(Vasudevan Mundayoor)
ഉച്ചമയക്കത്തിൽ നിന്നും മിഴി തുറന്നത് ഇളംവെയിലിൽ വെള്ളിനൂലുകൾ പാകി നൃത്തം ചെയ്യുന്ന മഴക്കാഴ്ചയിലേക്കാണ്. കോളിങ്ങ് ബല്ലിലെ കിളി നിർത്താതെ ചിലക്കുന്നുണ്ടായിരുന്നു അപ്പോൾ.
ഉറക്കാലസ്യത്തോടെ വാതിൽ തുറന്നപ്പോൾ കണ്ടത് മഴ നനഞ്ഞ് നില്ക്കുന്ന ഒരു കൗമാരക്കാരനെയാണ്. നനഞ്ഞു കുതിർന്ന ഷർട്ടും പാൻറും. മഴത്തുള്ളികൾ ഇറ്റുവീഴുന്ന കോലൻ തലമുടി. അത്ഭുതത്തിൽ വിടർന്ന കണ്ണുകൾ. അനുവാദം ചോദിക്കാതെ അവൻ അകത്തേക്കു കടന്നു. പൂച്ചകൾ നനഞ്ഞ ശരീരത്തിലെ വെള്ളം കുടഞ്ഞു കളയും പോലെ അവൻ തലകുടഞ്ഞു. തലമുടിയിലെ തണുത്ത മഴവെള്ളം എെൻറ ശരീരത്തിലടക്കം അവനു ചുറ്റിലും വീണുചിതറി. പെട്ടെന്ന് ഓർമ്മകളുടെ സ്പർശനമേറ്റ് എൻെറ മനസ്സ് പൊള്ളി.
അപ്പോഴക്കും ചിരപരിചിതനായ ഒരു അംഗത്തെപ്പോലെ ഓരോ മുറിയിലും അവൻ കയറിയിറങ്ങി.
“അത്ഭുതം..എല്ലാം ഞാൻ കണ്ടപോലെ..എല്ലാം പഴയതു പോലെ..” എന്നവൻ സന്തോഷത്തോടും ആവശത്തോടും കൂടെ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. സത്യത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് വ്യക്തമായില്ല.
“ചേട്ടൻെറ പാരാസൈക്കോളജി പഠനവും പ്രേതാത്മാക്കളായുള്ള കൂട്ടുകെട്ടും ഇനിയും അവസാനിച്ചില്ലേ..?”
എൻെറ മേശപ്പുറത്തെ പുസ്തകങ്ങളും രഹസ്യമായി ഞാൻ ഉപയോഗിക്കാറുള്ള ഓജോ ബോർഡും പരതി നോക്കുന്നതിനിടെ അവൻ ചോദിച്ചു.
“ഇവിടെ ഒരു പെയ്ൻറിങ്ങ് ഉണ്ടായിരുന്നല്ലോ. പറക്കുന്ന പക്ഷികളും മനുഷ്യാവസ്ഥകളും ഇടകലർന്ന ഒരു തീമാറ്റിക്ക് പെയിൻറിങ്ങ്..”
റീഡിങ്ങ് റൂമിലെ പാടത്തിെൻെറ പച്ചപ്പിലേക്ക് തുറക്കുന്ന ജാലകത്തിെൻറ മുകളിലേക്കു വിരൽചൂണ്ടി അവൻ ചോദിച്ചു.
അവൻ ചോദിച്ചത് ശരിയായിരുന്നു. അഞ്ചു വർഷങ്ങൾക്കു മുൻപ്വരെ അങ്ങിനെ ഒരു പെയ്ൻറിങ്ങ് അവിടെ ഉണ്ടായിരുന്നു.
“നീ ആരാണു കുട്ടി..? “ എന്ന എെൻറ ചോദ്യത്തിന് മറുപടി പറയാതെ അവൻ ഗോവണി പടികൾ ഓടിക്കയറി മുകളിലേക്ക് പോയി. കാൽമുട്ടിലെ വേദന കാരണം ഞാൻ ഗോവണി അധികം കയറാറില്ല. വേദന സഹിച്ചിട്ടാണെങ്കിലും ഞാൻ സാവാകാശം ഗോവണി കയറി.
മുകളിലെത്തിയ ഞാൻ ഞെട്ടിപോയി. പതിനാറ് വർഷങ്ങൾക്കു മുൻപ് എൻെറ അനുജൻ അവനുമാത്രമറിയാവുന്ന നമ്പർ ലോക്കിട്ട് പൂട്ടിയ മുറി തുറന്നു കിടക്കുന്നു. പതിനാറ് വർഷമായി തുറക്കാത്ത ആ മുറി ആദ്യമായി ഇന്ന്..
എൻെറ ശരീരത്തിലെ കാൽ വിരൽ തുമ്പിൽ നിന്നും ഒരു തരിപ്പ് മുകളിലേക്ക് പടർന്നു കയറി. അനുജൻെറ മുറിയിലെ ഓരോ സാധനങ്ങളും പരിചിത ഭാവത്തോടെ എടുക്കുകയും തുടച്ചുവെക്കുകയും ചെയ്യുന്ന അവനെ കണ്ട് ഞാൻ തരിച്ചു നിന്നുപോയി. എനിക്ക് ഒന്നും സംസാരിക്കാൻ പോലും കഴിഞ്ഞില്ല.
