mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
temple
mohandas
ഞാനും , എന്റെ നാല് സഹോദരിമാരും,  അതിൽ മൂത്ത സഹോദരിയുടെ ഭർത്താവും, ആ കുടുംബത്തിന്റെ മകളും,  അവളുടെ മകനും അടക്കം എട്ടു പേർ ഏപ്രിൽ 14 - 22 , 2019ൽ വാരണാസി,  മതുര , വൃന്ദാവൻ എന്നീ പുണ്യ സ്ഥല ദർശ്ശനം നടത്തിയ യാത്രാവിവരണമാണ് ഇവിടെ രചച്ചിരിക്കുന്നത്. 
ഞങ്ങളുടെ വാരണാസി യാത്രയിൽ ഞങ്ങളുടെ കൂടെ അദൃശ്ര്യനായി ഞങ്ങളുടെ ഒരു സഹോദരന്റെ   ആത്മാവും  ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.  ആ ആത്മവ്  മാർച്ച് 24 , 2018 മുതൽ ഭസ്മ (അസ്തി) മായി  ഞങ്ങളുടെ കൂടെ  ഗുരുവായൂരുള്ള ഫ്ളാറ്റിലെ പാലുള്ള മരത്തിന്റെ കീഴിൽ ഒരുകൊല്ലക്കാലം വസിച്ചു.  
 
ഞങ്ങളുടെ ഈ യാത്ര ആഗസ്റ്റ് 2018 ൽ ആവേണ്ടതായിരുന്നു. അപ്പോൾ ആ ആത്മാവിനെ കാശിയിലെ ഗംഗയിൽ നിമർജ്ജനം ചെയ്ത് ശാന്തി നൽകുകയായിരുന്നു ഉദ്ദശം. പക്ഷെ കേരളത്തിലെ വെള്ള പൊക്കം ഞങ്ങളുടെ യാത്രയെ സാരമായി ബാധിച്ചു.  നാലുമാസം മുമ്പ് നടത്തിയ റയിൽവെ , താമസ സൗകര്യം എന്നീ  റിസർവേഷൻ എന്നിവയെല്ലാം കാൻസൽ ചെയ്യേണ്ടി വന്നു.  അതുകൊണ്ട് ഒരു വർഷം ആ ആത്മാവ് ഞങ്ങളുടെ കുടെ കഴിഞ്ഞു. 
 
മൂത്ത സഹോദരിയും കുടുംബവും കോഴിക്കോട്ട് നിന്നും  ഞാനും  എന്റെ  കൂടെയുള്ള മൂന്ന് സഹോദരിമാരും ഷൊർണൂർ റയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ സെൻട്രൽ റയിൽവേ സ്റ്റേഷനിലേക്ക് ഏപ്രിൽ 14 രാത്രി തീവണ്ടിയിൽ യാത്രയായി. 
 
ചെന്നൈ സെൻട്രലിൽ നിന്നും വൈകീട്ട് അഞ്ചു മണിക്കായിരുന്നു തീവണ്ടി.  ചെന്നൈയിൽ രാവിലെ എട്ടു മണിക്ക് എത്തിയ ഞങ്ങൾ മണിക്കൂറിന് പൈസ കൊടുത്താൽ താമസിക്കാവുന്ന റയിൽവേ റസ്റ്റ് റൂമിൽ ഒമ്പത് മണിക്കൂർ ചിലവഴിച്ചു. നല്ല സൗകര്യമുള്ളതായിരുന്നു ആ മുറി. ഏപ്രിൽ 15 വൈകീട്ട് തീവണ്ടി കയറിയ ഞങ്ങൾ 17ന് പുലർച്ചെ വാരണാസി ജംഗ്ഷനിൽ ഇറങ്ങി.  മുൻകൂട്ടി റിസർവേഷൻ നടത്തിയ അന്നപൂർണ ഗസ്റ്റ് ഹൗസിലെ പ്രതിനിധി സ്റ്റേഷനിൽ ഞങ്ങളെ കാത്തു നിന്നിരുന്നു. 
 
