mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

( Divya Reenesh)

അയാളോർത്തു എങ്ങനെയാണൊരു കാമുകനാവുക. ഹരി കൂടെ ഉണ്ടായിരുന്നെങ്കിൽ ഉടൻ വരും മറുപടി 

"ആഞ്ജനേയൻ എന്ന നിൻ്റെ പേര് മാറ്റിയാൽത്തന്നെ മതി."

"ആ പേരിനെന്താ ഒരു പ്രശ്നം?"

 അയാളുടെ ആത്മഗതമെങ്ങാനും  തെല്ലുറക്കെയായിപ്പോയാൽ,

"അയ്യേ ഇപ്പോഴത്തെ കാലത്ത് ആരേലും കൊച്ചു പയ്യന്മാർക്കിങ്ങനത്തെ പേരിടുഓ."

ഹരി വീണ്ടും പറയും. അയാൾ അത്ര കുഞ്ഞൊന്നുമല്ലായിരുന്നു. പത്തിരുപത്തെട്ട് വയസ്സായി. കല്ല്യാണപ്രായമൊക്കെയായി നിൽക്കുന്ന ഒരു അഭ്യസ്തവിദ്യൻ കൂടിയാണ്. ഇതിനൊക്കെ പുറമെ വേണു റൈറ്ററുടെ 'ചിട്ടി ഫണ്ട്സ്' ന്ന ഫിനാൻസിൽ അക്കൗണ്ടൻ്റു കൂടിയാണ്. തത്ക്കാലം അവിടെ കൂടീന്നെള്ളൂ. മുന്തിയ ഒരെണ്ണം ഒത്താൽ അപ്പോച്ചാടാൻ റെഡിയായി നിൽക്കുകയാണ് ആഞ്ജനേയൻ. പ്രണയിച്ച് കല്ല്യാണം കഴിക്കണം എന്നത് അയാളുടെ വലീയ ഒരാഗ്രഹമായിരുന്നു. അതെന്തെ അങ്ങനെ എന്ന് ചോദിച്ചാൽ അയാൾക്കറിയില്ല. അയാളുടെ ഇഷ്ങ്ങൾക്കൊപ്പം അനിഷ്ടങ്ങളെയും നേരത്തെ തന്നെ മനസ്സിലാക്കിയാൽ അതിനൊത്തുയരാനും താഴാനും വൈവാഹിക ജീവിതത്തിൽ പങ്കാളിക്ക്  കഴിയുമല്ലോ എന്നുള്ള സ്വാർത്ഥതകൊണ്ടൊന്നുമല്ല. എന്താണെന്ന് ചോദിച്ചാൽ അങ്ങനെ തോന്നുന്നൂ എന്നല്ലാതെ മറ്റൊന്നും അയാൾക്കതിനെപ്പറ്റിപറയാനില്ലായിരുന്നു. 

നീണ്ട നടവഴികളിറങ്ങി മെയിൻ റോഡിലെത്തുമ്പഴേക്കും അയാൾ നന്നായി വിയർത്തിരുന്നു. നടുവിന് കൈകൊടുത്ത്  തിരിഞ്ഞു നോക്കി, ഏകദേശം ഇരുപതിനോടടുത്ത് നടകളുണ്ട് ആ വീടിന്. റോഡിൻ്റെ ഒരരിക് പിടിച്ച് പതുക്കെ നടക്കുമ്പോൾ അയാൾ ഒന്നും ആലോചിക്കുന്നുണ്ടായിരുന്നില്ല. മനസ്സ് ശൂന്യമായിരുന്നു. ഉടുത്തിരുന്ന മുണ്ടിന്റെ ഒരറ്റം പൊക്കി ഇടതു കയ്യിൽ ഫോണിനൊപ്പം തെരുപ്പിടിപ്പിച്ച് തല കുത്തോട്ടേക്ക് ഒടിച്ചിട്ട് ഒന്നും ആലോചിക്കാതെ വെറുതെ നടന്നു. 

വായനശാലയിൽ പതിവുകാരൊന്നും എത്തിയിട്ടുണ്ടായിരുന്നില്ല. വേലായുധേട്ടൻ എന്നത്തേയും പോലെ രജിസ്റ്ററിൽ മുഖം ചേർത്തു വച്ച് ഉറങ്ങുന്നുണ്ട്.  ഇരുന്നപ്പോൾ ഉറങ്ങിപ്പോകുമെന്ന് വിചാരിച്ചു കാണില്ല. അതായിരിക്കും കണ്ണട അഴിച്ചു വയ്ക്കാഞ്ഞത്. കാലുകൾ ചെവിയിൽ നിന്നും പൊന്തി മാറി വക്രിച്ചങ്ങനെ കിടപ്പാണ് കണ്ണട. അയാളുടെ ശ്വാസഗതിക്കനുസരിച്ച് രജിസ്റ്ററിലെ പേജുകൾ പൊങ്ങുകയും താഴുകയും ചെയ്യുന്നുണ്ടായിരുന്നു. 

