ഭാഗം 55
നവംബർ നാലാം തിയതി ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഒട്ടാവ പാർലമെന്റ് ഹില്ലിലുള്ള ഒരു കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന കേരളപ്പിറവി ആഘോഷത്തിൽ ഞങ്ങളും പങ്കെടുത്തു. FOCMA യുടെ (ഫെഡറേഷൻ ഓഫ് കനേഡിയൻ മലയാളി അസ്സോസ്സിയേഷൻ)
പ്രസിഡന്റും ഞങ്ങളുടെ കുടുംബ സുഹൃത്തുമായ ശ്രീ ഷിബു വർഗ്ഗീസിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു ഞങ്ങൾ പോയത്.
കേരളത്തിന്റെ തനതായ വേഷങ്ങളണിഞ്ഞെത്തിയ സ്ത്രീകളും പുരുഷൻമാരും പരസ്പരം പരിചയപ്പെട്ടും കുശലം പറഞ്ഞും സൗഹൃദം പുതുക്കി. ചെണ്ടമേളത്തോടും താലപ്പൊലികളോടും കൂടി വിശിഷ്ടാതിഥികളെ സ്വീകരിക്കുകയും കാനഡയിലെ എം.പിയായ ശ്രീ ചന്ദ്ര ആര്യയുടെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനച്ചടങ്ങും പൊതു സമ്മേളനവും നടത്തുകയും ചെയ്തു.
അതീവഹൃദ്യമായ ശിങ്കാരിമേളത്തെത്തുടർന്ന് കലാപരിപാടികൾ ആരംഭിച്ചു. സംഗീതക്കച്ചേരി, വാദ്യോപകരണസംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, കേരള നടനം, ഒപ്പന, ലയന നൃത്തം, തിരുവാതിര, ഗാനമേള തുടങ്ങി പരമ്പരാഗതമായ കലാരൂപങ്ങൾ വേദിയിൽ അരങ്ങേറി.
മനോഹരമായ ദൃശ്യവിരുന്നിന്റെ മാസ്മരിക പ്രഭയിൽ രണ്ട് മണിക്കൂർ കടന്നുപോയത് അറിഞ്ഞതേയില്ല. മകന്റെ ചില സുഹൃത്തുക്കളേയും കുടുംബങ്ങളേയുമൊക്കെ അവിടെ വച്ച് കാണാനും പരിചയപ്പെടാനുമൊക്കെ ഞങ്ങൾക്ക് സാധിച്ചു. വിഭവ സമൃദ്ധമായ ഡിന്നറിന് ശേഷമാണ് ഞങ്ങൾ തിരിച്ചു പോയത്.
കാനഡയെന്ന രാജ്യത്ത് വച്ച് കേരളത്തിന്റെ സംസ്കാര സമ്പന്നത അനാവരണം ചെയ്യുന്ന ശ്രേഷ്ഠമായ കലാവിരുന്നിൽ പങ്കെടുക്കുവാൻ കിട്ടിയ അവസരം ഒരു ഭാഗ്യമായികരുതുകയും അഭിമാനിക്കുകയും ചെയ്യുന്നു.
പാർക്കിംഗ് ഏരിയയിലേക്ക് നടക്കുമ്പോൾ എല്ലാവരും നന്നേ തണുത്തു വിറച്ചു.
അടുത്ത ദിവസം, ഞങ്ങളുടെ വളരെ അടുത്ത ഒരു കുടുംബ സുഹൃത്തിന്റെ വീട്ടിൽ ലഞ്ചിന് ക്ഷണിച്ചിട്ടുണ്ടായിരുന്നു. ലഞ്ച് കഴിഞ്ഞ് വൈകുന്നേരം ഏഴുമണിയോട് കൂടി അന്ന് റിലീസായ 'ഗരുഡൻ' എന്ന മലയാള സിനിമ കാണുവാനായി പോയി.
ഒരുപാട് നാളുകൾക്ക് ശേഷമാണ് സുരേഷ് ഗോപിയുടെ ഒരു പടം കാണുന്നത്. ഒട്ടും തന്നെ ബോറടിപ്പിക്കാത്ത നല്ലൊരു സിനിമ തന്നെ ആയിരുന്നു അത്.
പതിനൊന്നാം തീയതി രാത്രിയിൽ പള്ളിയിൽ നിന്നും വരുന്ന കരോൾ സംഘത്തിന്, അവസാനത്തെ വീടായിരുന്നതിനാൽ അന്ന്, ഭക്ഷണം കൊടുക്കണമായിരുന്നു. പാട്ടുംപാടിയതിന് ശേഷം ഭക്ഷണമൊക്കെ കഴിച്ച് എല്ലാവരും പിരിഞ്ഞ് പോയപ്പോൾ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു.
ദിവസങ്ങൾ കഴിയുന്തോറും തണുപ്പ് കൂടി വന്നു. ഇതിനിടയിൽ രണ്ടു ദിവസം രാത്രിയിൽ മഞ്ഞ് പെയ്യുകയുണ്ടായി. വീടുകളുടെ മുകളിലും പരിസരത്തുമെല്ലാം വീണ് കിടക്കുന്ന തണുത്തുറഞ്ഞ മഞ്ഞ് കാണാൻ നല്ല ഭംഗിയായിരുന്നു. മഴ പോലെ പെയ്തുകൊണ്ടിരുന്ന മഞ്ഞ് പാളികൾ ഒരസാധാരണ കാഴ്ചതന്നെയായിരുന്നു.
ഇരുപത്തിയൊന്നിന് മകന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഡെൽവിന്റെ ബർത്ത്ഡേയായിരുന്നു. സമ്മാനവും വാങ്ങി, അവരുടെ വീട്ടിലേക്ക് ഞങ്ങൾ ഒരു സർപ്രൈസ് വിസിറ്റ് നടത്തി.