ഈ ഗസ്റ്റ് ഹൗസ് കാശി വിശ്വനാഥ ക്ഷേത്ര മതിലിനോട് തൊട്ടടുത്തായിരുന്നു. ഇൻറർനെറ്റ് സൗകര്യത്തിന്റെ  സഹായത്താലായിരുന്നു ഇവിടെ റിസർവേഷൻ നടത്തിയത്. ക്ഷേത്ര ദർശ്ശനവും അസ്തി നിമർജ്ജനവും ആയിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഞങ്ങൾക്ക് വേണ്ടി താഴത്തെ നിലയിൽ എല്ലാ സൗകര്യങ്ങളും ഉള്ള   ഒരു ഹാൾ തയ്യാറാക്കി വച്ചിരുന്നു. ആ ഗസ്റ്റ് ഹൗസ് കൻറേൺമെൻറ് പരിധിയിലായത് കൊണ്ട് വളരെ സുരക്ഷിതമായിരുന്നു ആ സ്ഥലം. ക്ഷേത്രപരിസരത്തു ഒരു കിലോമീറ്റർ അകലെ മാത്രമെ വലിയ വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ.  ആയതിനാൽ ഗസ്റ്റ് ഹൗസ് പ്രതിനിധി രണ്ടു ഓട്ടോ റിക്ഷകൾ ആണ് ഞങ്ങൾ എട്ട് പേർക്ക് വേണ്ടി ഏർപ്പെടുത്തിയിരുന്നത്. ഓട്ടോ റിക്ഷയും ഗസ്റ്റ് ഹൗസ് വരെ വിടുകയില്ല. മെയിൻ റോഡിൽ നിർത്തി പിന്നെ കാൽനടയായി വേണം ഗസ്റ്റ് ഹൗസിൽ എത്തൻ. ഇടുങ്ങിയ പാതയിലൂടെ അഞ്ചു മിനിട്ട് നടന്ന് ഗസ്റ്റ് ഹൗസിൽ എത്തി.  ലഗേജുകളും മറ്റും അവർ തന്നെ ഗസ്റ്റ് ഹൗസിൽ എത്തിച്ചു തന്നു.  ഞങ്ങൾക്ക് വേണ്ടി ശരിയാക്കിയിരുന്ന ഹാളിൽ ഒമ്പത് കട്ടിലുകളും രണ്ടു ബാത്ത് മുറികളും ഉണ്ടായിരുന്നു. ഞങ്ങൾ യാത്ര തുടങ്ങിയപ്പോൾ ദൈവത്തോട് പ്രാർത്ഥിച്ചത് വാരണാസിയിൽ ഞങ്ങൾക്ക് ഏപ്രിലിലെ ചൂട് അനുഭവപ്പെടരുത് എന്നായിരുന്നു.  അതേ പോലെ വാരണാസിയിൽ വണ്ടിയിറങ്ങിയ ദിവസം രാവിലെ മുതൽ ചെറിയ മഴ ചാറൽ ഉണ്ടായിരുന്നു. 
 
ഞങ്ങൾ വാരണാസിയിൽ രണ്ടു പകലും ഒരു രാത്രിയും ചിലവഴിച്ചു.  ആദ്യത്തെ പ്രഭാത ഭക്ഷണം ഗസ്റ്റ് ഹൗസിലെ വിഷ്ണു എന്ന മിടുക്കൻ എത്തിച്ചു തന്നു.  ഞങ്ങളുടെ ആവശ്യ പ്രകാരം ഇഡ്ഡലി,  സാമ്പാർ, തേങ്ങ  ചട്ടിണി ഇവയായിരുന്നു എത്തിച്ച് തന്നത്. ഈ മിടുക്കനെ ഞങ്ങൾ വാരണാസി വിടുന്നതുവരെ ഞങ്ങൾക്കുള്ള സഹായിയായി ഗസ്റ്റ് ഹൗസ് അധികൃതർ വിട്ടു തന്നിരുന്നു. 
 
വാരണാസിയിലെ ക്ഷേത്രം - മുസ്ലിം പള്ളി-  ഗംഗ പരിസരം എന്നിവ  വളഞ്ഞു പുളഞ്ഞ് കിടക്കുന്ന ചെറു വഴിയോടു കൂടിയ  ഗള്ളികളാൽ ചുറ്റുപ്പെട്ടതായിരുന്നു. മൂന്നടി വീതിയുള്ള ഈ ചെറിയ വഴികളിലൂടെ യാത്ര ചെയ്യാൻ വിഷ്ണു എന്ന മിടുക്കന്റെ  സഹായം ഞങ്ങളുടെ യാത്ര സുഖകരമാക്കി. ഒരു സഹായി ഇല്ലെങ്കിൽ പ്രായമേറിയ ഞങ്ങൾക്ക് വഴി തെറ്റാൻ സാദ്ധ്യതയുണ്ട് എന്നു  മുൻകൂട്ടി കണ്ട്  ഗസ്റ്റ് ഹൗസ് അധികൃതറോട് ഒരു സഹായിയെ അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
 