ആഞ്ജനേയൻ ബുക്ക് ഷെൽഫിനടുത്തേക്ക് നടന്നു, അട്ടിയിൽ നിന്നും പ്രേമലേഖനം വലിച്ചെടുത്തു. വീണ്ടും തെരയാൻ തുടങ്ങി മുകുന്ദൻ്റെ "നൃത്തത്തിന്" വേണ്ടി. 
രണ്ടും കയ്യിലെടുത്ത് വേലായുധേട്ടനടുത്തേക്ക്. മൂപ്പരിപ്പോൾ ചുമരിനഭിമുഖമായി തിരിഞ്ഞ് കിടക്കുകയാണ്. എവിടെ നിന്നോ ഒരീച്ച പറന്ന് വന്ന് അങ്ങേരുടെ മൂക്കിൻ തുമ്പത്തിരുന്ന് കൈരണ്ടും ചേർത്തുരയ്ക്കുന്നുണ്ട്. വേലായുധേട്ടൻ്റെ കൈ ഉറങ്ങിയിരുന്നില്ലെന്ന് അപ്പോഴാണ് ആഞ്ജനേയന് മനസ്സിലായത്. ഇടതു കൈ ഉയർത്തി വീശി അയാളതിനെപ്പായിച്ചു.  ഇത്തവണ ഈച്ച പറന്നുയർന്ന് അയാളുടെ മേൽച്ചുണ്ടിൽ സ്ഥാനം പിടിച്ചു. വേലായുധേട്ടൻ വീണ്ടും കൈയുയർത്തി. ഈച്ച കൈ രണ്ടും തമ്മിലുരച്ച് ഒരു പോരിനുള്ള തയ്യാറെടുപ്പിലാണ്. ഒരു രക്തച്ചൊരിച്ചിൽ ഒഴിവാക്കാനെന്നോണം ആഞ്ജനേയൻ അവർക്കിടയിലേക്ക് നുഴഞ്ഞുകയറി.

"വേലായുധേട്ടോ ഒന്നെണീറ്റേ, ആ രെജിസ്റ്ററിങ്ങ് തരുആ."

അദ്ദേഹം തപ്പിപ്പിടഞ്ഞെഴുന്നേറ്റു. കണ്ണട നേരെ വച്ചു. വായിലൂടെ ഒലിച്ചിറങ്ങാൻ വെമ്പി നിന്നിരുന്ന "കഥാച്ചേറ്" തുടച്ചു കളഞ്ഞു. കണ്ണടയുടെ പുറത്തൂടെ അയാളെ നോക്കി.

"ഓഹ് നീയ്യോ, ആരീം കാണാത്തോണ്ട് ഞാനൊന്ന് തല വെച്ചതാ, നീ എപ്പഴാ വന്നത്, എല്ലാ നെൻ്റെ കള്ളിക്കാരൊക്കെ എവിടെ?."

"അവരിവിടുണ്ടാകുംന്നാ ഞാൻ നിരീച്ചേ. അല്ല തലവെക്കാൻ ഇതെന്താ രാജധാനി എക്സ്പ്രസോ മറ്റോ ആണോ?."

"ഒന്ന് പോടാർക്കാ ദാ രെയ്സ്റ്ററ് വേണേ പിടിച്ചോ."

വേലായുധേട്ടൻ നീക്കി വച്ച രജിസ്റ്ററിൽ അയാൾ അന്നത്തെ തീയ്യതിയും പുസ്തകത്തിന്റെ പേരും പിന്നയാളുടെ പേരിനൊപ്പം ഒപ്പും നീട്ടിയിട്ടു.  അപ്പോഴാണ് ഹരി വന്നു കയറിയത് 

"അല്ല ഇന്ന് പട്ടാളം നേരത്തെ വന്നോ ആഞ്ജനേയാ?."

ഹരിയുടെ ചോദ്യം വേലായുധേട്ടനെ ശുണ്ഠി പിടിപ്പിച്ചു. 

"ഞാനെന്തെങ്കിലും പറഞ്ഞാ കൂടിപ്പോം." അതും പറഞ്ഞ് അദ്ദേഹം അകത്തേക്ക് കയറിപ്പോയി.

പണ്ട് വേലായുധേട്ടന് പട്ടാളത്തിൽ ചേരാൻ വലിയ ആഗ്രഹമായിരുന്നു. ഫിസിക്കൽ ഫിറ്റ്നസ് പരിശോധനയിൽ അദ്ദേഹത്തിന്റെ വലതുകാൽ തുടയിലെ മുഴ ഒരു തടസ്സമായി.  അന്നുതൊട്ട് അദ്ദേഹത്തിന് പട്ടാളം  വേലായുധൻന്ന് പേരും വീണു. ക്ഷേ അങ്ങനെ ആരെങ്കിലും വിളിക്കുന്നത് മൂപ്പർക്കിഷ്ടമല്ലാർന്നു. 