ഓഫീസിൽ നിന്നും മരുമകളേയും പിക്ക് ചെയ്ത് പോകുമ്പോൾ വഴിയിലുടനീളം മഞ്ഞുമഴ പെയ്യുന്നുണ്ടായിരുന്നു.
Party കഴിഞ്ഞ് മഞ്ഞ് കൊണ്ട് മൂടിക്കിടക്കുന്ന കാറിൽ, ഹീറ്റർ ഇട്ട് കുറച്ചു നേരം ഇരുന്നു. ഫ്രണ്ട് ഗ്ലാസ്സിൽ നിന്നും മഞ്ഞെല്ലാം ഉരുകിപ്പോയതിന് ശേഷമാണ് വണ്ടി സ്റ്റാർട്ട് ചെയ്തത്. നല്ല കനത്തിൽ മഞ്ഞു വീണുകൊണ്ടിരിക്കുന്ന റോഡിൽ കൂടി സാവധാനം വണ്ടി ഓടിച്ച് വീട്ടിലെത്തി. മഞ്ഞ് മഴ നല്ലൊരു കാഴ്ചയായിരുന്നു.
കാനഡയോട് വിടപറയുവാനുളള ദിവസം അടുത്തുകൊണ്ടിരുന്നു. ഷോപ്പിംഗും മറ്റുമായി പകലുകൾ കൊഴിഞ്ഞുവീണു. തലേ ദിവസം തന്നെ പെട്ടികളെല്ലാം പായ്ക്ക് ചെയ്തു വച്ചു. 29ാം തീയതി ലഞ്ച് കഴിഞ്ഞ്, പന്ത്രണ്ടരയോടു കൂടി ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി. കാനഡയോട് വിട പറഞ്ഞ് രണ്ട് മണിക്കൂർ അകലെയുള്ള മോൺട്രിയൽ എയർപോർട്ടിലെത്തി. അവിടെ നിന്നും ചെക്കിംഗ് കഴിഞ്ഞ് കൊച്ചിവരെയുള്ള ബോർഡിംഗ് പാസ്സുകൾ വാങ്ങി. മകനോടും മരുമകളോടും കൊച്ചുമകളോടും വീണ്ടും യാത്ര പറഞ്ഞ് അകത്തേക്ക് നടന്നു. സെക്യൂരിറ്റി കഴിഞ്ഞ് കൃത്യം അഞ്ച് മണിക്ക് തന്നെ ബോർഡിംഗ് ചെയ്തെങ്കിലും സിഗ്നൽ കിട്ടാൻ വൈകിയതിനാൽ ആറ് മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ കാനഡയുടെ വിമാനം ഒരു മണിക്കൂർ വൈകിയാണ് ടേക്ക് ഓഫ് ചെയ്തത്.
ഏഴു മണിക്കൂർ യാത്രയ്ക്കൊടുവിൽ പ്രാദേശിക സമയം രാവിലെ ഏഴര മണിക്ക് ഫ്രാങ്ക്ഫർട്ടിലെത്തി. രാജ്യങ്ങൾ തമ്മിലുള്ള സമയ വ്യത്യാസം വളരെ വലുതായിരുന്നു. അഞ്ച് മണിക്കൂർ കാത്തിരുന്നതിന് ശേഷം പന്ത്രണ്ടര മണിക്ക് ബോബെയിലേക്കുള്ള ലുഫ്താൻസ വിമാനം കൃത്യസമയത്ത് തന്നെ പുറപ്പെട്ടു. ഇന്ത്യൻ പ്രാദേശിക സമയം രാവിലെ ഒരു മണിക്ക് ബോംബെയിലെത്തി. ബാഗേജ് കളക്ട് ചെയ്ത് വീണ്ടും കൗണ്ടറിൽ ചെക്കിൻ ചെയ്തു. അവിടെ നിന്നും രാവിലെ അഞ്ച് മണിക്കുള്ള എയർ ഇന്ത്യയിൽ കൊച്ചിയിലെത്തിയപ്പോൾ ഏഴര മണിയായി. കൊച്ചി എയർപോർട്ടിൽ നിന്നും പ്രീപെയ്ഡ് ടാക്സി വിളിച്ച് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോട് കൂടി ഞങ്ങൾ വീട്ടിലെത്തി.
ഒരിക്കലും മറക്കാനാവാത്ത കുറേയെറെ ഓർമകളും യാത്രാനുഭവങ്ങളും അതിലുപരി അറിവുകളുമായി ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി. ആറ് മാസക്കാലം മക്കളോടൊപ്പം താമസിക്കുവാനും അവരുടെ ജീവിത സാഹചര്യങ്ങൾ കണ്ട് മനസ്സിലാക്കുവാനും ഇട നൽകിയ സർവ്വശക്തനായ ദൈവത്തിന് നന്ദിയും സ്നേഹവും മഹത്വവും അർപ്പിച്ചുകൊണ്ട് എന്റെ ഈ യാത്രാവിവരണം ഇവിടെ അവസാനിപ്പിക്കുന്നു.
ചരിത്രങ്ങളുറങ്ങുന്ന പടിഞ്ഞാറൻ മണ്ണിലെ ഓരോ കാഴ്ചകളും ഹൃദയത്തിന്റെ അടിത്തട്ടിൽ മായാത്തൊരോർമയായ് എന്നെന്നും തെളിഞ്ഞു തന്നെ നിൽക്കുമെന്നതിൽ യാതൊരു സംശയവും ഇല്ല.
(അവസാനിച്ചു)