ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിൻ്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാന നഗരമാണ് ഹൈദരാബാദ്. ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനു മുമ്പ് നിലവിലുണ്ടായിരുന്ന നാട്ടുരാജ്യമാണിത്.
ബ്രാഹ്മനി സുൽത്താനത്തിൻ്റെ ആശ്രിതാവസ്ഥയിലായിരുന്ന കുത്തബ് ഷാഹി രാജവംശം സ്ഥാപിച്ചത് അന്ന് ഗോൾക്കോണ്ട ഭരിച്ചിരുന്ന സുൽത്താൻ ഖിലി കുത്തബ് മുൽക്ക് ആയിരുന്നു.
1512 ൽ കുത്തബ് ഷാഹി രാജവംശം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തുടർന്ന് 1591 ൽ ഭരണകർത്താവായിരുന്ന മുഹമ്മദ് ഖിലി കുത്തബ് ഷാ മൂസി നദിത്തടത്തിൽ ഹൈദരാബാദ് നഗരം സ്ഥാപിച്ചു.
1562 ൽ ഇബ്രാഹിം കുത്തബ് ഷാ വിനാൽ പണിതീർത്ത ഹുസ്സൈൻ സാഗർ എന്ന മനുഷ്യ നിർമ്മിത തടാകത്താൽ വേറിട്ടു നിൽക്കുന്ന നഗരങ്ങളാണ് ഹൈദരാബാദും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സെക്കന്തരാബാദും.
61 ലക്ഷത്തോളം വരുന്ന ജനസംഖ്യയോടെ ഇന്ത്യയിലെ ആറാമത്തെ വലിയ മെട്രോ നഗരമാണിത്.
തെലുങ്കിൽ ഭാഗ്യനഗരം എന്നറിയപ്പെടുന്ന ഹൈദരാബാദിൻ്റെ പേരിന് പിന്നിൽ നിരവധി കഥകൾ ഉണ്ടെങ്കിലും അതിൽ ജനപ്രിയമായ കഥയാണ് പറയുന്നത്. ഹൈദരാബാദ് നഗരം സ്ഥാപിച്ച ശേഷം മുഹമ്മദ് ഖിലി കുത്തബ് ഷാ ഭാഗ്യമതി എന്ന പേരിലുള്ള ബഞ്ചാര പെൺകുട്ടിയുമായി പ്രേമിച്ച് വിവാഹിതരായി. അതിൻപ്രകാരം നഗരത്തെ ഭാഗ്യനഗരം എന്ന് വിളിച്ചു. പിന്നീട് ഇസ്ലാം മതം സ്വീകരിച്ച ഭാഗ്യമതി, സ്വന്തം പേര് ഹൈദർ മഹൽ എന്ന് മാറ്റുകയും അതിനനുയോജ്യമായി നഗരത്തെ ഹൈദരിൻ്റെ നഗരം എന്ന് അർത്ഥമുള്ള ഹൈദരാബാദ് എന്ന് ആയിത്തീർന്നു.
പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ കുത്തബ് സാഹി രാജവംശത്തിന്റെ പ്രതാപവും സമ്പൽ സമൃദ്ധിയും വർദ്ധിച്ചതോടൊപ്പം ഹൈദരാബാദ് ഊർജ്ജസ്വലമായ വജ്രവ്യാപാരത്തിൻ്റെ കേന്ദ്രമായി മാറി.
ഹൈദരാബാദിലെ ഇന്തോ പേർഷ്യനും ഇന്തോ ഇസ്ലാമിക് സാഹിത്യവും സംസ്കാരവും പുഷ്ഠിപ്പെടുന്നത് കുത്തബ് ഷാഹി രാജവംശത്തിന്റെ സംഭാവനയാണ്.