അങ്ങേരോട് സംസാരിക്കാൻ നല്ല രസാണ്. മൂപ്പർക്ക് ഒരുപാട് കാര്യങ്ങളറിയാം, ആർക്കുമറിയാത്ത വിചിത്രങ്ങളായ കാര്യങ്ങൾ... 

വേലായുധേട്ടൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. നായര പീട്യേന്ന് ചായ കുടിക്കും, നായര് പീട്യേന്ന് ഊണു കഴിക്കും. നായര പീട്യേന്ന് അത്താഴം കഴിക്കും. നായര പീട്യേലെ ഏക പറ്റുകാരനാണയാൾ. പെൻഷൻ കാശ് കിട്ടിയ ഒടനെ വേലായുധേട്ടൻ നായരെ നീട്ടി വിളിക്കും അന്നേരം അയാൾ അകത്തേക്ക് തലയിട്ട് നാരാണീന്നൊരു വിളിയുണ്ട്. കേൾക്കാൻ താമസം  അവരകത്തൂന്ന് ചിരിച്ചോണ്ടൊരു വരവുണ്ട്. വേലായുധേട്ടൻ പലിശയടക്കം പറ്റുകാശ് മൂപ്പത്യാരുടെ കയ്യിലങ്ങോട്ടാ വച്ചു കൊടുക്കും.  കൈനീട്ടി കാശ് വാങ്ങി നാരായണി എളകിച്ചിരിച്ചോണ്ട് അകത്തേക്ക് നടക്കും. പെട്ടെന്ന് പിന്തിരിഞ്ഞ് പറയും

"മൂപ്പിലാനേ നിക്കൂട്ടാ നെയ്യപ്പം ചുട്ടതെടുക്കട്ടെ."

പാത്രത്തിൽ കൊണ്ടു വച്ചത് മുക്കാലും തിന്നു തീർത്ത് ഒന്നും പറയാതെ മൂട്ടിലെ പൊടീം തട്ടി അയാളെണീറ്റു പോകും. ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിൽ നായരിരുന്നു ചവയ്ക്കുന്നുണ്ടാകും. നായർക്ക് വേലായുധനെമറ്റാരെക്കാളും വിശ്വാസാ. കോട്ടൂർക്കരയില് വേലായുധനെ അത്രീം വിശ്വാസൂള്ള വേറാരൂല്ല. വേറാരും...

"നീയെന്താ ആലോയ്ക്ക്ന്ന്?"

ഹരി തട്ടി വിളിച്ചപ്പോഴാണ് ആഞ്ജനേയൻ വേലായുധേട്ടനെ വിട്ട് വർത്തമാനത്തിലേക്ക് തിരിച്ചു വന്നത്. 

"ഡാ, നോക്കിയേ അതാരൊക്കെയാ വരുന്നത്"

ഹരി കുറ്റ്യാരത്തിൽ ഇളകിയിരുന്നോണ്ട് പറഞ്ഞു. ആഞ്ജനേയൻ ഹരിയുടെ ചൂണ്ടുവിരലിൻ്റെ അറ്റത്തേക്ക് മാത്രം ദൃഷ്ടി പതിപ്പിച്ചു. ഗ്രീഷ്മയാണ്. സ്ഥലത്തെ പ്രധാന അപ്സരസുകളുടെ ലിസ്റ്റിലെ മുന്തിയ ഇനം. അവൾ നേരെ ലൈബ്രറിയിലേക്ക് കയറി. തല ചെരിച്ച് ആഞ്ജനേയനെ നോക്കിച്ചിരിച്ചു. ആഞ്ജനേയനെ മാത്രം. അവന് ചിരിക്കാൻ തോന്നിയില്ല.

"ചിരിക്കെടാ നീയല്ലേ പറഞ്ഞെ നിനക്ക് പ്രേമിക്കാൻ മുട്ടിനിൽക്കാന്ന്."

