തൃശൂരിൽ നിന്നും പതിമൂന്ന് കിലോമീറ്റർ അകലെ പുഴക്കൽ ബ്ളോക്കിനു കീഴിലുള്ള മുളങ്കുന്നത്തുക്കാവ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജലസേചന ആവശ്യങ്ങൾക്കുള്ള അണക്കെട്ടും വിനോദസഞ്ചാര കേന്ദ്രമാണ് പൂമല അണക്കെട്ട്.
1939 ൽ പൂമല താഴ്‌വരയിൽ ഒരു ഡിവിഷൻ വെയർ നിർമ്മിക്കുകയും 1968 ൽ പൂമല റിസർവോയർ കമ്മീഷൻ ചെയ്യുകയും ചെയ്തു.കേരള മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള ഈ അണക്കെട്ട് മണ്ണും കല്ലും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് ഈ അണക്കെട്ടിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.
2010 മാർച്ച് 21 ന് ആഭ്യന്തര സഹമന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ്ണൻ പൂമല അണക്കെട്ടിനെ വിനോദസഞ്ചാര കേന്ദ്രമായി ഔദ്യോഗികമായി നിയമിച്ചു.
റിസർവോയറിൽ ബോട്ടിംഗ്, കുതിര സവാരി, അറുനൂറു മീറ്റർ നടപ്പാത എന്നിവ വിനോദസഞ്ചാരികൾക്കായ് ഒരുക്കിയിരിക്കുന്നു. കൂടാതെ മുന്നൂറ് പേർക്ക് ഇരിക്കാവുന്ന കമ്മ്യൂണിറ്റി ഹോളും അതിനോട് ചേർന്ന് ഒരു കഫ്റ്റീരിയയും കക്കൂസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 94.50 മീറ്റർ ഉയരത്തിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
പൂമല അണക്കെട്ടിന്റെ വടക്കു ഭാഗത്താണ് പത്തായക്കുണ്ട് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ജലസേചനത്തിനാണ് ഈ അണക്കെട്ട് പ്രധാനമായും ഉപയോഗിക്കുന്നത്.
ഞങ്ങൾ മുപ്പത് പേരടങ്ങുന്ന സംഘം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടമണിയോടെ വിവിധ കാറുകളുടെ സഹായത്തോടെ പൂമല ഡാം സന്ദർശിച്ചു ശേഷം തൊട്ടടുത്തുള്ള ഈഡൻ വാലി റിസോർട്ടിൽ താമസിച്ചു. പിറ്റേന്ന് രാവിലെ പത്തുമണിയോടെ മടങ്ങി.
ഈഡൻ വാലി റിസോർട്ടിൽ മനോഹരമായ നീന്തൽ കുളം ആവശ്യമായ സജ്ജീകരണങ്ങളൊടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ പത്തായക്കുണ്ട് തടാകവും പൂമല അണക്കെട്ടും ആസ്വദിക്കാനുള്ള അവസരവും അതിനോട് ചേർന്ന് കുട്ടികളുടെ കൊച്ചു പാർക്കും ഈഡൻ വാലി റിസോർട്ടിൽ ഒരുക്കിയിരിക്കുന്നു എന്നത് ഈഡൻ വാലി റിസോർട്ടിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.
ഒഴിവു സമയം വിനോദപ്രദമാക്കാൻ പൂമല അണക്കെട്ട് സന്ദർശിക്കുന്നതോടൊപ്പം പ്രിയപ്പെട്ടവരോടൊത്ത് ഈഡൻ വാലി റിസോർട്ടിൽ ഒരു ദിവസം ചെലവിടുന്നതും വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.