(Shabana Beegum )
"ചെറീമേ..കുട്ടീടെ ഒരു പഴേ പാവാടേം കുപ്പായോം മാണം.. ശാന്തയ്ക്കാണ്. ഇസ്‌കോളില് ഏതോ പരിവാടിണ്ടോലോ.." തങ്കമ്മുവാണ്, കൂടെ എന്റെ കൂടെ പഠിയ്ക്കുന്ന ശാന്തയും.
ഉമ്മാക്ക് കൊട്ട, മുറം, പനമ്പ് തുടങ്ങിയവയുമായി തങ്കമ്മു ഇടയ്ക്കിടെ വരും. ആണ്ടറുതികൾക്ക് സാധനങ്ങൾ കാഴ്ച്ചയായി കൊണ്ടുവരും. അതിലൊന്നാണ് പനമ്പ്. മുളയുടെ പച്ച മണം നിറഞ്ഞ പനമ്പിൽ ഞാൻ കണ്ണടച്ചു കിടന്നു നോക്കും, അതിന്റെ മണത്തോടൊപ്പം ഒരു കാട് ഉള്ളിലേക്ക് ഇരമ്പിക്കേറി വരും. കരിമ്പച്ചകൾക്ക് നടുവിൽ കരിവീരന്മാർ ചെവിയാട്ടി നില്പുറപ്പിക്കും!
ഉമ്മ അതിലായിരുന്നു നിസ്കരിച്ചിരുന്നത്. വലിയ പനമ്പിൽ നെല്ല് ഉണക്കാനിടും. കാശ്, അരി, തേങ്ങ ഇതൊക്കെ വാങ്ങി തങ്കമ്മു പോവും. ഇടയ്‌ക്കൊക്കെ അവർ ചെറിയ കളിക്കൊട്ടകളും, മുറങ്ങളും ഞങ്ങൾ കുട്ടികൾക്ക് ഉണ്ടാക്കി തരുമായിരുന്നു. കൊട്ടയിൽ ഞാൻ ഇലകൊണ്ട് കൂട്ടാൻ അരിഞ്ഞിടുകയും, മുറത്തിൽ അരിയെന്ന വ്യാജേന പൂഴി വാരിയിട്ട്, ചേറിക്കൊഴിക്കുകയും ചെയ്തു.
ഇപ്പോൾ മാത്രമാണ് തങ്കമ്മുവിന്റെ മകൾ ആണ് ശാന്ത എന്ന് ഞാൻ അറിയുന്നത്. ശാന്തക്കെന്ത് സുഖമാണ്. ഇഷ്ടം പോലെ കൊട്ടയും മുറവും അവളുടെ അമ്മ ഉണ്ടാക്കിക്കൊടുക്കുകില്ലേ..! പുതിയ പുതിയ ഓടപ്പനമ്പുകളിൽ മാറി മാറികിടക്കാം. പിന്നെ പച്ച മുളയുടെ വന്യഗന്ധം ശ്വസിച്ച് കാട്ടിലെന്ന മാതിരി ഉറങ്ങാം.. !
സ്കൂളിൽൽ നിന്നും സയൻസ് എക്സിബിഷനു കൊണ്ടു പോവുന്നുണ്ട്. അതായിരിക്കും തങ്കമ്മു പറഞ്ഞ പരിപാടി. ഞാൻ വർക് എക്സ്പ്പീരിയൻസിന് ഉണ്ട്. കാർഡ്ബോർഡ് കൊണ്ട് നക്ഷത്രം ഉണ്ടാക്കി അതിൽ മുത്തുകൾ ഒട്ടിക്കുന്ന വളരെ 'സാഹസികമായ' വർക് ആണ് ഞാൻ ചെയ്യുന്നത്. മുത്തുകൾ പശ വെച്ച് ഒട്ടിക്കുവാൻ എളുപ്പമാണ്. പക്ഷെ കാർഡ്ബോർഡ് വെട്ടി നക്ഷത്രമാക്കാൻ കുറച്ച് ക്ഷമ വേണം. എന്റെ കയ്യില് അതു തീരെ കമ്മിയായിരുന്നു. എത്ര വെട്ടിയാലും അത് റെഡ്യവണില്ല.