അത് ശരിയാ ക്ഷേ ആഞ്ജനേയന് പ്രേമം പോയിട്ട് ഗ്രീഷ്മയോട് ചിരിക്കാൻ പോലും തോന്നീല. 
അവള് സുന്ദരിയാണ്. ഇളക്കിയിട്ട ചുരുളൻ മുടി കാറ്റിൽ പറത്തി  പുതിയ ഫാഷനിലുള്ള ഡ്രസ്സുകൾ മാറിമാറിയിട്ട് സന്തൂർ സോപ്പിൽ മുങ്ങിക്കുളിച്ച് പേരറിയാത്ത എന്തൊക്കെയോ മുഖത്ത് വാരിത്തേച്ച് അത്തറിന്റെ മണം പരത്തി കവലയിലൂടെ അവൾ  നടന്നു പോകുന്നത് കാണാൻ വേണ്ടി മാത്രം ആണുങ്ങൾ നായരുടെ ചായക്കടയിൽ സീറ്റ് പിടിക്കാറുണ്ട്. അറുപത് കഴിഞ്ഞ നാണുവേട്ടൻ പോലും ഒരർച്ചനപോലെ മുടങ്ങാതെ അത് നടത്തിവരുന്നതവനോർത്തു. ആ അവളാണ് ആഞ്ജനേയനെ നോക്കിച്ചിരിച്ചത്. 
പുസ്തകമെടുത്ത് മടങ്ങുമ്പോഴും അവൾ ആഞ്ജനേയനെ നോക്കി.

"നാളെ അമ്പലത്തില് വരുഓ."

ചിരിച്ചു കൊണ്ടവൾ  ചോദിച്ചു. എന്തുകൊണ്ടോ ആഞ്ജനേയനതു കേട്ടില്ല.

"വരാം"

 ഹരിയാണ് മറുപടി പറഞ്ഞത്.

"ഡാ അവളിങ്ങോട്ട് വന്നതാ നീയൊന്ന് മുട്ടി നോക്ക്."

"എനിക്കെങ്ങും വേണ്ട തട്ടേ മുട്ടേ എന്താച്ചാ നീയായിക്കോ."

"മൊരടൻ, നീ നിലാവും നോക്കി ഇവിടിരുന്നോ." ഹരി ദേഷ്യപ്പെട്ടാണ് പോയത്. 

നട കയറി വീടെത്തുമ്പഴേക്കും സന്ധ്യയായിരുന്നു. ചായ കുടിച്ച് ഉമ്മറത്തിരുന്നപ്പോൾ ഹരിയെ വിളിക്കാൻ തോന്നി. അവൻ ഫോണെടുത്തില്ല. രാവിലെ എഴുന്നേറ്റപ്പോൾ നേരം വൈകിയിരുന്നു. അതങ്ങനെയാണല്ലോ ഞായറാഴ്ചകൾ വൈകാൻ വേണ്ടി മാത്രമുള്ളതാണല്ലോ? കുളിച്ച് ചായ കുടിച്ചെന്നു വരുത്തി നേരെ ഹരിയുടെ വീട്ടിലേക്ക്... 

വഴിയിൽ സൗദാമിനിയേട്ടത്തി... 
അവർ പുറം തിരിഞ്ഞ് നിൽപ്പാണ്. 
എന്താണ് ചെയ്യുന്നതെന്ന് നിശ്ചയമില്ല. ലുങ്കിയും ബ്ലൗസുമാണ് വേഷം. കുറച്ച് നേരം അവനങ്ങനെ നിന്നു. ആ സ്ത്രീ മാറുന്ന ലക്ഷണമൊന്നുമില്ല. ഒന്ന് മുരടനക്കിയാലോ?. 
പെട്ടെന്ന് അവർ തിരിഞ്ഞു നോക്കി.

"അല്ല ആരിത് ആഞ്ജനേയനോ. കൊറേരായോ നീ ൻ്റെ പിന്നില് നിക്കാൻ തൊടങ്ങീറ്റ്."

അവർ അർത്ഥം വച്ചൊന്നു ചിരിച്ചു. അവന് മടുപ്പ് തോന്നി. 

"ഞാൻ രാവിലെന്നെ തീപ്പറ്റിക്കാൻ രണ്ടോലമടലന്വേഷിച്ചെറങ്ങീതാ. അപ്പഴാ പുല്ലിൻ്റെടേന്ന് ന്തോരനക്കം. വെല്ല എഴജെന്തുക്കളുആണോന്ന് നിരീച്ച് നോക്കീതാ."

അതും പറഞ്ഞ് അവർ അവൻ്റടുത്തേക്ക് നീങ്ങി നിന്നു.  വീണ്ടുമൊരു ചിരി ചിരിച്ചു, ഒരു വഷളൻ ചിരി. 

ക്ഷേ ആഞ്ജനേയനൊന്നും തോന്നീല്ല. ഒതുങ്ങികിട്ടിയ വഴിയിലൂടെ തൊട്ടാവാടിയെ ചവിട്ടി മെതിച്ചവൻ നടന്നു നീങ്ങി.

"മൊരടൻ"

അവർ പിറുപിറുത്തു. ആഞ്ജനേയനതു കേട്ടു. 

