Bahai temple Delhi

Shaila Babu

ഭാഗം 9

Read Full 

1986 ഡിസംബറിൽ താമരയുടെ ആകൃതിയിൽ നിർമ്മിക്കപ്പെട്ട ഈ ആരാധനാലയം ഡൽഹിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. 

എല്ലാ ബഹായി ആരാധനാലയങ്ങൾ പോലെ ഇതും മതമോ മറ്റേതെങ്കിലും യോഗ്യതയോ പരിഗണിക്കാതെ എല്ലാവർക്കും തുറന്നു കൊടുത്തിരിക്കുന്നു. 34 മീറ്ററിലധികം ഉയരവും ശേഷിയുമുള്ള സെൻ്റട്രൽ ഹാളിലേക്ക് ഒമ്പത് വാതിലുകളോടെ ഒമ്പത് വശങ്ങളിലായി മൂന്ന് കൂട്ടങ്ങളായ ക്രമീകരിച്ചിരിക്കുന്ന, മാർബിൾ പൂശിയ 27 ദളങ്ങൾ ചേർന്നതാണ് ഈ കെട്ടിടം. 1300 പേരുടെ നിർമാണവൈദഗ്‌ധ്യത്താൽ ലോട്ടസ് ടെമ്പിൾ നിരവധി വാസ്തുവിദ്യാ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. 

ദേവാലയത്തിൻ്റെ അടഞ്ഞുകിടന്നിരുന്ന വാതിലിന് മുന്നിൽ പല നിരകളിലായി ഞങ്ങളെ നിർത്തി. ഒരു വനിതാ ജീവനക്കാരി ഹിന്ദിയിൽ ആവശ്യമുള്ള നിർദ്ദേശങ്ങളും ആരാധനാലയത്തിൻ്റെ പ്രത്യേകതയെപ്പറ്റിയുമൊക്കെ പറഞ്ഞുതന്നു. ടെമ്പിളിനുള്ളിൽ പ്രവേശിക്കുമ്പോൾ നിശ്ശബ്ദത പാലിക്കണമെന്നുള്ളത് വളരെ കർശനമായിരുന്നു.

വാതിൽ തുറന്നതും വളരെ ശാന്തമായി ഓരോരുത്തരും വരിവരിയായി അകത്ത് കടന്നു. ഹാളിനുള്ളിൽ 1300 പേർക്ക് ഇരിക്കാനുള്ള വിധത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. സൗകര്യപ്രദങ്ങളായ സ്ഥലങ്ങളിൽ ശാന്തരായി ഇരുന്ന് എല്ലാവരും അവരവർ വിശ്വസിക്കുന്ന ദൈവത്തിനോട് മൂകമായ ഭാഷയിൽ പ്രാർത്ഥിക്കുന്നു.

ഈ ആരാധനാലയത്തിനകത്ത് ബഹായി ധർമ്മത്തിൻ്റേയും അതിന് മുന്നേ വന്ന വെളിപാടുകളിലേയും പുണ്യഗ്രന്ഥങ്ങൾ മാത്രം വായിക്കുകയോ ആലപിക്കുകയോ ചെയ്യുന്നു.

മറ്റ് സമയങ്ങളിൽ എല്ലാവരേയും ധ്യാനത്തിനും മൗനപ്രാർത്ഥനയ്ക്കും ക്ഷണിക്കുന്നു. പ്രാർത്ഥനാ ഹാളിൽ ഒരാചാരവും അനുഷ്ഠിക്കാറില്ല. ഒരു വിധത്തിലുള്ള പ്രഭാഷണങ്ങളും പ്രസംഗങ്ങളും അവിടെ അനുവദനീയമല്ല.

ഒരു ദൈവങ്ങളുടേയും വിഗ്രഹങ്ങളോ പ്രതിമകളോ ഫോട്ടോകളോ യാതൊന്നും ഞങ്ങളവിടെ കണ്ടില്ല, യാതൊരു വിധത്തിലുള്ള പൂജാവിധികളും ഇല്ല. സൗജന്യമായി ആർക്ക് വേണമെങ്കിലും സ്വസ്ഥമായിരുന്ന് പ്രാർത്ഥിക്കാനുള്ള അവസരം നൽകുന്ന ബാഹായി ടെമ്പിൾ ഇന്നത്തെ ലോകത്തിന് തന്നെ ഒരു മാതൃക തന്നെയാണ്.

