജ്യത്തിലൂടെ  ഞങ്ങൾ നടന്നു. തെളിമയാർന്ന ഹൈദ്രബാദിന്റെ നീലാകാശത്ത്, അവളുടെ വിയർപ്പു കണങ്ങൾ  മഴമേഘങ്ങളായി  ആർത്തലച്ചു പെയ്യുന്ന മഴയ്ക്കായി  കൊതിച്ചു. കണ്ണാഴങ്ങളിലിന്നും തോരാതെ പെയ്യുന്ന  നഷ്ടബോധത്തിന്റെ മിഴിനീരിനെ ഒഴുക്കിക്കളയാനായ് .

ഉച്ച ഭക്ഷണത്തിനു ശേഷം, ഹൈദ്രബാദിന്റെ രാജകൊട്ടാരമായ ഗോൽകൊണ്ടയിൽ എത്തി. കൊട്ടാര അന്ത:പുരത്തിന്റെ ജനാലകളിലൂടെ അകത്തേക്ക് എന്റെ നോട്ടം പാളി വീണു മുത്തശ്ശി കഥ പോലെ ചരിത്ര മുറങ്ങുന്ന അകത്തളത്തിൽ മുഹമ്മദ്  ഖുതബ് ഷാ രാജകുമാരനു വേണ്ടി   ഭാഗ്മതിയുടെ ഭാഷകൾക്കതീതമായ പ്രണയ സംഗീതം ശ്രവിക്കാൻ കാതോർത്തു.

ആർത്തലച്ചൊഴുകുന്ന മുസി നദി അതിസാഹസികമായി നീന്തിക്കടന്ന് തന്റെ പ്രണയിനിയായ ഗായിക ഭാഗ്മതിയുടെ  പാട്ടുകേൾക്കാൻ,  പോകുന്നതും  രാജശാസനകളെ ലംഘിച്ച് അവളെ സ്വന്തമാക്കിയതും ഓർത്തു  തിരിഞ്ഞു നടക്കുമ്പോൾ കടലിന്റെ നെഞ്ചോരത്ത് തല ചായ് ക്കാൻ വെമ്പൽ കൊള്ളുന്ന അസ്തമയ സൂര്യൻ്റെ പ്രണയത്തിൻ്റെ ലഹരി  പടര്‍ന്ന ചെഞ്ചോപ്പിനെ കണ്ണിലേറ്റി എൻ്റെ  കണ്ണുകളിലേക്ക്  നോക്കി നിൽക്കുകയായിരുന്നു ആവണി.

ഭാഗ്മതിയുടെ പ്രണയത്തിന്റെ തിളക്കം ആ കണ്ണുകളിൽ  കണ്ടു. തന്റെ പ്രണയിനിയെ സ്വന്തമാക്കിയ രാജകുമാരനെ പോലെ എനിക്ക് കഴിഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ ലജ്ജാ ഭാരത്താൽ എൻറ തല താഴ്ന്നു.

പിറ്റേ ദിവസം വിശ്വ വിഖ്യാതമായ സിനിമാ സംരഭങ്ങളുടെ കേന്ദ്രമായ രാമോജി സ്റ്റുഡിയോവിൽ ആടിയും പാടിയും ഞങ്ങൾ ചുറ്റികറങ്ങി. നാൽപ്പതുകളിൽ എത്തിയാൽ തുറന്നു നോക്കാൻ പാടില്ല എന്നു കരുതി മാറ്റി വെച്ച പ്രണയ പാഠങ്ങൾ ഞങ്ങൾ വീണ്ടും എടുത്തു പഠിച്ചു. 

ആവണി സന്തോഷത്തിനിടെ മെല്ലെ എന്നോട് മന്ത്രിച്ചു, "ഈ ദിവസങ്ങൾ   ഒരിക്കലും ഞാൻ മറക്കില്ല.  അത്രയേറെ ആഗ്രഹിച്ചിരുന്നു നമ്മൾ ഒരുമിച്ചുള്ള  ഈ യാത്ര." നിയന്ത്രണം വിട്ട് പറന്നുയരാൻ വെമ്പിയ സ്വപ്നങ്ങൾക്ക് പരിധികളില്ലാത്ത ആകാശം കാണിച്ചു തന്നു  അവളുടെ വാക്കുകൾ അന്നു വൈകുന്നേരത്തെ യാത്ര കഴിഞ്ഞ് ഹോട്ടൽ മുറിയിലേക്ക് പോകുമ്പോൾ ആവണി അരികിൽ വന്നു.