ഡൽഹിയിൽ ഡോക്ടർ ജോലി ചെയ്തു റിട്ടയർ ചെയ്ത ഞങ്ങളുടെ  മൂത്ത സഹോദരൻ മരണപ്പെട്ടത് ഡിസംബർ 14, 2018ൽ ആയിരുന്നു.  അദ്ദേഹത്തിന്റെ ആത്മാവിനും ഗംഗയിൽ നിത്യ ശാന്തി നൽകുവാൻ അദ്ദേഹത്തിന്റെ ഡോക്ടറായ മകനോട് സഹോദരന്റെ  അസ്തി വാരണാസിയിൽ കൊണ്ട് വരാൻ പറഞ്ഞു.  അവനും ഭാര്യയും ഭസ്മവുമായി ഉച്ചയോടെയെ ഗസ്റ്റ് ഹൗസിൽ എത്തുകയുള്ളു. ആയതിനാൽ രണ്ടു സഹോദരന്മാരുടെ ചിതാഭസ്മ നിമർജ്ജനം അന്ന് വൈകുന്നേരം 3 മണിക്ക് ആവാം എന്ന് തീർച്ചപെടുത്തിയിരുന്നു. 
 
ഞങ്ങളുടെ ആദ്യത്തെ ദൗത്യം ഗംഗാ തീരത്ത് നിരനിരയായി പൂർവ്വികർ പണിതിട്ടുള്ള ഘാട്ടുകൾ ദർശ്ശിക്കുക എന്നതാക്കി നിജപ്പെടുത്തി.  വിവരം ഗസ്റ്റ് ഹൗസ് അധികൃതരെ അറിയിച്ചപ്പോൾ അവർ തന്നെ വിശ്വസ്തനായ ഒരു മോട്ടോർ ബോട്ട് ഉടമയെ ഞങ്ങളുടെ സൗകര്യത്തിന് ശരിപ്പെടുത്തി തന്നു. 
steps
 
ഗംഗയിലേക്ക് ഇറങ്ങിച്ചെല്ലാൻ നിർമ്മിക്കപ്പെട്ട കൽപ്പടവുകൾ (ഘാട്ട്)   വാരണാസിയിലെ ഏറ്റവും വലിയ ആകർഷണങ്ങളാണ്. നിരവധി കൽപ്പടവുകൾ ഇവിടെ കാണാം. ഈ കൽപടവുകളിൽ ചിലതിൽ കൂടി ഗംഗയിൽ ഇറങ്ങി  ശവസംസ്ക്കാരം നടത്തുന്നത് കാണാം. പത്തൊമ്പത് കൽപടവുകൾ  (ഘാട്ട്) ഈ ഗംഗാ തീരത്ത് ഉണ്ട്. ഞങ്ങളേയും കൊണ്ട് ബോട്ട് ഉടമ  ഗംഗയിൽ ഇറങ്ങി ഓരോ കൽപടവിലും നിർത്തി അവയെ കുറിച്ച് ഉള്ള വിവരണം നൽകി. വാരണാസി പരമ ശിവന്റെ  ത്രിശ്ശൂലത്തിന്മേൽ ആണ് കിടക്കുന്നത് എന്ന ഐതിഹ്യം അയാൾ പറഞ്ഞു. വാരണാസിക്ക് ബനാറസ്,  കാശി എന്നീ നാമധേയങ്ങൾ കൂടിയുണ്ട്. 
 
