(Shabana Beegum )
Winner of +100 bonus points
"അക്കാ..., പഴയ കുക്കറെടുക്കും, നൂറു രൂപ തരാം..!"
"ആഹാ, നൂറു രൂപയോ? കഴിഞ്ഞ മാസം ഇതു പോലൊരുത്തി വന്ന് എന്റെ പഴയ കുക്കറിന് അമ്പത് രൂപയെ തന്നുള്ളൂ. വഞ്ചകി!"
"അക്കാ, അവൾ വഞ്ചകിയല്ലക്ക. അത് നാൻ താൻ.!"
"അത് നീയായിരുന്നോ?"
ഞാനും അവളും ചിരിച്ചു. അങ്ങനെയാണ് ഞാനും ശെൽവാംബികയും കൂട്ടുകാരാവുന്നത്. അവൾ ഇടക്കിടെ വരും ആക്രി പെറുക്കാൻ. അവൾ പൂചൂടുകയോ, കണ്ണെഴുതുകയോ ചെയ്തിരുന്നില്ല. അലസമായി ഒരു നിറം മങ്ങിയ സാരി വാരിചുറ്റിയിരുന്നു. അവളുടെ കൈത്തണ്ടയിൽ 'ഓംകാരം'പച്ച കുത്തിയിരുന്നു.
അവളും ഞാനും കുറെ നേരം സംസാരിക്കും. തമിഴ് മലയാളത്തിൽ അവളും, മലയാളത്തമിഴിൽ ഞാനും. എന്റെ അടുക്കള പിന്നാമ്പുറത്ത് അവൾ പെറുക്കിക്കൂട്ടിയ ഒഴിഞ്ഞഷാമ്പൂ ബോട്ടിൽ, വെള്ളക്കുപ്പികൾ, പൊട്ടിയ പ്ലാസ്റ്റിക് കസേരകൾ ഇതിനൊക്കെ കൂടി ഒരു വിലയിടും. ഞാൻ വെറുതെ വിരലിൽ കണക്കുകൂട്ടി, ആകാശത്തേക്ക് നോക്കി താടിയിൽ താളമിട്ട് വീണ്ടും വായുവിൽ ഒന്നുകൂടി ഹരിച്ചും, ഗുണിച്ചും നോക്കും..! ഞാൻ എന്തൊക്കെയോ ഗണിച്ചു ഇപ്പോൾ പറയും എന്ന് കരുതി അവൾ വായും പൊളിച്ചു നോക്കി നിൽക്കും.
എന്റെ തലയിൽ പിണ്ണാക്കാണെന്ന് കേട്ട്യോൻ പറയാറുള്ളത് അവളുണ്ടോ അറിയുന്നു. സ്കൂളിൽ പഠിക്കുമ്പോൾ കണക്കിന് ഞാൻ എന്തോരം മൊട്ട വാങ്ങിയിരിക്കുന്നു! നൊ ഗ്രാസ് വിൽ വാക് എന്ന് മനസ്സിലാക്കി അവൾ ഏതാനും നോട്ടുകൾ എന്റെ നേർക്ക് നീട്ടും. അപ്പോൾ എനിക്ക് അതി ശക്തമായ മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടും. മനസ്സ് എന്റെ നേരെ വിരൽ ചൂണ്ടും..
"ഹേ!നികൃഷ്ടയായ സ്ത്രീയെ, നിന്റെ വീട്ടിലെ മാലിന്യം നീക്കുകയല്ലേ ഈ പാവം പാണ്ഡ്യ ദേശക്കാരി ചെയ്തത്? അവരുടെ എണ്ണക്കറുപ്പർന്ന മേനിയിലൂടെ ഒഴുകുന്ന വിയർപ്പ് നിന്നെപ്പോലെ മൂക്കുമുട്ടെ തിന്നിട്ടല്ല. തന്റെ മക്കളെപ്പോറ്റാൻ അധ്വനിച്ചിട്ടാണ്"
ഞാൻ പിരികം മേലോട്ടുയർത്തി, കണ്ണുകൾ കീഴോട്ടക്കി തലകുനിച്ച് നിൽക്കും, ശെൽവാംബികക്ക് കാര്യം പിടികിട്ടും. അവൾക്ക് പ്ലാസ്റ്റിക് സാധനങ്ങളുടെ കച്ചവടം കൂടിയുണ്ട്. ആ കൊട്ട അവൾ എനിക്ക് മുന്നിൽ തുറന്നു വെക്കും. ഞാൻ ചിരിച്ചു കൊണ്ട് ഓടിച്ചെന്ന് അതിലേക്ക് കൂപ്പു കുത്തും. നീലക്കളറുള്ള ഒരു മുറം, ചൊമലക്കളറുള്ള മഗ്, കറുപ്പ് നിറത്തിൽ വാട്ടർ ടാങ്കിന്റെ മിനിയെച്ചർ രൂപത്തിലുള്ള കാശ്കുടുക്ക, പച്ച നിറത്തിൽ ഒരു പച്ചക്കറികൊട്ട ഇതൊക്കെ ആക്രി സാധങ്ങൾക്ക് പകരം ഞാൻ സ്വന്തമാക്കും എന്റെ ഈ അന്തർ സംസ്ഥാന ബിസിനസ്സംരംഭം ഭർത്താവ് അറിയുകയില്ല..
