മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
  • MR Points: 0
  • Status: Ready to Claim

Uthralikavu Temple

Sohan KP

രാവിലെ ക്യത്യം 6.30  ക്ക് തന്നെ ടൂറിസ്റ്റ് ബസ് അങ്കമാലിയില്‍ വന്നു. ഞാനും ജയയും കയറി. ബസ് ഫുള്‍ ആണ്. പുറകിലെ ഒരു സൈഡ് സീറ്റാണ് ലഭിച്ചത്.എറണാകുളത്ത് നിന്നും 4 am ന് പുറപ്പെടുന്ന ബസാണ്.

ഇതൊരു ഏകദിനയാത്രയാണ്. വര്‍ഷത്തിലൊരിയ്ക്കല്‍ മൂന്നു ദിവസം മാത്രം  പാണ്ഡവട്രാവല്‍സ് .കല്‍പ്പാത്തി രഥോല്‍സവം കാണാന്‍ സംഘടിപ്പിയ്ക്കുന്ന യാത്ര. ഈ മൂന്നു ദിവസത്തിന് പ്രത്യേകതയുണ്ട്. രഥോല്‍സവനാളുകളില്‍ അഗ്രഹാര തെരുവീഥികളിലൂടെ തേരുകളുരുന്നതും ,സുപ്രസിദ്ധമായ,ദേവസംഗമം എന്ന ചടങ്ങ് നടക്കുന്നതും  ഈ ദിവസങ്ങളിലാണ്.

നന്നേ പുലര്‍ച്ചെ ആയതു കൊണ്ടാവണം യാത്രികര്‍  ഉന്‍മേഷ ഭരിതരായിരുന്നു.
ബസ് ത്യശുരെത്തിയപ്പോഴേയ്ക്കും എല്ലാവരും കയറിക്കഴിഞ്ഞിരുന്നു. അതിനു ശേഷം  അന്യോന്യം  ഒരു ഔപചാരികമായ പരിചയപ്പെടലായിരുന്നു. ഏകദിനയാത്രയില്‍ ഇത്തരം പരിചയപ്പെടലുകള്‍ക്ക് വലിയ പ്രസക്തി ഒന്നും ഇല്ലെങ്കിലും.

ആദ്യം എത്തിച്ചേര്‍ന്നത്  വടക്കാഞ്ചേരി ടൗണില്‍ നിന്നും  2 km അകലെയുള്ള ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിലാണ്. കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ റോഡിന്‍ടെ വശത്താണ് ഈ ക്ഷേത്രം . മറ്റൊരു സൈഡിലൂടെ ത്യശൂര്‍ ഷൊര്‍ണൂര്‍ റെയില്‍വേ ലൈന്‍ കടന്നു പോകുന്നു.  നെല്‍വയലുകളുടെ നടുവില്‍ മലകളാല്‍,ചുറ്റപ്പെട്ട് പ്രക്യതിരമണീയമായ ഒരു പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നടകളിറങ്ങി വയല്‍മദ്ധ്യത്തിലൂടെയുള്ള നീണ്ട പാതയിലൂടെ നടന്ന് വേണം  ക്ഷേത്രത്തിലെത്ണി ദര്‍ശനം നടത്താന്‍ . പ്രഭാതവെയിലും കൂടെ വീശുന്ന തണുത്ത ഇളം തെന്നലും കാറ്റും ,ധ്യാനസമാനമായ ഒരു  അന്തരീക്ഷമാണ് സ്യഷ്ടിയ്ക്കുന്നത്. കുംഭമാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച കൊടിയേറി തുടര്‍ന്ന്  7 ദിവസം കൊണ്ട് അവസാനിയ്ക്കുന്ന ക്ഷേത്രത്തിലെ, ഉത്സവവും അതിനെ ത്തുടര്‍ന്നുള്ള വെടിക്കെട്ടും ത്യശൂര്‍ പൂരം പോലെ തന്നെ അതിപ്രസിദ്ധമാണ്ക്ഷേത്രദര്‍ശനത്തിനു ശേഷം അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ച,ശേഷം യാത്ര,തുടര്‍ന്നു.