മോക്ഷ പ്രാപ്തിക്കുവേണ്ടി ഗംഗയിൽ മരണാനന്തര കർമ്മങ്ങൾ നടത്തുന്നത് ഈ ഘാട്ടുകളിലുടെ ഇറങ്ങിയാണ്.   ഞങ്ങൾ ദർശ്ശിച്ച ചില ഘാട്ടുകൾ താഴെ വിവരിക്കാം. മണികാർണികം(ദഹനം), ദശാശ്വമേധ് ഘാട്ട് ( പത്ത് കുതിരകളെ യാഗ സമർപ്പണം നടത്തി) , ദർഭംഗ ഘാട്ട്  (രാജ കുടുംബം വക) , പഞ്ചഗംഗ ഘാട്ട് (ഗംഗ, സരസ്വതി,  ധൂപാപ, യമുന,  കിർന നദികൾ സംഗമിച്ച സ്ഥലം - ഗംഗയൊഴികെ മറ്റു നാല് നദികളും ഇവിടെ വച്ച് അപ്രത്യക്ഷമായി ഐതിഹ്യം), ഹനുമാൻ ഘാട്ട് ( കാശിയിലെ രാമേശ്വരം - ശ്രീ രാമ നിർമ്മിതം) , പ്രാചീന ഹനുമാൻ ഘാട്ട് , അസീഘട്ട് ( അസീ നദി ഗംഗയിൽ കൂടി ചേർന്നു)  , ദഷാഷ്വമേദ് ഘാട്ട്  , സിന്ധ്യാ ഘാട്ട് , ഗംഗാ മഹൽ ഘാട്ട് , റീവ (റേവൽ) ഘാട്ട് , തുൾസി ഘാട്ട് , ബാധൈനി  ഘാട്ട് , ജാനകീ ഘാട്ട്  , മാതാ ആനന്ദമയീ ഘട്ട്  , വക്ചാരജ ഘട്ട്  , ജയിൻ ഘാട്ട്  , നിഷാദ്  ഘാട്ട്  , പ്രഭു ഘാട്ട് , പഞ്ച്കോട്ട ഘാട്ട്  , ചേത് സിങ്ങ് ഘാട്ട്  , നിരൻജനി  ഘാട്ട്   , മഹാനിർവാണി ഘാട്ട്  , ഷിവാല ഘാട്ട്  , ഗുലാരിയ ഘാട്ട്  , ദണ്ഡി ഘട്ട്   , കർണാടക ഘട്ട്  , ഹരിശ്ചന്ദ്ര ഘാട്ട്  , ലാലി ഘാട്ട്   , വിജയനഗരം ഘാട്ട്  , കേദാർ ഘാട്ട്  , ചൗക്കി ഘാട്ട്  , സോമേശ്വർ ഘാട്ട്  , മാനസരോവർ ഘാട്ട്  , നാരദ് ഘാട്ട്  , രാജാ ഘാട്ട്  , ഘോറി ഘാട്ട്  , പാണ്ഡെ ഘാട്ട്  , സർവ്വേശ്വർ ഘാട്ട്  , ഡിഗ്പാട്ടിയ ഘാട്ട്  , ചസൗത്തി  ഘാട്ട്  , റാണാമഹൽ ഘാട്ട്  , മുൻഷി ഘാട്ട്  , അഹല്യാഭായ് ഘാട്ട്  , സിതാല  ഘാട്ട്  , പ്രയാഗ ഘാട്ട്  , മാൻമന്ദിർ
ഘാട്ട്  , ത്രിപുര ഭൈരവി ഘാട്ട്  , മീർ ഘാട്ട്  , ഫൂട്ടാ(യജ്നേശ്വർ) ഘാട്ട്  , നേപ്പാളി ഘാട്ട്  , ലളിത ഘാട്ട്  , ബൗളി(ആംറോഹ) ഘാട്ട്  , ജലസായി ഘാട്ട്  , ഖിർക്കി ഘാട്ട്  , ബജിറിയോ ഘാട്ട്  , സങ്കട ഘാട്ട്   , ബോൺസാലെ ഘാട്ട്  , നയാ ഘാട്ട്  , ഗണേഷ് ഘാട്ട്  , മേത്ത ഘാട്ട്  , രാമ ഘാട്ട്  , നതാര ഘാട്ട്   , രാജാ ഗോളിയോർ ഘാട്ട്  , മംഗളഗൗരീ ഘട്ട്    , വേണീമാധവ ഘാട്ട്  , ദുർഗ്ഗാ ഘാട്ട്  , ബ്രഹ്മ ഘാട്ട്  , ലാൽ ഘാട്ട്  , ഗയാ ഘാട്ട്  , ബദ്റിനാരായണ ഘട്ട്  , ത്രിലോചൻ ഘാട്ട്  , ഗോളാ ഘാട്ട്  , പ്രഹ്ളാദാ ഘാട്ട്   , ആദികേശവ ഘാട്ട് , സന്ദ് രവിദാസ് ഘാട്ട് എന്നിവ കൂടതെ ഇനിയും ഘാട്ടുകൾ ഗംഗാ തീരത്ത് ഉണ്ട്.  
 
മൂന്ന് മണിക്കൂർ മോട്ടോർ ബോട്ട് യാത്രയിൽ കാലഭൈരവ് ക്ഷേത്രദർശ്ശനം നടത്തി. ഇടുങ്ങിയ വഴികളിലൂടെ ആ ക്ഷേത്രത്തിൽ എത്താൻ വഴിയുണ്ടെങ്കിലും ഞങ്ങളുടെ ബോട്ട് ഉടമ ഗംഗാ നദിയിൽ നിന്നും ഈ കാലഭൈരവ ക്ഷേത്രത്തിലേക്ക് ഞങ്ങളെ കൂട്ടി കൊണ്ട് പോയി. ധാരാളം പടവുകൾ ചവിട്ടി വേണം ഭൈരവ സ്വാമിയെ  ദർശ്ശിക്കാൻ . കാലഭൈരവനെ വാരണാസിയുടെ \" കോത് വാൾ  \" ( പോലീസ് ഉന്നത അധികാരി ) എന്നറിയപ്പെടുന്നത് എന്ന് അയാൾ പറഞ്ഞു.  പിന്നെ കാശീവിശ്വനാഥ പ്രഭുവെ ദർശ്ശിക്കുന്നതിന് മുമ്പ് കാലഭൈരവന്റെ  അനുവാദം വാങ്ങണമെന്നും അറിയിച്ചു. ഞങ്ങളുടെ  കാശീവിശ്വനാഥ ദർശ്ശനം പിറ്റേന്ന് പുലർച്ചെ ആയതിനാൽ കാലഭൈരവ സമ്മതം വാങ്ങാൻ ഈ ബോട്ട് യാത്ര സഹായിച്ചു.  
 