ഈ പാവം പിടിച്ച ശാന്തക്ക് എന്താണാവോ വർക്..? ഞാൻ അവളെ നോക്കി. അവൾ ചിരിച്ചു. അവൾ അകത്തേക്ക് കയറാതെ തിണ്ണയിൽ നിൽക്കുന്നു. പതിവ് പോലെ പിഞ്ചിയ ഒരു പാവാടയും അവൾക്ക് ഒരുപാട് വലുപ്പക്കൂടുതൽ ഉള്ള ആൺകുട്ടികളുടെ ഒരു കുപ്പായവും ആണ് അവൾ ഇട്ടിരിക്കുന്നത്. അവളുടെ ഏട്ടന്റെയോ മറ്റോ ആവും. ചെമ്പൻ നിറമുള്ള കോലൻ മുടി അവളുടെ മുഖത്തിന് ചുറ്റും ചിതറി കിടന്നു.
എന്റെ ഒരു ജോഡി വസ്ത്രം ഉമ്മ അവൾക്ക് കൊടുത്തു. അത്രയൊന്നും പഴക്കമില്ലാത്തത്.
അന്ന് അവർ കൊണ്ടു വന്ന പനമ്പ് എടമുറിയുടെ മൂലയിൽ കുത്തിച്ചാരി വച്ചിരുന്നു. രാത്രി വാശി പിടിച്ചു ഞാൻ അതിൽ കമിഴ്ന്നു കിടന്നു. ദിവസങ്ങൾ കഴിഞ്ഞാൽ ആ കാനന ഗന്ധം പനമ്പിൽ നിന്നും പടിയിറങ്ങിപ്പോവും. ഞാൻ അതിൽ കിടന്നുകൊണ്ട് ശ്വാസം വലിച്ചു. പച്ചമുളയുടെ, കാടിന്റെ, മണം മെല്ലെ ഇറങ്ങി വന്നു..! ഞാൻ കണ്ണടച്ചു. കണ്ഠ ഗർജ്ജനങ്ങൾ, മുരളിച്ചകൾ, മുയൽ പതുങ്ങലുകൾ, മാൻ ചാട്ടങ്ങൾ, ചിറകടികൾ, പക്ഷിക്കരച്ചിലുകൾ, വെള്ളത്തുളുമ്പലുകൾ. ഒരു മായാവനം എന്റെ ചുറ്റും നർത്തനമാടി നിന്നു..! ഞാനന്ന് കൊടുങ്കാട്ടിലുറങ്ങി!
പരിപാടി യുടെ അന്ന് കാപ്പിപ്പൊടി നിറത്തിലുള്ള മിഡിയും ടോപ്പും ഇട്ട്, പുതിയ ചെരുപ്പും ഇട്ട് ഞാൻ സ്‌കൂളിൽ എത്തി. എന്റെ മഞ്ഞ പാവാട യണിഞ്ഞ ശാന്തയും എത്തി. എന്നോട് അവൾ ജാള്യതയോടെ ചിരിച്ചു.., ഞാൻ ചിരിച്ചില്ല. എന്റെ കൈകൾക്ക് വഴങ്ങാത്ത കാഡ്ബോഡു നക്ഷത്രം ആയിരുന്നു എന്റെ മനസ്സിൽ..!
എന്റെ ബാഗിൽ പശയും, കത്രികയും. മാത്യു മാഷ് വെട്ടിത്തന്ന നക്ഷത്രവും ഇല്ലേ എന്ന് ഉറപ്പു വരുത്തി. ശാന്ത പിന്നെയും ചിരിച്ചു. അവളുടെ തോളിൽ ബാഗല്ല, കയ്യിൽ ഒരു തുണിസഞ്ചി ആയിരുന്നു. ഇവൾ എന്തു തേങ്ങയാണാവോ ഉണ്ടാക്കാൻ പോണത്..? എന്തായാലും എന്റെ നക്ഷത്രത്തിന്റെ അത്ര കേമത്തമുള്ളതൊന്നും ആയിരിക്കൂല. പക്ഷെ ആ കാഡ്ബോഡ് വെട്ടൽ..അത് കുറച്ചു കടുപ്പം ആണ്..!
