(Risha)
ഫയര്‍ സ്റ്റേഷന്‍ റോഡിലൂടെ റെയില്‍വേ ട്രാക്കിലേക്ക് എത്തിപ്പെട്ടത് നടന്നാണോ ഓടിയാണോ എന്നയാള്‍ക്കറിയില്ലായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ തെക്ക് ഭാഗത്തെ പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്തേക്ക്
അയാളുടെ ഓഫീസില്‍ നിന്നുള്ള എളുപ്പ വഴിയാണ് ഫയര്‍ സ്റ്റേഷന്‍ റോഡ്. ആ റോഡിന്‍റെ ആദ്യത്തെ വളവിലെത്തിയപ്പോള്‍ അയാള്‍ക്ക് പ്ലാറ്റ്ഫോം കാണമെന്നായി. ഹാവൂ! ഒന്നുകില്‍ ട്രെയിന്‍ വന്നിട്ടില്ല, അല്ലെങ്കില്‍ പോയിക്കാണും. എന്തായാലും ബാക്കി ഓട്ടം കൂടി ഒഴിവായ ആശ്വാസത്തോടെ അയാള്‍ പ്ലാറ്റ്ഫോമിലേക്ക് കണ്ണോടിച്ചു. മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിറഞ്ഞു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ അയാള്‍ സഹ പ്രവര്‍ത്തകന്‍ വിനുവേട്ടനെ കണ്ടു. അയാളുടെ മുഖ ഭാവം കണ്ടിട്ടാവണം വിനുവേട്ടന്‍ കൈ ഉയര്‍ത്തി ട്രെയിന്‍ പോയിട്ടില്ലെന്ന് ആംഗ്യം കാണിച്ചു. ആശ്വാസത്തോടെ ദീര്‍ഘ നിശ്വാസമുതിര്‍ത്തു അയാള്‍ റോഡില്‍ നിന്നും റെയില്‍വേ ട്രാക്കിലേക്കുള്ള കുത്തനെ ചെരിഞ്ഞു നില്‍ക്കുന്ന മണ്‍ തിട്ടയിലൂടെ ഇറങ്ങി തുടങ്ങിയപ്പോളാണ് കാല്‍മുട്ടിനു താഴെ ഒരു തണുപ്പ് അയാള്‍ക്ക് അനുഭവപ്പെട്ടത്. ഓഹ്! വിയര്‍ത്തതാവും. പക്ഷേ സാധാരണ ഉള്ള കെട്ടി പിണഞ്ഞോട്ടത്തിന്‍റെ അത്രയും ഇന്നോടിയിട്ടില്ല. അപ്പോളൊന്നും വിയര്‍ക്കാത്ത അയാള്‍ വിശ്വസിക്കാനാവാതെ കാലിലേക്ക് നോക്കി. വലത്തെ കാലിന്‍റെ പാന്‍റ് മുട്ടിന് താഴെ മുഴുവനായി നനഞ്ഞിട്ടുണ്ട്. അത് പരിശോധിക്കാനായി കുനിഞ്ഞപ്പോളാണ് ബാഗില്‍ നിന്നും പാന്‍റിലേക്ക് ഇറ്റി വീഴുന്ന വെള്ളം അയാളുടെ ശ്രദ്ധയില്‍ പെട്ടത്.അയാള്‍ ബാഗ് തുറന്നു പരിശോധിച്ചു. തിടുക്കത്തില്‍ ഓടുമ്പോൾ ബാഗിലെടുത്ത് വെച്ച വാട്ടര്‍ ബോട്ടില്‍ നേരാം വണ്ണം അടക്കാഞ്ഞിട്ടാണ്. തുളുമ്പിപ്പോയ വെള്ളം ബാഗിന്‍റെ അടി ഭാഗം മൊത്തം നനച്ചിരിക്കുന്നു. അയാള്‍ ബോട്ടിലെടുത്തു നന്നായി അടച്ച് യഥാസ്ഥാനത്ത് വെച്ചു. ഗീതു വായിക്കാനായി തന്ന അഗ്നിച്ചിറകുകള്‍ നനഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു. ഭാഗ്യം! പുസ്തകങ്ങളും പേപ്പറും ഒന്നും നനഞ്ഞിട്ടില്ല. ദിവസവും അയാള്‍ ഓഫീസിലേക്കിറങ്ങുമ്പോൾ അമ്മ എടുത്തു വെക്കുന്നതാണ് ആ വെള്ളം. ഒപ്പം ഒരു ഗ്ലാസ്സ് വെള്ളവും കാണും. ആ വെള്ളം കുടിക്കാതെ ഇറങ്ങിയാല്‍ അന്നെന്തോ അസ്വസ്ഥതയാണ്. അത് കുടിച്ചിറങ്ങിയാല്‍ തിരിച്ചു വീട്ടിലെത്തുവോളം ഒന്നും കഴിച്ചില്ലെങ്കിലും അയാള്‍ക്ക് വിശപ്പ് അനുഭവപ്പെടാറില്ല. ഓരോ അമ്മമാരും സ്വന്തം മക്കള്‍ക്കായി നല്‍കുന്ന ജലമാവും ലോകത്തെ ഏറ്റവും വലിയ തീര്‍ഥ ജലം.