പത്ത് മണിക്ക് തുടങ്ങിയ ബോട്ട് യാത്ര ഒരു മണിയോടെ അവസാനിച്ചു. ഞങ്ങൾ വിഷ്ണു എന്ന സഹായിയുടെ കൂടെ ഗസ്റ്റ് ഹൗസിൽ എത്തി.  അന്ന് രാവിലെ ഗസ്റ്റ് ഹൗസിന് അടുത്ത് ഉള്ള അന്ന പൂർണ്ണേശ്ശരി ക്ഷേത്ര ദർശ്ശനം നടത്തിയപ്പോൾ അവിടെ ദിവസവും അന്നദാനം ഉണ്ടെന്നും ആ പ്രസാദം വാരണാസിയിൽ വരുന്ന ഭക്തർ കഴിക്കേണ്ടതാണെന്നും ഗസ്റ്റ് ഹൗസ് അധികൃതർ അറിയിച്ചിരുന്നു. ഞങ്ങൾ ഗസ്റ്റ് ഹൗസിൽ തിരിച്ചെത്തിയപ്പോഴേക്കും ഡൽഹിയിൽ നിന്നും മരണപ്പെട്ട സഹോദരന്റെ  ചിതാഭസ്മവുമായി മകനും ഭാര്യയും അവിടെ എത്തി ചേർന്നു.  അന്നദാനം കഴിച്ചു ഞങ്ങൾ എല്ലാവരും മൂന്ന് മണിവരെ വിശ്രമിച്ചു. അതിന് ശേഷം മൂന്ന് മണിയോടെ ബോട്ട് ഉടമയേയും വിഷ്ണുവിനേയും കൂട്ടി വീണ്ടും ഗംഗാ നദിയിലേക്ക് ഇറങ്ങി .  നദിയൂടെ മദ്ധ്യത്തിൽ ചെന്ന്  മരണപ്പെട്ടു പോയ  രണ്ടു സഹോദരന്മാരുടെയും ആത്മാക്കൾക്ക് നിത്യശാന്തിക്കായി   ചിതാഭസ്മം നിമർജ്ജനം ചെയ്തു.  ആത്മാക്കൾക്ക് ശാന്തി നേർന്ന സമയം കനത്ത മഴ ഞങ്ങളെ കുളിപ്പിച്ച് പുണ്യാഹ്യം തളിച്ച് ആത്മാക്കൾക്ക് ശാന്തി കിട്ടിയ പ്രതീതി ജനിപ്പിച്ചു. ആ ഒരു കർമ്മത്തിന് കാലഭൈരവനും കാശീവിശ്വനാഥനും സാക്ഷിയായി എന്ന സത്യം ഞങ്ങൾ അനുഭവിച്ചറിഞ്ഞു. 
 
പ്രപഞ്ച ശക്തി എല്ലാ നല്ല കർമ്മങ്ങൾക്കും പിൻതുണയേകുമെന്ന സത്യവും ഞങ്ങൾക്ക് മനസ്സിലായി.  ചിതാഭസ്മ   നിമർജ്ജന കർമ്മത്തിനു ശേഷം ഡൽഹിയിൽ നിന്ന് വന്നവർ തിരിച്ചു പോയി. 
 