കുട്ടികൾ എല്ലാരും എത്തി. വളാഞ്ചേരി ഒരു സ്കൂളിൽ ആയിരുന്നു ശാസ്ത്രമേള.
വെട്ടിക്കൊണ്ടുവന്ന നക്ഷത്രം ആരും കാണാൻ പാടില്ല. ഒരു കാരണവശാലും ഞാൻ വെട്ടിയ നക്ഷത്രം ശരിയായില്ലെങ്കിൽ മാത്രം ആരും കാണാതെ അതു പുറത്തെടുക്കാം. വെട്ടിത്തുടങ്ങി.. ഒരു നക്ഷത്രത്തിന്റെ അഞ്ചു മൂലകളിൽ ഒരെണ്ണം ഒടിഞ്ഞു തൂങ്ങി. അത് പശവെച്ച ഞാൻ ഒട്ടിച്ചു. അതിൽ ഒട്ടിച്ച മുത്തുകളോട് കൂടി അത് പിന്നെയും ഒടിഞ്ഞു. അടുത്ത കാർഡ് ബോർഡ് എടുത്തു വെട്ടി. പടച്ചോനെ..! ശരിയാവുന്നില്ലല്ലോ. ഒടുവിൽ മെല്ലെ മാത്യു മാഷ് വെട്ടിത്തന്ന നക്ഷത്രം ആരും കാണാതെ പുറത്തെടുത്തു. പശ തൂത്തു. തൊട്ടപ്പുറത്തെ ഒരു കുട്ടി: (ചെറുപുഷ്പം സ്കൂളിൽ നിന്നും വന്നത്.) "കുട്ടി വീട്ടിൽ നിന്നും വെട്ടിക്കൊണ്ടുവന്ന താ.. ല്ലേ.."
ഞാൻ തളർന്നു, കരച്ചിൽ വന്നു. എന്തായാലും ഞാൻ പുതിയ ഒരു കാർഡ് ബോർഡ് എടുത്തു വീണ്ടും വെട്ടിനോക്കി, ഭാഗ്യം !! അഞ്ചു മൂലയും കൃത്യമായ ഒരു നക്ഷത്രം. ഞാൻ വെള്ളി മുത്തുകൾ ഒട്ടിയ്ക്കാൻ തുടങ്ങി.
ശാന്തയെവിടെ..??
അവൾ നിലത്തിരുന്നാണല്ലോ വർക്. ഇതെന്ത് വർക്..? ഞാൻ എന്റെ ഡെസ്കിനപ്പുറത്തേക്ക് എത്തിനോക്കി. മുളനാരുകൾ കാൽ വിരലുകളിൽ കെട്ടി വെച്ച് അവൾ കൈകൊണ്ടും കാലു കൊണ്ടും തകൃതിയായി മെടയുന്നു. എന്താണാവോ..?
എന്റെ മഞ്ഞപ്പാവാട ഇട്ട് കുനിഞ്ഞിരിക്കുന്ന അവൾ ഇപ്പോൾ വിരിഞ്ഞിറങ്ങിയ ഒരു കോഴിക്കുഞ്ഞിനെപ്പോലെ..!
ഉണ്ടാക്കിയ സാധനങ്ങൾ എല്ലാവരും മേശപ്പുറത്ത് കൊണ്ടു വെച്ചു. പാവം ശാന്തയുടെ കഴിഞ്ഞിട്ടില്ല. കുനിഞ്ഞിരുന്നു അവൾ ആഞ്ഞു പിടിച്ചു. എനിക്ക് അവളോട് ഇഷ്ടം തോന്നി. ഞാൻ സ്കൂൾ കൊംബൗണ്ടി ലെ മരച്ചോട്ടിൽ ഇരുന്ന് വെള്ളം കുടിച്ചു. അ പ്പോൾ ശാന്ത ചിരിച്ചുകൊണ്ട് ഇറങ്ങി വന്നു. അവളെ കാടു മണത്തു..!
