മൂകാംബികയിൽ നിന്നും ദുരിതപാതയിലൂടെയുള്ള ജീപ്പുയാത്ര. ജീവിതയാത്ര ചിലപ്പോഴൊക്കെ ഇങ്ങിനെയുമാകാമെന്ന സൂചനകൾ. പാറയിടുക്കുകൾക്കിടയിലൂടെ അതിസാഹസികമായി പായുന്ന ജീപ്പിൽ കമ്പികളിൽ മുറുകെ പിടിച്ചിരുന്നു.
പതിയെ പതിയെ സമതലങ്ങളും തണുത്ത കാറ്റും ഒരാശ്വാസമായി കടന്നു വരാൻ തുടങ്ങി. മലമുകളിലെ മൈതാനത്ത് യാത്രക്കാരുമായെത്തിയ അമ്പതോളം ജീപ്പുകളുണ്ടായിരുന്നു. സാത്വികവും താകസികവുമായ രണ്ടു വഴികളിലൂടെ ദൈവത്തെ തിരയുന്ന രണ്ട് ആരാധാലയങ്ങൾക്കിടയിലൂടെ ഇതു രണ്ടുമല്ലാത്ത മനുഷ്യമനസ്സിലെ വിഭജിക്കാനാകാത്ത നന്മയുടെ ദൈവത്തെ തേടി ആദിശങ്കരൻ നടന്നു പോയ ഒറ്റയടിപ്പാത ഒരുവെല്ലുവിളിപോലെ നീണ്ടു കിടന്നു.
ഉയരങ്ങിളിലേക്കുള്ള ആ യാത്ര അതികഠിനാമായിരുന്നു. മല കയറുമ്പോൾ കിതക്കാൻ തുടങ്ങി. പെട്ടെന്ന് മുന്നിൽ കയറിയിരുന്ന ഒരാൾ അടിതെറ്റി ഉരസി താഴോട്ട് വന്നു. അടുത്തു കണ്ട ഒരു ചെടിയിൽ ഞാൻ മുറുക്കെ പിടിച്ചു.ഉരസി വന്നയാളെ ഒരു കൈകൊണ്ട് തടഞ്ഞു നിർത്തി. അയാൾ അടിമുടി വിറക്കാൻ തുടങ്ങി. എഴുപതു വയസ് പ്രായം തോന്നിക്കുന്ന ഒരാൾ.
കൈകളിലേയും,കാൽമുട്ടിലെയും തൊലിപോയി രക്തം കിനിയാൻ തുടങ്ങിയിരുന്നു. അടുത്തു കണ്ട പച്ചിലകൾ പിഴിഞ്ഞ് മുറിവിൽ ചാറിറ്റിച്ചു. അല്പ സമയം വിശ്രമിച്ച ശേഷം ഞങ്ങളിരുവരും വീണ്ടും മല കയറാൻ തുടങ്ങി. എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് മലകയറുന്നതെന്ന് ഞാൻ ചോദിച്ചു. ജീവിതം ഒരു മലകയറ്റമാണ്, കഷ്ടപ്പാടുകളുടെയും, ദുരന്തങ്ങളുടെയും മലകയറ്റം.
(Vasudevan Mundayoor)
ഉത്തരം പെട്ടെന്നായിരുന്നു. ഒരു പാവപ്പെട്ട കർഷകനായിരുന്നു അദ്ദേഹം. മണ്ണിെൻറ മനസ്സറിയുന്നയാൾ. രാവും പകലും പണിയെടുത്ത് പഠിക്കാൻ മിടുക്കരായ മക്കളെ പഠിപ്പച്ചു
വലിയവരാക്കി. അവരെല്ലാം വിദേശത്താണ്. ഭാര്യയും മക്കളുടെകൂടെപോയി. ജീവിതപ്പാതയിൽ അയാളൊറ്റക്കായി.കൂട്ടിന് ഒരുപാട് രോഗങ്ങൾ.ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ അനന്തമായി യാത്ര ചെയ്യുന്നു. പെട്ടെന്ന് ഞാനെന്തോ അച്ഛനെ ഒാർത്തുപോയി.വെറ്ററിനറി കോളേജിലെ ഒരു പരീക്ഷാകാലത്താണ് അച്ഛൻ ആശുപത്രിയിലാകുന്നത്. രാത്രിഡ്യൂട്ടി പലപ്പോഴും എനിക്കായിരുന്നു. അപൂർണ്ണമായ നോട്ടുകളും ടെക്സ്റ്റുകളും നിരത്തിവെച്ച് ഞാൻ വൈറോളജി, അനാട്ടമി തുടങ്ങിയ വിഷയങ്ങളുമായി യുദ്ധം ചെയ്യുമായിരുന്നു. ക്ഷീണവും, മടുപ്പും വിരസതയും എന്നെ ദയാരഹിതമായി ആക്രമിച്ചുകൊണ്ടിരുന്നു.