Vilwadrinadha temple

ഏകദേശം 11  മണി കഴിഞ്ഞപ്പോള്‍ ഭാരതപ്പുഴയുടെ തീരത്തുള്ള തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലാണ് പിന്നീട് ബസ് നിര്‍ത്തിയത്.  ഒരു ചെറിയ കുന്നിന്‍ടെ മുകളിലാണ്  ക്ഷേത്രം. ഇവിടെ ശ്രീരാമനും ലക്ഷണനും വീപരീതദിശയില്‍ നില കൊള്ളുന്നു. ഒപ്പം തന്നെ ശ്രീരാമന്‍ടെ പരമഭക്തനായ ഹനുമാന്‍ടെ പ്രതിഷ്ഠയുമുണ്ട്. നിരവധി പടികള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍ . ആദ്യം ശ്രീരാമനെയും .പിന്നീട്പ്രദക്ഷിണം ചെയ്ത് ലക്ഷമണനെയും ഹനുമാനെയും ദര്‍ശനം  നടത്തുന്നു. ഈ ക്ഷേത്രതതതിലെ പുനര്‍ജനി എന്ന, ഇടുങ്ങിയ ഗുഹയില്‍ പ്രവേശിച്ച്  അതീവദുര്‍ഘടമായ പാതയിലുടെ   കടന്ന്  മറുവശത്തെത്തി പുറത്ത്കടക്കുന്ന ഒരു ചടങ്ങ്  ഉണ്ട്. ഇങ്ങനെ ചെയ്താല്‍ പാപമുക്തി നേടി മോക്ഷപ്രാപ്തി ലഭിയ്ക്കുമെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കുന്നിനടിയിലുള്ള ഒരു ഗുഹയില്‍ സ്വര്‍ണ്ണകൂവളം(വില്വം) സ്ഥിതി ചെയ്യുന്നുവെന്നും .ഇതിന്‍ടെ ഇല ഭക്ഷിച്ചാല്‍ അമരത്വം ലഭിയ്ക്കുമെന്നു മൊരു കഥയുണ്ട്. വില്വത്തിനു മുകളിലുള്ള അദ്രി (കുന്ന്) യുടെ നാഥന്‍ എന്നതു കൊണ്ടാണ് ശ്രീരാമന് വില്വാദ്രി നാഥന്‍ എന്ന പേര് വന്നതെന്നു പറയപ്പെടൂന്നു. കുന്നിനു മുകളില്‍ നിന്നും അങ്ങു താഴെയുള്ള നിളാനദിയുഠെയും വിദൂരമായ താഴ്വരയുടെയും ദ്യശ്യം അതിമനോഹരം തന്നെയാണ് . കുറച്ചു നേരം കൂടി തിരുവില്വാമലയില്‍ ചിലവഴിച്ച,ശേഷം യാത്ര, തുടര്‍ന്നു.

chinakkathoor devi temple   

തിരുവില്വാമലയില്‍ നിന്നും നേരെ പോയത് ചിനക്കത്തൂര്‍ ദേവി ക്ഷേത്രത്തിലേയ്ക്കാണ്. ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാണ് എത്തിയത്. അതു കൊണ്ടു തന്നെ സ്വഭാവികയും നട അടച്ചിരുന്നു. വിശാലമായ ക്ഷേത്രമൈതാനത്തിന്‍ടെ വിസ്ത്യതി ആരെയും അമ്പരപ്പിയ്ക്കുന്നതാണ്. പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലത്തിന് സമീപമാണ് പാലപ്പുറം എന്ന ദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കുംഭമാസത്തിലെ, ചിനക്കത്തൂര്‍ പൂരംഅതിപ്രശസ്തമാണ്.
ഇവിടെ,മേലെക്കാവ് , കീഴ്ക്കാവ് ഇങ്ങനെ,രണ്ട്  ഭഗവതി പ്രതിഷ്ഠകള്‍ ഉണ്‌ട്. ഇതില്‍ കൂടുതല്‍ പഴയതെന്ന് കരുതപ്പെടുന്ന മേലെക്കാവില്‍ കുളങ്ങര നായര്‍കുടുംബവും താഴെക്കാവില്‍ നമ്പൂതിരിമാരുമാണ് പൂജ ചെയ്യുന്നത്. അമ്പലത്തിനോട്,ചേര്‍ന്നുള്ള ആലിന്‍ടെ ചുവട്ടിലെ,ഗണപതിയെവിദ്യാഗണപതിയായി വിശേഷിയ്ക്കപ്പെടുന്നു

ഉത്സവത്തിന്പഞ്ചവാദ്യം,തെയ്യം,വെള്ളാട്ട് എന്നീ ചടങ്ങുകള്‍ക്ക് പുറമേ അപൂര്‍വ്വമായ തോല്‍പ്പാവക്കുത്ത് എന്ന് കലാരൂപവും ഉണ്ട്. ഇത് കൂടാതെ  ഈ  ക്ഷേത്രത്തില്‍ ,കുതിരവേല, കാളവേല, പുതനും തിറയും എന്നീ പൗരാണിക ആചാരങ്ങളും വളരെ വിശേഷപ്പെട്ടതും പ്രാധാന്യത്തോടെ നടത്തി വരുന്നതുമാണ്.