ഒരു ഇരമ്പലോടെ രാജ്നാഗര്‍-നിന്‍മേശ്വരം എക്സ്പ്രസ്സ് മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ വന്നു നിന്നു. ശനിയാഴ്ച ആയത് കൊണ്ട് നല്ല തിരക്കുണ്ട്. അടുത്ത ദിവസത്തെ അവധിക്ക് നാട്ടില്‍ പോവുന്ന ഉദ്യോഗസ്ഥന്‍മാരാണ് അധികവും. തുറന്നിട്ട ജനലിലൂടെ ബാഗ് അകത്തേക്കിട്ട് അയാള്‍ സീറ്റ് പിടിച്ചു. സീറ്റിനു വേണ്ടിയുള്ള ഇടിച്ചു കയറ്റം അവസാനിച്ചപ്പോളേക്കും ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു. അയാള്‍ മെല്ലെ ട്രൈനിനകത്ത് കയറി. തിരക്കിനെ വകഞ്ഞു മാറ്റി ബാഗിനടുത്തെത്തി. അതെടുത്ത് മടിയില്‍ വെച്ച് ആ സീറ്റില്‍ ഇരുന്നു. ഏകദേശം ഒരു മണിക്കൂര്‍ യാത്ര ഉണ്ട് അയാള്‍ക്കിറങ്ങേണ്ട സ്റ്റേഷനെത്താന്‍. അത്രയും സമയം എന്തെങ്കിലും വായിക്കാന്‍, അല്ലെങ്കില്‍ പുറം കാഴ്ച കണ്ടിരിക്കാന്‍ അല്ലെങ്കില്‍ ചിന്തയെ വെറുതെ മേയാന്‍ വിടാന്‍ അതുമല്ലെങ്കില്‍ സുഖമായൊരുറക്കത്തിന് ഇതാണ് ഇത്രയും സമയം കടന്നു പോവാനയാള്‍ക്ക് മുന്നിലുള്ള മാര്‍ഗങ്ങള്‍. ജനലിനടുത്ത് സീറ്റ് കിട്ടിയതു കൊണ്ട് അയാള്‍ പുറത്തേക്ക് നോക്കിയിരുന്നു. അസ്തമിച്ചു തുടങ്ങിയ സൂര്യ രശ്മികള്‍ അയാളുടെ കവിളില്‍ പതിച്ചു. പച്ചപ്പണിഞ്ഞു നില്‍ക്കുന്ന വയലേലകളെ പിന്നിലാക്കി ട്രെയിന്‍ കുതിച്ചു കൊണ്ടിരുന്നു.
ആ മനോഹാരിത ആസ്വദിച്ചിരിക്കുമ്പോളാണ് ഒരു ശബ്ദം അയാളുടെ കാതില്‍ പതിഞ്ഞത്.. “അപ്പൂപ്പന്‍ താടിക്കെങ്ങനെ ആ പേര് കിട്ടി? മൊട്ടക്കുന്നിന് മുകളില്‍ പുല്ലില്ലാത്തത് എന്തു കൊണ്ട്?" ചോദ്യം കേട്ട മാത്രയില്‍ മുമ്പിലിരിക്കുന്ന മധ്യ വയസ്കനായ കഷണ്ടിക്കാരന്‍ തലയൊന്ന് തടവി. "എണ്ണ തിളപ്പിച്ചമ്മയിടും നേരം പപ്പടം കുമളിക്കുന്നതെന്തു കൊണ്ട്? ചാത്തപ്പന്‍ വൈകീട്ട് ശാപ്പീന്നിറങ്ങുമ്പോ കാല് കുഴയുന്നതെന്തു കൊണ്ട്?" ആകര്‍ഷകമല്ലാത്ത ശബ്ദമാണെങ്കിലും കൌതുകമുള്ള ചോദ്യങ്ങള്‍ തമിഴ് ചുവയുള്ള മലയാളത്തില്‍ ഒരു താളാത്മകമായി ചോദിച്ച് ബാലനായ പുസ്തക വില്‍പ്പനക്കാരന്‍ അടുത്ത് വരികയാണ്. ആ ശബ്ദം അധികം കേട്ടിട്ടില്ലെങ്കിലും അയാള്‍ക്ക് നല്ല പരിചയം തോന്നി. എവിടെയോ കേട്ടിട്ടുണ്ട്. അയാള്‍ കുറെ ശ്രമിച്ചു നോക്കി ബാലനായ ആ കച്ചവടക്കാരനെ ഒന്നു നേരില്‍ കാണാന്‍.
