ഉച്ചഭക്ഷണത്തിന് ശേഷമാണ് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്ക് വണ്ടി വിട്ടത്. മൈസൂർ കൊട്ടാരത്തിന്റെ പ്രൗഢ സൗന്ദര്യം വെറും രണ്ടു മണിക്കൂർ ഓട്ടപ്പാച്ചിലിൽ കണ്ടാസ്വദിച്ചതിന് ശേഷമുള്ള വരവാണ്. വളരെ മുമ്പ് സ്കൂൾ കാലഘട്ടത്തിൽ എക്സ്കർഷന് വന്നപ്പോൾ ക്ഷേത്രം സന്ദർശിച്ചതിന്റെ ഓർമ്മകൾ പൂർണ്ണമായും മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല.
പിന്നീടുള്ള മൈസൂർ യാത്രകളിൽ ദൂരെ നിന്ന് കണ്ടതല്ലാതെ അവിടേക്ക് മാത്രമായി ഒരു യാത്ര നടത്തിയിട്ടില്ല.
അതുകൊണ്ടാണ് ഇത്തവണത്തെ യാത്രയിൽ മറ്റു പരിപാടികൾ ഒന്നും അജണ്ടയിൽ ഇല്ലാത്തതിനാലും ശ്രീ ചാമുണ്ഡേശ്വരി ദേവിയെയും നന്ദിയെയും വിശദമായെന്ന് കാണുവാൻ തന്നെ തീരുമാനിച്ചത്.
പക്ഷേ എന്തു ചെയ്യാം?
40 വർഷങ്ങൾക്ക് മുമ്പ് കണ്ട ക്ഷേത്രമല്ല ഇപ്പോഴത്തെ ചാമുണ്ഡേശ്വരി ക്ഷേത്രവും പരിസരവും. കർണാടകയിലെ ജനങ്ങൾ നാദാ ദേവി എന്ന് വിളിക്കുന്ന സംസ്ഥാന ദേവിയുടെ ഈ ക്ഷേത്രവും പരിസരവും ഇന്ന് വിനോദസഞ്ചാരികളെയും ഭക്തജനങ്ങളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ഈ തിരക്കിൽ ക്ഷേത്രത്തിൽ കടക്കുവാനോ അവിടം ചുറ്റി കാണുവാനോ മുതിരുന്നത് ശരിയായ ഒരു നടപടി ആയിരിക്കില്ല.
അപ്പോൾ ഇനി എന്തു ചെയ്യും?
പതിവുപോലെ പ്രിയ സുഹൃത്ത് ഗോപൻ തന്നെ പരിഹാരം നിർദ്ദേശിച്ചു. ദൂരെ സ്ഥിതി ചെയ്യുന്ന ഒരു കുന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു : അവിടെയാണ് ശ്രീ ചിക്ക ദേവമ്മ ക്ഷേത്രം. ശ്രീ ചാമുണ്ഡേശ്വരി ദേവിയുടെ സഹോദരിയാണ് ശ്രീ ചിക്ക ദേവമ്മ എന്നാണ് വിശ്വാസം. ശരി. ചേച്ചിദേവിയെ കാണാൻ പറ്റിയില്ലെങ്കിൽ അനുജത്തി ദേവിയുടെ അനുഗ്രഹം വാങ്ങാൻ നമുക്ക് അങ്ങോട്ട് പോകാം.
മൈസൂരിൽ നിന്നും ഏകദേശം 60 കിലോമീറ്റർ ദൂരെയുള്ള ശ്രീ ചിക്ക ദേവമ്മ കുന്നിലെ ക്ഷേത്രത്തിലേക്ക് വണ്ടി നീങ്ങി. ഗോപൻ അത് പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. ക്ഷേത്രത്തിന് അടുത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ പന്നിവളർത്തൽ കേന്ദ്രവും ട്രയിനിംഗ് സെൻ്ററും കൂടിയായ D L G Farms സ്ഥിതി ചെയ്യുന്നത്. അതിൻ്റെ മാനേജിംഗ് ഡയറക്ടർ ആയി ജോലി ചെയ്യുന്ന സുഹൃത്ത് ഗോപൻ എന്ന Dr. C P ഗോപകുമാർ ഇന്ത്യയിലെ Father of Modern Piggery എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ അറിയപ്പെടുന്നത്. അതേ കുറിച്ച് പിന്നീടൊരിക്കൽ എഴുതാം. മൈസൂരിൽ നിന്നും ഊട്ടിയിലേക്കുള്ള യാത്രാമധ്യേ ആണ് ശ്രീ ചിക്ക ദേവമ്മ ക്ഷേത്രം. നമ്മളാദ്യം എത്തുക നഞ്ചൻ ഗുഡ് എന്ന നഗരത്തിലാണ്. അവിടെനിന്നും ബേഗൂരിലേക്ക്. ബേഗൂരിൽ നിന്നും കബനിയിലേക്ക് പോകുന്ന വഴിയിൽ 25 കിലോമീറ്റർ സഞ്ചരിച്ചാൽ കുണ്ടൂർ ഗ്രാമത്തിൽ എത്തി. അവിടെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ചിക്ക ദേവമ്മ കുന്ന്.