സ്വച്ഛസുന്ദരമായ അന്തരീക്ഷത്തിൽ അങ്ങനെ ധ്യാനിച്ചിരുന്നപ്പോൾ വല്ലാത്തൊരാനന്ദം മനസ്സിൽ നിറഞ്ഞു.  

ഈ പ്രപഞ്ചത്തിൻ്റെ സൃഷ്ടാവായ ദൈവത്തെ ആരാധിക്കുന്നതിനായും ദൈവവും മനുഷ്യനും ഇടയിലുള്ള സ്നേഹത്തെ പ്രകടിപ്പിക്കുന്നതാനായും എല്ലാ ധർമ്മങ്ങളിലേയും വർഗ്ഗങ്ങളിലേയും ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്ന വ്യതിരിക്തമായ മാതൃകയിലുള്ള സൗധങ്ങളിലൊന്നാണ് ഈ ബഹായി ആരാധനാലയം.

പതിനഞ്ച് മിനിറ്റോളം പ്രാർത്ഥനയോടുകൂടി ഹാളിനുള്ളിൽ ചിലവഴിച്ചതിന് ശേഷം പുറത്തേയ്ക്കുള്ള വാതിലിൽക്കൂടി ഞങ്ങൾ വെളിയിലിറങ്ങി. ജനക്കൂട്ടത്തിനിടയിൽക്കൂടി നടന്നു. കയ്യിലെ സഞ്ചിയിൽ സൂക്ഷിച്ച ഷൂസുകൾ എടുത്തു ധരിച്ചു. ചുറ്റുപാടുകളെല്ലാം ഒന്നു കുടി വീക്ഷിച്ചിട്ട് ആൾക്കൂട്ടത്തെ അവഗണിച്ചു കൊണ്ട് മനോഹരമായ ടെമ്പിളും പരിസരവും ക്യാമറയിൽ പകർത്തി.

ഇന്ത്യയിലെ വിശ്വാസത്തിലും ആരാധനയിലും വേർതിരിക്കാൻ കഴിയാത്തവിധം ബന്ധപ്പെട്ടു കിടക്കുന്ന പവിത്രതയുടെ അടയാളമായ വൈശിഷ്ഠ്യഭംഗിയുള്ള താമരപ്പൂവിൻ്റെ മാതൃകയിൽ പ്രചോദനം കൊണ്ടതാണ് ഈ ടെമ്പിളിൻ്റെ മാതൃക.

ഈ ആലയം ഒൻപത് വലിയ ജലാശയങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. കെട്ടിടത്തിൻ്റെ ഭംഗി വർധിപ്പിക്കുന്നതിനുപരി പ്രാർത്ഥനാ ഹാളിൻ്റെ നൈസർഗ്ഗിക തണുപ്പ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. 

ഓഫീസുകൾ, കോൺഫറൻസ് ഹാൾ, ലൈബ്രറി, ജലാശയ വശങ്ങളിലുള്ള പ്രദർശനങ്ങൾ തുടങ്ങിയവയും ഇതിനോട് ചേർന്ന് കിടക്കുന്നു. 

ബഹായി ആരാധനാലയങ്ങളുടെ പൊതുവേയുള്ള സവിശേഷത എന്നത് അതിൻ്റെ ഒൻപത് വശങ്ങളാണ്. ഒൻപത് എന്ന അക്കം ഐക്യത്തേയും ഒരുമയേയും ഉൾക്കൊള്ളലിനേയും സൂചിപ്പിക്കുന്നു.

26.6 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്രത്തിൻ്റെ ഉയരം 34.27 മീറ്ററാണ്. വെള്ള കോൺക്രീറ്റിൽ കൊത്തിയെടുത്ത 27 ഇതളുകളുടെ പുറംഭാഗം, വെള്ള മാർബിൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു.