"രാത്രി നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം. ഞാൻ റൂമിലോട്ട് വരാം "

സന്തോഷത്തോടെ നടന്നകലുന്ന അവളെ നോക്കി കുറച്ച് നേരം  അവിടെ തന്നെ നിന്നു.

റൂമിൽ എത്തി കുളിച്ച്, അവൾക്ക് പ്രിയപ്പെട്ട ഹൈദ്രബാദ് ബിരിയാണി റിസപ്ഷനിൽ വിളിച്ച് ഓർഡർ ചെയ്തു.

അവളെ കാത്തിരുന്ന ഓരോ നിമിഷവും ഓരോ യുഗമായി തോന്നി. പ്രായത്തിന്റെ പക്വത മറന്ന് മനസ്സ് ലോലവികാരങ്ങളിൽ ചാഞ്ചാടി. 

വാതിലിൽ മൃദുവായ മുട്ടു കേട്ടതും  ഞാനോടി വാതിൽ തുറന്നു. ആവണിയെ  ഒന്നു നോക്കി. മുടിഴിയകള്‍ മുന്നിലേക്കിട്ട് മുടി മാടിയൊതുക്കി  അവൾ എന്നെ നോക്കി. എന്താ ഇങ്ങിനെ നോക്കുന്നത്? എന്നിൽ നിന്നും ഉത്തരമൊന്നുമുണ്ടാകാതെ വന്നപ്പോള്‍, അവള്‍ വീണ്ടും ചോദ്യം ആവർത്തിച്ചു. അതിനും ഉത്തരമൊന്നുമില്ലാതെ വന്നപ്പോള്‍ അവൾ എന്റെ അരികിലേക്ക് നീങ്ങി നിന്നു.

വിയർപ്പലിഞ്ഞ പെർഫ്യൂം ഗന്ധത്തോടൊപ്പം അവളുടെ ശ്വാസവും മുറിയിൽ നിറഞ്ഞു. ഞാൻ പതുക്കെ ചുവന്ന കുപ്പിവളകളിട്ട ഇടതു കൈ  പിടച്ചു  അവളുടെ കൈപ്പത്തിക്കുമേല്‍ വലതു കൈപ്പത്തി വെച്ചു. ഒരു വിദ്യുത് തരംഗം എന്നിലൂടെ കടന്നു പോയി. അവൾ കണ്ണടച്ചു നിന്നു. ഒരു നിമിഷാർദ്ധത്തിൽ അവളെന്റെ കരവലയത്തിലായി.  എന്തോ അവകാശം പോലെ  ഞാനവളെ ഇറുകെ ഇറുകെ പുണർന്നു.  ഒരു മണിപ്രാവിനെപോലെ അവളെന്റെ ഹൃദയത്തോട് ഒട്ടി നിന്നു. എന്റെ മുഖം താഴേക്ക് വന്നു അവളുടെ സീമന്ത രേഖയിൽ മുട്ടി നിന്നു.  നെറുകയിൽ ഞാനൊന്നു  അമർത്തി ചുംബിച്ചതും ഒരു തേങ്ങലോടെ അവളെന്റെ കരവലയത്തിൽ നിന്ന് ഊർന്നിറങ്ങി സോഫാ സെറ്റിലിരുന്നു.

വിറയലോടെ  ഞാനും അവൾക്കരികിൽ ഇരുന്നു.  ആശ്വസിപ്പിക്കാനുള്ള വാക്കുകൾ കിട്ടാതെ  കുഴങ്ങി. ആവണി പതുക്കെ എന്നോട് പറഞ്ഞു.