മുറ്റത്ത് ഹരിയുടെ അമ്മയുണ്ടായിരുന്നു. തോലു കളഞ്ഞ് ചെത്തിയിട്ട ഇളം മൂപ്പുള്ള നമ്പ്യാർ മാങ്ങ ഉപ്പും പെരക്കി ഉണക്കാനിടുകയാണവർ. കൊറേ ദെവസം അതങ്ങനെ ഒണങ്ങണം. മഞ്ഞ നെറം മാറി കറുപ്പാകും. പിന്നത് ചില്ലു കുപ്പീലിട്ട് വെച്ചാല് നല്ലസ്സല് പുളി പോലും തോറ്റു പോകും. മാങ്ങാപ്പുളി മീനിട്ട് വെച്ചാൽ നല്ല രസാ. വെറുതെ വായിലിട്ട് നൊണച്ചാലും ബഹു കേമാ. 
കുനിഞ്ഞ് അതീന്നൊരെണ്ണം വായിലേക്കിട്ടപ്പോൾ ഇരു കവിളിൽ നിന്നും ഉമിനീരൊലിച്ചെറങ്ങി. ഉമ്മറത്തേക്ക് കയറിയിരുന്നു.

"ഹരി കൊളത്തില് കുളിക്കാമ്പോയേക്കുആ, ഇപ്പം ബെരും മോനിവിടിരിക്ക്." അതും പറഞ്ഞ് ആയമ്മ അകത്തേക്ക് കയറിപ്പോയി.

പഴയ മട്ടിലുള്ളൊരു വീടാണത്  നീണ്ട ഇറയം സിമൻ്റിട്ടതാണ്. വെളിച്ചം കടന്നു ചെല്ലാത്ത കിടപ്പുമുറികൾ. വീടിന്റെ മാളികയിലാണ് ഹരി കിടക്കാറുള്ളത്. ഇറയത്ത് ഒരു മൂലയിലായി ഉമിക്കരി കെട്ടി ഞാത്തിയിട്ടിട്ടുണ്ട്. വാതിൽക്കൽ മുകളിലായി റ ഷേപ്പിൽ "ശ്രീമുത്തപ്പൻ ഈ വീടിന്റെ ഐശ്വര്യം" എന്ന് മഞ്ഞയിൽ ചുവപ്പു കൊണ്ടെഴുതിച്ചെർത്തിട്ടുണ്ട്.  അതിന് താഴെയായി എപ്പഴോ ആരോ കൊണ്ടുവന്ന് കെട്ടിത്തൂക്കിയ ഒരോടപ്പൂ വിസ്മൃതിയിലേക്ക് കൂപ്പൂകുത്തിക്കൊണ്ട്   തൂങ്ങിനിൽപ്പുണ്ട്. 
ഇരുന്നിരുന്ന വയറു കസേരയിൽ നിന്നെഴുന്നേൽകവെ അമ്മ ചായഗ്ലാസുമായി വന്നു. 

"ഇരുന്ന് മടുത്തോ നിയ്യ്?."

"ഇല്ലമ്മാ."

"അരുന്ധതി എന്ത് പറയുന്നു?."

"സുഖം"

അരുന്ധതി അയാളുടെ അനിയത്തിയാണ്.

"അവൾക്കാലോചനയൊന്നും വരാറില്ല്യേ."

"മുറയ്ക്കു വരാറുണ്ട്. ക്ഷേ  ഒന്നും അച്ഛനങ്ങോട്ട് പിടിക്കണില്ല."

"നല്ലത് തരാവാത്തോണ്ടായിരിക്കും. ക്കെ സമയാമ്പം നടക്കും നീയി ചായകുടി. ഇത് നമ്മടെ തൊടീലുണ്ടായ പഴാ, ചെങ്കദളി. കാണാൻ നല്ല ചേലാ ക്ഷ്യേ പറയത്തക്ക മധുരോന്നില്ല. ഹരിയിത് കൈകൊണ്ടാ തൊടില്ല."

പാത്രത്തിൽ അവർ നീക്കി വച്ച കദളിപ്പഴം കടിച്ച് തിന്നുമ്പോൾ ദൂരെ നിന്നു ഹരി വരുന്നതവൻ കണ്ടു. കൂടെ രാധയുമുണ്ട്. ഹരിയുടെ മുറപ്പെണ്ണാണവൾ. 

"ആ രണ്ടാളൂണ്ടല്ലോ. ഇവരുടെ കാര്യം ഇനീം നീട്ടിക്കൊണ്ടോവാൻ പറ്റില്ലാന്നാ ഏട്ടൻ പറയേണത്. വേറ ജോലിയൊന്നുആയീല്ല്യാച്ചാ കടേല് നിന്നോട്ടേന്നാ അവൻ്റച്ഛനും പറേന്ന്."

അത് കേട്ടപ്പോൾ ആഞ്ജനേയൻ്റെ മനസ്സ് വല്ലാതെ വേദനിച്ചു. അവനസൂയ്യയോടെ മുറ്റത്തു നിൽക്കുന്ന രാധയെ നോക്കി. രാധയുടെ പുറകിൽ തലതോർത്തിക്കൊണ്ട് നടന്നു വരുന്ന ഹരിയേ നോക്കി. 

