mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഒരു തിങ്കളാഴ്ചയുടെ അർദ്ധരാത്രിയിലാണ് കോളേജിൽ നിന്നും ഞങ്ങൾ പുറപ്പെടുന്നത്. ഏകദേശം രണ്ടു മണിയോട് കൂടിയാണ് യാത്ര തുടങ്ങിയത്. മലപ്പുറത്തിന്റെ ഇങ്ങേ തലയ്ക്കല്‍ നിന്നും പാലക്കാടും തൃശൂരും എറണാകുളവു കടന്ന് ഇടുക്കി എന്ന സുന്ദരിയുടെ മടിത്തട്ടിലേക്ക്.

വാഗമണായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യസ്ഥാനം ഏകദേശം ഒൻപതു മണിയോടുകൂടി ഞങ്ങൾ വാഗമണ്ണിലെ കുരിശുമലയിൽ എത്തിച്ചേർന്നു അവിടെ ആയിരുന്നു അന്നത്തെ പ്രാതല്‍. പോകുന്തോറും കൂടുതല്‍ ചെങ്കുത്തായ പാറകളായിരുന്നു കുരിശുമലയുടെ മുഖ്യ ആകര്‍ഷണം. കൂടാതെ വഴിയില്‍ ഇടവിട്ട് ഇടവിട്ട് ഓരോ കുരിശുപ്രതിമയും അതിലെ ഐതിഹ്യങ്ങളും.

വാഗമണിന്റെ ഏറ്റവും നല്ല വ്യൂ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നു കൂടിയായ കുരിശുമലയോട് യാതപറഞ്ഞിറങ്ങിയത് നേരെ തങ്ങള്‍പ്പാറയിലേക്കായിരുന്നു. റോഡരികില്‍ ബസ്സ് നിര്‍ത്തി കുറച്ച് ദൂരം നടക്കണമായിരുന്നു അവിടെയെത്താന്‍ അത് കൊണ്ട് തന്നെ നന്നേ പ്രയാസപ്പെട്ടാണ് ഞങ്ങള്‍ തങ്ങള്‍പ്പാറയിലെത്തിയത്. മൂന്ന് ചെറു കുന്നുകള്‍ കയറി ഇറങ്ങി വേണം തങ്ങള്‍പ്പാറയിലെത്താന്‍. അതിനു പിന്നില്‍ കാണുന്ന ഒരു ഉരുണ്ട പാറയും മഖ്ബറയും ആണ് തങ്ങള്‍പ്പാറ. ശെെഖ് ഫരീദുദ്ധീന്‍ എന്ന മഹാനുഭാവന്റെ മഖ്ബറയില്‍ സിയാറത്ത് നടത്തിയത് മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ ആനന്ദമേകി.വാഗമണിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ തങ്ങള്‍പ്പാറ സന്ദര്‍ശകരെ മാടി വിളിക്കുകയായിരുന്നു.ആ തിരക്കുകള്‍ക്കിടയില്‍ നിന്നും തല്‍ക്കാലം യാത്ര പറഞ്ഞ് തേയില തോട്ടങ്ങള്‍ക്കിടയിലൂടെ മൊട്ടകുന്നുകള്‍ ലക്ഷ്യമാക്കി ഞങ്ങള്‍ സഞ്ചാരം തുടര്‍ന്നു.

പേര് പോലെ തന്നെയായിരുന്നു മൊട്ടക്കുന്നുകളും എവിടെയും അധികം ഉയരമില്ലാത്ത പുല്‍നാമ്പുകള്‍ മാത്രം. മധ്യത്തിലായി ഒരു ചെറു തടാകവും. വിശന്ന് വലഞ്ഞ ഞങ്ങളെ പിന്നെ എതിരേറ്റത് കോലാഹലമേടായിരുന്നു. ഉച്ചഭക്ഷണം അവിടെയൊരു ഹോട്ടലില്‍ നിന്നായിരുന്നു. ഭക്ഷണ ശേഷം പെെന്‍ വാലിയായിരുന്നു ഞങ്ങളുടെ ലക്ഷ്യസ്ഥാനം. അല്‍പ്പ ദൂരം നടന്നാല്‍ അവിടെ എത്താമെന്ന ബസ്സിലെ സഹായിയുടെ വാക്ക് അനുസരിച്ചതെന്നോണം എല്ലാവരും അവിടേക്ക് നടന്നു. പ്രധാന പാതയില്‍ നിന്നും എല്ലാവരും പ്രവേശിച്ചത് ഒരിടുങ്ങിയ പാതയിലേക്കായിരുന്നു. അവിടെ ഞങ്ങളെ വരവേറ്റത് പെെന്‍ മരങ്ങളുടെ ഒരു മഹാസാഗരമായിരുന്നു. അവിടെ ആര്‍ത്തുല്ലസിച്ചും ആവോളം സെല്‍ഫിയെടുത്തും പെെന്‍ മരങ്ങള്‍ക്ക് നടുവിലെ ഒരു ചെറിയ അരുവിയില്‍ നിന്ന് വെള്ളം കുടിച്ചും ഞങ്ങള്‍ പെെന്‍ മരങ്ങള്‍ പെെന്‍ വാലിയെ ഒരു ഡ്രീം വാലിയാക്കി മാറ്റി. പിന്നെയുള്ളത് വാഗമണിനോട് യാത്ര ചോദിക്കലായിരുന്നു. തേന്‍ നെല്ലിക്കയുടെ മധുരവും തെരുവ് കച്ചവടക്കാരുടെ നിഷ്കളങ്കമായ ചിരിയും ഓര്‍മ്മയുടെ ഓളങ്ങളീലേക്ക് മാറ്റി വച്ച് വാഹനം മൂന്നാറിലേക്കുള്ള പ്രധാന പാതയിലേക്ക് കയറി. വാഗമണില്‍ നിന്നും മൂന്നാറിലേക്കുള്ള വിജനമായ പാത. ഇടയ്ക്ക് ഒന്നോ രണ്ടോ ചെറു വാഹനങ്ങള്‍ മാത്രം. തേയില തോട്ടങ്ങള്‍ക്കിടയിലൂടെ വാഹനം ചെറുതല്ലാത്ത വേഗതയില്‍ അതിന്റെ പ്രയാണം തുടര്‍ന്നു.ഇളം കാറ്റ് മുഖത്തോട് മുഖം ചേര്‍ന്ന് സല്ലപികുന്നത് പോലെ തോന്നി.