ഇവറ്റകൾ ഒക്കെ കള്ളന്മാരാണ് എന്നാണ് അദ്ദേഹം പറയുന്നത്. ശെൽവാംബിക ഒരിക്കലും എന്റെ വീട്ടിൽ നിന്നും ഒന്നും മോഷ്ടിച്ചിട്ടില്ല.
"ചായ വേണുമാ...?", എന്ന് തമിഴ് ചുവ വരുത്തി ഞാൻ ചോദിച്ചാലും അവൾ "വേണ്ടെ"ന്നെ പറയാറുള്ളു. വല്ലപ്പോഴും അവൾ ഉപ്പിട്ട് 'കഞ്ചി'വെള്ളം ചോദിക്കും. അവൾ സുഖമില്ലാത്ത ഭർത്താവിനെയും, കിടപ്പിലായ അമ്മായിയമ്മയെയും, പറക്കമുറ്റാത്ത മക്കളെയും മധുരയിൽ തനിച്ചാക്കി പോന്ന കാര്യം ഗദ്ഗദത്തോടെ പറയും. അവർ മധുര മീനാക്ഷിയുടെ കൈക്കുമ്പിളിൽ സുരക്ഷിതരാണെന്ന് സമാശ്വസിക്കും. അവൾ പോയിക്കഴിഞ്ഞാൽ സ്വന്തമാക്കിയ മഴവിൽ നിറങ്ങളുള്ള സാധനങ്ങളുമായി ഞാൻ വെറുതെ തൊടിയിലേക്ക് നോക്കിയിരിക്കും.
ചിലപ്പോൾ അവൾ അവളുടെ ഭർത്താവിന്റെ സഹോദരി യേയും കൂട്ടി വരും. മെലിഞ്ഞു ശോഷിച്ച അവളുടെ പേര് 'മലർക്കൊടി 'എന്നായിരുന്നു. ആ പേര് എനിക്കിഷ്ടപ്പെട്ടു. അതുകൊണ്ട് ഞാൻ ശെൽവാംബികയുടെ അച്ഛന്റെയും അമ്മയുടെയും തുടങ്ങി, അമ്മാവന്റെയും, അമ്മയിയുടെയും, അയലോക്കം കാരുടെ വരെ പേരുകൾ ചോദിച്ചറിഞ്ഞു. 'പൂങ്കുഴലി, മയിൽക്കണ്ണി, ഇളവരശി, അമുദ, ഷണ്മുഖി, ശിവകാമി, അങ്ങനെ പോവുന്നു മനോഹരമായ പെണ് പേരുകൾ..!
ആണുങ്ങളുടെ പേരുകൾ ചിന്നലിംഗം, പെരിയ ലിംഗം, സുന്ദര ലിംഗം. ഞാൻ ചെവി പൊത്തി.
"ച്ചായ്..!നിർത്ത്. അശ്ലീലം!!"
മകളുടെ പഠിപ്പിന് വേണ്ടിയാണല്ലോ ശെൽവാംബിക ഈ ഓടുന്നത്. മകളുടെ പേര് ചോദിച്ചപ്പോൾ അവൾ തല തെല്ലു ചെരിച്ചു, അതീവ വാത്സല്യത്തോടെ മൊഴിഞ്ഞു, "റോജ..!!"
എന്റെ മനസ്സിൽ ഒരു "പുതു വെള്ളൈ മഴയ് " പൊഴിഞ്ഞു! ഇപ്പോൾ ശെൽവാംബികയുടെ മകൾക്ക് മധുബാലയുടെ മുഖം..! പശ്ചാത്തലത്തിൽ എ. ആർ റഹ്മാൻറെ സംഗീതം..!
"കണ്ണുക്കുൾ നീതാൻ
കണ്ണീരിൽ നീ താൻ
കണ്മൂടി പാത്താൽ,
നെഞ്ചുക്കുൾ നീ താൻ..