"എന്നോട് ക്ഷമിക്കൂ. എന്തോ എനിക്കാവില്ല! പക്ഷേ നിന്നെ നിഷേധിക്കുവാനും എനിക്കാവില്ല!  വേണമെങ്കിൽ." ഞാൻ അവളുടെ കൈ വീണ്ടും കവർന്ന് ദൂരേക്ക് നോട്ടമെറിഞ്ഞ് കൊണ്ട് പറഞ്ഞു

 

"ഒരിക്കലും ഇല്ല ആവണി. കെട്ടുപോകാതെ  ഞാൻ കാത്തു സൂക്ഷിച്ച  പ്രണയത്തിന്റെ സ്ഫുലിംഗങ്ങൾ എന്നിൽ ഉണ്ടായിരുന്നു. രണ്ട് ദിവസത്തെ നിന്റെ സാമിപ്യം അത് ഒന്ന്  ആളി കത്തിച്ചപ്പോൾ, എല്ലാം മറന്നു പോയി. കാരണം നിന്നെ അത്രയധികം സ്നേഹിച്ചിരുന്നു " 

ആവണി കണ്ണുനീർ തുടച്ച് എന്റെ നെഞ്ചിൽ പറ്റി ചേർന്നു പറഞ്ഞു

"ഈ കാലമത്രയും   നിന്നിൽ അലിയുന്ന  നിമിഷത്തെ കുറിച്ച്  സ്വപ്നം കണ്ടിരുന്നു. പക്ഷേ ഈ ജന്മത്തിൽ എനിക്ക് അതിനാവില്ല എന്ന്   മനസ്സിലായി." അവൾ അത് പറഞ്ഞപ്പോൾ അവളുടെ സീമന്തരേഖയിൽ നിന്നും എന്റെ ചുണ്ടിൽ പറ്റിയ സിന്ദൂരം  കവിളിൽ ഊർന്നിറങ്ങി പൊള്ളിച്ചു.

"ഞാനെപ്പോഴും  അകലെ അല്ലാത്ത  കടൽത്തീരത്തൂടെ  നിന്റെ  തോളിൽ തലചായ്ച്ച് നടന്ന്, മണൽത്തരികളിൽ പാദമൂന്നി നിന്റെ ചുണ്ടുകളുടെ മാധുര്യം നുണയണമെന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു.  പക്ഷേ പേടി ആയിരുന്നു ആരെങ്കിലും കണ്ടെങ്കിൽ .

പക്ഷേ, ഇവിടെ ഇപ്പോൾ ആരും കാണാനില്ലെങ്കിലും, മനസ്സാക്ഷിയെ വഞ്ചിക്കാൻ എനിക്ക് ആവില്ല. കൂടാതെ എന്നെ   സന്തോഷത്തോടെ  യാത്രയാക്കിയ  എന്റെ അഭിയേട്ടനെ. അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസത്തെയും."

അവൾ എന്റെ കൈപിടിച്ച്  കുറേ ദൂരം കരഞ്ഞു. 

അവൾ  മുറിയിൽ നിന്ന് മടങ്ങുമ്പോൾ  ഒരു  കുറ്റബോധത്തിന്റെ കൂർത്ത സൂചി മുനകൾ ഉള്ളാളങ്ങളിൽ തുളച്ച് കയറുന്നുണ്ടായിരുന്നു

പിറ്റേ ദിവസം രാവിലെ, എയർപോർട്ടിലേക്കുള്ള മടക്ക യാത്രയിൽ വളരെ സന്തോഷവതിയായി ആവണി എന്റെ അരികിൽ ബസ്സിൽ ഇരുന്നു.  യാത്ര പോലും പറയാതെ കഴിഞ്ഞ ദിവസം മുറിയിൽ നിന്ന് പോകുമ്പോളുണ്ടായിരുന്ന ഭാവങ്ങൾ അവളെ വിട്ടകന്നിട്ടുണ്ടായിരുന്നു.

സന്തോഷത്തോടെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.   മൂളലുകൾ കൊണ്ട്  ഉത്തരം നല്കി, ഞാൻ പുറം കാഴ്ചകളിൽ മിഴിയൂന്നിയിരുന്നു. 