വിഷ്ണു എന്ന സഹായി ഞങ്ങളെ ആരതി നടത്തുന്ന  ഗംഗാതടത്തിലേക്ക് കൂട്ടി കൊണ്ട് പോയി.  അവിടെയുള്ള പടവുകളിൽ ഞങ്ങളെ ഇരുത്തി. ആറരക്ക് ആരംഭിക്കുന്ന ആരതി ഒമ്പത് മണിവരെ തുടരുമെന്നവൻ പറഞ്ഞു.  ഗംഗാ തടത്തിൽ അന്ന് ഒമ്പത് ആരതികൾക്കുള്ള സാമഗ്രികളും പൂജാരിമാരും സന്നിഹിതരായിരുന്നു . മന്ത്രോച്ചാരണത്തിന്റെ  അകമ്പടിയോടെ കൃത്യം ആറരക്ക് തന്നെ ആരതി ആരംഭിച്ചു.  ആ സമയത്ത് വളരെ യധികം ഭക്തജനങ്ങൾ കരയിലും ബോട്ടുകളിലുമായി ആരതി ദർശ്ശനത്തിന് എത്തിയിട്ടുണ്ടായിരുന്നു. എണ്ണ വിളക്കിനുപരിയായി ആ പ്രദേശം മുഴുവൻ വൈദ്യുതി വിളക്കുകളും പൂമാലകളും കൊണ്ട് അലങ്കരിച്ചിരുന്നു. ഞങ്ങൾ രാത്രി എട്ടു മണിവരെ ആരതി ദർശ്ശിച്ചു. ആ സമയം മഴ വിട്ടു നിന്നിരുന്നു.  വിഷ്ണുവിന്റെ  അഭിപ്രായത്തിൽ ആരതി മുഴുവൻ കാണാൻ നിൽക്കുന്നത് ഞങ്ങളുടെ തിരിച്ച് ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രക്ക് ബുദ്ധി മുട്ട് ഉണ്ടാക്കുമെന്നറിയിച്ചു. വളരെയധികം ജനങ്ങൾ ഒന്നിച്ചു ഇടുങ്ങിയ വഴകളിലൂടെയുള്ള യാത്ര ദുഷ്കരമാകുമെന്നറിയിച്ചു. ഞങ്ങൾ വിഷ്ണുവിന്റെ  കുടെ തിരിച്ചു ഗസ്റ്റ് ഹൗസിൽ എത്തി.  അന്നത്തെ ഞങ്ങളുടെ അത്താഴം ചപ്പാത്തിയും ഫൂൽഗോപി മിക്സഡ് കുറുമയും ആയിരുന്നു.  വിഷ്ണുവും കൂട്ടുകാരും ചേർന്നുള്ള പാചകം വളരെ സ്വാദിഷ്ടമായിരുന്നു. 
 
പുലർച്ചെ നാലു മണിക്ക് വിശ്വനാഥ ക്ഷേത്ര നട തുറക്കുമെന്നും അപ്പോൾ വലിയ തിരക്കില്ലാതെ ദർശ്ശനം നടത്തുന്നത് ഉചിതമായിരിക്കുമെന്നും അധികൃതർ പറഞ്ഞതനുസരിച്ച് ഞങ്ങൾ മൂന്ന് മണിയോടെ റഡിയായി വേറൊരു സഹായിയുടെ കൂടെ ക്ഷേത്രത്തിലേക്ക് യാത്രയായി. അഞ്ചു മിനിറ്റ് യാത്രയെ ഗസ്റ്റ് ഹൗസിൽ നിന്നും ക്ഷേത്രത്തിലേക്ക് ഉണ്ടായിരുന്നുള്ളൂ.  ഞങ്ങൾ ക്ഷേത്രത്തിനു സമീപം എത്തിയപ്പോൾ ചെറിയൊരു ക്വു ഉണ്ടായിരുന്നുള്ളൂ.  വാരണാസി വിശ്വനാഥ ദർശ്ശനത്തിന് എത്തുന്നവരെ സുസൂക്ഷ്മം പരിശോധിക്കുവാൻ ഓരോ ഇടുങ്ങിയ വളവുകളിലും ക്ഷേത്ര കവാടത്തിലും ക്ഷേത്രത്തിനുള്ളിലും രണ്ടു മീറ്റർ വിത്യാസത്തിൽ പോലീസ്കാരെ വിന്നസിച്ചിട്ടുണ്ടായിരുന്നു.  ഭക്തർ പാലും കൂവള ഇലകളും അടങ്ങിയ താലം മാത്രമെ ക്ഷേത്രത തിനുള്ളിലേക്ക് കൊണ്ട് പോകാവു. വസ്ത്രധാരണത്തിൽ പ്രത്യേകിച്ച കോഡുകൾ ഇല്ലായിരുന്നു.  പക്ഷെ മൊബൈൽ,  ടോർച്ച്,  കുട, ചെരുപ്പ്,  ലെതർ പഴ്സ്, ബാഗുകൾ ഇത്യാദി ക്ഷേത്രത്തിനു അകത്ത് നിഷിധമായിരുന്നു. ഭക്തരുടെ ദേഹം മുഴുവൻ ഇടക്കിടെ പരിശോധനയ്ക്ക് വിധേയമാക്കും.
 