“ബാല്യത്തിന്‍റെ കുസൃതി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം... വെറും ഇരുപത് രൂപ മാത്രം.” ബാലന്‍ പിന്നേയും വിളിച്ച് പറഞ്ഞു അയാളുടെ സീറ്റും കടന്നു പോയി. കുറെ ശ്രമിച്ചിട്ടും തിരക്കിനിടയിലൂടെ നൂഴ്ന്നു പോയ ബാലനെ അയാള്‍ കണ്ടില്ല. അയാളുടെ ആകാംഷ കണ്ടിട്ടാവണം മുന്നിലെ സീറ്റിലിരുന്ന മൊട്ടത്തലയന്‍ ചോദിച്ചു "എന്താ ഒരു ബുക്ക് വേണോ?“
"ഏയ് വെറുതെ നോക്കിയതാ” അയാള്‍ പറഞ്ഞു.
മൊട്ടത്തലയന്‍ അമര്‍ത്തി ഒന്നു മൂളി. ഇടത് വശത്തുള്ള ഭാരതപ്പുഴയിലെ മണലിലേക്ക് നോക്കി ആരോടെന്നില്ലാതെ തുടര്‍ന്നു. "പാവം വല്ലാതെ കഷ്ടപ്പെടുന്നു. രവിലത്തെ മൈലില്‍ തുടങ്ങും കച്ചോടം രാത്രി വരെ അദ്ധ്വാനം തന്നെ അദ്ധ്വാനം. പുസ്തകം വില്‍പന ഇപ്പോളേ ഉള്ളൂ. ഉച്ചക്ക് സംഭാരം വില്‍ക്കും. രാത്രി വണ്ടിക്ക് കപ്പലണ്ടിയോ ചോളോ പൊരിയോ ആവും കച്ചോടം..." ഒരു നാടോടിബാലന്‍റെ കാര്യമായത് കൊണ്ട് അയാള്‍ക്ക് അത്ര താല്‍പര്യം തോന്നിയില്ല.
“നല്ലോണം എടങ്ങറാവുന്നുണ്ട് അദ്ധ്വാനം തന്നെ” മൊട്ടത്തലയന്‍ നിറുത്താന്‍ ഭാവമില്ല. ഒന്നു നിറുത്തിയെങ്കില്‍ എന്നയാള്‍ ആശിച്ചു.
“ഒരാളുടെ മുന്‍പിലും കയ്യ് നീട്ടൂലാ.. അറിയാവുന്നവര്‍ വല്ലതും കൊടുത്താലും വാങ്ങൂല.. അദ്ധ്വാനമില്ലാതെ ഒന്നും വാങ്ങാത്ത വല്ലാത്തൊരു കുട്ടി തന്നെ.”
വെറുതെ ഒരു തമാശക്കെന്ന പോലെ അയാള്‍ ചോദിച്ചു, "ഈ കശൊക്കെ അവനെന്താ ചെയ്യുന്നെ?"
തന്‍റെ സംസാരം ഒരാളെങ്കിലും ശ്രദ്ധിക്കുന്നുണ്ട് എന്ന്‍ തോന്നിയപ്പോള്‍ മൊട്ടത്തലയന്‍ പറഞ്ഞു; "അതിന്‍റെ അമ്മ എന്തോ അസുഖം പിടിച്ച് കിടപ്പാ... അമ്മയെ നോക്കാന്‍ ആരുല്യ.. അമ്മയെ ഏതോ ആശുപത്രീല് കെടത്തിയാ അതിവിടെ കിടന്നു അദ്ധ്വാനിക്കുന്നത്."
അയാള്‍ക്കു ബാലനോട് സഹതാപം തോന്നി. ഒപ്പം വലിയൊരു ബഹുമാനവും. അവന്‍റെ വാക്കുകള്‍ വീണ്ടും അയാളുടെ ചെവിയിലെത്തി..
“ബാല്യത്തിന്‍റെ കുസൃതി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വെറും ഇരുപതു രൂപക്ക്” എത്ര ഇരുപതു കൊടുത്താലും ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങളാണ് അവനെന്ന് അയാള്‍ക്ക് തോന്നി. മുമ്പ് എവിടെ വെച്ചാണ് ആ ശബ്ദം കേട്ടത് എന്നയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു.