എന്നാണതോ. ഏതാണതോ,
സൊൽ,സൊൽ..!"
"അവൾ എന്നെ മാതിരി കറുപ്പല്ലക്കാ. അക്കാ മാതിരി സിവപ്പ് താൻ." അവൾ എന്നെ ചൂണ്ടി പറഞ്ഞു.അതെനിക്ക് ഇഷ്ടായി!
പിന്നീട് കുറെ നാൾ ശെൽവാംബിക വന്നേയില്ല. ആക്രികൾ പിന്നാമ്പുറത്ത് കുമിഞ്ഞു. ഞാൻ ഇടക്കിടെ അവളെ ഓർത്തു. ഗൂഡ്സ് ആട്ടോയിൽ ആക്രിപെറുക്കാൻ വന്നവർക്ക് ഞാൻ അത് കൊടുത്തു സ്ഥലം ഒഴിവാക്കി..
അങ്ങനെയിരിക്കെ ഒരു വെയിൽ ചാഞ്ഞ നട്ടുച്ചയ്ക്ക്, എന്റെ പാതിമയക്കത്തിൽ കിനാവിലെന്ന പോലെ ഒരു വിളി എന്റെ കിടപ്പറ ജനലിനരികിൽ കേട്ടു..
"അക്കാ.."
കണ്ണുതുറന്നപ്പോൾ പൊട്ടിവീണപോലെ നിൽക്കുന്നു ശെൽവാംബിക!!
"എന്നെ മറന്തിട്ടാച്ചാ?", അവൾ നിറഞ്ഞു ചിരിച്ചു.
എവിടെയായിരുന്നു, എന്തുപറ്റി, ഇതു വരെ എന്താ വരാതിരുന്നത് തുടങ്ങി കുറെ ചോദ്യങ്ങൾ ചോദിച്ചു ഞാൻ. മകൾക്ക് പരീക്ഷയായത് കൊണ്ടാണ് വരാതിരുന്നത് എന്നും, വീട്ടുജോലികളും, പഠിത്തവും ഒക്കെകൂടി അവൾക്ക് വല്ലാത്ത ഭാരമാണെന്നും അവൾ പറഞ്ഞു. എത്രാം ക്ലസ്സിലാണ് മകൾ പഠിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ശെൽവാം ബിക പറഞ്ഞു.
അവൾ എൻജിനീയർ ആയി ജോലിയിൽ പ്രവേശിച്ചു എന്ന്. ആ കണ്ണുകളിൽ അപ്പോൾ അഭിമാനത്തിന്റെ കൊടിക്കൂറ പാറിയിരുന്നു. ആ കറുത്ത മേനിയെ ഒന്ന് കെട്ടിപ്പിടിയ്ക്കാൻ എനിക്ക് തോന്നി. എന്റെ കണ്ണുകളിൽ നീർപൊടിഞ്ഞു. ആ മിടുക്കിയെ എന്റെ ആശംസകൾ അറിയിക്കാൻ ഞാൻ അവളെ ശട്ടം കെട്ടി.
ഇനി ആക്രി പെറുക്കുന്ന ജോലി മതിയാക്കുകയാണെന്നും അവൾ മധുരയിലേക്ക് തിരിച്ചു പോവുകയാണെന്നും. ഒരിക്കൽ റോജയുമായി വരാമെന്നും ശെൽവാംബിക എന്നോട് വാക്ക് പറഞ്ഞു.!
കണ്ണകിയുടെ നാട്ടുകാരിയുടെ കൈകളിലെങ്കിലും പിടിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. പാസ്റ്റിക് പാത്രങ്ങൾ നിറഞ്ഞ വർണ്ണ ശബളമായ കൊട്ടയും തലയിലേറ്റി ശെൽവാംബിക പിന്നാമ്പുറത്തെ ഇടവഴിലേക്ക് പടർന്നു നിൽക്കുന്ന ചെമ്പരത്തിക്കൊമ്പ് വകഞ്ഞുമാറ്റി, നടന്നു മറഞ്ഞു.
ഞാൻ എന്റെ അടുക്കള തിണ്ണയിൽ എന്തിനോ കരച്ചിൽ പൊട്ടി ഇരുന്നു, എന്നെങ്കിലും വന്നേക്കാവുന്ന റോജയെയും ശെൽവാംബികയേയും കാത്ത്.
ഉച്ചക്കാറ്റിൽ ഞാൻ മെല്ലെ തൊണ്ട വരണ്ടു പാടി:
"കണ്ണീർ വഴിയുതെടീ. കണ്ണേ.."