കാശി വിശ്വനാഥ പൂജ ഭക്തർ സ്വയം നടത്തുകയാണ് പതിവ്. ശിവലിംഗത്തിൽ പാലും കൂവളയിലയും കൊണ്ട് അഭിഷേകം നടത്തി ശിവലിംഗത്തെ സ്വന്തം കൈകൊണ്ട് കഴുകിയെടുക്കണം. മുട്ട് കുത്തിയിരുന്നു ശിവലിംഗത്തിൽ ഞാൻ കൈവെച്ചപ്പോൾ മരുമകൾ പാലും ഇലകളും ഒഴിച്ച് തന്നു കൊണ്ടിരുന്നു.  പിന്നീട് ഞാൻ അവൾക്കും പാലും ഇലകളും ശിവലിംഗത്തിൽ അഭിഷേകം നടത്തി കൊടുത്തു. മറ്റുള്ളവരും അതേ പോലെ അഭിഷേകം നടത്തി.  തിരക്ക് വളരെ കുറവായതിനാൽ ദർശ്ശനത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.  കാശിവിശ്വനാഥ പൂജക്കശേഷം മുന്നോട്ട് നടന്നു ഉപദേവന്മാരുടെ  ദർശ്ശനവും നടത്തി അഞ്ചു മണിയോടെ ഞങ്ങൾ ഗസ്റ്റ് ഹൗസിൽ തിരിച്ചു എത്തി. 
 
അന്നത്തെ ഞങ്ങളുടെ പരിപാടി വാരണാസി ചുറ്റി കാണുക എന്നതായിരുന്നു.  അതിന് എട്ടു പേർക്ക്  യാത്ര ചെയ്യാനുള്ള ഒരു എസ്. യു. വി വണ്ടി ഗസ്റ്റ് ഹൗസ് അധികൃതർ തന്നെ ഏർപ്പാടാക്കി തന്നു.  ആ യാത്രയിൽ സങ്കടമോചൻ ഹനുമാൻ ക്ഷേത്രം,  റാം നഗർ ഫോർട്ട്,  ബനാറസ് വിദ്യാ പീഠ് , സർനാഥ് മ്യുസിയം  എന്നീ സ്ഥലങ്ങൾ കണ്ട് ഉച്ചയോടെ ഒരു തരക്കടില്ലാത്ത ഹോട്ടലിൽ ഭക്ഷണം കഴിച്ച് രണ്ടു മണിയോടെ ഗസ്റ്റ് ഹൗസിൽ തിരിച്ചു എത്തി.  അന്ന് വൈകുന്നേരം അഞ്ചരയ്ക്കുള്ള മതുര വണ്ടിയിൽ യാത്ര ചെയ്യേണ്ടതു കൊണ്ട് നാലുമണിയോടെ ഗസ്റ്റ് ഹൗസ് അധികൃതരോടും സഹായി വിഷ്ണുവിനോടും യാത്ര പറഞ്ഞു വാരണാസിയിൽ നിന്നും വിടവാങ്ങി. 
 
മതുര , വൃന്ദാവനൻ യാത്ര 
 
ഏപ്രിൽ 19 രാവിലെ എട്ടു മണി മുതൽ ഇരുപതാം തിയ്യതി രാവിലെ  11.30 വരെയാണ്  പ്ളാൻ ചെയ്തിരുന്നത്.  റയിൽവേ സ്റ്റേഷന്റെ  തൊട്ടടുത്ത ഹോട്ടൽ മയൂരിലായിരുന്നു മൂന്ന് മൂറികൾ റിസർവ് ചെയ്തിരുന്നത്. മതുര ജംഗ്ഷനിൽ നിന്നും പത്ത് മിനിറ്റ് ഓട്ടോയിൽ യാത്ര ചെയ്തു ഞങ്ങൾ ഹോട്ടലിൽ എത്തി.  പ്രഭാത ഭക്ഷണം ഹോട്ടൽ അധികൃതർ ശരിപ്പെടുത്തി തന്നു. ആദ്യ ദിവസം വൃന്ദാവൻ കാണാൻ തീർച്ചപ്പെടുത്തി.
 