പതിനാറാം നൂറ്റാണ്ടിൽ ഗോൾക്കോണ്ടയിലെ അധികം വരുന്ന ജനസംഖ്യയെ മുഴുവൻ കൊള്ളിക്കത്തക്ക വിധത്തിൽ ഹൈദരാബാദ് വളർന്നു. കുത്തബ് ഷാഹി ഭരണകർത്താക്കളുടെ തലസ്ഥാനമായി മാറി. നഗരം അതിലെ പൂന്തോട്ടങ്ങൾക്കും സുഖപ്രദമായ കാലാവസ്ഥയ്ക്കും പ്രസിദ്ധമായി തീർന്നു.
1687 ൽ മുകൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് ഹൈദരാബാദ് നഗരം കീഴടക്കി.
ഹ്യസ്വമായിരുന്ന മുകൾ ഭരണകാലത്ത് ഹൈദരാബാദ് നഗരത്തിലെ സമ്പൽ സമൃദ്ധി ക്ഷയിക്കുകയായിരുന്നു. ഉടനെ തന്നെ നഗരത്തിലെ മുകൾ നിയുക്ത ഗവർണർമാർ കൂടുതൽ സ്വയം ഭരണാവകാശം നേടിയെടുത്തു.
1724ൽ മുകൾ ചക്രവർത്തി നിസാം ഉൽ മുൽക് അതായത് ദേശത്തിന്റെ ഗവർണ്ണർ എന്ന പദവി നൽകി അസഫ് ജാ ഒന്നാമനെ ആദരിച്ചു. തുടർന്ന് അസഫ് ജാ ഒന്നാമൻ പ്രതിയോഗിയായ ഒരു ഉദ്യോഗസ്ഥനെ കീഴ്പ്പെടുത്തി ഹൈദരാബാദിനു മേൽ അധികാരം സ്ഥാപിച്ചു. അതോടെ അസഫ് ജാഹി വംശത്തിന്റെ ഭരണം ഹൈദരാബാദിൽ ആരംഭിച്ചു.
ബ്രിട്ടനിൽ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു ഒരു കൊല്ലം കഴിയുന്നതു വരെ അസഫ് ജാഹി വംശത്തിന്റെ ഭരണം തുടർന്നു.
അസഫ് ജായുടെ പിൻഗാമികളായി പിന്നീട് ഭരിച്ചിരുന്ന നിസാമുമാർ; ഏഴു നിസാമുമാരുടെ ഭരണത്തിൻ കീഴിൽ ഹൈദരാബാദ് സാംസ്കാരികമായും സാമ്പത്തികമായും അഭിവ്യതി നേടി.
രാജ്യത്തിന്റെ തലസ്ഥാനമായി ഹൈദരാബാദ് മാറുകയും പഴയ തലസ്ഥാനമായ ഗോൾക്കോണ്ട മുഴുവനായും അവഗണിക്കപ്പെട്ടു.
നിസാം, തുംഗഭദ്ര, ഒസ്മാൻ സാഗർ, ഹിമായത്ത് സാഗർ തുടങ്ങി വലിയ ജലസമ്പരണികൾ പണി കഴിക്കപ്പെട്ടു. നാഗാർജുന സാഗറിനുള്ള ഭൂമി അളക്കൽ ആ കാലഘട്ടത്തിൽ തുടങ്ങി എങ്കിലും പണി പൂർത്തിയാക്കിയത് 1969ൽ ഇന്ത്യൻ സർക്കാരാണ്.
1947 ബ്രിട്ടീഷുക്കാരിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ അന്നത്തെ നിസാം ഹൈദരാബാദിന് സ്വതന്ത്രമായോ അല്ലെങ്കിൽ പുതിയതായി ഉണ്ടാക്കിയ പാക്കിസ്ഥാനിലേക്കു ചേരാനുള്ള അനുമതിയോ നല്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യയാകട്ടെ ആ സമയം ഹൈദരാബാദിന് നേരെ സാമ്പത്തിക ഉപരോധം പ്രയോഗത്തിൽ വരുത്തി. ഇന്ത്യൻ യൂണിയനുമായി ഒരു സ്തംഭനാവസ്ഥ ഉടമ്പടി ഒപ്പു വയ്ക്കാൻ ഹൈദരാബാദ് നിർബന്ധിതരായി.
