(കണ്ണന്‍ ഏലശ്ശേരി)
സ്കൂളിലെ കഞ്ഞി ചേച്ചിയുടെ ഉച്ചകഞ്ഞിക്കും ചെറുപയറിനും മാരകമായ രുചിയാണ്. പൊതുവെ കുട്ടികൾ രണ്ടാമതും കഞ്ഞി വാങ്ങാൻ വന്നാൽ അവർ മുഖം കറുപ്പിച്ച് എന്തേലും പറയുകയാണ് പതിവ്.
പക്ഷേ എന്നോടെന്തോ ഒന്നും പറയാറില്ല. രാവിലത്തെ വയറിന്റെ കത്തൽ പാതി ശമിപ്പിച്ചാണ് ഓടി സ്കൂളിൽ എത്തുന്നത്. പഠിക്കാനുള്ള ആവേശമൊന്നുമല്ല. ഉച്ചക്ക് കിട്ടുന്ന കഞ്ഞിയും പയറുമാണ് ഒരു ദിവസത്തെ മുഴുവൻ കീഴ്പ്പെടുത്താനുള്ള ആഹാരം. കൂട്ടുകാരൊക്കെ പറയാറ് ഏറ്റവും സ്വാദുള്ള ആഹാരം വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിൽ എത്തുമ്പോൾ അമ്മ ഉണ്ടാക്കിവെക്കുന്നതാണെന്നതാണ്. പക്ഷേ എനിക്ക് ആ അനുഭവമില്ലലോ. അതിനാൽ അമൃത് തുല്യമായ ആഹാരം ഈ ഉച്ചക്കഞ്ഞി തന്നെയാണ്. പൊതുവെ ദുർമുഖം കാണിക്കുന്ന കഞ്ഞി ചേച്ചിയാണ് എനിക്ക് എറ്റവും ഇഷ്ടപെട്ട ആഹാരം തരുന്നതെന്ന് കൂട്ടുകാരോട് പറഞ്ഞാൽ അവരെന്നെ കളിയാക്കും. കഞ്ഞി ചേച്ചിയെ അവർക്കൊന്നും ഇഷ്ടമല്ല.
ഉച്ചക്കുള്ള കഞ്ഞിയൊക്കെ കുടിച്ച ശേഷം കൂട്ടുകാരോടൊത്ത് കുറേ നേരം കളിച്ചു. ബെല്ലടിച്ചു കഴിഞ്ഞ് ഓടി വന്ന് ജനലിലൂടെയാണ് ക്ലാസ്സിലേക്ക് കയറി ഇരുന്നത്. ബെല്ലടിച്ച ശേഷം ക്ലാസ്സിൽ കയറുന്നത് കണ്ടാൽ ചന്ദ്രൻ മാഷ് ചൂടാവും. ചിലപ്പോ രണ്ടെണ്ണം കിട്ടേം ചെയ്യും. എപ്പോഴും ചീത്ത പറയുന്ന ആ മാഷെ 'ചന്ദ്രചൂടൻ' എന്നാണ് കുട്ട്യോളൊക്കെ വിളിക്കുന്നത്. സ്റ്റാഫ് റൂമിലെ മാഷിന്റെ സീറ്റിൽ ഇരുന്ന് നോക്കിയാൽ ഞങ്ങളുടെ ക്ലാസ്സിലേക്ക് കയറുന്നത് കാണാം. മുൻപ് കുറേ തല്ലും ചീത്തയും കിട്ടിയത് കൊണ്ട് ഇപ്പോ സ്ഥിരായി ജനൽ വഴിയാണ് എന്റെ ക്ലാസ്സിൽ കയറ്റം.
ഉച്ചക്ക് ശേഷം ചന്ദ്രചൂടൻ തന്നെയാണ് ക്ലാസ്സിൽ വന്നത്. ഒരു കൈയിൽ എന്തോ ഒരു പേപ്പറും രണ്ട് വലിയ ചോക്കും മറു കൈയിൽ ഒരു ചൂരലും ഗൗരവം വിടാതെയുള്ള മുഖത്ത് ഒരു കറുത്ത കണ്ണടയും പേറിയാണ് ക്ലാസ്സിൽ വന്നത്. നോട്ടീസ് എന്ന് പറഞ്ഞാണ് ആ പേപ്പറിലെ കാര്യങ്ങൾ വായിച്ചത്. "അടുത്ത വെള്ളിയാഴ്ച്ച രണ്ട് മണിക്ക് PTA മീറ്റിംഗിന് വീട്ടിൽന്ന് ആളെ കൊണ്ട് വരണം" അതാണ് നോട്ടീസ്. അച്ഛനോ അമ്മയോ വരണം എന്ന് പറയുമ്പോഴും അധികവും എല്ലാവരുടെയും അമ്മയാണ് വരാറ്.