ആ യാത്ര സൗകര്യവും ഹോട്ടൽ മാനേജർ തന്നെ ഏർപ്പാടാക്കി തന്നു.  ആദ്യമായി രാധാ രാമൻ ക്ഷേത്രം  കാണാൻ പോയി.  അവിടെ നൂറു രൂപ കൊടുത്തപ്പോൾ  ഒരു ഗൈഡിനെ കിട്ടി. ആ ക്ഷേത്രത്തിൽ കയറുമ്പോൾ പ്രത്യേകിച്ച്ശ്രദ്ധിക്കേണ്ടതായി ഗൈഡ് പറഞ്ഞത് മൊബൈൽ,  ഹാൻഡ് ബാഗ് , വെള്ള കുപ്പി എന്നിവ കുരങ്ങമാരിൽ നിന്നും സംരക്ഷിക്കണം എന്നതായിരുന്നു.  ഒന്നും കയ്യിൽ പിടിച്ചു പോകരുത്. അങ്ങിനെ പോയ ഒരു തീർത്ഥാടകന്റെ  മൊബൈൽ ഒരു കുരങ്ങൻ തട്ടി പറച്ച് മുകളിൽ കയറി.  അപ്പോൾ ഞങ്ങളുടെ ഗൈഡ് ഒരു റൊട്ടി കഷണം എറിഞ്ഞപ്പോൾ കുരങ്ങൻ മൊബൈൽ തിരിച്ചു എറിഞ്ഞു കൊടുത്തു.  ബജ്റഗ് വാസികൾ എന്ന്  അവിടെയുള്ള വരെ വിളിക്കുമെന്ന് പറഞ്ഞു.  ഔറഗ്സേബ് എല്ലാ ക്ഷേത്രങ്ങളും ധ്വംസനം ചെയ്യുന്ന കൂട്ടത്തിൽ ഈ ക്ഷേത്രത്തിലും എത്തി പരാക്രമങ്ങൾ കാണിച്ചതിന് ശിക്ഷ എന്ന നിലക്ക് ഒരു മാറാരോഗം പിടിപ്പെട്ട് ഈ ക്ഷേത്രത്തിൽ 41 നാൾ പ്രായചിത്ത പൂജ നടത്തി ബജറഗ് വാസികൾ ക്ഷമിച്ചപ്പോൾ അസുഖം മാറിയെന്ന ഐതിഹ്യം ഗൈഡ് പറഞ്ഞു തന്നു.  
temp
രാധയുടെ വീടും പരിസരവും നിന്ന സ്ഥലവും കാണിച്ചു തന്നു.  അവിടത്തെ ജനങ്ങൾ അന്യോന്യം  അഭിവാദ്യം ചെയ്യുന്നത് രാധേശ്യാം രാധേശ്യാം എന്ന് പറഞ്ഞു കൊണ്ടാണ്.  അതിന്  ശേഷം രാധാ ദമോദർ ക്ഷേത്രവും ദർശ്ശിച്ചു. അതിന് ശേഷം ഇസ്കോൺ ക്ഷേത്രവും വൈകീട്ട് പ്രേം  ക്ഷേത്രവും കണ്ടു. പ്രേം മന്ദിർ ആരതി കണ്ട് ഞങ്ങൾ അവിടുത്തെ ചുറ്റു പാടുമുള്ള രാധാ കൃഷ്ണ കേളി നിലയങ്ങൾ ദർശ്ശിച്ച് സമയം കളഞ്ഞു.  എട്ടു മണിക്ക് ആ ക്ഷേത്രം അടച്ച് തീർത്ഥാടകരെ പുറത്താക്കും. ഞങ്ങൾ രാത്രി  എട്ടരയോടെ ഹോട്ടലിൽ തിരിച്ചെത്തി.  രാത്രി ഭക്ഷണം ഹോട്ടലിൽ കഴിച്ചു.  പിറ്റേന്ന് രാവിലെ മതുര യാത്ര രണ്ടു ഓട്ടോയിൽ ആക്കി.  രാവിലെ ഏഴുമണിക്ക് കൃഷ്ണ ജന്മ സ്ഥാന ക്ഷേത്രം ,  കംസന്റെ  ജയിലുകൾ .  ദ്വാരകാദ്വേഷ് ക്ഷേത്രം,  ജയ് ഗുരുദേവ് ക്ഷേത്രം,  എന്നിവ ദർശ്ശിച്ച് പത്ത് മണിയോടെ ഹോട്ടലിൽ തിരിച്ചെത്തി.  
 
ഞങ്ങളുടെ നാട്ടിലേക്കുള്ള തീവണ്ടി 11.15 ന് ആയതുകൊണ്ട് പ്രഭാത ഭക്ഷണം മതുര റയിൽവേ സ്റ്റേഷനിൽ നിന്നാക്കി . തീവണ്ടി ശരിക്കുള്ള സമയത്ത് തന്നെ എത്തി. അങ്ങിനെ നല്ലൊരു തീർത്ഥാടനം കഴിച്ച്   മൂന്നാം ദിവസം രാവിലെ എട്ടു മണിയോടെ ഞങ്ങൾ  ഗൂരുവായൂരിലെ ഫ്ളാറ്റ്ൽ തിരിച്ചെത്തി.  

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