“ഇതാണോ അമ്മേ പുഴ? ഇതിലെന്താ വെള്ളമില്ലാത്തെ?" തൊട്ടപ്പുറത്തിരുന്ന കൊച്ചു കുട്ടിയുടെ ചോദ്യം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി. ട്രെയിന്‍ വേഗത കുറച്ചിരിക്കുന്നു. അയാള്‍ക്കിറങ്ങേണ്ട സ്റ്റോപ്പ് എത്താനായി. തിരക്കിനിടയിലൂടെ വാതില്‍ക്കലേക്ക് നീങ്ങുമ്പോളയാള്‍ ആ ബാലനെ തിരഞ്ഞു. ഇല്ല അവനെ കാണാനില്ല.
പിന്നീടുള്ള മിക്ക ദിവസങ്ങളിലും അയാള്‍ യാത്രക്കിടയില്‍ അവനെ കാണുമെന്ന് പ്രതീക്ഷിച്ചു.. പക്ഷേ ഒരിക്കല്‍ പോലും അവനെ കാണാന്‍ അയാള്‍ക്കയില്ല. പതിവ് പോലെ ഓഫീസില്‍ നല്ല തിരക്കുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി മുന്‍പിലെത്തുന്ന ഓരോരുത്തരേയും അയാള്‍ പരമാവധി വേഗത്തില്‍ പറഞ്ഞു വിട്ടു കൊണ്ടിരിക്കുന്നു. നീണ്ട ആ വരിയില്‍ അയാളുടെ മുന്നിലെത്താനുള്ള ഊഴവും കാത്തു ഒരു നാടോടി എന്നു തോന്നിക്കുന്ന ഒരു ബാലന്‍ നില്‍പ്പുണ്ട്. കൃത്യമല്ലാത്ത ഇടവേളകളില്‍ അവന്‍ അയാള്‍ക്ക് മുന്നില്‍ വരാറുണ്ടായിരുന്നു. തന്‍റെ മുന്നിലെത്തുന്ന ആ പ്രായത്തിലുള്ള ഒരേ ഒരു വ്യക്തി അവനായത് കൊണ്ട് അവനെ ഒന്ന്‍ പരിചയപ്പെടണമെന്ന് അയാളെപ്പോളും ആഗ്രഹിച്ചിരുന്നു. പക്ഷേ ചെയ്തു തീര്‍ക്കാന്‍ ഒത്തിരി പണികളുള്ള ആ കൌണ്ടറില്‍ മുന്നിലെത്തുന്നവരോട് ഒന്നു ചിരിക്കാന്‍ പോലും അയാള്‍ക്ക് സമയം കിട്ടാറില്ല. അന്യ സംസ്ഥാനക്കാരുടെ സാന്നിധ്യം അയാളില്‍ ഒരു സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കാറ്. വായിക്കാന്‍ വളരെ പ്രയാസമുള്ള കൈപ്പടയിലെഴുതിയത് അയാളെ മിക്കപ്പോളും ദേഷ്യം പിടിപ്പിക്കും. എന്നാല്‍ കൃത്യമായ ചില്ലറ അയാള്‍ക്ക് സന്തോഷം പകരും. സാധാരണ ഈ ബാലന്‍ എണ്ണി തീര്‍ക്കാന്‍ ഒത്തിരി പ്രയാസമുള്ള ചില്ലറകളുമായാണ് വരിക. അല്‍പം പ്രയാസപ്പെട്ടാണെങ്കിലും അയാളത് എണ്ണി തീര്‍ക്കും. പിന്നീട് അല്‍പ ദിവസത്തേക്കു അയാള്‍ക്ക് ചില്ലറക്ക് വേണ്ടി വിഷമിക്കേണ്ടി വരാറില്ല. ഇന്നെന്തായാലും ഇവനെ പരിചയപ്പെടണം അയാള്‍ മനസ്സില്‍ കരുതി.
അവന്‍ മുന്നിലെത്തിയപ്പോള്‍ അയാള്‍ ചോദിച്ചു.. "എന്താ?"
അവന്‍ പറഞ്ഞു "എന്‍റമ്മവുക്ക് ഈ മണിയാഡര്‍ അയക്കണം." അടുത്ത ചോദ്യം ചോദിക്കാന്‍ തുടങ്ങിയ അയാളുടെ ശബ്ദം തൊണ്ടയില്‍ കുടുങ്ങി. രണ്ടു ജല ഗോളങ്ങള്‍ കവിളിലൂടെ ഇറങ്ങി അവന്‍ നീട്ടിയ മണിയോര്‍ഡര്‍ ഫോമിന്‍റെ സിഗ്നേചര്‍ കോളത്തില്‍ പതിച്ചു. അയാള്‍ക്കൊന്നും ചോദിക്കാനില്ലായിരുന്നു. ആ ശബ്ദം ട്രെയിനിലെ പുസ്തക വില്‍പ്പനക്കാരന്‍റേതായിരുന്നു...
Sppotify link: https://podcasters.spotify.com/pod/show/mozhiorg/episodes/--Outstanding-story-by-e23eb0j/a-a9p7s2s