നട അടച്ചതിധാല്‍ പുറത്ത് നിന്ന്, തൊഴുത ശേഷം ഏകദേശം അര മണിക്കൂറോളംഅവിടെചിലവഴിച്ചു.,ശേഷം കല്‍പ്പാത്തിയിലേയ്ക്കുള്ള യാത്ര തുടര്‍ന്നു. ഉച്ചയ്ക്ക് 1 മണി കഴിഞ്ഞാണ് ഞങ്ങളുടെ ബസ് കല്‍പ്പാത്തി പട്ടണത്തില്‍ എത്തിച്ചേര്‍ന്നത് ഉച്ചയൂണിന് ശേഷം ഒരു മണിക്കൂറോളം ഹോട്ടലില്‍ വിശ്രമിച്ചു. ഇതൊരു ലഘുയാത്രയായതിനാല്‍  യാത്രക്കാരില്‍ ആര്‍ക്കും അങ്ങനെ വലിയ ക്ഷീണമൊന്നും അനുഭവപ്പെട്ടിരുന്നില്ല. 

ഉച്ച കഴിഞ്ഞ് 2 മണി യായപ്പോള്‍ ഹോട്ടലില്‍ നിന്നും 3 km അകലെയുള്ള  ഒരു ജംഗ്ഷനിലേയ്ക്ക് ബസില്‍ പോയി. അവിടെയാണ് പ്രസിദ്ധമായ രഥോല്‍സവം നടക്കുന്ന അഗ്രഹാരത്തെരുവ് ആരംഭിയ്ക്കുന്നത്. രഥപ്രയാണത്തിന്‍ടെ ആദ്യദിനമായ നവംബര്‍ 13 നാണ് ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നത്. 3മണിയ്ക്ക് തുടങ്ങുന്ന ചടങ്ങുകള്‍ രാത്രി 7 മണിയ്ക്ക് തീരും. അവിടെ മൂന്നും കൂടിയ ജംഗ്ഷനില്‍ എല്ലാവരും ഇറങ്ങി. ബസുകാരുടെ നിര്‍ദ്ദേശമനുസരിച്ച് വൈകുന്നേരം 7.30 ആകുമ്പാള്‍ തിരിച്ച് ഹോട്ടലില്‍ എത്തണം. പിന്നീട് രാത്രിഭക്ഷണത്തിനു ശേഷം മടക്കയാത്ര ആരംഭിയ്ക്കുന്നതാണ്.

Kalpathi temple

സാധാരണയായി നവംബര്‍ മാസം (മലയാളം തുലാമാസം )10 ദിവസങ്ങളിലായാണ് വിശാലാക്ഷി സമേത വിശ്വനാഥ ക്ഷെത്രാത്സവം നടക്കുന്നത്. ഇതില്‍ ആദ്യത്തെ ദിവസങ്ങളില്‍  വേദപാരായണവും കലാസാംസ്ക്കാരികപരിപാടികളുമാണ്. അവസാന 3 ദിവസങ്ങളില്‍ 4 ക്ഷേത്രങ്ങളില്‍ നിന്നുള്ള തേരു വലിയ്ക്കലും ദേവസംഗമം എന്ന ചടങ്ങും നടക്കുന്നു.
അങ്ങനെ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു പോകുന്ന,കല്‍ച്ചട്ടിത്തെരുവ് എന്നും പേരുള്ള വീതി കുറഞ്ഞു നീണ്ടു പോകുന്ന അഗ്രഹാരത്തെരുവിര്‍ടെ ഉത്സവത്തിരക്കിലേയ്ക്ക്  യാത്രക്കാര്‍ ഒറ്റയ്ക്കും  കൂട്ടായും  ചെറുസംഘങ്ങളുമായും വിലയം പ്രാപിച്ച് അപ്രത്യക്ഷരായി. ഒരു വലിയ ഉത്സവത്തിന്‍ടെ ,തമിഴ് സംസ്ക്യതിയുടെ വര്‍ണ്ണക്കാഴ്ചകളിലേയ്ക്കുള്ള പ്രയാണം ഇവിടെ ആരംഭിയ്ക്കുകയായി