രാത്രി രണ്ടുമണിക്ക് പരിശോധനക്കായി വന്ന നഴ്സിന് എെൻറ ദയനീയാവസ്ഥ കണ്ട് കനിവുതോന്നി അവർക്കായി കരുതിയ ചായ എനിക്കു തന്നു. വലിയ ഗൌരവക്കാരനും, കണിശക്കാരനും പരുക്കനുമായിരുന്ന അച്ഛ െൻറ കണ്ണുകൾ നിറയുന്നത് ഞാൻ ആദ്യമായി കണ്ടു. മനുഷ്യൻ രോഗങ്ങൾക്കു മുന്നിലെത്തുമ്പോൾ പലപ്പോഴും ആദ്രമനസ്സരായി മാറുന്നു. അച്ഛൻ കർമ്മംകൊണ്ട് ഒാതിക്കനായിരുന്നു.വിട്ടുവീഴ്ച ചെയ്യാത്ത തന്ത്രിയും. അതുകൊണ്ടുതന്നെ താന്ത്രികകർമ്മം അച്ഛന് ഉപേക്ഷിക്കേണ്ടി വന്നു.പുതിയ രാഷ്ട്രീയക്കാരേക്കാൾ കഴിവുതെളിയിച്ച രാജാക്കന്മാരേയും ബ്രട്ടീഷുകാരേയുമായിരുന്നു അച്ഛനിഷ്ടം. വ്യവഹാരമായിരുന്നു പ്രധാന ഹോബി. കോടതി വരാന്തകളും, കറുത്തകോട്ടിട്ട വക്കീലന്മാരും, നിയമപോരാട്ടങ്ങളും സംഭാഷണങ്ങളിൽ വന്നു നിറയുമായിരുന്നു.ഭൂപരിഷ്ക്കരണ നിയമത്തിെൻറ പടുകുഴിയിൽ വീണടിയാതെ ഞങ്ങളെ രക്ഷിച്ചത് അച്ഛ െൻറ നിയമപോരാട്ടങ്ങളായിരുന്നു. ആശുപത്രിമുറിയിൽ അച്ഛൻ നിശബ്ദനായി കിടന്നു. അച്ഛൻ തണുത്ത താഴ്വരകളിലേക്ക് പതുക്കെ പതുക്കെ നടന്നകലുകയായിരുന്നു.
ഞങ്ങൾ മലമുകളിലെത്തിയതറിഞ്ഞില്ല. അപ്പോഴാണ് ഞാനറിയുന്നത് ഞാൻ ആ വൃദ്ധകരങ്ങൾ അതുവരെ മുറുകെ പിടിച്ചിരുന്നു എന്ന കാര്യം. എെൻറ കണ്ണുകൾ നനഞ്ഞിരുന്നു.
ഞങ്ങൾക്കു മുന്നിൽ എല്ലാമറിയുന്ന ശ്രീ ശങ്കരൻ കയറിയിരുന്ന സർവ്വജ്ഞപീഠം തല ഉയർത്തി നിന്നു. ചുവന്നു തുടുന്ന ആകാശത്തിനു കീഴെ നിശബ്ദരായി ഞങ്ങൾ നിന്നു.
ചിദംബരസ്മരണകളിൽ നിമിഷപത്രങ്ങളുതിർന്നുവീണുകൊണ്ടിരുന്നു.