ശ്രീ ഫാരിബഴ്സ് സാഹ്ബയാണ് ഇതിൻ്റെ ശില്പി. 1980 ൽ നിർമ്മാണം തുടങ്ങുകയും 1986 ഡിസംബർ 24 ന് മാനവരാശിയുടേയും സർവ്വ മതങ്ങളുടേയും ഐക്യത്തിനായി ഇത് സമർപ്പിക്കപ്പെടുകയും ചെയ്തു. 'ഐക്യത്തിൻ്റെ പ്രകാശം ഭൂമിയെ മുഴുവൻ ആവൃതമാക്കട്ടെ, സാമ്രാജ്യം ദൈവത്തിൻ്റേതാണ്' എന്ന മഹൽ സന്ദേശം, മാനവരാശിക്ക് ഈ ആരാധനാലയം പകർന്നുനൽകുന്നു.

ദൈവത്തിന്റെ ഏകത്വം, മതങ്ങളുടെ ഏകത്വം, മനുഷ്യ വംശത്തിൻ്റെ ഏകത്വം, സ്പർദ്ധകളിൽ നിന്നുള്ള മോചനം, ആത്മീയ ഗുണങ്ങളുടെ പുരോഗതി, സ്ത്രീപുരുഷസമത്വം, വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം തുടങ്ങിയവയെല്ലാം ബഹായി വിശ്വാസികളുടെ പ്രബോധനങ്ങളിൽപ്പെടുന്നു. ബാബ്, ബഹാഉള്ള എന്നീ രണ്ട് ദൈവദൂതന്മാർക്ക് ഏൽപ്പിച്ചു കൊടുത്ത ദൗത്യത്തോടുകൂടിയാണ് ബഹായി ധർമ്മം സമാരംഭിച്ചത്. 

അവരുടെ മരണശേഷം തുടർന്നുവന്ന പരമ്പര ഈ ദൗത്യം ഒരു ദൈവിക ഉടമ്പടിയായി  ഏറ്റെടുക്കുകയും ഇന്നത് വിശ്വനീതി പീഠംവരെ എത്തിനിൽക്കുകയും ചെയ്യുന്നു. വിശ്വമെങ്ങും ബഹായി ധർമ്മത്തിൻ്റെ പുരോഗതിയെ ഇന്ന് നിയന്ത്രിക്കുന്നത് വിശ്വനീതി പീഠമാണ്.

175 വർഷത്തെ കാലയളവിൽ 2112 വ്യത്യസ്ത ഗോത്രങ്ങൾ അടങ്ങുന്ന 365 ൽ പരം രാജ്യങ്ങളിലും ദേശങ്ങളിലും ദ്വീപുകളിലും ഒരു മനുഷ്യകുലത്തിൻ്റെ ശരിയായ പരിഛേദത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു സമൂഹത്തെ ബഹായികൾ സ്ഥാപിച്ചിട്ടുണ്ട്. 800 ൽ പരം ഭാഷകളിലേക്ക് ബഹായി ഗ്രന്ഥങ്ങൾ തർജ്ജമ ചെയ്യപ്പെടുകയും ചെയ്തു. 

തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പൊതുജനങ്ങൾക്കായി ഇവിടം തുറന്നുകൊടുക്കുന്നുണ്ട്. അതിമനോഹരമായ ദൃശ്യങ്ങളാൽ കണ്ണും മനസ്സും നിറച്ചുകൊണ്ട് ഞങ്ങളവിടെ നിന്നും മടങ്ങി. 

പാർക്കിംഗ് ഏരിയയ്ക്ക് സമീപത്തുള്ള കടകളിൽ നിന്നും ചെറിയ രീതിയിലുള്ള ഷോപ്പിംഗ് നടത്തുകയും ചായക്കടയിൽ നിന്നും ചൂടുള്ള സ്പെഷ്യൽ ചായ വാങ്ങി കുടിക്കുകയും ചെയ്തു. 

തിരിച്ച്  തിരുവനന്തപുരത്തേയ്ക്ക് മടങ്ങാനുള്ള ഞങ്ങളുടെ ഫ്ളെറ്റ് ഒരു മണിക്കൂർ വൈകുമെന്നുള്ള അറിയിപ്പിനെത്തുടർന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നവരൊക്കെ സാധനങ്ങൾ വാങ്ങാനായി കടകളിൽ കയറിയിറങ്ങി.