ബസ്സ് , ഹുസൈൻ സാഗറിന്റെ അരികിലൂടെ കടന്നുപോകുമ്പോൾ ഹൃദയാകൃതിയുള്ള തടാകത്തിന്റെ  മദ്ധ്യഭാഗത്തുള്ള ശ്രീബുദ്ധന്റെ അരികിൽ  ഒറ്റ കുതിപ്പിനു എത്തി ഒന്നു പൊട്ടികരായാൻ മനസ്സ് കൊതിച്ചു. ബുദ്ധാ, നേരമില്ലല്ലോ. നഷ്ടങ്ങളുടെ കൂട്ടത്തിൽ ഈ ആഗ്രഹവും  എഴുതി വെക്കാം എന്നു ആശ്വസിച്ചു.

എയർപോർട്ടിലും വിമാനത്തിലും ആവണിയെ സന്തോഷവതിയായി കണ്ടു. വിമാനത്തിൽ കയറി എന്റെ തോളിൽ തല ചായ്ച്ച് അവൾ വേഗം ഉറങ്ങി.  ഞാനവളുടെ മുഖത്ത് നോക്കി.  ഇന്നലെ നടന്ന സംഭവം സ്വപ്നം കാണുമായിരുക്കുമോ? ഓർത്തെടുക്കാൻ ഇഷ്ടപ്പെടുന്നത് കാണുന്നത് ദുഃസ്വപ്നങ്ങളല്ലേ ?

എയർപോർട്ടിനു പുറത്തിറങ്ങിയപ്പോൾ,  ആവണി ചോദിച്ചു. "എങ്ങിനെയാ പോകുന്നത് ?"

"ടൗണിൽ നിന്ന് ബസ്സിൽ പോകണം. "

" ശരി  വീട്ടിൽ എത്തിയിട്ട് വിളിക്കാം. അഭിയേട്ടൻ കാറുമായി വന്നിട്ടുണ്ട്."

ആ പേരും കേട്ടതും എന്തോ ഒരു വെപ്രാളം മനസ്സിൽ . ഞാൻ വേഗം മുന്നോട്ട് നടന്നു.

ബാഗും തൂക്കി ആലോചനയിൽ മുഴുകി നടക്കുമ്പോൾ ആയിരുന്നു പിന്നിൽ നിന്ന് കാറിന്റെ നിർത്താതെയുള്ള ഹോണടി .

ഞാൻ വേഗം ഫുട്പാത്തിൽ കയറി നിന്നു .  കാറിലേക്ക് നോക്കി.  ആവണി ആയിരുന്നു കാറിൽ.

 

" വാ കാറിൽ കയറൂ. "

 തിരക്കിനിടയിൽ ഞാൻ വേഗം കാറിൽ കയറി ഇരുന്നു. 

 

"നോക്ക് ഇതാണ്  അഭിയേട്ടൻ "

ഞാൻ ഒരു വിളറിയ ചിരി വരുത്തി.

"അഭിയേട്ടന് ആളെ മനസ്സിലായില്ലേ ? "

"ഓ പിന്നല്ലാതെ. യാത്രയിൽ, ഇദ്ദേഹവും ഉണ്ടായിരുന്നു അല്ലേ ?"

"മം" ഞാനൊന്നു മൂളി .

"യാത്ര എങ്ങിനെ ഉണ്ടായിരുന്നു."

" നല്ല വണ്ണം ആസ്വദിച്ചു " ഞാൻ വീണ്ടും വിക്കി

"നീ ഇങ്ങനെ, പേടിക്കുകയൊന്നും വേണ്ട. 

അഭിയേട്ടന് എല്ലാം അറിയാം. ഞാൻ ആദ്യ രാത്രിയിൽ തന്നെ നിന്നോടുള്ള എന്റെ നിശബ്ദ പ്രണയം അഭിയേട്ടനോട് പറഞ്ഞിരുന്നു."