നുറ്റാണ്ടുകള്‍ക്ക് മുന്‍പ് കാശിയില്‍ നിന്നും ലക്ഷ്മിഅംബാള്‍ കൊണ്ടു വന്ന വിഗ്രഹമാണ് വിശ്വാനാഥ ക്ഷേത്രത്തിലേതെന്നു കരുതപ്പെടുന്നു. അന്നത്തെ രാജാവിന്‍ടെ സഹായത്തോടെ 1425 ലാണ് ഈ ക്ഷേത്രം ഭാരതപ്പുഴയുടെ പോഷകനദിയായ കല്‍പ്പാത്തിപ്പുഴയുടെ തീരത്ത് നിര്‍മ്മിച്ചത്. തമിഴ് ബ്രാഹ്മണരൂടെ പൂജാസമ്പ്രദായമാണ് അന്നു മുതല്‍ ഇവിടെ അനുവര്‍ത്തിച്ച് വരുന്നത്. അതു തന്നെ, ആയിരുന്നു ലക്ഷി അംബാളിന്‍ടെ ആവശ്യവും. ഈ ക്ഷേത്രദര്‍ശനം കൊണ്ട് കാശിയില്‍ പോയ ഫലം കിട്ടുമെന്ന് (കാശിയില്‍ പാതി) വിശ്വസിയ്ക്കപ്പെടുന്നു. 

കല്ലുകള്‍ക്കിടയിലൂടെ (പാറ) പാത്തി പോലെ പുഴ ഒഴുകുന്നത് കൊണ്ടാണ് കല്‍പ്പാത്തി എന്ന പേര് ലഭിച്ചെതന്നും  ഒരു വിശ്വാസമുണ്ട്. മുഗള്‍ ആക്രമണകാലത്തും അതിനുശേഷവും ഇങ്ങോട്ട് കുടിയേറിപ്പാര്‍ത്ത തമിഴ് പുരോഹിതര്‍ കല്‍പ്പാത്തി ഗ്രാമത്തില്‍ വന്ന് വീടുകള്‍ നിര്‍മ്മിച്ചു. കൂടുതല്‍ മെച്ചപ്പെട്ട ജീവിതസൗകര്യം തേടി വന്നവരും ഉണ്ട്. ഒരേ മാത്യകയിലുള്ള ലളിതമായ ഗ്യഹനിര്‍മ്മാണശൈലിയാണ് അഗ്രഹാരത്തെരുവിന്‍ടെ ചാരുതയ്ക്ക് മിഴിവേറുന്നത്. കര്‍ണ്ണാടകസംഗീതം ഇവരുടെ സംസ്ക്കാരത്തിന്‍ടെ ഒഴിച്ചു കൂടാനാവാത്ത ഭാഗം തന്നെയാണ്.

പ്രധാനമായും 4 ക്ഷേത്രങ്ങളിലെ,ദേവന്‍മാരുടെ തേരുകളാണ് എഴുന്നള്ളിയ്ക്കപ്പെടുന്നത്. പ്രധാന ക്ഷേത്രത്തിലെ വിശ്വനാഥന്‍, ഗണപതി, മുരുകന്‍. പഴയ കല്‍പ്പാത്തി ഗ്രാമത്തിലെ മുരുകന്‍,പുതിയ കല്‍പ്പാത്തിയിലെ ഗണപതി. ചാത്തപുരം ഗണപതി എന്നീ ദേവന്‍മാരുടെ തേരുകളാണ് അവ. ഭക്തിനിര്‍ഭരമായ ഈ ചടങ്ങില്‍ തേര് വലിയ്ക്കാന്‍  ആബാലവ്യദ്ധം ജനങ്ങളും അത്യാവേശപൂര്‍വ്വം പങ്കെടുക്കുന്നു.

സാധാരണ വലിയ ഉത്സവത്തെരുവില്‍ കാണുന്നതു പോലെ, നാനാവിധത്തിലുള്ള താത്കാലികകടകള്‍, തെരുവിന്‍ടെ ഇരുവശത്തുമുണ്ടായിരുന്നു. പുരുഷാരം അതിനിടയിലൂടെ തിങ്ങി നിറഞ്ഞൊഴുകുന്നു. കാലങ്ങള്‍ക്കം ശേഷവും പാരമ്പര്യത്തനിമയും സ്വന്തം,സംസ്ക്കാരവും നിലനിര്‍ത്തിപ്പോരുന്ന പാലക്കാട് ജില്ലയിലെ ഒരു അത്ഭുതഗ്രാമം തന്നെയാണ് കല്‍പ്പാത്തി. തേര് എഴുന്നള്ളിപ്പ് കണ്ടതിനുശേഷം ഞങ്ങള്‍ വൈകാതെ ഹോട്ടലില്‍ മടങ്ങിയെത്തി.8 മണിയോടെ മടക്കയാത്ര ആരംഭിച്ചു. രാത്രി 11 മണിയ്ക്ക്  അങ്കമാലിയില്‍ തിരികെ എത്തി.