“എല്ലാം ഞാൻ കണ്ടപോലെ..ഒരു മാറ്റവുമില്ല..” എന്നെ കണ്ടപ്പോൾ അവൻ പറഞ്ഞു.
എൻെറ അനുജന് ഏറ്റുവും ഇഷ്ടമായിരുന്ന ഒരു സ്ഫടിക ശില്പം അവൻ കയ്യിലെടുത്തു. അത് പൂക്കളും വള്ളികളും പടർന്ന മൈ ലൈഫ് എന്ന് ആലേഖനം ചെയ്ത ഹൃദയശില്പമായിരുന്നു. തുടക്കുന്നതിനിടയിൽ അത് വഴുതി താഴെ വീണ് തകർന്ന് ചിതറി. ഞട്ടലോടെ അവൻ ഒരു നിമിഷം പകച്ചു നില്കുകയും കുറ്റബോധത്തോടെ തലകുനിക്കുകയും ചെയ്തു.
പിന്നീട് തല ഉയർത്തിയ അവൻെറ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നത് ഞാൻ കണ്ടു. “ക്ഷമിക്കണം..അറിയാതെ പറ്റിയതാണ്..” എന്നു പറഞ്ഞ് ഓടി വന്ന് അവൻ എൻെറ കാൽ തൊട്ടു. അവൻെറ സ്പർശനത്തിൽ കാൽ പൊള്ളിയ പോലെ എനിക്ക് തോന്നി.
“എന്താണ് കുട്ടീ ഈ കാണിക്കുന്നത്?“ എന്നു പറഞ്ഞ് ഞാൻ പിറകോട്ട് മാറി.
ഓരോ തെറ്റു ചെയ്യുമ്പോഴും അങ്ങിനെ ചെയ്യുന്ന എനിക്കു പരിചയമുള്ള ഒരേ ഒരാൾ എൻെറ അനുജൻ മാത്രമായിരുന്നു. എത്ര വിലക്കിയാലും ഓരോ ചെറിയ തെറ്റിനും അവനിങ്ങനെ കാലു പിടിച്ച് ക്ഷമാപണം ചെയ്യുമായിരുന്നു.
പതിനാറു വർങ്ങൾക്കു മുൻപ് എനിക്കവനെ നഷ്ടപ്പെട്ടതാണ്. കണക്കിനെയും വേഗത്തേയും മഴയേയും പ്രണയിച്ചവനായിരുന്നു അവൻ. അച്ഛനും അമ്മയും ചേട്ടനും സുഹൃത്തുമെല്ലാം അവന് ഞാൻ മാത്രമായിരുന്നു. അവൻെറ ഒരു ആഗ്രഹത്തിനും ഞാൻ എതിരു നിന്നിട്ടില്ല. ഒരു വർഷകാല സന്ധ്യയിൽ കോരിച്ചൊരിയുന്ന മഴയിലേക്ക് ഓടിയിറങ്ങി ബൈക്കുമായി പാഞ്ഞു പോയതാണ്. അമിത വേഗത്തിൽ പോയ ബൈക്ക് ലോറിയിലിടിച്ച് ചിതറിയ മൃതശരീരമായാണ് അവൻ തിരിച്ചു വന്നത്.
യുക്തിയെ സ്നേഹം കീഴടക്കുന്ന വേളയിൽ പരലോകത്ത് അവനെ കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിൻെറ പൊരുൾ തെളിയുന്നതുപോലെ എനിക്കപ്പോൾ തോന്നി. കുറച്ചു നിമിഷത്തെ മൌനത്തിനു ശേഷം കുറ്റബോധത്തോടെ കൌമാരക്കാരനായ ആ കുട്ടി മുറി വിട്ട് പുറത്തിറങ്ങി.
സാവകാശം ഗോവണി പടിയിറങ്ങുമ്പോൾ കണ്ണു തുടച്ചുകൊണ്ട് അവൻ പറഞ്ഞു – “ ഞാൻ വീണ്ടും വരും“
പുറത്ത് അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.
“നിൽക്കൂ.. മഴ മാറിയിട്ടി പോകാം“ എന്നു ഞാൻ പറഞ്ഞെങ്കിലും അവൻ അനുസരിച്ചില്ല. മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി അവൻ അതിവേഗം ഓടിച്ചുപോയി.
പൂമുഖത്തെ ചാരു കസേരയിൽ ഞാൻ തളർന്നിരുന്നു. ഉച്ചമയക്കത്തിനിടയിൽ കണ്ട ഒരു സ്വപ്നമായിരുന്നു അത് എന്ന് വിശ്വസിക്കാൻ ഞാൻ സ്വയം ശ്രമിച്ചുകൊണ്ടിരുന്നു. മറ്റൊരു ഉച്ചമയക്കത്തിനായി ഞാൻ കണ്ണുകളടച്ചു.