ഞാൻ അവളെ ഒരു താക്കീതോടെ നോക്കി. അവൾ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു

"അതിനു ശേഷം ഞങ്ങളുടെ സൗന്ദര്യ പിണക്കങ്ങളിലും വഴക്കുകളിലും നീ ഒരു വില്ലനായും നായകനായും വരാറുണ്ട്. ഇനിയും വരും അല്ലേ അഭിയേട്ടാ?" അവർ രണ്ടു പേരും ഉറക്കെ പൊട്ടി ചിരിച്ചു

 

അവരുടെ ചിരിയിൽ പങ്കു ചേരാനാവാതെ  അവരുടെ സ്നേഹവും തുറന്നു പറച്ചിലുകളും കണ്ട് അത്ഭുതപ്പെട്ടിരുന്നു. ആവണി യാത്രയിലെ രസകരമായ നിമിഷങ്ങൾ അഭിയുമായി പങ്കു വെക്കാൻ തുടങ്ങിയപ്പോൾ . കാറിലെ കുളിർമ  കൺപോളകളുടെ കനം കൂട്ടി.

 

ആവണിയുടെ വീട്ടിൽ നിന്നും ചായയും പലഹാരവും കഴിച്ച് അഭിലാഷിനോടും മക്കളോടും യാത്ര പറഞ്ഞു ഞാനിറങ്ങി.

 

ആവണി എന്നെ യാത്രയാക്കാൻ കൂടെ  ഇറങ്ങി. 

"എനിക്കറിയാം നീ കരുതുന്നുണ്ടാവും ഞാൻ നല്ലൊരു നടിയാണെന്ന്, അല്ലേ?"

ഇവളെന്താണ് പറയാൻ തുടങ്ങുന്നത് എന്ന ആകാംഷയിൽ  നോക്കി.

"ഇന്നലെ രാത്രിയിൽ,  അരുതാത്തത് സംഭവിച്ചിരുന്നെങ്കിൽ, ആവണി ആ നിമിഷം മരിച്ചു പോയേനേ. പിന്നെ അഭിയേട്ടനെയോ കുഞ്ഞങ്ങളെയോ അഭിമുഖീകരിക്കാൻ ആവില്ല.  അവരിൽ നിന്ന് ഒളിച്ചോടിയേനെ.

ഞാൻ  പ്രണയിച്ചത്  നിന്റെ ഉടലിനെ ആയിരുന്നില്ല നിന്റെ ഹൃദയത്തെയാണ്. ഞാൻ മരിക്കും വരെ അതിനെ പ്രണയിച്ചു കൊണ്ടിരിക്കും."

അവളെ ഒരു തരത്തിലും മനസ്റ്റിലാവാതെ ഞാൻ വീണ്ടു യാത്ര പറഞ്ഞിറങ്ങി.

 

അവളെ കണ്ട നാൾ മുതൽ എന്റെ ഹൃദയത്തിൽ  പൂവിട്ട പ്രണയ പുഷ്പം  എല്ലാ ഋതുക്കളും കടന്നു പോകുമ്പോഴും അതിനെ  വാടാൻ അനുവദിച്ചിരുന്നില്ല. എന്റെ യാത്രയവസാനിക്കുമ്പോൾ  കൂടെ കൊണ്ടുപോകാനുള്ളതാണ് ആ ചുവന്ന പൂക്കൾ ഇന്നത് വീണ്ടും ചുവന്നിരിക്കുന്നു. 

വീട്ടിലേക്ക് കയറുമ്പോൾ തൊടിയിൽ  മിഴി തുറന്നു നില്ക്കുന്ന നീർമതാള പൂക്കൾ എന്നെ  നോക്കി പുഞ്ചിരിച്ചു 

പ്രണയമേ നിന്നെ വീണ്ടും നിശബ്ദമാക്കി, യാഥാർഥ്യത്തെ ഉൾക്കൊണ്ട്, എത്ര ദൂരമെന്നറിയാതെ ഒറ്റക്ക് ഞാനീ യാത്ര  തുടരട്ടെ ഉടലില്ലാതെ നിന്റെ ഉയിരിൽ നിലാവായോ നക്ഷത്രമായോ അലിഞ്ഞുചേരുന്നതു വരെ.  

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