(Dr.K.Vinod Kumar)
സമുദ്രനിരപ്പിൽ നിന്ന്നും 15100 അടി ഉയരത്തിലുള്ള സതോപന്ഥ് തടാകം. മഹാഭാരതത്തിലെ അവസാന രംഗഭൂമി. പാണ്ഡവരുടെ സ്വർഗ്ഗാഹണ യാത്രക്കിടയിൽ ഈ തടാകക്കരയിലാണ് പതിനായിരം ആനകളുടെ ശക്തിയുണ്ടായിരുന്ന ഭീമസേനൻ വീണു പോയത്. അദ്ദേഹത്തെ മരണത്തിനു വിട്ടുകൊടുത്ത് തടാകത്തിനക്കരെ കാണുന്ന മഞ്ഞുമലയിലെ പടവുകൾ കയറി തന്റെ ശ്വാനനോടൊപ്പം യുധിഷ്ഠിരൻ സ്വർഗത്തിലേക്കു നടന്നുപോയി.
അലൗകികമാണ് തടാകത്തിന്റെ സൗന്ദര്യം. മൂന്ന് വശത്തും അതിരിടുന്ന മഞ്ഞണിഞ്ഞ മഹാമേരുക്കൾ; നീലകണ്ഠപർവ്വതവും പാർവതി പർവ്വതവും ഒരു വശത്ത്, ചൗക്കമ്പ പർവതം തൊട്ടടുത്ത്, കുറച്ചപ്പുറത്തായി സാക്ഷാൽ കുബേരന്റെ അളകാപുരി!!
ഐസ് പോലെ തണുത്ത വെള്ളത്തിന്റെ തെളിമയും പരിശുദ്ധിയും പറഞ്ഞറിയിക്കാനാവില്ല. ഭൂമിക്കടിയിലെ ഉറവകളിൽനിന്നുയർന്നുവരുന്നതായതിനാൽ എല്ലാ കാലവും തടാകം നിറയെ വെള്ളമാണ്. മാലിന്യങ്ങളില്ല.
ഏകാദശിനാളിൽ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ ഈ തടാകത്തിൽ സ്നാനത്തിനെത്തുമത്രേ!
കഠിനമാണ് തടാകത്തിലേക്കുള്ള യാത്ര. ബദരീനാഥിൽനിന്നും 24 കിലോമീറ്റർ കയറ്റം. നടവഴിയില്ല. താപനില രാത്രി മൈനസ് 4 ഡിഗ്രിയാണ്. ഓക്സിജൻറെ കുറവും ഉച്ചതിരിഞ്ഞാൽ തുടങ്ങുന്ന തണുത്ത കാറ്റും പ്രശ്നങ്ങളാണ്.
പക്ഷെ യാത്രയുടെ അവസാനം ഈ മനോഹരതീരത്തെത്തുമ്പോൾ നമ്മുടെ ക്ഷീണവും ശരീരവേദനയും ല്ലാം പമ്പ കടക്കും. ഭൂമിയിലെ സ്വർഗം ഇതുതന്നെയാണെന്നു തോന്നിപ്പോകും!