ഹരി എന്തോ പതുക്കെ രാധയോട് പറഞ്ഞു. നാണിച്ച മുഖത്തോടെ രാധ അകത്തേക്ക് കയറിപ്പോയി. ആ കാഴ്ച കാണാൻ ശക്തിയില്ലാതെ ആഞ്ജനേയൻ മുഖം തിരിച്ചു. 
ഹരി വേഗം റെഡിയായി വന്നു. അവൻ വഴിനീളെ വാതോരാതെ എന്തൊക്കെയോ പറഞ്ഞു. ആഞ്ജനേയൻ ഒന്നും കേട്ടില്ല. ഇടയ്ക്കിടേ രാധ രാധ എന്നു മാത്രം മുഴങ്ങിക്കേൾക്കെ അവന് തല പിളരുന്നതായിത്തോന്നി. 

കലുങ്കിലിരുന്ന് എന്നത്തേയും പോലെ കമ്മറ്റികൂടാൻ ആഞ്ജനേയനു കഴിഞ്ഞില്ല. വേണുറൈറ്ററെടുത്ത് ചെല കണക്കുകൾ കാണിക്കാനുണ്ടെന്ന് പറഞ്ഞ് അവിടെ നിന്നും വേഗം മടങ്ങുമ്പോൾ ആഞ്ജനേയൻ്റെ മനസ്സ് തിരയൊടുങ്ങാത്ത കടലു പോലെ അസ്വസ്ഥമായിരുന്നു. 

വഴിനീളെ അയാൾ ഹരിയെക്കുറിച്ചാലോചിച്ചു. ഇതുവരേ പിടികിട്ടാത്ത അയാളുടെ പ്രണയത്തെക്കുറിച്ചാലോചിച്ചു. അയാളറിയുകയായിരുന്നു, തിരിച്ചറിയുകയായിരുന്നു രാധ സ്വന്തമാക്കാൻ ശ്രമിക്കുന്നതയാളുടെ പ്രണയത്തെയാണെന്ന്. അതേ അയാൾക് പ്രണയമാണ്, ഇത്രനാളും പ്രണയമായിരുന്നു പോലും ഹരിയോട്. അയാൾ ഇതുവരെ ഇല്ലാത്ത ഒരാനന്ദം അനുഭവിക്കുകയാണ്. ചുറ്റുമുള്ളതിനൊക്കെ ഭംഗികൂടുകയാണ്. അവാച്യമായ ഒരനുഭൂതി അയാളെ വന്നു തഴുകി. ആഞ്ജനേയനു സന്തോഷം തോന്നി. വല്ലാതെ വല്ലാതെ സന്തോഷം തോന്നി. എല്ലാവരോടും ഉറക്കെ വിളിച്ചു പറയാൻ തോന്നി. ഞാനും ഒരു കാമുകനായെന്ന്. അല്ല ഞാനും ഒരു കാമുകനായിരുന്നെന്ന്... എനിക്ക്, എനിക്ക് ഹരിയെ ഇഷ്ടമാണെന്നയാൾ പതുക്കപ്പറഞ്ഞു. അതുകേട്ട് പുൽനാമ്പിലെ മഞ്ഞ് തുള്ളി താഴേക്ക് ഊർന്നു വീണു. ആഞ്ജനേയൻ്റെ പ്രണയ രഹസ്യം ഒളിഞ്ഞു കേട്ട് കാറ്റ് പേടിച്ച് പൊടിപറത്തിക്കൊണ്ട് പറന്നു പോയി. എന്നാൽ ആഞ്ജനേയന് പേടി തോന്നിയില്ല. ഹരിയെ  മറ്റാർക്കും വിട്ടുകൊടുക്കാൻ ആഞ്ജനേയൻ തയ്യാറല്ലായിരുന്നു. 

വീട്ടിലെത്തുമ്പോൾ മുറ്റത്ത് പരിചയമില്ലാത്ത വണ്ടികൾ കിടപ്പുണ്ടായിരുന്നു. തിണ്ണയിലേക്ക് കയറുമ്പോൾ അവർ പോകാനൊരുങ്ങുകയായിരുന്നു. 

"ആ കൃത്യ സമയത്ത് തന്നെ ആളെത്തിയല്ലോ"  അമ്മാവനാണ്.

"ഇത് ആഞ്ജനേയൻ ഇവളുടെ ഒരേയൊരേട്ടൻ." 

അച്ഛൻ അയാളെ നോക്കിപ്പറഞ്ഞു. "നോക്ക് ആഞ്ജനേയാ ഇവരരുന്ധതിയെക്കാണാൻ വന്നവരാ."