കുന്നിൻ്റെ മുകളിലേക്കുള്ള യാത്ര ഇത്തിരി ദുഷ്കരമായിരുന്നു. പലയിടങ്ങളിലായി പൊട്ടിപ്പൊളിഞ്ഞ റോഡും ഹെയർ പിൻ വളവുകളും. പക്ഷേ തിരക്ക് തീരെ ഇല്ല എന്ന് തന്നെ പറയാം. വിജനമായ റോഡിലൂടെ കുന്നുകയറി സന്ധ്യയാകുന്നതിന് തൊട്ട് മുൻപായി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള പാർക്കിംഗ് സ്ഥലത്ത് വണ്ടി നിർത്തി .ഒന്നു രണ്ടു വണ്ടികൾ കൂടി അവിടെ പാർക്ക് ചെയ്തിട്ടുണ്ട് . നാലഞ്ച് ഗ്രാമീണർ അവിടങ്ങളിൽ പച്ചക്കറികളും മറ്റും വിൽപ്പനക്കായി വച്ചിരിക്കുന്നത് കാണാം. ക്ഷേത്ര പരിസരവും ക്ഷേത്രവും കമ്പിവേലി കൊണ്ട് വളച്ചു കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. കാൽ തെറ്റി താഴോട്ട് വീഴുന്നത് തടയാനായിരിക്കണം.
ആ ഉയരത്തിൽ നിന്നുള്ള മനോഹര കാഴ്ച അതി ഗംഭീരം എന്ന് പറയാതെ വയ്യ!
താഴേക്ക് ഉതിർന്ന് നീങ്ങുന്ന പച്ചപ്പ് സമതലങ്ങളും കടന്ന് നിറഭേദങ്ങളായി പല നിരകളിൽ ഉയർന്നു നിൽക്കുന്ന പർവ്വതങ്ങളിലേക്ക് പടർന്നു പോകുന്ന ആ കാഴ്ച സന്ധ്യയെ അതി സുന്ദരിയാക്കിയിരിക്കുന്നു!
'പുതുവർഷമൊക്കെയല്ലേ .. വന്ന് കയറ് .. ദേവിയുടെ അനുഗ്രഹം വാങ്ങി മടങ്ങാം ' ക്ഷേത്രനടയിൽ നിന്നും ദൂരേക്ക് നോക്കി നിൽക്കുന്ന എന്നെയും ഫിറോസിനെയും നോക്കി അനിലും സന്തോഷും വിളിച്ചു പറഞ്ഞു . പിന്നെ അമാന്തിച്ചില്ല. നേരെ ക്ഷേത്രത്തിനകത്തേക്ക് .
ഏകദേശം 6 മീറ്റർ നീളത്തിൽ രണ്ടോ മൂന്നോ പേർക്ക് ഒരുമിച്ചു പോകാൻ മാത്രമുള്ള വീതിയിൽ ഒരിടനാഴി. ഇരുവശങ്ങളിലുമായി ദേവിയുടെയും ശിവൻ്റെയും മറ്റും പൂമാലകളാൽ അലംകൃതമായ വിഗ്രഹങ്ങൾ .
പൂക്കളും പൂജാദ്രവ്യങ്ങളും നിറച്ച താലങ്ങൾക്കും തെളിയിച്ച വിളക്കുകൾക്കും പിറകിൽ പതിഞ്ഞ ശബ്ദത്തിൽ മന്ത്രങ്ങൾ ഉച്ഛരിച്ചു കൊണ്ട് നാലോ അഞ്ചോ പൂജാരിമാർ തല കുനിച്ചു നിൽക്കുന്നത് കാണാമായിരുന്നു.
കൃഷയിടങ്ങളിലെ വിളവെടുപ്പ് കഴിഞ്ഞാൽ അതിലൊരു കൊച്ചു പങ്ക് അന്നാട്ടിലെ കർഷകർ ഇവിടെ ദേവിക്ക് സമർപ്പിക്കാറുണ്ട്. അത് പോലെ ദേവിയുടെ പ്രീതിക്കായി ആടുകളെയും കോഴികളെയും ദേവിക്ക് സമർപ്പിച്ച് തീർത്ഥം തളിച്ചതിന് ശേഷം ക്ഷേത്രത്തിന് കുറച്ച് താഴെ പ്രത്യേകമായൊരുക്കിയ സ്ഥലത്ത് വെച്ച് അവയെ ബലി കൊടുക്കുന്ന സമ്പ്രദായവും ഇവിടെ നിലവിലുണ്ട്. അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി. മനോഹരിയായ പ്രകൃതിയെയും ആവോളം കണ്ടു. ഇനി മടങ്ങാം.
ഇന്ത്യയിലെ പ്രസിദ്ധങ്ങളായ പല ക്ഷേത്രങ്ങളും നഗരങ്ങളിലാണ് .ക്ഷേത്ര നഗരങ്ങൾ. എന്നാൽ ഇതുപോലുള്ള അധികമാരും അറിയാത്ത ക്ഷേത്ര ഗ്രാമങ്ങളും നിരവധിയുണ്ട്. അവിടങ്ങളിൽ പോയി ആ ശാന്തമായ അന്തരീക്ഷവും സൗന്ദര്യമാർന്ന കാഴ്ചാനുഭൂതിയും അനുഭവിച്ചറിയുക തന്നെ വേണം ..
ഇരുട്ടും തണുപ്പും ഒരുപോലെ കുന്നിലും വഴികളിലും അരിച്ചിറങ്ങി വന്നിരിക്കുന്നു...
പുറകിലെ സീറ്റിൽ നിന്നും ഫിറോസ് ഉച്ചത്തിൽ അലറി വിളിക്കുന്നു: എനിക്ക് വയറ് വിശക്കുന്നു. വണ്ടിയുടെ വേഗം കൂടി .. കാടിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഹെഡിയാല എന്ന ഗ്രാമത്തിലെ ഗോപൻ്റെ ഫാം ഹൗസിലേക്ക്. നല്ല പോർക്ക് ഫ്രൈയും പരിപ്പ് കറിയും ചപ്പാത്തിയും ഞങ്ങളെയും കാത്ത് അവിടെ തയ്യാറായിരിക്കുന്നു...