വര്‍ഷങ്ങള്‍ ക്കു മുന്‍പ് തന്നെ, കല്‍പ്പാത്തിയിലെ അഗ്രഹാരത്തെരുവും വിശ്വനാഥക്ഷേത്രവും കാണണം എന്ന് ആഗ്രഹിച്ചിരുന്നു. ഉത്സവസമയത്ത് അവിടെ പോകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായിത്തന്നെ കരുതുന്നു.  ഇതിന് എത്രയോ മുന്‍പ്‌ ഭാവനയില്‍ കണ്ട് എഴുതിയ ചില വരികള്‍ കുറിച്ച് കൊണ്ട് ഈ ലഘുയാത്രാവിവരണം ഇവിടെ അവസാനിപ്പിയ്ക്കുന്നു.
                
രഥോത്സവം

നനുത്ത പുലരിയില്‍
അഗ്രഹാരത്തെരുവിന്‍ മുറ്റങ്ങളില്‍
അരിപ്പൊടിക്കോലങ്ങളായ്,
ചിത്രവൈവിദ്ധ്യങ്ങളായ് വിടരും
മായക്കാഴ്ചകള്‍ക്ക് മുകളിലൂടെ,
പ്രസിദ്ധമാം
വിശ്വനാഥക്ഷേത്രത്തെ വലം വച്ച്
കടന്നു പോകുന്ന മന്ദാനിലന്‍

കല്പാത്തിപ്പുഴയില്‍ ന്യത്തം
ചെയ്യാന്‍ തുടങ്ങുന്ന ഒാളങ്ങള്‍
തുലാമാസവെയിലിന്‍ പൊന്‍പ്രഭയില്‍
ഗ്രാമവീഥികളില്‍ രഥോല്‍സവത്തിന്‍
കൊടിയേറ്റിന്‍ പുത്തനുണര്‍വ്.
അതിരറ്റ ഉന്‍മേഷത്തിന്‍,ആവേശത്തില്‍
മനസ്സുകള്‍ അശ്വവേഗങ്ങളായ് 
തുടിക്കുന്ന ദിനങ്ങള്‍.

കല്‍ച്ചട്ടിത്തെരുവിലൂടെ,സ്വയം മറന്ന്
 ഇടകലര്‍ന്നൊഴുകുന്ന പുരുഷാരം
വര്‍ണ്ണബലൂണുകളായ്,വള പീപ്പിമാലകളായ്
പുതിയൊരു വസന്തോല്‍സവത്തിന്‍
ആഹ്ളാദത്തില്‍ വേലിയേറ്റം.

മലയാളമണ്ണില്‍ തലമുറകളായ്
ഇഴയടുപ്പമായ് തമിഴ് സംസ്ക്യതിയുടെ
മാഹാത്മ്യം.
ഒരേ മനസ്സായ് ഭക്തിപാരമ്യത്തില്‍
കൂറ്റന്‍ ദാരുരഥചക്രങ്ങള്‍ക്കൊപ്പം
ആവേശഭരിതരായ്
അണി ചേരുന്ന ഭക്തസഹസ്രങ്ങള്‍
കീര്‍ത്തനങ്ങളായന്തരീക്ഷത്തിലുയരുന്ന
ശുദ്ധ സംഗീതത്തിന്‍
മനോഹരരാഗങ്ങള്‍
തനിആവര്‍ത്തനത്തിന്‍ മന്ദ്രധ്വനികള്‍
പ്രതിഭാസംഗമവേദികള്‍

പത്ത് ദിനങ്ങളില്‍
ആഘോഷത്തിമിര്‍പ്പുകളായ്
ഉല്‍സവപ്പെരുമയേറുന്നു.
മനസ്സിന്‍ വാനില്‍ 
ഉദിച്ചുയരും വിശാലാക്ഷീസമേതനാം
വിശ്വനാഥന്‍ടെ തേജോരൂപം.
ഒാര്‍മ്മകളുടെ വര്‍ണ്ണപ്പൂത്തിരികളായ്
രഥോല്‍സവകാഴ്ചകള്‍

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