വെറുതെ തലകുലുക്കി നിൽക്കുമ്പോൾ അയാളുടെ  മനസ്സ് നിറയെ ഹരിയായിരുന്നു.  രാത്രി ഊണു കഴിച്ചെന്നു വരുത്തി മുകളിലേക്ക് കയറുമ്പോൾ അമ്മ വിളിച്ചു. 

"ഡാ, കേറിപ്പോകല്ലേ ഒന്നിത്രടം വരെ വാ അച്ഛനെന്തോ പറയാനുണ്ട് പോലൂം."

അകത്തളം കടന്ന് ഉമ്മറത്തേക്ക് നടക്കുമ്പോൾ അമ്മയും കൂടെക്കൂടി. അച്ഛൻ ചൂരൽക്കസേരയിൽ കണ്ണടച്ചിരിപ്പാണ്. 

"അതേ നിങ്ങളെന്താച്ചാ പറാട്ടാ. അവനൊറങ്ങാമ്പോവാർന്നു."

 അമ്മയുടെ മുഖവുര അവനിൽ സംശയം മുളപ്പിച്ചു.

"ആഹ് നീ വന്നോ അരുന്ധതിയുടെ കാര്യം പറയാനാ കൂട്ടത്തിൽ നെൻ്റെം.  അറിഞ്ഞെടത്തോളം നല്ല ബന്ധാ അവളുടെ ജാതകവുമായി നല്ല പൊരുത്തം, പോരാത്തേന്  പയ്യന് സർക്കാർ ജോലീം, പറഞ്ഞ് വരുന്നതെന്താച്ചാ  നെന്നെക്കുറിച്ചറിഞ്ഞപ്പം അവർക്കൊരു മാറ്റക്കല്ല്യാണത്തിനാശ. ചെറുക്കൻ്റെ എളേതാ പെണ്ണ്."

അയാളക്ഷമയോടെ അവനെ നോക്കി. 

"നിക്ക് പറ്റില്ല" ആഞ്ജനേയൻ കയർത്തു കൊണ്ട് പറഞ്ഞു.

"പെങ്കുട്ടിയേ കണ്ടിട്ട് പറഞ്ഞാ മതി." ലക്ഷ്മിയമ്മ ഇടയ്ക്ക് കയറി പറഞ്ഞു. 

ഒരു കാറ്റു പോലെ മുറിയിലേക്ക് പോകുമ്പോൾ അയാൾക്ക് ദേഷ്യം തോന്നി. പേരറിയാത്ത ആ പെൺകുട്ടിയോട്, രാധയോട്,  അരുന്ധതിയോട്, ലക്ഷ്മിയമ്മയോട്, സൗദാമിനിയോട്, കാറ്റിനോട്, നിലാവിനോട്, അയാളോടു തന്നെയും...
പിറ്റേന്നും അതിനു പിറ്റേന്നും അനന്തൻ അയാളുടെ പിന്നാലെ കൂടി. 

"പറ്റില്ല, പറ്റില്ല"

 ആഞ്ജനേയൻ  ആർത്തു വിളിച്ചു കയർത്തു... 

"മൊരടൻ"

 അകത്തളത്തിൽ ആ വാക്ക് വീണ്ടും വീണ്ടും മുഴങ്ങിക്കേട്ടു.  ലക്ഷ്മിയമ്മ നിലവിളിച്ചു  ഓരോന്നും പതം പറഞ്ഞു കരഞ്ഞു. ആഞ്ജനേയൻ്റെ മനസ്സറിയാനവർ അമ്പലമായ അമ്പലങ്ങളിലെല്ലാം നേർച്ച നേർന്നു. ലക്ഷ്മിയമ്മ പാലും തേനും ചേർത്തു ചോദിച്ചു. ആഞ്ജനേയനൊന്നും മിണ്ടീല്ല. അനന്തനാശാൻ  മീശ പിരിച്ചു ചോദിച്ചു, കണ്ണുരുട്ടി കാണിച്ചു,

"ന്താ നെൻ്റെ ഭാവം?."

ആഞ്ജനേയനൊന്നും മിണ്ടീല്ല.  അമ്മാവൻ വന്നു, അരുന്ധതി വന്നു, ഹരി വന്നു... ആഞ്ജനേയൻ അനങ്ങിയില്ല.  അയാളുടെ ഉള്ളിൽ ഹരി മാത്രമായിരുന്നു. ആഞ്ജനേയന് രാധയെകാണണമായിരുന്നു, ഹരിയെ വിട്ടുതരണമെന്ന് പറയാൻ. ഹരിയെ മാത്രം മതി ഹരിയെ മാത്രം... രാധയ്ക്കും ഹരിയെ മാത്രമാണ് വേണ്ടീരുന്നത്. കാറ്റ് പതുക്കെ പറഞ്ഞു ആഞ്ജനേയന് ഹരിയോട് പ്രണയമാണ് പോലും പൂക്കളതേറ്റ് ചൊല്ലി, കിളികൾ നാണിച്ച് കൂട്ടിലോളിച്ചു. അന്ന് അനന്തനാശാൻ പതിവിലും നേരത്തെ വീട്ടിലെത്തി. പടിപ്പുര വലിചടച്ചു. 