 ഏകദേശം പത്തരയായിക്കാണും ഞങ്ങള്‍ മൂന്നാറിലെത്തുമ്പോള്‍.ആദ്യം ടൗണില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ കെെ കഴുകിയപ്പോഴാണ് തണുപ്പിന്റെ തീവ്രത ഞാന്‍ ശരിക്കുമറിഞ്ഞത്. ആകാംഷ കൊണ്ട് ഫോണില്‍ താപനില നോക്കിയപ്പോള്‍ 6°സെല്‍ഷ്യസ്!!. അവിടെ നിന്നും ബസ്സ് നേരെ പോയത് മൂന്നാര്‍ ക്യൂന്‍ എന്ന ഒരു മൂന്ന് നില കെട്ടിടത്തിലേക്ക്.അവിടെയാണ് ഞങ്ങള്‍ രാത്രി തങ്ങാന്‍ ഉദ്ദേശിച്ചിരുന്നത്. ബാഗും അവിടെ വെച്ച് ഞങ്ങള്‍ രാത്രി നമസ്കാരത്തിനു വേണ്ടി അടുത്തുള്ള പളളിയിലേക്ക് പോയി. പിന്നീട് രാവിലെ വാതിലില്‍ മുട്ടല്‍ കേള്‍ക്കുമ്പോഴാണ് എന്റെ കണ്ണുകള്‍ ശരിക്കും പ്രവര്‍ത്തന സജ്ജമായത്. കൃത്യം ഒമ്പത് മണിക്ക് ഞങ്ങള്‍ മൂന്നാര്‍ ക്യൂനിനോട് യാത്ര പറഞ്ഞിറങ്ങി.

പിന്നെ ഒരടിപൊളി പ്രാതല്‍,പിന്നെ നേരെ ടോപ് സ്റ്റേഷനിലേക്ക്. സഹ്യ പര്‍വ്വത നിരകളിലെ ഏറ്റവും വലിയ പര്‍വ്വത ശിഖിരങ്ങളുടെ ഒരു കൂട്ടം.അതി മനോഹരമായ വ്യൂ പോയിന്റും.

പിന്നെ ഡ്രെെവര്‍ നേരെ വെച്ച് പിടിച്ചത് എക്കോ പോയിന്റിലേക്കായിരുന്നു. അവിടെയായിരുന്നു ഞങ്ങളുടെ അന്നത്തെ ഉച്ച ഭക്ഷണം. അതി ഗംഭീരമായ സദ്യ എന്ന് വേണമെങ്കില്‍ പറയാം. അവിടെ നിന്നും നേരെ കുണ്ടല ഡാമിലേക്കും മാട്ടുപ്പെട്ടി ഡാമിലേക്കും. ആ പശ്ചാതല സൗന്ദര്യത്തിന് മാറ്റേകാന്‍ കുതിരകളുടെ നീണ്ട നിരയും പെെന്‍ മരങ്ങളെന്ന് തോന്നിപ്പിക്കുന്ന നിരനിരയായുള്ള വടുവൃക്ഷങ്ങളും കുണ്ടല ഡാമിന്റെ ഇടത് വശത്തുണ്ടായിരുന്നു. പെരിയാറിന്റെ തീരത്ത് കൂടെയുള്ള മടക്ക യാത്രയും ജീവിതത്തില്‍ നവ്യാനുഭവമായി.ഇരവി കുളവും നീലകുറിഞ്ഞിയും സന്ദര്‍ശക ബാഹുല്ല്യത്താല്‍ കണ്‍മുന്നില്‍ നിന്നകന്നത് സങ്കടമായി.  

മൂന്നാറിനെ വര്‍ണ്ണിക്കാന്‍ വര്‍ണ്ണനകളും വിശേഷിപ്പിക്കാന്‍ വിശേഷണങ്ങളും കണ്ടെത്താന്‍ പ്രയാസമാണ്. ആ സത്യം മനസ്സിലാക്കി കൊണ്ട് മടക്കയാത്രയിലെ തിടുക്കത്തിലേക്ക് ഞാന്‍ ഇഴകിച്ചേര്‍ന്നു...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