1948 സെപ്റ്റംബർ 17ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷം കഴിഞ്ഞ് ഇന്ത്യൻ യൂണിയനുമായി ചേരുന്നതിനുള്ള കരാറിൽ നിസാം ഒപ്പ് വച്ചു.
1956 നവംബർ ഒന്നിന് ഇന്ത്യ ഭാഷാധിഷ്ഠിതമായി സംസ്ഥാനമായി പുന:സംഘടിച്ചപ്പോൾ, ഹൈദരാബാദ് രാജ്യത്തിലെ ഭൂപ്രദേശങ്ങളെ പുതുതായി രൂപവൽക്കരിച്ച സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശിലും, ബോംബെ രാജ്യത്തിലേക്കും അതായത് ഇന്നത്തെ മഹാരാഷ്ട്ര സംസ്ഥാനത്തിലേക്കും കർണാടകത്തിലേക്കുമായി വിഭജനം ചെയ്യപ്പെട്ടു.
ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും തെലുങ്ക് സംസാരിക്കുന്ന സമൂഹമായതു കൊണ്ട് ആന്ധ്രാ പ്രദേശിലേക്കാണ് ചേർക്കപ്പെട്ടത്.
അങ്ങനെ ഹൈദരാബാദ്, പുതിയ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായിത്തീർന്നു.
2014 ജൂൺ 2-ന് തെലങ്കാന സംസ്ഥാനം പിറവിയെടുത്തപ്പോൾ ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. ആന്ധ്രാപ്രദേശിന് തന്മൂലം തലസ്ഥാനം നഷ്ടമായെങ്കിലും ഔദ്യോഗികമായി 2024 വരെയെങ്കിലും തലസ്ഥാനമായി തുടരാം എന്ന് നിയമമുണ്ടായി.
കുത്തബ് ഷാഹിയുടെയും നിസാമിന്റെയും കാലഘട്ടത്തിലെ അവശിഷ്ടങ്ങൾ ഇന്നും ഹൈദരാബാദിൽ ദൃശ്യമാണ്.
ഹൈദരാബാദിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക പരിശോധിച്ചാൽ അതിൽ എടുത്തു പറയേണ്ടതാണ് ചാർമിനാർ.
ഹൈദരാബാദിൽ നിന്ന് പ്ലേഗ് നിർമാർജനം ചെയ്തതിൻ്റെ ഭാഗമായി 1591ൽ നഗരത്തിന്റെ പ്രതീകമായാണ് ചാർമിനാർ വന്നത്. കുത്തബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുത്തബ് ഷാ ആണ് ചാർമിനാർ സ്ഥാപിച്ചത്.
പത്തൊൻപതാം നൂറ്റാണ്ട് വരെ മുത്ത് വ്യവസായത്തിന് പേരുകേട്ട ഹൈദരാബാദിന് "സിറ്റി ഓഫ് പേൾസ്" എന്ന വിളിപ്പേര് കൂടിയുണ്ട്. ലോകത്തിലെ തന്നെ ഗോൽക്കൊണ്ട വജ്രങ്ങളുടെ ഏക വ്യാപാര കേന്ദ്രവും ഹൈദരാബാദാണ്.
1990-കൾ മുതൽ, ഫാർമസ്യൂട്ടിക്കൽസിന്റെയും ബയോടെക്നോളജിയുടെയും ഒരു ഇന്ത്യൻ കേന്ദ്രമായി ഹൈദരാബാദ് നഗരം ഉയർന്നുവന്നിട്ടുണ്ട്.
പ്രത്യേക സാമ്പത്തിക മേഖലകളുടെ രൂപീകരണവും വിവരസാങ്കേതിക വിദ്യയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഹാർഡ്‌വെയർ പാർക്കും HITEC സിറ്റിയും ഹൈദരാബാദിൽ പ്രവർത്തനം തുടങ്ങാൻ പ്രമുഖ ബഹുരാഷ്ട്ര കമ്പനികളെ പ്രോത്സാഹിപ്പിച്ചു.