ഉമ്മ തന്നുവിട്ട ബിസ്ക്കറ്റും, വെള്ളവും ഞങ്ങൾ പങ്കിട്ടു കഴിച്ചു.
"നിന്റെ ബ്ലൗസ് എനിക്ക് കുറച്ചു ഇറക്കം കുറവാണ് ..ല്ലേ.."
പക്ഷെ ഞാൻ ചിരിച്ചതല്ലാതെ അതേപ്പറ്റി ഒന്നും പറഞ്ഞില്ല. ജാള്യതയാണ് അവളെകൊണ്ടു അതു പറയിക്കുന്നത് എന്ന് എനിയ്ക്ക് മനസ്സിലായി.
"നീ എന്താണ് ഉണ്ടാക്കിയത് ശാന്തേ..", ഞാൻ വിഷയം മാറ്റാൻ ചോദിച്ചു. അപ്പോഴേക്കും മീര ടീച്ചർ ഞങ്ങളെ വരാന്തയിൽ നിന്നും മാടി വിളിച്ചു. ഞങ്ങൾ അങ്ങോട്ടോടി.
ഫലപ്രഖ്യാപനം വന്നു. ശാന്തയ്ക്ക് ഒന്നാം സ്ഥാനം..!! അവൾ അതി മനോഹരമായ ഒരു പൂക്കൂടയായിരുന്നു ഉണ്ടാക്കിയത്. മുളനാരുകൾ ചീന്തിയെടുത്തു ഊടും പാവും നൽകി പിടിയുള്ള ഒരു കൊച്ചു പൂക്കൂട..!! എനിക്ക് ഒന്നും കിട്ടിയില്ല. പക്ഷെ ഞങ്ങളുടെ സ്കൂളിന് ശാസ്ത്രമേളയിൽ അക്കൊല്ലം ഒന്നാം സ്ഥാനം ഉണ്ടായിരുന്നു.
അടുത്ത ദിവസം. അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾ ഉണ്ടാക്കിയ സാധനങ്ങൾ പ്രദർശിപ്പിച്ചു. എന്റേത് മുത്തുകൾ ഇളകിപ്പോന്ന ഒരു നക്ഷത്രം. എന്നാലും ഞാൻ അതുമായി അഭിമാനത്തോടെ നിന്നു.! അവൾ ചമച്ച കൂടയിൽ നിറയെ കോളമ്പിപ്പൂക്കൾ നിറച്ചു, മഞ്ഞ പുള്ളിപ്പവാടയിട്ടു ശാന്ത മറ്റൊരു പൂക്കാലമായി ചിരിച്ചു നിന്നു. ഞാൻ അവളുടെ തോളിൽ കയ്യിട്ടു. അവൾ എന്റെ കണ്ണിലേക്ക് നോക്കി ചിരിച്ചു..!
സ്കൂൾ വിട്ടുപോവുമ്പോൾ ഇടവഴിയുടെ ഓരത്ത് അവൾ എന്നെ കാത്തു നിന്നു. പിന്നെ ആ പൂക്കൂട എനിക്ക് നേരെ നീട്ടി. എന്റെ നേരെ നീട്ടിപ്പിടിച്ച പൂക്കൂടയുമായി ചിരിച്ചുനിൽക്കുന്ന ശാന്തയുടെ രൂപം എന്റെ മനസ്സിൽ ഞാൻ ഇപ്പോഴും ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്.!
"ഇത് നിനക്കാ..." ശാന്ത ചിരിച്ചു, ഒരു മഞ്ഞ മന്ദാരം പോലെ..!
കൂടയിൽ നിന്നും ഒരു കാടിറങ്ങി വന്നു.
ഞാൻ ആ കൂട മുഖത്തോട് ചേർത്തു പിടിച്ചു. പിന്നെ ശാന്തയുടെ കൈ പിടിച്ചു ഞാൻ ഒരു നിബിഡ വനത്തിന്റെ ഉള്ളറകളിലേയ്ക്ക് അങ്ങിറങ്ങിപ്പോയി.