എന്നാൽ കൊച്ചിക്കുള്ള ഫ്ളൈറ്റ് രണ്ടു മണിക്കൂർ നേരത്തേ ആയിരുന്നതിനാൽ ഗൈഡിലൊരാളായ പ്രിൻസ്, അവരേയും കൊണ്ട് ആറ് മണിക്ക് തന്നെ എയർ പോർട്ടിലേക്ക് തിരിച്ചു. പോകുന്നതിന് മുൻപ് എല്ലാവരോടും യാത്ര പറയാനുള്ള സാവകാശമൊന്നും അവർക്ക് ലഭിച്ചില്ല. 

രാത്രി ഒൻപത് മണിക്കായിരുന്നു ഞങ്ങളുടെ ഫ്ളൈറ്റ് പുറപ്പെടുന്നത്. ഏഴ് മണിക്ക് തന്നെ എയർപോർട്ടിൽ എത്തിയ ഞങ്ങൾ കൗണ്ടർ തുറക്കാനായി കാത്തുനിന്നു. സ്നേഹവും സന്തോഷവും നന്ദിയും പരസ്പരം അറിയിച്ച് എയർപോർട്ട് വരെ കൂടെ വന്ന ജോസഫ് സാറിനോട് നിറഞ്ഞ മനസ്സോടെ ഞങ്ങൾ യാത്ര പറഞ്ഞു. എപ്പോഴും ചിരിച്ചുകൊണ്ട് സാംസാരിക്കുന്ന അദ്ദേഹത്തിന്റെ മുഖം ഇന്നുമെൻ്റെ ഓർമ്മയിലുണ്ട്.

ഒരു ഗ്രൂപ്പായിരുന്നതിനാൽ ചെക്കിംഗിനായി ഒരു കൗണ്ടറിൽത്തന്നെ ക്യൂപാലിച്ചുകൊണ്ട് ഞങ്ങൾ കാത്തുനിന്നു. ബോർഡിംഗ് പാസ്സ് ലഭിച്ചതിന് ശേഷം സെക്യൂരിറ്റി ചെക്കിംഗും കഴിഞ്ഞ് ബോർഡിംഗിനായി കാത്തിരുന്നു. എല്ലാവരും ഒരുമിച്ച് നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയൊക്കെ എടുത്തു. പത്തരമണിക്ക് ബോർഡിംഗ് തുടങ്ങി.

അങ്ങനെ ഡൽഹി, ആഗ്ര, ജയ്പൂർ കാഴ്ചകൾ മനസ്സിൽ നിറച്ചുകൊണ്ട്, ജീവിതത്തിലെ ചില അഭിലാഷങ്ങൾ പൂവണിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തിൽ ഞങ്ങൾ നാട്ടിലേക്ക് മടങ്ങി. 

വെളുപ്പിന് രണ്ട് മണിക്ക് ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും ഞങ്ങളിറങ്ങി ലെഗേജുകൾ കളക്ട് ചെയ്യുന്ന സ്ഥലത്ത് വച്ച് പരസ്പരം യാത്ര പറഞ്ഞ്, വീണ്ടുമൊരു യാത്രയിൽ ഒത്തുകൂടാമെന്നുള്ള പ്രതീക്ഷയിൽ എല്ലാവരും സ്വന്തം ഭവനങ്ങളിലേക്ക് യാത്രയായി. 

നേരത്തേ വിളിച്ചു പറഞ്ഞതനുസരിച്ച് ഒപ്പമുണ്ടായിരുന്ന സാജൻ്റെ വണ്ടിയുമായി ഡ്രൈവർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഉറക്കക്ഷീണം കാരണം കുറച്ചു നേരം കാറിലിരുന്ന് മയങ്ങിയതിനാൽ സമയം കടന്നുപോയത് അറിഞ്ഞതേയില്ല. 

രണ്ട് മണിക്കൂർയാത്രയുടെ ഒടുവിൽ നാലര മണിയായപ്പോഴേയ്ക്കും ഞങ്ങൾ വീട്ടിലെത്തി. യാത്രാക്ഷീണവും ഉറക്കക്ഷീണവും ശരീരത്തേയും മനസ്സിനേയും കീഴടക്കി. അന്നത്തെ പകലും രാത്രിയും മുഴുവൻ ഞാൻ കിടന്നുറങ്ങി.

(അവസാനിച്ചു.)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