മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

magic planet trivandrum

കേവലം  ചുറ്റിക്കറങ്ങി കണ്ടു വരാവുന്ന ഒരു ഇടം മാത്രമല്ല മുതുകാടിന്റെ 'മാജിക് പ്ലാനറ്റ്'. കുട്ടികളെയും കൂട്ടി ഒരു പിക്നിക് മാത്രമായിരുന്നു ഉദ്ദേശം. എന്നാൽ മുതിർന്നവർക്കും മറക്കാനാവാത്ത അനുഭവമാണ് ആ മാന്ത്രിക ലോകം സമ്മാനിക്കുന്നത്. ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്നത്ര വലുത്.

വണ്ടിയിൽ നിന്നിറങ്ങി ടാർവഴിയിലൂടെ നടന്ന് മുമ്പോട്ട് ചെല്ലുമ്പോൾ, റോഡിനടിയിൽ നിന്ന് ഉയർന്നുവന്ന് നിൽക്കുന്ന ഭീമാകാരമായ ഒരു ശിരസ്സ് ..!പുറത്തേക്കു വരാൻ ഊന്നിയ കൈവിരലുകൾ മാത്രമേ വെളിയിൽ കാണാനുള്ളൂ -അതൊരു മാന്ത്രികന്റെ തലയാണ് .'മാജിക് പ്ലാനറ്റ്' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന കറുപ്പ് തൊപ്പിക്കാരൻ..!

magic planet trivandrum

തുടങ്ങിയിട്ടേയുള്ളൂ... പാറക്കൽക്കൊട്ടാരങ്ങളും, പഴകി ദ്രവിച്ച മതിൽക്കെട്ടുകളും.. മാന്ത്രിക ലോകത്തേക്ക് നമ്മെ ആനയിക്കുന്നു .

magic planet trivandrum

തുടക്കം ഒരു 'മാജിക് ഷോ'യിൽ തന്നെയായിരുന്നു. അതൊരു കോമാളിയാണ് അവതരിപ്പിച്ചത്. പരമ്പരാഗത ചെപ്പടി വിദ്യകളുടെ വാതായനങ്ങൾ തുറന്നിടുന്ന 'ഇന്ത്യാ ഗേറ്റിന്റെ' പശ്ചാത്തലത്തിൽ- തുറന്ന വേദിയിൽ.!

അയാളുടെ പോക്കറ്റിലിട്ട കർച്ചീഫുകൾ   നിറം മാറി മാറി പുറത്തേക്ക് വരുന്നു.. ഇടത്തേ പോക്കറ്റിൽ നിന്നും വലത്തേ പോക്കറ്റിലേക്ക് അവ കൂടുവിട്ട് കൂടു മാറി.. കളിപ്പന്തുകൾ അമ്മാനമാടി.. ഒന്നൊന്നായി വായുവിൽ അലിഞ്ഞ ലിഞ്ഞ് ഇല്ലാതായി..! കോമാളിയുടെ കൈപ്പിഴകൾ ഞങ്ങളെ പൊട്ടി പൊട്ടി ചിരിപ്പിച്ചു.

magic planet trivandrum

പക്കാ പ്രൊഫഷണലായാണ് ഇവിടെ എല്ലാ പരിപാടികളും. ചാരിറ്റബിൾ ഓർഗനൈസേഷൻ ആയി പ്രവർത്തിക്കുന്നതിനാൽ നമ്മൾ ടിക്കറ്റ് എടുത്തല്ല ഈ കാഴ്ചകൾ ആസ്വദിക്കുന്നത്. 500 രൂപയിൽ കുറയാത്ത സംഭാവന നൽകുകയാണ്.

magic planet trivandrum

തെരുവിൽ അലഞ്ഞു നടന്ന് മാജിക് കാണിച്ചവർക്ക് ഇവിടെ അഭയ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. നിരാലംബരായ അമ്മമാർ നിർമ്മിക്കുന്ന കരകൗശല വസ്തുക്കൾ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. സംസാരശേഷിയില്ലാത്ത, കേൾവിയില്ലാത്ത ചിത്രകാരന്മാർ വരച്ച ജീവൻ തുടിക്കുന്ന ചിത്രങ്ങൾ സ്വന്തമാക്കാൻ അവസരമുണ്ട്.