"എവിടെ ആ നായിൻ്റ മോൻ"
 
അയാൾ നിന്നു ജ്വലിക്കുകയായിരുന്നു. 
ലക്ഷ്മിയമ്മയെ തടുത്തിട്ട് മുകളിലേക്ക് പായുമ്പോൾ ആഞ്ജനേയൻ ഹരിയുമൊത്ത് കടൽകരയിലൂടെ നടക്കുകയായിരുന്നു...  കാലുകളിൽ പറ്റിപ്പിടിച്ച പൂഴിമണൽ പരസ്പരം ചവിട്ടിക്കളയുമ്പോൾ അവരിരുവരും ചിരിക്കുകയായിരുന്നു. 

"പ്ഭാ. മൂടിപ്പൊതച്ചൊറങ്ങാ അശ്രീകരം."

അനന്തനാശാൻ കാലുയർത്തി തൊഴിക്കുമ്പോൾ ആഞ്ജനേയന് ഒന്നും മനസ്സിലായില്ല. ഒരാളെ പ്രണയിക്കുന്നത് തെറ്റാണോ. തൻ്റെ ജീവനേക്കാൾ സ്നേഹിക്കുന്നത് പാപമാണോ. 

"സുകൃതക്ഷയം അല്ലാണ്ടെന്താ പറയ്യാ അധികം നെഗളിച്ചാ നെൻ്റെ വല്ല്യച്ഛനെ ൻ്റെ അച്ഛൻ ചെയ്തതെന്നെ ഞാനും ചെയ്യും. ഇരു ചെവിയറിയാണ്ട് കെട്ടിത്തൂക്കും. അനങ്ങാണ്ട് പെണ്ണിന്റെ കല്ല്യാണം വരെ ഈ മുറിത്തന്നെ കെടന്നോ."

അതും പറഞ്ഞ് മുറിപൂട്ടി പുറത്തിറങ്ങുമ്പോൾ അയാൾ വേച്ചു പോയി.

പ്രണയം കാറ്റുപോലെയാണ് അതെവിടെയും പോകും. പ്രണയം സുഗന്ധം പോലെയാണ് അതൊളിച്ചു വയ്ക്കാൻ കഴിയില്ല. പ്രണയം കടൽത്തിരപോലെയാണ് അത് വീണ്ടും വീണ്ടും ആർത്തലച്ച് വരും. ആഞ്ജനേയനും പ്രണയമായിരുന്നു ഹരിയോട്, അവനും പ്രണയിക്കണമായിരുന്നു.  ഇരുട്ടിൽ തപ്പിത്തടഞ്ഞ് വഴിനീളെ ഇടറിവീണുകൊണ്ടയാൾ ഹരിയെത്തേടിയലഞ്ഞു. വഴിയിൽ ആരെയോ കൂട്ടി മുട്ടി. 

"ആരിത് ആഞ്ജനേയനോ  എനിക്കറിയാമായിരുന്നു നീയും ഒരു വേലായുധനായിരുന്നെന്ന്, എന്നപ്പോലെയാകാൻ ക്ഷേ നിൻ്റെ ഹരിക്കായെന്ന് വരില്ല."

അതും പറഞ്ഞ് നായര് നടന്നകലുമ്പോൾ ആഞ്ജനേയൻ ഇരുട്ടിൽ തനിച്ചായിരുന്നു. അയാൾ ഉറക്കെക്കരഞ്ഞു.

പകലുറക്കം കഴിഞ്ഞ കടൽക്കര ശാന്തമായിരുന്നു. മണലിൽ മുഖം പൂഴ്ത്തി ആഞ്ജനേയൻ പ്രണയത്തെ പുണർന്നിരുന്നു. അന്നേരം ഒരു കടൽക്കാക പറന്നു പോയി അതു കരഞ്ഞു പറഞ്ഞു ആഞ്ജനേയന് ഹരിയോട് പ്രണയമാണ് പോലും, കാക്കയുടെ  ചുണ്ടിലിരുന്ന് പ്രാണൻ വെടിയുമ്പോൾ കടൽ മീൻ പതുക്കെപ്പറഞ്ഞു ആഞ്ജനേയന്  ഹരിയോട് പ്രണയമാണ് പോലും... അത് കേട്ട് കടലു പറഞ്ഞു ആഞ്ജനേയന് ഹരിയോട് പ്രണയമാണ് പോലും... കാറ്റും, കരയും, മണ്ണും, വിണ്ണും, മേഘക്കീറും അതേറ്റു പിടിച്ചു. ആഞ്ജനേയന് ഹരിയോട് പ്രണയമാണ് പോലും...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