അച്ഛനെ കൊണ്ട് വരാൻ അങ്ങനെ ഒരാളെ ഇത് വരെ എനിക്കറിയില്ല. എന്നാൽ അമ്മയുണ്ട്. കൊറേ അമ്മയുണ്ട്. ഏത് അമ്മയെ കൊണ്ട് വരും എന്നായി പിന്നത്തെ ചിന്ത. ഓർമ വെച്ച നാൾ മുതൽ കാണുന്ന സിസ്റ്ററമ്മ സ്കൂളിലേക്ക് വരുമോ. എന്നോട് ഒത്തിരി സ്നേഹമൊക്കെയാണേലും അവർ ഞങ്ങളുടെ അനാധാലയം വിട്ട് പുറത്ത് പോകുന്നത് ഇത് വരെ കണ്ടിട്ടില്ല. മാട്രിൻ അമ്മയോട് കാര്യം പറഞ്ഞാലോ. അവർ അത്യാവശ്യത്തിനൊക്കെ പുറത്തിറങ്ങുന്നതല്ലെ. എങ്കിലും അവർ ആർക്കൊക്കെ വേണ്ടി സ്കൂളിൽ വരും. ഞങ്ങളുടെ അനാഥാലയത്തിൽ നിന്നും 15ഓളം കുട്ടികൾ ഇവിടെയുണ്ട്. അവരൊന്നും സ്കൂളിൽ പോകുന്നതേ മാട്രിൻ അമ്മക്ക് ഇഷ്ടമല്ല. പിന്നെയല്ലേ എന്റെ മീറ്റിംഗിനു വേണ്ടി സ്കൂളിൽ വരുന്നത്. മഠത്തിന്റെ മുന്നിലെ വീട്ടിലെ വല്ല്യമ്മ ഇടക്ക് വീട്ടുപണിക്ക് വിളിക്കാറുണ്ട്. അവർ വല്ലപ്പോഴും കാശും തന്ന് സഹായിക്കാറുണ്ട്. അവരോട് പറഞ്ഞാലോ. എയ് അവരെന്നെ മോനെ പോലെ ഒന്നും ആവില്ല കാണുന്നത്. ചിലപ്പോൾ ഒരു പണിക്കാരൻ മാത്രമായി ആവും. അതോണ്ട് ഈ വിഷയം അവരോട് പറയാൻ പറ്റില്ല. ചിന്തകളുടെ കാട് കയറ്റം അവസാനിച്ചത് ചന്ദ്രൻ മാഷ്ടെ ചൂരൽ എന്റെ മുന്നിലെ ഡെസ്കിൽ ശബ്ദത്തോടെ വീണപ്പോഴാണ്. പിന്നെ കുറച്ച് ശകാരവും. കുട്ടികൾ എന്നെ നോക്കി അടക്കി ചിരിച്ചു. അവർക്കറിയില്ലലോ മനസ്സ് എന്റെ അമ്മയെ തിരഞ്ഞിറങ്ങിയതിന്റെ നിവർത്തികേട്.
സ്കൂളിലേക്കുള്ള അനാഥാലയത്തിലെ മറ്റു കുട്ടികൾക്കൊന്നും മീറ്റിംഗ് ഇല്ലെന്നറിഞ്ഞപ്പോൾ ഈ വിഷമത്തിൽ ഞാൻ ഒറ്റപെട്ട പോലെയായി. തനിക്കു ആരുമില്ലെന്ന് ടീച്ചർമാർക്ക് ചിലർക്ക് അറിയാമെങ്കിലും ക്ലാസ്സിലെ ആരും അറിയാതെയാണ് കൊണ്ട് നടക്കുന്നത്.
ഒടുവിൽ അതെല്ലാരും അറിയുമോ !
അങ്ങനെ സംഭവിച്ചാൽ അപ്പൊ ഞാൻ പഠിപ്പ് നിർത്തും. ഉച്ചയ്ക്കുള്ള കഞ്ഞി കിട്ടാതെ ആയാലും വേണ്ടില്ല. അഭിമാനം കളഞ്ഞോരു ഏർപ്പാട് ഇല്ല. ഞാൻ മനസ്സിൽ തീരുമാനിച്ചു.
വെള്ളിയാഴ്ച വരെ ഈ ആശങ്കയും കൊണ്ടാണ് കഴിഞ്ഞ് കൂടിയത്. കഞ്ഞി ചേച്ചി എന്റെ മുഖത്തെ വിഷമം ശ്രദ്ധിച്ചിരുന്നു. അവർ ഗൗരവം വിടാതെ ഒരൂസം ചോദിച്ചു.
എന്താ കഴിക്കല് കൊറച്ചേ? വയ്യായ വല്ലതുണ്ടോ?
എനിക്കാരും ഇല്ലെന്ന് അവർക്കറിയാമെങ്കിലും എന്റെ മനസിന്റെ വയ്യായ കഞ്ഞി ചേച്ചിക്ക് ചിലപ്പോ മനസിലാവില്ല. അതോണ്ട് ഒന്നുല്യാന്ന് പറഞ്ഞ് തിരിഞ്ഞു നടന്നു.
വെള്ളിയാഴ്ച്ച ഉച്ചക്ക് കഞ്ഞി കഴിച്ച് ഞാൻ ക്ലാസ്സിൽ കയറാതെ അടുക്കളയുടെ പുറകിൽ പോയിരുന്നു. പല കൂട്ടുകാരുടെയും അമ്മമാര് നല്ല സാരിയൊക്കെ ഉടുത്ത് ഗേറ്റ് കടന്ന് വരുമ്പോൾ എന്റെ ഉള്ളിലെ വേദന എന്നെ ഞെരിപിരി കൊള്ളിച്ചു. കണ്ണിൽ നിറയുന്ന വിഷമം ധാരയായി താഴേക്കു ഒഴുക്കി കളയാൻ ഞാൻ മുഖം താഴ്ത്തി ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു കൈ എന്റെ തോളത്തുടെ വന്നു. ചേർത്ത് പിടിച്ചു.
"ഇക്ക് മനസിലാവും നിന്റെ വിഷമം.
നീ ന്റെ മോൻ തന്നെണ് "
കഞ്ഞി ചേച്ചി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. എന്നും ആഹാരം തരുന്ന ആ കൈകൾ ആദ്യമായിയരുന്നു എന്നെ ചേർത്ത് നിർമ്പോൾ അന്നോളം അറിയാത്ത മാതൃത്വം ഞാൻ അറിഞ്ഞു.