'സർക്കസ് കൂടാരം' മറ്റൊരു അനുഭവം നൽകുന്നു. വിദേശ കലാകാരന്മാർ തികവോടും മികവോടും അവതരിപ്പിക്കുന്ന കലാപരിപാടിയുൾപ്പെടെ നാലഞ്ചു മണിക്കൂറുകൾ നമുക്ക് ഇവിടെ ചിലവഴിക്കാൻ കഴിയും.  പാറക്കെട്ടുകൾക്കിടയിലൂടെ നടന്ന് വെള്ളച്ചാട്ടത്തിനരുകിൽ തണൽമരച്ചുവട്ടിലിരുന്ന് താളമേളങ്ങളുടെ അകമ്പടിയോടെ ജൂനിയർ മജീഷ്യന്മാർഅവതരിപ്പിച്ച മാജിക്ക് കണ്ട് വണ്ടറടിച്ചതിനെക്കാൾ അത്ഭുതം തോന്നിയത് അവർ കേൾവി യില്ലാത്തവരായിരുന്നു എന്നറിഞ്ഞപ്പോഴാണ് .അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തു .

magic planet Trivandrum

മറ്റൊരു ഫോട്ടോ വിമാനത്തിനകത്ത് എടുത്തതാണ്. യഥാർത്ഥ വിമാനത്തിന്റെ വലിപ്പത്തിലും മാതൃകയിലും നിർമ്മിച്ചിരിക്കുന്ന വിമാനത്തിലിരുന്നെടുത്ത ഫോട്ടോ 'സ്റ്റാറ്റസ് 'ആക്കിയപ്പോൾ "വിദേശയാത്രയാണോ.."? എന്നു ചോദിച്ച കൂട്ടുകാരോട് :"ഇതൊക്കെ  എൻറെയോരോ മാജിക്കല്ലേ.." എന്ന് മറുപടി.

മാജിക് പ്ലാനറ്റ് കാഴ്ചകളുടെ കലാശക്കൊട്ട് 'ഇല്യൂഷൻ തിയേറ്ററിൽ' ആണ് അനുഭവിച്ചത്. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഇമ ചിമ്മാൻ പോലും ഇടവേള നൽകാത്ത പ്രൊഫഷണൽ മാജിക് ഷോ. ഹൈടെക് സൗണ്ട് അനുഭവവും സറൗണ്ടിംഗ് ലേസർ ലൈറ്റ് വിന്യാസവും നമ്മെ വിശ്വോത്തരമായ മാജിക് എന്താണെന്ന് കാണിച്ചുതരുന്നു..

'തൊപ്പിക്കുള്ളിൽ നിന്നും മുയലിനെ പ്രാവാക്കി പുറത്തെടുത്ത് പറപ്പിക്കുന്ന' മാന്ത്രിക വിദ്യയെക്കാൾ, ഭിന്നശേഷിക്കാരായ കുരുന്നുകളെ വിശാലമായ വിഹായസിൻറെ അനന്തസാധ്യതകളിലേക്ക്  കൈപിടിച്ചുയർത്തുന്ന മാജിക്കാണ്, ഇപ്പോൾ സുപ്രസിദ്ധ മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രദർശിപ്പിച്ചു പോരുന്നത്. കാഴ്ചക്കാരിലേക്ക് നോവുന്ന നേരനുഭവം പകർന്നു നൽകാൻ മാജിക് പ്ലാനറ്റിന് കഴിയുന്നു.

തിരുവനന്തപുരത്ത് 'കിൻഫ്രാ പാർക്കി'ലെ വിശാലമായ കാമ്പസ്സിൽ മാന്ത്രിക ലോകമൊരുക്കാൻ അദ്ദേഹത്തിന് പ്രേരണ നൽകിയത് ഒരു അമ്മയുടെ കണ്ണുനീരായിരുന്നു. ഭിന്നശേഷിക്കാരനായ തൻറെ കുഞ്ഞിനെ ഒരു സ്വാഭാവിക മനുഷ്യനാക്കി മാറ്റുന്നതിന് ആ അമ്മ പ്രയോഗിക്കുന്ന കൺകെട്ടു വിദ്യകൾ  തൻറെ ലോകോത്തര മാജിക് ട്രിക്കുകൾക്ക് മുമ്പിൽ ഒന്നുമല്ലാതായി മാറുന്നതുപോലെ മുതുകാടിന് അനുഭവപ്പെട്ടു. ഒരായിരം ഈറ്റു നോവുകൾ ഏറ്റെടുക്കുവാൻ ഗോപിനാഥ് സ്വയം സമർപ്പിക്കപ്പെടുകയായിരുന്നു...

Magic planet, Trivandrum

'ബീഥോവൻ ഗ്യാലറി'യിൽ പാട്ടുപാടുന്നവർ... താളമടിക്കുന്നവർ... ചുവടുവെക്കുന്നവർ... ശൂന്യതയിലേക്ക് നോക്കിയിരുന്ന് മണിക്കൂറുകൾ തള്ളി നീക്കിയിരുന്ന ഭൂതകാലമുണ്ടായിരുന്നവരാന്നെന്ന് പറഞ്ഞാൽ ഇന്ന് വിശ്വസിക്കാൻ കഴിഞ്ഞേക്കില്ല. അവരെ ഓരോ നിമിഷവും ഉണർത്തി ഉത്തേജിപ്പിക്കുന്ന, ക്രിയാത്മകരാക്കുന്ന ട്രെയിനർമാരെയാണ് ആദരിക്കേണ്ടത്; അവർക്കിത് വെറും ജോലി മാത്രമല്ലല്ലോ.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